സ്വാമി വിവേകാനന്ദന്‍

കല്ക്കത്തയിലെത്തിയ വിവേകാനന്ദസ്വാമികളെ ജനങ്ങള്‍ ഉത്‌സാഹനിര്‍ഭരതയോടെ സ്വീകരിച്ചു. അലങ്കരിക്കപ്പെട്ട നഗരവീഥികളിലൂടെയുള്ള ഘോഷയാത്രയില്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ വമ്പിച്ച ഒരു ജനതതി കാത്തുനിന്നു. ഔപചാരികമായി അദ്ദേഹത്തിനു സ്വീകരണം നല്കപ്പെട്ടത് ഒരാഴ്ചയ്ക്കുശേഷമാണ്, ദിവംഗതനായ രാജാ രാധാകാന്തദേവബഹദൂറിന്റെ ശോഭാബസ്സാറിലുള്ള ഭവനത്തില്‍വെച്ച്. അപ്പോള്‍ ആദ്ധ്യക്ഷ്യം വഹിച്ചതു രാജാ വിജയകൃഷ്ണദേവ ബഹദൂറാണ്. അദ്ധ്യക്ഷന്റെ ചുരുങ്ങിയ ഉപക്രമപ്രസംഗത്തിനുശേഷം, താഴെ ചേര്‍ക്കുന്ന സ്വാഗതാശംസ വായിച്ച് ഒരു വെള്ളിസ്സമ്പുടത്തിലാക്കി സ്വാമിജിക്കു സമര്‍പ്പിക്കപ്പെട്ടു.

ശ്രീമത് വിവേകാനന്ദസ്വാമികള്‍ക്ക്
പ്രിയപ്പെട്ട സഹോദരാ,
കല്ക്കത്തയിലും ബംഗാളില്‍ മറ്റു പല പ്രദേശങ്ങളിലുമുള്ള ഹിന്ദുക്കള്‍ അങ്ങയുടെ ജന്മദേശത്തിലേക്കുള്ള ഈ മടക്കവേളയില്‍ അങ്ങയ്ക്കു ഹാര്‍ദ്ദമായ സ്വാഗതമാശംസിക്കുന്നു. അഭിമാനത്തോടും കൃതജ്ഞതയോടുംകൂടിയാണ് ഞങ്ങള്‍ അതു ചെയ്യുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ അങ്ങു ചെയ്ത മഹനീയമായ പ്രവൃത്തിയിലും നല്കിയ ദൃഷ്ടാന്തത്തിലുംകൂടി നമ്മുടെ മതത്തിനു മാത്രമല്ല, നമ്മുടെ രാജ്യത്തിനും, വിശേഷിച്ചു നമ്മുടെ പ്രവിശ്യയ്ക്കും അങ്ങു ബഹുമതിയാര്‍ജ്ജിക്കയത്രേ ചെയ്തത്.

1893-ല്‍ ഷിക്കാഗോവില്‍വെച്ച് നടത്തിയ ‘ലോകമേള’യുടെ ഒരു വിഭാഗമായ മതമഹാസമ്മേളനത്തില്‍ അങ്ങ് ആര്യമതത്തിന്റെ തത്ത്വങ്ങള്‍ ആവിഷ്‌കരിച്ചു. അങ്ങു നല്കിയ വ്യാഖ്യാനത്തിന്റെ സാരാംശം ശ്രോതാക്കളില്‍ മിക്കവര്‍ക്കും ഒരു വെളിപാടുതന്നെയായിരുന്നു: അതിന്റെ രീതി, ഭംഗികൊണ്ടും ഊര്‍ജ്ജസ്വലതകൊണ്ടും അനിരോദ്ധ്യവുമായിരുന്നു അതില്‍ ചോദ്യത്തിനു വക കണ്ടുകൊണ്ടായിരിക്കാം ചിലരതു സ്വീകരിച്ചത്: ചിലര്‍ അതിനെ വിമര്‍ശിച്ചിരിക്കാം. പക്ഷേ, പൊതുവേ അതുളവാക്കിയ ഫലം സംസ്‌കാരസമ്പന്നരായ അമേരിക്കരുടെ മതപരമായ ആശയങ്ങള്‍ക്കു സംഭവിച്ച ഒരു പരിവര്‍ത്തനം തന്നെയായിരുന്നു. അവരുടെ മനസ്സില്‍ പുതിയ ഒരു വെളിച്ചം വീശി. പതിവുപോലെ അവര്‍ ഉത്‌സാഹത്തോടും സത്യാനുരാഗത്തോടുംകൂടി അതില്‍നിന്നു പൂര്‍ണ്ണമായ ഒരു പ്രയോജനമുണ്ടാക്കണമെന്നു തീരുമാനിക്കയും ചെയ്തു. അങ്ങയ്ക്കു ലഭിക്കുന്ന അവസരങ്ങള്‍ വിപുലീഭവിച്ചു: അങ്ങയുടെ പ്രവൃത്തികള്‍ വര്‍ദ്ധിച്ചു. പല ‘സ്റ്റേറ്റു’കളിലെയും പലേ പട്ടണങ്ങളില്‍നിന്നു വന്ന ആമന്ത്രണങ്ങള്‍ അങ്ങയ്ക്കു ശ്രദ്ധിക്കേണ്ടിവന്നു. പല ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‌കേണ്ടിവന്നു: പല സംശയങ്ങള്‍ക്കു പ്രതിവിധി ഉണ്ടാക്കേണ്ടതായും പല പ്രയാസങ്ങള്‍ക്കു സമാധാനം കണ്ടുപിടിക്കേണ്ടതായും വന്നു. ഈ ജോലിയെല്ലാം ഉത്‌സാഹത്തോടും സാമര്‍ത്ഥ്യത്തോടും ആത്മാര്‍ത്ഥതയോടുംകൂടി അങ്ങു നിര്‍വഹിച്ചു. അതു ചിരസ്ഥായിയായ ഫലങ്ങളുളവാക്കി. അമേരിക്കയിലെ ഐക്യനാടുകളിലുള്ള വിദ്യാസമ്പന്നമായ പല മണ്ഡലങ്ങളിലും അങ്ങയുടെ ഉദ്‌ബോധനം അഗാധമായ  പ്രഭാവം ചെലുത്തി. അതു ചിന്തയെയും ഗവേഷണത്തെയും ഉത്തേജിപ്പിച്ചു. ഹിന്ദുമതാദര്‍ശങ്ങളെപ്പറ്റി ബഹുമാനാതിശയത്തില്‍ കലാശിക്കത്തക്ക തരത്തില്‍ ചിലരുടെ മതസങ്കല്പങ്ങളെ സുനിശ്ചിതമാംവണ്ണം മാറ്റുവാനും അതിനു സാധിച്ചു. വിദൂരപാശ്ചാത്യദേശങ്ങളില്‍ അങ്ങു ചെയ്ത ജോലിക്കു സാക്ഷ്യം വഹിക്കുന്നു, ആദ്ധ്യാത്മികസത്യഗവേഷണത്തിനും മതങ്ങളുടെ തുലനാത്മകമായ പഠനത്തിനും വേണ്ടിയുള്ള സംഘങ്ങളുടെയും സമാജങ്ങളുടെയും സത്വരമായ വളര്‍ച്ച. വേദാന്തദര്‍ശനം പഠിപ്പിക്കുവാന്‍ ലണ്ടനില്‍ ഒരു മഹാവിദ്യാലയത്തിന്റെ സ്ഥാപകനായി അങ്ങയെ കണക്കാക്കാം. അങ്ങയുടെ പ്രഭാഷണങ്ങള്‍ നിയതമാംവണ്ണം നടത്തപ്പെടുകയും, കണിശമായി കേള്‍ക്കപ്പെടുകയും, വിപുലമാംവണ്ണം ശ്ലാഘിക്കപ്പെടുകയും ചെയ്തിരിക്കുന്നു. അവയുടെ പ്രഭാവം, പ്രഭാഷണം നടന്ന മുറികളുടെ ഭിത്തികള്‍ക്കു പുറത്തേക്കു പരന്നിട്ടുണ്ട്. ലണ്ടന്‍ വിടുന്നതിനു തൊട്ടുമുമ്പ് അവിടത്തെ വേദാന്താദ്ധ്യേതാക്കള്‍ അങ്ങയ്ക്കു നല്കിയ ആമന്ത്രണപത്രികയില്‍ സ്പഷ്ടമായി രേഖപ്പെടുത്തിയ അവരുടെ കടപ്പാടുകള്‍ അവര്‍ക്ക് അങ്ങയോടുള്ള സ്നേഹവും ബഹുമാനവും തെളിയിക്കുന്നു.

ആര്യമതതത്ത്വങ്ങളോട് അങ്ങയ്ക്കുള്ള അവഗാഢവും തൊട്ടടുത്തതുമായ പരിചയംകൊണ്ടും അവ വ്യാഖ്യാനിച്ചുകൊണ്ടു പ്രസംഗിക്കാനും എഴുതാനുമുള്ള സാമര്‍ത്ഥ്യംകൊണ്ടും മാത്രമല്ല മിക്കവാറും അങ്ങയുടെ വ്യക്തിമഹത്ത്വംകൊണ്ടു കൂടിയാണ് ഒരു ഗുരുവെന്ന നിലയില്‍ അങ്ങയ്ക്കു കൃതാര്‍ത്ഥത കൈവന്നിട്ടുള്ളത്. അങ്ങയുടെ പ്രഭാഷണങ്ങള്‍ക്കും ഉപന്യാസങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ആദ്ധ്യാത്മികവും സാഹിത്യപരവുമായ വമ്പിച്ച മേന്മകളാണുള്ളത്. അപ്പോള്‍ അവ ഉളവാക്കിയ ഫലം അനിവാര്യവുമത്രേ. എന്നാല്‍ അങ്ങയുടെ ലളിതവും സംശുദ്ധവും ത്യാഗപൂര്‍ണ്ണവുമായ ജീവിതവും, വിനയം ആത്മാര്‍പ്പണം ആത്മാര്‍ത്ഥത എന്നീ ഗുണങ്ങളും മേല്‍ച്ചൊന്ന ഫലത്തെ ഉത്കൃഷ്ടമാക്കിയ രീതി വാചാമഗോചരമത്രേ.

നമ്മുടെ മതത്തിന്റെ ഉദാത്തമായ തത്ത്വങ്ങളുടെ ഉദ്‌ബോധകനെന്ന നിലയില്‍ അങ്ങു ചെയ്ത സേവനങ്ങളെ അംഗീകരിക്കുമ്പോള്‍, അങ്ങയുടെ അഭി വന്ദ്യഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരുടെ സ്മരണയ്ക്കു മുമ്പിലും ആദരാജ്ഞലികള്‍ അര്‍പ്പിക്കേണ്ടതാണെന്നു ഞങ്ങള്‍ക്കു തോന്നുന്നു. അങ്ങയെ ഞങ്ങള്‍ക്കു ലഭിച്ചതിലുള്ള കടപ്പാട് ഏറിയകൂറും അദ്ദേഹത്തോടാണ്. അദ്ദേഹം അദ്ഭുതകരമായ തന്റെ ഉള്‍ക്കാഴ്ചകൊണ്ട് നേരത്തേതന്നെ അങ്ങയില്‍ ദിവ്യമായ ഒരു തേജഃസ്ഫുലിംഗം കണ്ടെത്തുകയും ഇപ്പോള്‍ സന്തോഷപ്രദമാംവണ്ണം സാക്ഷാത്കരിക്കപ്പെട്ടുവരുന്ന ഒരു ജീവിതസരണി അങ്ങയ്ക്കുണ്ടാകാന്‍ പോകുന്നതായി പ്രവചിക്കയും ചെയ്തു. അങ്ങയ്ക്ക് ഈശ്വരന്‍ അനുഗ്രഹിച്ചുനല്കിയ കാഴ്ചയും ദിവ്യമായ ബുദ്ധിശക്തിയും ഉന്മുദ്രമാക്കിയതു പരമഹംസരാണ്. പ്രത്യക്ഷാതീതമായ മണ്ഡലത്തില്‍ അങ്ങു നടത്തിയ ഗവേഷണങ്ങളെ തുണച്ചതും, ദിവ്യമായ ഒരു സ്പര്‍ശത്തെ പ്രതീക്ഷിച്ചുനിന്നതുമായ ആ തിരിവ് അങ്ങയുടെ ചിന്തകള്‍ക്കും ആകാംക്ഷകള്‍ക്കും നല്കിയതും പരമഹംസരാണ്. പിന്‍ തലമുറകള്‍ക്ക് അദ്ദേഹം നല്കിയ ഏറ്റവും വിലപ്പെട്ട സമ്പത്തും അങ്ങുതന്നെ.

മഹാത്മന്‍, സ്വയം സ്വീകരിച്ച ആ മാര്‍ഗ്ഗത്തിലൂടെ സ്‌ഥൈര്യവും ധൈര്യവുമാര്‍ന്നു പ്രവര്‍ത്തിച്ചുമുന്നേറിയാലും. അങ്ങയ്ക്ക് ഒരു ലോകംതന്നെ ജയിച്ചടക്കേണ്ടതായിട്ടുണ്ട്. അജ്ഞരും സംശയാലുക്കളും സ്വമനസ്സാലെ അന്ധരുമായവര്‍ക്കു ഹിന്ദുമതത്തെ വ്യാഖ്യാനിച്ചു കൊടുക്കേണ്ടതായും സാധൂകരിക്കേണ്ടതായുമിരിക്കുന്നു. ഞങ്ങളുടെ അഭിനന്ദനത്തെ കവരുന്ന ഒരു മനോഭാവത്തോടുകൂടിയാണ് അങ്ങതു തുടങ്ങിയിട്ടുള്ളത്. അതില്‍ അങ്ങു വരിച്ച സാഫല്യത്തിനു പല നാടുകളും സാക്ഷ്യം വഹിക്കുന്നു. എന്നാല്‍ വളരെയേറെ ഇനിയും ചെയ്യേണ്ടതുണ്ട്. നമ്മുടെ രാജ്യം – അങ്ങയുടെ രാജ്യമെന്നാണ് പറയേണ്ടത് – അങ്ങയെ പ്രതീക്ഷിച്ചുകഴിയുകയാണ്. ഒട്ടേറെ ഹിന്ദുക്കള്‍ക്കുവേണ്ടിത്തന്നെ ഹിന്ദുമതതത്ത്വങ്ങള്‍ വിശദീകരിക്കേണ്ടതുണ്ട്. അപ്പോള്‍ മഹത്തായ ആ പ്രയത്‌നത്തിനു തയ്യാറാകുക. അങ്ങയിലും, നമ്മുടെ ഈ കര്‍ത്തവ്യത്തിന്റെ ധാര്‍മ്മികതയിലും ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. നമ്മുടെ ജനതാമതം ഭൗതികമായ വിജയങ്ങളൊന്നുമല്ല തേടുന്നത്. അതിന്റെ ലക്ഷ്യങ്ങള്‍ ആദ്ധ്യാത്മികങ്ങളാണ്: ഭൗതികമായ നോട്ടത്തില്‍നിന്ന് അകന്നു മറഞ്ഞിരിക്കുന്ന ഒരു സത്യമത്രേ അതിന്റെ ആയുധം. ചിന്തോന്മുഖമായ യുക്തിശക്തിക്കേ ആ സത്യം കീഴടങ്ങൂ. ഉള്‍ക്കണ്ണ് തുറക്കാനും, ഇന്ദ്രിയങ്ങളെ കവച്ചു കടക്കാനും മതഗ്രന്ഥങ്ങള്‍ ശരിയായി പഠിക്കാനും പരമമായ സത്യത്തെ നേരിടാനും, മനുഷ്യരെന്ന നിലയില്‍ തങ്ങളുടെ സ്ഥിതിയും ലക്ഷ്യവും സാക്ഷാത്കരിക്കാനും, ലോകത്തെയും, വേണ്ടിടത്തു ഹിന്ദുക്കളെയും, ആഹ്വാനം ചെയ്യുക. ആ പ്രബോധനം നല്കുവാനും, ആഹ്വാനം മുഴക്കുവാനും അങ്ങയെക്കാള്‍ യോഗ്യനായ മറ്റൊരാള്‍ ഇല്ലതന്നെ. ഈശ്വരന്‍തന്നെ സ്പഷ്ടമായി അങ്ങയെ ഏല്പിച്ചിട്ടുള്ള ആ പ്രവൃത്തിയില്‍ ഹാര്‍ദ്ദമായ സഹാനുഭൂതിയും സംശുദ്ധമായ സഹകരണവും അങ്ങയ്ക്ക് ഉണ്ടായിരിക്കുമെന്ന് ഉറപ്പു നല്കുക മാത്രമാണ് ഞങ്ങളുടെ കരണീയം.
എന്ന്,
പ്രിയപ്പെട്ട സഹോദരാ,
അങ്ങയുടെ വിധേയരായ സുഹൃത്തുക്കളും അഭിനന്ദകരും.


താഴെ കൊടുക്കുന്ന തരത്തില്‍ സ്വാമിജി മറുപടി പറഞ്ഞു;

മനുഷ്യനു വ്യക്തിത്വത്തെ സാമാന്യത്തിലാഴ്ത്താന്‍ ഒരാഗ്രഹമുണ്ട്: ത്യജിക്കാനും പറന്നുമറയാനും ശരീരത്തോടും കഴിഞ്ഞ കാലത്തോടുമുള്ള കൂട്ടുകെട്ടുകളെ വെട്ടിമാറ്റാനും അവന്‍ യത്‌നിക്കുന്നു: സ്വയം മനുഷ്യനാണെന്ന വസ്തുതപോലും മറക്കാന്‍ പണിപ്പെടുന്നു. എങ്കിലും ഹൃദയത്തിന്റെ ഹൃദയത്തില്‍ മൃദുലമായ ഒരു നാദം, ഒരു നൂലിന്റെ സ്പന്ദം, ഒരു മന്ത്രിക്കലുണ്ട്. അതു പറയുന്നു, കിഴക്കാകട്ടെ പടിഞ്ഞാറാകട്ടെ, വീടാണേറ്റവും നല്ലത്. ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരിയിലുള്ള പൗരന്മാരേ, ഒരു സന്ന്യാസിയായിട്ടോ മതപ്രചാരകനായിട്ടു പോലുമോ അല്ല ഞാന്‍ നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നത്: മറിച്ച്, പതിവുപോലെ നിങ്ങളോടു സംസാരിക്കാനായി കല്ക്കത്തയിലെ ആ പയ്യനായിട്ടാണ്. അതേ, ഈ പട്ടണത്തെരുവുകളിലെ പൊടിയിലിരിക്കാനും, ശിശുസാധാരണമായ സ്വാതന്ത്ര്യത്തോടേ സഹോദരന്മാരായ നിങ്ങളുടെ മുമ്പില്‍ എന്റെ ഹൃദയം തുറന്നുവെയ്ക്കാനും ഞാനാഗ്രഹിക്കുന്നു. അതുകൊണ്ട് ‘സഹോദര’ എന്ന നിസ്തുലമായ ആ വാക്കുപയോഗിച്ചതിനു നിങ്ങള്‍ക്ക് എന്റെ ഉള്ളഴിഞ്ഞ നന്ദി. ശരിയാണ്, നിങ്ങളുടെ സഹോദരനാണ് ഞാന്‍: എന്റെ സഹോദരന്മാര്‍ നിങ്ങളും. ഞാന്‍ പുറപ്പെടുന്നതിനു തൊട്ടു മുമ്പായി ഒരിംഗ്ലീഷ്‌സുഹൃത്തു ചോദിച്ചു, ‘സ്വാമി, ഭോഗപൂര്‍ണ്ണവും ശ്ലാഘ്യവും പ്രബലവുമായ പാശ്ചാത്യദേശങ്ങളില്‍ നാലു കൊല്ലത്തെ അനുഭവങ്ങള്‍ക്കുശേഷം ഇന്നിപ്പോള്‍ അങ്ങയുടെ മാതൃഭൂമിയെ അങ്ങ് എങ്ങനെ ഇഷ്ടപ്പെടുന്നു?’ എന്റെ മറുപടി ഇത്രമാത്രമായിരുന്നു; ‘അവിടെനിന്നു പുറപ്പെടും മുമ്പു ഞാന്‍ ഭാരതത്തെ സ്നേഹിച്ചു. ഇപ്പോള്‍ ഭാരതഭൂമിയിലെ പൊടിപോലും എനിക്കു പരിശുദ്ധമായി തോന്നുന്നു. അവിടത്തെ കാറ്റുപോലും എനിക്കു പരിശുദ്ധമാണ്. അതെന്റെ പുണ്യഭൂമിയാണ്, പുണ്യതീര്‍ത്ഥമാണ്.” കല്ക്കത്തയിലെ പൗരന്മാരേ, എന്റെ സഹോദരന്മാരേ, എന്നോടു നിങ്ങള്‍ കാട്ടിയ ദയാവായ്പില്‍ എനിക്കുള്ള കൃതജ്ഞത പ്രകാശിപ്പിക്കുക സാധ്യമല്ല. ഒരുപക്ഷേ, നിങ്ങളോട് കൃതജ്ഞത കാട്ടുന്നത് അയുക്തമാവാം: കാരണം, നിങ്ങള്‍ എന്റെ സഹോദരന്മാരാണ്. നിങ്ങള്‍ സഹോദരന്റെ ചുമതല നിര്‍വഹിക്കുകമാത്രമാണ് ചെയ്തത്: അതേ, ഒരു ഹിന്ദുസഹോദരന്റെ ചുമതല. അങ്ങനെയുള്ള കുടുംബബന്ധങ്ങളും ബന്ധുത്വങ്ങളും സ്നേഹവും നമ്മുടെ മാതൃഭൂമിയുടെ അതിരുകള്‍ക്കു പുറത്തൊരിടത്തും ഇല്ലതന്നെ.

മതമഹാസമ്മേളനം നിശ്ചയമായും വമ്പിച്ച ഒരേര്‍പ്പാടുതന്നെയായിരുന്നു. ഈ നാട്ടിലെ പല പട്ടണങ്ങളിലുംവെച്ച്, ആ സമ്മേളനം സംഘടിപ്പിച്ച സജ്ജനങ്ങളോടു നാം കൃതജ്ഞത രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ നമ്മോടു കാട്ടിയ സൗജന്യത്തിനു നാം കാട്ടിയ കൃതജ്ഞത അവര്‍ തികച്ചും അര്‍ഹിക്കയും ചെയ്തു. എങ്കിലും മതമഹാ സമ്മേളനത്തിന്റെ ചരിത്രം അന്വയിച്ചുകേള്‍പ്പിക്കുവാന്‍ എന്നെ സദയം അനുവദിക്കുക. അവര്‍ക്കൊരു കുതിരയെ വേണ്ടിയിരുന്നു, കയറി ഓടിക്കാന്‍. മതസമ്മേളനത്തെ അവിശ്വാസികളുടെ ഒരു പടയണിയാക്കിത്തീര്‍ക്കാന്‍ കച്ചകെട്ടിയ ആളുകള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ വിധി വിപരീതമായി അതങ്ങനെ ആകാതെയും വയ്യ. അവരില്‍ ഏറിയകൂറും സൗജന്യശാലികളാണ്. എന്നാല്‍ നാം അവരോട് വേണ്ടത്ര കൃതജ്ഞത പ്രകടിപ്പിച്ചുകഴിഞ്ഞു.

വേറൊരു വശത്തുകൂടി പറഞ്ഞാല്‍ അമേരിക്കയില്‍ എന്റെ ദൗത്യം മതമഹാസമ്മേളനത്തോടല്ലായിരുന്നു. അതു വശാല്‍ വന്നുകൂടിയെന്നേയുള്ളു. അതൊരു തുടക്കം, അവസരംമാത്രം. അതിനുവേണ്ടി ആ സമ്മേളനാംഗങ്ങളോടു നമുക്കു വളരെ നന്ദിയുമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍, അമേരിക്കരായ മഹാജനങ്ങളോടാണ്, സ്നേഹസമ്പന്നവും ഉദാരവും മഹത്തുമായ അമേരിക്കന്‍ജനതയോടാണ്, നമുക്കു നന്ദി വേണ്ടത്. അവിടെയാണ് മറ്റെല്ലായിടത്തെക്കാളുമേറെ സൗഭ്രാത്ര ഭാവന വികസിച്ചിട്ടുള്ളത്. തീവണ്ടിയില്‍വെച്ച് അഞ്ചു മിനിട്ടു നേരത്തേക്കു നിങ്ങളെ ഒരമേരിക്കന്‍ കണ്ടെത്തി: നിങ്ങള്‍ അയാളുടെ സുഹൃത്തായിക്കഴിഞ്ഞു: അടുത്ത നിമിഷം അയാള്‍ നിങ്ങളെ സ്വഗൃഹത്തിലേക്ക് അതിഥിയായി ക്ഷണിക്കയും, തുടര്‍ന്ന് അവിടെയുള്ള തന്റെ ജീവിതമര്‍മ്മങ്ങളെല്ലാം തുറന്നുകാട്ടുകയുമായി. ഇതാണ് അമേരിക്കന്‍ജനതയുടെ സ്വഭാവം. നാം അത് അത്യന്തം അഭിനന്ദിക്കുന്നു. എന്നോട് അവര്‍ കാട്ടിയ ദയാവായ്പ് അവര്‍ണ്ണ്യമാണ്. എന്നോടുണ്ടായ അവരുടെ അത്യന്തദയാപൂര്‍ണ്ണവും അദ്ഭുതകരവുമായ പെരുമാറ്റം വര്‍ണ്ണിച്ചുകേള്‍പ്പിക്കാന്‍ പല കൊല്ലങ്ങള്‍ വേണം. ഇതുപോലെതന്നെ, അറ്റ്‌ലാന്റിക്കിന്റെ മറുകരയില്‍ പാര്‍ക്കുന്ന മറ്റേ ജനതയോടും നമുക്കു നന്ദി വേണം. ഇംഗ്ലീഷുകാരോട് എനിക്കുണ്ടായിരുന്നതിലേറെ വിദ്വേഷത്തോടുകൂടി ആരും ഇംഗ്ലീഷ്ഭൂമിയില്‍ കാലുകുത്തിയിരിക്കില്ല. ഈ പ്രസംഗവേദിയില്‍ത്തന്നെ സന്നിഹിതരായ ഇംഗ്ലീഷ്‌സുഹൃത്തുക്കള്‍ ആ വസ്തുതയ്ക്കു സാക്ഷ്യം വഹിക്കും. എന്നാല്‍ ഞാന്‍ അവരുടെയിടയില്‍ ഏറെയേറെ താമസിച്ച്, ഇംഗ്ലീഷ് ജീവിതമാകുന്ന യന്ത്രത്തിന്റെ തിരിപ്പുകള്‍ നോക്കിക്കണ്ടതോടുകൂടി, അവരുടെ ഹൃദയത്തുടിപ്പുകള്‍ എവിടെയെന്നു കാണാനിടയായി: അവരെ ഏറെയേറെ സ്നേഹിക്കുവാന്‍ കഴിഞ്ഞു. സഹോദരന്മാരേ, ഇവിടെ സന്നിഹിതരായ നിങ്ങളുടെ ഇടയില്‍ എന്നേക്കാള്‍ കൂടുതല്‍ ഇംഗ്ലീഷുകാരെ സ്നേഹിക്കുന്നവനായി ആരുമില്ല. അവിടെ നടക്കുന്നതെന്തെന്നു കണ്ടറിയണം. അവരോടു കൂടിക്കലരണം. എല്ലാ ദുരിതങ്ങളും കഷ്ടതകളും അജ്ഞാനമെന്ന ഒരേ കാരണത്തില്‍നിന്നുണ്ടാകുന്നതായി നമ്മുടെ ദര്‍ശനം, ഭാരതീയദര്‍ശനമായ വേദാന്തം, സംക്ഷേപിച്ചിട്ടുള്ളതിന്‍വണ്ണം, നമ്മളും ഇംഗ്ലീഷുകാരും തമ്മിലുണ്ടാകുന്ന വൈഷമ്യങ്ങള്‍ക്കും മുഖ്യകാരണം അജ്ഞാനംതന്നെയാണ്. അവരെ നമുക്ക് അറിയാന്‍ വയ്യാ: അവര്‍ക്കു നമ്മെയും.

ദൗര്‍ഭാഗ്യമെന്നു പറയട്ടെ, പാശ്ചാത്യദൃഷ്ടിയില്‍ ആദ്ധ്യാത്മികത – എന്തിന്, നൈതികതപോലും – ഐഹികമായ ആഭ്യുദയത്തോടു സദാ ബന്ധപ്പെട്ടാണിരിക്കുന്നത്. ഇംഗ്ലീഷുകാരനോ മറ്റേതെങ്കിലും പാശ്ചാത്യനോ നമ്മുടെ മണ്ണില്‍ കാലുകുത്തി, ദാരിദ്ര്യവും കഷ്ടതകളും നിറഞ്ഞ ഈ നാടു കാണുമ്പോള്‍ പെട്ടെന്നു തീര്‍ച്ചപ്പെടുത്തുകയായി ഇവിടെ മതമോ നൈതികതപോലുമോ ഇല്ലെന്ന്. അയാളുടെ സ്വന്തം അനുഭവം ശരിയാണ്. യൂറോപ്പില്‍ ശൈത്യപാരുഷ്യവും മറ്റുംകൊണ്ട്, ദാരിദ്ര്യവും പാപാചരണവും ഒത്താണ്, പോകുക. പക്ഷേ ഭാരതത്തിലെ കഥ അതല്ല. ഭാരതത്തിലുള്ള എന്റെ അനുഭവത്തില്‍ ഒരുവന്‍ കൂടുതല്‍ ദരിദ്രനാണെങ്കില്‍ കൂടുതല്‍ ധാര്‍മ്മികനുമായിരിക്കയാണ് പതിവ്. ഇതു മനസ്സിലാക്കാന്‍ കാലം കുറേ പിടിക്കും. ഭാരതീയജനതയുടെ ജീവിതരഹസ്യമായ ഈ വസ്തുത മനസ്സിലാക്കാന്‍ വേണ്ടത്ര ക്ഷമ കാട്ടുന്ന വിദേശീയര്‍ എത്രയുണ്ട്? ജനതയെ പഠിക്കുവാനും മനസ്സിലാക്കുവാനും വേണ്ടത്ര ക്ഷമയുള്ളവര്‍ ചുരുക്കം. ഇവിടെ, ഇവിടെമാത്രമാണ്, ദാരിദ്ര്യത്തിനു കുറ്റമെന്നും പാപമെന്നും അര്‍ത്ഥം കല്പിക്കാത്ത ഒരേയൊരു ജനതയുള്ളത്. ഇവിടെ ദാരിദ്ര്യത്തിനു കുറ്റമെന്നര്‍ത്ഥകല്പന ചെയ്യുന്നതിനുപകരം അതിനെ ദിവ്യമെന്നെണ്ണുകയാണ്. യാചകന്റെ വേഷം നാട്ടിലെ ഏറ്റവും പ്രമുഖരുടെ വേഷമായിരിക്കയുമാണ്. മറു വശത്ത്, പാശ്ചാത്യരുടെ സാമുദായികസ്ഥാപനങ്ങളെ നാം ക്ഷമയോടെ പഠിക്കേണ്ടതുണ്ട്: അല്ലാതെ, അവയെപ്പറ്റി തലകാഞ്ഞുള്ള തീര്‍പ്പുകളിലേക്കു പാഞ്ഞെത്തിക്കൂടാ. അവിടെ സ്ര്തീപുരുഷന്മാരുടെ സ്വതന്ത്രമായ പെരുമാറ്റം, വ്യത്യസ്തമായ കീഴ്‌വഴക്കങ്ങളും രീതികളും – ഇവയ്‌ക്കൊക്കെ അവയുടേതായ അര്‍ത്ഥമുണ്ട്, മഹനീയവശങ്ങളുണ്ട്: അവയൊക്കെ നിങ്ങള്‍ ക്ഷമയോടുകൂടി പഠിക്കണമെന്നുമാത്രം. അവരുടെ കീഴ്‌വഴക്കങ്ങളും രീതികളും നാം കടമെടുക്കണമെന്നല്ല എന്റെ വിവക്ഷ: നമ്മില്‍നിന്ന് അവരും കടം വാങ്ങാന്‍ പോകുന്നെന്നല്ല. കാരണം ഓരോ ജനതയുടെയും രീതികളും കീഴ്‌വഴക്കങ്ങളും ശതകങ്ങളിലൂടെയുള്ള അവയുടെ ശാന്തമായ വളര്‍ച്ചയുടെ ഫലങ്ങളാണ്. അവയ്‌ക്കെല്ലാം പിമ്പില്‍ ഗഹനമായ ഒരര്‍ത്ഥമുണ്ട്. അതിനാല്‍ നമ്മുടെ രീതികളെയും കീഴ്‌വഴക്കങ്ങളെയും അവരോ, അവരുടേതിനെ നമ്മളോ പരിഹസിക്കേണ്ടതില്ല.

ഈ സദസ്സില്‍വെച്ച് ഒരു പ്രസ്താവനകൂടി ചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു. അമേരിക്കയില്‍ ചെയ്ത ജോലിയെക്കാള്‍ കൂടുതല്‍ എനിക്കു തൃപ്തികരമായിട്ടുള്ളത് ഇംഗ്ലണ്ടില്‍ ചെയ്തതാണ്. പ്രസരിപ്പും ചുണയും സ്ഥിരതയുമുള്ള ഇംഗ്ലീഷുകാരന്‍ – ഇങ്ങനെ പറയാന്‍ എന്നെ അനുവദിച്ചാല്‍ – അതേ, അയാളുടെ തലയോടിനു മറ്റുള്ളവരുടേതിനെക്കാള്‍ കട്ടി തെല്ലു കൂടും. ഒരാശയം അയാളുടെ മസ്തിഷ്‌കത്തിലെത്തിച്ചാല്‍ പിന്നതു വെളിയില്‍ ചാടിപ്പോകയില്ല: ആ വംശത്തിന്റെ വമ്പിച്ച അനുഷ്ഠാനപരതയും വീര്യവും ആ ആശയത്തെ അങ്കുരിപ്പിച്ചു പെട്ടെന്നു ഫലവത്താക്കും.  മറ്റൊരു രാജ്യത്തും അതങ്ങനെയല്ല: ആ വംശത്തിന്റെ വമ്പിച്ച അനുഷ്ഠാനപരതയും വീര്യവും മറ്റൊരിടത്തും കാണാനില്ല. അവര്‍ക്കു ഭാവന കുറയും, എന്നാല്‍ പ്രവൃത്തികൂടും. ഇംഗ്ലീഷ്ഹൃദയത്തിന്റെ ഉറവിടം, മൗലികമായ ചാലനയന്ത്രം എന്തെന്ന് ആര്‍ക്കറിയാം? അവിടെ എത്രമാത്രം ഭാവനയാണ്, ഭാവങ്ങളാണുള്ളത്! വീരന്മാര്‍ നിറഞ്ഞ ഒരു ജനതയാണത്: അവരാണ് യഥാര്‍ത്ഥക്ഷത്രിയന്മാര്‍. തനതു ഭാവങ്ങളെ മറയ്ക്കാനാണ് അവര്‍ ശീലിക്കുന്നത്: തുറന്നു കാട്ടാനല്ല. ശൈശവം മുതല്‍ ആ നിലയിലെത്തത്തക്ക പരിശീലനമാണ് അവര്‍ക്കു കിട്ടുന്നത്. ചുരുക്കമായിട്ടേ ഭാവപ്രകാശനത്തിന്നൊരുങ്ങുന്ന ഒരിംഗ്ലീഷുകാരനെ, ഒരു ഇംഗ്ലീഷുകാരിയെപ്പോലും, കാണാന്‍ പറ്റൂ. ഏറ്റവും ധീരനായ ബംഗാളിതന്നെ അനുകരിക്കാന്‍ നോക്കട്ടെ. അമ്പരന്നുപോകും: അമ്മട്ടിലുള്ള ജോലി ചെയ്യാനും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാനും ഒരുങ്ങുന്ന ഇംഗ്ലീഷുകാരികളെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ധീരതയുടെ ഈ എടുപ്പുകളൊക്കെ ഉണ്ടായിട്ടും, പോരാളിയുടെ കവചത്തിനു പിമ്പിലുള്ള ഇംഗ്ലീഷ് ഹൃദയത്തില്‍ ഭാവങ്ങളുടെ അഗാധമായ ഒരുറവിടമാണുള്ളത്. അവിടെയെത്താനുള്ള വഴി മനസ്സിലാക്കിയാല്‍, അവിടെ ചെന്നെത്തിയാല്‍, ഇംഗ്ലീഷുകാരനോടു വ്യക്തിപരമായ സമ്പര്‍ക്കം പുലര്‍ത്താനും കൂടിക്കഴിയാനും നിങ്ങള്‍ക്കു സാധിച്ചാല്‍, അയാള്‍ ഹൃദയകവാടങ്ങള്‍ തുറക്കും: എന്നെന്നേയ്ക്കുമായി അയാള്‍ നിങ്ങളുടെ സുഹൃത്തും വിധേയനുമാകും. അതുകൊണ്ട്, എന്റെ അഭിപ്രായത്തില്‍, ഞാന്‍ ഇംഗ്ലണ്ടില്‍ ചെയ്ത ജോലിയാണ് മറ്റിടങ്ങളിലേതിനെ അപേക്ഷിച്ചു കൂടുതല്‍ തൃപ്തികരം. നാളെ ഞാന്‍ മരിച്ചാല്‍ത്തന്നെ ഇംഗ്ലണ്ടില്‍ ചെയ്ത ജോലി നശിക്കില്ലെന്നു ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു: അതു സദാ വളര്‍ന്നേ വരും.

സഹോദരന്മാരേ, എന്റെ ഹൃദയത്തിലെ ഏറ്റവും നിഗൂഢമായ ഒരു തന്തുകൂടി നിങ്ങള്‍ സ്പര്‍ശിക്കയുണ്ടായി. എന്റെ ഗുരുവും സ്വാമിയും വീരനും ആദര്‍ശവും ജീവിതത്തിലെ ഈശ്വരനുമായ ശ്രീരാമകൃഷ്ണപരമഹംസരുടെ നാമഗ്രഹണമത്രേ അത്. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ വല്ലതും എനിക്കു നിറവേറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍, ലോകത്തിലെങ്ങാനുമുള്ള ഒരാളെ സഹായിക്കത്തക്ക ഒരു വാക്കെങ്കിലും എപ്പോഴെങ്കിലും എന്റെ ചുണ്ടില്‍നിന്നു വീണിട്ടുണ്ടെങ്കില്‍, ഞാനത് ഒരു തരത്തിലും അവകാശപ്പെടുന്നില്ല. അതദ്ദേഹത്തിന്‍േറതാണ്. എന്നാല്‍ എന്റെ ചുണ്ടില്‍നിന്നു ശാപവചസ്സുകള്‍ പൊഴിഞ്ഞിട്ടുണ്ടെങ്കില്‍, വിദ്വേഷം പുറപ്പെട്ടിട്ടുണ്ടെങ്കില്‍, അതൊക്കെ എന്‍േറതുതന്നെ; അല്ലാതെ, അദ്ദേഹത്തിന്റെതല്ല. ദുര്‍ബ്ബലമായിരുന്നതെല്ലാം എന്‍േറത്: ജീവിതസന്ദായകവും ഉപോദ്ബലകവും ശുദ്ധവും ദിവ്യവുമായിട്ടുള്ളതൊക്കെ അദ്ദേഹത്തിന്റെ പ്രചോദനവും അദ്ദേഹത്തിന്റെ വചനങ്ങളും അദ്ദേഹംതന്നെയുമാണ്. അതേ, സുഹൃത്തുക്കളേ, ലോകം ഇനിയും ആ മനുഷ്യനെ അറിയേണ്ടതായിട്ടാണിരിക്കുന്നത്. ലോകചരിത്രത്തില്‍ പ്രവാചകന്മാരെയും അവരുടെ ജീവിതങ്ങളെയും കുറിച്ച് നാം വായിക്കാറുണ്ട്. ശതകങ്ങളിലായി രൂപപ്പെടുന്ന ഗ്രന്ഥങ്ങളിലൂടെയും, ശിഷ്യന്മാരുടെ പ്രവൃത്തികളിലൂടെയുമാണ് അവര്‍ നമ്മുടെയടുക്കല്‍ എത്തുന്നത്. പ്രാചീന പ്രവാചകന്മാരുടെ മഹനീയജീവിതങ്ങള്‍ ആയിരമായിരം സംവത്‌സരങ്ങളിലെ മിനുക്കു പണിയും കടച്ചിലുംകൊണ്ടു രൂപപ്പെട്ടിട്ടാണ് നമുക്കു കിട്ടുക. എങ്കിലും എന്റെ അഭിപ്രായത്തില്‍, അവരിലാരുടെ ജീവിതവും, എന്റെ കണ്ണുകൊണ്ടു കണ്ട ആ ജീവിതത്തോട് – ആരുടെ തണലിലാണോ ഞാന്‍ ജീവിച്ചത്, ആരുടെ ചേവടികള്‍ പടിഞ്ഞാണോ ഞാന്‍ സമസ്തവും പഠിച്ചത് – ആ ശ്രീരാമകൃഷ്ണപരമഹംസരുടെ ജീവിതത്തോട് – സമുജ്വലതയില്‍ കിടപിടിക്കില്ല. അതേ, സുഹൃത്തുക്കളേ, സുപ്രസിദ്ധമായ ആ ഗീതാവചനം നിങ്ങള്‍ക്കൊക്കെ അറിവുള്ളതാണല്ലോ;

യദാ യദാ ഹി ധര്‍മ്മസ്യ ഗ്ലാനിര്‍ഭവതി ഭാരത,
അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം.
പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധര്‍മ്മസംസ്ഥാപനാര്‍ത്ഥായ സംഭവാമി യുഗേ യുഗേ.
”ഹേ ഭാരത, ധര്‍മ്മം തളരുമ്പോഴെല്ലാം, അധര്‍മ്മം വളരുമ്പോഴെല്ലാം ഞാന്‍ ദേഹം കൈക്കൊള്ളുന്നു. ശിഷ്ടന്മാരെ രക്ഷിക്കാനും ദുഷ്ടന്മാരെ ശിക്ഷിക്കാനും ധര്‍മ്മത്തെ ഭദ്രമാക്കാനും ഞാന്‍ യുഗംതോറും ജനനം വരിക്കുന്നു.”

ഇതോടൊപ്പം ഒരു സംഗതികൂടി അറിയേണ്ടതുണ്ട്. അതുപോലൊരു വസ്തുത ഇന്നു നമ്മുടെ കണ്മുമ്പിലുണ്ട്. ആദ്ധ്യാത്മികതയുടെ വമ്പിച്ച വേലിയേറ്റം ഉണ്ടാകുന്നതിനുമുമ്പ്, ചെറിയ തോതിലുള്ള ആവിഷ്‌കാര ങ്ങള്‍, ചുഴികളെന്നോണം, സമുദായത്തിലെവിടെയും കാണപ്പെടുന്നു. ആദ്യം അറിയപ്പെടാതെ, കാണപ്പെടാതെ ഓര്‍ക്കപ്പെടാതെയാണ് ഇവയില്‍പ്പെട്ട ഒന്ന് ആവിര്‍ഭവിക്കുക. ക്രമേണ അതു വളര്‍ന്നു, മറ്റു ചിറ്റുചുഴികളെയെല്ലാം വിഴുങ്ങി, ആത്മസാത്കരിച്ചു  പെരുകുന്നു; വേലിയേറ്റത്തിലുള്ള ഒരു തിരപോലെ വളര്‍ന്നു, തടുക്കാനാവാത്ത ഊക്കോടുകൂടി, സമുദായത്തിന്റെമേല്‍ ചെന്നടിക്കയും ചെയ്യുന്നു. ഇതുപോലൊന്നാണ് നമ്മുടെ മുമ്പില്‍ സംഭവിച്ചുവരുന്നത്. കണ്ണുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കതു കാണാം. ഈ നാളിന്റെ ചിഹ്‌നങ്ങള്‍ കാണാത്തവന്‍, കുരുടന്‍, വെറും കുരുടന്‍തന്നെയാണ്. അതേ, ദരിദ്രരായ ബ്രാഹ്മണദമ്പതികളുടെ മകനായി, നിങ്ങളില്‍ മിക്കവര്‍ക്കും അജ്ഞാതമായ വിദൂരഗ്രാമത്തില്‍ പിറന്ന ഈ ബാലനെ, ശതകങ്ങളായി അവിശ്വാസികളുടെ ആരാധനാക്രമത്തെ ഘോരഘോരം എതിര്‍ത്തുപോന്നവരുടെ നാടുകളില്‍ ഇന്നു വാസ്തവത്തില്‍ ആരാധിച്ചുവരുന്നു. ഇതാരുടെ ശക്തിയാണ്? എന്‍േറതോ നിങ്ങളുടേതോ ആണോ? ഇവിടെ രാമകൃഷ്ണപരമഹംസരായി ആവിഷ്‌കരിക്കപ്പെട്ട ആ ശക്തി തന്നെ ഇത്. എന്തുകൊണ്ടെന്നാല്‍, നിങ്ങളും ഞാനും സിദ്ധന്മാരും പ്രവാചകരും, എന്തിന്, അവതാരങ്ങള്‍പോലും, വിശ്വമാസകലം ഒരു ശക്തിയുടെ ഏറെക്കുറെ വ്യക്തിഗതമായ, ഏറെക്കുറെ കേന്ദ്രീകൃതമായ ആവിഷ്‌കാരങ്ങളത്രേ. അളവറ്റ ഒരു ശക്തിയുടെ ആവിഷ്‌കാരമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതിന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കങ്ങള്‍ മാത്രമാണ് നാം കാണുന്നത്. ഈ തലമുറ കടന്നുപോകുന്നതിനുമുമ്പ് ആ ശക്തിയുടെ കൂടുതല്‍ അദ്ഭുതമായ പ്രവര്‍ത്തനങ്ങളാണ് നിങ്ങള്‍ കാണാന്‍ പോകുന്നത്. ഭാരതത്തിന്റെ പുനര്‍ജന്മത്തിനുവേണ്ടി, പറ്റിയ സമയത്താണ് അതു വന്നുചേര്‍ന്നത്. നാം കൂടെക്കൂടെ മറക്കുന്നു, ആ ജീവശക്തി എല്ലായ്‌പോഴും ഭാരതത്തില്‍ വ്യാപരിച്ചുകൊണ്ടിരിക്കണമെന്ന്.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – കല്ക്കത്തയിലെ സ്വാഗതത്തിനു മറുപടി – തുടരും]