പഞ്ചാബില്‍ സിയല്‍ക്കോട്ടില്‍വെച്ചു ചെയ്ത പ്രസംഗം
പഞ്ചാബിലും കാശ്മീരിലുംനിന്നു വന്ന ക്ഷണമനുസരിച്ച്, വിവേകാനന്ദസ്വാമികള്‍ ആ പ്രദേശങ്ങളിലൂടെ സഞ്ചരിക്കയുണ്ടായി. കാശ്മീരില്‍ അദ്ദേഹം ഒരു മാസത്തിലേറെ താമസിച്ചു. അവിടെ സ്വാമികള്‍ ചെയ്ത പ്രവര്‍ത്തനം അവിടെ മഹാരാജാവിന്റെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും പ്രീതിയാര്‍ജ്ജിച്ചു. പിന്നെ, മുരി, രാവല്‍പ്പിണ്ഡി, ജമ്മു എന്നീ പട്ടണങ്ങളില്‍ സ്വാമികള്‍ കുറേ ദിവസം പാര്‍ക്കുകയും ഇവിടങ്ങളിലെല്ലാം പ്രസംഗിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹം സിയല്‍കോട്ട് സന്ദര്‍ശിച്ച് രണ്ടു പ്രസംഗങ്ങള്‍ ചെയ്തു. ഒന്ന് ഇംഗ്ലീഷിലും മറ്റേത് ഹിന്ദിയിലുമായിരുന്നു. സ്വാമികള്‍ ചെയ്ത ഹിന്ദി പ്രസംഗത്തിന്റെ വിഷയം ‘ഭക്തി’യായിരുന്നു. അതിന്റെ ചുരുക്കം ചുവടെ ചേര്‍ക്കുന്നു;
ലോകത്തിലുണ്ടായിട്ടുള്ള വിവിധമതങ്ങള്‍, അംഗീകരിച്ച ആരാധനാരൂപങ്ങളെ സംബന്ധിച്ചിടത്തോളം ഭിന്നങ്ങളാണെങ്കിലും, സത്യത്തില്‍ ഒന്നുതന്നെയാണ്. ചിലേടങ്ങളില്‍ ആളുകള്‍ ദേവാലയങ്ങള്‍ പണിയിച്ച് അവയില്‍വെച്ച് ആരാധന നടത്തുന്നു: ചിലേടത്ത് അഗ്‌നിയെ ആരാധിക്കുന്നു. മറ്റിടങ്ങളില്‍ വിഗ്രഹങ്ങളുടെ മുന്നില്‍ നമസ്‌കരിക്കുന്നു. കൂടാതെ, വളരെപ്പെര്‍ ഈശ്വരനില്‍ വിശ്വസിക്കാത്തവരുമുണ്ട്. ഇവയൊക്കെ സത്യങ്ങളത്രേ. സാരാംശത്തിലേക്ക്, യഥാര്‍ത്ഥമതത്തിലേക്ക്, ഓരോ മതത്തിന്റെയും തത്ത്വങ്ങളിലേക്ക് നോക്കിയാല്‍ ഇവയൊക്കെ സദൃശമാണ്. ചില മതങ്ങളില്‍ ഈശ്വരാരാധനതന്നെയില്ല: പോരാ, അവിടുത്തെ സത്തയില്‍പ്പോലും വിശ്വാസമില്ല: എന്നാല്‍, ഈശ്വരനെയെന്നോണം, നല്ലവരും യോഗ്യരുമായ മനുഷ്യരെ പൂജിക്കുന്നുണ്ട്. ഈ പ്രകൃതത്തില്‍ ഉദാഹരിക്കാന്‍ യോഗ്യം ബുദ്ധമതമാണ്. എല്ലായിടത്തും ഭക്തിയുണ്ട് – അതിന്റെ ലക്ഷ്യം ഈശ്വരനാകട്ടെ, ഉദാരചരിതരായ മനുഷ്യരാകട്ടെ. എല്ലായിടത്തും ഭക്തിയുടെ രൂപം പൂണ്ട ഉപാസന പ്രമുഖമായിട്ടുണ്ട്. ജ്ഞാനത്തെക്കാള്‍ സുലഭം ഭക്തിയാണുതാനും. ജ്ഞാനത്തിന് അനുകൂലമായ ചുറ്റുപാടുകളും ആയാസകരമായ അനുഷ്ഠാനവും വേണം. നല്ല ആരോഗ്യമുള്ള ശരീരവും ഐഹികാസക്തികളുടെ ത്യാഗവുമില്ലാതെ യോഗാഭ്യാസം വേണ്ടവണ്ണം സാദ്ധ്യമല്ല. ജീവിതത്തിലെ ഏതു തുറയില്‍പ്പെട്ടവര്‍ക്കും, കൂടുതല്‍ എളുപ്പത്തില്‍ ഭക്തി അഭ്യസിക്കത്തക്കതാണ്. ഭക്തിയെക്കുറിച്ച് ശാണ്ഡില്യഋഷി പറയുന്നു, ഈശ്വരനോടുള്ള പരാനുരക്തിയാണ് ഭക്തിയെന്ന്. ഇതേ കാര്യം പ്രഹ്ലാദനും പറയുന്നു. ഒരു ദിവസം തികച്ചു ഭക്ഷണം കിട്ടാത്ത മനുഷ്യന് എന്തു ബുദ്ധിമുട്ടാണ്: ഒരാളുടെ മകന്‍ മരിച്ചാല്‍ അതയാള്‍ക്ക് എത്ര മര്‍മ്മഭേദകമാണ്! അതേ വേദന യഥാര്‍ത്ഥഭക്തന് ഈശ്വരലാഭത്തിനുള്ള തൃഷ്ണ ഉദിക്കുമ്പോള്‍ കരളില്‍ ഉണ്ടാകുന്നു: ഭക്തിയ്ക്കുള്ള വമ്പിച്ച മെച്ചം അതു മനസ്സു ശുദ്ധമാക്കുന്നു എന്നതത്രേ. പരമേശ്വര ഭക്തിയുറച്ചാല്‍ മനഃശുദ്ധിയുളവാക്കാന്‍ അതുതന്നെ മതി, ”ഭഗവന്‍, അവിടത്തെ തിരുനാമങ്ങള്‍ കണക്കറ്റതാണ്: അവയിലോരോന്നിലും, ആഴവും കരുത്തുമിയലുന്ന പൊരുള്‍ നിറഞ്ഞിരിക്കുന്നു.” ഈശ്വര ചിന്ത സദാ നമുക്കു വേണം. അതിനുവേണ്ടി കാലദേശങ്ങള്‍ ചിന്തിക്കേണ്ടതില്ല.
ആരാദ്ധ്യനായ ഈശ്വരനു നല്കപ്പെടുന്ന നാമധേയങ്ങള്‍ ഭിന്നങ്ങളാണെന്നു തോന്നാം. ഒരാള്‍ തനത് ആരാധനാരീതിയാണ് ഏറ്റവും ഫലപ്രദമെന്നു കരുതുന്നു: മറ്റൊരുവന്റെ വിചാരം തന്റെ പരിപാടിയാണ് മുക്തിലാഭത്തിനു കൂടുതല്‍ ശക്തിമത്തെന്നാണ്. എന്നാല്‍ എല്ലാറ്റിന്റെയും ശരിയായ അടിത്തറയിലേക്കു നോക്കുക, അത് ഒന്നു മാത്രമാണ്. ഏറ്റവും ശക്തിന്‍ എന്നു ശിവനെ ശൈവന്മാര്‍ വിളിക്കുന്നു: വൈഷ്ണവര്‍ സ്വന്തം സര്‍വ്വശക്തനായ വിഷ്ണുവിനോടാണ് ഒട്ടിനില്ക്കുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും വമ്പിച്ച ശക്തി ദേവിയാണെന്ന ആശയം ശാക്തേയര്‍ വിട്ടുകൊടുക്കില്ല. സ്ഥിരമായ ഭക്തി വേണമെങ്കില്‍ വിദ്വേഷചിന്തകള്‍ വെടിയണം. ഭക്തിയുടെ പുരോഗതിയിലുള്ള വമ്പിച്ച പ്രതിബന്ധമാണ് വിദ്വേഷം. ആരോടും ദ്വേഷമില്ലാത്തവന്‍ ഈശ്വരനില്‍ ചെന്നെത്തുന്നു. എന്നാലും, സ്വന്തം ആദര്‍ശത്തോട് (ഇഷ്ടദേവതയോട്) ഭക്തി കൂടിയേതീരൂ. ഹനുമാന്‍ പറയുകയാണ്; ”വിഷ്ണുവും രാമനും ഒന്നുതന്നെയെന്നെനിക്കറിയാം: എന്നാലും കമലലോചനനായ രാമനാണ് എന്റെ ഏറ്റവും വിലപ്പെട്ട നിധി.” ഒരുവന്റെ സഹജവാസനകള്‍ അയാളോടൊത്തു നിലകൊള്ളും. ഇതാണ് ലോകത്തില്‍ ഒറ്റ മതംമാത്രം ഉണ്ടാകാത്തതിനു മുഖ്യകാരണം. ഒരു മതം മാത്രമാകാതിരിക്കാന്‍ ഈശ്വരന്‍ തുണയ്ക്കട്ടെ! (മറിച്ച്) ഒരു മതം മാത്രമായാല്‍ ഈ ലോകം കെട്ടുറപ്പറ്റ് അഴിഞ്ഞുപോകും. മനുഷ്യന്‍ തനിക്കുള്ള പ്രത്യേക വാസനകളെ പിന്‍തുടരണം. തന്റെതായ മാര്‍ഗ്ഗത്തിലൂടെ മുന്നേറാന്‍ സഹായിക്കുന്ന ഗുരുവിനെ ലഭിച്ചാല്‍ അയാള്‍ പുരോഗമിക്കും. ഒരുവന്‍ ഉദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ പോകാന്‍ നാം അനുവദിക്കണം: മറിച്ച്, മറ്റൊരു വഴിയേ പോകാന്‍ നിര്‍ബ്ബന്ധിച്ചാല്‍, അതിനകം കിട്ടിയിട്ടുള്ളതും അയാള്‍ക്കില്ലാതാകും: അങ്ങനെ അയാള്‍ തീരെ കൊള്ളരുതാത്തവനാകും. ഒരുവന്റെ മുഖം മറ്റൊരുവന്റെതു പോലല്ലാത്തവണ്ണം ഒരുവന്റെ സ്വഭാവവും മറ്റൊരു വന്‍േറതില്‍നിന്നു ഭന്നമാണ്. ഈ സ്വഭാവത്തിനൊത്തു പ്രവര്‍ത്തിക്കാന്‍ എന്തുകൊണ്ടയാളെ അനുവദിച്ചുകൂടാ? ഒരു നദി ഒരു ദിക്കിലേക്കൊഴുകുന്നു: അതിന്റെ ഒഴുക്കു ചൊവ്വുള്ള ഒരു ചാലിലൂടെ വിട്ടാല്‍ ഒഴുക്കിനു വേഗവും ഊക്കും കൂടും. ചൊവ്വൊത്ത ആ ചാലില്‍നിന്നു ഗതി മാറ്റിവിടാന്‍ ശ്രമിച്ചാല്‍ ഫലമപ്പോള്‍ കാണാം: വെള്ളത്തിന്റെ ആകെക്കൂടിയുള്ള ഘനമാനവും ഊക്കും കുറഞ്ഞുപോകും. ഈ ജീവിതം വളരെ പ്രധാനമാണ്: ഓരോരുത്തനും അവനവന്റെ വാസനയ്‌ക്കൊത്ത് വേണം ജീവിതം നയിക്കുക. ഭാരതത്തില്‍ (മത) വിദ്വേഷമില്ലായിരുന്നു. ഒരു മതത്തെയും ദ്രോഹിച്ചിരുന്നില്ല. അങ്ങനെ മതം നിലനിന്നു വരുന്നു. മതങ്ങളെപ്പറ്റിയുള്ള കലഹങ്ങള്‍ ഉണ്ടാകുന്നത് അവനവന്റെ മതത്തില്‍ മാത്രമേ സത്യമുള്ളു എന്നും തന്നെപ്പോലെ ചിന്തിക്കാത്തവന്‍ വിഡ്ഢിയാണെന്നും കരുതുന്നതുകൊണ്ടാണെന്നോര്‍ക്കണം. ഒരുവന്‍ കരുതിയേക്കും; ”അവനൊരു ദാംഭികനാണ്: അല്ലെങ്കില്‍ എന്നെ അനുഗമിക്കുമായിരുന്നു.”
മനുഷ്യര്‍ക്കെല്ലാം ഒറ്റ മതമുണ്ടാകണമെന്നായിരുന്നു ഈശ്വരേച്ഛയെങ്കില്‍, ഇത്രയേറെ മതങ്ങളുണ്ടായതെന്തുകൊണ്ട്? എല്ലാവരുടെയും മേല്‍ ഒരേ മതം അടിച്ചേല്പിക്കുവാന്‍ നിഷ്ഫലമായി പലേ പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഒരേ മതമനുസരിപ്പാന്‍ വാളുയര്‍ത്തിയപ്പോള്‍പ്പോലും അതിന്റെ സ്ഥാനത്തു പത്തു മതങ്ങളുണ്ടായതായിട്ടാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ഒരേ മതം എല്ലാവര്‍ക്കും ചേരില്ല: കരണം, പ്രതികരണം എന്നീ രണ്ടു ശക്തികളുടെ ഫലമാണ് മനുഷ്യന്‍. ഇവ രണ്ടുമാണ് അവനെ ചിന്തിപ്പിക്കുന്നത് മനനശീലനാണ് മനുഷ്യന്‍. ചിന്താശക്തി നഷ്ടപ്പെട്ടാല്‍ അവനുടന്‍ മൃഗപ്രായനാകും. അങ്ങനെയൊരു മനുഷ്യനെ ആരിഷ്ടപ്പെടും? ഭാരതത്തിലുള്ളവര്‍ക്ക് അങ്ങനെ ഒരു നിലയും ഈശ്വരന്‍ വരുത്താതിരിക്കട്ടെ! മനുഷ്യനെ മനുഷ്യനായി വെച്ചുപുലര്‍ത്താന്‍ ഏകത്വത്തില്‍ നാനാത്വം ആവശ്യമാണ്. എല്ലാറ്റിലും നാനാത്വം നിലനിര്‍ത്തണം. ലോകം നിലനില്ക്കുന്നതുതന്നെ നാനാത്വമുള്ളിടത്തോളം കാലമാണ്. നാനാത്വമെന്നു പറഞ്ഞാല്‍ ഒരുവന്‍ ചെറുതും മറ്റൊരുവന്‍ വലുതുമെന്നുമാത്രമല്ലല്ലോ അര്‍ത്ഥം. എല്ലാവരും ജീവിതത്തില്‍ അവരവര്‍ക്കുള്ള സ്ഥാനങ്ങളില്‍, അവരവരുടെ പങ്ക് ഒരു പോലെ മെച്ചപ്പെട്ട രീതിയില്‍ നിര്‍വ്വഹിച്ചാല്‍ ആ നാനാത്വം സുരക്ഷിതമായിരിക്കും. ഓരോ മതത്തിലുമുണ്ടായിട്ടുണ്ട് നല്ലവരും കഴിവുള്ളവരും. അങ്ങനെ അവര്‍ അവരവരുടെ മതങ്ങളെ ബഹുമാന്യമാക്കിയിട്ടുമുണ്ട്. അത്തരക്കാര്‍ എല്ലാ മതങ്ങളിലുമുള്ളതിനാല്‍, ഒരു വിഭാഗക്കാരോടും വിദ്വേഷമുണ്ടായിക്കൂടാ.
തിന്മയെ പൊക്കിപ്പിടിക്കുന്ന മതത്തെയും ബഹുമാനിക്കണമോ എന്നു ചോദിച്ചേക്കാം. ഇതിന്റെ ഉത്തരം നിശ്ചയമായും നിഷേധാര്‍ത്ഥത്തില്‍ത്തന്നെയാണ്. ഉടനടി ആ മാതിരി മതത്തെ ഉച്ചാടനം ചെയ്യേണ്ടതാണ്: കാരണം, അതപകടമുണ്ടാക്കുന്നതാണ്. ശിഷ്ടാചാരത്തില്‍ അടിയുറച്ചിരിക്കണം എല്ലാ മതങ്ങളും: ധര്‍മ്മത്തിനു മേലേയായിരിക്കണം വ്യക്തിഗതമായ പരിശുദ്ധി. ബാഹ്യാഭ്യന്തരശുദ്ധിയാണ് ആചാരം എന്ന സംഗതി ഇത്തരുണത്തില്‍ അറിയേണ്ടതുണ്ട്. ബാഹ്യശുദ്ധി ശാസ്ത്രവിഹിതമായ ജലാദികൊണ്ടു സമ്പാദിക്കാം. ആഭ്യന്തരപുരുഷന്റെ ശുദ്ധി, അനൃതം പറയാതെയും മദ്യം കഴിക്കാതെയും ദുശ്ചരിതം കൂടാതെയും പരോപകാരം ചെയ്തുകൊണ്ടുമാണ് കൈവരുത്തേണ്ടത്. നിങ്ങള്‍ ഒരു പാപമെങ്കിലും ആചരിക്കുകയോ കളവു പറയുകയോ കള്ളു കുടിക്കയോ ചൂതുകളിക്കയോ കക്കുകയോ ചെയ്യുന്നില്ലെങ്കില്‍ അതു നല്ലതാണ്. പക്ഷേ ഇതു നിങ്ങളുടെ ചുമതല മാത്രമാണ്: ഇതു കൊണ്ട് നിങ്ങള്‍ ശ്ലാഘ്യരാകുകയില്ല. കുറേ പരോപകാരവും വേണം. നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ നന്മ ചെയ്യുംപോലെ, മറ്റുള്ളവര്‍ക്കും നന്മ ചെയ്യണം.
ഈ ഘട്ടത്തില്‍ ആഹാരനിബന്ധനകളെപ്പറ്റി ചിലതു പറയാം. പഴയ കീഴ്‌വഴക്കങ്ങളെല്ലാം മാഞ്ഞുപോയിരിക്കയാണ്. നമ്മുടെ നാട്ടുകാരുടെ ഇടയില്‍ അവശേഷിച്ചിട്ടുള്ളത് ‘ഇയാളോടൊത്തൊന്നും കഴിക്കരുത്, അയാളോടൊത്തൊന്നും കഴിക്കരുത്’ എന്നുള്ള അസ്ഫുടമായ ഒരാശയം മാത്രമാണ്. പല നൂറ്റാണ്ടുകള്‍ക്കു മുമ്പുണ്ടാക്കിയ നല്ല നിയമങ്ങളില്‍ അവശേഷിച്ചിട്ടുള്ളതു തൊട്ടാലത്തെ അശുദ്ധി മാത്രമാണ്. നമ്മുടെ ശാസ്ത്രങ്ങളില്‍ മൂന്നു തരത്തിലുള്ള ഭക്ഷ്യങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. ഒന്നാമത്, സ്വാഭാവികമായിത്തന്നെ വെളുത്തുള്ളിയോ ചുവന്നുള്ളിയോപോലെ ദുഷിച്ചിട്ടുള്ളത്. ഇവയൊക്കെ ഏറെക്കഴിച്ചാല്‍ കാമോദ്ദീപനമാണ് ഫലം. അപ്പോള്‍ പ്രവൃത്തി, ഈശ്വരന്നും മനുഷ്യന്നും നിരക്കാത്തവണ്ണം, അസാന്മാര്‍ഗ്ഗികമാകും. രണ്ടാമതായി, ബാഹ്യമായ മലിനതകള്‍കൊണ്ടു ദുഷിച്ച ആഹാരമാണ്. നമ്മുടെ ആഹാരം സൂക്ഷിക്കുന്ന സ്ഥലം നന്നെ വെടിപ്പുള്ളതും നിര്‍മ്മലവുമായിരിക്കണം. മൂന്നാമത് ദുഷ്ടന്‍ തൊട്ട ആഹാരം കഴിക്കരുത്. അത്തരം ആഹാരം തൊട്ടാല്‍ നമുക്കു ചീത്ത ചിന്തകള്‍ ഉണ്ടാകും. ഒരുവന്‍ വിഷയിയും ആചാരശുദ്ധിയില്ലാത്ത ചിന്തകള്‍ ഉണ്ടാകും. ഒരുവന്‍ വിഷയിയും ആചാരശുദ്ധിയില്ലാത്തവനുമാണെങ്കില്‍ അയാള്‍ ബ്രാഹ്മണപുത്രനായാലും ശരി, അയാള്‍ തരുന്ന ആഹാരം കഴിച്ചുകൂടാ.
പക്ഷേ ഈവക അനുഷ്ഠാനങ്ങളുടെ ആത്മാവ് എങ്ങോ പൊയ്‌പോയിരിക്കുന്നു. മിച്ചമുള്ളത് ഇത്രയുമാണ്; എത്ര പ്രാജ്ഞനും പരിപൂതനുമായാലും ഒരുവന്‍ ഏറ്റവും ഉയര്‍ന്ന ജാതിയില്‍ പെട്ടവനല്ലെങ്കില്‍, അയാള്‍ നല്കുന്ന ഭക്ഷണം കഴിച്ചുകൂടാ എന്ന ഒരു ബോധം. പഴയ ഈ നിയമങ്ങള്‍ മിഠായിക്കടയില്‍ കൂട്ടാക്കാത്തത് എപ്പോഴും കാണാം. തീറ്റിസ്സാധനങ്ങളുടെ മേലൊക്കെ ഈച്ച പറന്നുകൊണ്ടിരി ക്കുന്നു, വഴിയില്‍നിന്നു മഠായിയുടെ മേല്‍ പൊടി പാറുന്നു, വില്പനക്കാരന്റെ വേഷവും അത്രയേറെ ശുചിത്വമോ വെടിപ്പോ ഉള്ളതല്ല. ചില്ലടപ്പുള്ള പാത്രങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഹല്‍വാക്കടയില്‍ നിന്നു മിഠായി മേടിക്കയില്ലെന്ന് ഒരേ സ്വരത്തില്‍ പറയേണ്ടതാണ്. അങ്ങനെ ചെയ്താല്‍ ഈച്ചകള്‍, വിഷൂചിക തുടങ്ങിയ രോഗങ്ങളുടെ ബീജങ്ങള്‍ പരത്തില്ലെന്ന കാമ്യമായ ഫലമുളവാകും. നാം മെച്ചപ്പെടേണ്ടതാണ്. പക്ഷേ അതിനുപകരം പിമ്പോട്ടു പോകയാണ്. വെള്ളത്തില്‍ തുപ്പരുതെന്നു മനു പറയുന്നുണ്ട്. നാമാകട്ടെ, എല്ലാത്തരം മാലിന്യങ്ങളും നദികളിലേക്ക് എടുത്തെറിയുന്നു. ഇതൊക്കെ ആലോചിച്ചാല്‍, നമ്മുടെ ബാഹ്യാത്മാവിനു ശുദ്ധീകരണം അത്യാവശ്യമാണെന്നു കാണാം. ശാസ്ത്രകാരന്മാര്‍ക്ക് അതു നല്ലവണ്ണം അറിയാമായിരുന്നു. പക്ഷേ, ഇപ്പോള്‍ ആഹാരത്തിന്റെ പരിശുദ്ധി പുലര്‍ത്തുക എന്ന ചടങ്ങിന്റെ വാസ്തവികാര്‍ത്ഥം മാഞ്ഞുപോയിരിക്കുന്നു: വാക്കുകള്‍ മാത്രം മിച്ചമുണ്ട്. നമ്മുടെ ജാതിക്കാര്‍ കള്ളന്മാരോ കുടിയന്മാരോ കുറ്റവാളികളോ ആകാം. പക്ഷേ, നല്ലവനും ഉദാരനുമായ ഒരുവന്‍ തന്നെപ്പോലെ മാന്യനായ, എന്നാല്‍ താണജാതിയില്‍പെട്ട, ഒരുവന്റെ കൂടെ ഭക്ഷണം കഴിച്ചാല്‍ അയാളെ ഭ്രഷ്ടനാക്കും. അങ്ങനെ എന്നെന്നേയ്ക്കുമായി അയാള്‍ നശിക്കും. നമ്മുടെ രാജ്യത്തിനു ശാപമായിരുന്നിട്ടുള്ളതാണ് ഈ കീഴ്‌വഴക്കം. അതിനാല്‍ വളരെ വ്യക്തമായി അറിഞ്ഞിരിക്കണം, പാപം പാപികളോടുള്ള സമ്പര്‍ക്കത്തില്‍നിന്നാണുണ്ടാകുന്നതെന്നും, മാന്യത സത്തുക്കളുടെ സംഗത്തില്‍നിന്നാണുണ്ടാകുന്നതെന്നും. ദുഷ്ടന്മാരെ ഒഴിവാക്കുന്നതാണ് ബാഹ്യശൗചം.
ആഭ്യന്തരശൗചം വളരെ കൂടുതല്‍ കഠിനമാണ്. സത്യം പറയുകയും ദരിദ്രസേവയും അഗതികളെ തുണയ്ക്കലും മറ്റുമാണത്. നാം എപ്പോഴും സത്യമാണോ പറയുക? പലപ്പോഴും ഉണ്ടാകുന്നതിതാണ്. ആളുകള്‍ സ്വന്തം വല്ല ആവശ്യത്തിനും പണക്കാരന്റെ വീട്ടില്‍ ചെല്ലുന്നു: ദീനപരിപാലകന്‍ എന്നും മറ്റും വിളിച്ച് അയാളെ സ്തുതിക്കുന്നു. ഒരുപക്ഷേ, ഇയാള്‍ തന്റെ വീട്ടില്‍ വരുന്ന വല്ല പാപത്തിന്റെയും കഴുത്തില്‍ കത്തിവെച്ചെന്നുതന്നെ വരാം. ഇതെന്താണ്? പച്ചക്കള്ളം. ഇതാണ് മനസ്സിനെ അശുദ്ധമാക്കുന്നത്. അതുകൊണ്ട് ദുഷ്ടമായ ഒരാശയംപോലും ഉള്ളില്‍ കടത്താതെ പന്തിരണ്ടുകൊല്ലം അന്തഃകരണശോധനം ചെയ്തിട്ടുള്ള ഒരുവന്‍ പറയുന്നതെല്ലാം സത്യമാകുമെന്ന പറച്ചില്‍ യഥാര്‍ത്ഥമാണ്. ഇതാണ് സത്യത്തിന്റെ പ്രഭാവം. ഉള്ളും പുറവും ശുദ്ധമാക്കിയവനു മാത്രമേ ഭക്തിയുണ്ടാകൂ. എന്നാല്‍ മനോജ്ഞമായ സംഗതി ഭക്തിതന്നെ ഒട്ടൊക്കെ മനസ്സിനെ നിര്‍മ്മലമാക്കുന്നു എന്നതാണ്. യഹൂദരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഹിന്ദുക്കളെപോലെതന്നെ അതിരറ്റ ബാഹ്യശരീരശോധനത്തിനു പ്രാധാന്യം നല്കന്നില്ലെങ്കിലും, ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കും അതുണ്ട്: അവര്‍ക്കുമറിയാം, എപ്പോഴും ഒരളവോളം അതത്യാവശ്യമാണെന്ന്. യഹൂദന്മാരുടെ ഇടയില്‍ വിഗ്രഹാരാധന നിഷിദ്ധമാണ്: പക്ഷേ ‘ആര്‍ക്’ എന്നറിയപ്പെടുന്ന പെട്ടകംവെച്ച ഒരു ദേവാലയം അവര്‍ക്കുണ്ടായിരുന്നു. ആ പെട്ടകത്തിലത്രെ ‘നിയമപട്ടികകള്‍’ സൂക്ഷിക്കപ്പെട്ടിരുന്നത്. ഈ പെട്ടകത്തിനുമേലെ വിടര്‍ത്തിയ ചിറകുമായി രണ്ടു മാലാഖാ വിഗ്രഹങ്ങളും. ഇവയുടെ ഇടയ്ക്കാണ്, മേഘത്തെപ്പോലെ സ്വയം വ്യക്തമാകുന്ന ദിവ്യസാന്നിദ്ധ്യം ഉണ്ടാകുന്നതായി കരുതപ്പെടുന്നത്. ആ ദേവാലയം വളരെ മുമ്പുതന്നെ നശിപ്പിക്കപ്പെട്ടു. എന്നാല്‍ തികച്ചും പഴയ മാതൃകയില്‍ പുതിയ ദേവാലയങ്ങളുണ്ടാക്കപ്പെടുന്നു: പെട്ടകത്തില്‍ മതഗ്രന്ഥങ്ങള്‍ സൂക്ഷിച്ചുവരുന്നു. റോമന്‍ കത്തോലിക്കര്‍ക്കും ഗ്രീക് (മാര്‍ഗ്ഗത്തില്‍പ്പെട്ട) ക്രിസ്ത്യാനികള്‍ക്കും ചിലതരം വിഗ്രഹാരാധനയുണ്ട്. യേശുവിന്റെയും യേശുമാതാവിന്റെയും വിഗ്രഹങ്ങള്‍ പൂജിക്കപ്പെട്ടുവരുന്നു. പ്രൊട്ടസ്റ്റന്റുകാരുടെ ഇടയ്ക്ക് ഒരുതരം വിഗ്രഹാരാധനയുമില്ല. എങ്കിലും അവര്‍ വ്യക്തിത്വവിശിഷ്ടനായ ഈശ്വരനെയാണ് ആരാധിക്കുന്നത്: ഇതും വിഗ്രഹാരാധനയുടെ മറ്റൊരു രൂപംതന്നെ. പാഴ്‌സികളും ഇറാന്‍ദേശക്കാരും ഏറിയ തോതില്‍ അഗ്‌ന്യാരാധകരാണ്. മുഹമ്മദീയരുടെ ഇടയില്‍ പ്രവാചകരും മഹാത്മാക്കളും ആരാധിക്കപ്പെട്ടുവരുന്നു: അവര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കാബയുടെ നേര്‍ക്കു നോക്കിവരുന്നു. ഈവക സംഗതികള്‍ തെളിയിക്കുന്നത്, മതപരമായ വളര്‍ച്ചയുടെ ആദ്യ ഘട്ടത്തില്‍ മനുഷ്യര്‍ക്കു ബാഹ്യോപാധി ഉപയോഗിക്കേണ്ടിവരുന്നു എന്നാണ്. അന്തഃകരണം ശുദ്ധമാകുമ്പോള്‍ അവര്‍ കൂടുതല്‍ സൂക്ഷ്മമായ സങ്കല്പങ്ങളിലേക്കു തിരിയുന്നു. ”ബ്രഹ്മത്തോട് ഐക്യമടയാനുള്ള ജീവന്റെ ശ്രമമാണുത്തമം: ധ്യാനത്തില്‍ ഏര്‍പ്പെടുന്നതു മദ്ധ്യമം, നാമോച്ചാരണം അധമം, ബാഹ്യാരാധനം, അധമാധമവും.” എന്നാല്‍, ഒടുവില്‍ പറഞ്ഞത് അനുഷ്ഠിക്കുന്നതുപോലും പാപമല്ലെന്നു വ്യക്തമായി ധരിക്കണം. കഴിവുള്ളതു ചെയ്യാനാണ് ഓരോരുത്തനും ശ്രമിക്കേണ്ടത്: അതു ചെയ്യാതിരിക്കാന്‍ പ്രേരിതനായല്‍ മറ്റു വല്ല തരത്തിലും അവന്‍ അതു ചെയ്യും. അതിനാല്‍ വിഗ്രഹാരാധന നടത്തുന്നവനെ കുറ്റപ്പെടുത്തിക്കൂടാ. വളര്‍ച്ചയുടെ ആ പ്രത്യേകഘട്ടത്തിലാണയാള്‍. അപ്പോള്‍ അയാള്‍ക്ക് വിഗ്രഹങ്ങള്‍ വേണം. ബുദ്ധിമാന്മാര്‍ ചെയ്യേണ്ടത് അക്കൂട്ടരെ മുന്നോട്ടു പോകാനും മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാനും തുണയ്ക്കയത്രേ. പല വിധത്തിലുള്ള ഈ ആരാധനയെപ്പറ്റി കലഹിക്കുന്നതുകൊണ്ടു കാര്യമൊന്നുമില്ല.