മറ്റേതു നാട്ടിലേക്കും കടക്കുംമുമ്പു പ്രാജ്ഞത തനത് ഇരിപ്പിടമാക്കിയ പ്രാചീനഭൂവിഭാഗമത്രേ ഭാരതം. ഭാരതത്തിലേക്കു വഴിഞ്ഞൊഴുകിയ ആദ്ധ്യാത്മികതയുടെ ഭൗതികതലത്തിലുള്ള പ്രതീകങ്ങളെന്നു വേണമെങ്കില്‍ കരുതത്തക്കവയാണ് സിന്ധുതുല്യങ്ങളായ ഇവിടത്തെ വന്‍നദികള്‍. പടവുപടവുകളായുയര്‍ന്നു ഹിമോഷ്ണീഷങ്ങളണിഞ്ഞ് ഇവിടെ നിലകൊള്ളുന്ന സനാതനമായ ഹിമാലയപര്‍വ്വതനിര സ്വര്‍ഗ്ഗത്തിലെ രഹസ്യങ്ങളിലേക്ക് എത്തിനോക്കുകയാണോ എന്നു തോന്നും. ഏതു കാലത്തും ജീവിച്ചിരുന്ന സിദ്ധന്മാരില്‍ അഗ്രഗണ്യരായവര്‍ പാദമുദ്രപതിപ്പിച്ച അതേ മണ്ണാണ് ഈ ഭാരതത്തില്‍ ഇന്നുമുള്ളത്. ഇവിടെയാണ്, മനുഷ്യസ്വഭാവത്തെയും ആഭ്യന്തരപ്രപഞ്ചത്തെയും കുറിച്ചുള്ള ഗവേഷണങ്ങള്‍ ഒന്നാമതായി കിളര്‍ന്നുവന്നത്. ഇവിടെയാണ് ആത്മാവിന്റെ അമരത്വം, അദ്ധ്യക്ഷനായ ഒരീശ്വരന്റെ അസ്തിത്വം, പ്രകൃതിയിലും മനുഷ്യനിലും കുടികൊള്ളുന്ന ഒരീശ്വരന്‍ എന്നീ സിദ്ധാന്തങ്ങള്‍ ആദ്യമായുയിര്‍ത്തത്. ഇവിടെയാണ്, മതത്തിലും ദര്‍ശനത്തിലുമുള്ള അത്യുത്കൃഷ്ടാദര്‍ശങ്ങള്‍ പരകാഷ്ഠയെ പ്രാപിച്ചതും. ഈ നാട്ടില്‍നിന്നാണ്, വന്‍തിരമാലകളെന്നോണം ആദ്ധ്യാത്മികതയും ദര്‍ശനവും വെളിയിലേക്കു തള്ളിക്കടന്നുചെന്നു ലോകത്തെ ആറാടിച്ചിട്ടുള്ളത്. ഈ നാട്ടില്‍നിന്നുതന്നെയാണ്, വീണ്ടും വീണ്ടും പരിക്ഷീണരായ മാനവവംശങ്ങളില്‍ ജീവിതവും ഓജസ്സും പകരുവാനായി ഒരിക്കല്‍കൂടി ആവക വേലിയേറ്റങ്ങള്‍ കടന്നുചെല്ലേണ്ടതും. ഈ ഭാരതമാണ്, നൂറുനൂറു വൈദേശികാക്രമണങ്ങളും ആചാരമര്യാദകളിലുണ്ടായ നൂറുനൂറു വിപ്ലവങ്ങളും നൂറ്റാണ്ടുകളായി ഏല്പിച്ച തട്ടുകളും ഞെട്ടലുകളും ഏറ്റു പതറാതെ നിന്നിട്ടുള്ളതും. ഒടുങ്ങാത്ത വീര്യവും അനശ്വരമായ ജീവിതവും ചേര്‍ന്ന്, ഭൂമിയിലുള്ള ഏതു ശിലോച്ചയത്തെയും വെല്ലുന്ന ഉറപ്പോടുകൂടി നിലകൊള്ളുന്ന നാടും ഈ ഭാരതം തന്നെ. അതിന്റെ ജീവിതസ്വഭാവം ആത്മാവുപോലത്രേ – അനാദി, അനന്തം, അമരം. അത്തരത്തിലുള്ള ഒരു നാടിന്റെ സന്താനങ്ങളാണ് നാം.
ഭാരതത്തിന്റെ സന്താനങ്ങളേ, പ്രായോഗികമായ കുറെ സംഗതികളെക്കുറിച്ചു നിങ്ങളോടു പറയാനാണ് ഞാന്‍ ഇവിടെ വന്നത്. പൊയ്‌പോയ മഹിമകളെപ്പറ്റി നിങ്ങളെ ഓര്‍മ്മിപ്പിച്ചതിന്റെ ഉദ്ദേശ്യവും നേരേ കാട്ടത്തക്കതാണ്. കഴിഞ്ഞ കാലങ്ങളിലേക്കുള്ള നോട്ടം അധഃപതിപ്പിക്കയേ ഉള്ളുവെന്നും, അതു വ്യര്‍ത്ഥമാണെന്നും, ഭാവിയിലേക്കാണ് നോക്കേണ്ടതെന്നും പലവുരു ഞാന്‍ പറഞ്ഞുകേട്ടിട്ടുണ്ട്: അതു ശരിയാണ്. പക്ഷേ ഭാവി ഉടലെടുക്കുന്നതു ഭൂതകാലങ്ങളില്‍ നിന്നാണ്. അതുകൊണ്ട്, എത്രത്തോളം പിന്നോട്ടു നോക്കാമോ അത്രത്തോളം നോക്കുക. പിന്നിലുള്ള ആ വറ്റാത്ത ഉറവിടങ്ങളില്‍നിന്നു നിറയെ കുടിക്കുക. എന്നിട്ടു മുന്നിലേക്കു നോക്കുക, മുന്നോട്ടണിനടക്കുക: ഭാരതത്തെ, മുമ്പെന്നുമിരുന്നതിനെക്കാള്‍, കൂടുതല്‍ പ്രകാശമാനവും മഹത്തും ഉത്കൃഷ്ടവുമാക്കുക. നമ്മുടെ പൂര്‍വികന്മാര്‍ മഹാന്മാരായിരുന്നു. അതു നാം ആദ്യമോര്‍ക്കണം. നമ്മുടെ അസ്തിത്വത്തിന്റെ ഘടകങ്ങള്‍, നമ്മുടെ ധമനികളിലോടുന്ന രക്തം, ഏതെന്നു ധരിക്കണം. ആ രക്തത്തില്‍ നമുക്കു വിശ്വാസം വേണം: കഴിഞ്ഞ കാലങ്ങളിലെ അതിന്റെ ചെയ്തികളിലും വിശ്വാസം വേണം: ആ വിശ്വാസത്തില്‍നിന്ന്, ഉണ്ടായിരുന്ന മഹത്ത്വത്തെപ്പറ്റിയുള്ള ബോധത്തില്‍നിന്ന്, വേണം മുമ്പത്തേതിനെക്കാള്‍ കൂടുതല്‍ വമ്പിച്ച ഒരു ഭാരതം പടുത്തുകെട്ടുക. അപക്ഷയവും അധഃപതനവും നടമാടിയ കാലഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അവയ്ക്കു വലിയ പ്രാധാന്യമൊന്നും നല്കുന്നില്ല: നമുക്കെല്ലാം അതറിയാം. ആവക ഘട്ടങ്ങള്‍ ആവശ്യംകൂടിയായിരുന്നു. ഒരു മാമരം മനോജ്ഞവും പക്വവുമായ ഒരു ഫലമുളവാക്കുന്നു. ആ ഫലം നിലത്തുവീഴുന്നു: അവിടെക്കിടന്നു ചീഞ്ഞഴുകുന്നു. അതില്‍നിന്നു വേരും ഭാവിവൃക്ഷവും കിളരുന്നു. ഒരുപക്ഷേ ആദ്യത്തേതിലുമധികം കൂറ്റന്‍. നാം ഒരപക്ഷയത്തിലൂടെ കടന്നുപോന്നിരിക്കയാണല്ലോ. ആ ഘട്ടമാകെ അത്രയേറെ ആവശ്യമായിരുന്നു. ആ അപക്ഷയത്തില്‍നിന്നാണ് ഭാവിഭാരതം രൂപമെടുക്കുക. അതു കിളരുകയാണ്. അതിന്റെ ആദ്യദലങ്ങള്‍ വിരിഞ്ഞിരിക്കുന്നു. ഒരു ഊക്കന്‍, കൂറ്റന്‍ മരം, ഒരു ഊര്‍ദ്ധ്വമൂലം, ഇതാ ഇപ്പോഴേ വെളിപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതിനെക്കുറിച്ചാണ് ഞാന്‍ നിങ്ങളോടു സംസാരിക്കാന്‍ പോകുന്നത്.
മറ്റേതു നാട്ടിലേതിനെക്കാളും കൂടുതല്‍ ജടിലവും ഗുരുതരവുമാണ് ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍. ജാതി, മതം, ഭാഷ, ഭരണകൂടം ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്നതാണ് ഒരു ജനത. ഓരോ മനുഷ്യവംശത്തെയും വെവ്വേറെ പരീക്ഷിച്ചാല്‍ കാണുന്നത്, ലോകജനതകളുടെ ആഭ്യന്തര ഘടകങ്ങള്‍ ഈ രാജ്യത്തെയപേക്ഷിച്ചു വളരെ വിരളമാണെന്നത്രേ. ഇവിടെ ആര്യന്മാരും ദ്രാവിഡരും ടാര്‍ടാര്‍വര്‍ഗ്ഗവും മുകിലരും യൂറോപ്യന്മാരും – ലോകജനതകളൊക്കെത്തന്നെ – വന്നുകൂടി, താന്താങ്ങളുടെ രക്തം ഈ നാട്ടിലേക്ക് എടുത്തൊഴുക്കിയിരിക്കുകയാണെന്ന് തോന്നും. ഭാഷകളുടെ അത്യദ്ഭുതകരമായ സംഘാതമാണ് ഇവിടെയുള്ളത്. യൂറോപ്പിലും പൗരസ്ത്യദേശങ്ങളിലുമുള്ള ജാതികള്‍ക്കു തമ്മിലുള്ള ഭേദത്തെക്കാള്‍ ഏറെ ഭേദമാണ് ഭാരതത്തിലുള്ള രണ്ടു വംശ്യര്‍ക്കു തമ്മില്‍, അവരവരുടെ ആചാരമര്യാദകളെസ്സംബന്ധിച്ച്, നിലവിലുള്ളത്.
നമുക്കു പൊതുവിലുള്ള അടിസ്ഥാനം നമ്മുടെ പാവനപാരമ്പര്യങ്ങളാണ്, മതങ്ങളാണ്. നമുക്ക് അതൊന്നുമാത്രമാണ് പൊതുവിലുള്ള അടിസ്ഥാനം. അതിന്‌മേലാണ് നമുക്കു പടുത്തുകെട്ടേണ്ടത്. യൂറോപ്പില്‍ രാഷ്ട്രതന്ത്രാശയങ്ങളാണ് ജനതയ്ക്ക് ഐക്യമുളവാക്കുന്നത്: ഏഷ്യയില്‍ മതാദര്‍ശങ്ങളാണ് ആ ഐക്യമുളവാക്കുന്നത്. അതിനാല്‍ ഭാരതത്തിന്റെ ഭാവിക്ക് അവശ്യം വേണ്ടുന്ന ഒന്നാമത്തെ ഉപാധി മതൈക്യമാണ്. ഈ രാജ്യത്തിലുടനീളം ഒരൊറ്റ മതത്തിന് അംഗീകാരമുണ്ടായിരിക്കണം. ഒരൊറ്റ മതമെന്നതുകൊണ്ട് എന്താണ് ഞാന്‍ വിവക്ഷിക്കുന്നതെന്നോ? ക്രിസ്ത്യാനികളും മുഹമ്മദീയരും ബൗദ്ധന്മാരും കരുതുംവിധമുള്ള മതമെന്നല്ല. നമ്മുടെ മതവിഭാഗങ്ങള്‍ നിഗമനങ്ങളിലും അവകാശവാദങ്ങളിലും എത്ര വ്യത്യസ്തമായാലും, അവയ്‌ക്കൊക്കെ പൊതുവേ നമ്മുടെ മതത്തില്‍ കുറേ സമാനതത്ത്വങ്ങളുണ്ടെന്നു നമുക്കറിയമല്ലോ. അങ്ങനെ പൊതുവേ കുറേ മൗലികതത്ത്വങ്ങളുണ്ട്. അവയുടെ അതിരുകള്‍ക്കുള്ളില്‍ നമ്മുടെ മതം അദ്ഭുതമായ വൈചിത്ര്യം, ചിന്തിക്കുവാനും തനതു ജീവിതം നയിക്കുവാനും അപരിമിതമായ സ്വാതന്ത്ര്യം, അനുവദിച്ചുതരുന്നുണ്ട്. അതു നമുക്കൊക്കെ അറിയാം: നമ്മില്‍ ചിന്തിച്ചിട്ടുള്ളവര്‍ക്കെങ്കിലും അതറിയാം. നമ്മുടെ മതത്തിലുള്ള ഈവകസമാനവും സഞ്ജീവകവുമായ തത്ത്വങ്ങളെ പ്രകാശിപ്പിക്കയാണ് വേണ്ടത്. ഈ രാജ്യത്തിലെങ്ങുമുള്ള ഓരോ പുരുഷനും സ്ര്തീയും ശിശുവും ഇവ മനസ്സിലാക്കട്ടെ, ധരിക്കട്ടെ, സ്വജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കട്ടെ! ഇതാണ് ഒന്നാമത്തെ ചുവടു വെയ്പ്: ആ ചുവടു വെയ്ക്കുകതന്നെ വേണം.
മതത്തിന്റെ ഈ ഏകീകരണപ്രഭാവത്തിനു മുമ്പില്‍, ഏഷ്യയില്‍, വിശേഷിച്ചു ഭാരതത്തില്‍, ഉള്ള വംശപരവും ഭാഷാപരവും സാമുദായികവും ജനതാസംബന്ധിയുമായ വൈഷമ്യങ്ങളെല്ലാം എങ്ങനെ അലിഞ്ഞുപോകുന്നുവെന്നു നമുക്കറിയാം. ഭാരതീയചിന്തയ്ക്കു മതാദര്‍ശങ്ങളെക്കാള്‍ ഉത്കൃഷ്ടമായി ഒന്നുമില്ലെന്നും, ഭാരതീയജീവിതത്തിലെ മുഖ്യനാദം മതത്തിന്റെതാണെന്നും, പ്രതിബന്ധം നന്നെ കുറഞ്ഞ വഴിയിലൂടെയേ നമുക്കു പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നും നമുക്കറിയാം. ആദര്‍ശങ്ങളില്‍വെച്ചു മതാദര്‍ശമാണ് ഏറ്റവും ഉത്കൃഷ്ടമെന്നതു സത്യംമാത്രമല്ല: ഭാരതത്തെസ്സംബന്ധിച്ചിടത്തോളം പ്രവൃത്തിക്കുള്ള ഒരേ ഒരു വഴിയും അതു മാത്രമാണ്. ഒന്നാമതായി ഈ വഴി ഉറപ്പിക്കാതെ, മറ്റേതു വഴിയിലൂടെയുള്ള പ്രവൃത്തിയും ദുരന്തമാകയേ ഉള്ളു. അതിനാല്‍ ഭാവിഭാരതം പടുത്തുകെട്ടുവാനുള്ള ഒന്നാമത്തെ ഘടകം, യുഗസ്ഥായിയായ ആ പാറക്കെട്ടറഞ്ഞുണ്ടാക്കേണ്ട ഒന്നാമത്തെ ചവിട്ടുപടി, മതത്തിന്റെ ഈ ഏകീകരണമാണ്. ദ്വൈതം, വിശിഷ്ടാദ്വൈതം, അദ്വൈതം, ശൈവം, വൈഷ്ണവം, പാശുപതം – ഇവയില്‍ ഏതു വിഭാഗത്തില്‍പ്പെട്ടാലും ശരി, ഹിന്ദുക്കളായ നമുക്കെല്ലാം പിമ്പില്‍ പൊതുവേ കുറേ ആശയങ്ങളുണ്ടെന്നും, നമ്മുടെയും നമ്മുടെ വംശത്തിന്റെയും സുസ്ഥിതിക്കുവേണ്ടി, നമ്മുടെ നിസ്സാര കലഹങ്ങളും വ്യത്യാസങ്ങളും ഉപേക്ഷിക്കേണ്ട കാലം വന്നിരിക്കുന്നു എന്നും നാമൊക്കെ പഠിക്കേണ്ടിയിരിക്കുന്നു. പ്രസ്തുത കലഹങ്ങളെല്ലാം സര്‍വഥാ അസംബന്ധമാണെന്നു നിങ്ങള്‍ക്കുറയ്ക്കാം. അവയെ നമ്മുടെ ശാസ്ത്രങ്ങള്‍ പ്രതിഷേധിക്കുന്നു, പൂര്‍വ്വികര്‍ വിലക്കുന്നു. ഏതു മഹാത്മാക്കളുടെ സന്താനങ്ങളെന്നാണോ നാം അവകാശപ്പെടുന്നത്, ആരുടെ രക്തമാണോ നമ്മുടെ ധമനികളിലോടുന്നത്, അവര്‍ നിസ്സാരമായ ഭേദങ്ങളെച്ചൊല്ലി കലഹിക്കുന്ന സ്വസന്തതികളായ നമ്മെ ഗര്‍ഹിക്കയും ചെയ്യുന്നു.
കലഹങ്ങളുപേക്ഷിക്കുന്നതോടെ മറ്റു മേന്മകളെല്ലാം വന്നു കൊള്ളും. ജീവരക്തം പ്രബലവും വിശുദ്ധവുമാകുമ്പോള്‍ ശരീരത്തില്‍ രോഗാണുക്കളൊന്നും കുടിയിരിക്കില്ല. നമ്മുടെ ജീവരക്തം ആദ്ധ്യാത്മികതയാണ്. അതു തെളിഞ്ഞൊഴുകിയാല്‍, ബലവത്തും ശുദ്ധവും വീര്യവത്തുമായൊഴുകിയാല്‍, എല്ലാം ശരിയായി. രാഷ്ട്രീയവും സാമൂഹ്യവും ഭൗതികമായ വേറെ ദോഷങ്ങളും – നാട്ടിലെ ദാരിദ്ര്യംപോലും – പരിഹരിക്കപ്പെടും: രക്തശുദ്ധിയുണ്ടെങ്കില്‍, രോഗാണുക്കള്‍ മാറ്റപ്പെട്ടാല്‍, രക്തത്തിലേക്കു മറ്റൊന്നും കടന്നുകൂടില്ല. ഇന്നത്തെ വൈദ്യശാസ്ത്രത്തില്‍നിന്ന് ഒരുദാഹരണമെടുക്കാം. രോഗമുളവാക്കുന്ന കാരണങ്ങള്‍ രണ്ടാണ്; വെളിയില്‍നിന്നു വരുന്ന വല്ല വിഷാണുവും, ശരീരത്തിന്റെ താത്കാലികസ്ഥിതിയും. ശരീരത്തിനു രോഗാണുക്കളെ ഉള്‍ക്കൊള്ളത്തക്ക നിലവരുന്നതുവരെ, രോഗാണുക്കള്‍ കടന്നുവന്നു വളര്‍ന്നു പലതാകുന്നതിനു പറ്റുവോളം ശരീരത്തിന്റെ ഓജസ്സു ക്ഷയിക്കുംവരെ, ലോകത്തിലെ ഒരണുവിനും രോഗമുണ്ടാക്കാന്‍ കഴിയില്ല. വാസ്തവത്തില്‍ ഓരോരുത്തന്റെ ശരീരത്തിലൂടെയും തുടര്‍ച്ചയായി ദശലക്ഷം അണുക്കള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കയാണ്. ഓജസ്സുള്ളിടത്തോളം കാലം ശരീരം അതൊന്നുമറിയുന്നില്ലെന്നുമാത്രം. ശരീരം ക്ഷീണിക്കുമ്പോഴേ അണുക്കള്‍ ശരീരത്തെ അടിമപ്പെടുത്തി രോഗം ഉളവാക്കൂ. ഇതുപോലെതന്നെയാണ് ജനതയുടെ ജീവിതത്തിന്റെയും നില. ജനതയുടെ ശരീരം ദുര്‍ബ്ബലപ്പെടുമ്പോഴാണ്, നമ്മുടെ വംശത്തിന്റെ രാഷ്ട്രീയവും സാമൂഹ്യവും വിദ്യാഭ്യാസപരവും ബുദ്ധിപരവുമായ നിലകളിലേക്ക് രോഗാണുക്കള്‍ തള്ളിക്കടന്നുവന്നു രോഗമുളവാക്കുന്നത്. അതിനാല്‍ ഇതു പരിഹരിക്കാന്‍ രോഗത്തിന്റെ വേരുകള്‍ തേടിപ്പിടിക്കണം: രക്തത്തില്‍നിന്നു മാലിന്യങ്ങള്‍ മാറ്റിക്കളയണം. മനുഷ്യനെ ബലപ്പെടുത്താന്‍, രക്തം ശുദ്ധമാക്കാന്‍, രക്തത്തിന് ഓജസ്സു നല്കാന്‍, ഒരേ ഒരു പ്രവണത മതിയാകും. അങ്ങനെ വെളിയില്‍നിന്നു വരുന്ന വിഷമെല്ലാം പ്രതിരോധിക്കാനും തള്ളിക്കളയാനും വേണ്ട കരുത്തു ശരീരത്തിനുണ്ടാകും.
നമ്മുടെ മതത്തിലാണ് നമ്മുടെ ഓജസ്സും നമ്മുടെ ശക്തിയും, പോരാ ഒരു ജനതയെന്ന നിലയില്‍ നമ്മുടെ ജീവിതംപോലും എന്നു നാം കണ്ടു. ആ ഓജസ്സു മതത്തില്‍ കേന്ദ്രീകരിച്ചതു ന്യായമോ അന്യായമോ, തെറ്റോ ശരിയോ, കാലം ചെല്ലുമ്പോള്‍ സപ്രയോജനമോ നിഷ്ര്പയോജനമോ എന്നു നിരൂപിക്കാന്‍ ഞാനിപ്പോള്‍ പുറപ്പെടുന്നില്ല. നല്ലതായാലും ചീത്തയായാലും അതവിടെയുണ്ട്. ഈ വസ്തുതയില്‍ നിന്ന് ഒഴിഞ്ഞുമാറുക സാദ്ധ്യമല്ല: ഇന്നും എന്നുമുള്ള ഒരു വസ്തുതയാണിത്. നമ്മുടെ മതത്തില്‍ എനിക്കുള്ളേടത്തോളം വിശ്വാസം നിങ്ങള്‍ക്കില്ലെങ്കിലും, ഇതില്‍ പിന്‍തുണ നല്‌കേണ്ടതു നിങ്ങളുടെ കടമയാണ്. നിങ്ങള്‍ അതിന്റെ പിടിയിലാണ്. നിങ്ങളതു വെടിഞ്ഞാല്‍ നിങ്ങള്‍ തന്നെ തകര്‍ന്നുപോകും. അതാണ് നമ്മുടെ വംശത്തിന്റെ ജീവിതം. അതുകൊണ്ടതിനെ ബലപ്പെടുത്തണം. ശതകങ്ങള്‍ ഏല്പിച്ച ഇട്ടുതട്ടുകള്‍ താങ്ങാന്‍ നിങ്ങള്‍ക്കു കഴിഞ്ഞത് അതിനെ എത്രയും പരിരക്ഷിച്ചതു കൊണ്ടാണ്, അതിനുവേണ്ടി മറ്റെല്ലാം ബലികഴിച്ചതുകൊണ്ടാണ്. നിങ്ങളുടെ പൂര്‍വ്വികന്മാര്‍ ചുണയോടുകൂടി എല്ലാം, മരണംപോലും, സഹിച്ചു. പക്ഷേ മതത്തെ അവര്‍ സംരക്ഷിച്ചു. വൈദേശികനായ ആക്രമി കണക്കറ്റ അമ്പലങ്ങള്‍ തകര്‍ത്തു. പക്ഷേ ആക്രമണതരംഗം പിന്‍വാങ്ങിയ ഉടനെ അമ്പലത്താഴികക്കുടം വീണ്ടും പൊങ്ങിവരികയായി. ദക്ഷിണഭാരതത്തിലുള്ള ഈ പുരാതനക്ഷേത്രങ്ങളില്‍ ചിലതും ഗുജറാത്തിലെ സോമനാഥംപോലുള്ള ക്ഷേത്രങ്ങളും നിങ്ങള്‍ക്ക് ഒട്ടേറെ പ്രാജ്ഞത പകര്‍ന്നുതരുവാന്‍ മതി. എത്രയേറെ ഗ്രന്ഥങ്ങളെക്കാളുമേറെ അവ നമ്മുടെ വംശ്യരുടെ ചരിത്രത്തിലേക്കു സൂക്ഷ്മമായ ഉള്‍ക്കാഴ്ച നല്കുകതന്നെ ചെയ്യും. നൂറുനൂറ് ആക്രമണങ്ങളുടെയും നൂറുനൂറു പുതുക്കലുകളുടെയും ചിഹ്‌നങ്ങള്‍ ഈ ക്ഷേത്രങ്ങളിലുണ്ടെന്ന കാര്യം ശ്രദ്ധിക്കണം. അവ തുടര്‍ച്ചയായി നശിപ്പിക്കപ്പെടുകയും, അവയുടെതന്നെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് ഉയിര്‍ക്കുകയും ചെയ്യുകയാണ്. പിന്നെ എന്നത്തെയുംപോലെ അവ അഭിനവത്വവും പ്രാബല്യവും പൂണ്ടുനില്ക്കയായി! ഇതാണ് ജനതയുടെ മനോഗതിയും, ജീവിതപ്രവാഹവും. അതു പിന്‍തുടരുക: അപ്പോള്‍ അതു മഹത്ത്വത്തിലേക്കു നയിക്കും. അതിനെ വെടിയുകയാണെങ്കിലോ നിങ്ങള്‍ മൃതിപ്പെടും. ആ ജീവിതപ്രവാഹം പിന്നിട്ടുപോകുന്ന ക്ഷണത്തില്‍ മരണമൊന്നേ ഫലമായിട്ടുണ്ടാകൂ: സര്‍വനാശമൊന്നേ അവശേഷിക്കൂ. മറ്റൊന്നും വേണ്ട എന്നല്ല എന്റെ വിവക്ഷ. രാഷ്ട്രീയമോ സാമൂഹ്യമോ ആയ പരിഷ്‌കാരങ്ങള്‍ വേണ്ട എന്നല്ല എന്റെ വിവക്ഷ. പക്ഷേ ഇവയൊക്കെ ഇവിടെ രണ്ടാംകിടയില്‍പെട്ടതാണെന്നും മതം പ്രാഥമികമെന്നുമത്രേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതും നിങ്ങള്‍ ഓര്‍ക്കണമെന്നു ഞാന്‍ താത്പര്യപ്പെടുന്നതും. ഭാരതീയരുടെ മനസ്സ് ഒന്നാമതായി മതനിഷ്ഠമാണ്: പിന്നെ അതു മറ്റെന്തുമാകാം. അതിനാല്‍ ഇതു പ്രബലപ്പെടുത്തണം. അതെങ്ങനെ ചെയ്യാം? എന്റെ ആശയങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാം. കുറേക്കാലമായി അവ എന്റെ മനസ്സില്‍ വന്നിട്ട്. മദ്രാസില്‍നിന്നു അമേരിക്കയ്ക്കു പുറപ്പെടുന്നതിനും വളരെ മുമ്പ് എന്റെ മനസ്സില്‍ അവയുണ്ടായിരുന്നു. ഞാന്‍ അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും പോയതുതന്നെ ആ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനാണ്. മതമഹാസമ്മേളനത്തെയോ മറ്റു വല്ലതിനേയുമോ ഞാന്‍ വകവെച്ചില്ല. അതൊരവസരംമാത്രം. വാസ്തവത്തില്‍ എന്റെ ആവക ആശയങ്ങളാണ് എന്നെ ലോകമാസകലംകൊണ്ടു നടന്നത്.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിന്റെ ഭാവി]