സ്വാമി വിവേകാനന്ദന്‍

ത്യാഗം – അതാണ് കൊടി, ഭാരതപതാക. അതു ലോകത്തിനു മീതെ പാറുന്നു. ഭാരതത്തില്‍നിന്ന് വീണ്ടും വീണ്ടും അയയ്ക്കുന്ന അനശ്വരമായ ആശയമാണ്. ക്ഷയോന്മുഖമായ വംശങ്ങള്‍ക്കും നിപീഡനങ്ങള്‍ക്കും ലോകത്തിലുള്ള ദുഷ്ടതകള്‍ക്കും ഒക്കെക്കൂടിയുള്ള മുന്നറിയിപ്പാണത്. അതേ, ഹിന്ദുക്കളേ, ആ കൊടിയിന്‌മേല്‍നിന്ന് നിങ്ങളുടെ പിടിവിടാതിരിക്കട്ടെ. അതുയര്‍ത്തിപ്പിടിക്കുക. നിങ്ങള്‍ ക്ഷീണരാണെങ്കിലും, ത്യജിക്കാനാവില്ലെങ്കിലും, ആദര്‍ശം താഴ്ത്തരുത്. ‘ഞാന്‍ ദുര്‍ബ്ബലനാണ്: ലോകം ത്യജിക്കാന്‍ എനിക്കു സാദ്ധ്യമല്ല!’ എന്നു പറഞ്ഞോളൂ. പക്ഷേ, ദാംഭികരായി (വേദ) വാക്യങ്ങള്‍ വളച്ചൊടിക്കയും, യുക്ത്യാഭാസങ്ങള്‍ പുറപ്പെടുവിക്കയും, അജ്ഞന്മാരുടെ കണ്ണില്‍ മണ്ണടിക്കാന്‍ ശ്രമിക്കയും ചെയ്യാതിരിക്കണം. അതരുത്. മറിച്ച്, ദുര്‍ബ്ബലരാണെന്ന് സ്വയം സമ്മതിച്ചുകൊള്‍വിന്‍. എന്തുകൊണ്ടെന്നാല്‍, ത്യാഗമെന്ന ആശയം മഹത്താണ്. ദശലക്ഷം പടയാളികളുടെ പരിശ്രമം പരാജയപ്പെട്ടാല്‍ത്തന്നെ കുറ്റമെന്ത് പത്ത്, എന്തിന്, രണ്ടു പടയാളികള്‍ ജയിച്ചുവന്നാല്‍ പോരേ? മരിച്ച ദശലക്ഷങ്ങള്‍ അനുഗൃഹീതരായി. അവരുടെ രക്തമാണ് വിജയം നല്കിയത്. വിഭിന്നവൈദികസമ്പ്രദായങ്ങളില്‍ ഒന്നൊഴികെ എല്ലാറ്റിലും ഈ ത്യാഗമാണ് ആദര്‍ശം. അല്ലാതുള്ളത് ബോംബെ സംസ്ഥാനത്തിലെ വല്ലഭാചാര്യസമ്പ്രദായമാണ്. ത്യഗമില്ലാത്തിടത്ത് എന്തു സംഭവിക്കുന്നു എന്നു നിങ്ങളില്‍ ഏറെപ്പേര്‍ക്കും അറിയാം. നമുക്കു യാഥാസ്ഥിതികത വേണം, ഭയങ്കരമായ യാഥാസ്ഥിതികതപോലും വേണം: ചാരം തേച്ച്, വീര്‍പ്പടക്കി, കൈയ്യുയര്‍ത്തിനില്ക്കുന്ന നില്ക്കുന്ന യാഥാസ്ഥിതികതപോലും വേണം. അതേ, എത്രയും അസ്വാഭാവികമാണതെങ്കില്‍ക്കൂടി നമുക്കവരെയും വേണം: അവര്‍ ത്യാഗമെന്ന ആശയത്തിനുവേണ്ടിയാണു നിലകൊള്ളുന്നത്. നമ്മുടെ ജീവിതമര്‍മ്മങ്ങളെ കാര്‍ന്നുതിന്ന്, നമ്മെയൊക്കെ ദാംഭികരാക്കിത്തീര്‍ത്തുകൊണ്ട്, ഭാരതത്തിലേക്കു നുഴഞ്ഞുകയറുന്ന സ്ര്തീനിര്‍വിശേഷമായ അമിതഭോഗങ്ങള്‍ക്കു വശപ്പെടരുതെന്ന് നമ്മുടെ വംശത്തിനു മുന്നറിയിപ്പു നല്കയാണവര്‍. നമുക്കു സ്വല്പം തപശ്ചര്യ ആവശ്യമാണ്. പണ്ടു ത്യാഗം ഭാരതത്തെ ജയിച്ചുകീഴ്‌പ്പെടുത്തി. ഇനിയും അതുതന്നെ ചെയ്യേണ്ടിയിരിക്കുന്നു. ഭാരതത്തിന്റെ ആദര്‍ശങ്ങളില്‍വെച്ച് ഏറ്റവും മഹത്തും ഉന്നതവുമാണ് ഈ ത്യാഗാദര്‍ശം. ബുദ്ധന്റെയും രാമാനുജന്റെയും രാമകൃഷ്ണപരമഹംസരുടെയും നാട്, ത്യാഗത്തിന്റെ നാട്, പണ്ടുകാലം മുതല്‍ കര്‍മ്മകാണ്ഡത്തിനെതിരായി പ്രസ്ഥാനങ്ങള്‍ നടന്നിട്ടുള്ള നാട് – ഇന്നുപോലും ഇവിടെ നൂറുനൂറാളുകള്‍ എല്ലാമുപേക്ഷിച്ചു ജീവന്മുക്തരായിട്ടുണ്ട്. ഈ നാട് അതിന്റെ ആദര്‍ശങ്ങള്‍ വെടിയുമോ? നിശ്ചയമായുമില്ല. പാശ്ചാത്യമായ അമിതഭോഗാദര്‍ശങ്ങള്‍കൊണ്ടു തലതിരിഞ്ഞുപോയ ആളുകളുണ്ടാകാം. പാശ്ചാത്യലോകത്തിന്റെ അഭിശാപമായ ഭോഗവും, ലോകത്തിന്റെ അഭിശാപമായ ഐന്ദ്രിയസുഖങ്ങളും ഉള്‍ക്കൊണ്ടവരായി ആയിരവും ലക്ഷവും ആളുകളുണ്ടാകാം. ഇതൊക്കെയാണെങ്കിലും, എന്റെ ഈ മാതൃഭൂമിയില്‍ ആയിരക്കണക്കിനുള്ള മറ്റാളുകള്‍ക്കു മതം എപ്പോഴും ഒരു യാഥാര്‍ത്ഥ്യമായിരിക്കും: അവര്‍, വേണമെങ്കില്‍, കണക്കുകൂടാതെ ത്യജിക്കാന്‍ സദാ സന്നദ്ധരാകുകയും ചെയ്യും.

നമ്മുടെ സമ്പ്രദായങ്ങള്‍ക്കു പൊതുവായുള്ള മറ്റൊരാദര്‍ശം നിങ്ങളുടെ മുമ്പില്‍ സമര്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. അതും ഒരു വമ്പിച്ച വിഷയമാണ്. മതം അനുഭവിക്കേണ്ട ഒന്നാണെന്നുള്ള നിസ്തുലമായ ആശയം ഭാരതത്തിലേയുള്ളു. ‘നായമാത്മാ പ്രവചനേന ലഭ്യോ ന മേധയാ ന ബഹുനാ ശ്രുതേന.’ ”വളരെ ഭാഷിച്ചതുകൊണ്ടോ ബുദ്ധി ശക്തികൊണ്ടോ ഗ്രന്ഥപാരായണംകൊണ്ടോ ഈ ആത്മാവു പ്രാപിക്കാവതല്ല.” അതെ, ലോകത്തില്‍ നമ്മുടെ മതഗ്രന്ഥങ്ങളേയുള്ളൂ, അവയുടെ പഠനംകൊണ്ടുപോലും ആത്മാവിനെ അനുഭവിക്കാന്‍ സാദ്ധ്യമല്ലെന്നു പ്രഖ്യാപിക്കുന്നതായി. ഭാഷണവും പ്രസംഗവും മറ്റുമല്ല കാര്യം. ആത്മാവ് അനുഭവിക്കപ്പെടേണ്ടതാണ്. അതു ഗുരുവില്‍നിന്നു ശിഷ്യനിലേക്കു വരുന്നു. ശിഷ്യന് ഈ ഉള്‍ക്കാഴ്ച വന്നാല്‍ സംശയങ്ങളെല്ലാം മാറും: തുടര്‍ന്ന് അനുഭവം വരുകയും ചെയ്യും.

ഒരാശയംകൂടി; ബംഗാളില്‍ ഒരസാധാരണ കീഴ്‌വഴക്കമുണ്ട്: കുല ഗുരു, അഥവാ പരമ്പരാഗതമായ ഗുരുത്വം, എന്നാണ് അതറിയപ്പെടുന്നത്. ”എന്റെ അച്ഛന്‍ നിങ്ങളുടെ ഗുരുവായിരുന്നു: ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ ഗുരുവാകാം: എന്റെ അച്ഛന്‍ നിങ്ങളുടെ അച്ഛന്റെ ഗുരുവായിരുന്നു: അതുകൊണ്ട് ഞാന്‍ നിങ്ങളുടെ ഗുരുവാകാം.” ആരാണ് ഗുരു? ശ്രുതികളിലേക്കു മടങ്ങുക. ”വേദങ്ങളുടെ മര്‍മ്മം അറിയുന്നവനാണ്, അല്ലാതെ പുസ്തകപ്പുഴുവല്ല, വൈയാകരണനല്ല, സാധാരണ പണ്ഡിതനല്ല: മറിച്ച്, പൊരുളറിയുന്നവനാണ്. ‘യഥാഖരശ്ചന്ദനഭാര വാഹീ ഭാരസ്യ വേത്താ ന തു ചന്ദനസ്യ.’ ”ചന്ദനത്തടി ചുമക്കുന്ന കഴുത അറിയുന്നത് അതിന്റെ കനം മാത്രമാണ്: അല്ലാതെ അതിന്റെ അനര്‍ഘഗുണങ്ങളല്ല.” അതുപോലാണ് ഈ പണ്ഡിതന്മാര്‍. അത്തരക്കാരെ നമുക്കു വേണ്ട. അവര്‍ക്കു സാക്ഷാത്കാരമില്ലെങ്കില്‍, അവര്‍ക്കെന്തു പഠിപ്പിക്കാനാകും? ഞാന്‍ കുട്ടിക്കാലത്ത് ഈ കല്ക്കത്താപട്ടണത്തില്‍ പല സ്ഥലങ്ങളിലും മതമന്വേഷിച്ചുചെന്നിരുന്നു. വളരെ വലിയ പ്രസംഗം കേട്ടുകഴിഞ്ഞാല്‍ എല്ലായിടത്തും പ്രസംഗക്കാരനോട്, ”ഈശ്വരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?” എന്നു ചോദിക്കുക എന്റെ പതിവായിരുന്നു. ഈശ്വരനെ കാണുക എന്ന ആശയം പ്രസംഗക്കാരെ പരിഭ്രമിപ്പിച്ചു. ”ഞാന്‍ കണ്ടിട്ടുണ്ട്,” എന്ന് എന്നോടു പറഞ്ഞ മനുഷ്യന്‍ രാമകൃഷ്ണപരമഹംസര്‍ മാത്രമാണ്. കൂടാതെ, അദ്ദേഹം പറഞ്ഞു; ”നിന്നെയും ഈശ്വരനെ കാണത്തക്കവണ്ണമാക്കാം.” ഗ്രന്ഥവരികള്‍ വലിച്ചൊടിക്കുന്നവനല്ല ഗുരു.

വാഗ്‌വൈഖരീ ശബ്ദഝരീ ശാസ്ത്രവ്യാഖ്യാനകൗശലം
വൈദുഷ്യം വിദുഷാം തദ്വദ്ഭുക്തയേ ന തു മുക്തയേ.
”വാഗ്‌വ്യാപാരത്തിന്റെ നാനാഭേദങ്ങള്‍, മതഗ്രന്ഥവ്യാഖ്യാനഭേദങ്ങള്‍ – ഇവയൊക്കെ വിദ്വാന്മാരുടെ രസത്തിനുള്ളതാണ്, മുക്തിക്കു ള്ളതല്ല.” ശ്രോത്രിയന്‍ ശ്രുതിരഹസ്യമറിയുന്നവന്‍, അവൃജിനന്‍ പാപരഹിതന്‍, അകാമഹതന്‍ കാമനാരഹിതന്‍, പഠിപ്പിച്ചു പണമുണ്ടാക്കാന്‍ ആഗ്രഹിക്കാത്തവന്‍ – അയാള്‍ ശാന്തനും സാധുവുമാണ്. അയാള്‍ വസന്തകാലംപോലെ വരുന്നു, പലതരം ചെടികള്‍ക്ക് തളിരും പൂവും നല്കാന്‍: എന്നാല്‍ ഈ ചെടികളില്‍നിന്ന് ഒന്നുമൊട്ടാവശ്യപ്പെടുന്നുമില്ല. വസന്തത്തിന്റെ സ്വഭാവമാണ് നന്മ ചെയ്യുക. അതു നന്മ ചെയ്യുന്നു, അത്രമാത്രം. അത്തരക്കാരനാണ് ഗുരു. തീര്‍ണ്ണാഃ സ്വയം ഭീമഭവാര്‍ണ്ണവം ജനാന്‍ അഹേതുനാന്യാനപി താരയന്തഃ ”ജീവിതമാ കുന്ന വന്‍കടല്‍ സ്വയം കടന്ന്, സ്വാര്‍ത്ഥപരിഗണന കൂടാതെ, മറ്റു ള്ളവരെയും കടക്കാന്‍ തുണയ്ക്കുന്നു.” ഇയാളാണ് ഗുരു: മറ്റാര്‍ക്കും ഗുരുവാകാന്‍ സാദ്ധ്യമല്ലെന്നു ശ്രദ്ധിക്കുക. കാരണം,
അവിദ്യായാമന്തരേ വര്‍ത്തമാനാഃ
സ്വയം ധീരാഃ പണ്ഡിതം മന്യമാനാഃ
ജംഘന്യമാനാഃ പരിയന്തി മൂഢാഃ
അന്ധേനൈവ നീയമാനാ യഥാന്ധാഃ.
”സ്വയം ഇരുളില്‍ ആണ്ടുകിടന്ന്, അഹമ്മതികൊണ്ട് സ്വയം സര്‍വജ്ഞരെന്നു നിനയ്ക്കുന്ന വിഡ്ഢികള്‍ മറ്റുള്ളവരെ തുണയ്ക്കാന്‍ കൊതിക്കുന്നു: കറങ്ങിയും പതറിയും വഴുതിയും അവരങ്ങനെ പോകുന്നു. അങ്ങനെ, കുരുടന്‍ മറ്റൊരു കുരുടനെയെന്നപോലെ നയിച്ചു രണ്ടുപേരും കുഴിയില്‍ വീഴുന്നു.” ഇങ്ങനെയാണ് വേദങ്ങള്‍ പറയുന്നത്. ഇപ്പോഴുള്ള നടപടിയോടൊത്ത് അതു തുലനം ചെയ്യുക. നിങ്ങള്‍ വേദാന്തികളാണ്, വളരെ യാഥാസ്ഥിതികരാണ്: അല്ലേ? നിങ്ങള്‍ വലിയ ഹിന്ദുക്കളാണ്, വളരെ യാഥാസ്ഥിതികരാണ്. നിങ്ങളെ ഇതിലുമധികം യാഥാസ്ഥിതികരാക്കാനാണ് ഞാനാഗ്രഹിക്കുന്നത്. നിങ്ങള്‍ക്കു യാഥാസ്ഥിതികത കൂടുംതോറും കൂടുതല്‍ വെളിവുണ്ടാകും. നിലവിലുള്ള യാഥാസ്ഥിതികതയെപ്പറ്റി കൂടുതല്‍ ചിന്തിക്കും തോറും, കൂടുതല്‍ വിഡ്ഢികളാകയും ചെയ്യും. നിങ്ങളുടെ പഴയ യാഥാസ്ഥിതികതയിലേക്കു മടങ്ങുക: ആ കാലത്ത് ഈ പുസ്തകങ്ങളില്‍നിന്നു വന്ന ശബ്ദമെല്ലാം, സ്പന്ദമെല്ലാം, കരുത്തുറ്റ, ഉറച്ച, ശുദ്ധ ഹൃദയത്തില്‍നിന്നു വന്നതാണ്. ഓരോ സ്വരവും സത്യമാണ്. പിന്നീടാണ് അധഃപതിച്ചത്, കലയും ശാസ്ത്രവും മതവും സമസ്തവും: ജനത ആകെക്കൂടി അധഃപതിച്ചു. കാരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമുക്കു സമയമില്ല. ഈയിടയ്ക്കുണ്ടായ പുസ്തകങ്ങളില്‍നിന്നു പുറപ്പെടുന്നത് മഹാമാരിയുടെയും ജനതാക്ഷയത്തിന്റെ ദുര്‍വായുവാണ്: വീര്യത്തിനു പകരം മുറവിളികളും ആര്‍ത്തനാദങ്ങളുമാണ്. കരുത്തും ജീവശക്തിയുമുണ്ടായിരുന്ന പഴയ കാലങ്ങളിലേക്കു പിന്‍വാങ്ങുക: തിരിച്ചു പോകുക. ഒരിക്കല്‍ക്കൂടി പ്രബലരാകുക. പണ്ടത്തെ ഉറവിടങ്ങളില്‍ നിന്ന് നിറയെ ഉള്‍ക്കൊള്ളുക. ഭാരതത്തിലെ ജീവിതത്തിന്റെ ഒരേയൊരുപാധി ഇതാണ്.

അദ്വൈതിയുടെ അഭിപ്രായത്തില്‍, ഇന്നുള്ള നമ്മുടെ വ്യക്തിത്വം ഒരു ഭ്രമമാണ്. ലോകത്തിലെവിടെയും കടിച്ചാല്‍ പൊട്ടാത്ത ഒരാശയ മായിരിക്കുകയാണിത്. ഒരു മനുഷ്യനോട് അയാള്‍ ഒരു വ്യക്തിയല്ലെന്നു പറഞ്ഞാലുടന്‍, അയാള്‍ക്കു വലിയ പേടിയായി. അയാളുടെ വ്യക്തിത്വം – അതെന്തുമാകട്ടെ – ഇല്ലാതാകുമെന്ന്. പക്ഷേ അദ്വൈതി പറയുന്നു, ഒരിക്കലും വ്യക്തിത്വം ഉണ്ടായിട്ടില്ലെന്ന്. പ്രതിക്ഷണം ജീവിതത്തില്‍ നിങ്ങള്‍ മാറിക്കൊണ്ടിരിക്കയാണ്. നിങ്ങള്‍ കുട്ടിയായിരുന്നപ്പോള്‍ ഒരു മട്ടില്‍ ചിന്തിച്ചു. ഇപ്പോള്‍ യുവാവെന്ന നിലയില്‍ മറ്റൊരു മട്ടില്‍ ചിന്തിക്കുന്നു. ഇനി വൃദ്ധനാകുമ്പോള്‍ വേറൊരു മട്ടിലും ചിന്തിക്കും. ഓരോരുത്തനും മാറിക്കൊണ്ടിരിക്കയാണ്. അപ്പോള്‍ വ്യക്തിത്വമെവിടെ? നിശ്ചയമായും ശരീരത്തിലല്ല: മനസ്സിലുമല്ല, ചിന്തയിലുമല്ല. അതിനു മപ്പുറത്താണ് ആത്മാവ്. അദ്വൈതി പറയുന്നു, ഈ ആത്മാവ് ബ്രഹ്മം തന്നെ. അനന്തം രണ്ടു വയ്യാ. ഒരു വ്യക്തിയേയുള്ളു: അത് അനന്തമാണുതാനും. സ്പഷ്ടമായി പറഞ്ഞാല്‍ നാമൊക്കെ യുക്തിയുക്തരാണ്, നമുക്കു യുക്തിവാദം ചെയ്യണം. എന്താണ് യുക്തി? ഏറെക്കുറെ ഇനം തിരിക്കല്‍ – മുന്നോട്ടു നീങ്ങാന്‍ വയ്യാത്തിടത്തോളം, പരിമിതത്തിന്റെ അന്തിമവിശ്രാന്തിവരെ. അത് അപരിമിതത്തിന്റെ ഇനത്തില്‍ പെടുമ്പോഴേ ഉണ്ടാകൂ. പരിമിതവസ്തുക്കളെ എടുത്ത് അപഗ്രഥിച്ചു പോകുക: ഇടയ്‌ക്കൊരിടത്തും നിലയ്ക്കാതെ അവസാനമായ അപരിമിതത്തിലെത്തുമ്പോഴേ വിശ്രമമടയാനാകൂ എന്നു കാണാം. അദ്വൈതി പറയുന്നു; അപരിമിതത്തിന്നേ ഉണ്മയുള്ളൂ. മറ്റുള്ളതെല്ലാം മായയാണ്. മറ്റൊന്നിനും ശരിയായ ഉണ്മയില്ല. ഏതു ഭൗതികവസ്തുവിലും ഉണ്മയോടുകൂടിയതു ബ്രഹ്മമാണ്. നാം ഈ ബ്രഹ്മമാണ്: രൂപവും മറ്റും മായയും. നാമരൂപങ്ങള്‍ മാറ്റുക: അപ്പോള്‍ നിങ്ങളും ഞാനും ഒന്നുതന്നെ. എന്നാല്‍ ‘ഞാന്‍’ എന്ന വാക്കു സൂക്ഷിച്ചുകൊള്ളണം. മനുഷ്യര്‍ പറയാറുണ്ട്; ”ഞാന്‍ ബ്രഹ്മമാണെങ്കില്‍ എന്തുകൊണ്ടെനിക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തുകൂടാ?” പക്ഷേ ഇവിടെ ഞാനെന്ന വാക്കു മറ്റൊരര്‍ത്ഥത്തിലാണ് പ്രയോഗിക്കുന്നത്. സ്വയം പരിമിതപ്പെട്ടവനാണെന്നു വിചാരിച്ചാല്‍, പിന്നെ, നിങ്ങള്‍ ആത്മാവും നിരീഹവും അന്തര്‍ജ്യോതിസ്സുമായ ബ്രഹ്മമല്ല. ബ്രഹ്മത്തിന്റെ സുഖങ്ങളും ആനന്ദവും ഉള്ളിലാണ്: അതു തികച്ചും സംതൃപ്തമാണ്: ഒന്നുമാവശ്യമില്ല, പ്രതീക്ഷിക്കുന്നുമില്ല. ബ്രഹ്മം അഭയമാണ്, തികച്ചും സ്വതന്ത്രമാണ്. അതാണ് ബ്രഹ്മം: അവിടെ നാമൊക്കെ ഒന്നാണ്.

അതുകൊണ്ട് ദ്വൈതിക്കും അദ്വൈതിക്കും തമ്മിലുള്ള വലിയ അന്തരം ഇതാണെന്നു തോന്നുന്നു. ശങ്കരാചാര്യരെപ്പോലുള്ള വന്‍കിട ഭാഷകാര്യന്മാര്‍പോലും വാക്യങ്ങള്‍ക്കു നല്കുന്ന അര്‍ത്ഥം ചിലപ്പോള്‍ യുക്തമല്ലെന്നാണ് എനിക്കു തോന്നുന്നത്. ചിലപ്പോള്‍ രാമാനുജന്‍ വ്യക്തമല്ലാത്ത മട്ടില്‍ വാക്യങ്ങള്‍ കൈകാര്യം ചെയ്യുന്നതു കാണാം. ഈ സമ്പ്രദായങ്ങളില്‍ ഒന്നേ ശരിയാകാന്‍ തരമുള്ളു എന്നാണ് നമ്മുടെ പണ്ഡിതന്മാര്‍പോലും കരുതുന്നത്: മറ്റെല്ലാം തെറ്റാകണം. ഏകം സദ്വിപ്രാ ബഹുധാ വദന്തി. ”ഉള്ളത് ഒന്നാണ്: അതിനു പല പേരുകളും പ്രാജ്ഞന്‍ കൊടുക്കുന്നു” എന്ന ആശയം  – ലോകത്തിനു ഭാരതം നല്കിയിട്ടുള്ള ആശയങ്ങളില്‍വെച്ച് അത്യദ്ഭുതമായ ആശയം അവര്‍ക്കു ശ്രുതിയില്‍ കാണാവുന്നതാണ്. ഇതായിരുന്നു (ഭാരതത്തി ന്റെ) പ്രതിപാദ്യം. (നമ്മുടെ) ജനതയുടെ ജീവിതപ്രശ്‌നത്തിനു മുഴു വന്‍ സമാധാനം കണ്ടെത്തിയത് ഈ പ്രതിപാദ്യത്തെ വ്യാകരിച്ചതിലൂടെയാണ്. അതേ, ഭാരതത്തിലെ ചുരുക്കം ചില വിദ്വാന്മാരെ, അതായത് ആദ്ധ്യാത്മികചിത്തരെ, ഒഴിച്ചാല്‍ എപ്പോഴും നാമിതു മറക്കയാണ്: മഹത്തായ ഈ ആശയം നാം മറക്കുന്നു. പണ്ഡിതന്മാരില്‍പ്പോലും ഏതാണ്ടു തൊണ്ണൂറ്റെട്ടു ശതമാനവും ചിന്തിക്കുന്നത്, ഒന്നുകില്‍ അദ്വൈതി ശരിയാണ്, അല്ലെങ്കില്‍ വിശിഷ്ടാദ്വൈതി ശരിയാണ്, അല്ലെങ്കില്‍ ദ്വൈതി ശരിയാണ് എന്നത്രേ. കാശിയില്‍ ചെന്ന് വല്ല ഘട്ടത്തിലും അഞ്ചു മിനിട്ടിരുന്നാല്‍ ഞാന്‍ പറയുന്നതു തെളിയും. ഈവക കാര്യങ്ങളെയും മറ്റു സമ്പ്രദായങ്ങളെയും കുറിച്ച് ഒരു കൂറ്റന്‍ കുത്തു തന്നെ അവിടെ നടക്കുന്നതു കാണാം.

അങ്ങനെ അതവശേഷിക്കുന്നു. അപ്പോള്‍ ഭൂജാതനായി, സ്വജീവിതമേ ഇതിന്റെ വിശദീകരണമായിത്തീര്‍ന്ന ഒരുവന്‍. ഭാരതത്തിലെ വിഭിന്നസമ്പ്രദായങ്ങളുടെ പശ്ചാത്തലമായ സമന്വയത്തെ വ്യാകരിക്കയായിരുന്നു ആ ജീവിതം. ഞാന്‍ രാമകൃഷ്ണപരമഹംസരെ ഉദ്ദേശിച്ചാണ് പറയുന്നത്. ഇദ്ദേഹത്തിന്റെ ജീവിതമാണ് ഇവ രണ്ടും ആവശ്യമാണെന്നു വ്യക്തമാക്കിയത്. ഭൂമിയെയും സൂര്യനെയും കേന്ദ്രീകരിച്ചു കൊണ്ടുള്ള ജ്യോതിഃശാസ്ത്രസിദ്ധാന്തങ്ങള്‍പോലാണ് ഇവ എന്ന് ആ ജീവിതം കാട്ടിത്തരുന്നു. കുട്ടിയെ ജ്യോതിഃശാസ്ത്രം പഠിപ്പിക്കുമ്പോള്‍ ഭൂമിയെ കേന്ദ്രീകരിക്കുന്ന സിദ്ധാന്തമാണ് ആദ്യം പഠിപ്പിക്കുന്നത്: താദൃശജ്യോതിഃശാസ്ത്രാശയങ്ങളെ ഈ സിദ്ധാന്തത്തിനനുഗുണമാക്കി വിസ്തരിച്ചുകൊടുക്കുന്നു. സൂക്ഷ്മാംശത്തിലെത്തുമ്പോള്‍ സൂര്യനെ കേന്ദ്രീകരിക്കുന്ന സിദ്ധാന്തമാണ്  ആവശ്യമാകുന്നത്.  അപ്പോള്‍  അതു കൂടുതല്‍ നന്നായി അവനു മനസ്സിലാകും. ദ്വൈതമാണ് ഇന്ദ്രിയങ്ങള്‍ക്കുള്ള സ്വാഭാവികനിലപാട്. ഇന്ദ്രിയങ്ങള്‍ നമ്മെ കെട്ടിയിട്ടിരിക്കുന്നിടത്തോളം ഈശ്വരനെ സഗുണനായി, സഗുണനായിമാത്രം, കാണാനേ നമുക്കു തരമാകൂ: ഇപ്പോഴുള്ള മട്ടില്‍ പ്രപഞ്ചത്തെ സാക്ഷാത്കരിക്കാനും നാം നിര്‍ബദ്ധരാണ്. രാമാനുജന്‍ പറയുന്നു; ”നിങ്ങള്‍ സ്വയം ശരീരമാണെന്നും, മനസ്സാണെന്നും, ജീവനാണെന്നും ചിന്തിക്കുന്നിടത്തോളം ഓരോ ജ്ഞാനക്രിയയിലും മൂന്നു ഘടകങ്ങള്‍ വരും; ആത്മാവ്, പ്രകൃതി ഇവയെ ഉളവാക്കുന്ന മറ്റെന്തോ ഒന്ന്.” എന്നാല്‍ അതേ അവസരത്തില്‍ മനസ്സ് കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാകും തോറും ശരീരപ്രതീതിതിരോഭവിക്കും. ഒടുവില്‍ മനസ്സും മിക്കവാറും തിരോഭവിക്കുന്നു. അപ്പോള്‍ നമ്മെ ഭയപ്പെടുത്തുന്നതും, ദുര്‍ബ്ബലപ്പെടുത്തുന്നതും ശാരീരികജീവിതത്തോടു ചേര്‍ത്തുകെട്ടുന്നതുമായവയെല്ലാം തന്നെ പോയ്മറയുന്നു. അപ്പോള്‍, അപ്പോള്‍ മാത്രമാണ്, പ്രാചീനമായ ആ ഉപദേശത്തിന്റെ സത്യം ഒരുവന്‍ കണ്ടെത്തുന്നത്. എന്താണ് ആ ഉപദേശം?

ഇഹൈവ തൈര്‍ജിതഃ സര്‍ഗോ യേഷാം സാമ്യേ സ്ഥിതം മനഃ
നിര്‍ദ്ദോഷം ഹി സമം ബ്രഹ്മ തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ.
”എല്ലാറ്റിന്റെയും സമതയില്‍ ഉറപ്പുള്ള മനസ്സോടുകൂടിയവന്‍ ഈ ജീവിതത്തില്‍ത്തന്നെ ജനനമരണചക്രത്തെ കീഴടക്കുന്നു. കാരണം, ഈശ്വരന്‍ ശുദ്ധനും എല്ലാറ്റിനോടും സമനുമാണ്. അതിനാല്‍ അവര്‍ ഈശ്വരനില്‍ ജീവിക്കുന്നു എന്നത്രെ പറയപ്പെടുന്നത്.”
സമം പശ്യന്‍ ഹി സര്‍വ്വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം.
”എല്ലായിടത്തും സമമായ ഈശ്വരനെ കാണുന്നവന്‍ ആത്മാവിനാല്‍ ആത്മാവിനു പരിക്കേല്പിക്കില്ല. അങ്ങനെ അയാള്‍ പരഗതി പ്രാപിക്കുന്നു.’

[വിവേകാനന്ദസാഹിത്യസര്‍വസ്വം – വേദാന്തം: എല്ലാ വശങ്ങളിലൂടെയും(കല്ക്കത്തയില്‍ നടത്തിയ പ്രഭാഷണം)]