സ്വാമി വിവേകാനന്ദന്‍

നമ്മുടെ കര്‍ത്തവ്യം (മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു ചെയ്ത പ്രസംഗം)

ലോകം പുരോഗമിക്കുന്നതിനോടൊപ്പം, അനുദിനം, ജീവിതപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ ആഴവും പരപ്പുമുണ്ടായിവരികയാണ്. വേദാന്ത തത്ത്വം, ജീവിതത്തിന്റെ ആകമാനമുള്ള ഏകയോഗക്ഷേമത, ആദ്യം കണ്ടുപിടിച്ച ആ പുരാതനകാലത്തുതന്നെ മുദ്രാവാക്യവും സാരവും പ്രഖ്യാപിക്കപ്പെട്ടതാണ്. വിശ്വത്തെയാകമാനം പിന്നാലെ വലിച്ചിഴയ്ക്കാതെ ബ്രഹ്മാണ്ഡത്തിലുള്ള ഒരണുവിനുപോലും ചലിക്കുക സാദ്ധ്യമല്ല. ലോകം മുഴുവന്‍ ചെല്ലാത്ത ഒരു പുരോഗതിയും ഉണ്ടാവുക വയ്യ. വംശപരമോ ജനതാപരമോ ഇടുങ്ങിയതോ ആയ അടിസ്ഥാനത്തിന്‌മേല്‍ ഒരു പ്രശ്‌നത്തിനും സമാധാനം സാദ്ധ്യമല്ലെന്ന് നാള്‍ ചെല്ലും തോറും കൂടുതല്‍ വ്യക്തമായിവരുകയാണ്. ഓരോ ആശയവും ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്കമട്ടില്‍ വിശാലമാകണം. മനുഷ്യരാശിയെമാത്രം പോരാ, ജീവിതത്തെ മുഴുവന്‍, ഉള്‍ക്കൊള്ളിക്കത്തക്കവണ്ണം ഓരോ ആകാംക്ഷയും വര്‍ദ്ധമാനമാകണം. നമ്മുടെ രാജ്യം പഴയകാലങ്ങളിലെന്നപോലെ എന്തുകൊണ്ടു കഴിഞ്ഞ കുറേ നൂറ്റാണ്ടുകളില്‍ ആയിരുന്നില്ലെന്നതു മേല്‍ച്ചൊന്ന വസ്തുത വിശദമാക്കും. നമ്മുടെ കാഴ്ച ഇടുങ്ങിപ്പോയതാണ്, നമ്മുടെ പ്രവൃത്തികളുടെ പരിധി ഇടുങ്ങിപ്പോയതാണ്, ഈ അധഃപതനത്തിലെത്തിച്ച കാരണങ്ങളിലൊന്നെന്നു കാണാം.

രണ്ട് അസാമാന്യജനതകള്‍ ഉണ്ടായിട്ടുണ്ട് – രണ്ടും ഒരേ വംശത്തില്‍നിന്നുയര്‍ന്നുവന്നവ. എന്നാല്‍ വിഭിന്നപരിസ്ഥിതികളിലും ചുറ്റുപാടുകളിലുമാണ് അവ നിലകൊണ്ടത്. അതാതിന്റെ തനതായ മാര്‍ഗ്ഗത്തിലൂടെയാണ് ജീവിതപ്രശ്‌നങ്ങളെ കൈകാര്യം ചെയ്തതും. പ്രാചീന ഹിന്ദുക്കളെയും പ്രാചീന യവനരെയുമാണ് ഞാന്‍ വിവക്ഷിക്കുന്നത്. വടക്കു മഞ്ഞുതൊപ്പിയണിഞ്ഞ ഹിമാലയം അതിരിട്ടും, സമതലങ്ങളില്‍ കടല്‍പോലെ പരന്നൊഴുകുന്ന ശുദ്ധജലവാഹിനികളാല്‍ ചുറ്റപ്പെട്ടും, ലോകസീമകളായി തോന്നിയ നിത്യകാന്താരങ്ങളൊത്തുമിരുന്ന ഭാരതീയാര്യന്‍ തന്റെ നോട്ടം ഉള്ളിലേക്ക് തിരിച്ചു. സഹജമായ ആ വാസന, ആര്യന്റെ സുസൂക്ഷ്മഗ്രാഹിയായ ആ മസ്തിഷ്‌കം, ചുറ്റുപാടുമുള്ള ഉദാത്തമായ ആ ദൃശ്യം – ഇത്രയും ചേര്‍ന്നപ്പോള്‍ സ്വാഭാവികമായി വന്നുകൂടിയ ഫലം അയാള്‍ അന്തര്‍ദൃഷ്ടിയായതാണ്. ഭാരതീയാര്യന്റെ മഹത്തായ പ്രവൃത്തി സ്വമനസ്സ് അപഗ്രഥിക്കലായിരുന്നു. മറിച്ച് ഉദാത്തമെന്നതിനെക്കാള്‍ ഏറെ സുന്ദരമെന്നു കരുതാവുന്ന ഒരു ഭൂഭാഗത്തില്‍, ലളിതവും ഉദാരവുമായ പ്രകൃതിയുള്ള ഗ്രീക്ദ്വീപസമൂഹത്തില്‍, ചെന്നെത്തിയ ഗ്രീസുകാരന്റെ മനസ്സ് സ്വാഭാവികമായി വെളിയിലേക്ക് കടന്നു. ബാഹ്യലോകത്തെ അപഗ്രഥിക്കാനാണ് അതു വെമ്പിയത്. ഫലത്തില്‍, ഭാരതത്തില്‍നിന്ന് അപഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഗ്രീസില്‍നിന്നു ഉദ്ഗ്രഥനാത്മകമായ ശാസ്ത്രങ്ങളും ഉടലെടുത്തു. ഹിന്ദുവിന്റെ മനസ്സു തനതായ ഒരു ലാക്കുവെച്ചുകൊണ്ടു മുന്നേറി: ഏറ്റവും അദ്ഭുതങ്ങളായ ഫലങ്ങള്‍ കൈവരുത്തി. ഇന്നും ഹിന്ദുക്കളുടെ യുക്തിശക്തിയും ഹൈന്ദവമസ്തിഷ്‌കത്തിന്റെ വമ്പിച്ച കരുത്തും നിസ്തുലമാണ്. മറ്റേതു നാട്ടിലുമുള്ള വിദ്യാര്‍ത്ഥികളുമായി മത്‌സരിച്ചാലും നമ്മുടെ വിദ്യാര്‍ത്ഥികള്‍ എന്നും വിജയിക്കുമെന്നു നമുക്കൊക്കെ അറിയാമല്ലോ. അതോടൊപ്പം മുഹമ്മദീയാക്രമണത്തിന് ഒന്നോ രണ്ടോ ശതകങ്ങള്‍ക്കുമുമ്പ്, ജനതയുടെ വീര്യം ക്ഷയിച്ചപ്പോള്‍, ജനതയ്ക്കു പൊതുവേ ഉണ്ടായിരുന്ന ഈ കഴിവ് അതിരുവിട്ടു വളരുകയും കീഴ്ക്കിടയിലേക്കു വഴുതിവീഴുകയും ചെയ്തു. ഈ വീഴ്ച ഭാരതത്തിലുള്ള എല്ലാറ്റിലും കാണാനുമുണ്ട് – കലയിലും സംഗീതത്തിലും ശാസ്ത്രങ്ങളിലും എല്ലാം. വിശാലമായ ഒരു സങ്കല്പം, രൂപത്തിന്റെ സമമാനമോ സങ്കല്പത്തിന്റെ ഉദാത്തതയോ, കലയില്‍ പിന്നീട് ഇല്ലാതായി. ഉണ്ടായത് അലങ്കൃതവും പല്ലവിതവുമായ ഒരു രീതിക്കുവേണ്ടിയുള്ള യത്‌നമാണ്. ഹിന്ദുജാതിയുടെ മനോധര്‍മ്മം നശിച്ചുപോയതായിത്തോന്നി. പ്രാചീനസംസ്‌കൃത സംഗീതത്തിനുണ്ടായിരുന്ന ചമത്കാരകമായ ആശയങ്ങള്‍ പിന്നീടു സംഗീതത്തില്‍ ഇല്ലാതായി. ഓരോ രാഗവും തന്‍കാലില്‍നിന്ന് അദ്ഭുതമായ ആ ഏകതാനത ഉളവാക്കാതായി: മറിച്ച്, ഓരോ രാഗത്തിനുമുള്ള ആ വ്യക്തിത്വം നശിച്ചുപോകയാണുണ്ടായത്. ഇന്നുള്ള സംഗീതമാകെക്കൂടി രാഗങ്ങളുടെ ഒരു കൂട്ടിക്കുഴച്ചിലാണ്, വക്രരേഖകളുടെ കെട്ടുപെട്ട ഒരു കൂട്ടം. സംഗീതത്തിലുണ്ടായ അധഃപതനത്തിന്റെ ചിഹ്‌നമത്രേ അത്. ഇതുപോലെ, ആദര്‍ശപരമായ നിങ്ങളുടെ സങ്കല്പങ്ങള്‍ അപഗ്രഥിച്ചാലും കാണുന്നത് അലങ്കൃതരൂപങ്ങള്‍ ഉളവാക്കാനുള്ള അതേ യത്‌നവും, മനോധര്‍മ്മലോപവുമാണ്. നിങ്ങളുടെ സവിശേഷമണ്ഡലമെന്നു കരുതാവുന്ന മതത്തിലുണ്ടായി ഏറ്റവും ഭയങ്കരമായ അധഃപതനങ്ങള്‍. ഒരു പാത്രം വെള്ളം കുടിക്കേണ്ടത് ഇടത്തുകൈകൊണ്ടോ വലത്തുകൈകൊണ്ടോ? ഈ മാതിരി കനത്ത പ്രശ്‌നങ്ങളെപ്പറ്റി പല ശതകങ്ങളായി സോത്‌സാഹം വിവദിച്ചുകൊണ്ടിരുന്ന ഒരു വംശ്യരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുക? പല ശതകങ്ങളായി ഒരു നാട്ടിലെ വലിപ്പമേറിയ മഹാന്മാര്‍പോലും അടുക്കളയെക്കുറിച്ചു വിവദിച്ചുകൊണ്ടിരുന്നു എന്നതില്‍ കവിഞ്ഞ അധഃപതനമെന്തുള്ളൂ? നിങ്ങളെ എനിക്കു തൊടാമോ, നിങ്ങള്‍ക്ക് എന്നെ തൊടാമോ, തൊട്ടാലത്തെ പ്രായശ്ചിത്തമെന്ത് എന്നൊക്കെ നിരൂപിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ വലിയ അധഃപതനമെന്തുള്ളൂ? വേദാന്തവിഷയങ്ങള്‍, ഈശ്വരനെയും ആത്മാവിനെയുംപറ്റി എക്കാലത്തും ലോകത്തില്‍ പ്രചരിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉദാത്തവും ശ്ലാഘ്യവുമായ സങ്കല്പങ്ങള്‍, പകുതിയും നശിച്ചു വനഗഹനതകളില്‍ മറഞ്ഞ്, കുറേ സന്ന്യാസിമാരെ അഭയം പ്രാപിച്ചു. ജനതയുടെ ശിഷ്ടഭാഗം തമ്മില്‍ തൊടുക, വസ്ത്രം, ഭക്ഷണം എന്ന ആഴമേറിയ പ്രശ്‌നങ്ങള്‍ നിരൂപിച്ചുകൊണ്ടേ ഇരുന്നു. മുഹമ്മദീയര്‍ നടത്തിയ ആക്രമണവും കീഴടക്കലും പല നല്ല കാര്യങ്ങളും നമുക്കു നല്‍കി, തര്‍ക്കമില്ല. ലോകത്തിലുള്ളവരില്‍ ഏറ്റവും അപകൃഷ്ടന്നുപോലും ഏറ്റവും ശ്രേഷ്ഠനെ ചിലതൊക്കെ പഠിപ്പിക്കാന്‍ കഴിയും. അതോടൊപ്പം ഹിന്ദുജനതയില്‍ വീര്യം പകരുവാന്‍ അതിനു കഴിഞ്ഞില്ല. പിന്നെയുണ്ടായത്, നല്ലതിനായാലും തീയതിനായാലും, ഇംഗ്ലീഷുകാര്‍ നടത്തിയ ആക്രമണവും കീഴടക്കലുമാണ്. എല്ലാ ആക്രമണവും കീഴടക്കലും സ്വാഭാവികമായി ചീത്തയാണ്: കീഴടക്കല്‍ ചീത്തയാണ്, വൈദേശികഭരണകൂടം ചീത്തയാണ് – ഇതൊക്കെ തര്‍ക്കമറ്റ വസ്തുതകളാണ്. എന്നാല്‍ തിന്മവഴിക്കും ചിലപ്പോള്‍ നന്മയുണ്ടാകാറുണ്ട്. ഇംഗ്ലീഷുകാര്‍ നടത്തിയ കീഴടക്കലിലെ നന്മ ഇതത്രേ; ഇംഗ്ലണ്ട്, എന്നല്ല യൂറോപ്പു മുഴുവന്‍ പരിഷ്‌കാരത്തിന് ഗ്രീസിനോടു കടപ്പെട്ടിരിക്കുന്നു. യൂറോപ്പിലുള്ളതിലെല്ലാം സംസാരിക്കുന്നതു ഗ്രീസാണ്. ഓരോ കെട്ടിടത്തിലും, അതിലെ ഓരോ ഉപകരണത്തിലും, ഗ്രീസിന്റെ മുദ്രപതിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ശാസ്ത്രവും കലയും ഗ്രീസിന്‍േറതല്ലാതെ മറ്റൊന്നല്ല. പ്രാചീനനായ ഗ്രീക്കുകാരന്‍ ഇന്നു ഭാരതത്തിന്റെ മണ്ണില്‍വെച്ചു പ്രാചീനഹിന്ദുവിനെ കൂട്ടിമുട്ടുകയാണ്. അങ്ങനെ പതുക്കെ നിശ്ശബ്ദമായി, ഉത്തേജനം വന്നുചേര്‍ന്നിരിക്കുന്നു. ഈ ശക്തികള്‍ ഒത്തുചേര്‍ന്നാണ് നമ്മുടെ ചുറ്റുംകാണുന്ന വിശാലവും ചൈതന്യദായകവുമായ പുനരുത്ഥാനപ്രസ്ഥാനത്തിനു രൂപം നല്കിയത്. ജീവിതത്തെപ്പറ്റി കൂടുതല്‍ വിശാലവും ഉദാരവുമായ ഒരു സങ്കല്പമാണ് നമ്മുടെ മുന്നിലുള്ളത്. ആദ്യം നാം കുറേയൊക്കെ മോഹിതരായി വസ്തുതകളെ സങ്കോചിപ്പിക്കാന്‍ കൊതിച്ചുവെങ്കിലും, ഇന്നു പ്രവൃത്തമായിട്ടുള്ള ഉദാരപ്രവണതകളും ജീവിതത്തെപ്പറ്റിയുള്ള വിശാലതര സങ്കല്പങ്ങളും നമ്മുടെ പ്രാചീനഗ്രന്ഥങ്ങളുടെ പൊരുളിന്റെതന്നെ യുക്തിയുക്തമായ ഒരു വ്യാഖ്യാനമാണെന്നു നാം കണ്ടുപിടിച്ചുവരുകയാണ്. ഇന്നത്തെ ജീവിതസങ്കല്പങ്ങളും മറ്റും ചെയ്യുന്നത്, നമ്മുടെ പൂര്‍വ്വികന്മാരുടെ പ്രാഥമിക സങ്കല്പങ്ങളെത്തന്നെ, വഴങ്ങാത്ത യുക്തി അവയ്ക്കു നിര്‍ണ്ണയിച്ച ഫലത്തില്‍ കൊണ്ടെത്തിക്കയാണ്. വിശാലമാകുക, വെളിയിലേക്ക് കടക്കുക, ഒന്നിച്ചൊന്നാകുക, വിശ്വവ്യാപകമാകുക – ഇതാണ് നമ്മുടെ ആകാംക്ഷകളുടെ അന്ത്യം. നാമാകട്ടെ, നമ്മുടെ ശാസ്ത്രങ്ങളില്‍ ക്ലിപ്തമാക്കിയ പദ്ധതികള്‍ക്കെതിരായി എപ്പോഴും നമ്മെത്തന്നെ കുടൂതല്‍ ക്ഷുദ്രരാക്കുകയാണ്, തമ്മില്‍ വേര്‍പെടുകയാണ്, ചെയ്തിട്ടുള്ളതും.

നമ്മുടെ മാര്‍ഗ്ഗത്തില്‍ അപായങ്ങള്‍ പലതാണ്. നാമാണ് ലോകത്തിലെ പ്രമുഖജനത എന്ന അതിരുകടന്ന ചിന്തയാണ് ഒന്ന്. എനിയ്ക്കു ഭാരതത്തോടുള്ള സ്നേഹവും ഭക്തിയും നമ്മുടെ പൂര്‍വികരോടുള്ള സമാദരവും എത്ര വമ്പിച്ചതായാലും, മറ്റു ജനതകളില്‍നിന്നു പലതും നമുക്കു പഠിക്കാനുണ്ടെന്നു കരുതാതിരിക്കാന്‍ നിവൃത്തിയില്ല. എല്ലാവരുടേയും കാല്‍ച്ചോട്ടില്‍ ഇരിക്കാനുള്ള സന്നദ്ധത എപ്പോഴും നമുക്കുണ്ടായിരിക്കണം. എന്തുകൊണ്ടെന്നാല്‍ ആര്‍ക്കും നമ്മെ വലിയപാഠങ്ങള്‍ പഠിപ്പിക്കാന്‍ കഴിയുമെന്ന വസ്തുത ശ്രദ്ധിക്കണം. നമ്മുടെ പൂജ്യനിയമവിധാതാവായ മനു പറയുന്നു; ‘ഹീനജാതിയില്‍പെട്ടവരില്‍ നിന്നുപോലും വിദ്യ കൈക്കൊള്ളുക. ഏറ്റവും താണജാതിയില്‍ പെട്ടവനെ സേവിച്ചുപോലും സ്വര്‍ഗ്ഗമാര്‍ഗ്ഗമേതെന്നറിയുക.’ അപ്പോള്‍ മനുവിന്റെ സന്തതികളെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആജ്ഞകള്‍ നമുക്കു പാലിക്കേണ്ടതുണ്ട്. പഠിപ്പിക്കാന്‍ കഴിവുള്ള ആരില്‍നിന്നും ഈ ജീവിതത്തെയും ഭാവിജീവിതത്തെയും കുറിച്ചു പാഠങ്ങള്‍ പഠിക്കാന്‍ നാം തയ്യാറാവണം. ഒപ്പം, വലിയ പാഠങ്ങള്‍ ലോകത്തെ പഠിപ്പിക്കാന്‍ നമുക്കുണ്ടെന്ന സംഗതിയും മറക്കരുത്. ഭാരതത്തിനു വെളിയിലുള്ള ലോകത്തെ കൂട്ടാക്കാതെ കഴിയാന്‍ നമുക്കു പാങ്ങില്ല: കഴിയാമെന്നു നിനച്ചതു നമ്മുടെ വിഡ്ഢിത്തം. അതിനു നാം അനുഭവിച്ച ശിക്ഷയാണ്, ഏതാണ്ട് ആയിരം കൊല്ലം നീണ്ടുനിന്ന നമ്മുടെ അടിമത്തം. ഭാരതീയമനസ്സിന്നേര്‍പ്പെട്ട ഈ വീഴ്ചയ്ക്കു മുഖ്യകാരണം, നാം വെളിയിലേക്ക് കടന്നു മറ്റു ജനതകളുമായി വസ്തുതകള്‍ തുലനം ചെയ്യാന്‍ കൂട്ടാക്കാഞ്ഞതും ചുറ്റുപാടും നടന്നുവന്ന പ്രവര്‍ത്തനങ്ങള്‍ നോക്കി മനസ്സിലാക്കാഞ്ഞതുമാണ്. അതിനുള്ള ശിക്ഷ നാം അനുഭവിച്ചുകഴിഞ്ഞു. തുടര്‍ന്ന് ആ തെറ്റു നാം ചെയ്യാതിരിക്കാം. ഭാരതീയര്‍ ഭാരതത്തിനു വെളിയില്‍ പോകരുതെന്നും മറ്റുമുള്ള ബുദ്ധികെട്ട ആശയങ്ങള്‍ ബാലിശങ്ങളാണ്. അവറ്റയുടെയെല്ലാം തലയ്ക്കു കിഴുക്കണം. നിങ്ങള്‍ വെളിയില്‍ച്ചെന്നു ലോകജനതകളുടെ ഇടയില്‍ എത്രയേറെ സഞ്ചരിക്കുന്നുവോ അത്രയേറെ നിങ്ങള്‍ക്കും നിങ്ങളുടെ നാട്ടിനും നല്ലതാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍, ഭാരതത്തെ ഭരിക്കണമെന്നുവെച്ച ഓരോ ജനതയുടെയും കാല്ക്കല്‍ നിങ്ങള്‍ക്കു പറ്റിക്കൂടേണ്ടിവരാഞ്ഞേനേ. ജീവിതത്തിന്റെ ഒന്നാമത്തെ പ്രകടമായ ലക്ഷണം വ്യാപകതയാണ്. ജീവിക്കണമെങ്കില്‍ വ്യാപിക്കണം. വ്യാപനം നിര്‍ത്തുന്ന നിമിഷം മരണം നിങ്ങളുടെമേല്‍ കൈവെക്കുന്നു: മുമ്പില്‍ അപായം വന്നുകൂടുന്നു. നിങ്ങള്‍ സദയം സൂചിപ്പിച്ചതുപോലെ ഞാന്‍ അമേരിക്കയിലും യൂറോപ്പിലും പോയി: എനിക്കതു ചെയ്‌തേ തീരൂ. കാരണം, അതാണ്, വ്യാപനമാണ്, ജനതയുടെ ജീവിതം വീണ്ടുമുണര്‍ന്നു എന്നതിന്റെ ഒന്നാമത്തെ അടയാളം. നാട്ടില്‍ ജനതയുടെ ജീവിതം വീണ്ടുമുണര്‍ന്നപ്പോള്‍, അതെന്നെ വിദൂരതയിലേക്ക് പ്രക്ഷേപിച്ചു: അതുപോലെ, ആയിരം ആളുകളെ പ്രക്ഷേപിക്കയും ചെയ്യും. എന്റെ വാക്കുകള്‍ ശ്രദ്ധിച്ചുകൊള്ളു: ഈ ജനതയ്ക്കു ജീവിക്കണമെങ്കില്‍ അതു വരുകതന്നെ വേണം. അതിനാല്‍, ഈ പ്രശ്‌നം ജനതാജീവിതത്തിന്റെ പുനരുത്ഥാനത്തിന്റെ അടയാളങ്ങളില്‍വെച്ച് ഏറ്റവും ഉത്കൃഷ്ടമാണ്. ഈ വ്യാപനത്തിലൂടെയാണ് മനുഷ്യരാശിയുടെ പൊതുവിജ്ഞാനകോശത്തിനും, ലോകത്തിന്റെ പൊതു-അഭ്യുദയത്തിനുമായി നമ്മുടെ വീതം സംഭാവന ചെന്നുചേരുന്നത്. പിന്നെ, ഇതൊരു പുതിയ സംഭവമല്ല. ഹിന്ദുക്കള്‍ എക്കാലവും സ്വന്തം നാട്ടിന്റെ നാലതിരുകള്‍ക്കുള്ളിലായി കഴിഞ്ഞു കൂടിയിട്ടേ ഉള്ളു എന്നു നിങ്ങളില്‍ ആരു ചിന്തിച്ചാലും അവര്‍ക്കു തീരെ തെറ്റി. അങ്ങനെ ചിന്തിക്കുന്നതിന്നര്‍ത്ഥം, നിങ്ങള്‍ പഴയ ഏടുകള്‍ വായിച്ചിട്ടില്ലെന്നും സ്വവംശചരിത്രം വേണ്ടവണ്ണം പഠിച്ചിട്ടില്ലെന്നുമത്രേ. സ്വയം ജീവിക്കാന്‍ ഓരോ ജനതയും കൊടുക്കണം. ജീവിതം കൊടുത്താല്‍ നിങ്ങള്‍ക്കു ജീവിതം കൊള്ളാം. കൊള്ളുമ്പോള്‍ അതിനുവേണ്ടി മറ്റുള്ളവര്‍ക്കൊക്കെ കൊടുക്കയും വേണം. ഇത്രയേറെ സഹസ്രാബ്ദങ്ങളായി നാം ജീവിക്കയായിരുന്നു എന്ന വസ്തുത നമ്മെ തുറിച്ചു നോക്കുന്നു. അറിവില്ലാത്തവര്‍ എന്തു വിചാരിച്ചാലും ശരി, ഇതിന് ഒരേ ഒരു സമാധാനം ബാഹ്യലോകത്തിനു നാം സദാ കൊടുത്തു കൊണ്ടിരുന്നു എന്നതുതന്നെ.

പക്ഷേ ഭാരതത്തിന്റെ സംഭാവന മതവും ദര്‍ശനവും ജ്ഞാനവും ആദ്ധ്യാത്മികതയുമാണ്. മതത്തിന്റെ മുമ്പില്‍ വഴി തെളിയിക്കാന്‍ പട്ടാളക്കുപ്പിണികള്‍ക്കു ചേലില്‍ നിങ്ങേണ്ടതില്ല. രക്തപ്രവാഹത്തിലൂടെയല്ല വിജ്ഞാനവും ദര്‍ശനവും കൊണ്ടുചെല്ലേണ്ടത്. വിജ്ഞാനവും ദര്‍ശനവും ചോരയൊലിക്കുന്ന മനുഷ്യശരീരങ്ങളുടെമേല്‍ പടയണി നടക്കുകയല്ല ചെയ്യുന്നത്. മറിച്ച്, ശാന്തിയുടെയും പ്രേമത്തിന്റെയും ചിറകുകകള്‍ പരത്തിക്കൊണ്ടണയുകയാണ്. എക്കാലത്തും അതങ്ങനെയേ ആയിരുന്നുള്ളുതാനും. അതുകൊണ്ടാണ് നമുക്കു കൊടുക്കാനുണ്ടായിരുന്നത്. ലണ്ടനില്‍വെച്ച് ഒരു യുവതി എന്നോടു ചോദിച്ചു; ‘ഹിന്ദുക്കളായ നിങ്ങള്‍ എന്തു ചെയ്തിട്ടുണ്ട്? ഒരൊറ്റ ജനതയെപ്പോലും ഒരിക്കലും നിങ്ങള്‍ കീഴടക്കിയിട്ടില്ലല്ലോ.’ ധീരനും സാഹസികനുമായ ക്ഷത്രിയന്റെ, ഇംഗ്ലീഷുകാരന്റെ, കാഴ്ചപ്പാടില്‍ നിന്നു ശരിയാണപ്പറഞ്ഞത്. ഒരു മനുഷ്യനു മറ്റൊരുവന്റെ മേല്‍ ഉണ്ടാകാവുന്നതില്‍വെച്ച് ഏറ്റവും വലിയ മേന്മ കീഴടക്കല്‍തന്നെ. അവന്റെ കാഴ്ചപ്പാടില്‍ അതു ശരിയാണ്. എന്നാല്‍ നമ്മുടെ കാഴ്ചപ്പാടില്‍ നേരേ വിരുദ്ധവുമാണ്. ഭാരതത്തിന്റെ മഹത്ത്വത്തിനു കാരണമെന്തെന്നു ഞാന്‍ എന്നോടു ചോദിച്ചാല്‍, മറുപടി നാം ആരെയും കീഴടക്കാതിരുന്നതെന്നായിരിക്കും. അതാണ് നമ്മുടെ മേന്മ. നമ്മുടെ മതത്തെപ്പറ്റി അവഹേളനങ്ങളും പ്രതിഷേധങ്ങളും നിങ്ങള്‍ കേള്‍ക്കുന്നുണ്ട്. ചിലപ്പോള്‍, കൂടുതല്‍ വിവേകം കാട്ടേണ്ടവരില്‍ നിന്നാണ് അവ പുറപ്പെടുന്നതെന്നുകൂടി പറയേണ്ടിവരുന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ഇവയ്ക്കു കാരണമായി പറയപ്പെടുന്നത്, ആക്രമിച്ചു കീഴടക്കുന്ന ഒന്നല്ല നമ്മുടെ മതമെന്നത്രേ. എനിക്കു തോന്നുന്നു, മറ്റു മതങ്ങളെയപേക്ഷിച്ചു നമ്മുടെ മതം കൂടുതല്‍ സത്യമായിരിക്കുന്നതിന്റെ കാരണംതന്നെ ഇതാണെന്ന്. ഇത് ഒരിക്കലും ആക്രമിച്ചു കീഴടക്കിയിട്ടില്ല, രക്തം ചൊരിഞ്ഞിട്ടില്ല: അനുഗ്രഹത്തിന്റെയും ശാന്തിയുടെയും സ്നേഹസഹാനുഭൂതികളുടെയുമായ വാക്കുകളേ അതില്‍ നിന്നു പുറപ്പെട്ടിട്ടുള്ളു. ഇവിടെ, ഇവിടെ മാത്രമാണ്, സഹിഷ്ണുതയുടെ ആദര്‍ശങ്ങള്‍ ആദ്യമായി പ്രചരിപ്പിക്കപ്പെട്ടത്. ഇവിടെ, ഇവിടെമാത്രമാണ്, സഹിഷ്ണുതയും സഹാനുഭൂതിയും പ്രായോഗികമായിട്ടുള്ളത്: മറുനാടുകളിലെല്ലാം അവ സിദ്ധാന്തങ്ങള്‍മാത്രം. ഇവിടെ, ഇവിടെമാത്രമാണ്, ഹിന്ദു മുഹമ്മദീയര്‍ക്കും ക്രിസ്ത്യാനികള്‍ക്കുംവേണ്ടി ദേവാലയങ്ങളും പ്രാര്‍ത്ഥനാമന്ദിരങ്ങളും സ്ഥാപിച്ചിട്ടുള്ളത്. അങ്ങനെ പലതവണ നമ്മുടെ സന്ദേശം ലോകത്തില്‍ പ്രസരിച്ചിട്ടുണ്ടെന്നു കാണാം. പക്ഷേ അതുണ്ടായതു പതുക്കെ, ഒച്ചപ്പാടുകൂടാതെ, കാണപ്പെടാതെ, ആണ്. ഭാരതത്തിലെ മറ്റേതിനും നിരക്കുന്ന രീതിയിലായിരുന്നു അതും. ഭാരതത്തിലെ ചിന്തയുടെ സവിശേഷലക്ഷണം അതിന്റെ നിശ്ശബ്ദതയും പ്രശാന്തതയുമത്രേ. അതോടൊപ്പം അതിന്റെ പിന്നിലുള്ള വമ്പിച്ച ശക്തി ഒരിക്കലും ഹിംസയിലൂടെ പ്രകടമായിട്ടുമില്ല. ഭാരതീയചിന്തകള്‍ക്ക് എന്നുമുള്ള നീരവമായ മാസ്മരശക്തിയാണത്. ഒരു വിദേശീയന്‍ നമ്മുടെ സാഹിത്യം പഠിക്കാന്‍ മുതിരുമ്പോള്‍ ആദ്യം അതയാളെ മടുപ്പിക്കും: ഉടനടി ആവേശം കൊള്ളിക്കത്തക്ക ഉശിര് അതിന്നില്ലായിരിക്കാം: അതില്‍ വേണ്ടത്ര ചുറുചുറുക്കില്ലായിരിക്കാം. യൂറോപ്പിലെ ദുരന്തനാടകങ്ങളെ നമ്മുടെ ദുരന്തകൃതികളോടു തട്ടിച്ചുനോക്കുക. ആദ്യത്തേതു ക്രിയാത്മകമാണ്. താത്കാലികമായി അവ നിങ്ങളെ തട്ടിയുണര്‍ത്തുന്നു. അതു തീര്‍ന്നാല്‍ പ്രതികരണം തുടങ്ങുകയായി. എല്ലാം അസ്തമിക്കുന്നു, മസ്തിഷ്‌കത്തില്‍നിന്നു കഴുകിക്കളഞ്ഞതുപോലായിത്തീരുന്നു. ഭാരതീയദുരന്തകൃതികള്‍ മാസ്മര പ്രയോക്താവിന്റെ ശക്തിക്കു തുല്യം ശാന്തവും നീരവവുമാണ്: കൂടുതല്‍ പഠിക്കുംതോറും അവ നിങ്ങളെ ചമത്കരിക്കുന്നു. നിങ്ങള്‍ക്കു സ്വേച്ഛയ്‌ക്കൊത്തു ചലിക്കാനാവില്ല: നിങ്ങള്‍ വരിഞ്ഞുമുറുക്കപ്പെടുന്നു. നമ്മുടെ സാഹിത്യത്തില്‍ കൈവെയ്ക്കാന്‍ ആര്‍ക്കൊക്കെ ചങ്കൂറ്റമുണ്ടായിട്ടുണ്ടോ അവര്‍ക്കൊക്കെ ഈ പാരതന്ത്ര്യം അനുഭവപ്പെട്ടിട്ടുണ്ട്. അവര്‍ എന്നെന്നേക്കുമായി അടിപ്പെട്ടുപോകുന്നു.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – നമ്മുടെ കര്‍ത്തവ്യം – തുടരും]