രേഖപ്പെട്ട ചരിത്രമോ, കേട്ടുകേഴ്‌വിയുടെ നേര്‍ത്ത വെട്ടംപോലുമോ കടന്നുചെന്നിട്ടില്ലാത്ത പഴമയുടെ ആ വിദൂരതയില്‍, പതറാത്ത ഒരു വെളിച്ചം തിളങ്ങിനില്ക്കുന്നു. ചുറ്റുപാടുകളുടെ സവിശേഷതകള്‍ കൊണ്ടു ചിലപ്പോള്‍ അതു മങ്ങി, ചിലപ്പോള്‍ തെളിഞ്ഞു, എന്നാല്‍ പൊലിയാതെ, പതറാതെ: അതു ഭാരതത്തില്‍മാത്രമല്ല അതിന്റെ കാന്തി ചിന്തിയുള്ളു. ചിന്തയുടെ ലോകത്തിലെങ്ങും ശാന്തവും പരോക്ഷവും, നനുത്തതെങ്കിലും സര്‍വ്വശക്തവുമായ പ്രഭാവം പരത്തി. പുലര്‍കാലത്തില്‍ ആരും കാണാതെ, കാണപ്പെടാതെ, പൊഴിയുന്ന മഞ്ഞുതുള്ളി അഴകുറ്റ റോസാപ്പൂക്കളെ വിടര്‍ത്തുന്ന തരത്തിലാണ് ആ വെളിച്ചം വ്യാപരിച്ചത്. ആ വെളിച്ചം ഉപനിഷച്ചിന്തയത്രേ, വേദാന്തദര്‍ശനം. ഭാരതഭൂമിയില്‍ എന്നാണതു തഴച്ചുവളര്‍ന്നതെന്ന് ആര്‍ക്കും തിട്ടമില്ല. വെറും ഊഹം വ്യര്‍ത്ഥമാണ്. ഊഹങ്ങള്‍, വിശേഷിച്ചും പാശ്ചാത്യരുടെ ഊഹങ്ങള്‍, പരസ്പരവിരുദ്ധങ്ങളാണ്. അതുകൊണ്ട് സുനിശ്ചിതമായ ഒരു കാലനിര്‍ണ്ണയം ശക്യമല്ല. എന്നാല്‍ ഹിന്ദുക്കളായ നാം, ആദ്ധ്യാത്മികമായ ഒരു നിലപാടില്‍നിന്ന് അവയ്ക്ക് ഒരാദിയുണ്ടായിരുന്നു എന്നു സമ്മതിക്കുന്നേയില്ല. ഈ ഉപനിഷദര്‍ശനം, വേദാന്തം, ആദ്ധ്യാത്മികമണ്ഡലത്തില്‍ മനുഷ്യനു നല്കപ്പെട്ടിട്ടുള്ള ചിന്തകളില്‍ വെച്ച് ആദ്യത്തേതും അവസാനത്തേതുമാണെന്നു പ്രസ്താവിക്കാന്‍ ഞാന്‍ ധൈര്യപ്പെടുന്നു.
ഈ വേദാന്തപാരാവാരത്തില്‍നിന്ന് പടിഞ്ഞാട്ടും കിഴക്കോട്ടുമായി, കൂടെക്കൂടെ, പ്രകാശത്തിന്റെ അലകള്‍ അലച്ചിട്ടുണ്ട്. പണ്ട് അതു പടിഞ്ഞാട്ടു ചെന്ന് ആഥന്‍സിലോ അലക്‌സാണ്‍ഡ്രിയയിലോ ആന്റിയോക്കിലോ ഉണ്ടായിരുന്നവരുടെ മനസ്സിനു മുന്നേറുവാന്‍ കരുത്തു നല്കി. പ്രാചീനയവനരുടെ മനസ്സില്‍ സാംഖ്യദര്‍ശനം, സ്പഷ്ടമായും അതിന്റെ മുദ്രകള്‍ പതിപ്പിച്ചിരിക്കണം. സാംഖ്യത്തിനും മറ്റെല്ലാ ഭാരതീയദര്‍ശനങ്ങള്‍ക്കും പ്രാമാണ്യം കൈവന്നത് ഉപനിഷത്തുകളിലൂടെ, വേദാന്തത്തിലൂടെ, മാത്രമാണുതാനും. ഭാരതത്തില്‍ത്തന്നെ തമ്മില്‍പ്പിണങ്ങുന്നതായി ഇന്നു കാണുന്ന മതവിഭാഗങ്ങളെല്ലാം ഉണ്ടെങ്കിലും, ഇവപോലെ തന്നെ പലതും പണ്ടുണ്ടായിരുന്നെങ്കിലും, പ്രമാണമായി ഒന്നുള്ളത് – ഈ ദര്‍ശനങ്ങളുടെയെല്ലാം ചുവട് – ഉപനിഷത്തുകളാണ്, വേദാന്തമാണ്. നിങ്ങള്‍ ദ്വൈതിയോ വിശിഷ്ടാദ്വൈതിയോ അദ്വൈതിയോ ശുദ്ധാദ്വൈതിയോ മറ്റേതെങ്കിലും അദ്വൈതിയോ ദ്വൈതിയോ ആയാലും ശരി, നിങ്ങള്‍ സ്വയം നല്കുന്ന നാമധേയം എന്തുമാകട്ടെ, നിങ്ങളുടെ പിന്നില്‍ പ്രമാണമായി, നിങ്ങളുടെ ശാസ്ത്രങ്ങളായി, നിലകൊള്ളുന്നത് ഉപനിഷത്തുകളാണ്. ഉപനിഷത്തുകളെ അനുസരിക്കാത്ത ഭാരതീയ പ്രസ്ഥാനമൊന്നും ആസ്തികമല്ല. ജൈനരുടെയും ബൗദ്ധരുടെയും ദര്‍ശനങ്ങളെ ഭാരതത്തില്‍നിന്നു പിന്‍തള്ളാന്‍ ഒരേയൊരു കാരണം അവയ്ക്ക് ഉപനിഷത്തുകളോട് ഉറ്റ ഭക്തിയില്ലെന്നതുമാത്രമാണ്. നാമറിഞ്ഞാലും ശരി ഇല്ലെങ്കിലും ശരി, ഭാരതത്തിലുള്ള മതവിഭാഗങ്ങളിലെല്ലാം ഉപനിഷത്തുകള്‍ കടന്നുകൂടിയിട്ടുണ്ട്. നാം ഹിന്ദുമതമെന്നു പറയുന്നില്ലേ, വമ്പിച്ചതും ഏതാണ്ട് എണ്ണമറ്റ ഉള്‍പ്പിരിവുകളോടുകൂടിയതുമായ ഈ വലിയ അശ്വത്ഥവൃക്ഷം – ഇതിലെല്ലാം വേദാന്തപ്രഭാവം കടന്നുകൂടിയിട്ടുണ്ട്. നമുക്കിതിനെപ്പറ്റി ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും, നാമൊക്കെ വേദാന്തമാണ് ചിന്തിക്കുന്നത്, വേദാന്തത്തിലാണ് ജീവിക്കുന്നത്, വേദാന്തമാണ് ശ്വസിക്കുന്നത്, വേദാന്തത്തിലാണ് മരിക്കുന്നത്. ഓരോ ഹിന്ദുവും ചെയ്യുന്നതതാണ്. അതുകൊണ്ട് ഭാരതഭൂമിയില്‍ ഒരു ഹൈന്ദവസദസ്സില്‍ വേദാന്തം പ്രസംഗിക്കുന്നത്, ഒരു ക്രമക്കേടാണെന്നു തോന്നുന്നു. പക്ഷേ, പ്രചരിപ്പിക്കേണ്ട ഒരു വസ്തുവും അതു തന്നെയാണ്. ഈ യുഗത്തിന്റെ ആവശ്യം അതു പ്രചരിപ്പിക്കണമെന്നതത്രേ.
ഇപ്പോള്‍ ഞാന്‍ പറഞ്ഞതുപോലെ, ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം ഉപനിഷത്തുകളോടു ഭക്തിയുള്ളവരായിരിക്കണം. പക്ഷേ ഈവക വിഭാഗങ്ങളില്‍ പ്രത്യക്ഷമായി പല വൈരുദ്ധ്യങ്ങളുമുള്ളതായി തോന്നാം. പണ്ടുള്ള മഹര്‍ഷിമാര്‍ക്ക് പലപ്പോഴും ഉപനിഷത്തുകളില്‍ അടങ്ങിയിരുന്ന പൊരുത്തം ധരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ മഹര്‍ഷി മാര്‍പോലും പലപ്പോഴും തമ്മില്‍ ഇടഞ്ഞിട്ടുണ്ട്. മതഭേദമില്ലാത്ത ഋഷിമാരില്ലെന്നത് ഒരു പഴഞ്ചൊല്ലുപോലുമായിരിക്കുന്നു. എന്നാല്‍, ദ്വൈതപരമോ അദ്വൈതപരമോ വിശിഷ്ടാദ്വൈതപരമോ ആയ ഉപനിഷദ്ഭാഗങ്ങളിലെല്ലാം അടങ്ങിയിട്ടുള്ള പൊരുത്തത്തിനു മെച്ചപ്പെട്ട ഒരു വ്യാഖ്യാനം നല്‌കേണ്ടത് ഇന്ന് ഒരാവശ്യമായിരിക്കുന്നു. പരന്ന ലോകത്തിന്റെ മുമ്പില്‍ അതു കാട്ടേണ്ടതുണ്ട്. ഈ പ്രവൃത്തി ഭാരതത്തിനു വെളിയിലെന്നപോലെ, ഭാരതത്തിനകത്തും ആവശ്യമാണ്. സ്വജീവിതമാകെത്തന്നെ അത്തരത്തിലൊരു വ്യാഖ്യാനമായിരുന്ന ഒരാളുടെ കാല്ക്കല്‍ ഇരിക്കുന്നതിനുള്ള മഹാസൗഭാഗ്യം ഈശ്വരാനുഗ്രഹം കൊണ്ട് എനിക്കു കൈവന്നു. അദ്ദേഹത്തിന്റെ ഉപദേശത്തെക്കാള്‍ ആയിരം മടങ്ങധികമായി അദ്ദേഹത്തിന്റെ ജീവിതം ഉപനിഷദ്വാക്യങ്ങളുടെ സജീവവ്യാഖ്യാനമായിരുന്നു, വാസ്തവത്തില്‍ സജീവമാന വരൂപം പൂണ്ട ഉപനിഷദാത്മാവുതന്നെയായിരുന്നു. ഒരുപക്ഷേ ആ പൊരുത്തത്തിന്റെ ചെറിയ ഒരു ഭാഗം എനിക്കും കൈവന്നിട്ടുണ്ടാവാം; അതു പ്രകാശിപ്പിക്കാന്‍ കഴിയുമോ എന്ന് എനിക്കു തിട്ടമില്ല. എന്നാല്‍ വേദാന്തസമ്പ്രദായങ്ങള്‍ പരസ്പരവിരുദ്ധങ്ങളല്ലെന്നും, പരസ്പരസാപേക്ഷമാണെന്നും പരസ്പരപൂരകമാണെന്നും ലക്ഷ്യമായ അദ്വൈതത്തില്‍, ‘തത്ത്വമസി’യില്‍ എത്തുന്നതുവരെ ഒന്നു മറ്റൊന്നിലേക്കുള്ള ചവിട്ടു പടിയാണെന്നും കാട്ടുകയാണ് എന്റെ പ്രവൃത്തി, എന്റെ ജീവിത ദൗത്യംതന്നെ. കര്‍മ്മകാണ്ഡം പ്രതാപത്തിലിരുന്ന ഒരു കാലം ഭാരതത്തിലുണ്ടായിരുന്നു. വേദങ്ങളുടെ ആ ഭാഗത്തില്‍ മഹനീയമായ പല ആദര്‍ശങ്ങളുണ്ടെന്നും നിശ്ചയം. കര്‍മ്മകാണ്ഡവിധികളനുസരിച്ചാണ് ഇന്നും നിലവിലുള്ള നമ്മുടെ ചില അനുദിനപൂജകള്‍ നടന്നുവരുന്നത്. ഇതൊക്കെയാണെങ്കിലും, വൈദികമായ കര്‍മ്മകാണ്ഡം ഭാരതത്തില്‍ നിന്ന് ഇന്നു തിരോഭവിച്ചിരിക്കുന്നു. ഇന്നത്തെ നമ്മുടെ ജീവിതത്തിന്റെ സ്വല്പാംശത്തെമാത്രമേ അതിലുള്ള വിധികള്‍ ബാധിക്കുകയും നിയന്ത്രിക്കയും ചെയ്യുന്നുള്ളു. നമ്മുടെ സാമാന്യജീവിതത്തില്‍ മിക്കവാറും എല്ലാവരും പൗരാണികരോ താന്ത്രികരോ ആണ്. ഭാരതത്തിലെ ബ്രാഹ്മണര്‍ ചില വൈദികവാക്യങ്ങള്‍ ഉപയോഗിച്ചാല്‍ത്തന്നെ, അവയെ വിനിയോഗിക്കുന്നതു വേദങ്ങളെ അനുസരിച്ചല്ല, തന്ത്രങ്ങളെയും പുരാണങ്ങളെയും അനുസരിച്ചാണ്. അപ്പോള്‍ വേദങ്ങളിലെ കര്‍മ്മ കാണ്ഡമനുസരിക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ നമ്മെ വൈദികരെന്നു വിളിക്കുന്നതു ശരിയാണെന്നു തോന്നുന്നില്ല. പക്ഷേ, മറ്റേ വസ്തുത, നാമൊക്കെ വേദാന്തികളാണെന്ന വസ്തുത, നിലവിലുണ്ട്. സ്വയം ഹിന്ദുക്കളെന്നു പറഞ്ഞുവരുന്നവരെ വേദാന്തികളെന്നു പറയുന്നതാണ് ഭേദം. ഞാന്‍ കാട്ടിയതുപോലെ, ദ്വൈതികളായാലും അദ്വൈതികളായാലും നമ്മുടെ വിഭാഗങ്ങളെല്ലാംതന്നെ വേദാന്തികളെന്ന ഒരു പേരിലുള്‍പ്പെടുന്നു.
ഇന്നു ഭാരതത്തിലുള്ള മതവിഭാഗക്കാരെ സാമാന്യമായി ദ്വൈതികളെന്നും അദ്വൈതികളെന്നും രണ്ടു വമ്പിച്ച വര്‍ഗ്ഗങ്ങളില്‍ കൊള്ളിക്കാം. ഈ വിഭാഗങ്ങളില്‍ പെടുന്ന ചിലര്‍ ചില്ലറ വ്യത്യാസങ്ങളെ മുറുകെപ്പിടിക്കയും അവയുടെ പേരില്‍ ശുദ്ധാദ്വൈതികളെന്നും വിശിഷ്ടാദ്വൈതികളെന്നും മറ്റുമുള്ള പുതിയ പേരുകള്‍ കൈക്കൊള്ളുകയും ചെയ്യുന്നതില്‍ വലിയ കഴമ്പൊന്നുമില്ല. വിഭജനമെന്ന നിലയില്‍ നോക്കിയാല്‍, ഒന്നുകില്‍ അവര്‍ ദ്വൈതികളാണ്, അല്ലെങ്കില്‍ അദ്വൈതികളാണ്. ഇന്നുള്ള വിഭാഗങ്ങളില്‍ പലതും വളരെ പുതിയവയാണ്: മറ്റുള്ളവ വളരെ പഴക്കമുള്ള വിഭാഗങ്ങളുടെ തനിപ്പകര്‍പ്പുകളാണ്. ഇവയിലൊരു വര്‍ഗ്ഗത്തെ രാമാനുജന്റെ ജീവിതത്തിലും ദര്‍ശനത്തിലും കൂടെയും, മറ്റേതിനെ ശങ്കരാചാര്യരിലൂടെയും നിങ്ങളുടെ മുമ്പില്‍വെയ്ക്കാം.
അര്‍വാചീനഭാരതത്തിലെ ദ്വൈതാചാര്യന്മാരില്‍ പ്രമുഖനാണ് രാമാനുജന്‍. നേരേയോ സ്വല്പം വളഞ്ഞോ, മറ്റു ദ്വൈതസമ്പ്രദായങ്ങളെല്ലാം, അവരുടെ ഉപദേശസാരത്തിലും സംപ്രദായസംഘടനയിലും, ചില സൂക്ഷ്മാംശങ്ങള്‍വരെ അദ്ദേഹത്തെ അനുഗമിക്കയാണ് ചെയ്തിട്ടുള്ളത്. ദ്വൈതികളായ മറ്റു വൈഷ്ണവസമ്പ്രദായക്കാരുമായി രാമാനുജനെയും അദ്ദേഹത്തിന്റെ ചെയ്തികളെയും തുലനംചെയ്താല്‍ അദ്ഭുതപ്പെട്ടുപോകും. അത്രയേറെയാണ് സംഘടനയിലും ഉപദേശത്തിലും രീതിയിലും ഇവര്‍ക്കുള്ള സാജാത്യം. ദക്ഷിണദേശത്തിലെ വലിയ പ്രചാരകനായ മധ്വമുനിയും, അദ്ദേഹത്തെ അനുഗമിച്ചു മാധ്വാദര്‍ശനം കൈക്കൊണ്ട് അതു ബംഗാളില്‍ പ്രചരിപ്പിച്ച മഹാനായ ചൈതന്യമുണ്ട്. ഇതുപോലെ ദക്ഷിണഭാരതത്തില്‍ വിശിഷ്ടാദ്വൈതികളായ ശൈവരെ പ്പോലുള്ള മറ്റു ചില സമ്പ്രദായക്കാര്‍കൂടിയുണ്ട്. ഭാരതത്തിലെ മിക്ക ഭാഗങ്ങളിലുമുള്ള ശൈവന്മാര്‍ അദ്വൈതികളാണ്. ദക്ഷിണഭാരതത്തിലും സിലോണിലുമുള്ള ശൈവന്മാരാണ് അദ്വൈതികളല്ലാത്തവര്‍. പക്ഷേ ഇവരും വിഷ്ണുവിനുപകരം ശിവനെ കരുതുന്നു എന്നേയുള്ളു. ഇവരും ആത്മസിദ്ധാന്തമൊഴിച്ചാല്‍ മറ്റെല്ലാത്തരത്തിലും രാമാനുജീയര്‍തന്നെ. രാമാനുജന്റെ അനുയായികള്‍ ആത്മാവ് അണുവാണെന്നു കരുതുന്നു: അത് ഒരു കണംപോലെ ചെറുതാണ്. ശങ്കരാചാര്യരുടെ അനുയായികള്‍ ആത്മാവു വിഭുവാണെന്ന്, സര്‍വ്വവ്യാപിയാണെന്ന്, എണ്ണുന്നു. അദ്വൈതസമ്പ്രദായങ്ങളും പലതുണ്ട്. പ്രാചീന കാലങ്ങളില്‍ പല വിഭാഗങ്ങളുമുണ്ടായിരുന്നതായി തോന്നുന്നു. ഇവയെയെല്ലാം ശങ്കരന്റെ പ്രസ്ഥാനം നിശ്ശേഷം ഗ്രസിക്കയും സാത്മ്യപ്പെടുത്തുകയും ചെയ്തിരിക്കണം. ചില ഭാഷ്യങ്ങളില്‍, വിശേഷിച്ചും വിജ്ഞാനഭിഷുവിന്റെ ഭാഷ്യത്തില്‍, ശങ്കരന്നെതിരായിത്തന്നെ ചിലപ്പോള്‍ കുത്തുവാക്കുകള്‍ കാണാം. ഈ വിജ്ഞാനഭിക്ഷു അദ്വൈതിയാണെങ്കിലും ശങ്കരന്റെ മായാവാദത്തെ തകിടംമറിക്കാന്‍ ശ്രമിക്കുന്നുണ്ട്. മായാവാദത്തില്‍ വിശ്വസിക്കാതിരുന്ന ചിന്താസരണികള്‍ ഉണ്ടായിരുന്നെന്നു തോന്നുന്നു. ഇവയില്‍പ്പെട്ട ചിന്തകന്മാര്‍ ശങ്കരനെ പ്രച്ഛന്നബൗദ്ധനെന്നുപോലും വിളിക്കാന്‍ മുതിരുന്നുണ്ട്. ഇവരുടെ വിചാരം മായാവാദം ബൗദ്ധരില്‍നിന്നെടുത്ത് വേദാന്തസമ്പ്രദായത്തില്‍ കടത്തിയതാണെന്നത്രേ! ഇതെങ്ങനെയിരുന്നാലും, ഇന്നിപ്പോള്‍ അദ്വൈതികളെല്ലാം ശങ്കരാചാര്യരുടെ പിന്നില്‍ അണിനിരന്നിരിക്കയാണ്. ശങ്കരാചാര്യരും അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് ദക്ഷിണഭാരതത്തിലും ഉത്തരഭാരതത്തിലും അദ്വൈതത്തിന്റെ വലിയ പ്രചാരകന്മാ രായിത്തീര്‍ന്നിട്ടുള്ളതും. ശങ്കരാചാര്യരുടെ പ്രഭാവം ബംഗാളിലേക്ക് അധികം കടക്കുകയുണ്ടായില്ല. അതുതന്നെയാണ് കാശ്മീരത്തിലെയും പഞ്ചാബിലെയും കഥ. എന്നാല്‍ ദക്ഷിണഭാരതത്തിലുള്ള സ്മാര്‍ത്തന്മാരെല്ലാം ശങ്കരാചാര്യരുടെ അനുയായികളാണ്. വാരാണസിയെ കേന്ദ്രീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാവം ഉത്തരഭാരതത്തിലെ പല ഭാഗങ്ങളിലും വളരെ വമ്പിച്ചതാണെന്നേ പറയാനുള്ളു.
പിന്നെ, ശങ്കരനും രാമാനുജനും തങ്ങളുടെ മതങ്ങളെക്കുറിച്ച് ഒട്ടും അപൂര്‍വത അവകാശപ്പെടുന്നില്ല. താന്‍ ബോധായനന്റെ മഹത്തായ വൃത്തിയെ പിന്‍തുടരുന്നതേയുള്ളു എന്ന് രാമാനുജന്‍ സ്പഷ്ടമായി പറയുന്നുണ്ടുതാനും. ”ഭഗവദ്‌ബോധായനകൃതാം വിസ്തീര്‍ണ്ണാം ബ്രഹ്മ സൂത്രവൃത്തിം പൂര്‍വ്വാചാര്യഃ സംചിക്ഷിപുഃ. തന്മതാനുസാരേണ സൂത്രാക്ഷരാണി വ്യാഖ്യാസ്യന്തേ.” ”ഭഗവാന്‍ ബോധായനന്റെ വിസ്തരിച്ചുള്ള ബ്രഹ്മസൂത്രവൃത്തിയെ പൂര്‍വ്വാചാര്യന്മാര്‍ സംക്ഷേപിച്ചു. അദ്ദേഹത്തിന്റെ മതമനുസരിച്ചു സൂത്രാക്ഷരങ്ങള്‍ വ്യാഖ്യാനിക്കാം.” ശ്രീഭാഷ്യമെന്ന ബ്രഹ്മസൂത്രവ്യാഖ്യയുടെ തുടക്കത്തില്‍ രാമാനുജന്‍ പറഞ്ഞിട്ടുള്ളതാണിത്. അതെടുത്ത് രാമാനുജന്‍ സംക്ഷേപിച്ചു: ഇന്നു നമുക്കു കിട്ടിയിട്ടുള്ളത് അതാണ്. എനിക്കു ബോധായനവൃത്തി കാണാനുള്ള അവസരമുണ്ടായിട്ടില്ല. കഴിഞ്ഞുപോയ സ്വാമി ദയാനന്ദ സരസ്വതി ബോധായനന്റെ ബ്രഹ്മസൂത്രവൃത്തിയൊഴിച്ചുള്ള ഭാഷ്യങ്ങളെല്ലാം തള്ളിക്കളയണമെന്നാഗ്രഹിച്ചിരുന്നു. രാമാനുജനെ പരിഹസിക്കാന്‍ കിട്ടിയ അവസരമൊന്നും അദ്ദേഹം പാഴാക്കിയില്ല: എങ്കിലും ബോധായനവൃത്തി കാട്ടിത്തരാന്‍ അദ്ദേഹത്തിനും കഴിഞ്ഞില്ല. ഭാരതത്തിലെല്ലാം അതു ഞാന്‍ തിരക്കി: പക്ഷേ ഇന്നുവരെ കണ്ടെത്താന്‍ തരപ്പെട്ടില്ല. എന്നാല്‍ ആ വസ്തുത രാമാനുജന്‍ വളരെ വ്യക്തമാക്കിയിട്ടുണ്ട്. ആശയങ്ങളും ചിലപ്പോള്‍ ചില ഭാഗങ്ങള്‍തന്നെയും താന്‍ ബോധായനവൃത്തിയില്‍നിന്നെടുക്കയാണെന്നും, അവ ഇപ്പോഴുള്ള രാമാനുജഭാഷ്യത്തില്‍ സംക്ഷേപിക്കപ്പെട്ടിരിക്കയാണെന്നും പറയുന്നു. ശങ്കരാചാര്യരും അതാണ് ചെയ്തിട്ടുള്ളതെന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ഭാഷ്യത്തിലും ചിലേടങ്ങളില്‍ പഴയ ഭാഷ്യകാരന്മാരെക്കുറിച്ചു പരാമര്‍ശങ്ങളുണ്ട്. അദ്ദേഹത്തിന്റെ ഗുരുവും ഗുരുവിന്റെ ഗുരുവും ശങ്കരന്റെതന്നെ വേദാന്തസമ്പ്രദായത്തില്‍പെട്ടവരായിരുന്നു എന്നും, ചില വാദമുഖങ്ങളെസ്സംബന്ധിച്ചിടത്തോളം ശങ്കരനെപ്പോലും അതിശയിക്കുന്ന സര്‍വംകഷതയാണ് അവര്‍ക്കുണ്ടായിരുന്നതെന്നും അറിയുന്നു നമുക്കു ശങ്കരന്‍ വളരെ അപൂര്‍വമായതൊന്നുമല്ല പ്രചരിപ്പിച്ചതെന്ന് ഏറെക്കുറെ സ്പഷ്ടമാണ്. അദ്ദേഹം ഭാഷ്യത്തില്‍ ചെയ്തത് ബോധായനനെപ്പറ്റിയിടത്തോളം രാമാനുജന്‍ ചെയ്തതുതന്നെയാണെന്നും വ്യക്തം. എന്നാല്‍ ഏതു ഭാഷ്യത്തില്‍നിന്നാണ് അദ്ദേഹം സംക്ഷേപിച്ചതെന്ന് ഇപ്പോള്‍ കണ്ടുപിടിക്കുക ശക്യമല്ലെന്നുമാത്രം.
നിങ്ങള്‍ കണ്ടിട്ടുള്ളതോ കേട്ടിട്ടുള്ളതോ ആയ ദര്‍ശനങ്ങളെല്ലാം പ്രാമാണികമായ ഉപനിഷത്തുകളെ ആസ്പദിച്ചാണ് നിലകൊള്ളുന്നത്. അവ ശ്രുതിയെ ഉദാഹരിക്കാന്‍ പുറപ്പെടുമ്പോഴെല്ലാം ശ്രുതികൊണ്ടര്‍ത്ഥമാക്കുന്നത് ഉപനിഷത്തുകളെയാണ്. ഉപനിഷത്തുകള്‍ക്കു പിന്നാലെ വരുന്നത് ഭാരതത്തിലുള്ള മറ്റു ദര്‍ശനങ്ങളാണ്. പക്ഷേ ഭാരതത്തില്‍ വ്യാസന്റെ ദര്‍ശനത്തിനു ചെലുത്താന്‍ കഴിഞ്ഞ സ്വാധീനത അവയ്‌ക്കൊന്നിനും ചെലുത്താന്‍ കഴിഞ്ഞില്ല. വാസ്തവത്തില്‍, വ്യാസന്റെ ദര്‍ശനം അതിലും പ്രാചീനമായ സാംഖ്യത്തിന്റെ വികാസംമാത്രമാണുതാനും, ഭാരതത്തിലെ എല്ലാ ദര്‍ശനങ്ങളും ചിന്താപദ്ധതികളും – ലോകത്തിലുള്ളവയെല്ലാം എന്നാണെന്റെ വിവക്ഷ – കപിലനോട് ഒട്ടേറെ കടപ്പെട്ടിട്ടുണ്ട്. മനഃശാസ്ത്രപരവും ദര്‍ശനപരവുമായ സംഗതികളെസ്സംബന്ധിച്ചിടത്തോളം, ഭാരതചരിത്രത്തില്‍ ഒരുപക്ഷേ കപിലനെ വെല്ലുന്ന മറ്റൊരു പേരില്ലതന്നെ. ലോകത്തിലാകമാനം കപിലന്റെ പ്രഭാവം വ്യാപിച്ചു കാണുന്നുണ്ട്. അംഗീകൃതമായ ഒരു ചിന്താപദ്ധതിയുള്ളിടത്തെല്ലാം കപിലന്റെ പ്രഭാവം തിരിഞ്ഞുപിടിക്കാവതാണ്. പല സഹസ്രാബ്ദങ്ങള്‍ക്കപ്പുറമാണെങ്കില്‍ക്കൂടി, പ്രോജ്വലനും ശ്ലാഘ്യനും ആശ്ചര്യഭൂതനുമായ കപിലന്‍ അവിടെ നില ഉറപ്പിച്ചിട്ടുള്ളതായിക്കാണാം. ഭാരതത്തിലുള്ള എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവരും അദ്ദേഹം രൂപപ്പെടുത്തിയ മനഃശാസ്ത്രവും ദര്‍ശനത്തിന്റെ ഒരു വലിയ പങ്കും, ചില്ലറ ഭേദങ്ങളോടുകൂടി, അംഗീകരിച്ചിട്ടുണ്ട്. നമ്മുടെ ഈ നാട്ടില്‍ത്തന്നെയുണ്ടായ ന്യായദാര്‍ശനികന്മാര്‍ക്കു ഭാരതീയദര്‍ശന ലോകത്തില്‍ തങ്ങളുടെ മുദ്രപതിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ അപര ജാതി, പരജാതി തുടങ്ങിയ നിസ്സാരകാര്യങ്ങളില്‍ ആവശ്യത്തിലധികം വ്യാപരിച്ചു. പോരെങ്കില്‍, ഒരായുഷ്‌കാലംകൊണ്ടുമാത്രം പഠിച്ചു തീര്‍ക്കാവുന്ന, ജടിലതമമായ ആ പദാവലിയും! അങ്ങനെ സമയം മുഴുവന്‍ തര്‍ക്കത്തില്‍ ചെലവഴിച്ച അവര്‍ ദര്‍ശനം വേദാന്തികള്‍ക്കു വിട്ടുകൊടുത്തു. എന്നാല്‍ ഇന്നുള്ള ഭാരതീയദര്‍ശനശാഖകളെല്ലാം ബംഗാളിലെ നൈയായികന്മാരുടെ താര്‍ക്കികപദാവലി കൈക്കൊണ്ടിരിക്കയാണ്. ജഗദീശന്‍ ഗദാധരന്‍ ശിരോമണി – ഇവരൊക്കെ മലബാറിലെ (കേരളത്തിലെ) ചില പട്ടണങ്ങളില്‍, നദിയയിലെന്നപോലെതന്നെ, സുവിദിതരാണ്. പക്ഷേ വ്യാസന്റെ ദര്‍ശനം, വ്യാസസൂത്രങ്ങള്‍, സുപ്രതിഷ്ഠിതമാണ്. യാതൊന്നു മനുഷ്യര്‍ക്കു വെളിപ്പെടുത്തിക്കൊടുക്കണമെന്നാണോ അതുദ്ദേശിച്ചിട്ടുള്ളത്, വേദാന്തപ്രതിപാദ്യമായ ആ ബ്രഹ്മത്തിന്റെ നിത്യതയത്രേ അതു സ്വയം നേടിയിട്ടുള്ളത്. യുക്തിയെ ശ്രുതിക്കു പൂര്‍ണ്ണമായും അധീനപ്പെടുത്തി. ശങ്കരാചാര്യര്‍ പറയും പോലെ, വ്യാസന്‍ യുക്തിവിചാരംചെയ്യാന്‍ മിനക്കെട്ടിട്ടേയില്ല. സൂത്ര രചനയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഉന്നം. വേദാന്തവാക്യകുസുമങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു നൂലില്‍ കോര്‍ക്കുക എന്നതായിരുന്നു. ഉപനിഷത്തുകള്‍ക്കുള്ള പ്രാമാണ്യത്തിന് അധീനമെന്ന നിലയില്‍ – അല്ലാതൊട്ടല്ലതന്നെ – വ്യാസസൂത്രങ്ങളും അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പിന്നെ, ഞാന്‍ പറഞ്ഞതുപോലെ, ഭാരതത്തിലുള്ള മതവിഭാഗങ്ങളെല്ലാം വ്യാസസൂത്രങ്ങള്‍ക്കു വമ്പിച്ച പ്രാമാണ്യം നല്കിവരുന്നുണ്ട്. പുതുതായി വരുന്ന വിഭാഗങ്ങളോരോന്നും, അതിന്‍േറതായ വെളിച്ചത്തില്‍, വ്യാസസൂത്രങ്ങളെ പുതുതായി വ്യഖ്യാനിച്ചുകൊണ്ടാണ് പുറപ്പെടുന്നത്. പ്രസ്തുതവ്യാഖ്യാതാക്കന്മാരില്‍ ചിലര്‍ക്കു തമ്മിലുള്ള അന്തരം ചിലപ്പോള്‍ വളരെ വലുതാണ്. ചിലപ്പോഴത്തെ ഗ്രന്ഥപീഡനം തികച്ചും അറപ്പുളവാക്കുന്നതുമാണ്. വ്യാസസൂത്രങ്ങള്‍ക്കാണ് പ്രാമാണ്യപദവി. ഇവയ്ക്കു പുതുതായ ഒരു ഭാഷ്യം രചിക്കാനാവാത്ത ഒരുവന്ന് ഭാരതത്തില്‍ പുതിയ ഒരു മതവിഭാഗം ഏര്‍പ്പെടുത്താമെന്നു പ്രതീക്ഷിക്കേണ്ട.
പ്രാമാണ്യത്തില്‍ അടുത്ത സ്ഥാനം പ്രസിദ്ധമായ ഗീതയ്ക്കാണ്. ശങ്കരാചാര്യരുടെ മഹനീയത അദ്ദേഹം ഗീത പ്രചരിപ്പിച്ചതാണ്. മഹാനായ അദ്ദേഹത്തിന്റെ ഉദാരമായ ജീവിതത്തില്‍ ചെയ്ത പല പ്രശസ്ത കര്‍മ്മങ്ങളില്‍വെച്ചു മഹത്തമമായ ഒന്നാണ് ഗീതാപ്രചാരണവും, ഗീതയ്ക്ക് ഏറ്റവും മനോജ്ഞമായ ഭാഷ്യത്തിന്റെ രചനയും. ഭാരതത്തിലുണ്ടായ ആസ്തികസമ്പ്രദായങ്ങളുടെ സ്ഥാപകന്മാരെല്ലാവരും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട് – അവരോരോത്തരും ഗീതയ്ക്ക് ഓരോ ഭാഷ്യം രചിച്ചിട്ടുണ്ട്.
ഉപനിഷത്തുകള്‍ പലതാണ്: നൂറ്റെട്ടുണ്ടെന്നു പറയപ്പെടുന്നു. അതിലുമേറെയുണ്ടെന്നത്രേ ചിലര്‍ പ്രഖ്യാപിക്കുന്നത്. അവയില്‍ ചിലത് വളരെ അര്‍വാചീനമാണ്. ഉദാഹരണമായി, അല്ലായെ പ്രശംസിക്കയും മുഹമ്മദിനെ രജസുല്ലയെന്നു വിളിക്കയും ചെയ്യുന്ന അല്ലോപനിഷത്തുതന്നെ. ഹിന്ദുക്കളെയും മുഹമ്മദീയരെയും ഏകീകരിപ്പാന്‍ അക്ബരുടെ കാലത്തു രചിക്കപ്പെട്ടതാണ് ഇതെന്നു കേട്ടിട്ടുണ്ട്. ‘അല്ല’ എന്നോ ‘ഇല്ല’ എന്നോ സംഹിതകളില്‍ കാണുന്ന വല്ല വാക്കുംവെച്ചുകൊണ്ടു ചിലപ്പോള്‍ ഒരുപനിഷത്തുതന്നെ അതിന്‌മേല്‍ ചമച്ചിരിക്കാം. അങ്ങനെ ഈ അല്ലോപനിഷത്തില്‍ മുഹമ്മദാണ് റസൂലല്ല – ഈ വാക്കിന്റെ അര്‍ത്ഥമെന്തായാലും കൊള്ളാം! ഇതേ വകുപ്പില്‍പ്പെട്ട പല വിഭാഗീയമായ ഉപനിഷത്തുകളുമുണ്ട്. ഇവ തികച്ചും അര്‍വാചീനമാണെന്നും കാണാം. വേദാന്തത്തിലെ സംഹിതാഭാഗത്തിലുള്ള ഭാഷയുടെ അതിപ്രാചീനതകൊണ്ട് (അതിന്നു) വ്യാകരണമൊന്നുമില്ല: അതുകൊണ്ട് അര്‍വാചീനമായ ഈ ഉപനിഷത്തുകള്‍ രചിക്കാന്‍ പ്രയാസമൊന്നുമില്ല. വളരെക്കൊല്ലം മുമ്പു ഞാന്‍ വൈദികവ്യാകരണം പഠിക്കണമെന്നു വിചാരിച്ചു: സശ്രദ്ധം പാണിനിയും മഹാഭാഷ്യവും പഠിക്കാന്‍ തുടങ്ങി. എന്നാല്‍ ഉത്‌സര്‍ഗവിധിക്കുള്ള അപവാദങ്ങളാണ് വൈദികവ്യാകരണത്തിലേറിയകൂറുമെന്നു കണ്ടു ഞാന്‍ അദ്ഭുതപ്പെട്ടുപോയി. ഒരു നിയമം ഉണ്ടാക്കിയിട്ടു വിധിച്ചിരിക്കും, ‘ഈ നിയമം ഒരപവാദമാണ്’ എന്ന്. അങ്ങനെ എന്തും ആര്‍ക്കും എഴുതിക്കൂട്ടാന്‍ എത്രയേറെ സ്വാതന്ത്ര്യമാണുള്ളതെന്ന് നിങ്ങള്‍ക്കു മനസ്സിലാക്കാം. യാസ്‌കന്റെ നിഘണ്ടു ഒന്നേയുള്ളു ഇവിടെ ഒരു പരിരക്ഷയായി. എങ്കിലും, ഇതില്‍ ഏറിയ കൂറും ഒട്ടേറെ പര്യായശബ്ദങ്ങളേ കാണാനുള്ളു. ഈ നിലയില്‍, ഇഷ്ടമുള്ളിടത്തോളം ഉപനിഷത്തുകള്‍ രചിക്കുക എത്ര എളുപ്പമുള്ള കാര്യമാണ്! കുറെ സംസ്‌കൃതജ്ഞാനം – വാക്കുകള്‍ പ്രാചീനമെന്ന തോന്നലുളവാക്കാന്‍ വേണ്ടിടത്തോളം – ഉണ്ടായാല്‍ മതി. വ്യാകരണത്തെ ഒട്ടു ഭയപ്പെടാനുമില്ല. പിന്നെ, റസൂലല്ലയോ മറ്റേതെങ്കിലുമിഷ്ടമുള്ള ‘സുല്ല’യോ കൊണ്ടുവരുക. അങ്ങനെ പല ഉപനിഷത്തുകളും തയ്യാറാക്കപ്പെട്ടു. ഇപ്പോഴും ഇതു നടക്കുന്നെന്നാണ് എന്റെ അറിവ്. ഭാരതത്തില്‍ ചിലേടത്ത്, പല മതവിഭാഗക്കാരുടെയും ഇടയ്ക്ക്, എനിക്കു നല്ല നിശ്ചയമുണ്ട്, അത്തരത്തിലുള്ള ഉപനിഷത്തുകള്‍ തയ്യാറാക്കാനുള്ള പ്രയത്‌നം നടന്നുവരികയാണെന്ന്. പക്ഷേ ഉപനിഷത്തുകളുടെ ഇടയില്‍, മുഖത്തുതന്നെ, കലര്‍പ്പില്ലായ്മയുടെ തെളിവൊത്ത ഉപനിഷത്തുകളുമുണ്ട്. ഇവയൊക്കെയാണ് മഹാന്മാരായ ഭാഷ്യകാരന്മാര്‍, വിശേഷിച്ചും ശങ്കരനും തുടര്‍ന്നു രാമാനുജപ്രഭൃതികളും, എടുത്തു വ്യാഖ്യാനിച്ചിട്ടുള്ളത്.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – വേദാന്തം: എല്ലാ വശങ്ങളിലൂടെയും(കല്ക്കത്തയില്‍ നടത്തിയ പ്രഭാഷണം) – തുടരും]