മദ്രാസില്‍ നിറവേറ്റേണ്ട പദ്ധതികളെ ചുരുക്കത്തില്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിട്ടുവേണം എന്റെ പ്രസംഗം സമാപിപ്പിക്കാന്‍. നമ്മുടെ ജനതയുടെ മതപരവും മതേതരവുമായ വിദ്യാഭ്യാസത്തിന്റെ മേല്‍ നമുക്കു പിടി വേണം. അതു നിങ്ങള്‍ക്കു ബോധപ്പെട്ടോ? അതിനെപ്പറ്റി സ്വപ്നം കാണുക, സംസാരിക്കുക, ചിന്തിക്കുക. അതു പ്രവൃത്തിയിലേക്കു പകര്‍ത്തണം. അതുവരെ ഈ വംശത്തിനു മോചനമുണ്ടാകാന്‍ പോകുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ക്കു കിട്ടുന്ന വിദ്യാഭ്യാസത്തിനു ചില നല്ല വശങ്ങളുണ്ട്. എന്നാല്‍ അതിന്റെ വമ്പിച്ചൊരു ന്യൂനത അതിന്റെ മേന്മയെയൊക്കെ കീഴ്ക്കിടയാക്കുന്നുണ്ട്. ഒന്നാമത് ആണുങ്ങളെ സൃഷ്ടിക്കുന്ന ഒന്നല്ല ഈ വിദ്യാഭ്യാസം: എല്ലാത്തരത്തിലും നിഷേധരൂപമായ ഒരു വിദ്യാഭ്യാസം മാത്രമാണിന്നത്തേത്. നിഷേധരൂപമായ വിദ്യാഭ്യാസം, നിഷേധത്തിലടിയുറപ്പിച്ച ഏതു ശിക്ഷണ പദ്ധതിയും, മൃതിയെക്കാള്‍ ഭയങ്കരമാണ്. ശിശുവിനെ പള്ളിക്കൂടത്തിലേക്കു കൊണ്ടുപോകുന്നു. അവന്‍ പഠിക്കുന്ന ഒന്നാമത്തെ സംഗതി തന്റെ അച്ഛന്‍ ഒരു വിഡ്ഢിയാണെന്നത്രേ. രണ്ടാമത്തേത് തന്റെ മുത്തച്ഛന്‍ ഭ്രാന്തനാണെന്ന്. മൂന്നാമത്തേത് തന്റെ ഗുരുക്കന്മാരെല്ലാം കാപടികന്മാരാണെന്ന്. നാലാമത്തേതു മതഗ്രന്ഥങ്ങളെല്ലാം പച്ചക്കള്ളങ്ങളാണെന്ന്! വയസ്സു പതിനാറു തികയുമ്പോള്‍, എല്ലും ജീവനുമില്ലാത്ത, നിഷേധങ്ങളുടെ ഒരു കൂമ്പാരമായിത്തീര്‍ന്നിരിക്കുന്നു അവന്‍. ഇതിന്റെ ഫലമോ? അമ്പതു കൊല്ലക്കാലമായി നിലവിലുള്ള ഈദൃശമായ വിദ്യാഭ്യാസം മൂന്നു പ്രവിശ്യകളിലെങ്ങും പ്രതിഭാശാലിയായ ഒരു പുരുഷനെയെങ്കിലും ഉളവാക്കിയിട്ടില്ലെന്നതത്രേ. പ്രതിഭാശാലികളത്രയും മറ്റു വല്ലേടത്തുമാണ് വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്, ഈ രാജ്യത്തല്ല. അഥവാ, അവര്‍ അന്ധവിശ്വാസങ്ങള്‍ തുടച്ചു മാറ്റാനായി ഒരിക്കല്‍കൂടി പഴയ വിദ്യാലയങ്ങളിലേക്കു ചെന്നവരാണ്. നിങ്ങളുടെ മസ്തിഷ്‌കത്തിലേക്കു ചെലുത്തി അവിടെ മരണംവരെ ദഹിക്കാതെ അനിയതമായി വ്യാപരിക്കുന്ന വിവരങ്ങളുടെ ആകെത്തുകയല്ല വിദ്യാഭ്യാസം. ജീവിതത്തെ പടുത്തുകെട്ടുന്ന, പുരുഷനെ വാര്‍ത്തെടുക്കുന്ന, സ്വഭാവത്തിനു രൂപം കൊടുക്കുന്ന, ആശയങ്ങളെ സാത്മ്യപ്പെടുത്തുകയാണ് നമുക്കു വേണ്ടത്. നിങ്ങള്‍ അഞ്ച് ആശയങ്ങളെ സാത്മ്യപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അവയെ നിങ്ങളുടെ ജീവിതവും സ്വഭാവവുമാക്കിത്തീര്‍ത്തു കഴിഞ്ഞെങ്കില്‍, ഒരു ഗ്രന്ഥം മുഴുവന്‍ ഹൃദിസ്ഥമാക്കിയ മറ്റൊരുവനെക്കാള്‍ ഏറെ നിങ്ങള്‍ക്കു വിദ്യാഭ്യാസമുണ്ട്. ‘യഥാ ഖരശ്ചന്ദന ഭാരവാഹീ ഭാരസ്യ വേത്താ ന തു ചന്ദനസ്യ’ – ചന്ദനത്തടി ചുമക്കുന്ന കഴുതയ്ക്കു കനമേ അറിയാവൂ: മണമറിയാന്‍ വയ്യ. വസ്തുവിവരങ്ങള്‍ മാത്രമാണ് വിദ്യാഭ്യാസമെങ്കില്‍, ഗ്രന്ഥശാലകള്‍ ലോകത്തിലുള്ള പ്രാജ്ഞരില്‍ പ്രമുഖരും, വിജ്ഞാന കോശങ്ങള്‍ ഋഷിമാരുമായേനേ. അതിനാല്‍ ആദര്‍ശം, മതപരവും മതേതരവുമായി രാജ്യത്തുള്ള വിദ്യാഭ്യാസമാകെ നമ്മുടെതന്നെ കയ്യില്‍ വന്നു ചേരണമെന്നതത്രേ. അതു നമ്മുടെ ജനതയ്ക്ക് അനുരൂപമായ വഴികളിലും ഉപായങ്ങളിലുംകൂടി ആവുന്നിടത്തോളം കൊടുക്കേണ്ടതുമാണ്.
സ്വാഭാവികമായി, വളരെ വലിയൊരു പദ്ധതിയാണിത്, വളരെ വമ്പിച്ചൊരു പരിപാടിയാണ്. എന്നെങ്കിലും ഇതു പ്രായോഗികമാകുമോ എന്നെനിക്കറിവില്ല. പക്ഷേ, ആ ജോലി നാം തുടങ്ങണം. എങ്ങനെ? ഉദാഹരണമായി മദ്രാസ് എടുക്കുക. നമുക്കൊരു ക്ഷേത്രം വേണം. ഹിന്ദുക്കളെസ്സംബന്ധിച്ചിടത്തോളം ഒന്നാമതു വേണ്ടതു മതമാണ്. നിങ്ങള്‍ പറഞ്ഞേക്കും, മതവിഭാഗക്കാരെല്ലാം അപ്പോള്‍ അതേപ്പറ്റി കലഹിക്കുമെന്ന്. പക്ഷേ, അതിനെ വിഭാഗീയമല്ലാത്ത ഒരു ക്ഷേത്രമാക്കാം. ഏതു വിഭാഗത്തിന്റെയും ഏറ്റവും വലിയ പ്രതീകമായ ‘ഓം’ ഒന്നു മതി അതില്‍. ‘ഓം’ പ്രതീകമായിക്കൂടാ എന്നു കരുതുന്ന ഒരു വിഭാഗമിവിടെയുണ്ടെങ്കില്‍, അതിനു ഹിന്ദു എന്നു സ്വയം വിളിക്കപ്പെടാനര്‍ഹതയില്ല. ഓരോരുത്തന്റെയും വിഭാഗീയാശയങ്ങള്‍ക്കൊത്തു ഹിന്ദുമതത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടാകും. പക്ഷേ നമുക്കു പൊതുവേ ഒരു ക്ഷേത്രം വേണം. മറ്റിടങ്ങളില്‍ ഓരോരുത്തനും വെവ്വേറെ മൂര്‍ത്തികളും പ്രതീകങ്ങളുമുണ്ടാകുന്നതില്‍ വിരോധമില്ല: എന്നാല്‍ ഇവിടെ നിങ്ങളോടു വിയോജിക്കുന്നവരുമായി കലഹിക്കരുത്. നമ്മുടെ വിഭിന്നവിഭാഗങ്ങള്‍ക്കു പൊതുവേയുള്ള അടിസ്ഥാനതത്ത്വങ്ങളാണ് ഇവിടെ പഠിപ്പിക്കേണ്ടത്. അതോടൊപ്പം വിഭിന്ന വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇവിടെ വന്നു തനതു സിദ്ധാന്തങ്ങള്‍ പഠിപ്പിക്കാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യവും വേണം. ഒരു വ്യവസ്ഥ മാത്രം; മറ്റു വിഭാഗങ്ങളോടു കലഹിക്കരുത്. നിങ്ങള്‍ക്കു പറയാനുള്ളതു പറയുക. ലോകത്തിനത് ആവശ്യമാണ്. പക്ഷേ, മറ്റുള്ളവരെക്കുറിച്ചു നിങ്ങളെന്തു ചിന്തിക്കുന്നു എന്നറിയാന്‍ ലോകത്തിനു സമയമില്ല. നിങ്ങള്‍ അതു സ്വകാര്യമായി വെച്ചുകൊള്ളുക.
രണ്ടാമതായി ഈ ക്ഷേത്രത്തോടു ബന്ധപ്പെട്ട ഒരു സ്ഥാപനം വേണം. ആ സ്ഥാപനത്തില്‍ ജനങ്ങളുടെ ഇടയില്‍ മതം പ്രചരിപ്പിക്കുവാന്‍ അദ്ധ്യാപകരെ തയ്യാറാക്കണം. നമ്മുടെ ആളുകള്‍ക്കു വേണ്ടുന്ന മതേതരമായ വിദ്യാഭ്യാസവും അവര്‍തന്നെ നല്കണം. രണ്ടും അവര്‍ നിര്‍വ്വഹിക്കണം. ഇന്നുവരെ വീടുതോറും മതം കൊണ്ടുനടന്നതുപോലെ, മതേതരമായ വിദ്യാഭ്യാസവും നമുക്കു കൊണ്ടുനടക്കാം. അതു പ്രയാസമില്ലാതെ സാധിക്കും. ഗുരുക്കന്മാരും പ്രചാരകന്മാരുമായ ഇവരുടെ സംഘങ്ങള്‍വഴിയായി ഈ പ്രവൃത്തി പരക്കും. ഇതുപോലുള്ള ക്ഷേത്രങ്ങള്‍ മറ്റിടങ്ങളിലും ക്രമേണ നമുക്കുണ്ടാകും. അങ്ങനെ ഭാരതം മുഴുവന്‍ നമുക്കു വ്യാപിക്കാം. അതാണെന്റെ പദ്ധതി. അതു വളരെ വമ്പിച്ചതാണെന്നു തോന്നാം: എന്നാല്‍ വളരെ വേണ്ടപ്പെട്ട ഒന്നാണ്. പണമെവിടെ എന്നു ചോദിച്ചേക്കും. പണം വേണ്ട, പണം ഒരു വസ്തുവല്ല. എന്റെ ജീവിതത്തിലെ കഴിഞ്ഞ പന്ത്രണ്ടു കൊല്ലക്കാലം അടുത്തനേരത്തെ ഭക്ഷണം എവിടെനിന്നു കിട്ടും എന്ന് എനിക്കറിവില്ലായിരുന്നു. പക്ഷേ പണവും വേണ്ടുന്ന മറ്റു വസ്തുക്കളും വരുകതന്നെ വേണം. കാരണം, അവയൊക്കെ എന്റെ അടിമകളാണ്: മറിച്ച്, ഞാന്‍ അവയുടെ അടിമയല്ല. വരുക തന്നെ വേണം – അതാണ് വാക്ക്. ആണുങ്ങള്‍ എവിടെ? അതാണ് ചോദ്യം.
മദ്രാസിലെ യുവജനങ്ങളേ, നിങ്ങളിലത്രേ എന്റെ ആശ. നിങ്ങളുടെ ജനതയുടെ വിളി നിങ്ങള്‍ കേള്‍ക്കുമോ? എന്നെ വിശ്വസിക്കുവാനുള്ള ചങ്കൂറ്റമുണ്ടായാല്‍ നിങ്ങളോരോരുത്തന്റെയും ഭാവി ശോഭനമാണ്. ശിശുവായിരുന്നപ്പോള്‍ത്തന്നെ എനിക്ക് എന്നിലുണ്ടായിരുന്നതും ഇപ്പോള്‍ ഞാന്‍ പ്രായോഗികമാക്കുംപോലുള്ളതുമായ വമ്പിച്ച വിശ്വാസം നിങ്ങള്‍ നിങ്ങളില്‍ വെച്ചുപുലര്‍ത്തുക. നിങ്ങളോരോരുത്തനും ആ വിശ്വാസം അവനവനില്‍ത്തന്നെ ഉണ്ടാകട്ടെ. അനശ്വരമായ ആ ശക്തി ഓരോ ആത്മാവിലും നിലകൊള്ളുന്നു. അപ്പോള്‍ ഭാരതത്തെ മുഴുവന്‍ ഉയര്‍ത്താന്‍ നിങ്ങള്‍ക്കു കഴിയും. അതേ, അപ്പോള്‍ ഭൂമുഖത്തുള്ള ഓരോ രാജ്യത്തേക്കും നാം പോകും. നമ്മുടെ ആശയങ്ങള്‍ ലോകത്തിലെ ഓരോ ജനതയേയും രൂപപ്പെടുത്തുന്ന പല ശക്തികളില്‍ ഒന്നായി അചിരേണ പര്യവസാനിക്കും. ഭാരതത്തിലും വിദേശങ്ങളിലുമുള്ള ഓരോ മനുഷ്യവംശത്തിന്റെയും ജീവിതത്തില്‍ നമുക്കു പ്രവേശിക്കണം. ഈ നില കൈവരുത്താനാണ് നാം യത്‌നിക്കേണ്ടത്. എനിക്ക് അതിനു വേണ്ടതു ചെറുപ്പക്കാരെയാണ്. ‘യൗവനവും ശക്തിയും ഓജസ്സും മേധയുമുള്ളവര്‍ക്കാണ് ഈശ്വരന്‍ ലഭ്യമാകുന്നത്’ എന്നു വേദങ്ങള്‍ പറയുന്നു. നിങ്ങളുടെ ഭാവി തിട്ടപ്പെടുത്തുവാനുള്ള സമയമിതാണ്. ഇപ്പോഴാണല്ലോ നിങ്ങള്‍ക്കു യൗവനത്തിന്റെ ഓജസ്സുള്ളത്. അല്ലാതെ, നിങ്ങള്‍ ക്ഷീണിച്ചു വാടുമ്പോഴല്ല: യൗവനത്തിന്റെ പുതുമയും ചുണയുമുള്ളപ്പോഴാണ് പ്രയത്‌നിക്കുക: ഇതാണ് സമയം. പ്രതിനവങ്ങളും അസ്പൃഷ്ടങ്ങളും അനാഘ്രാതങ്ങളുമായ പുഷ്പങ്ങളേ ഭഗവത്പാദത്തില്‍ അര്‍പ്പിക്കാവൂ. അവയെ അവിടുന്നു കൈക്കൊള്ളുന്നു. അതിനാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ഉണര്‍ത്തുവിന്‍.
ജീവിതം ചുരുങ്ങിയതാണ്. വക്കീലാകാനും കലഹിക്കാനും മറ്റുമല്ല നോക്കേണ്ടത് – ഇവയെക്കാള്‍ വലിയ കൃത്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ട്. നിങ്ങളുടെ വംശത്തിന്റെ നന്മയ്ക്കും മനുഷ്യരാശിയുടെ സ്വസ്തിക്കുംവേണ്ടി ത്യാഗങ്ങള്‍ ചെയ്യുന്നത് അതിനെക്കാളൊക്കെ വളരെ വലിയ കൃത്യമാണ്. ഈ ജീവിതത്തിലുള്ളതെന്താണ്? നിങ്ങള്‍ ഹിന്ദുക്കളാണ്: ജീവിതം ശാശ്വതമെന്ന നൈസര്‍ഗ്ഗികബോധമാണ് നിങ്ങള്‍ക്കുള്ളത്. ചിലപ്പോള്‍ ചെറുപ്പക്കാര്‍ വന്ന് എന്നോടു നിരീശ്വരതയെപ്പറ്റി സംസാരിക്കാറുണ്ട്. ഒരു ഹിന്ദുവിനു നിരീശ്വരനാകാമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവന്‍ യൂറോപ്പിലുണ്ടായ പുസ്തകങ്ങള്‍ വായിച്ചേക്കും, ഭൗതികവാദിയാണെന്നു സ്വയം വിശ്വസിച്ചേക്കും. പക്ഷേ ഇതൊക്കെ താല്‍ക്കാലികം മാത്രം. ഇതു നിങ്ങളുടെ രക്തത്തിലുള്ളതല്ല. നിങ്ങളുടെ ഘടനയിലില്ലാത്തതു വിശ്വസിക്കാന്‍ നിങ്ങള്‍ക്കു വയ്യ. നിങ്ങളെ സംബന്ധിച്ചിടത്തോളം അത് ആശയറ്റ ഒരു പ്രവൃത്തിയാകും: അതുപോലുള്ളതൊന്നും ചെയ്യാന്‍ തുനിയരുത്. കുട്ടിക്കാലത്തു ഞാന്‍ അതു ചെയ്യാന്‍ യത്‌നിച്ചു: പക്ഷേ, കഴിഞ്ഞില്ല. ജീവിതം ഹ്രസ്വമാണ്: എന്നാല്‍ ആത്മാവ് അമരവും ശാശ്വതവുമാണ്. മരണമെന്ന വസ്തുത നിശ്ചിതമായിരിക്കെ, ഒരു വലിയ ആദര്‍ശം സ്വീകരിച്ചിട്ട് അതിനുവേണ്ടി ജീവിതം മുഴുവന്‍ നല്കുക തന്നെ. ഇതാകട്ടെ നമ്മുടെ തീരുമാനം. ‘സ്വജനതയുടെ മോക്ഷത്തിന്നായി കൂടെക്കൂടെ പിറക്കുന്ന ഭഗവാന്‍’ – ഇവയാണ് നമ്മുടെ മതഗ്രന്ഥങ്ങളിലെ വാക്കുകള്‍. മഹാനായ ആ കൃഷ്ണന്‍ നമ്മെ അനുഗ്രഹിക്കയും ലക്ഷ്യപ്രാപ്തിയില്‍ തുണയ്ക്കയും ചെയ്യട്ടെ!
[വിവേകാനന്ദസാഹിത്യസര്‍വസ്വം – ഭാരതത്തിന്റെ ഭാവി]