സ്വാമി വിവേകാനന്ദന്‍

1895 മാര്‍ച്ച് 11-ാംനു കല്‍ക്കത്തയിലെ സ്റ്റാര്‍ തിയേറ്ററില്‍വെച്ച് ‘ഭാരതത്തിലെ ആദ്ധ്യാത്മികചിന്തയ്ക്ക് ഇംഗ്ലണ്ടിലുള്ള പ്രഭാവം’ എന്ന വിഷയത്തെപ്പറ്റി നിവേദിത (മിസ് എം.ഇ. നോബിള്‍) ചെയ്ത പ്രസംഗത്തില്‍ വിവേകാനന്ദസ്വാമികളാണ് ആദ്ധ്യക്ഷ്യം വഹിച്ചത്. നിവേദിതയെ പരിചയപ്പെടുത്താന്‍ സ്വാമികള്‍ താഴെ ചേര്‍ക്കുംവിധം സംസാരിച്ചു.

മഹതികളേ, മഹത്തുക്കളേ,
ഏഷ്യയിലെ കിഴക്കന്‍ദേശങ്ങളില്‍ക്കൂടി സഞ്ചരിച്ചപ്പോള്‍ പ്രകടമായ ഒരു സംഗതി എന്റെ ശ്രദ്ധയില്‍പെട്ടു – അതായത്, ഭാരതത്തിലെ ആദ്ധ്യാത്മികചിന്തയ്ക്ക് ഏഷ്യയിലെ കിഴക്കന്‍നാടുകളിലുള്ള പ്രചാരം. ചൈനയിലും ജപ്പാനിലുമുള്ള ദേവാലയങ്ങളുടെ ഭിത്തിമേല്‍ പ്രസിദ്ധമായ കുറേ സംസ്‌കൃതമന്ത്രങ്ങള്‍ എഴുതിയിട്ടുള്ളതു കണ്ടപ്പോള്‍ എനിക്കുണ്ടായ അദ്ഭുതം നിങ്ങള്‍ക്ക് ഊഹിക്കാം. അവയെല്ലാം എഴുതിയത് പഴയ ബംഗാളിലിപിയിലാണെന്നും, ബംഗാളികളായ നമ്മുടെ പൂര്‍വ്വികര്‍ ധര്‍മ്മപ്രചരണത്തില്‍ പ്രകടിപ്പിച്ച ഉത്‌സാഹത്തിനും ഊര്‍ജ്ജ സ്വലതയ്ക്കും സ്മാരകമായി ഇന്നും അവ നിലകൊള്ളുന്നു എന്നുമുള്ള അറിവ് നിങ്ങള്‍ക്കു സന്തോഷപ്രദമാവാം.

ഏഷ്യയിലെ ഈ നാടുകള്‍ക്കു പുറമേ, പല പാശ്ചാത്യദേശങ്ങളില്‍പ്പോലും, ഉപരിതലത്തില്‍നിന്നു നന്നെ താഴെ, ഭാരതത്തിലെ വിദൂര വ്യാപ്തവും, തെറ്റിദ്ധാരണയ്ക്കിടം നല്കാത്തതുമായ ആദ്ധ്യാത്മികചിന്തയുടെ പ്രഭാവലേശങ്ങള്‍ നിലവിലുള്ളതായി ഞാന്‍ കണ്ടു. പഴയ കാലങ്ങളില്‍ ഭാരതീയജനതയുടെ ആദ്ധ്യാത്മികാശയങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാട്ടും സഞ്ചരിച്ചു എന്നത് ഇന്ന് ഒരു ചരിത്രവസ്തുതയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോകം എത്രമാത്രം ഭാരതത്തിലെ ആദ്ധ്യാത്മികതയോടു കടപ്പെട്ടിട്ടുണ്ടെന്നും, മനുഷ്യരാശിയുടെ ഇന്നത്തെയും കഴിഞ്ഞതുമായ നിലകളില്‍ ഭാരതത്തിലെ ആദ്ധ്യാത്മിക ശക്തികള്‍ എത്ര മഹത്തായ ഒരു ഘടകമായിരുന്നെന്നും ഇന്നെല്ലാവര്‍ക്കുമറിയാം. ഇവയൊക്കെ കഴിഞ്ഞുപോയ സംഭവങ്ങളാണ്. ശ്രദ്ധേയമായ മറ്റൊരു പ്രതിഭാസം ഞാന്‍ കാണുന്നു; അദ്ഭുതാവഹമായ ആ ആംഗ്ലോ – സാക്‌സണ്‍വംശം പരിഷ്‌കാരത്തിന്നനുഗുണമായ ഏറ്റവും വമ്പിച്ച ശക്തികളും മനുഷ്യത്വത്തിലേക്കുള്ള പുരോഗതിയും സാമുദായികപുരോഗതിയും ഉളവാക്കിയിരിക്കുന്നു. കുറേക്കൂടി കടത്തിപ്പറയാം; ആംഗ്ലോ – സാക്‌സണ്‍വംശത്തിന്റെ പ്രാബല്യമില്ലായിരുന്നെങ്കില്‍ ഇന്നു നാം ചെയ്യുംപോലെ ഇവിടെ സമ്മേളിച്ചു ഭാരതീയമായ ആദ്ധ്യാത്മികചിന്തയുടെ പ്രഭാവത്തെപ്പറ്റി നാം പരാമര്‍ശിക്കയേ ഇല്ലായിരുന്നു. പടിഞ്ഞാറുനിന്നു കിഴക്കോട്ടു വന്ന് നമ്മുടെ നാട്ടിലെത്തുമ്പോള്‍ ഞാന്‍ കാണുന്നു, അതേ ആംഗ്ലോസാക്‌സണ്‍ശക്തികള്‍ – അവയുടെ ദോഷങ്ങളെന്തുമാകട്ടെ – അവരുടെ പ്രത്യേകമായ സവിശേഷതകളോടുകൂടി ഇവിടെ പ്രവര്‍ത്തിക്കുന്നു എന്ന്. ഒടുവില്‍ മഹത്തായ ഒരു ഫലം കൈവന്നതായി ഞാന്‍ വിശ്വസിക്കയും ചെയ്യുന്നു. പരക്കുകയും മുന്നേറുകയും ചെയ്യുക എന്ന ബ്രിട്ടീഷാശയം നമ്മെയും ഉന്നമിപ്പിക്കയാണ്. ഗ്രീക്കുകാരുടേതായ ഉറവിടത്തില്‍നിന്നാണ് പാശ്ചാത്യപരിഷ്‌കാരം ആവാഹിക്കപ്പെട്ടിട്ടുള്ളതെന്നും നാമോര്‍ക്കണം, ഒപ്പംതന്നെ ഗ്രീക്പരിഷ്‌കാരത്തിന്റെ മഹത്തായ ആശയം ആവിഷ്‌കാരമാണെന്നും. ഭാരതത്തില്‍ നാം ചിന്തിക്കയാണ് ചെയ്യുന്നത്: എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ചിന്തയുടെ വമ്പിച്ച ആഴംകൊണ്ട് ആവിഷ്‌കാരത്തിനുവേണ്ട ശക്തി ഒട്ടും അവശേഷിക്കുന്നില്ല. അതിനാല്‍ ക്രമേണ, ആവിഷ്‌കരിക്കാന്‍ നമുക്കുള്ള ശക്തി ലോകത്തില്‍ സ്വയം തെളിയാതെ വന്നു. എന്താണിതിന്റെ ഫലം? ഇതാണ്; നമുക്കുണ്ടായിരുന്നതെല്ലാം മറയ്ക്കാനായി നമ്മുടെ ശ്രമം. മറയ്ക്കാനുള്ള ഒരു വിരുതെന്ന നിലയില്‍ വ്യക്തികളിലായിരുന്നു അതിന്റെ തുടക്കം: അതവസാനിച്ചതു മറയ്ക്കാനുള്ള ജനതാവ്യാപകമായ വിരുതായിട്ടാണ്. ആവിഷ്‌കരണശക്തി കുറഞ്ഞുകുറഞ്ഞുവരിക കാരണം മൃതിപ്പെട്ട ജനതയെന്നാണ് നാമിപ്പോള്‍ കണക്കാക്കപ്പെടുന്നത്. ആവിഷ്‌കാരമില്ലാതെ നാം എങ്ങനെ ജീവിക്കും? പാശ്ചാത്യപരിഷ്‌കാരത്തിന്റെ നട്ടെല്ല് വ്യാപനവും ആവിഷ്‌കാരവുമാണ്. ആംഗ്ലോ-സാക്‌സണ്‍കാരുടെ ഭാരതത്തിലുള്ള പ്രവൃത്തിയുടെ ഈ വശത്തേക്ക് നിങ്ങളുടെ ശ്രദ്ധയെ ഞാന്‍ ക്ഷണിക്കുന്നു: ഇതൊരിക്കല്‍ക്കൂടി നമ്മുടെ ജനതയെ ആത്മാവിഷ്‌കാരത്തിന് ഉത്തേജിപ്പിക്കുന്നു. പ്രബലമായ ആ വംശം ഉളവാക്കിയ ഗതാഗതമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമ്മുടെ മറച്ചുവെയ്ക്കപ്പെട്ട സമ്പത്തുകള്‍ ആവിഷ്‌കരിക്കാന്‍ ഇതു നമ്മെ പ്രേരിപ്പിക്കുന്നു. ആംഗ്ലോ-സാക്‌സണ്‍കാര്‍ ഭാരതത്തിന് ഒരു ഭാവിയുണ്ടാക്കിയിട്ടുണ്ട്. നമ്മുടെ പിതൃപൈതാമഹമായ ആശയങ്ങള്‍ ഇന്നു വിഹരിക്കുന്ന മണ്ഡലം കേവലം അപാരമാണ്. അതേ, നമ്മുടെ പൂര്‍വികര്‍ സത്യത്തിന്റെയും മോക്ഷത്തിന്റെയുമായ തങ്ങളുടെ സന്ദേശം പ്രകാശിപ്പിച്ചപ്പോള്‍, അവര്‍ക്കു വലുതായ എത്ര സൗകര്യങ്ങളാണുണ്ടായിരുന്നത്? അതേ, സാര്‍വലൗകികമായ സാഹോദര്യത്തിന്റെ ഉത്കൃഷ്ടമായ സിദ്ധാന്തം മഹാനായ ബുദ്ധന്‍ പ്രചരിപ്പിച്ചതെങ്ങനെ? അക്കാലത്തുതന്നെ നമ്മുടെ പ്രിയപ്പെട്ട ഭാരതത്തില്‍ യഥാര്‍ത്ഥമായ ആനന്ദം നേടാന്‍ മികച്ച സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ലോകത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ നമ്മുടെ ആശയങ്ങള്‍ നിഷ്ര്പയാസം പരത്താന്‍ നമുക്കു കഴിഞ്ഞു. ഇപ്പോള്‍ ആംഗ്ലോ-സാക്‌സണ്‍കാരുടെ അടുത്തുപോലും നാം ചെന്നെത്തിയിരിക്കയാണ്. ഇത്തരത്തിലുള്ള പരസ്പരപ്രക്രിയയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സന്ദേശം ചെവിക്കൊള്ളപ്പെടുന്നതായി നാം കാണുന്നു. ചെവിക്കൊള്ളുക മാത്രമല്ല, അതനുസരിച്ചു പ്രവൃത്തിയും ഉണ്ടാകുന്നുണ്ട്. ഇപ്പോള്‍ ത്തന്നെ നമ്മുടെ കര്‍ത്തവ്യാനുഷ്ഠാനത്തില്‍ നമ്മെ തുണയ്ക്കാന്‍ കുറേ പ്രതിഭാശാലികളെ ഇംഗ്ലണ്ടു നമുക്കു തന്നിരിക്കുന്നു. ഇപ്പോള്‍ ഈ പ്രസംഗവേദിയിലുള്ള എന്റെ സുഹൃത്തായ മിസ് മ്യൂളറെപ്പറ്റി എല്ലാവരും കേട്ടിരിക്കാം: ഒരുപക്ഷേ അവരോടു പരിചയപ്പെട്ടുമിരിക്കാം. നല്ല ഒരു കുടുംബത്തില്‍ ജനിച്ച് വെടിപ്പായി വിദ്യാഭ്യാസം ചെയ്തിട്ടുള്ള ഈ മാന്യ ഭാരതത്തോടുള്ള കൂറുകൊണ്ട് അവരുടെ മുഴുവന്‍ ജീവിതവും നമുക്കായി തന്നിരിക്കയാണ്: ഭാരതത്തെ സ്വന്തം വീടും കുടുംബവുമായി കരുതുകയുമാണ്. ഭാരതത്തിന്റെ നന്മയ്ക്കും നവീകരണത്തിനുംവേണ്ടി സ്വജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിട്ടുള്ള മഹതിയും വിശിഷ്ടയുമായ ആ ആംഗലേയവനിതയുടെ പേര്‍ എല്ലാവര്‍ക്കും പരിചിതമാണല്ലോ. ഞാന്‍ ഉദ്ദേശിക്കുന്നത് ശ്രീമതി ബസന്റിനെയാണ്. അതേ ദൗത്യം പുരസ്‌കരിച്ച് അമേരിക്കയില്‍നിന്നു വന്നിട്ടുള്ള രണ്ടു മാന്യകളെയും ഇന്ന് ഈ വേദിയില്‍ നമുക്കു കാണാം. പാവപ്പെട്ട നമ്മുടെ നാടിനു സ്വല്പമായ നന്മ ചെയ്യുന്നതിനുപോലും സ്വജീവിതം സമര്‍പ്പിക്കാന്‍ അവര്‍ സന്നദ്ധരാണെന്നുള്ള ഉറപ്പുതരാന്‍ എനിക്കു സാധിക്കും. നമ്മുടെ നാട്ടുകാരില്‍ ഒരുവന്റെ പേര്‍ നിങ്ങളെ ഓര്‍മ്മിപ്പുക്കുവാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ: അദ്ദേഹം ഇംഗ്ലണ്ടും അമേരിക്കയും കണ്ടിട്ടുണ്ട്. എനിക്ക് അദ്ദേഹത്തില്‍ പൂര്‍ണ്ണമായ വിശ്വാസമുണ്ട്. അദ്ദേഹത്തോടെനിക്കു ബഹുമാനവും സ്നേഹവുമാണ്. മറ്റൊരിടത്തു സന്നിഹിതനാകാമെന്ന് ഏറ്റിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ഇന്നിവിടെ ഉണ്ടായേനെ. നമ്മുടെ നാടിന്റെ നന്മയ്ക്കുവേണ്ടി നിശ്ശബ്ദമായി, സ്ഥിരതയോടുകൂടി, പ്രയത്‌നിക്കയാണദ്ദേഹം. വമ്പിച്ച ആദ്ധ്യാത്മികതയാണ് അദ്ദേഹത്തിന്നുള്ളത്. ശ്രീ മോഹിനീമോഹന ചാറ്റര്‍ജിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. മിസ് മാര്‍ഗരറ്റ് നോബിള്‍, ഇപ്പോള്‍ ഇംഗ്ലണ്ടു നമുക്കു നല്കിയ മറ്റൊരു സംഭാവനയാണ്. ഇവരില്‍നിന്നു നാം ഒട്ടേറെ പ്രതീക്ഷിക്കുന്നുണ്ട്. കൂടുതലായി ഒന്നും പറയാതെ മിസ് നോബിളിനെ ഞാന്‍ പരിചയപ്പെടുത്തട്ടെ. അവര്‍ നിങ്ങളോട് ഇപ്പോള്‍ സംസാരിക്കും.

സഹോദരി നിവേദിത അവരുടെ രസകരമായ പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ സ്വാമിജി എഴുന്നേറ്റു പറഞ്ഞു;

കുറച്ചു വാക്കുകളേ എനിക്കു പറയേണ്ടതുള്ളു. ഭാരതീയരായ നമുക്ക് എന്തോ ഒക്കെ ചെയ്യാന്‍ കഴിഞ്ഞേക്കുമെന്ന് ഒരാശയം നമുക്കുണ്ട്. ഈ ആശയത്തെ പരിഹസിക്കുന്നത് ഭാരതീയരുടെ ഇടയില്‍ ബംഗാളികളാണ്. ഞാനതു പരിഹാസ്യമായിക്കരുതുന്നില്ല. നിങ്ങളില്‍ തീവ്രമായ ഒരു യത്‌നമുണര്‍ത്തിവിടുകയാണ് എന്റെ ജീവിതദൗത്യം. നിങ്ങള്‍ അദ്വൈതിയോ വിശിഷ്ടാദ്വൈതിയോ ദ്വൈതിയോ ആകുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നാം കൂടെക്കൂടെ മറക്കാറുള്ള ഒരു വസ്തുതയിലേക്കാണ് ഞാന്‍ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നത്. അതാവിത്; ഹേ മനുഷ്യാ, നിന്നില്‍ നിനക്കു വിശ്വാസമുണ്ടാകട്ടെ. ഈ വഴിയിലൂടെയേ ഈശ്വരനില്‍ നമുക്കു വിശ്വാസമുണ്ടാകൂ. നിങ്ങള്‍ അദ്വൈതിയോ ദ്വൈതിയോ ആകൂ. നിങ്ങള്‍ യോഗദര്‍ശനത്തിലോ ശങ്കരാചാര്യരിലോ വിശ്വസിക്കൂ: നിങ്ങള്‍ വ്യാസനെയോ വിശ്വാമിത്രനെയോ അനുഗമിക്കൂ: ഇതിലൊന്നും വലിയ കാര്യമില്ല. ഈ വിഷയത്തില്‍, ശേഷമുള്ള വിശ്വചിന്തയില്‍നിന്ന് ഭാരതീയചിന്ത വ്യത്യസ്തമാണെന്നതത്രേ വസ്തുസ്ഥിതി. മറ്റു മതങ്ങളിലും നാടുകളിലും ആത്മശക്തി വിഗണിക്കപ്പെട്ടിരിക്കവേ, ആത്മാവ് അനശ്വരമാണെന്നും എക്കാലവും അതു തികവുറ്റു നിലകൊള്ളുന്നു എന്നുമാണ് ഭാരതീയരായ നാം കരുതുന്നത്. മറുനാടുകളില്‍ ആത്മാവ് മിക്കവാറും ശക്തിയറ്റതും ദുര്‍ബ്ബലവും ജഡവുമായ എന്തോ ഒന്ന് എന്നാണ് കരുതപ്പെടുന്നത്. ഉപനിഷത്തുകളുടെ ഉപദേശം നാം സദാ സ്മരിക്കണം.

ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള മഹത്തായ കൃത്യം ഓര്‍മ്മിക്കുക. നമ്മുടെ ജനതാമതത്തിന്റെ മര്‍മ്മങ്ങള്‍ കാര്‍ന്നുതിന്നുന്ന ഒട്ടേറെ വൈദേശികാശയങ്ങള്‍ ഭാരതീയരായ നമ്മെ, വിശിഷ്യ ബംഗാളികളെ, ആക്രമിച്ചിരിക്കയാണ്. എന്തുകൊണ്ടാണ് നാം ഈയിടെ ഇത്ര പിന്നോക്കമായിരിക്കുന്നത്? നമ്മില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും എന്തു കൊണ്ടാണ് തികച്ചും വൈദേശികമായ ആശയങ്ങളും ഘടകങ്ങളും കൊണ്ടു രൂപപ്പെട്ടവരായിരിക്കുന്നത്? ജനതകളുടെ മതിപ്പില്‍ ഉയരണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ നാം പടിഞ്ഞാറുനിന്ന് പലതും പഠിക്കാനുണ്ടെന്നോര്‍ക്കണം. നാം പടിഞ്ഞാറുനിന്ന് അവരുടെ കലകളും ശാസ്ത്രങ്ങളും അഭ്യസിക്കണം. ജഡപ്രകൃതിയെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രങ്ങള്‍ അവിടെനിന്നു പഠിക്കാനുണ്ട്. മറിച്ച്, മതവും ആദ്ധ്യാത്മിക ജ്ഞാനവും ഗ്രഹിക്കാനും സ്വായത്തമാക്കാനും നമ്മുടെ അടുക്കല്‍ പാശ്ചാത്യര്‍ വരേണ്ടതുമാണ്. ഹിന്ദുക്കളായ നാം ജഗദ്ഗുരുക്കന്മാരാണെന്നു വിശ്വസിക്കുന്നു. രാഷ്ട്രീയാവകാശങ്ങളും അതുപോലെ മറ്റു പലതും നേടുവാന്‍ നാം ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കയാണല്ലോ. വളരെ നല്ലത്. അവകാശങ്ങളും മാന്യതകളും മറ്റും സൗഹാര്‍ദ്ദത്തിലൂടെയേ വന്നുചേരൂ. സമന്മാരായ രണ്ടുപേര്‍ക്കു തമ്മിലേ സൗഹാര്‍ദ്ദം പ്രതീക്ഷിക്കേണ്ടു. രണ്ടിലൊരുവന്‍ ഇരപ്പാളിയാണെങ്കില്‍ അവിടെ എന്തു സൗഹാര്‍ദ്ദം? അതൊക്കെ പറയാന്‍ കൊള്ളാം. പരസ്പരസഹകരണം കൂടാതെ നമുക്കു പ്രബലരാകുവാന്‍ സാദ്ധ്യമല്ലെന്നു ഞാന്‍ പറഞ്ഞുകൊള്ളുന്നു. അതിനാല്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നിങ്ങള്‍ ഇംഗ്ലണ്ടിലേക്കും അമേരിക്കയിലേക്കും പോകണമെന്നാണ് – ഇരപ്പാളികളായിട്ടല്ല, പിന്നെയോ മതാചാര്യന്മാരെന്ന നിലയില്‍. നമ്മുടെ ശക്തിക്കൊത്തു വിനിമയത്തിന്റെതായ നിയമം നമുക്കെടുത്തു പ്രയോഗിക്കാം. ഈ ജീവിതത്തില്‍ നമ്മെ സന്തുഷ്ടരാക്കുവാനുള്ള വഴികളും രീതികളും അവരില്‍നിന്ന് നമുക്കു പഠിക്കേണ്ടതുണ്ടെങ്കില്‍, പകരം അവരെ സദാ സന്തുഷ്ടരാക്കുവാനുള്ള വഴികളും രീതികളും നാം അവര്‍ക്കു കൊടുക്കേണ്ടേ? എല്ലാറ്റിനുംമേലേ മനുഷ്യരാശിയുടെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുക. നിങ്ങളുടെ ഇടുങ്ങിയ യാഥാസ്ഥിതികജീവിതത്തെക്കുറിച്ചുള്ള വികത്ഥനം വെടിയുക. മരണം നമ്മെയൊക്കെ കാത്തുകിടക്കയാണ്. ചരിത്രത്തിലെ ഏറ്റവും അദ്ഭുതമായ വസ്തുത ശ്രദ്ധിക്കുക; ലോകത്തിലുള്ള ജനതകള്‍ക്കെല്ലാം ഭാരതീയ സാഹിത്യത്തില്‍ രൂപപ്പെട്ടിട്ടുള്ള നിത്യസത്യങ്ങള്‍ ഗ്രഹിക്കുവാന്‍ ഭാരത പാദത്തിങ്കല്‍ ക്ഷമയോടുകൂടി ഇരിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിനു മരണമില്ല: ചൈനയ്ക്കു മരണമില്ല: ജപ്പാന്നു മരണമില്ല. അതിനാല്‍ നമ്മുടെ നട്ടെല്ല് ആദ്ധ്യാത്മികതയാണെന്നു നാം എപ്പോഴും ഓര്‍ക്കണം. അതോര്‍മ്മിക്കാന്‍, ഇപ്പോള്‍ ഞാന്‍ പ്രതിപാദിച്ചുവരുന്ന ആ വഴി കാട്ടുന്ന ഒരു നേതാവു നമുക്കു വേണം. നിങ്ങളില്‍ ചിലര്‍ അതു വിശ്വസിക്കുന്നില്ലെങ്കില്‍, നമ്മുടെ ഇടയിലുള്ള ഒരു ഹൈന്ദവബാലന്‍ സ്വമതം ശുദ്ധമായ ആദ്ധ്യാത്മികതയാണെന്നു വിശ്വസിക്കാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, അവരെയാരെയും ഞാന്‍ ഹിന്ദുവെന്നു വിളിക്കില്ല. കാശ്മീരത്തിലെ ഒരു ഗ്രാമത്തില്‍വെച്ച് മാന്യയായ ഒരു മുസ്ലീംവൃദ്ധയോടു സംസാരിച്ചത് ഞാന്‍ സ്മരിക്കുന്നു. മൃദുസ്വരത്തില്‍ ഞാന്‍ അവരോടു ചോദിച്ചു; ”നിങ്ങളുടെ മതമേതാണ്?” അവര്‍ സ്വന്തം ഭാഷയില്‍ മറുപടി പറഞ്ഞു; ”ഭഗവാനു സ്തുതി! ഈശ്വരകൃപകൊണ്ട് ഞാനൊരു മുസ്ലീമാണ്.” പിന്നെ ഒരു ഹിന്ദുവിനോടു ചോദിച്ചു; ”ഏതാണ് നിങ്ങളുടെ മതം? അയാള്‍ തെളിച്ചുപറഞ്ഞു; ”ഞാന്‍ ഒരു ഹിന്ദുവാണ്.” കഠോപനിഷത്തിലെ മഹത്തായ ആ പദം – ‘ശ്രദ്ധ’ – അഥവാ അദ്ഭുതകരമായ വിശ്വാസം, എന്റെ സ്മൃതിപഥത്തില്‍വരുന്നു. നചികേതസ്സിന്റെ ജീവിതത്തില്‍ ശ്രദ്ധയുടെ ദൃഷ്ടാന്തം കാണാം. എന്റെ ജീവിത ദൗത്യംതന്നെ ശ്രദ്ധാസിദ്ധാന്തം, നിര്‍വ്യാജമായ വിശ്വാസം, പ്രചരിപ്പിക്കയാണ്. മനുഷ്യരാശിയുടെയും, എല്ലാ മതങ്ങളുടെയും പ്രബലമായ ഒരു ഘടകം ഈ വിശ്വാസമാണെന്ന് ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോടു ആവര്‍ത്തിച്ചുപറയുന്നു. ഒന്നാമതായി നിങ്ങളില്‍ത്തന്നെ വിശ്വാസം വേണം. ഒരുവന്‍ ചെറിയൊരു കുമിളയും മറ്റൊരുവന്‍ മലപോലെ വലിയൊരലയുമാണെങ്കില്‍ത്തന്നെ, രണ്ടിനും പിമ്പിലുള്ളത് അതിരറ്റ വന്‍കടലാണെന്നറിയുക. അതിനാല്‍ എല്ലാവര്‍ക്കും ആശങ്കയ്ക്കവകാശമുണ്ട്; എല്ലാവര്‍ക്കും മോചനമുണ്ട്. മായയുടെ കെട്ടുപാടുകള്‍, കുറേ നേരത്തേയോ താമസിച്ചോ, എല്ലാവരും ഒഴിവാക്കുകതന്നെ വേണം. ഒന്നാമതു ചെയ്യേണ്ടതിതാണ്. അനന്തമായ ആശ അനന്തമായ ആകാംക്ഷയുടെ ഈറ്റില്ലമാണ്. ആ വിശ്വാസം നമുക്കുണ്ടായാല്‍, അതു വ്യാസന്റെയും അര്‍ജ്ജുനന്റെയും കാലത്തുണ്ടായിരുന്ന ജനതാജീവിതം കൊണ്ടുവന്നു നല്കും. ആ കാലത്താണല്ലോ മനുഷ്യത്വത്തെപ്പറ്റിയുള്ള നമ്മുടെ ഉദാത്തമായ സിദ്ധാന്തങ്ങളെല്ലാം പ്രചരിപ്പിക്കപ്പെട്ടത്. ആദ്ധ്യാത്മികമായ ഉള്‍ക്കാഴ്ചയിലും ചിന്തകളിലും ഇന്നു നാം വളരെ പിന്നണിയിലാണ്. സമൃദ്ധമായിരുന്നു ഭാരതത്തിന്റെ ആദ്ധ്യാത്മികത. അന്നു ലോകത്തില്‍ ഉണ്ടായിരുന്ന മനുഷ്യവംശങ്ങളില്‍വെച്ചു ഭാരതീയജനതയെ ഏറ്റവും വലുതാക്കിയത് ആദ്ധ്യാത്മികമായ ആ മഹത്ത്വമാണ്. പാരമ്പര്യങ്ങളും ആശകളും വിശ്വാസ്യമാണെങ്കില്‍, വീണ്ടും ആ ദിവസങ്ങള്‍ നമ്മുടെ അടുക്കലേക്ക് വരുകതന്നെ വേണം. നിങ്ങളെയാണ് അതാശ്രയിച്ചിരിക്കുന്നത്. ബംഗാളിലെ യുവാക്കളേ, ധനവാന്മാരെയും പെരുമപ്പെട്ടവരെയും നിങ്ങള്‍ ആശ്രയിക്കേണ്ടതില്ല. ലോകത്തിലുള്ള വലുതും ഊക്കനുമായ ജോലികളെല്ലാം പാവപ്പെട്ടവരാണ് ചെയ്തിട്ടുള്ളത്. ബംഗാളിലെ പാവപ്പെട്ടവരേ, ഉയര്‍ന്നു വരുക: നിങ്ങള്‍ക്ക് എല്ലാം ചെയ്യാം, എല്ലാം ചെയ്യണം. പാവങ്ങളാണ് നിങ്ങളെങ്കിലും, പലരും നിങ്ങളുടെ മാതൃക അനുകരിക്കും. എല്ലാറ്റിനും മേലെ നിങ്ങള്‍ തികച്ചും ശുദ്ധരും നിഷ്‌കളങ്കരുമാവുക: സ്വന്തം ദിഷ്ടത്തില്‍ വിശ്വസിക്കുക. ബംഗാളിലെ യുവജനങ്ങളേ, ഭാരതഭാഗധേയത്തിനു രൂപംകൊടുക്കേണ്ടതു നിങ്ങളുടെ ജോലിയാണ്. അതു ശ്രദ്ധിക്കണം. നിങ്ങള്‍ക്കതില്‍ വിശ്വാസമുണ്ടാകട്ടെ. അഥവാ ഇല്ലാതിരിക്കട്ടെ. ഇന്നോ നാളെയോ അതു സാധിക്കുമെന്നു കരുതരുത്. എന്റെ ദേഹത്തിലും ആത്മാവിലുമെന്നപോലെതന്നെ അതിലും എനിക്കു വിശ്വാസമുണ്ട്. അതിനാല്‍ ബംഗാളിലെ യുവജനങ്ങളായ നിങ്ങളോട് എനിക്കു ഹൃദയം തുറന്ന സഹാനുഭൂതിയാണുള്ളത്. പണമില്ലാത്ത നിങ്ങളെയാണ് അതാശ്രയിച്ചിരിക്കുന്നത്: പാവപ്പെട്ടവരാകകൊണ്ടുതന്നെ നിങ്ങള്‍ ജോലി ചെയ്യും: ഒന്നുമില്ലാത്തതുകൊണ്ടുതന്നെ നിങ്ങള്‍ നിഷ്‌കളങ്കരായിരിക്കും; നിഷ്‌കളങ്കരാകകൊണ്ടുതന്നെ നിങ്ങള്‍ എല്ലാം ത്യജിക്കും. അതാണിപ്പോള്‍ ഞാന്‍ നിങ്ങളോടു പറയുന്നത്, ഒരിക്കല്‍ക്കൂടി ഞാന്‍ നിങ്ങളോട് ഇതാവര്‍ത്തിച്ചു പറയട്ടെ. അതു നിങ്ങളുടെ ജീവിതദൗത്യമാണ്: എന്റെ ജീവിദൗത്യമാണ്. ഏതു ദര്‍ശനമാണ് നിങ്ങള്‍ കൈക്കൊള്ളുന്നതെന്നതില്‍ എനിക്കു താല്പര്യമില്ല. പക്ഷേ ഒന്നുണ്ട്: മനുഷ്യരാശിയുടെ പൂര്‍ണ്ണതയിലുള്ള നിത്യവിശ്വാസമാകുന്ന ഒരു ചരട്, പരസ്പരം സൗഹൃത്തില്‍ ബന്ധിപ്പിച്ചുകൊണ്ട് ഭാരതത്തിലെങ്ങും ഓടുന്നുണ്ടെന്ന് ഇവിടെ തെളിയിക്കാന്‍ ഞാന്‍ ഒരുക്കമാണ്: അതില്‍ ഞാന്‍ സ്വയം വിശ്വസിക്കുന്നു. ആ വിശ്വാസം നാടെങ്ങും പരക്കട്ടെ.