ഏതു ജനതയ്ക്കുമുണ്ട് തന്‍േറതുമാത്രമായ ഒരു പ്രവര്‍ത്തനപദ്ധതി. ചിലര്‍ രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തിക്കും: ചിലര്‍ മറ്റു സരണികളിലൂടെയും. ചിലര്‍ സാമൂഹ്യപരിഷ്‌കാരങ്ങളിലൂടെ: ചിലര്‍ മറ്റു സരണികളിലൂടെയും. നമുക്കാണെങ്കില്‍ മതത്തിന്റെ തറയിലേ ചരിക്കാന്‍ കഴിയൂ. ഇംഗ്ലീഷുകാര്‍ക്കു രാഷ്ട്രീയത്തിലൂടെയേ മതം മനസ്സിലാകൂ. അമേരിക്കന് ഒരുപക്ഷേ സാമൂഹ്യപരിഷ്‌കാരത്തിലൂടെയാവും മതം മനസ്സിലാകുക. ഹിന്ദുവിനു മതത്തിലൂടെ നല്കപ്പെടുമ്പൊഴാണ് രാഷ്ട്രീയംപോലും മനസ്സിലാകുക. സമുദായശാസ്ത്രവും മതത്തിലൂടെ വരണം. സമസ്തവും മതത്തിലൂടെ വരണം. കാരണം ഈ ജനതയുടെ ജീവിതസംഗീതത്തിന്റെ പ്രതിപാദ്യം മതമാണ്: മറ്റുള്ളതെല്ലാം അതിന്റെ രൂപാന്തരങ്ങളത്രേ. അതുതന്നെ അപകടത്തിലുമായിരുന്നു. നമ്മുടെ ജനതാജീവിത്തിന്റെ ഉള്ളടക്കം മാറ്റാന്‍ നാം ഭാവിക്കയാണ് എന്നു തോന്നി. നമ്മുടെ അസ്തിത്വത്തിന്റെതന്നെ നട്ടെല്ലു മാറിവെയ്ക്കാന്‍ തുടങ്ങുകയാണോ എന്നു തോന്നി: മതമാകുന്ന നട്ടെല്ലു മാറ്റി അതിന്റെ സ്ഥാനത്തു രാഷ്ട്രീയം വെയ്ക്കാന്‍ ശ്രമിക്കയാണോ എന്നു തോന്നി. നാമതില്‍ വിജയിച്ചിരുന്നെങ്കില്‍, ഫലം സര്‍വ്വനാശമായേനേ. എന്നാല്‍ അതങ്ങനെ വരേണ്ടതല്ലായിരുന്നു. അങ്ങനെ ഈ ശക്തി ആവിഷ്‌കരിക്കപ്പെട്ടു. മഹാനായ ഈ സിദ്ധനെ നിങ്ങള്‍ എങ്ങനെ മനസ്സിലാക്കാന്‍പോകുന്നു എന്ന കാര്യം ഞാന്‍ അത്ര ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തെ എത്രമാത്രം നിങ്ങള്‍ ആദരിക്കുന്നു എന്ന സംഗതിയും അത്ര കാര്യമാക്കേണ്ട. എന്നാല്‍ പല ശതകങ്ങളായി ഭാരതത്തിലുണ്ടായിട്ടില്ലാത്ത മട്ടില്‍, ഒരത്യദ്ഭുതശക്തിയുടെ ആവിര്‍ഭാവമാണ് ഇവിടെ നടന്നതെന്ന വസ്തുതയെ നേരിടാന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുന്നു. ഈ ശക്തിയെപ്പറ്റിയും, ഇതിലൂടെ ഭാരത്തിന്റെ നവീഭാവത്തിനും നന്മയ്ക്കും – മനുഷ്യരാശിയുടെയെല്ലാം നന്മയ്ക്കും – എന്താണ് ചെയ്തതെന്നതിനെപ്പറ്റിയും, പഠിക്കേണ്ടതു ഹിന്ദുക്കളെന്ന നിലയില്‍ നിങ്ങളുടെ കടമയായിരിക്കുന്നു. അതേ, വിശ്വമതത്തെയും മതവിഭാഗങ്ങള്‍ തമ്മില്‍ പുലര്‍ത്തേണ്ട സാഹോദര്യഭാവത്തെയും പറ്റിയുള്ള ആശയങ്ങള്‍ ലോകത്തെവിടെയെങ്കിലും ആവിഷ്‌കരിക്കപ്പെടുന്നതിനും പ്രതിപാദിക്കപ്പെടുന്നതിനും വളരെ മുമ്പേ, ഇവിടെ, ഈ പട്ടണത്തിന്റെ തൊട്ടു മുമ്പില്‍, സ്വജീവിതത്തെ വേണ്ടപോലുള്ള ഒരു മതമഹാസമ്മേളനമാക്കിത്തീര്‍ത്ത ഒരു മനുഷ്യന്‍ ജീവിച്ചുവന്നു.
നമ്മുടെ ശാസ്ത്രങ്ങളിലുള്ള ഏറ്റവും ഉത്കൃഷ്ടമായ ആദര്‍ശം നിര്‍ഗുണമാണ്. നാമെല്ലാം അതു സാക്ഷാത്കരിക്കുവാന്‍ പ്രാപ്തരായിരുന്നെങ്കില്‍ എന്നു ഞാന്‍ ഈശ്വരനോടു പറഞ്ഞുപോകുന്നു. പക്ഷേ അതസാദ്ധ്യമാകയാല്‍, ബഹുഭൂരിപക്ഷം പേര്‍ക്കും പുരുഷവിധമായ ഒരാദര്‍ശം കൂടിയേ തീരൂ എന്നതാണ് വസ്തുസ്ഥിതി. ജീവിതത്തിലെ മഹത്തായ ഈ ആദര്‍ശങ്ങളിലൊന്നിന്റെ കൊടിക്കീഴില്‍, ഉത്‌സാഹത്തികവോടുകൂടി, വന്നണിനിരക്കാതെ ഒരു ജനതയ്ക്കും ഉയരാനും വളരാനും പ്രവര്‍ത്തിക്കാനും വയ്യ. രാഷ്ട്രീയാദര്‍ശങ്ങള്‍ക്കും സാമൂഹ്യാദര്‍ശങ്ങള്‍ക്കും വാണിജ്യാദര്‍ശങ്ങള്‍ക്കും ഇവയുടെ പ്രതിനിധികള്‍ക്കും മറ്റും ഭാരതത്തില്‍ ഒട്ടും കരുത്തുണ്ടാവില്ല. നമ്മുടെ മുമ്പില്‍ വേണ്ടത് ആദ്ധ്യാത്മികാദര്‍ശങ്ങളാണ്. മഹത്തായ ആദ്ധ്യാത്മികനാമധേയങ്ങള്‍ക്കു ചുറ്റും സോത്‌സാഹം പറ്റിക്കൂടാനാണ് നാം തിടുക്കപ്പെടുന്നത്. നമ്മുടെ വീരന്മാര്‍ ആദ്ധ്യാത്മികസ്വഭാവമുള്ളവരാവണം. അത്തരമൊരു വീരനെയാണ് ശ്രീരാമകൃഷ്ണപരമഹംസരില്‍ നമുക്കു കിട്ടിയിട്ടുള്ളത്. ഉയരാന്‍ കൊതിക്കുന്നെങ്കില്‍, ഞാനുറപ്പിച്ചുപറയുന്നു, ഈ പേരിന്റെ ചുറ്റുമായി ചൊടിയോടുകൂടി, നമ്മുടെ ജനത അണിനിരക്കണമെന്ന്. രാമകൃഷ്ണപരമഹംസരുടെ ജീവിതത്ത്വങ്ങള്‍ പ്രചരിപ്പിക്കുന്നതു ഞാനോ നിങ്ങളോ മറ്റാരെങ്കിലുമോ ആയാലും തരക്കേടില്ല. പക്ഷേ അദ്ദേഹത്തെ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നു. നമ്മുടെ വംശത്തിന്റെയും ജനതയുടെയും നന്മയ്ക്കുവേണ്ടി മഹത്തായ ഈ ജീവിതാദര്‍ശം എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ ഒരു തീരുമാനമെടുക്കണം. നമുക്ക് ഓര്‍ക്കേണ്ട ഒരു കാര്യം നാം എപ്പോഴെങ്കിലും കണ്ടിട്ടുള്ളതില്‍വെച്ച് – ഞാന്‍ വ്യക്തമായി പറയട്ടെ – നാമെപ്പോഴെങ്കിലും കേട്ടിട്ടുള്ളതില്‍വെച്ച്, ഏറ്റവും പരിശുദ്ധമായിരുന്നു ആ ജീവിതമെന്നതത്രേ. നിങ്ങള്‍ക്കു വായിച്ചറിയാവുന്നതോ പ്രതീക്ഷിക്കാവുന്നതോ ആയ ആത്മശക്തി പ്രകാശനങ്ങളില്‍വെച്ച് ഏറ്റവും അദ്ഭുതകരമായിരുന്നു അത് എന്ന വസ്തുത നിങ്ങളുടെ മുമ്പിലിരിക്കയാണുതാനും. അദ്ദേഹത്തിന്റെ നിര്യാണം കഴിഞ്ഞു പത്തു കൊല്ലത്തിനുള്ളില്‍ ആ ശക്തി ഭൂഗോളത്തെ വലയം ചെയ്തുകഴിഞ്ഞു. ഈ വസ്തുത നിങ്ങളുടെ മുമ്പിലുണ്ട്. നമ്മുടെ വംശത്തിന്റെയും മതത്തിന്റെയും മേന്മയ്ക്കുവേണ്ടി മഹത്തായ ഈ ആദ്ധ്യാത്മികാ ദര്‍ശത്തെ ഒരു കടമയെന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നു. അദ്ദേഹത്തെ നിങ്ങള്‍ എന്നിലൂടെ വിലയിരുത്തരുത്. ഞാന്‍ ദുര്‍ബ്ബലമായ ഒരുപകരണംമാത്രം. എന്നെ കണ്ടിട്ട് അദ്ദേഹത്തിന്റെ സ്വഭാവത്തെ മതിക്കാതിരിക്കണം. ഞാനോ അദ്ദേഹത്തിന്റെ സ്വഭാവത്തെ മതിക്കാതിരിക്കണം. ഞാനോ അദ്ദേഹത്തിന്റെ മറ്റേതെങ്കിലും ശിഷ്യന്മാരോ നൂറുകണക്കിനു ജീവിതങ്ങള്‍ ചെലവഴിച്ചാലും പരമഹംസരുടെ യാഥാര്‍ത്ഥ്യത്തിന്റെ ഏറ്റവും ചെറിയ ഒരംശത്തോടു പോലും നീതി കാട്ടാനാവാത്ത തരത്തില്‍, അത്ര മഹനീയമായിരുന്നു ആ ജീവിതം. സ്വയം തീര്‍ച്ചപ്പെടുത്തുക. നിങ്ങളുടെ ഹൃദയാന്തര്‍ഭാഗത്തുള്ള അക്ഷരമായ ആ സാക്ഷിചൈതന്യം, ആ രാമകൃഷ്ണപരമഹംസര്‍തന്നെ, നമ്മുടെ ജനതയുടെ നന്മയ്ക്കും നാടിന്റെ സുസ്ഥിതിക്കും മനുഷ്യവര്‍ഗ്ഗത്തിന്റെ മേന്മയ്ക്കുംവേണ്ടി, നിങ്ങളുടെ ഹൃദയകവാടങ്ങളെ തുറക്കട്ടെ. നാം യത്‌നിച്ചാലും, ഇല്ലെങ്കിലും ആവശ്യമുണ്ടാകേണ്ടുന്ന ആ വമ്പിച്ച മാറ്റത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആ ചൈതന്യം നിങ്ങളെ സത്യനിഷ്ഠരും കരുത്തരുമാക്കട്ടെ! ഭഗവാന്റെ പ്രവൃത്തികള്‍ നിങ്ങളെയോ എന്നെയോപോലുള്ളവരെ നോക്കിയിരിക്കയില്ല. നൂറുമായിരവും വേലക്കാരെ പൂഴിയില്‍നിന്നുപോലും ഉളവാക്കാന്‍ അവിടേക്കു കഴിയും. ആ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കപ്പെടുന്നതു തന്നെ ഒരുത്കൃഷ്ടവും പദവിയുമാണ്.
ഇവിടെനിന്ന് ആ ആശയം പരക്കുന്നു. നിങ്ങള്‍ എനിക്കു ചൂണ്ടിക്കാട്ടിത്തന്നതുപോലെ, നമുക്കു ലോകം കീഴടക്കേണ്ടിയിരിക്കുന്നു. നമുക്കതു ചെയ്യണംതന്നെ! ഭാരതം ലോകത്തെ കീഴടക്കണം, അതില്‍ കുറഞ്ഞതൊന്നുമല്ല എന്റെ ആദര്‍ശം. അതു വമ്പിച്ചൊരു കാര്യമാകാം. നിങ്ങളില്‍പ്പലരെയും അതദ്ഭുതപ്പെടുത്തിയേക്കാം. പക്ഷേ അതാണ് സത്യം. ഒന്നുകില്‍ നമുക്കു ലോകം കീഴടക്കണം: അല്ലെങ്കില്‍ മരിക്കണം! മറ്റൊരു ഗതിയുമില്ല. ജീവിതത്തിന്റെ ലക്ഷണമേ വികാസമാണ്. നാം വെളിയിലേക്കു ചെല്ലണം. വികസിക്കണം, അഴുകണം, തുലയണം. മറ്റു ഗതിയൊന്നുമില്ല. രണ്ടിലൊന്നു കൈക്കൊള്ളുക – ജീവിക്കയോ മരിക്കയോ ചെയ്യുക. നമ്മുടെ നാട്ടിലെ ക്ഷുദ്രമായ അസൂയകളെയും കലഹങ്ങളെയുംപറ്റി നമുക്കൊക്കെ അറിവുണ്ടല്ലോ. എന്നെ വിശ്വസിക്കൂ: എവിടെയും നില ഇതുതന്നെ. രാഷ്ട്രീയജീവിതമുള്ള മറ്റു ജനതകള്‍ക്കു വിദേശനയങ്ങളുണ്ട്. വീട്ടില്‍ വഴക്കു മൂക്കുമ്പോള്‍ അവര്‍ വല്ല വൈദേശികരോടും കലഹിക്കാന്‍ തക്കം നോക്കുന്നു: അപ്പോള്‍ വീട്ടുവഴക്കുകള്‍ നിലയ്ക്കുന്നു. നമുക്ക് ഈ കലഹങ്ങളുണ്ട്: അവയ്ക്കു വിരാമമിടുന്ന വിദേശനയങ്ങളൊട്ടില്ല താനും. നമ്മുടെ അനശ്വരമായ വിദേശനയമിതാകണം – ലോകജനതകളുടെ ഇടയില്‍ നമ്മുടെ ശാസ്ത്രങ്ങളിലെ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുക. നിങ്ങളുടെ ഇടയിലുള്ള രാഷ്ട്രീയ മനഃസ്ഥിതിക്കാരോടും ചോദിക്കട്ടെ, ഒരു വംശമെന്ന നിലയില്‍ ഇതു നമ്മെ ഏകീകരിക്കുമെന്നതിനു മറ്റു വല്ല തെളിവും നിങ്ങള്‍ക്കു വേണമോ? ഈ സമ്മേളനംതന്നെ അതിന്നുള്ള പര്യാപ്തമായ തെളിവാണ്.
രണ്ടാമത്, സ്വാര്‍ത്ഥപരമായ ഈവക പരിഗണനകളല്ലാതെ, നിഃസ്വാര്‍ത്ഥവും ഉത്കൃഷ്ടവും ജീവത്തുമായ മാതൃകകള്‍ നമ്മുടെ പിന്നില്‍ നിലകൊള്ളുന്നുണ്ട്. ഭാരതത്തിന്റെ കഷ്ടതയ്ക്കും അധഃപതനത്തിനുമുള്ള വമ്പിച്ചൊരു കാരണം, ഭാരതം സ്വയം ചുളുങ്ങി, മുത്തുച്ചിപ്പിപോലെ സ്വന്തം തോടിനുള്ളിലേക്കു വലിയുകയും, മനുഷ്യവര്‍ഗ്ഗത്തില്‍പ്പെട്ട മറ്റു വംശക്കാര്‍ക്കു സ്വന്തമായ രത്‌നങ്ങളും സമ്പത്തുകളും കൊടുക്കാന്‍ വിസമ്മതിക്കയും ചെയ്തതാണ്. ആര്യവംശത്തിനു വെളിയില്‍ അറിവിനു ദാഹിച്ച മറ്റു ജനതകള്‍ക്കു ജീവിതസന്ദായകമായ സത്യങ്ങള്‍ നല്കാന്‍ ഭാരതം വിസമ്മതിച്ചു. നാം വെളിയിലേക്ക് ഇറങ്ങിച്ചെന്നില്ല: മറ്റു ജനതകളുമായി ഒത്തുചേര്‍ന്നു ജീവിതാനുഭവങ്ങള്‍ തുലനംചെയ്തു പഠിച്ചില്ല. ഇതാണു നമ്മുടെ അധഃപതനത്തിനുണ്ടായ ഗുരുതരമായ ഒരേയൊരു കാരണം. നിങ്ങള്‍ക്കൊക്കെ അറിയാം, ഭാരതത്തില്‍ ഇന്നു കാണപ്പെടുന്ന ചെറിയ ചലനം, ജീവിതത്തിന്റെ അനക്കം രാജാരാംമോഹന്റോയി സങ്കീര്‍ണ്ണതയുടെ ചുമരുകള്‍ തകര്‍ത്തു വെളിയിലേക്കു കടന്ന ആ ദിവസംമുതല്‍ തുടങ്ങിയതാണെന്ന്. ആ ദിവസത്തിനുശേഷം ഭാരതത്തില്‍ ചരിത്രത്തിന് ഒരു തിരിവുതന്നെ സംഭവിച്ചു: അതിപ്പോള്‍ സത്വരം വളരുകയാണ്. കഴിഞ്ഞ കാലത്തു ചെറിയ നീര്‍ച്ചാലുകളാണ് നമുക്കുണ്ടായിരുന്നതെങ്കില്‍, വെള്ളപ്പൊക്കങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്: ആര്‍ക്കും അതു തടുക്കാവതല്ല. അതിനാല്‍ നാം വെളിയിലേക്കു കടക്കണം. ജീവിതത്തിന്റെ മര്‍മ്മം കൊടുക്കുകയും കൊള്ളുകയുമാണ്. നാം എപ്പോഴും കൊള്ളാനാണോ പോകുന്നത്? പാശ്ചാത്യരുടെ കാല്ക്കലിരുന്ന് എല്ലാം, മതംപോലും, പഠിക്കാനാണോ നമ്മുടെ ഭാവം? യാന്ത്രികപരിപാടികള്‍ അവരില്‍നിന്നു പഠിക്കാം: മറ്റു പലതും പഠിക്കാം. എന്നാല്‍ അവരെ നമുക്കു വല്ലതും പഠിപ്പിക്കേണ്ടതുണ്ട്. അതു നമ്മുടെ മതമാണ്, നമ്മുടെ ആദ്ധ്യാത്മികത. പൂര്‍ണ്ണമായ ഒരു പരിഷ്‌കാരത്തിനു വേണ്ടുന്ന വിഭവങ്ങള്‍ ഭാരതത്തില്‍നിന്നു ലഭിക്കാന്‍ ലോകം കാത്തുനില്ക്കുന്നു. ലോകം കാത്തുനില്ക്കുന്നത് ഈ വംശത്തിന്റെ അദ്ഭുതമായ ആദ്ധ്യാത്മികസമ്പത്തുകള്‍ക്കാണ്. അധഃപതനത്തിന്റെയും ദുരിതത്തിന്റെയുമായ ദശകങ്ങളിലൂടെ നമ്മുടെ ജനത ഈ സമ്പത്തുകളെ മുറുകെ പിടിച്ചിട്ടുണ്ട്. ഈ സമ്പത്തുകള്‍ക്കാണ് ലോകം കാത്തുനില്ക്കുന്നത്. നമ്മുടെ പൂര്‍വ്വികന്മാര്‍ നേടിവെച്ച ഈ അദ്ഭുതസമ്പത്തുകളെച്ചൊല്ലി ഭാരതത്തിനു വെളിയില്‍ എത്ര വിശപ്പും ദാഹവുമുണ്ടെന്ന് നമുക്കറിവില്ല. ഇവിടെ നാം വായടിക്കുന്നു: പരസ്പരം കലഹിക്കുന്നു. പാവനമായതിനെപ്പറ്റിയൊക്കെ നമുക്കു പുച്ഛവും പരിഹാസവുമാണ്. ഇന്നിപ്പോള്‍ പാവനമായതിനെയെല്ലാം പുച്ഛിക്കുന്നത് നമ്മുടെ ഈ ജനതയുടെ ഒരു ദുര്‍വ്വാസനയായിരിക്കയാണ്. നമ്മുടെ ചുമരുകള്‍ക്കു വെളിയില്‍ നില്ക്കുന്ന ദശലക്ഷങ്ങളുടെ ഹൃദയവേദനകള്‍ നമുക്കു മനസ്സിലാകുന്നില്ല. നമ്മുടെ പൂര്‍വ്വികന്മാര്‍ ഭാരതഭൂമിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ആ അമൃത് തെല്ലൊന്നാസ്വദിക്കാന്‍വേണ്ടി കൈ നീട്ടുകയാണവര്‍. അതിനാല്‍, നമുക്കു വെളിയിലേക്കു പോകേണ്ടിയിരിക്കുന്നു: നമുക്കു തരാന്‍ അവര്‍ക്കുള്ള വല്ലതിനും പകരം നമ്മുടെ ആദ്ധ്യാത്മികത കൊടുക്കേണ്ടിയിരിക്കുന്നു. ആത്മമണ്ഡലത്തിലെ അദ്ഭുതങ്ങള്‍ക്കു പകരം ജഡലോകത്തിലെ അദ്ഭുതങ്ങള്‍ നമുക്കു കൈക്കൊള്ളാം. എപ്പോഴും പഠിച്ചാല്‍മാത്രം പോര: പഠിപ്പിക്കയും വേണം. സമത്വമില്ലാത്ത സൗഹാര്‍ദ്ദം സാദ്ധ്യമല്ല. ഒരു കൂട്ടര്‍ സദാ പഠിപ്പിക്കയും മറ്റൊരു കൂട്ടര്‍ കാല്ക്കലിരുന്ന് പഠിക്കയും ചെയ്യുമ്പോള്‍ സമത്വം സാദ്ധ്യമല്ല. ഇംഗ്ലീഷുകാരനോടോ അമേരിക്കനോടോ സമത്വം നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പഠിക്കുവാനെന്നപോലെ പഠിപ്പിക്കുവാനും നിങ്ങള്‍ തയ്യാറാകണം. വരാനിരിക്കുന്ന ശതകങ്ങളിലൂടെ ലോകത്തെ പഠിപ്പിച്ചുകൊടുക്കാന്‍ നിങ്ങള്‍ക്കു ധാരാളം വകയുണ്ട്. ഇതു ചെയ്‌തേപറ്റൂ. നമ്മുടെ ചോരയ്ക്കു ചൂടും ചുണയും വേണം. ബംഗാളികളായ നമുക്കു ഭാവനയുണ്ടെന്നാണ് വെയ്പ്: നമുക്കതുണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. ധാരാളം ഭാവസമ്പത്തുള്ള മനുഷ്യരെന്ന നിലയില്‍, ഭാവനാപരരായ ഒരു വംശ്യരെന്ന നിലയില്‍, നാം പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളേ, ബുദ്ധിശക്തി വലുതുതന്നെ എന്നു ഞാന്‍ സമ്മതിക്കുന്നു! പക്ഷേ കുറച്ചു കുതികള്‍ക്കകം അതു നിന്നുപോകും. ഹൃദയത്തിലൂടെ, ഹൃദയത്തിലൂടെ മാത്രമാണ്, പ്രചോദനം വരുന്നത്. ഏറ്റവും ഉത്കൃഷ്ടമായ രഹസ്യങ്ങളില്‍ ചെന്നെത്തുന്നത് ഭാവങ്ങളിലൂടെയാണ്. അതിനാല്‍ ഭാവസമ്പന്നനായ ബംഗാളിയാണ് ഈ ജോലി ചെയ്യേണ്ടത്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്നി ബോധത. എഴുനേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുന്നതുവരെ നില്ക്കാതിരിക്കുക. കല്‍ക്കത്തയിലെ യുവജനങ്ങളേ, എഴുന്നേല്ക്കുക, ഉണരുക. ഈ കാലം അനുകൂലമാണ്. നമ്മുടെ മുമ്പില്‍ തടസ്സങ്ങളെല്ലാം മാറിപ്പോകയാണ്. ധൈര്യപ്പെടൂ: ഭയം വെടിയൂ: നമ്മുടെ ശാസ്ത്രങ്ങളിലേ ഈശ്വരന് ‘അഭീഃ’ എന്ന വിശേഷണം നല്കപ്പെട്ടിട്ടുള്ളു. നാം അഭീകരാകണം, ഭയരഹിതരാകണം. അപ്പോള്‍ നമ്മുടെ ജോലി നിര്‍വഹിക്കപ്പെടും. എഴുനേല്ക്കുക, ഉണരുക. വമ്പിച്ച ഈ ത്യാഗം നിങ്ങളുടെ നാടിന് ആവശ്യമാണ്. യുവാക്കന്മാരാണ് അതു ചെയ്യാന്‍ പോകുന്നത്. ”യുവാവ്, ഉത്‌സാഹി, ബലിഷ്ഠന്‍, ദ്രഢിഷ്ഠന്‍, ബുദ്ധിമാന്‍’ – അവര്‍ക്കുള്ള ജോലിയാണിത്. കല്ക്കത്തയില്‍ അത്തരക്കാരായ ചെറുപ്പക്കാര്‍ ലക്ഷണക്കണക്കിനുണ്ടുതാനും. നിങ്ങള്‍ പറയുമ്പോലെ വല്ലതും ഞാന്‍ ചെയ്തിട്ടുണ്ടെങ്കില്‍, കല്ക്കത്തത്തെരുവുകളില്‍ കളിച്ചുവന്ന, കൊള്ളരുതാത്ത ആ പയ്യനായിരുന്നു ഞാന്‍ എന്നോര്‍മ്മിക്കണം. എനിക്കത്രയും ചെയ്യാന്‍ കഴിഞ്ഞെങ്കില്‍, അതിലുമെത്രയധികം നിങ്ങള്‍ക്കു ചെയ്യാം! എഴുന്നേല്ക്കുക, ഉണരുക: ലോകം നിങ്ങളെ മാടിവിളിക്കുന്നു. ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളില്‍ ബുദ്ധിയുണ്ട്, പണമുണ്ട്: ഉത്‌സാഹം എന്റെ ജന്മദേശത്തേയുള്ളു, അതു വെളിയിലേക്കു വരണം. അതിനാല്‍, കല്ക്കത്തയിലെ ചെറുപ്പക്കാരേ, ചോരയില്‍ ചുണയോടുകൂടി എഴുനേല്ക്കുവിന്‍! നിങ്ങള്‍ ദരിദ്രരെന്നോ മിത്രരഹിതരെന്നോ സ്വയം കരുതരുത്. അതേ, പണം മനുഷ്യനെ ഉണ്ടാക്കുന്നത് ആരു കണ്ടിട്ടുണ്ട്? എപ്പോഴും മനുഷ്യനാണ് പണത്തെ ഉണ്ടാക്കുന്നത്. മനുഷ്യന്റെ വീര്യവും ഉത്‌സാഹപ്രഭാവവും വിശ്വാസ പ്രബലതയുംകൊണ്ടാണ് ലോകം മുഴുവന്‍ രൂപപ്പെട്ടിട്ടുള്ളത്.
ഉപനിഷത്തുകളില്‍വെച്ച് ഏറ്റവും മനോജ്ഞമായ കാഠകം പഠിച്ചവരായി നിങ്ങളുടെ ഇടയിലുള്ളവര്‍ ഓര്‍ക്കും, വമ്പിച്ച ഒരു യാഗത്തിനൊരുങ്ങിയ രാജാവ് വിലപ്പെട്ട വസ്തുക്കള്‍ക്കുപകരം വകയ്ക്കുകൊള്ളാത്ത പശുക്കളെയും കുതിരളെയും ദക്ഷിണകൊടുക്കാന്‍ തുടങ്ങി. അപ്പോള്‍ പുത്രനായ നചികേതസ്സിന്റെ ഹൃദയത്തില്‍ ശ്രദ്ധ പ്രവേശിച്ചു എന്ന് ആ ഗ്രന്ഥം പറയുന്നു. ശ്രദ്ധയെന്ന വാക്കു പരിഭാഷപ്പെടുത്താന്‍ ഞാന്‍ പുറപ്പെടുന്നില്ല. അതൊരു തെറ്റായിരിക്കും. ഏറ്റവും വിചാരഗംഭീരമായ ഒരു വാക്കാണത്. അതിനെയാശ്രയിച്ചാണ് പലതുമിരിക്കുന്നത്. അതു വ്യാപരിക്കുന്നതെങ്ങനെയെന്നു നമുക്കു കാണാം. ഉടനടി നചികേതസ്സ് സ്വയം പറയുകയാണ്; ”പലര്‍ക്കും ഞാന്‍ മുമ്പനാണ്: കുറച്ചുപേര്‍ക്കേ പിമ്പനാകൂ, ഒരിടത്തും ഞാന്‍ ഒടുവിലല്ല. എനിക്കും ചിലതൊക്കെ ചെയ്യാന്‍ കഴിയും.” ഈ ധൈര്യം വളര്‍ന്നു. ആ കുമാരന്‍ തന്റെ മനസ്സില്‍ കാണുന്ന പ്രശ്‌നത്തിന്, മരണത്തെക്കുറിച്ചുള്ള പ്രശ്‌നത്തിന്, സമാധാനം കാണാന്‍ വെമ്പി. മരണത്തിന്റെ നിലയത്തില്‍ച്ചെന്നേ സമാധാനം കൈവരുമായിരുന്നുള്ളു. അവന്‍ അവിടെച്ചെന്നു. ധീരനായ നചികേതസ്സ് മൂന്നുനാള്‍ മരണത്തിന്റെ നിലയത്തില്‍ കാത്തുനിന്നു. അവന്റെ ആഗ്രഹസിദ്ധി വന്ന രീതി നിങ്ങള്‍ക്ക് അറിവുള്ളതാണല്ലോ. നമുക്ക് ആവശ്യം ഈ ശ്രദ്ധയാണ്. ദൗര്‍ഭാഗ്യവശാല്‍, ഭാരതത്തില്‍നിന്ന് അതു മിക്കവാറും തിരോഭവിച്ചിരിക്കയാണ്. അതുകൊണ്ടാണ് നാം നമ്മുടെ ഈ നിലയില്‍ വന്നെത്തിയതും. മനുഷ്യനും മനുഷ്യനും തമ്മിലുള്ള വ്യത്യാസത്തിനു കാരണവും ശ്രദ്ധയിലുള്ള ഈ വ്യത്യാസമല്ലാതെ മറ്റൊന്നുമല്ല. ഒരുവനെ മഹാനും മറ്റൊരുവനെ ദുര്‍ബ്ബലനും നീചനുമാക്കിത്തീര്‍ക്കുന്നത് ഈ ശ്രദ്ധയാണ്. എന്റെ ഗുരുനാഥന്‍ പറഞ്ഞിരുന്നു, സ്വയം ദുര്‍ബ്ബലനെന്നു നിനയ്ക്കുന്നവന്‍ ദുര്‍ബ്ബലനാകുമെന്ന്. അതു ശരിയാണ്. ഈ ശ്രദ്ധ നിങ്ങളില്‍ പ്രവേശിക്കണം. പാശ്ചാത്യവംശ്യരുടെ ഇടയില്‍ പ്രകടമായിക്കാണുന്ന ഭൗതികശക്തികളെല്ലാം ഈ ശ്രദ്ധയുടെ ഫലമാണ്. അവര്‍ സ്വന്തം മാംസപേശികളില്‍ വിശ്വാസമുള്ളവരാണ്. നിങ്ങളുടെ ആത്മാവില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍ അതെത്ര കൂടുതല്‍ ഫലവത്താകണം! അനന്തമായ ആത്മാവില്‍, അനന്തമായ ശക്തിയില്‍ വിശ്വസിക്കുക. ഇവയെക്കുറിച്ചാണ് നിങ്ങളുടെ ഗ്രന്ഥങ്ങളും സിദ്ധന്മാരും ഐകമത്യത്തോടേ പ്രഖ്യാപിക്കുന്നത്. യാതൊന്നിനും നശിപ്പിക്കാനാവാത്ത ആത്മാവിലത്രേ അനന്തമായ ശക്തി കുടികൊള്ളുന്നത്. അതിനെ വെളിയിലേക്കാവാഹിച്ചാല്‍ മതി. മറ്റെല്ലാ ദര്‍ശനങ്ങള്‍ക്കും ഭാരതത്തിലെ ദര്‍ശനത്തിനും തമ്മിലുള്ള വമ്പിച്ച ഭേദം ഇവിടെയാണ്. ദ്വൈതമോ വിശിഷ്ടാദ്വൈതമോ അദ്വൈതമോ ആകട്ടെ, അവയെല്ലാം, സമസ്തവും ആത്മാവില്‍ത്തന്നെയെന്നുറച്ചിരിക്കുന്നു. അതു വെളിയിലേക്കു വന്ന്, സ്വയം ആവിഷ്‌കരിക്കണമെന്നുമാത്രം. അതിനാല്‍ എനിക്കു വേണ്ടത് ഈ ശ്രദ്ധയാണ്. ഇവിടെയുള്ള നമുക്കൊക്കെ വേണ്ടതും ഇതുതന്നെ, നമ്മില്‍ത്തന്നെയുള്ള ഈ വിശ്വാസം. നിങ്ങളുടെ മുമ്പിലുള്ള മഹത്തായ പ്രവൃത്തിയും ഈ വിശ്വാസം നേടലാണ്. എല്ലാറ്റിനെയും പുച്ഛിക്കുക, ഗൗരവബോധത്തിന്റെ അറുതി – ഈ ജനതയുടെ രക്തത്തിലേക്ക് ഇഴഞ്ഞുകയറുന്ന ഈ ഭയങ്കര വ്യാധിയെ വിട്ടേ കളയുക. അതു കൈവെടിയുക: കരുത്തരാകുക: ഈ ശ്രദ്ധ നേടുക. മറ്റെല്ലാം പിന്നാലെ വന്നുകൊള്ളും.
ഞാന്‍ ഇനിയും ഒന്നും ചെയ്തുതീര്‍ന്നിട്ടില്ല. നിങ്ങളാണ് ആ പ്രവൃത്തി ചെയ്യേണ്ടത്. നാളെ ഞാന്‍ മരിച്ചാല്‍ ആ പ്രവൃത്തി മരിക്കില്ല. സാമാന്യജനത്തിന്റെ അണികളില്‍നിന്ന് ആയിരമാളുകള്‍ മുന്നോട്ടുവരുമെന്നും, ആശാപൂര്‍ണ്ണമായ എന്റെ ഭാവന ചിത്രീകരിച്ചതിലും മെച്ചപ്പെട്ടമട്ടില്‍ ആ പ്രവൃത്തി നിര്‍വഹിക്കപ്പെടുമെന്നും ഞാന്‍ സര്‍വ്വാത്മനാ വിശ്വസിക്കുന്നു. എന്റെ നാട്ടിലെനിക്കു വിശ്വാസമുണ്ട്: വിശിഷ്യ, നാട്ടിലെ യുവാക്കളില്‍. ചെറുപ്പക്കാരുടെ ചുമലുകളില്‍ ഏറ്റിയിട്ടുള്ള കാര്യഭാരങ്ങളില്‍വെച്ച് ഏറ്റവും കനത്തതാണ് ബംഗാളി യുവാക്കള്‍ക്കു നിറവേറ്റാനുള്ളത്. ഏതാണ്ടു കഴിഞ്ഞ പത്തുകൊല്ലക്കാലമായി ഞാന്‍ ഭാരതം മുഴുവന്‍ സഞ്ചരിക്കയായിരുന്നു. ഭാരതത്തെ അതിനൊത്ത ആദ്ധ്യാത്മികപദത്തിലേക്കുയര്‍ത്താന്‍ പര്യാപ്തമായ ശക്തി ബംഗാളിലെ യുവജനങ്ങളില്‍നിന്നുവരുമെന്നാണ് എന്റെ ദൃഢവിശ്വാസം. അതേ, ഭാവനിര്‍ഭരരായ, ചോരത്തിളപ്പുള്ള, ബംഗാളിയുവ ജനങ്ങളില്‍നിന്നു വീരന്മാര്‍ മുന്നോട്ടുവരും. അവര്‍ ഭൂമിയുടെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക്, നമ്മുടെ പൂര്‍വ്വികന്മാര്‍ ആവിഷ്‌കരിച്ച അനശ്വരമായ ആദ്ധ്യാത്മികതത്ത്വങ്ങള്‍ പഠിപ്പിച്ചും പ്രചരിപ്പിച്ചുംകൊണ്ട് പ്രയാണം ചെയ്യും. ഇതാണ് നിങ്ങളുടെ മുമ്പിലുള്ള മഹത്തായ കര്‍ത്തവ്യം. അതുകൊണ്ട് ‘എഴുനേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുംവരെ നില്ക്കാതിരിക്കുക’ എന്നൊരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കട്ടെ. പേടിക്കേണ്ട: മനുഷ്യചരിത്രത്തിലുടനീളം വന്‍തോതിലുള്ള ശക്തിയെല്ലാം പൊതുജനങ്ങള്‍ക്കേ ആയിരുന്നിട്ടുള്ളു. അവരുടെ അണികളില്‍നിന്നാണ് ഭൂമുഖത്തെ മഹത്തമരായ പ്രതിഭാശാലികള്‍ വന്നിട്ടുള്ളത്. ചരിത്രത്തിനു സ്വയം ആവര്‍ത്തിക്കാനേ കഴിയൂ. ഒന്നും പേടിക്കേണ്ട. നിങ്ങള്‍ അദ്ഭുതകര്‍മ്മം ചെയ്യും. പേടി പെടുന്ന നിമിഷം നിങ്ങള്‍ ശൂന്യമാകും. ലോകത്തിലുള്ള ദുരിതത്തിന്റെ ഏറ്റവും വലിയ കാരണം പേടിയാണ്. അന്ധവിശ്വാസങ്ങളില്‍വെച്ച് ഏറ്റവും വലുതും പേടിതന്നെ. നമ്മുടെ യാതനകളുടെ കാരണവും പേടിയാണ്. ഒരു ക്ഷണംകൊണ്ടു സ്വര്‍ഗ്ഗസുഖം നല്കുന്നതു പേടിയില്ലായ്മയാണ്. അതുകൊണ്ട് ‘എഴുനേല്ക്കുക, ഉണരുക, ഇഷ്ടലക്ഷ്യത്തിലെത്തുംവരെ നില്ക്കാതിരിക്കുക!’
മാന്യരേ, നിങ്ങളില്‍നിന്ന് എനിക്കു ലഭിച്ച ദയാവായ്പിന് ഒരിക്കല്‍ക്കൂടി എന്റെ നന്ദി പ്രകാശിപ്പിക്കാന്‍ എന്നെ അനുവദിക്കുക. എന്റെ ആഗ്രഹം, ഏറ്റവും തീവ്രവും നിര്‍വ്വ്യാജവുമായ ആഗ്രഹം, ഏറ്റവും കുറഞ്ഞ തോതിലെങ്കിലും ലോകത്തിനു ഞാന്‍ ഉപകരിക്ക ണമെന്നാണ്: വിശേഷിച്ചും എന്റെ നാട്ടിനും നാട്ടാര്‍ക്കുമുപകരിക്കണമെന്നാണ്.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – കല്ക്കത്തയിലെ സ്വാഗതത്തിനു മറുപടി]