സ്വാമി വിവേകാനന്ദന്‍

ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും
നമ്മുടെ ആശയങ്ങളും ചിന്തകളും പണ്ടേപ്പോലെ ഭാരതസീമകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കയല്ല എന്ന്, ഇന്നു നാം കാണുന്നു: മറിച്ച്, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവ വെളിയിലേക്ക് അണിനിരന്നു ചെല്ലുന്നു: ലോകജനതകളുടെ സാഹിത്യത്തില്‍ അവ ഊറിക്കലരുന്നു. ജനതകള്‍ക്കിടയില്‍ അവയ്ക്ക് ഒരു സ്ഥാനം ലഭിച്ചിട്ടുണ്ട്: ചിലേടങ്ങളില്‍ അവയ്ക്കു പ്രശാസകവും പ്രചോദകവുമായ ഒരു നിലപോലും കൈവന്നിട്ടുണ്ട്. ഇതിനെ വ്യാഖ്യാനിക്കാവുന്നത് ഇങ്ങനെയാണ്; മനുഷ്യന്റെ മനസ്സിനു കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളില്‍വെച്ച് ഏറ്റവും മഹത്തും ഉത്കൃഷ്ടവും ഉദാത്തവുമായ ഒന്നാണ് ലോക പുരോഗതിക്കു ഭാരതം ചെയ്തിട്ടുള്ള സംഭാവന – ഭാരതീയദര്‍ശനവും ആദ്ധ്യാത്മികതയും. മറ്റു പല സംഗതികളും നമ്മുടെ പൂര്‍വികര്‍ ചെയ്തുനോക്കി. മറ്റുള്ള ജനതകളെപ്പോലെ അവരും ബാഹ്യപ്രകൃതിയുടെ രഹസ്യങ്ങള്‍ കൈയ്ക്കലാക്കാന്‍ പുറപ്പെട്ടു. ഇതു നമുക്കറിയാം. ആശ്ചര്യജനകമായ ആ വംശത്തിന് അവരുടെ ബൃഹത്തായ മസ്തിഷ്‌കം കൊണ്ട് ലോകര്‍ക്കുതന്നെ അഭിമാനംകൊള്ളത്തക്ക പല അദ്ഭുതങ്ങളും ചെയ്യാന്‍ കഴിഞ്ഞേനേ: പക്ഷേ, ഉത്കൃഷ്ടതരമായ മറ്റൊന്നിനുവേണ്ടി  ആ സംരംഭം അവര്‍ ഉപേക്ഷിച്ചു. ഉത്കൃഷ്ടതരമായതു വേദങ്ങളില്‍ മുഴങ്ങുന്നുണ്ട്; ”മാറ്റമില്ലാത്തവനെപ്പറ്റി നമുക്ക് അറിവുതരുന്ന വിദ്യയാണ് ഏറ്റവും മെച്ചപ്പെട്ടത്.” മാറുന്നതും മായുന്നതുമായ പ്രകൃതിയെ, മരണത്തിന്റെയും ദുരിതത്തിന്റെയും ദുഃഖത്തിന്റെയുമായ പ്രകൃതിയെപ്പറ്റിയുള്ള വിദ്യ മഹത്താകാം: മഹത്തുതന്നെ. പക്ഷേ നമ്മുടെ പൂര്‍വ്വികന്മാരുടെ അഭിപ്രായത്തില്‍, ഏറ്റവും ഉദാത്തമായ വിദ്യ ഭേദമറ്റവനും ആനന്ദരൂപനുമായവനെപ്പറ്റിയുള്ളതാണ്. അതില്‍ മാത്രമാണ് ശാന്തി, അതില്‍ മാത്രമാണ് നിത്യജീവിതം, അതില്‍ മാത്രമാണ് പൂര്‍ണ്ണത, അതില്‍ മാത്രമേ ദുരിതങ്ങളെല്ലാം ശമിക്കൂ.

ഉണ്ണാനും ഉടുക്കാനുമുള്ള വകയും സഹജരായ മറ്റുള്ളവരുടെമേല്‍ പ്രതാപവും മാത്രം തരുന്ന വിദ്യകള്‍, സഹജന്മാരെ കീഴടക്കാനും ഭരിക്കാനും പഠിപ്പിക്കുന്ന വിദ്യകള്‍, ദുര്‍ബ്ബലരുടെ മേല്‍ പ്രതാപം ചെലുത്താന്‍ പ്രബലരെ പഠിപ്പിക്കുന്ന വിദ്യകള്‍ – ഇവയൊക്കെ, വാസ്തവത്തില്‍, വേണമെങ്കില്‍ അവര്‍ക്കു കണ്ടുപിടിക്കാമായിരുന്നു. എന്നാല്‍ – ഈശ്വരനെ സ്തുതിക്കാം – അവര്‍ പെട്ടെന്നു വസ്തുതകളുടെ മറുവശം തേടിപ്പിടിച്ചു: അതിനു കൂടുതല്‍ മഹത്ത്വവും, കണക്കറ്റ ഉത്കര്‍ഷവും, കണക്കറ്റ ആനന്ദവുമുണ്ടായിരുന്നു. ഇന്നതു നമ്മുടെ ജനതയുടെ ലക്ഷണമായിരിക്കയാണ്. ബഹുസഹസ്രാബ്ദങ്ങളായി, പിതൃപുത്രപരമ്പരയാ അതു നമുക്കും കൈവന്നിരിക്കുന്നു. അതു നമ്മുടെ സാരാംശമായിരിക്കുന്നു. നമ്മുടെ ധമനികളില്‍ക്കൂടി ഓടുന്ന രക്തത്തിന്റെ ഓരോ തുള്ളിയിലും അതു സ്പന്ദിക്കുന്നു: അതു നമ്മുടെ രണ്ടാം പ്രകൃതിയായിരിക്കുന്നു. മതമെന്നും ഹിന്ദുവെന്നുമുള്ള വാക്കുകള്‍ ഒന്നായിരിക്കുന്നു. നമ്മുടെ ജനതയുടെ ലക്ഷണമാണിത്: ഇത് അപകടപ്പെടുത്താവതല്ല. തീയും വാളുമേന്തി വന്ന ബര്‍ബരന്മാര്‍ക്ക്, ബര്‍ബരമായ മതങ്ങളുമായി വന്ന ബര്‍ബരന്മാര്‍ക്ക് ആര്‍ക്കും, ഈ സാരത്തെ, ‘രത്‌ന’ത്തെ തൊടാന്‍ കഴിഞ്ഞില്ല: ജനതയുടെ ആത്മാവു കുടികൊണ്ട ആ ‘പക്ഷി’യെ കൊല്ലാന്‍ കരുത്തുണ്ടായില്ല. അതിനാല്‍ നമ്മുടെ വംശത്തിന്റെ ജീവശക്തിയാണിത്. അതു നിലകൊള്ളുന്നിടത്തോളം കാലം, സൂര്യന്നു കീഴിലുള്ള ഒരു ശക്തിക്കും ഈ വംശത്തെ വകവരുത്താനാവില്ല. ലോകത്തിലുള്ള പീഡകളും ദുരിതങ്ങളും നമുക്കു പരിക്കേല്പിക്കാതെ മീതേക്കൂടി കടന്നുപൊയ്‌ക്കൊള്ളും. തീജ്വാലകളില്‍നിന്ന് പ്രഹ്ലാദനെപ്പോലെ നമുക്കു വെളിയില്‍ വരാം, നമ്മുടെ പൈതൃകസമ്പത്തുകളില്‍ ഏറ്റവും മഹത്തായ ആദ്ധ്യാത്മികതയെ മുറുകെ പിടിക്കുന്നിടത്തോളം കാലം. ആദ്ധ്യാത്മികതയില്ലാത്ത ഹിന്ദുവിനെ ഹിന്ദുവെന്നു ഞാന്‍ വിളിക്കയില്ല. മറുനാടുകളില്‍ ഒരുവന്ന് ഒന്നാമതായി രാഷ്ട്രീയക്കാരനാകാന്‍ കഴിയും: പിന്നീട് അയാള്‍ക്കു സ്വല്പം മതമുണ്ടെന്നും വരാം. എന്നാല്‍ നമ്മുടെ ഭാരതത്തില്‍, ജീവിതത്തിലെ പ്രഥമവും പ്രമുഖവുമായ കര്‍ത്തവ്യം ആദ്ധ്യാത്മികത നേടുകയാണ്. പിന്നെ സമയമുണ്ടെങ്കില്‍, മറ്റുള്ളതൊക്കെ വരട്ടെ. നമ്മുടെ ജനതയുടെ സുസ്ഥിതിക്കുവേണ്ടി നമ്മുടെ വംശ്യരുടെ ആദ്ധ്യാത്മികശക്തികളെല്ലാം ഇന്നു സമാഹരിക്കുന്നതെന്തിനെന്ന് മേല്‍ച്ചൊന്നതോര്‍മ്മിച്ചാല്‍ കൂടുതല്‍ വ്യക്തമാകും. പഴയ കാലത്ത് ഇതാണ് ചെയ്തത്: ഭാവിയിലും ഇതുതന്നെ ചെയ്യും. ഭാരതീയജനതയുടെ ഐക്യം അതിന്റെ ചിന്നിച്ചിതറിയ ആദ്ധ്യാത്മികശക്തികളെ ഒന്നിച്ചുകൂട്ടുന്നതുതന്നെയാണ്. ആദ്ധ്യാത്മികമായ ഒരേയൊരു രാഗത്തിന്നൊത്തു തുടിക്കുന്ന ഹൃദയങ്ങളുള്ളവരുടെ ഒരു കൂട്ടുകെട്ടാണ് ഭാരതീയജനത.

ഈ നാട്ടില്‍ വേണ്ടത്ര മതവിഭാഗങ്ങളുണ്ടായിട്ടുണ്ട്: ഇപ്പോഴും വേണ്ടത്രയുണ്ട്: ഭാവിയില്‍ വേണ്ടത്ര ഉണ്ടാകയും ചെയ്യും. എന്തുകൊണ്ടെന്നാല്‍, നമ്മുടെ മതത്തിന്റെ സവിശേഷത, വെറും താത്ത്വികമായി നല്കപ്പെട്ടിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ആധിക്യംകൊണ്ട് സൂക്ഷ്മാംശങ്ങള്‍ വളരെയധികം പിന്നീടു വ്യാകരിക്കപ്പെട്ടെങ്കിലും, ഈ സൂക്ഷ്മാംശങ്ങള്‍ തലയ്ക്കുമീതെയുള്ള ആകാശംപോലെ പരന്നതും പ്രകൃതിപോലെ നിത്യവുമായ തത്ത്വങ്ങളുടെതന്നെ വ്യാകരിക്കലാണ്. അപ്പോള്‍ പ്രകൃത്യാതന്നെ ഇവിടെ മതവിഭാഗങ്ങള്‍ ഉണ്ടാകണം: കൂടിയേ തീരു എന്നില്ലാത്തതു വിഭാഗീയമായ കലഹങ്ങളാണ്. മതവിഭാഗങ്ങള്‍ വേണം: പക്ഷേ മതവിഭാഗീയതയെ ഒരു മതമാക്കേണ്ടതില്ല. വിഭാഗീയത എന്ന മതത്തിലൂടെ ലോകം നന്നാവില്ല: വിഭാഗങ്ങള്‍ കൂടാതെ ലോകം പുരോഗമിക്കയുമില്ല. ഒരു കൂട്ടമാളുകള്‍ക്ക് എല്ലാം ചെയ്യാന്‍ കഴിഞ്ഞെന്നു വരുകയില്ല. ഒരു ചെറിയ കൂട്ടം ആളുകള്‍ക്ക് ലോകത്തിലുള്ള മിക്കവാറും സീമാതീതമായ ശക്തിസമുച്ചയം  കൈകാര്യം ചെയ്യാന്‍ കഴിയില്ല. നമ്മുടെ മേല്‍ തൊഴില്‍വിഭജനത്തെ പിടിച്ചേല്പിച്ച ആ ആവശ്യകത ഉടനടി നമുക്ക് ഇവിടെ സ്പഷ്ടമായിത്തീരുന്നു; നാം വിഭാഗങ്ങളായി പിരിഞ്ഞു, അതുതന്നെ. ആദ്ധ്യാത്മികശക്തികളെ ഉപയോഗിക്കുന്നതിനു വിഭാഗങ്ങള്‍ ഇരിക്കട്ടെ: പക്ഷേ, നാം തമ്മില്‍ കലഹിക്കാനെന്താവശ്യം? നമ്മുടെ ഏറ്റവും പ്രാചീനമായ ഗ്രന്ഥങ്ങള്‍ പ്രഖ്യാപിക്കുന്നത് ഈ നാനാത്വം പുറംതോന്നല്‍ മാത്രമെന്നാണല്ലോ: ഈ വ്യത്യാസങ്ങളെല്ലാം ഉണ്ടെങ്കിലും സമന്വയത്തിന്‍േറതായ ഒരു നൂല്, മനോജ്ഞ്മായ ഒരൈക്യം, ഇവയിലൂടെയെല്ലാം ഓടുന്നുണ്ടെന്നാണല്ലോ നമ്മുടെ ഏറ്റവും പ്രാചീനമായ ഗ്രന്ഥങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്; ഏകം സദ്വിപ്രാ ബഹുധാ വദന്തി. ”ഉള്ളത് ഒന്നാണ്: വിജ്ഞന്മാര്‍ അവിടുത്തേക്കു പല പേരുകള്‍ നല്കുന്നു.” അതുകൊണ്ട്, വിഭാഗീയമായ ഈ മല്പിടുത്തങ്ങളുണ്ടായാല്‍, നാനാവിഭാഗങ്ങള്‍ക്കു തമ്മില്‍ ഈ പോരുകളുണ്ടായാല്‍, വിഭാഗങ്ങളെയൊക്കെ എന്നുമാദരിച്ചിട്ടുള്ള ഭാരതത്തില്‍ വിഭാഗക്കാര്‍ക്കു തമ്മില്‍ അസൂയയും വിദ്വേഷവുമുണ്ടായാല്‍, ആ പൂര്‍വ്വികന്മാരുടെ സന്തതികളെന്ന് സ്വയം അഭിമാനിക്കുന്ന നമുക്ക് അതൊരു നാണക്കേടാണ്.

നാം വൈഷ്ണവരോ ശൈവരോ ശാക്തരോ ഗാണപത്യരോ പ്രാചീനവേദാന്താനുയായികളോ ആധുനികരോ യാഥാസ്ഥിതികരോ ഉത്പതിഷ്ണുക്കളോ ആകട്ടെ: നമുക്കൊക്കെ യോജിപ്പുള്ള ചില വമ്പിച്ച തത്ത്വങ്ങളുണ്ട്: ഹിന്ദുക്കളെന്ന് സ്വയം അഭിമാനിക്കുന്നവരെല്ലാം ഇവയില്‍ വിശ്വസിക്കുന്നവരാണ്. പ്രസ്തുതതത്ത്വങ്ങളുടെ വ്യാഖ്യാനത്തിലും വിശദീകരണത്തിലും പ്രകൃത്യാതന്നെ സ്വല്പം വ്യത്യാസമുണ്ട്. ആ വ്യത്യാസം ഇവിടെ വേണം: അതനുവദിക്കപ്പെടണം. നമ്മുടെ നിലപാടിനോടു ചേര്‍ത്ത് എല്ലാവരെയും കെട്ടുകയെന്നതല്ലല്ലോ നമ്മുടെ മാനദണ്ഡം. വസ്തുക്കളെക്കുറിച്ചു നമുക്കുള്ള വ്യാഖ്യാനം പ്രായോഗികമാക്കാനും, നമ്മുടെ രീതിക്കൊത്തു ജീവിക്കാനും എല്ലാ മനുഷ്യരെയും നിര്‍ബ്ബന്ധിക്കുന്നതു പാപമാണ്. ഇവിടെ സന്നിഹിതരായിട്ടുള്ള നിങ്ങളെല്ലാവരും, ഒരുപക്ഷേ മതരഹസ്യങ്ങളുടെ നിത്യോപദേശങ്ങളാണ് വേദമെന്ന ഒന്നാമത്തെ അഭിപ്രായത്തോടു യോജിച്ചേക്കും. വിശുദ്ധമായ ഈ സാഹിത്യത്തിന് ആദിയുമന്തവുമില്ലെന്നും, ഇതും പ്രകൃതിയും സമകാലികമാണെന്നും, നമ്മുടെ മതഭേദങ്ങളും മതകലഹങ്ങളും ഈ വിശുദ്ധഗ്രന്ഥത്തിന്റെ സന്നിധിയില്‍ നില്ക്കുമ്പോള്‍ അവസാനിക്കണമെന്നും നാമൊക്കെ വിശ്വസിക്കുന്നു. ആദ്ധ്യാത്മികമായ നമ്മുടെ ഭേദങ്ങളെപ്പറ്റിയുള്ള അവസാനവിധിയെഴുതുന്ന കോടതിയാണിത് എന്നുള്ളതിലും നമുക്കൊക്കെ യോജിപ്പാണ്. വേദങ്ങളെന്തെന്നുള്ളതില്‍ നമുക്കു പല അഭിപ്രായങ്ങളുണ്ടാകാം. ഒരു വിഭാഗക്കാര്‍ക്കു വേദത്തിന്റെ ഒരംശം മറ്റൊന്നിനേക്കാള്‍ പാവനമാവാം. വേദസന്നിധിയില്‍ നാമൊക്കെ സഹോദരന്മാരാണെന്നു കരുതുന്നിടത്തോളം: നമുക്ക് ഇന്നുള്ള നല്ലതും പാവനവും ശുദ്ധവുമായതെല്ലാം കൈവന്നത് ആരാദ്ധ്യവും നിത്യവും അദ്ഭുതാവഹവുമായ ഈ ഗ്രന്ഥങ്ങളില്‍നിന്നാണെന്നു കരുതുന്നിടത്തോളം, ആ വിഭേദങ്ങളില്‍ വലിയ കാര്യമൊന്നുമില്ല. അതുകൊണ്ട്, ഇതിലൊക്കെ നിങ്ങള്‍ വിശ്വസിക്കുന്നെങ്കില്‍, ഈ നാട്ടില്‍ നെടുനീളെ, ഒന്നാമതായി, ഈ തത്ത്വം നമുക്കു പ്രചരിപ്പിക്കാം. ഇതു ശരിയാണെങ്കില്‍, അവ അര്‍ഹിക്കുന്ന, അവയ്ക്കുണ്ടെന്ന് നാം വിശ്വസിക്കുന്ന, പ്രാധാന്യം വേദങ്ങള്‍ക്കുണ്ടാകട്ടെ. അപ്പോള്‍ ഒന്നാമത്തേതു വേദങ്ങളാണ്. നാമൊക്കെ വിശ്വസിക്കുന്ന രണ്ടാമത്തെ തത്ത്വമാണ് ഈശ്വരന്‍: പ്രപഞ്ചത്തിന്റെയെല്ലാം സൃഷ്ടിയും രക്ഷയും നിര്‍വഹിക്കുന്ന ശക്തി: ക്ന്മപ്തകാലങ്ങളില്‍ പ്രപഞ്ചം അവിടേക്കു മടങ്ങുന്നു. വീണ്ടും, മറ്റു സമയങ്ങളില്‍, വെളിയിലേക്കു വരും, പ്രപഞ്ചമെന്ന ഈ അദ്ഭുതപ്രതിഭാസത്തെ വ്യക്തീകരിക്കും.

ഈശ്വരനെപ്പറ്റിയുള്ള സങ്കല്പത്തില്‍ നമ്മുടെ നില പലതാകാം. ഒരാള്‍ തികച്ചും സഗുണനായ ഒരീശ്വരനിലാവാം വിശ്വസിക്കുന്നത്. സഗുണനെങ്കിലും സാകാരനല്ലാത്ത ഈശ്വരനിലാകാം മറ്റൊരുവന്റെ വിശ്വാസം. മൂന്നാമതൊരുവന്‍ വിശ്വസിക്കുന്നത് നിര്‍ഗുണന്‍ മാത്രമായ ഈശ്വരനിലാണെന്നു വരാം. ഇവരൊക്കെ വേദത്തെ തങ്ങള്‍ക്കു താങ്ങായി കരുതാം. എങ്കിലും നാമൊക്കെ ഈശ്വരനില്‍ വിശ്വസിക്കുന്നവരാണ്. എന്നുവെച്ചാല്‍, വസ്തുക്കള്‍ക്കെല്ലാം ഉത്പത്തിസ്ഥാനവും താങ്ങും ഒടുവില്‍ ലയസ്ഥാനവും ആയ, ഏറ്റവും ആശ്ചര്യകരവും അപരിമിതവുമായ ഒരു ശക്തിയില്‍ വിശ്വസിക്കാത്തവനെ ഹിന്ദുവെന്നു വിളിക്കുക സാദ്ധ്യമല്ല. ഇതു ശരിയാണെങ്കില്‍, ഈ ആശയം നാട്ടിലെങ്ങും പ്രചരിപ്പിക്കാന്‍ നമുക്കു ശ്രമിക്കാം. നിങ്ങള്‍ക്കു നല്കാനുള്ള സങ്കല്പം ഏതായാലും അതു പ്രചരിപ്പിക്കുക. അതില്‍ വ്യത്യാസമുണ്ടാകാം. ഇതിനെപ്പറ്റി നാം മല്ലടിക്കേണ്ടതില്ല. ഈശ്വരന്‍ എന്ന ആശയം പ്രചരിപ്പിക്കുക. അതുമാത്രമാണ് നമുക്കു വേണ്ടത്. ഒരാശയം മറ്റൊന്നിനെക്കാള്‍ മെച്ചപ്പെട്ടതാകാം. എന്നാല്‍, ശ്രദ്ധിച്ചുകൊള്ളു, അവയിലൊന്നും ചീത്തയായിട്ടില്ല. ഒന്നു മെച്ചപ്പെട്ടതാണ്: മറ്റേതു കൂടുതല്‍ മെച്ചപ്പെട്ടതാകാം: പിന്നെ മൂന്നാമതൊന്ന് ഏറ്റവും മെച്ചപ്പെട്ടതാകാം: എന്നാല്‍ നമ്മുടെ മതം സ്വീകരിച്ചിട്ടുള്ള പദാര്‍ത്ഥങ്ങളില്‍ ‘ചീത്ത’യ്ക്ക് സ്ഥാനമില്ല. അതിനാല്‍ ഇഷ്ടമുള്ള ഏതെങ്കിലും തരത്തില്‍ ഈശ്വര നാമം പ്രചരിപ്പിക്കുന്നവരെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ! അവിടുത്തെപ്പറ്റി ഏറിയ തോതില്‍ പ്രചാരം നടക്കുന്നത് ഈ വംശത്തിന് ഏറിയ തോതില്‍ നല്ലതാണ്. നമ്മുടെ കുഞ്ഞുങ്ങളെ ഈ ആശയത്തെക്കുറിച്ച് ബോധവാന്മാരായി വളര്‍ത്തിക്കൊണ്ടുവരുക. ഏറ്റവും ധനവാന്മാരുടേയും ഉത്കൃഷ്ടന്മാരുടെയും എന്നപോലെതന്നെ, ഏറ്റവും പാവങ്ങളുടെയും താണവരുടെയും വീടുകളില്‍ ഈശ്വരനാമമെന്ന ആശയം കടന്നുകൂടട്ടെ.