ഭാരത്തിലുള്ള എല്ലാ മതവിഭാഗക്കാരും വിശ്വസിക്കുന്ന അടുത്ത തത്ത്വം ഈശ്വരനാണ്: ഈശ്വരനെപ്പറ്റിയുള്ള അവരുടെ ആശയങ്ങള്‍ വിഭിന്നമാണ്. പ്രകൃത്യാ ദ്വൈതികള്‍ സഗുണേശ്വരനില്‍, സഗുണനില്‍ മാത്രം വിശ്വസിക്കുന്നു. സഗുണനെന്ന ഈ പദം കുറേക്കൂടി നിങ്ങള്‍ മനസ്സിലാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. സഗുണന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ഈശ്വരന് ഒരു ശരീരമുണ്ടെന്നും, അവിടുന്ന് എവിടെയോ ഒരു സിംഹാസനത്തിലിരുന്ന് ലോകം ഭരിക്കയാണെന്നുമല്ല: പിന്നെയോ, അവിടുന്ന് സഗുണനാണ്, ഗുണങ്ങളുള്ളവനാണത്രേ. സഗുണേശ്വരനെ പലതരത്തില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ഈ പ്രപഞ്ചത്തിന്റെ നിയന്താതാവ്, സ്രഷ്ടാവ്, രക്ഷിതാവ്, സംഹര്‍ത്താവ് എന്നീ നിലകളിലുള്ള സഗുണേശ്വരനില്‍ എല്ലാ വിഭാഗക്കാരും വിശ്വസിക്കുന്നു. അദ്വൈതികള്‍ കുറേക്കൂടി വിശ്വസിക്കുന്നു. അവര്‍ സഗുണേശ്വരനെ കുറച്ചുകൂടി ഉയര്‍ന്ന ഒരു നിലയില്‍ വിശ്വസിക്കുന്നുണ്ട്. ഈ നില സഗുണ-നിര്‍ഗുണമാണ്. ഗുണയോഗമൊന്നുമില്ലാത്തിടത്തു വിശേഷണമൊന്നും വെളിച്ചം ചൊരിയില്ല. അപ്പോള്‍ അദ്വൈതി, സച്ചിദാനന്ദം എന്ന മൂന്നെണ്ണമല്ലാതെ മറ്റു ഗുണങ്ങളൊന്നും ഈശ്വരന്നു കല്പിക്കുന്നില്ല. ഇതാണ് ശങ്കരന്‍ ചെയ്തത്. ഉപനിഷത്തുകളാകട്ടെ, കുറേക്കൂടി ദൂരത്തേക്കു കടന്നുചെല്ലുന്നതു കാണാം. അവ പറയുകയാണ്; ‘നേതി നേതി’ എന്നല്ലാതെ ഒന്നും അവിടുത്തെക്കുറിച്ചു പറയുക സാദ്ധ്യമല്ലെന്ന്.
ഭാരതത്തിലുള്ള വിഭിന്നവിഭാഗങ്ങള്‍ക്ക് ഇവിടെ യോജിപ്പാണ്. എന്നാല്‍ ദ്വൈതത്തെസ്സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ദ്വൈതികളുടെ മാതൃകയായി ഞാന്‍ രാമാനുജനെ കണക്കാക്കാന്‍ പോകുന്നു. അദ്ദേഹമാണു ദ്വൈതദര്‍ശനങ്ങളുടെ മഹാനും അര്‍വാചീനനുമായ പ്രതിനിധി. നമ്മുടെ നാട്ടിന്റെ മറ്റൊരു ഭാഗമായ ദക്ഷിണാപഥത്തിലുള്ള മഹാന്മാരായ മതനേതാക്കന്മാരെക്കുറിച്ച് നമ്മുടെ ബംഗാളികള്‍ക്ക് ഇത്ര കുറച്ചേ അറിവുള്ളല്ലോ എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. ആ കാര്യം പറഞ്ഞാല്‍, മുഹമ്മദീയകാലഘട്ടത്തിലെല്ലാം കൂടി, നമ്മുടെ ചൈതന്യനെ ഒഴിച്ചാല്‍, വന്‍കിട മതനേതാക്കന്മാരെല്ലാം ദക്ഷിണാപഥത്തിലാണ് ജനിച്ചത്. ഇന്ന്, സത്യത്തില്‍ ഭാരതം ഭരിക്കുന്നത് ദക്ഷിണാപഥത്തിന്റെ മേധാശക്തിയാണ്. ചൈതന്യന്‍പോലും മാദ്ധ്വന്മാരുടെ ഒരു വിഭാഗത്തില്‍പ്പെട്ടവനായിരുന്നു.രാമാനുജന്റെ അഭിപ്രായത്തില്‍ നിത്യങ്ങളായി മൂന്നു തത്ത്വങ്ങളുണ്ട്; ഈശ്വരന്‍, ആത്മാവ്, പ്രകൃതി. ആത്മാക്കള്‍ നിത്യങ്ങളാണ്. അനന്തകാലം നീളെ അവ വ്യക്തിത്വംപൂണ്ടു നിത്യമായി നിലകൊള്ളും. എക്കാലത്തും എന്റെ ആത്മാവു നിങ്ങളുടേതില്‍നിന്നു ഭിന്നമായിരിക്കുമെന്നാണു രാമാനുജന്‍ പറയുന്നത്. ഇതുപോലെ പ്രകൃതിയും. ആത്മാവിനെപ്പോലെയോ ഈശ്വരനെപ്പോലെയോ തന്നെ ഉണ്മയുള്ള പ്രകൃതിയും സദാ ഭിന്നമായി നിലകൊള്ളും. ആത്മസത്തയില്‍ വ്യാപിച്ചുനില്ക്കുകയാണ് ഈശ്വരന്‍: അവിടുന്ന് അന്തര്യാമിയാണ്. ഈ അര്‍ത്ഥത്തില്‍ ചിലപ്പോള്‍ ഈശ്വരന്‍ ആത്മാവിനോട് ഐക്യമുള്ളതായി, ആത്മസത്തയായി, രാമാനുജന്‍ കരുതുന്നു. പ്രലയകാലത്തില്‍ പ്രകൃതി മുഴുവന്‍ സങ്കോചിക്കുമ്പോള്‍ ഈ ആത്മാക്കളെല്ലാം സങ്കോചിച്ചു സൂക്ഷ്മമായിത്തീര്‍ന്ന്, കുറേക്കാലം നിലകൊള്ളുന്നു. അടുത്ത കല്പത്തിന്റെ തുടക്കത്തില്‍ അവയൊക്കെ, പൂര്‍വ്വകര്‍മ്മാനുസാരം പ്രകടമായും ആവക കര്‍മ്മങ്ങളുടെ ഫലമനുഭവിക്കയും ചെയ്യുന്നു. ആത്മാവിനു സഹജമായ ശുദ്ധിയും സിദ്ധിയും സങ്കോചിക്കുവാനിടയാക്കുന്ന കര്‍മ്മങ്ങളെല്ലാം ദുഷ്‌കര്‍മ്മവും, അവയെ പ്രകാശിപ്പിച്ചു വികസിപ്പിക്കുന്നവയെല്ലാം സത്കര്‍മ്മവുമാണെന്ന് രാമാനുജന്‍ പറയുന്നു. ആത്മവികാസത്തെ തുണയ്ക്കുന്നതെല്ലാം നല്ലത്: ആത്മാവിനെ സങ്കോചിപ്പി ക്കുന്നതു ചീത്തയും. അങ്ങനെ, സ്വകര്‍മ്മങ്ങള്‍കൊണ്ടു വികസിപ്പിച്ചും സങ്കോചിപ്പിച്ചും, ഈശ്വരകൃപയാല്‍ മോക്ഷം കൈവരുന്നതുവരെ ആത്മാവു ജീവിതയാത്ര തുടരുന്നു. ശുദ്ധവും കൃപയ്ക്കുവേണ്ടി പ്രയത്‌നിക്കുന്നതുമായ ആത്മാക്കള്‍ക്കെല്ലാം ആ കൃപ കൈവരുമെന്നാണ് രാമാനുജന്‍ പറയുന്നത്.
ശ്രുതിയിലുള്ള പ്രസിദ്ധമായ ഒരു വാക്യമാണ്, ആഹാരശുദ്ധൗ സത്ത്വശുദ്ധിഃ സത്ത്വശുദ്ധൗ ധ്രുവാ സ്മൃതിഃ എന്നത്. ”ആഹാരശുദ്ധി യുണ്ടായാല്‍ സത്ത്വശുദ്ധി ഉണ്ടാകുന്നു: സത്ത്വശുദ്ധിയുണ്ടായാല്‍ സ്മരണ കൂടുതല്‍ സത്യവും സ്ഥിരവും പൂര്‍ണ്ണവുമാകുന്നു.” പ്രകൃതത്തില്‍ സ്മരണം ഈശ്വരസ്മരണമാണ്: അഥവാ നമ്മുടെ പൂര്‍ണ്ണതയെപ്പറ്റിയുള്ള സ്മരണം. ഈ വിഷയത്തെപ്പറ്റി വലിയ ഒരു വാദവിവാദമുണ്ട്. ഒന്നാമത് എന്താണീ സത്വം? സാംഖ്യമതമനുസരിച്ച്, നമ്മുടെ ദര്‍ശനശാഖകളെല്ലാം സമ്മതിക്കുംപടി, ശരീരം മൂന്നു തരം ദ്രവ്യങ്ങള്‍കൊണ്ട്, ഗുണങ്ങളെക്കൊണ്ടല്ല, ഉണ്ടായതാണെന്നു നമുക്കറിയാം. സാധാരണമായുള്ള ധാരണ സത്ത്വവും രജസ്സും തമസ്സും ഗുണങ്ങളാണെന്നത്രേ. ഒട്ടുമങ്ങനെയല്ല, ഗുണങ്ങളല്ല: മറിച്ച്, പ്രപഞ്ചത്തിന്റെ ഘടകദ്രവ്യങ്ങളാണ്. ആഹാരശുദ്ധിയുള്ളപ്പോള്‍, ഭക്ഷണം ശുദ്ധമാകുമ്പോള്‍, സത്ത്വദ്രവ്യം ശുദ്ധമാകുന്നു. വേദാന്തത്തിലെ ഒറ്റ വിഷയം ഈ സത്ത്വം സമ്പാദിക്കലാണ്. ഞാന്‍ പറഞ്ഞതുപോലെ, ആത്മാവ് നേരത്തെതന്നെ ശുദ്ധവും പൂര്‍ണ്ണവുമാണ്. വേദാന്തമനുസരിച്ച്, രജസ്സിന്റെയും തമസ്സിന്റെയും കണികകള്‍കൊണ്ട്, അതു മൂടപ്പെട്ടിരിക്കുന്നു. സത്ത്വത്തിന്റെ കണികകളാണ് ഏറ്റവും ഭാസുരങ്ങള്‍. അവയിലൂടെ ആത്മപ്രകാശം, സ്ഫടികത്തിലൂടെ വെളിച്ചം പോലെ, കടന്നുപോകുന്നു. അപ്പോള്‍, രജോമാത്രകളും തമോമാത്രകളും പോയി സത്ത്വമാത്രകളെ അവശേഷിപ്പിച്ചാല്‍, ആത്മാവിന്റെ ശക്തിയും ശുദ്ധിയും പ്രകടമാകും: അങ്ങനെ ആത്മാവ് കൂടുതല്‍ പ്രകടമാകും.
അതിനാല്‍ സത്ത്വം ഉണ്ടാകുകതന്നെ വേണം. ഉപനിഷത്തു പറയുന്നു, ‘ആഹാരം ശുദ്ധമായാല്‍’ എന്ന്. ആഹാരമെന്ന വാക്ക് രാമാനുജന്‍ ധരിക്കുന്നതു ഭക്ഷണമെന്ന അര്‍ത്ഥത്തിലാണ്. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ മുഖ്യമായ ഒരു തിരിവ് ഈ സംഗതികൊണ്ടുണ്ടായതാണ്. മാത്രമല്ല, ഭാരതത്തെയാകമാനം, മതവിഭാഗക്കാരെയെല്ലാം, ഈ സംഗതി സ്പര്‍ശിച്ചിട്ടുമുണ്ട്. അതിനാല്‍, അതിന്റെ അര്‍ത്ഥമെന്തെന്നു നമുക്കറിയണം. രാമാനുജന്‍ അഭിപ്രായപ്പെടുന്നത് ആഹാരശുദ്ധി നമ്മുടെ ജീവിതത്തിലെ മുഖ്യമായ ഒരു ഘടകമാണെന്നത്രേ. ആഹാരത്തെ അശുദ്ധമാക്കുന്നതെന്തെന്നു രാമാനുജന്‍ ചോദിക്കുന്നു മൂന്നുതരം ദോഷങ്ങളാണ് അങ്ങനെ ചെയ്യുന്നത്. ഒന്നാമതു ജാതിദോഷം. ഏതു വര്‍ഗ്ഗത്തില്‍പ്പെട്ടതാണോ ആഹാരം ആ വര്‍ഗ്ഗത്തിന്റെ സ്വഭാവത്തിനുള്ള ദോഷമാണ് ജാതിദോഷം. ഉദാഹരണം, ചൊമന്നുള്ളിക്കും വെളുത്തുള്ളിക്കും മറ്റുമുള്ള മണം തുടങ്ങിയവ. അടുത്തത് ആശ്രയദോഷം. ആഹാരം കൊണ്ടുവരുന്നവന്റെ ദോഷമത്രേ അത്. നീചന്‍ നല്കുന്ന ആഹാരം മാലിന്യമുണ്ടാക്കും. ആയുഷ്‌കാലം മുഴുവന്‍ ഈ ഉപദേശം നിഷ്‌കര്‍ഷയോടെ പിന്‍തുടരുന്ന പല മഹാത്മാക്കളെയും ഞാന്‍തന്നെ ഭാരതത്തില്‍ കണ്ടിട്ടുണ്ട്. അവര്‍ക്കു സ്വാഭാവികമായിത്തന്നെ ആഹാരം ആരു കൊണ്ടുവന്നു, ആര്‍ തൊട്ടു എന്നുപോലും, അറിയുവാന്‍ ശക്തിയുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഒരിക്കലല്ല, നൂറുവട്ടം, ഞാന്‍ അതു കണ്ടിട്ടുണ്ട് . പിന്നെ നിമിത്തദോഷം. അത് അശുദ്ധമായ വസ്തുക്കളോ പ്രഭാവങ്ങളോ ആഹാരത്തെ സ്പര്‍ശിക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. ഇപ്പോള്‍ ഇതില്‍ നാം കുറേ ശ്രദ്ധിക്കുന്നതു നല്ലതാണ്. അഴുക്കും പൊടിയും മുടിക്കഷണവും മറ്റുമുള്ള ആഹാരം കഴിക്കുക, ഭാരതത്തില്‍ സഹിക്കാന്‍ വയ്യാത്തവിധം സാധാരണമായിരിക്കയാണ്. ഈ മൂന്നു ദോഷങ്ങളുമില്ലാത്തിടത്തുനിന്ന് ആഹാരം കഴിച്ചാല്‍ സത്ത്വശുദ്ധിയായി: അതു സത്ത്വത്തെ ശുദ്ധമാകും. ശുദ്ധമായ ആഹാരം കഴിച്ചാല്‍ മതിയെങ്കില്‍, മതം എല്ലാവര്‍ക്കും ആകാമെന്നുവരും. ഈ ദോഷങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാന്‍ വയ്യാത്തവണ്ണം അത്ര ദുര്‍ബലനോ അസമര്‍ത്ഥനോ ആയ ഒരുവനെയും ഈ ലോകത്തില്‍ എനിക്കറിവില്ല. അപ്പോഴാണ് ശങ്കരാചാര്യര്‍ വന്നുപറയുന്നത്, ആഹാരമെന്നു വെച്ചാല്‍ മനസ്സില്‍ സംഭരിക്കുന്ന ആശയമാണെന്ന്. അതു ശുദ്ധമാകുമ്പോള്‍ സത്ത്വം ശുദ്ധമാകുന്നു: അതുവരെ, ആകയില്ല. ഇഷ്ടമുള്ളതു കഴിക്കാം. ആഹാരംമാത്രം സത്ത്വത്തെ ശുദ്ധമാക്കുമെങ്കില്‍, ഒരു കുരങ്ങിനു ജീവിതം മുഴുവന്‍ പാലും ചോറും കൊടുത്തുനോക്കൂ: അതൊരു വന്‍കിട യോഗിയാകുമോ? അങ്ങനെയാണെങ്കില്‍ പശുവും മാനും വലിയ യോഗികളാകും. ആരോ പറഞ്ഞതിന്‍വണ്ണം, ഏറെ കുളിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്താമെങ്കില്‍ അവിടെ ഒന്നാമതെത്തുന്നത് മീനാകണം. പച്ചക്കറികഴിച്ചാല്‍ സ്വര്‍ഗ്ഗത്തിലെത്താമെങ്കില്‍, പശുക്കളും മാന്‍പറ്റവും അവിടെ ആദ്യമെത്തും.
എന്നാല്‍ എന്താണ് സമാധാനം? രണ്ടും ആവശ്യമാണ്. പ്രകൃത്യാ തന്നെ, ആഹാരത്തെപ്പറ്റി ശങ്കരാചാര്യര്‍ നല്കിയ ആശയത്തിനാണ് ഒന്നാം സ്ഥാനം. പക്ഷേ ശുദ്ധാഹാരം നിശ്ചയമായും ശുദ്ധമായ ആശയത്തെ തുണയ്ക്കും: ഇതിനുള്ള ബന്ധം വളരെ അടുത്തതാണ്. രണ്ടും വേണം. ഇന്നതെ ഭാരതത്തില്‍ ശങ്കരാചാര്യരുടെ ഉപദേശം നാം മറന്നിതിരിക്കുന്നു എന്നതാണ് ദോഷം, ശുദ്ധഭക്ഷണം എന്ന അര്‍ത്ഥമേ നാം കൈക്കൊണ്ടിട്ടുള്ളു. മതം അടുക്കളയില്‍ കടന്നുകൂടി എന്ന് ഞാന്‍ പറയുമ്പോള്‍ എന്നോട് ആളുകള്‍ പെരുത്തു കോപിക്കുന്നത് അതുകൊണ്ടാണ്. എന്നോടൊപ്പം മദ്രാസിലുണ്ടായിരുന്നെങ്കില്‍ നിങ്ങളും എന്നോടു യോജിച്ചേനേ. അതില്‍ ഭേദമാണ് ബംഗാളില്‍. ആരെങ്കിലും ആഹാരം നോക്കിയാല്‍ മതി മദ്രാസുകാര്‍ അതു ദൂരെ വലിച്ചെറിയും. ഇതൊക്കെയായിട്ടും അവിടെയുള്ളവര്‍ക്ക് ഇതിനുതക്ക മെച്ചമുള്ളതായി കാണാനുമില്ല. ഇന്നയിന്ന ആഹാരം കഴിക്കുന്നതു കൊണ്ടോ, ഇവന്റെയോ അവന്റെയോ നോട്ടം അതില്‍ തട്ടാതെ കാക്കുന്നതുകൊണ്ടോ പൂര്‍ണ്ണത സിദ്ധിക്കുമായിരുന്നെങ്കില്‍ അവരൊക്കെ പൂര്‍ണ്ണരാകണമെന്നാണ് പ്രതീക്ഷിക്കേണ്ടത്. അവരൊട്ടു പൂര്‍ണ്ണരല്ലതാനും.
അപ്പോള്‍ തികവുറ്റ ഒരു ഘടകമാക്കാന്‍ ഇവ രണ്ടും ചേര്‍ക്കണം, ഇണക്കണം. എങ്കിലും കുതിരയ്ക്കു മുമ്പില്‍ വണ്ടി കെട്ടരുത്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആഹാരത്തെപ്പറ്റി ഇപ്പോള്‍ വലിയ ഒരൊച്ചപ്പാടുണ്ട്. അതുപോലെതന്നെ വര്‍ണ്ണാശ്രമങ്ങളെക്കുറിച്ചും. ഈ ഒച്ചപ്പാടുണ്ടാക്കുന്നവരില്‍ ഏറ്റവുമധികം കോലാഹലം കൂട്ടുന്നവര്‍ ബംഗാളികളാണ്. നിങ്ങളോടൊക്കെ ഞാന്‍ ചോദിക്കയാണ്, വര്‍ണ്ണാശ്രമത്തെപ്പറ്റി നിങ്ങള്‍ക്കെന്തറിയാം? ഈ നാട്ടില്‍ നാലു വര്‍ണ്ണാ ശ്രമങ്ങളെവിടെ? എനിക്കു മറുപടി വേണം. നാലാശ്രമങ്ങള്‍ ഞാന്‍ കാണുന്നില്ല. നമ്മുടെ ബംഗാളിപ്പഴഞ്ചൊല്ലുപോലെയാണിത് – തലകൂടിയില്ലാതെ തലവേദന! അപ്പോള്‍ ഇവിടെ വര്‍ണ്ണാശ്രമം ഉണ്ടാക്കാനാണ് നിങ്ങളുടെ ആഗ്രഹം. ഇവിടെ നാലു വര്‍ണ്ണങ്ങളില്ല. ബ്രാഹ്മണരെയും ശൂദ്രരേയുമേ ഞാന്‍ കാണുന്നുള്ളു. ക്ഷത്രിയരും വൈശ്യരുമുണ്ടെങ്കില്‍ അവരെവിടെ? എന്തുകൊണ്ട് ബ്രാഹ്മണരായ നിങ്ങള്‍ അവരോട്, ഹിന്ദുക്കളെല്ലാം ചെയ്യേണ്ടതുപോലെ, യജ്ഞോപവീതം ധരിക്കാനും വേദാദ്ധ്യയനം ചെയ്യാനും ആജ്ഞാപിക്കുന്നില്ല? മറിച്ച്, ക്ഷത്രിയരും വൈശ്യരുമില്ലെങ്കില്‍, ബ്രാഹ്മണരും ശൂദ്രരുമേ ഉള്ളുവെങ്കില്‍, ശാസ്ത്രം പറയുന്നതു ശൂദ്രര്‍മാത്രമുള്ള ഒരു നാട്ടില്‍ ബ്രാഹ്മണര്‍ പാര്‍ക്കരുതെന്നാണ്. അതുകൊണ്ട് ഭാണ്ഡവും പേറി പുറത്തേക്കു കടക്കുക. നിങ്ങളെപ്പോലെ പല സഹസ്രാബ്ദങ്ങളായി മ്ലേച്ഛന്മാരുടെ ആഹാരം കഴിച്ചും മ്ലേച്ഛന്മാരുടെ രാജ്യഭരണത്തിലമര്‍ന്നും കഴിയുന്നവരെപ്പറ്റി ശാസ്ത്രം അനുശാസിക്കുന്നതെന്തെന്നറിയാമോ? അതിനുള്ള പ്രായശ്ചിത്തമറിയാമോ? പ്രായശ്ചിത്തം, സ്വയം ദഹിപ്പിക്കലാണ്. ഗുരുക്കന്മാരെന്ന ബഹുമതി ആര്‍ജിക്കാനും കപടഭക്തന്മാരെപ്പോലെ ആചരിക്കാനുമാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? സ്വന്തം ശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നെങ്കില്‍, മഹാനായ അലക്‌സാണ്ടറുടെ കൂടെപ്പോയി, മ്ലേച്ഛന്റെ ആഹാരം കഴിച്ചതിന് സ്വയം ദഹിപ്പിച്ച മഹാബ്രാഹ്മണനെപ്പോലെ, നിങ്ങളും ഒന്നാമതായി സ്വയം ദഹിപ്പിക്കണം. അതുപോലെ നിങ്ങള്‍ ചെയ്യുക: അപ്പോള്‍ കാണാം നമ്മുടെ ജനത മുഴുവന്‍ നിങ്ങളുടെ കാല്‍ച്ചോട്ടിലാകുമെന്ന്. നിങ്ങളുടെ സ്വന്തം ശാസ്ത്രങ്ങളില്‍ നിങ്ങള്‍ക്കു വിശ്വാസമില്ല: എന്നിട്ടും, മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്നു. ഈ യുഗത്തില്‍ അങ്ങനെ കരുത്തില്ലെന്നു വിശ്വാസമില്ല: എന്നിട്ടും, മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ആഗ്രഹിക്കയും ചെയ്യുന്നു. ഈ യുഗത്തില്‍ അങ്ങനെ കരുത്തില്ലെന്നു വിചാരിക്കുന്നെങ്കില്‍, സ്വന്തം ദൗര്‍ബല്യം സമ്മതിക്കുക: മറ്റുള്ളവരുടെ ദൗര്‍ബല്യത്തെ പൊറു ക്കയും ചെയ്യുക. ഹസ്താവലംബം നല്കി മറ്റു ജാതികളെ ഉന്നമിപ്പിക്കുക. അവരെ വേദങ്ങള്‍ പഠിക്കാന്‍ അനുവദിക്കുക. ലോകത്തില്‍ മറ്റിടങ്ങ ളിലുള്ള ഏതാര്യനെയുംപോലെ അവരും നല്ല ആര്യന്മാരാകട്ടെ. ബംഗാളികളായ ആര്യന്മാരേ, നിങ്ങളും അവ്വണ്ണമുള്ള ആര്യന്മാരാവുക.
നിങ്ങളുടെ നാടിനെ മുടിക്കുന്ന വൃത്തികെട്ട ഈ വാമാചാരം വെടിയുക. ഭാരതത്തിന്റെ മറ്റു ഭാഗങ്ങള്‍ നിങ്ങള്‍ കണ്ടിട്ടില്ല. നമ്മുടെ സമുദായത്തില്‍ എത്രയധികം വാമാചാരം കടന്നുകൂടിയിട്ടുണ്ടെന്നോര്‍ ക്കുമ്പോള്‍, സംസ്‌കാരത്തെക്കുറിച്ചുള്ള അതിന്റെ വികത്ഥനം എന്തായാലും, അത് ഏറ്റവുമധികം അറപ്പുണ്ടാക്കുന്ന ഒന്നായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്. ബംഗാളികളായ നമ്മുടെ ഈ സമുദായത്തില്‍ വാമാചാരവിഭാഗങ്ങള്‍ തഴച്ചുവളരുകയാണ്. പകല്‍സമയം പുറത്തു വന്ന് ആചാരത്തെക്കുറിച്ച് ഉറക്കെ പ്രസംഗിക്കുന്നവര്‍, രാത്രിയില്‍ ഞെട്ടിക്കുന്ന ഭോഗവികൃതികളിലാണ് ഏര്‍പ്പെട്ടുകഴിയുന്നത്. അതിഭയങ്കരഗ്രന്ഥങ്ങള്‍ അവരെ പിന്‍താങ്ങുന്നുമുണ്ട്. ഇതുപോലെ പെരുമാറാന്‍ ആ ഗ്രന്ഥങ്ങള്‍ അവരെ അനുശാസിക്കുന്നു. ബംഗാളികളായ നിങ്ങള്‍ക്കറിയാം, വാമാചാരതന്ത്രങ്ങളാണ് ബംഗാളികളുടെ ശാസ്ത്രങ്ങളെന്ന്. വണ്ടികള്‍ നിറയ്ക്കത്തക്ക എണ്ണത്തിലാണ് അവ അച്ചടിച്ചിട്ടുള്ളത്. ശ്രുതികള്‍ പഠിപ്പിക്കുന്നതിനു പകരം നിങ്ങളുടെ സന്താനങ്ങളുടെ മനസ്സില്‍, ആവക ഗ്രന്ഥങ്ങളിലൂടെ, നിങ്ങള്‍ വിഷം കലര്‍ത്തുകയാണ്. കല്‍ക്കത്തയിലെ പിതാക്കന്മാരേ, വാമാചാരതന്ത്രങ്ങള്‍പോലുള്ള ഭയങ്കരവസ്തുക്കള്‍, വിവര്‍ത്തനസഹിതം നിങ്ങളുടെ ആണ്‍കുട്ടികളു ടെയും പെണ്‍കുട്ടികളുടെയും കൈയില്‍ വെച്ചുകൊടുക്കുന്നതിലും, അവരുടെ മനസ്സില്‍ അങ്ങനെ വിഷം പകരുന്നതിലും, ഇവയൊക്കെ യാണ് ഹിന്ദുശാസ്ത്രങ്ങള്‍ എന്ന ധാരണയില്‍ അവര്‍ വളര്‍ന്നുവരുന്നതിലും നിങ്ങള്‍ക്കു ലജ്ജയില്ലേ? ലജ്ജിക്കുന്നെങ്കില്‍ നിങ്ങളുടെ സന്താനങ്ങളുടെ കൈയില്‍നിന്ന് അവയെല്ലാം എടുത്തുമാറ്റുക: അവര്‍ തനിശാസ്ത്രങ്ങളായ വേദങ്ങളും ഗീതയും ഉപനിഷത്തുകളും പഠിക്കട്ടെ!
ഭാരതത്തിലെ ദ്വൈതികളുടെ അഭിപ്രായത്തില്‍ വ്യക്തികളായ ജീവന്മാര്‍ എക്കാലവും അങ്ങനെതന്നെ നിലകൊള്ളുന്നു. മുന്നേ നിലനിന്നു പോരുന്ന ദ്രവ്യത്തില്‍നിന്ന് ഈശ്വരന്‍ വെറും നിമിത്തകാരണം മാത്രമായി പ്രപഞ്ചം ഉളവാക്കുന്നു. അദ്വൈതമതമനുസരിച്ചാകട്ടെ ഈശ്വരനാണ് പ്രപഞ്ചത്തിന്റെ ഉപാദാനവും നിമിത്തവും. പ്രപഞ്ചസ്രഷ്ടാവു മാത്രമല്ല അവിടുന്ന്: തന്നില്‍നിന്നുതന്നെയാണ് അവിടുന്ന് അതുളവാക്കുന്നത്. ഇതാണ് അദ്വൈതികളുടെ നിലപാട്. ദ്വൈതികളില്‍ അപക്വാശയരായ ചില വിഭാഗക്കാര്‍, തന്നില്‍നിന്നുതന്നെയാണ് ഈശ്വരന്‍ പ്രപഞ്ചസൃഷ്ടി ചെയ്തതെന്നും, എന്നാല്‍ ഒപ്പം, അവിടുന്നു പ്രപഞ്ചത്തില്‍നിന്ന് സര്‍വ്വദാ ഭിന്നനാണെന്നും, എല്ലാം എല്ലായ്‌പോഴും പ്രപഞ്ചനിയന്താവിന്റെ അധീനതയില്‍ വര്‍ത്തിക്കുന്നുവെന്നും വിശ്വസിക്കുന്നവരായിട്ടുണ്ട്. ഈ പ്രപഞ്ചത്തെയും ജീവാത്മാക്കളെയും തന്നില്‍നിന്നുതന്നെയാണ് ഈശ്വരന്‍ പരിണമിപ്പിച്ചതെന്നു വിശ്വസിക്കുന്ന വിഭാഗക്കാരുമുണ്ട്. കാലാന്തരത്തില്‍ പരിമിതികള്‍ വെടിഞ്ഞ് അപരിമിതരാകുവാന്‍, നിര്‍വ്വാണമടയുവാന്‍, ആണ് ഇങ്ങനെ പരിണമിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ വിഭാഗക്കാര്‍ ഇന്നിപ്പോളില്ല. ഇന്നത്തെ ഭാരതത്തിലെ ഒരേയൊരു അദ്വൈതവിഭാഗക്കാര്‍ ശങ്കരാചാര്യരുടെ അനുയായികളാണ്. ശങ്കരന്റെ അഭിപ്രായത്തില്‍ ഈശ്വരന്‍ ഉപാദാന കാരണവും നിമിത്തകാരണവുമാകുന്നതു മായയിലൂടെയാണ്, വാസ്തവത്തിലല്ല. ഈശ്വരന്‍ ഈ പ്രപഞ്ചമായിട്ടില്ല, പ്രപഞ്ചം ഇല്ലാത്തതാണ്: ഈശ്വരന്‍ ഉള്ളവനും. അദ്വൈതവേദാന്തത്തില്‍ ധരിക്കേണ്ട സമുന്നതമായ അംശങ്ങളിലൊന്നാണ് മായ എന്ന ഈ ആശയം പ്രതിപാദിക്കാന്‍ വേണ്ടത്ര സമയം എനിക്കില്ലെന്ന് ഞാന്‍ ആശങ്കിക്കുന്നു. നിങ്ങളില്‍ പാശ്ചാത്യദര്‍ശനവുമായി പരിചയിച്ചിട്ടുള്ളവര്‍ ഇതിനോടു വളരെ സാദൃശ്യമുള്ള ചിലതു കാന്റി(ന്റെ ഗ്രന്ഥങ്ങളി)ല്‍ കണ്ടേക്കും. മാക്‌സ്മുള്ളര്‍ കാന്റിനെക്കുറിച്ചെഴുതിയിട്ടുള്ളതു പഠിച്ചിട്ടുള്ള വരോട് ഏറ്റവുമധികം തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരാശയത്തെപ്പറ്റി സൂക്ഷിക്കണമെന്ന് ഞാന്‍ ചൂണ്ടിക്കാട്ടുന്നു. കാലവും ദേശവും നിമിത്തവും മായതന്നെയാണെന്ന ആശയം കണ്ടുപിടിച്ചതു ശങ്കരനാണ്. (അതിനു തെളിവായി) ശങ്കരന്റെ ഭാഷ്യങ്ങളില്‍ ഒന്നുരണ്ടു ഭാഗങ്ങള്‍ കണ്ടുപിടിക്കുവാനും എന്റെ സുഹൃത്തായ പ്രൊഫസര്‍ക്ക് അയച്ചു കൊടുക്കുവാനും എനിക്കു ഭാഗ്യം സിദ്ധിച്ചു. അങ്ങനെ, ആ ആശയവും ഭാരതത്തിലാണുണ്ടായത്. അദ്വൈതവേദാന്തികളുടെ മായാസിദ്ധാന്തം ഒന്നു വേറെതന്നെയാണ്. ഉള്ളതായിട്ടു ബ്രഹ്മമൊന്നുമാത്രം: ഭേദമുളവാക്കുന്നതു മായയാണ്. ഐക്യം, ഒരേയൊരു ബ്രഹ്മം, ആണ് അവസാനത്തെ തത്ത്വവും ലക്ഷ്യവും. വീണ്ടും പ്രാചിയും പ്രതീചിയും തമ്മിലുള്ള നിത്യമായ ഒരു വിവാദവിഷയം ഇതാണ്. ബഹുസഹസ്രവര്‍ഷങ്ങളായി ഇതിനെ ചൊല്ലിയാണ് ഭാരതം ലോകത്തെ മുഴുവന്‍ വെല്ലു വിളിച്ചിട്ടുള്ളത്. പല ജനതകളും, ഈ വെല്ലുവിളി സ്വീകരിച്ചിട്ടുണ്ട്. ഫലമോ, അവയൊക്കെ അടിപ്പെട്ടു: നിങ്ങള്‍ ജീവിച്ചിരിക്കുന്നു. ഇതാണ് ആ വെല്ലുവിളി; പ്രപഞ്ചം മിഥ്യയാണ്, വെറും മായമാത്രം. നിലത്തു നിന്നു കൈകൊണ്ടു വാരിത്തിന്നാലും, സ്വര്‍ണ്ണത്തളികയില്‍നിന്ന് ആഹരിച്ചാലും, കൊട്ടാരങ്ങളില്‍ പാര്‍ക്കുന്ന അതിപ്രതാപശാലിയായ രാജാവായാലും, ഏറ്റവും വലിയ പട്ടിണിപ്പാവമായാലും, ഒരേയൊരു പരിണാമം മരണമാണ്. ഇവയൊക്കെ ഒന്നുതന്നെ, എല്ലാം മായ. ഭാരതീയരുടെ പഴയ ഒരു പ്രതിപാദ്യമാണിത്. വീണ്ടും വീണ്ടും ജനതകള്‍ ഉയര്‍ന്നുവന്ന് ഇതിനെ അന്യഥാകരിക്കാന്‍, നിഷേധിക്കാന്‍, ശ്രമിക്കുന്നുണ്ട്. അവ പെരുകുന്നു: അവരുടെ മുദ്രാവാക്യം ഭോഗമാണ്: അവര്‍ക്കു പ്രാബല്യമുണ്ട്: ആ പ്രാബല്യത്തെ അവര്‍ സുഖസീമയില്‍ എത്തുവാന്‍ അങ്ങേയറ്റംവരെ പ്രയോജനപ്പെടുത്തുന്നു: അടുത്ത ക്ഷണം പൊലിഞ്ഞും പോകുന്നു. നാം സദാ നിലകൊള്ളുന്നു: കാരണം, എല്ലാം മായയാണെന്നു നാം കാണുന്നു. മായയുടെ സന്തതികള്‍ സദാ ജീവിക്കുന്നു: ഭോഗസന്തതികള്‍ മരിക്കുന്നു.
ഇവിടെ മറ്റൊരു വലിയ വ്യത്യാസമുണ്ട്. ഹെഗെലും ഷോപ്പനറും ജര്‍മ്മന്‍ദര്‍ശനത്തില്‍ കൊണ്ടുവരാന്‍ യത്‌നിച്ച അതേ ആശയം പ്രാചീനഭാരതത്തില്‍ ഉന്നയിച്ചിട്ടുള്ളതായി കാണാം. നമ്മുടെ ഭാഗ്യംകൊണ്ട് ഹെഗെലിന്റെ പ്രസ്ഥാനം മുളയിലേ നുള്ളിപ്പോയി. അതു കിളരാനും ആരോഗ്യകരമാംവണ്ണം തഴയ്ക്കാനും നമ്മുടെ ഈ മാതൃരാജ്യത്ത് ഇടംകൊടുക്കുകയുണ്ടായില്ല. ഹെഗെലിന്റെ ഒരേയൊരാശയം കേവല തത്ത്വം ആജഹ്നണ്‍ര്‍ഹസ്പസ്ഫാ) വെറും അവ്യാകൃതമാണെന്നും, വ്യാകൃതരൂപം അതിലും മെച്ചമാണെന്നുമത്രേ. പ്രപഞ്ചേതരത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതു പ്രപഞ്ചമാണ്: മോക്ഷത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതു സംസാരമാണ്. അതാണ് ഒരേയൊരാശയം. ഈ സംസാരത്തില്‍ എത്രയേറെ മുഴുകുന്നുവോ നിങ്ങളുടെ ആത്മാവിനെ എത്രയേറെ ജീവിതവ്യാപാരങ്ങള്‍ മൂടുന്നുവോ, അത്രയേറെ മെച്ചമാണ് നിങ്ങള്‍ക്ക്. അവര്‍ പറയുന്നു; എങ്ങനെ ഞങ്ങള്‍ വീടുകളുണ്ടാക്കുന്നു, തെരുവുകള്‍ വെടിപ്പാക്കുന്നു, ഇന്ദ്രിയഭോഗങ്ങള്‍ അനുഭവിക്കുന്നു എന്നു കാണരുതേ? അതേ, അതിനു പിമ്പില്‍, ആ ഉപഭോഗത്തിന്റെ ഓരോ കണികയുടെയും പിന്നില്‍, പകയും ദുരിതവും ഭയങ്കരതയും അവര്‍ക്കു മറയ്ക്കാം.
നേരേമറിച്ച്, നമ്മുടെ ദാര്‍ശനികര്‍ ആദ്യംമുതലേ പ്രഖ്യാപിച്ചിട്ടുണ്ട്, ആവിഷ്‌കാരമെല്ലാം, നിങ്ങള്‍ പരിണാമമെന്നു വിളിക്കുന്നതെല്ലാംതന്നെ, സ്വയം വ്യക്തീഭവിക്കാനുള്ള അവ്യക്തത്തിന്റെ അതിവ്യര്‍ത്ഥമായ ഒരു ശ്രമമാണെന്ന്. അതേ, ഈ പ്രപഞ്ചത്തിന്റെ കാരണവും സര്‍വ്വ ശക്തനുമായ നിങ്ങള്‍ ചെറിയ ചെളിക്കുണ്ടുകളില്‍ പ്രതിഫലിക്കാന്‍ ശ്രമിക്കുന്നു! കുറേ നേരം അങ്ങനെ ശ്രമിച്ചിട്ട് അതു വ്യര്‍ത്ഥമാണെന്നു കണ്ടുപിടിക്കുന്നു. പിന്നെ, എവിടെനിന്നു വന്നോ അവിടേയ്ക്കു മടങ്ങുന്നു. ഇതാണ് വൈരാഗ്യം, ത്യാഗം, മതത്തിന്റെ ശരിയായ തുടക്കം. ത്യാഗം കൂടാതെ മതവും ആചാരവും മൊട്ടിടുന്നതെങ്ങനെ? ആദിയും അന്തവും ത്യാഗമാണ്. വേദം പറയുന്നു ത്യജിക്കുക, ത്യജിക്കുക എന്ന്. അതൊന്നേ ഉള്ളു വഴി. ത്യജിക്കുക. ന പ്രജയാ ധനേന ത്യാഗേനൈകേ അമൃതത്വമാനശുഃ. ”പണത്തിലൂടെയും സന്തതിയിലൂടെ യുമല്ല, ത്യാഗത്തിലൂടെ മാത്രമാണ് അമൃതത്വമടയേണ്ടത്.” ഇതാണ് ഭാരതീയഗ്രന്ഥങ്ങളുടെ അനുശാസനം. ലോകം പരിത്യജിച്ച പല മഹത്തുക്കളും സിംഹാസനത്തില്‍ തുടര്‍ന്നിരുന്നിട്ടുണ്ട്, ശരിയാണ്. എന്നാല്‍ ജനകനുപോലും സംസാരം ത്യജിക്കേണ്ടിവന്നു. അദ്ദേഹത്തെക്കാള്‍ വലിയൊരു ത്യാഗി ആര്? പക്ഷേ, അര്‍വ്വാചീനകാലത്ത് നാമെല്ലാം ജനകന്മാരാകാന്‍ ആഗ്രഹിക്കുന്നു. അവരെല്ലാം ജനകന്മാര്‍ തന്നെ — ഉടുക്കാനും ഉണ്ണാനുമില്ലാതെ കഷ്ടപ്പെടുന്ന സന്താനങ്ങളുടെ, ആ അര്‍ത്ഥത്തിലേ ജനകനെന്ന വാക്ക് അവര്‍ക്കു ചേരൂ. പഴയ ആ ജനകന്ന് ഉണ്ടായിരുന്ന പ്രകാശമയവും ഈശ്വരീയവുമായ ചിന്തകളൊന്നും ഇന്നുള്ളവര്‍ക്കില്ല. ഇവരാണ് നമ്മുടെ അര്‍വാചീനരായ ജനകന്മാര്‍! ഇനിയെങ്കിലും ഇത്തരം ജനകത്വം സ്വല്പം കുറച്ചിട്ട്, നേരിട്ടു ലക്ഷ്യത്തിലേക്കു വരുക! ത്യജിക്കാമെങ്കില്‍ നിങ്ങള്‍ക്കു മതമുണ്ടാകും: വയ്യെങ്കില്‍, ലോകത്തില്‍ കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ള പുസ്തകങ്ങളെല്ലാം വായിക്കൂ: ഗ്രന്ഥശാലകളെല്ലാം വിഴുങ്ങൂ: പണ്ഡിതന്മാരില്‍ അഗ്രഗണ്യരാകൂ: നിങ്ങള്‍ക്കു കര്‍മ്മകാണ്ഡമേ ഉള്ളുവെങ്കില്‍, വെറും പൂജ്യമാണ് നിങ്ങള്‍: ആദ്ധ്യാത്മികതയുടെ ഗന്ധംപോലുമില്ല. ഈ അമൃതത്വമടയുക ത്യാഗത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ. ഇതാണു പ്രപഞ്ചത്തെപ്പോലും കൂട്ടക്കാത്ത ശക്തി, മഹത്തായ ശക്തി. അപ്പോഴാണ് ബ്രഹ്മാണ്ഡം ഗോഷ്പദായതേ, പ്രപഞ്ചമാസകലംകൂടി പശുവിന്റെ കുളമ്പിന്‍പാടുപോലെ ചെറുതാകുന്നത്.
[വിവേകാനന്ദസാഹിത്യസര്‍വസ്വം – വേദാന്തം: എല്ലാ വശങ്ങളിലൂടെയും(കല്ക്കത്തയില്‍ നടത്തിയ പ്രഭാഷണം) – തുടരും]