സ്വാമി വിവേകാനന്ദന്‍

അല്‍മോറയില്‍ ചെന്നുചേര്‍ന്നപ്പോള്‍ അവിടുത്തെ പൗരന്മാര്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ഒരു സ്വാഗതാശംസ സ്വാമിജിക്കു നല്കി. അതിന്റെ വിവര്‍ത്തനം.

മഹാത്മന്‍,
പടിഞ്ഞാറന്‍ ദേശങ്ങളില്‍ ആദ്ധ്യാത്മികവിജയം വരിച്ചിട്ട് അവിടുന്ന് ഇംഗ്ലണ്ടില്‍നിന്നും മാതൃഭൂമിയിലേക്ക് തിരിച്ചു എന്നു കേട്ടതുമുതല്‍ ഞങ്ങള്‍ അങ്ങയെ കാണുവാനുള്ള സൗഭാഗ്യം സ്വാഭാവികമായി കൊതിച്ചുവരുകയായിരുന്നു. സര്‍വ്വ ശക്തന്റെ അനുഗ്രഹത്താല്‍, ഒടുവില്‍ ആ ശുഭമുഹൂര്‍ത്തം വന്നുചേര്‍ന്നു. മഹാകവിയും ഭക്തരാജനുമായ തുളസീദാസന്‍ പറഞ്ഞിട്ടുള്ളത് – തീവ്രമായി ആരെ സ്നേഹിക്കുന്നുവോ അയാളെ കാണാന്‍ നിശ്ചയമായും ഇടവരുമെന്ന് – ഇന്നു തികച്ചും അനുഭവപ്പെട്ടിരിക്കുന്നു. സംശുദ്ധമായ ഭക്തിയോടുകൂടി അങ്ങയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ഇവിടെ സമ്മേളിച്ചു. ഒരിക്കല്‍ക്കൂടി ഈ പട്ടണം സന്ദര്‍ശിക്കാന്‍ സദയം ബുദ്ധിമുട്ടിയതുകൊണ്ട് അവിടുന്ന് ഞങ്ങളെ സര്‍വ്വഥാ അധര്‍മ്മണരാക്കിയിരിക്കുന്നു. അങ്ങയുടെ ആ ദയയ്ക്കു മതിയായ കൃതജ്ഞത പ്രകാശിപ്പിക്കാന്‍ ഞങ്ങള്‍ അശക്തരാണ്. അങ്ങ് അനുഗൃഹീതന്‍തന്നെ. അങ്ങയ്ക്കു യോഗദീക്ഷ നല്കിയ ആ ഗുരുദേവന്‍ തുലോം അനുഗൃഹീതനാണ്. ഭയങ്കരമായ ഈ കലിയുഗത്തില്‍പ്പോലും ആര്യവംശ്യര്‍ക്ക് അങ്ങയെപ്പോലുള്ള നായകന്മാരുള്ളതിനാല്‍ ഈ ഭാരതഭൂമിയും അനുഗൃഹീതതന്നെ. അങ്ങു ജീവിതത്തിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ, ലാളിത്യം ആര്‍ജ്ജവം സ്വഭാവശുദ്ധി മനുഷ്യ സ്നേഹം നിശിതമായ ശിക്ഷണബോധം ആചാരം ജ്ഞാനപ്രചരണം എന്നിവയിലൂടെ ലോകത്തെങ്ങും നിര്‍മ്മലമായ യശസ്സു നേടിയിരിക്കുന്നു: അതില്‍ ഞങ്ങളെല്ലാം അഭിമാനംകൊള്ളുന്നു.

വാസ്തവത്തില്‍, ശ്രീശങ്കരാചാര്യര്‍ക്കുശേഷം മറ്റാരും ഈ രാജ്യത്തു ചെയ്യാന്‍ മുതിര്‍ന്നിട്ടില്ലാത്ത ദുര്‍ഘടമായ ഒരു ജോലിയാണ് അങ്ങു നിറവേറ്റിയത്. പ്രാചീനരായ ഭാരതീയാര്യന്മാരുടെ ഒരു പിന്‍ഗാമി തപോബലംകൊണ്ട് ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള വിദ്വാന്മാര്‍ക്ക് ഇതരമതങ്ങളെക്കാള്‍ മെച്ചപ്പെട്ടതാണ് ഭാരതീയരുടെ പുരാതനമതമെന്നു തെളിയിച്ചുകൊടുക്കുമെന്നു ഞങ്ങളില്‍ ആരുതന്നെ സ്വപ്നം കണ്ടു? ഷിക്കാഗോവില്‍ നടന്ന ലോകമതസമ്മേളനത്തില്‍, അവിടെ കൂടിയിരുന്ന നാനാമതപ്രതിനിധികളുടെ മുമ്പില്‍വെച്ച്, ഭാരതത്തിലെ പുരാതനമതത്തിന്റെ മഹത്ത്വം സ്ഥാപിക്കാന്‍, അവരുടെയൊക്കെ കണ്ണുതുറക്കത്തക്കവണ്ണം, അങ്ങു സമര്‍ത്ഥമായി വാദിച്ചു. വമ്പിച്ച ആ സമ്മേളനത്തില്‍ പണ്ഡിതന്മാരായ പ്രവക്താക്കള്‍ താന്താങ്ങളുടെ രീതിയില്‍ താന്താങ്ങളുടെ മതങ്ങളെ സമര്‍ത്ഥിച്ചു. എന്നാല്‍ അവരെയെല്ലാം അങ്ങ് അതിശയിച്ചു വൈദികമതത്തോടു കിടപിടിക്കാന്‍ ഒരു മതത്തിനും കഴിവില്ലെന്ന് അങ്ങു തികച്ചും സ്ഥാപിച്ചു. കൂടാതെ, മുന്‍ചൊന്ന ഭൂമണ്ഡലങ്ങളില്‍ പലേടത്തും പുരാതനമായ ബ്രഹ്മവിദ്യ പ്രചരിപ്പിച്ച്, പുരാതനരായ ആര്യന്മാരുടെ മതത്തിലേക്കും ദര്‍ശനത്തിലേക്കും ഒട്ടേറെ പണ്ഡിതന്മാരെ അങ്ങ് ആകര്‍ഷിച്ചു. ഇനി ഇളക്കാനരുതാത്തവണ്ണം സനാതനധര്‍മ്മത്തിന്റെ കൊടി അങ്ങ് ഇംഗ്ലണ്ടിലും നാട്ടുകയുണ്ടായി.

ഇതുവരെ നമ്മുടെ മതത്തിന്റെ തനിസ്വഭാവത്തെപ്പറ്റി യൂറോപ്പിലും അമേരിക്കയിലുമുള്ള ഇന്നത്തെ പരിഷ്‌കൃതജനതകള്‍ക്ക് ഒരു രൂപവുമില്ലായിരുന്നു. എന്നാല്‍ അങ്ങ് ആദ്ധ്യാത്മികോപദേശങ്ങളിലൂടെ അവരുടെ കണ്ണു തുറന്നു. അങ്ങനെ സ്വന്തം അജ്ഞതകൊണ്ട്, ഏതു പ്രാചീനമതത്തെയാണോ ‘ഉദ്ധതന്മാരുടെ സൂക്ഷ്മസങ്കല്പങ്ങള്‍ നിറങ്ങ ഒരു മതം, അഥവാ വിഡ്ഢികളെ ഉദ്ദേശിച്ചുള്ള പ്രതിപാദനങ്ങളുടെ ഒരു കൂമ്പാരം’ എന്നു മുദ്രകുത്തിവന്നത്, ആ മതം, ഒരു രത്‌നഖനിയാണെന്ന് ഇപ്പോള്‍ അവര്‍ കണ്ടിരിക്കുന്നു. ”സത്‌സ്വഭാവിയും കൃത വിദ്യനുമായ ഒരു പുത്രനുള്ളതാണ്, മൂര്‍ഖന്മാരായ ബഹുശതം പുത്രന്മാരുണ്ടാ കുന്നതിനെക്കാള്‍ ഭേദം” – നിശ്ചയം. ”ചന്ദ്രനാണ്, തനിച്ച ഇരുളെല്ലാം ദൂരെ പായിക്കുന്നത്: നക്ഷത്രങ്ങളെല്ലാം കൂടിച്ചേര്‍ന്നല്ലതന്നെ.” അങ്ങയെപ്പോലെ നല്ലവനും സദ്‌വൃത്തനുമായ ഒരു പുത്രന്റെ ജീവിതംമാത്രമാണ്, വാസ്തവത്തില്‍ ലോകത്തിനു പ്രയോജനകരം. അങ്ങയെപ്പോലുള്ള ഭക്തരായ പുത്രന്മാരുടെ സാന്നിദ്ധ്യമാണ്, വാര്‍ദ്ധക്യത്തിലും ഭാരതമാതാവിനെ സമാശ്വസിപ്പിക്കുന്നത്. പലരും കടല്‍ താണ്ടി, ഉന്നമൊന്നുമില്ലാതെ, അവിടവിടെ കറങ്ങിത്തിരിഞ്ഞിട്ടുണ്ട്. പൂര്‍വ്വകൃതമായ പുണ്യകര്‍മ്മത്തിന്റെ ഫലമായി, കടലുകള്‍ക്കപ്പുറത്തും നമ്മുടെ മതത്തിന്റെ മഹത്ത്വം അങ്ങയ്ക്കു സമര്‍ത്ഥിക്കാന്‍ കഴിഞ്ഞു. അങ്ങ്, മനസാ വാചാ കര്‍മ്മണാ മനുഷ്യരാശിക്ക് ആദ്ധ്യാത്മികോപദേശം നല്കുക എന്നത് സ്വജീവിതത്തിന്റെ ഏകലക്ഷ്യമാക്കിയിരിക്കയാണ്. മതോപദേശം നല്കാന്‍ അങ്ങു സദാ സന്നദ്ധനാണ്.

ഇവിടെ അങ്ങ് ഒരു `മഠം സ്ഥാപിക്കാന്‍ പോകുന്നു എന്ന് ഞങ്ങള്‍ കേട്ടതു വളരെ സന്തോഷത്തോടുകൂടിയാണ്. ഇതിനുവേണ്ടിയുള്ള അങ്ങയുടെ പ്രയത്‌നങ്ങള്‍ സാഫല്യമടയട്ടെ എന്ന് ഞങ്ങള്‍ നിഷ്‌കളങ്കം പ്രാര്‍ത്ഥിക്കുന്നു. ആദ്ധ്യാത്മികമായ ദിഗ്വിജയത്തിനുശേഷം മഹാനായ ശങ്കരാചാര്യരും, ഹിമാലയത്തിലുള്ള ബദരികാശ്രമത്തില്‍, സനാതനധര്‍മ്മസംരക്ഷണത്തിനായി ഒരു മഠം സ്ഥാപിക്കയുണ്ടായി. അതുപോലെ അങ്ങയുടെ ആഗ്രഹവും സഫലമായാല്‍ ഭാരതത്തിനു വളരെ പ്രയോജനമുണ്ടാകും. മഠസ്ഥാപനംകൊണ്ട് കമോണ്‍കാരായ ഞങ്ങള്‍ക്കു വിശേഷാല്‍ ആദ്ധ്യാത്മികപ്രയോജനമുണ്ടാകും: ഞങ്ങളുടെ ഇടയില്‍നിന്ന് സനാതനധര്‍മ്മം ക്രമേണ തിരോഭവിക്കുന്നതു കാണാതെ കഴിയും.

ഓര്‍മ്മയ്ക്കപ്പുറത്തുള്ള കാലംമുതല്‍ രാജ്യത്തിന്റെ ഈ ഭാഗം തപസ്സിന്റെ നാടായിരുന്നു: ഈ നാട്ടിലാണ് രാജ്യത്തുള്ള ഏറ്റവും വലിയ ഋഷിമാര്‍, ഭക്തിയിലും തപസ്സിലുമായി, അവരുടെ സമയം ചെലവഴിച്ചത്. എന്നാല്‍ ഇതു പഴങ്കഥയാണ്. അങ്ങു മഠം സ്ഥാപിക്കുന്നതുകൊണ്ട് ഈ വസ്തുത ഞങ്ങളെ സദയം വീണ്ടും, ബോധപ്പെടുത്തുമെന്നാണ് ഞങ്ങളുടെ തീവ്രമായ പ്രതീക്ഷ. തനിമതവും കര്‍മ്മവും അനുഷ്ഠാനവും ന്യായമായ പെരുമാറ്റവുമുള്ള നാടെന്ന പ്രസിദ്ധി ഈ പുണ്യഭൂമിയ്ക്കാണ് ഭാരതത്തില്‍ മുഴുവന്‍ ഉണ്ടായിട്ടുള്ളത്. കാലാന്തരത്തില്‍ ഇവയെല്ലാം ക്ഷയോന്മുഖമെന്നു തോന്നി. അങ്ങയുടെ ശ്ലാഘ്യമായ യത്‌നങ്ങളിലൂടെ ഈ നാട് അതിന്റെ പ്രാചീനമായ ധാര്‍മ്മികദശയിലേക്കു മടങ്ങുമെന്ന് ഞങ്ങളാശിക്കുന്നു.

ഇവിടെ അങ്ങു വന്നതുകൊണ്ട് ഞങ്ങള്‍ക്കുണ്ടായ സന്തോഷം വേണ്ടവണ്ണം പ്രകാശിപ്പിക്കാന്‍ ഞങ്ങള്‍ അശക്തരാണ്. പരിപൂര്‍ണ്ണമായ ആരോഗ്യത്തോടുകൂടി, പരോപകാരനിരതനായി, ചിരകാലം ജീവിക്കാന്‍ അങ്ങയ്ക്ക് ഇടയാകട്ടെ! അങ്ങയുടെ ആദ്ധ്യത്മികശക്തികള്‍ സദാ വര്‍ദ്ധിക്കട്ടെ! അങ്ങയുടെ പ്രയത്‌നങ്ങളിലൂടെ ഭാരതത്തിന്റെ പരിതാപകരമായ നില വേഗം അവസാനിക്കട്ടെ!

മറ്റു രണ്ടു പത്രികകളും നല്കപ്പെട്ടു. ഇവയ്ക്കു സ്വാമികള്‍ ചുരുക്കത്തില്‍ താഴെ ചേര്‍ക്കുന്ന മറുപടി പറഞ്ഞു;


നമ്മുടെ പൂര്‍വികന്മാര്‍ സ്വപ്നംകണ്ട നാടാണിത്. ഇവിടെയാണ് ഭാരതമാതാവായ പാര്‍വതി ജനിച്ചത്. ഇതു പുണ്യഭൂമിയാണ്. ഭാരതത്തിലെ ഭാവോഷ്മളനായ ഓരോ മനുഷ്യനും ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഇവിടെ വരാനാണാഗ്രഹിക്കുന്നത്: ഇവിടെയാണ് മര്‍ത്ത്യ ജീവിതത്തിന്റെ ചരമാദ്ധ്യായത്തിന് പൂര്‍ണ്ണവിരാമമിടാന്‍ അയാളാഗ്രഹിക്കുന്നത്. ഈ പുണ്യഭൂമിയിലുള്ള പര്‍വ്വതങ്ങളുടെ കൊടുമുടികളിലും, അവയുടെ ഗുഹകളിലും, അവിടെ പായുന്ന അരുവികളുടെ കരയ്ക്കുമാണ് ഏറ്റവും ആശ്ചര്യകരമായ ചിന്തകള്‍ രൂപംപൂണ്ടത്. ഇവയുടെ ഒരംശം മാത്രമേ വൈദേശികര്‍ക്കുപോലും ഇത്രയേറെ ബഹുമാനമുള വാക്കിയിട്ടുള്ളത്. ഏറ്റവും സമര്‍ത്ഥരായ വിധികര്‍ത്താക്കള്‍പോലും അവ നിസ്തുലമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ നാട്ടില്‍ കഴിഞ്ഞുകൂടണമെന്ന് ഞാന്‍ ശൈശവംമുതലേ സ്വപ്നം കണ്ടുവന്നു. ഇവിടെ കഴിച്ചു കൂട്ടാന്‍ ഞാന്‍ കൂടെക്കൂടെ യത്‌നിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമല്ലോ. പക്ഷേ കാലം പാകമായിരുന്നില്ല. എനിക്കു ജോലികള്‍ ചെയ്യാനുണ്ടായിരുന്നു. ഈ പുണ്യഭൂമിയില്‍നിന്ന് ഞാന്‍ വെളിയിലേക്ക് ചുഴറ്റിയെറിയപ്പെട്ടു. എങ്കിലും എന്റെ ജീവിത ആശ, ഋഷിമാര്‍ ജീവിച്ചതും ദര്‍ശനം പിറന്നതുമായ പര്‍വ്വതഗുരുവില്‍ (ഹിമാലയത്തില്‍) വല്ലേടത്തുംവെച്ച് എന്റെ ആയുഷ്‌കാലത്തിനെ അറുതി വരണമെന്നാണ്. ഒരുപക്ഷേ, സുഹൃത്തുക്കളേ, മുമ്പു സങ്കല്പിച്ചവണ്ണം എനിക്കത് ചെയ്യാന്‍ സാധിച്ചില്ലെന്നു വരാം. നിശ്ശബ്ദതയും അജ്ഞാതതയും എനിക്കു കൈവരണേ എന്ന എന്റെ ആശ എത്ര വമ്പിച്ചതാണെന്നോ! ഞാന്‍ സര്‍വ്വാത്മനാ പ്രാര്‍ത്ഥിക്കുകയും ആശിക്കയും ചെയ്യുന്നു, മിക്കവാറും വിശ്വസിക്കുകതന്നെ ചെയ്യുന്നു, ഭൂമിയിലുള്ള മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെത്തന്നെ എന്റെ അന്ത്യദിനങ്ങള്‍ കഴിച്ചുകൂട്ടാന്‍ ഇടയാക്കുമെന്ന്.

ഈ പുണ്യഭൂമിയില്‍ കുടികൊള്ളുന്നവരേ, പടിഞ്ഞാറ് എനിക്കു ചെയ്യാന്‍ കഴിഞ്ഞ സ്വല്പം വേലയെച്ചൊല്ലി നിങ്ങള്‍ ചൊരിഞ്ഞ പ്രശംസയ്ക്ക് എന്റെ കൃതജ്ഞത കൈക്കൊണ്ടാലും. പക്ഷേ, അതേ അവസരത്തില്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്കു കൗതുകമില്ല. കിഴക്കുള്ളതാകട്ടെ, പടിഞ്ഞാറുള്ളതാകട്ടെ, എന്റെ കണ്‍മുമ്പില്‍ ഈ പര്‍വ്വതഗുരുവിന്റെ കൊടുമുടികള്‍ഓരോന്നായി തെളിഞ്ഞുതുടങ്ങിയപ്പോള്‍ കര്‍മ്മപ്രവണതകളെല്ലാം, എന്റെ മസ്തിഷ്‌കത്തില്‍ പല വര്‍ഷങ്ങളായി നിലനിന്നുപോന്ന ‘തിളച്ചുപൊങ്ങലു’കളെല്ലാം, അടങ്ങിയതുപോലെ തോന്നി. ചെയ്തുകഴിഞ്ഞതിനെയും ചെയ്യാന്‍പോകുന്നതിനെയുംപറ്റി പറയുന്നതിനുപകരം, ഹിമാലയപര്‍വതം നമ്മെ പഠിപ്പിക്കുന്ന സനാതനമായ ആ പാഠത്തിലേക്ക് എന്റെ മനസ്സ് മടങ്ങിയെത്തി. ഇവിടെ അന്തരീക്ഷത്തില്‍ത്തന്നെയും മാറ്റൊലിക്കൊള്ളുന്നത് ആ പാഠമാണ്. ഇവിടത്തെ പായുന്ന നദികളിലെ ചുഴികളില്‍ കേള്‍ക്കുന്നതും ആ പാഠത്തിന്റെ മര്‍മ്മരമാണ് – ത്യാഗം! സര്‍വ്വം വസ്തു ഭയാന്വിതം ഭുവി നൃണാം വൈരാഗ്യമേവാഭയം. ”ജീവിതത്തിലുള്ളതെല്ലാം ഭയമടങ്ങിയതാണ്; വൈരാഗ്യമൊന്നേ നമ്മെ നിര്‍ഭയരാക്കൂ.” അതേ, ഇതു വൈരാഗ്യഭൂമിയത്രേ.

നിങ്ങളോടു വിസ്തരിച്ചു സംസാരിക്കാന്‍ സമയം കുറവാണ്, തക്ക പരിതഃസ്ഥിതിയുമില്ല. അതുകൊണ്ട്, ഹിമാലയം വൈരാഗ്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നും മനുഷ്യരാശിയെ എപ്പോഴും നമുക്കു പഠിപ്പിക്കാനുള്ള പാഠം വൈരാഗ്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് എനിക്കുപസംഹരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൂര്‍വികര്‍ വാര്‍ദ്ധക്യത്തില്‍ ഇവിടേക്കാകൃഷ്ടരായതുപോലെ, ഈ ലോകത്തിലുള്ള ബലവാന്മാരെല്ലാം, ഭാവിയില്‍, പര്‍വതപിതാവായ ഹിമാലയത്തിലേക്ക് ആകര്‍ഷിക്കപ്പെടുകതന്നെ ചെയ്യും. അപ്പോള്‍ മതവിഭാഗങ്ങള്‍ക്കു തമ്മിലുള്ള പോരാട്ടങ്ങളും, പിടിവാദങ്ങള്‍ക്കു തമ്മിലുള്ള വ്യത്യാസങ്ങളും സ്മരിക്കപ്പെടുകയില്ല. നിങ്ങളുടേയും എന്‍േറയും മതങ്ങള്‍ക്കു തമ്മിലുള്ള കലഹങ്ങള്‍ അസ്തമിക്കും. അപ്പോള്‍ മനുഷ്യവര്‍ഗ്ഗം മനസ്സിലാക്കും. സനാതനമായ മതം ഒന്നേയുള്ളു എന്ന്. അത് ഉള്ളിലുള്ള ദിവ്യത്വത്തിന്റെ ദര്‍ശനമാണ്. ബാക്കിയെല്ലാം വെറും പതയും നുരയുമാണ്. ലോകം വ്യര്‍ത്ഥതകളില്‍വെച്ച് വ്യര്‍ത്ഥതയാണെന്നും ഈശ്വരന്റെ, ഈശ്വരന്റെമാത്രം, ഭജനമേ കാര്യമായിട്ടുള്ളു എന്നും ധരിക്കുന്ന ഉത്‌സാഹസമ്പന്നരായ ആത്മാക്കള്‍ ഇവിടെ വന്നുചേരും.

സുഹൃത്തുക്കളേ, എന്റെ ഒരാശയത്തെ നിങ്ങള്‍ സദയം പരാമര്‍ശിക്കയുണ്ടായി. ഹിമാലയത്തില്‍ഒരാശ്രമം തുടങ്ങണമെന്നതത്രേ അത്. എന്തുകൊണ്ടതു വേണമെന്ന്, ഒരുപക്ഷേ, ഞാന്‍ വേണ്ടുവോളം വിശദമാക്കിക്കഴിഞ്ഞു: വിശേഷിച്ചും മറ്റെല്ലാ സ്ഥലങ്ങളെയുമപേക്ഷിച്ച് ഈ സ്ഥലം സാര്‍വലൗകികമതം പഠിപ്പിക്കാനുള്ള ഒരു കേന്ദ്രമായി എന്തുകൊണ്ട് ഞാന്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന്; നമ്മുടെ വംശത്തിന്റെ ഉത്തമസ്മരണകളോടു ബന്ധപ്പെട്ടവയാണ് ഈ പര്‍വതങ്ങള്‍. മതത്തിന്റെതായ ഭാരതീയചരിത്രത്തില്‍നിന്ന് ഈ ഹിമാലയങ്ങളെ നീക്കിക്കളഞ്ഞാല്‍, വളരെ കുറച്ചേ അവശേഷിക്കൂ. അതിനാല്‍, വെറും പ്രവൃത്തിയുടെ മാത്രമല്ല, ഏറെയും ശാന്തിയുടെയും ധ്യാനത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളിലൊന്ന് ഇവിടെ വേണ്ടതാണ്. എന്നെങ്കിലുമൊരിക്കല്‍ അതു സാധിക്കുമെന്ന് ഞാന്‍ ആശിക്കുന്നു. മറ്റു വല്ലപ്പോഴും നിങ്ങളോടു കൂടിച്ചേരാമെന്നും, സംസാരിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുമെന്നുംകൂടി ഞാന്‍ ആശിക്കുന്നു. തല്‍ക്കാലം, എന്നോടു കാട്ടിയ സൗമനസ്യത്തിന് ഒരിക്കല്‍ക്കൂടി നിങ്ങളോടു നന്ദി പ്രദര്‍ശിപ്പിച്ചുകൊള്ളട്ടെ. അത് ഒരു വ്യക്തിയെന്ന നിലയില്‍ എന്നോടു കാട്ടിയ സൗമനസ്യമല്ലെന്നും, നമ്മുടെ മതത്തിന്റെ ഒരു പ്രതിനിധിയോടാണ് അതു കാട്ടിയതെന്നും ധരിക്കുവാന്‍ എന്നെ അനുവദിക്കുക. നമ്മുടെ ഹൃദയത്തില്‍നിന്നതു വിട്ടുപോകാതിരിക്കട്ടെ! ഈ നിമിഷമെന്നപോലെ, എക്കാലവും നമുക്കു വിശുദ്ധരായിരിക്കാം: ആദ്ധ്യാത്മികതയ്ക്കുവേണ്ടി, ഇപ്പോഴെന്നപോലെ, എപ്പോഴും ഉത്‌സാഹവാന്മാരായി കഴിഞ്ഞുകൂടാം.

[വിവേകാനന്ദസാഹിത്യസര്‍വസ്വം – അല്‍മോറയിലെ സ്വാഗതത്തിനു മറുപടി]