ഭക്തി (1897 നവംബര്‍ 9നു ലാഹോറില്‍വെച്ച് ചെയ്ത പ്രസംഗം)
ഉപനിഷത്തുകളുടെ ഇരമ്പുന്ന പ്രവാഹങ്ങളുടെ ഇടയ്ക്ക്, വിദൂരതയില്‍നിന്നു വരുന്ന മാറ്റൊലിപോലെ, ഒരു ശബ്ദം നമ്മുടെ അടുക്കലേക്കു വരുന്നു: ചിലപ്പോള്‍ അതിന്റെ അനുപാതവും ഘനമാനവും ഏറും. വേദാന്തസാഹിത്യത്തിലുടനീളം അതിന്റെ ഒച്ച സ്ഫുടമാണെങ്കിലും പ്രബലമല്ല. ഉദാത്തതയുടെ ആത്മാവിനോടും മുഖത്തോടും നമ്മെ നേരിടുവിക്കയാണ് ഉപനിഷത്തുകളുടെ പ്രധാന ചുമതലയെന്നു തോന്നുന്നു. എങ്കിലും, അദ്ഭുതമായ ഈ ഉദാത്തതയ്ക്കു പിമ്പില്‍, കൂടെക്കൂടെ കവിതാമയമായ ദൃശ്യങ്ങള്‍ കാണാനുണ്ട്. ഉദാഹരണം; ന തത്രോ സൂര്യോ ഭാതി ന ചന്ദ്രതാരകം നേമാ വിദ്യുതോ ഭാന്തി കുതോിയമഗ്‌നിഃ. ”അവിടെ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ തിളങ്ങുന്നില്ല: ഈ അഗ്‌നിയെക്കുറിച്ചു പറയാനുണ്ടോ?” ആശ്ചര്യകരമായ ഈ വരികളിലെ ഹൃത്‌ക്ഷോഭകമായ കവിത ചെവിക്കൊള്ളുമ്പോള്‍ നാം ഇന്ദ്രിയങ്ങളുടേതായ ലോകത്തില്‍നിന്ന്, ബുദ്ധിയുടേതായ ലോകത്തില്‍നിന്നുപോലും, അപഹരിക്കപ്പെടുന്നതായി തോന്നും. നാം ചെന്നെത്തുന്ന ലോകം പൂര്‍ണ്ണമായി ഗ്രാഹ്യമല്ല: എങ്കിലും അതെപ്പോഴും നമ്മോടുകൂടെയുള്ളതാണ്. എന്നാല്‍ ഈ ഉദാത്തതയുടെയും പിന്നില്‍, നിഴലെന്നപോലെ പിന്‍തുടരുന്ന മറ്റൊരാദര്‍ശമുണ്ട്. അതു മനുഷ്യരാശിക്കു കൂടുതല്‍ അംഗീകാര്യമാണ്: ദൈനന്ദിനോപയോഗത്തിനു കൂടുതല്‍ പറ്റിയതാണ്; മനുഷ്യജീവിതത്തിലെ ഓരോ അംശത്തിലും പ്രവേശിക്കേണ്ടതാണ്. പിന്നീട് അതിനു മുഴുപ്പും ഘനമാനവും വരുന്നുമുണ്ട്. തികവും ഉറപ്പുമുള്ള ഭാഷയില്‍ അതു പുരാണങ്ങളില്‍ പ്രസ്താവിക്കപ്പെടുന്നു. അതാണ് ഭക്തിയുടേതായ ആദര്‍ശം. ഭക്തിയുടെ ബീജങ്ങള്‍ നേരത്തേ ഉള്ളവതന്നെ. സംഹിതയില്‍പ്പോലും അവയുണ്ട്. ഉപനിഷത്തുകളില്‍ അവ കൂടുതല്‍ വികസിച്ചു. എന്നാല്‍ വിശദാംശങ്ങളില്‍പ്പോലും ആ ബീജങ്ങള്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത് പുരാണങ്ങളിലത്രേ.
അതുകൊണ്ട് ഭക്തി മനസ്സിലാക്കാന്‍ നമ്മുടെ പുരാണങ്ങള്‍ മനസ്സിലാക്കണം. ഇവയുടെ നിര്‍വ്യാജതയെപ്പറ്റി അടുത്തകാലത്ത് വളരെ വിവാദങ്ങളുണ്ടായിട്ടുണ്ട്. അര്‍ത്ഥമെന്തെന്ന് തിട്ടമില്ലാത്ത പല ഭാഗങ്ങളുമെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്. പല ഭാഗങ്ങളുമെടുത്ത്, ഇന്നത്തെ പ്രകൃതി ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ‘നില്ക്കക്കള്ളി’യില്ലാത്തതെന്നും മറ്റും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ വക വിവാദങ്ങളും പുരാണഭാഗങ്ങള്‍ക്കുള്ള ശാസ്ത്രീയപ്രാമാണ്യവുമിരിക്കട്ടെ. അവയിലെ ഭൂമിശാസ്ത്രവും ജ്യോതിഷവും മറ്റും പ്രമാണഭൂതമോ അല്ലയോ എന്ന കഥയും ഇരിക്കട്ടെ. ഓരോ പുരാണത്തിലും സൂക്ഷ്മാംശങ്ങളില്‍പ്പോലും സുനിശ്ചിതമായി രേഖപ്പെട്ടിട്ടുള്ളത് ഈ ഭക്തിസിദ്ധാന്തമാണ്. സിദ്ധന്മാരുടെയും രാജാക്കന്മാരുടെയും ജീവിതങ്ങളില്‍ ഈ ആദര്‍ശം വീണ്ടും വീണ്ടും ഉദാഹരിക്കപ്പെട്ടും വീണ്ടും വീണ്ടും പ്രതിപാദിക്കപ്പെട്ടും കാണാം. സൗന്ദര്യത്തിന്റെയും ഭക്തിയുടെയും ആദര്‍ശങ്ങള്‍ക്ക് ഉദാഹരണമായി നിലകൊള്ളുക എന്നതാണ് പുരാണങ്ങളുടെ ചുമതല എന്നു തോന്നുന്നു. ഞാന്‍ പറഞ്ഞതുപോലെ, ഇത് സാധാരണമനുഷ്യനോടു വളരെ കൂടുതല്‍ അടുക്കുന്ന ഒന്നാണുതാനും. വേദാന്തപ്രകാശത്തിന്റെ പൂര്‍ണ്ണപ്രോജ്വലതയുടെ മഹിമ ധരിക്കാനും അനുമോദിക്കാനും കഴിയുന്നവര്‍ വളരെ ചുരുക്കം: അതിലും കുറവാണ് അതില്‍ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നവര്‍. കാരണം ശുദ്ധവേദാന്തി വെയ്‌ക്കേണ്ട ഒന്നാമത്തെ ചുവട് അഭീഃ ഭയരഹിതന്‍ ആകലാണ്. ഒരുവന്‍ വേദാന്തിയാകാന്‍ ധൈര്യപ്പെടുംമുമ്പ് അവന്റെ ദൗര്‍ബ്ബല്യം അറ്റുപോകണം. എത്ര പ്രയാസമാണതെന്നു നമുക്കറിയാം. ലോകത്തോടുള്ള ബന്ധങ്ങളെല്ലാം വെടിഞ്ഞ്, ഭീരുത്വമുളവാക്കുന്ന വളരെ കുറച്ചു കെട്ടുപാടുകള്‍മാത്രം അവശേഷിച്ചിട്ടുള്ളവര്‍പോലും ചില മുഹൂര്‍ത്തങ്ങളില്‍ എത്ര ദുര്‍ബ്ബലരാണ്, ചില മുഹൂര്‍ത്തങ്ങളില്‍ എത്ര മൃദുലരാണ്, ചില മുഹൂര്‍ത്തങ്ങളില്‍ എത്ര ഭയചകിതരാണ് എന്ന് ഹൃദയത്തില്‍ സ്വയം അനുഭവിച്ചറിയുന്നുണ്ട്. ഒട്ടേറെ കെട്ടുപാടുകളുള്ളവരുടെ നില പിന്നെ പറയേണമോ? അകത്തും പുറത്തുമുള്ള എത്ര വളരെ സംഗതികള്‍ക്കാണ് അവര്‍ അടിമകളായിരിക്കുന്നത്! ജീവിതത്തിലെ ഓരോ നിമിഷത്തിലും തളര്‍ത്തുന്ന അടിമത്തമാണ് അവര്‍ക്കുള്ളത്. അവരുടെ അടുക്കലേക്കാണ് ഭക്തിയുടെ അത്യന്തസുന്ദരമായ സന്ദേശവും വഹിച്ചുകൊണ്ട് പുരാണങ്ങള്‍ വന്നത്.
അവര്‍ക്കുവേണ്ടിയാണ് മൃദുലതയും കവിതയും പരന്നുകിടക്കുന്നത്. ധ്രുവന്റെയും പ്രഹ്ലാദന്റെയും മറ്റൊരായിരം സിദ്ധന്മാരുടെയും അശ്രുതപൂര്‍വ്വമായ അദ്ഭുതകഥകള്‍ പറഞ്ഞിട്ടുള്ളത് അവര്‍ക്കുവേണ്ടിയത്രേ. ഈ ഉദാഹരണങ്ങള്‍ ഭക്തിയുടെ ആദര്‍ശം പ്രായോഗികമാക്കാന്‍വേണ്ടിയുള്ളതാണ്. പുരാണങ്ങളുടെ ശാസ്ത്രീയയാഥാര്‍ത്ഥ്യത്തില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രഹ്ലാദന്റെയും ധ്രുവന്റെയും മറ്റു പൗരാണികസിദ്ധന്മാരുടെയും കഥകളുടെ പ്രഭാവം സ്പര്‍ശിക്കാത്ത ജീവിതമല്ല നിങ്ങളിലാരുടേതും. നമ്മുടെ കാലത്ത് പുരാണങ്ങളുടെ പ്രഭാവം അംഗീകരിച്ചതുകൊണ്ടുമാത്രമായില്ല, അര്‍വ്വാചീനകാലത്ത് അധഃപതിച്ച ബുദ്ധമതം നമ്മെ കൊണ്ടെത്തിക്കുമായിരുന്ന ആ മതത്തെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ടതും വ്യാപകവുമായ ഒരു പൊതുമതം കഴിഞ്ഞകാലത്ത് പുരാണങ്ങള്‍ നമുക്കു നല്കിയതുകൊണ്ടും അവയോടു നാം കൃതജ്ഞരാകേണ്ടതാണ്. ഭക്തിയുടേതായ അനായാസവും മൃദുലവുമായ ഈ ആശയം പലപ്പോഴും പ്രതിപാദിച്ചുകഴിഞ്ഞതാണ്. നിത്യജീവിതത്തില്‍ പ്രതിദിനം നമുക്കത് സ്വീകരിക്കേണ്ടതുമുണ്ട്. കാരണം, ഈ ആശയം ഏറെയേറെ പരിഷ്‌കരിക്കപ്പെടുകകൊണ്ട് ഭക്തി പ്രേമസാരമായിരിക്കയാണ്. വ്യക്തിനിഷ്ഠവും ബൗദ്ധികവുമായ സ്നേഹമുള്ളിടത്തോളംകാലം, പുരാണങ്ങളുടെ ഉപദേശം ആര്‍ക്കും കവച്ചുവെയ്ക്കാവതല്ല. മറ്റൊരുവന്റെ മേല്‍, താങ്ങിന്‍മേലെന്നോണം ചാരിനില്ക്കാനുള്ള മാനുഷിക ദുര്‍ബ്ബലത ഉള്ളിടത്തോളം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുരാണങ്ങള്‍ എന്നും നില നില്ക്കണം. അവയുടെ പേരു മാറ്റാം. ഇപ്പോഴുള്ളവയെ നിങ്ങള്‍ക്കു പ്രത്യാഖ്യാനം ചെയ്യാം: പക്ഷേ ഉടനടി മറ്റൊരു പുരാണം രചിക്കേണ്ടി വരും. പഴയ പുരാണങ്ങള്‍ വേണ്ടാത്ത ഒരു ജ്ഞാനി നമ്മുടെ ഇടയിലുണ്ടായാല്‍, അദ്ദേഹം മരിച്ച് ഇരുപതു കൊല്ലമാകുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ഗുരുവിന്റെ ജീവിതംതന്നെ പുരാണമായി രൂപാന്തരപ്പെടുത്തുന്നതു കാണാം. അത്രയേ ഭേദമുള്ളു.
മനുഷ്യപ്രകൃതിയുടെ ഒരാവശ്യമാണിത്. മാനുഷിക ദൗര്‍ബ്ബല്യങ്ങള്‍ക്കെല്ലാം മേലെ പോയിട്ടുള്ളവര്‍ക്കേ പുരാണമില്ലാതെയുള്ളു. അവര്‍ പരമഹംസന് വേണ്ടതെല്ലാം നേടിയവരാണ്. ധീരന്മാരും വീരന്മാരുമായ ആ കൂട്ടര്‍ മായയുടെ കെട്ടുപാടുകള്‍ക്ക്, പ്രകൃതിയുടെ പോലും നിബന്ധനകള്‍ക്ക് അപ്പുറം കടന്നിരിക്കുന്നു. അവര്‍ വിജയശ്രീലാളിതരായ പ്രതാപവാന്മാരാണ്: ഭൂദേവന്മാരാണ്. സാധാരണമനുഷ്യനെ ആരാധിക്കാന്‍ പുരുഷവിധനായ ഈശ്വരനില്ലാതെ വയ്യ. പ്രകൃതിയിലുള്ള ഒരീശ്വരനെ ആരാധിക്കുന്നില്ലെങ്കില്‍ ഭാര്യ, ശിശു, പിതാവ്, സുഹൃത്ത്, ഗുരു എന്നിവരിലൊരാളുടെ രൂപത്തിലോ മറ്റോ ആരാധിച്ചേ തീരു. പുരുഷന്മാരെക്കാള്‍ സ്ര്തീജനങ്ങള്‍ക്കാണ് കൂടുതലായി ഈ ആവശ്യം നേരിടുക. പ്രകാശസ്പന്ദം എവിടെയും ഉണ്ടാകും: ഇരുണ്ടിടത്തും ഉണ്ടാകാം. കാരണം, പൂച്ചയ്ക്കും മറ്റു ജന്തുക്കള്‍ക്കും ഇതു കാണാം. പക്ഷേ നമുക്കു നമ്മുടെ തലത്തിലുള്ള സ്പന്ദമേ കാണൂ. അതുകൊണ്ട് നിര്‍ഗുണമായ സത്തയെപ്പറ്റിയും മറ്റും നമുക്കു സംസാരിക്കാം. എന്നാല്‍ സാധാരണ മനുഷ്യരെ കഴിയുന്നിടത്തോളം കാലം നമുക്കു മനുഷ്യരില്‍മാത്രമേ ഈശ്വരനേ കാണാനാവൂ. ഈശ്വരനെ ക്കുറിച്ചുള്ള നമ്മുടെ സങ്കല്പവും ഈശ്വരാരാധനയും സ്വാഭാവികമായി മാനുഷികമാണ്, ”സത്യത്തില്‍ ഈ ശരീരംതന്നെയാണ് ഈശ്വരന്റെ ഏറ്റവും മഹനീയ മന്ദിരം. അങ്ങനെ യുഗങ്ങളിലൂടെ മനുഷ്യര്‍ ആരാധിക്കപ്പെട്ടുവരുന്നതായി കാണാം. സ്വാഭാവികമായ അതിനെ തുടര്‍ന്നു വരുന്ന അതിരുവിട്ട പ്രകടനങ്ങളെ നാം പ്രതിഷേധിക്കുകയോ വിമര്‍ശിക്കുകയോ ചെയ്‌തേക്കാം: എങ്കിലും (മനുഷ്യ) ഹൃദയം ഭദ്രമാണെന്ന് ഉടനടി കാണാം. അതിരുവിട്ട പ്രവര്‍ത്തനങ്ങളും അതിവാദങ്ങളുമൊക്കെ ഉണ്ടെങ്കിലും പ്രചരിപ്പിക്കപ്പെട്ട ആ സിദ്ധാന്തത്തിന് ഒരു സാരം, സത്യത്തിനു നിരക്കുന്ന ഉറച്ച ഒരു കേന്ദ്രം, ഒരു നട്ടെല്ല് ഉള്ളതായി കാണാം. പഴയ ഏതു കഥകളും ശാസ്ത്രവിരുദ്ധമായ ഏതു വാക്ഛലങ്ങളും, വിമര്‍ശനബുദ്ധി കൂടാതെ ഉള്‍ക്കൊള്ളണമെന്നല്ല ഞാന്‍ ആവശ്യപ്പെടുന്നത്: ചില പുരാണങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ കടന്നുകൂടിയിട്ടുള്ള എല്ലാത്തരം ‘വാമാചാരി’വ്യാഖ്യാനങ്ങളും വിശ്വസിച്ചുകൊള്ളണമെന്നല്ല പറയുന്നത്. എന്റെ അഭിപ്രായമിതാണ്; ‘വെടിഞ്ഞുകൂടാത്ത ഒരു സാരമുണ്ട്, പുരാണങ്ങളുടെ അസ്തിത്വത്തിന് യുക്തിയുക്തമായ ഒരു കാരണമുണ്ട് – അതായത് അവയുടെ ഭക്ത്യുപദേശം. മതം പ്രായോഗികമാക്കാനും അതിനെ ദാര്‍ശനികമായ ഔന്നത്യങ്ങളില്‍നിന്ന് സാധാരണമനുഷ്യരുടെ ദൈനംദിനജീവിതത്തിലേക്ക് എത്തിപ്പാനും വേണ്ടിയാണ് പുരാണങ്ങള്‍ ഭക്തി ഉപദേശിക്കുന്നത്.’
(ഭക്തിയില്‍ മൂര്‍ത്തവസ്തുക്കളുടെ സഹായം തേടുന്നത് ന്യായമാണ്. മനുഷ്യന് ഇപ്പോഴുള്ള നിലാപടല്ലായിരുന്നെങ്കില്‍ അത് ഈശ്വരാനുഗ്രഹമായേനെ. എന്നാല്‍ നിലവിലുള്ള വസ്തുക്കള്‍ക്ക് എതിരായുള്ള പോരാട്ടം വ്യര്‍ത്ഥമാണ്. ആദ്ധ്യാത്മികതയെക്കുറിച്ചും മറ്റും പറയുന്നതെങ്ങനെയായാലും ഇപ്പോള്‍ മനുഷ്യന്‍ ഭൗതികനാണ്. ആ ഭൗതികമനുഷ്യനെ പിടിച്ച് ആദ്ധ്യാത്മികതയിലെത്തുംവരെ ക്രമേണ ഉയര്‍ത്തേണ്ടതുണ്ട്. ആദ്ധ്യാത്മികത എന്തെന്നറിയാന്‍ തൊണ്ണൂറ്റൊമ്പത് ശതമാനം പേര്‍ക്കും ഇന്നും പ്രയാസമാണ്. അപ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കുന്ന കാര്യം പറയേണ്ടതില്ലല്ലോ. നമ്മെ മുന്നോട്ടു തള്ളുന്ന ശക്തികളും നാം കയ്യടക്കാനാഗ്രഹിക്കുന്ന ഫലങ്ങളും ഭൗതികങ്ങളാണ്. ഹെര്‍ബര്‍ട്ട് സ്‌പെന്‍സറുടെ ഭാഷയില്‍ പ്രതിബന്ധശക്തികള്‍ ഏറ്റവും കുറഞ്ഞ മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കാമെന്നേയുള്ളു. അങ്ങനെ പ്രവര്‍ത്തി ക്കാനുള്ള സദ്‌ബോധവും സാമാന്യബോധവും പുരാണങ്ങള്‍ക്കുണ്ട്. പുരാണങ്ങള്‍ക്ക് സിദ്ധിച്ച സാഫല്യങ്ങള്‍ അദ്ഭുതാവഹങ്ങളും നിസ്തുലങ്ങളുമാണ്. ഭക്ത്യാദര്‍ശം സ്പഷ്ടമായിത്തന്നെ ആദ്ധ്യാത്മികമാണ്: എന്നാല്‍ ആ മാര്‍ഗ്ഗം ഭൗതികമേഖലയിലൂടെയാണ് പോകുന്നത്. അതില്‍ നമുക്കൊന്നും ചെയ്യാനാവില്ല. അതുകൊണ്ട്, ഭൗതികലോകത്തില്‍ ഈ ആദ്ധ്യാത്മികത കൈവരുത്താന്‍ തുണയ്ക്കുന്നതെല്ലാം കൈക്കൊള്ളേണ്ടതാണ്. അവയിലൂടെയെല്ലാം ആദ്ധ്യാത്മികസത്ത വികസിപ്പിക്കുന്നതില്‍ മനുഷ്യന് ഉപകാരമുണ്ടാകേണ്ടതുമാണ്. വേദം പഠിക്കാനുള്ള അവകാശം ജാതിലിംഗമതഭേദമെന്യേ എല്ലാവര്‍ക്കും കൊടുത്തുകൊണ്ടാണ് ശാസ്ത്രങ്ങള്‍ തുടങ്ങുന്നത്. ഭൗതികമായ ഒരു ക്ഷേത്രമുണ്ടാക്കുന്നത് ഈശ്വരനെ കൂടുതലായി സ്നേഹിക്കാന്‍ സഹായിക്കുമെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. വിഗ്രഹനിര്‍മ്മാണം ഈ സ്നേഹദര്‍ശനത്തിലെത്താന്‍ ഒരുവനെ തുണയ്ക്കുമെങ്കില്‍, അവനെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ: വേണമെങ്കില്‍ അതുപോലുള്ള ഇരുപതു വിഗ്രഹം അവനു കൊടുക്കുക. വല്ലതുമൊന്ന് ആദ്ധ്യാത്മികതയുടെ ആദര്‍ശത്തിലെത്താന്‍ ഒരുവനെ സഹായിക്കുമെങ്കില്‍, സദാചാരത്തിനു നിരക്കുന്നിടത്തോളം അതു സ്വാഗതാര്‍ഹംതന്നെ: എന്തുകൊണ്ടെന്നാല്‍ സദാചാരവിരുദ്ധമായതൊന്നും സഹായകമാകയില്ല; മറിച്ചു തടസ്സപ്പെടുത്തുകയേയുള്ളു. ഭാഗികമായിട്ടെങ്കിലും ഭാരതത്തില്‍ വിഗ്രഹാരാധാന വിരോധനത്തിന് ഉത്തരവാദി കബീറാണ്. നേരെമറിച്ച് ഒരു സഗുണേശ്വരന്റെ അസ്തിത്വത്തില്‍ വിശ്വസിക്കയേ ചെയ്യാതിരുന്ന വന്‍കിട ദാര്‍ശനികരും മതസ്ഥാപകരും ഭാരതത്തിലുണ്ടായിരുന്നു, അത് അവര്‍ ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചു. എങ്കിലും വിഗ്രഹങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെ അവ പ്രതിഷേധിച്ചില്ല. അങ്ങേയറ്റം അവര്‍ പറഞ്ഞത്, വിഗ്രഹാരാധന വളരെ ഉയര്‍ന്നതലത്തിലുള്ള ഒരാരാധനയല്ലെന്നു മാത്രമാണ്. പുരാണങ്ങളിലൊന്നിലും പറഞ്ഞിട്ടില്ല, അതു വളരെ ഉത്കൃഷ്ടമായ ഒരാരാധനാക്രമമാണെന്ന്. ചരിത്രദൃഷ്ടിയാല്‍ യഹൂദരുടെ വിഗ്രഹാരാധന നോക്കുക: യഹോവ ഒരു പെട്ടകത്തില്‍ കുടികൊണ്ടുവന്നു എന്നാണവരുടെ വിശ്വാസം. ആരോ ചീത്തയാണെന്നു പറഞ്ഞതുകൊണ്ടുമാത്രം വിഗ്രഹാരാധനയെ നിഷേധിക്കുന്ന നടപടി നിഷിദ്ധമാണ്. ഒരുവനെ ആദ്ധ്യാത്മികതയിലെത്തിക്കുവാന്‍ ഒരു വിഗ്രഹമോ മറ്റെന്തെങ്കിലും ഭൗതികരൂപമോ ഉപേക്ഷിക്കാമെങ്കിലും, ആ ആരാധന ഏറ്റവും താണ പടിയിലുള്ളതാണെന്നു സ്പഷ്ടമാക്കാത്ത ഒരു മതഗ്രന്ഥവും നമുക്കില്ല: കാരണം, ഭൗതികവസ്തുവിലൂടെയുള്ള ആരാധനയത്രെ അത്. വിഗ്രഹാരാധന എല്ലാവരുടെയും മേല്‍ അടിച്ചേല്പിക്കാന്‍ ഭാരതത്തിലെങ്ങും നടത്തപ്പെട്ട യജ്ഞത്തെ പ്രതിഷേധിക്കുവാന്‍ വേണ്ടത്ര ശക്തമായ ഭാഷ എനിക്കില്ല. എന്താരാധിക്കണമെന്നും എന്തിലൂടെ ആരാധിക്കണമെന്നും നിയോഗിക്കാന്‍ ആര്‍ക്ക് അധികാരം? ഒരുവന്‍ എന്തിലൂടെയാണ് വളരാന്‍ പോകുന്നതെന്ന് മറ്റൊരുവന്‍ അറിയന്നതെങ്ങനെ? ആദ്ധ്യാത്മികമായ വളര്‍ച്ചയുണ്ടാകുന്നത് വിഗ്രഹത്തെ ആരാധിക്കുന്നതുകൊണ്ടോ, അഗ്‌നിയെ ആരാധിക്കുന്നതുകൊണ്ടോ തൂണിനെ ആരാധിക്കുന്നതുകൊണ്ടോ എന്ന് എങ്ങനെ അറിയാം? നമ്മുടെ സ്വന്തം ഗുരുക്കന്മാരാണ്, ഗുരുശിഷ്യബന്ധമാണ് അതൊക്കെ നയിക്കേണ്ടതും നിയന്ത്രിക്കേണ്ടതും. ‘ഇഷ്ട’ത്തെക്കുറിച്ച് ഭക്തിഗ്രന്ഥങ്ങള്‍ നല്കിയ നിയമം മേല്‍ചൊന്നതിനെ വിശദീകരിക്കുന്നു. ‘ഇഷ്ട’മെന്നുവെച്ചാല്‍ അര്‍ത്ഥമിതാണ്; ഓരോരുത്തനും തനിക്കു വേണ്ട ആരാധനാരൂപം, ഈശ്വരങ്കലേക്കുള്ള വഴി തിരഞ്ഞെടുക്കേണ്ടതാണ്. അങ്ങനെ തെരഞ്ഞെടുത്ത ആദര്‍ശമാണ് അയാളുടെ ഇഷ്ടദേവത. മറ്റുള്ള ആരാധനാരൂപങ്ങളോട് അയാള്‍ക്കു സഹാനുഭൂതി വേണം. സ്വയം കൈക്കൊള്ളേണ്ടത് തന്റെ സ്വന്തംമാത്രമാണുതാനും. സ്വലക്ഷ്യത്തിലെത്തുംവരെ അയാള്‍ ഇങ്ങനെ വര്‍ത്തിക്കണം. ആ കേന്ദ്രത്തിലെത്തിയാല്‍പ്പിന്നെ ഭൗതികമായ സഹായമൊന്നും വേണ്ട താനും. ഭാരതത്തില്‍ ചിലേടങ്ങളില്‍ നിലവിലുള്ള ഒരു പദ്ധതിയെപ്പറ്റി ഒരു മുന്‍കരുതല്‍ നല്‌കേണ്ടതുണ്ട്. ഇതാണ് കുലഗുരുസമ്പ്രദായം, പരമ്പരാഗതമായ ഗുരുത്വപദവി. ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്; ‘ഗുരുവേദ സാരമറിയുന്നവനും നിഷ്പാപനുമാണ്. പണത്തിനുവേണ്ടിയോ മറ്റെന്തിനെങ്കിലുംവേണ്ടിയോ ഒരുവനെ മറ്റൊരുവന് ഉപദേശം നല്കാന്‍ ഒരുങ്ങില്ല. അഹേതുകമാണ് അദ്ദേഹത്തിന്റെ കരുണ: ചെടി-മരങ്ങളില്‍ നിന്ന് പകരമൊന്നും ആവശ്യപ്പെടാതെ നല്കുകമാത്രം ചെയ്യുന്ന വസന്തംപോലെ നല്കുക മാത്രം ചെയ്യുന്നവനാണ്: നന്മ ചെയ്യുക വസന്ത സ്വഭാവമാണ്. വൃക്ഷലതാദികള്‍ക്ക് അതു പുതുജീവന്‍ കൊടുക്കുന്നു: മൊട്ടുകളും പൂക്കളും ഇലകളും ആവിര്‍ഭവിക്കുന്നു. ഗുരുവിന് ഒരാവശ്യവുമില്ല: അദ്ദേഹത്തിന്റെ ജീവിതം നന്മ ചെയ്യാന്‍ മാത്രമാണ്.’ ഇത്തരത്തിലുള്ളവനെ ഗുരുവാകാവൂ. മറ്റാര്‍ക്കും സാദ്ധ്യമല്ല. വേറൊരപകടംകൂടിയുണ്ട്, ഗുരു വെറും അദ്ധ്യാപകനല്ല. അദ്ധ്യാപകത്വം നന്നേ ചെറിയൊരംശംമാത്രം. ഹിന്ദുക്കളെല്ലാം വിശ്വസിക്കുന്നത് ഗുരുവിനെ ശിഷ്യരിലേക്ക് ആദ്ധ്യാത്മികത പകരാമെന്നാണ്. ഭൗതികമായ ഒരു ഉദാഹരണം; രോഗപ്രതിബന്ധകമായ നല്ലൊരു അണുദ്രവ്യം കുത്തിവെച്ചില്ലെങ്കില്‍ ദുഷ്ടവും ഹീനവുമായ മറ്റു വല്ല ദ്രവ്യവും കുത്തിവെച്ചെന്നുംവരും. ഇതുപോലെതന്നെ ദുഷിച്ച ഗുരുവില്‍നിന്ന് ദുഷിച്ച വല്ല സംഗതിയും പഠിച്ചെന്നുംവരാം. അതിനാല്‍ കുലഗുരുസമ്പ്രദായം ഭാരതത്തില്‍നിന്ന് നിശ്ശേഷം മാഞ്ഞുപോകേണ്ടതാണ്. ഗുരുവാദം ഒരു കച്ചവടമായി മാറരുത്. അതു നിലയ്ക്കണം: അതു ശാസ്ത്രവിരുദ്ധമാണ്. സ്വയം ഗുരുവെന്നു കരുതുന്ന ആരും കുലഗുരുസമ്പ്രദായത്തില്‍പ്പെടുന്ന ഇന്നത്തെ സ്ഥിതിഗതികള്‍ക്ക് തുണ നല്കരുത്.
ആഹാരപ്രശ്‌നത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ പറയുന്നു ഇന്നുള്ള കര്‍ക്കശമായ ഭക്ഷണനിബന്ധനകള്‍ ഏറിയകൂറും ഉപരിപ്ലവമാണ്. ഏതൊരു ലക്ഷ്യത്തെ വെച്ചുകൊണ്ടാണോ ആദ്യം അവയെ രൂപപ്പെടുത്തിയത് അതു പിഴച്ചിരിക്കയാണ്. ഭക്ഷ്യമാര്‍ക്കെല്ലാം തൊടാമെന്ന കാര്യം സൂക്ഷിക്കണം. ഈ നിബന്ധനയില്‍ മനശ്ശാസ്ത്രീയമായി വളരെ ആഴത്തിലെത്തുന്ന ഒരര്‍ത്ഥമുണ്ട്. പക്ഷേ, സാമാന്യജനങ്ങള്‍ക്ക് ദൈനന്ദിനജീവിതത്തില്‍ ഇത്രയേറെ ശ്രദ്ധ ചെലുത്തുക വിഷമംപിടിച്ചതോ അസാദ്ധ്യമോ ആണ്. ഒരു ജാതിക്കാര്‍ക്കു മാത്രം സാദ്ധ്യമായിരുന്ന ഒരനുഷ്ഠാനത്തിന് അനര്‍ഹമായ പ്രാധാന്യം കല്പിക്കുക എന്ന പിശക് ഈ കാര്യത്തിലുമുണ്ടായി. ഈ ജാതിക്കാര്‍ ജീവിതം മുഴുവനും ആദ്ധ്യാത്മികതയ്ക്കായി ഉഴിഞ്ഞുവെച്ചവരാണ്. മറിച്ച്, മനുഷ്യരില്‍ ബഹുഭൂരിപക്ഷവും ഭൗതികഭോഗങ്ങളില്‍ മതിവരാത്തവരാണ്: ഒരളവില്‍ അവര്‍ക്കും മതിവരാതെ, അവരുടെമേല്‍ ആദ്ധ്യാത്മികത അടിച്ചേല്പിക്കുക എന്ന ആശയംതന്നെ വ്യര്‍ത്ഥമാണ്.
ഭക്തന്മാര്‍ക്ക് വിധിച്ച ആരാധനയുടെ ഏറ്റവും ഉന്നതമായ രൂപം മനുഷ്യാരാധനയാണ്. വാസ്തവം പറഞ്ഞാല്‍, ഏതെങ്കിലും ഒരു തരം കൂടിയേ തീരൂ എന്നുണ്ടെങ്കില്‍ അതു പരിതസ്ഥിതികള്‍ക്കൊത്ത് ഒന്നോ ആറോ പന്ത്രണ്ടോ ദരിദ്രരെ തങ്ങളുടെ വീടുകളിലേക്ക് ക്ഷണിച്ച് നാരായണന്മാരെന്ന ബോധത്തോടുകൂടി അവരെ സേവിക്കുന്നതു തന്നെയാണ്. പല നാടുകളിലും ഞാന്‍ ദാനകര്‍മ്മത്തിന്റെ ചടങ്ങുകള്‍ കണ്ടിട്ടുണ്ട്. അവ സഫലമാകാത്തത്തിന്റെ കാരണം നല്ല മനോഭാവത്തോടുകൂടി നടത്താത്തതാണ്. ‘ഇതാ! ഇതെടുത്തു കൊണ്ടുപോ.” ഇതു ദാനമല്ല: ഹൃദയത്തിലുള്ള അഹംമതിയുടെ പ്രകടനമാണ്. ഉദ്ദേശ്യം ലോകരുടെ പ്രശംസ നേടുകയും. തങ്ങള്‍ ദാനം ചെയ്യുന്നു എന്ന വസ്തുത ലോകം അറിയണം. സ്മൃതികള്‍ അനുസരിച്ച് ദാതാവ് ആദാവിനെക്കാള്‍ താണവനാണെന്ന കാര്യം ഹിന്ദുക്കള്‍ ധരിക്കണം. കാരണം, താല്ക്കാലികമായി ആദാവ് ഈശ്വരന്‍തന്നെയാണ്. അതിനാല്‍ ദരിദ്രരും അന്ധരും ക്ഷുദിതരുമായ നാരായണന്മാരെ അനുദിനം ഓരോ വീട്ടിലും ക്ഷണിച്ചുവരുത്തി ഒരു വിഗ്രഹത്തിനു നല്കിവരുന്ന പൂജ അവര്‍ക്കുകൊടുക്കണം – ഈ മട്ടിലുള്ള ഒരാരാധനാക്രമം കൈക്കൊള്ളണമെന്നാണ് എന്റെ ഉപദേശം. ഈ നാരായണന്മാര്‍ക്ക് ഉണ്ണാനും ഉടുക്കാനും കൊടുക്കണം. അടുത്തദിവസം മറ്റു ദരിദ്രരെയും ഇതേ മട്ടില്‍ പൂജിക്കണം. ഏതുതരം പൂജാപദ്ധതിയെയും ഞാന്‍ നിന്ദിക്കുന്നില്ല. എന്റെ വിവക്ഷ, ഇത്തരം നാരായണപൂജയാണ് ഇന്നത്തെ ഭാരതത്തിന്റെ ഏറ്റവും ആവശ്യമെന്നും സര്‍വ്വോത്കൃഷ്ടമെന്നുമത്രേ.
ഭക്തിയെ ഒരു ത്രികോണത്തോടുപമിക്കാം. ഒന്നാമത്തെ കോണം പ്രേമത്തിന് ഒന്നുമാവശ്യമില്ല: രണ്ടാമത്തേത്, ഭയമെന്നാല്‍ എന്തെന്ന് പ്രേമത്തിന് അറിവില്ല. പ്രതിഫലമോ വല്ലതരം സേവനമോ ഇച്ഛിച്ചു കൊണ്ടുള്ള പ്രേമം ഇരപ്പാളിയുടെ മതമാണ്: കച്ചവടക്കാരന്റെ മതമാണ്: അതില്‍ യഥാര്‍ത്ഥമതം ഒട്ടുമില്ല. ഇരപ്പാളികളാകരുത്: കാരണം ഒന്നാമത് ഇരക്കല്‍ നിരീശ്വരതയുടെ അടയാളമാണ്. ”ഗംഗയുടെ കരയ്ക്കു പാര്‍ക്കുന്നവന്‍, കുടിനീരിനുവേണ്ടി ഒരു ചെറുകിണര്‍ കുഴിച്ചാല്‍ അവന്‍ മൂഢന്‍തന്നെ.” ഭൗതികപദാര്‍ത്ഥങ്ങള്‍ക്കുവേണ്ടി ഈശ്വരനോട് ഇരക്കുന്നവന്‍ അത്തരക്കാരനാണ്. ഭക്തന്‍ എഴുന്നേറ്റുനിന്ന് ഇങ്ങനെ പറയാന്‍ മുതിരണം; ”ഭഗവന്‍, അങ്ങയില്‍നിന്ന് ഞാന്‍ ഒന്നും കൊതിക്കുന്നില്ല. പക്ഷേ അവിടേക്കു വേണമെങ്കില്‍ എന്തും ഞാന്‍ തയ്യാറാണ്.” സ്നേഹത്തിന് ഭയമെന്തെന്നറിഞ്ഞുകൂടാ. ക്ഷീണിച്ചു മെലിഞ്ഞ ഒരു സ്ര്തീ തെരുവിലൂടെ പോകുമ്പോള്‍ ഒരു പട്ടികുരച്ചാല്‍ മതി, അവള്‍ അടുത്ത വീട്ടിനുള്ളില്‍ പാഞ്ഞുകയറും. അടുത്ത ദിവസം അതെ സ്ര്തീ ഒരുപക്ഷേ കുട്ടിക്കു മുല കൊടുത്തുകൊണ്ട് തെരുവിലെത്തുന്നു എന്നു വിചാരിക്കു. ഒരു സിംഹം അവളുടെ നേരെ ചാടുന്നു. അവള്‍ എവിടെ പാഞ്ഞുകയറും? ആ സിംഹത്തിന്റെ വായില്‍ തന്റെ കുട്ടിയെ രക്ഷിക്കാന്‍. ഇതു നാം കാണുന്നതാണ്. മൂന്നാമത്തെ കോണം, പ്രേമം പ്രേമത്തിനുവേണ്ടിയാണ്. ഒടുവില്‍ ഭക്തനു മനസ്സിലാകും പ്രേമംതന്നെയാണ് ഈശ്വരനെന്ന്, അല്ലാതെ മറ്റൊന്നുമല്ലെന്ന്. ഈശ്വരന്റെ ഉണ്മ തെളിയിക്കാന്‍ ഭക്തനെവിടെ പോകണം? കാണാവുന്നവയില്‍വെച്ചൊക്കെ ഏറ്റവും സ്ഫുടമായി കാണത്തക്കതാണ് പ്രേമം. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന ശക്തിയാണ് പ്രേമം. പുരുഷനിലും സ്ര്തീയിലും മൃഗങ്ങളിലും എവിടെയും എല്ലാറ്റിലുമത് പ്രകടമാകുന്നു. ഭൗതികവസ്തുക്കളില്‍ ആകര്‍ഷണ ശക്തിയും മറ്റുമായ് അതു വ്യക്തമാകുന്നു. എവിടേയും അതുണ്ട് – ഓരോ അണുവിലും. എവിടേയും അത് പ്രകാശിക്കുന്നു. അതാണ് അപരിമിതമായ പ്രേമം, ഈ വിശ്വത്തില്‍ കാണാവുന്ന ഒരേയൊരു സഞ്ചാലകശക്തി. ഈശ്വരന്‍തന്നെ ഈ പ്രേമമാണ്.)