സന്ന്യാസം – അതിന്റെ ആദര്‍ശവും അനുഷ്ഠാനവും
രണ്ടാം പ്രാവശ്യം സ്വാമിജി പാശ്ചാത്യദേശത്തേക്കു പുറപ്പെടുന്നതിനുമുമ്പ് (1899 ജൂണ്‍ 19) ബേലൂര്‍മഠത്തിലെ ഇളമുറക്കാരായ സന്ന്യാസിമാര്‍ അദ്ദേഹത്തിന് ഒരു ആമന്ത്രണപത്രിക നല്കുകയുണ്ടായി. സ്വാമിജി നല്കിയ മറുപടിയുടെ ചുരുക്കം താഴെ ചേര്‍ക്കുന്നു;
നീണ്ട ഒരു പ്രസംഗത്തിനുള്ള അവസരമല്ല ഇത്. നിങ്ങള്‍ അനുഷ്ഠിക്കണമെന്നു ഞാന്‍ താല്പര്യപ്പെടുന്ന ചില സംഗതികളെക്കുറിച്ചുമാത്രം ചുരുക്കമായി നിങ്ങളോടു പറയാം. ഒന്നാമതായി നാം ആദര്‍ശം ധരിക്കണം; പിന്നെ അതു പ്രായോഗികമാക്കുവാന്‍ വേണ്ട ഉപായങ്ങളും ധരിക്കണം. നിങ്ങളില്‍ സന്ന്യാസിമാരായിട്ടുള്ളവര്‍ പരന്മാര്‍ക്ക് ഉപകരിക്കണം: അതാണു സന്ന്യാസമെന്നുവെച്ചാലര്‍ത്ഥം. സന്ന്യാസത്തെപ്പറ്റി ദീര്‍ഘമായ ഒരു പ്രസംഗം ചെയ്യാന്‍ സമയമില്ല. അതു ”മരണത്തോടുള്ള സ്നേഹം” ആണ് എന്നു വളരെ ചുരുക്കമായി വര്‍ണ്ണിക്കാം. പ്രാപഞ്ചികന്മാര്‍ ജീവിതത്തെ സ്നേഹിക്കുന്നു: സന്ന്യാസി മരണത്തെ സ്നേഹിക്കണം. അപ്പോള്‍ നാം ആത്മഹത്യ ചെയ്യണോ? ഒരിക്കലുമരുത്. ആത്മഘാതികള്‍ മരണത്തെ സ്നേഹിക്കുന്നവരല്ല: ആത്മഹത്യക്കൊരുങ്ങിയവന്‍ ഒരിക്കല്‍ പരാജയം പറ്റിയാല്‍ വീണ്ടും അതിനു തുനിയാത്തതുകൊണ്ടുതന്നെ അതു സ്പഷ്ടമാണ്. പിന്നെ മരണത്തോടുള്ള സ്നേഹമെന്താണ്? നാം മരിക്കണമെന്നതു നിശ്ചയം തന്നെ: അപ്പോള്‍ നല്ലൊരു ലക്ഷ്യത്തിനുവേണ്ടി മരിക്കാം. ഉണ്ണുക കുടിക്കുക തുടങ്ങിയ നമ്മുടെ പ്രവൃത്തികളെല്ലാം ആത്മത്യാഗത്തിലേക്ക് ആകുന്നവയായിത്തീരട്ടെ. ഉണ്ണുന്നതുകൊണ്ടു നിങ്ങള്‍ നിങ്ങളുടെ ശരീരം പോഷിപ്പിക്കുന്നു. അന്യരുടെ സുസ്ഥിതിക്കുവേണ്ടി ബലികഴിക്കാനല്ല ആ ശരീരം നിങ്ങള്‍ പോറ്റുന്നതെങ്കില്‍ ഉണ്ണുന്നതു കൊണ്ടു മെച്ചമെന്ത്? പുസ്തകവായനകൊണ്ടു നിങ്ങള്‍ മനസ്സു പോഷിപ്പിക്കുന്നു. ലോകത്തിനു മുഴുവന്‍വേണ്ടി ബലികഴിക്കാനല്ല അതു പുലര്‍ത്തുന്നതെങ്കില്‍മാനസപോഷണംകൊണ്ടും മെച്ചമൊന്നുമില്ല. നിങ്ങളുടെ ദശലക്ഷം സഹോദരന്മാരെ സേവിക്കുന്നതാണ് നല്ലത്: ക്ഷുദ്രമായ ഈ അഹന്ത വീര്‍പ്പിക്കുന്നതല്ല. അങ്ങനെ ക്രമേണ മരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്. ആ മട്ടിലുള്ള മരണത്തിലത്രേ സ്വര്‍ഗ്ഗം: നന്മകളെല്ലാം അതില്‍ സംഭരിച്ചിട്ടുണ്ട്. തദ്വിപരീതമായതിലത്രേ പൈശാചിവും തീയതുമായതെല്ലാം നിലകൊള്ളുന്നത്.
ആദര്‍ശാനുഷ്ഠാനത്തിനു വേണ്ട ഉപായങ്ങളെപ്പറ്റിയാണ് ഇനി. ഒന്നാമതറിയേണ്ടത് അസാദ്ധ്യമായ ആദര്‍ശമൊന്നും നമുക്കരുതെന്നാണ്. എത്തുംപിടിയുമില്ലാത്ത ആദര്‍ശം ജനതയെ ദുര്‍ബ്ബലപ്പെടുത്തുകയും അധഃപതിപ്പിക്കയും ചെയ്യും. ബൗദ്ധരും ജൈനരും ഉണ്ടാക്കിയ പരിഷ്‌കാരങ്ങള്‍ക്കുശേഷമാണ് ഇതു സംഭവിച്ചത്. മറുവശത്ത്, ആവശ്യത്തിലധികം പ്രായോഗികതയും തെറ്റാണ്. അല്പം ഭാവനകൂടിയില്ലെങ്കില്‍, നിങ്ങളെ നയിക്കാന്‍ പറ്റിയ ആദര്‍ശമൊന്നുമില്ലെങ്കില്‍, വെറുമൊരു മൃഗമാണ് നിങ്ങള്‍. അതുകൊണ്ടു നമ്മുടെ ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കാനും പാടില്ല. ഈ രണ്ടു തെറ്റും നാം ഒഴിവാക്കണം. നമ്മുടെ നാട്ടിലുള്ള പഴയ ആശയം ഗുഹയിലിരുന്നു ധ്യാനിച്ചു മരണമടയുകയെന്നതാണ്. മുക്തിവിഷയത്തില്‍ മറ്റുള്ളവരെ പിന്‍തള്ളിക്കൊണ്ടുള്ള പോക്കു തെറ്റാണ്. സമസൃഷ്ടങ്ങളുടെ മോക്ഷത്തിനു ശ്രമിക്കാത്തവന്നു മോക്ഷം സിദ്ധിക്കില്ലെന്ന്, കുറേ നേരത്തെയല്ലെങ്കില്‍ കുറേ താമസിച്ച്, എല്ലാവരും അറിയുകതന്നെ വേണം. വമ്പിച്ച ആദര്‍ശവാദവും വമ്പിച്ച പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പാന്‍ നിങ്ങള്‍ ശ്രമിക്കണം. ഈ ക്ഷണത്തില്‍ അഗാധമായ ധ്യാനത്തില്‍ മുഴുകാനും, ഉത്തരക്ഷണത്തില്‍ വെളിയില്‍ ചെന്നു പാടങ്ങളില്‍ (മംത്തിന്റെ വകയായ പാടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടു സ്വാമിജി പറഞ്ഞു) കൃഷിയിറക്കാനും നിങ്ങള്‍ തയ്യാറാകണം. ഈ ക്ഷണത്തില്‍ ശാസ്ത്രഫക്കികള്‍ (കീറാ മുട്ടികള്‍) വിശദമാക്കാനും. അനന്തരക്ഷണത്തില്‍ വെളിയില്‍ ചെന്നു പാടങ്ങളിലെ വിളവുകള്‍ ചന്തയില്‍ വിറ്റഴിക്കാനും തയ്യാറാകണം. എല്ലാത്തരം താണ ജോലികള്‍ ചെയ്യുവാനും നിങ്ങള്‍ തയ്യാറാകണം: ഇവിടെ മാത്രമല്ല, എവിടെയും.
ഈ സ്ഥാപനത്തിന്റെ ഉന്നം ആണുങ്ങളെ വാര്‍ത്തെടുക്കലാണ്, ഇതത്രേ ഓര്‍ക്കേണ്ട അടുത്ത സംഗതി. ഋഷിമാര്‍ പഠിപ്പിച്ചതു പഠിച്ചാല്‍ മാത്രം പോരാ. ആ ഋഷിമാരെല്ലാം പോയിരിക്കയാണ്: അവരോടൊപ്പം അവരുടെ അഭിപ്രായങ്ങളും. നിങ്ങള്‍ സ്വയം ഋഷിമാരാകണം. ഉണ്ടായിട്ടുള്ള ആണുങ്ങളില്‍വെച്ചു മഹത്തമന്മാരെപ്പോലെതന്നെ, നമ്മുടെ അവതാരപുരുഷന്മാരെപ്പോലെതന്നെ, ആണുങ്ങളാണ് നിങ്ങളും. വെറും പുസ്തകപാണ്ഡിത്യംകൊണ്ടെന്തു ചെയ്യും? ധ്യാനംകൊണ്ടു പോലും എന്തു ചെയ്യും? മന്ത്രതന്ത്രങ്ങള്‍ക്കു ചെയ്യാവുന്നതെന്ത്? നിങ്ങള്‍ സ്വന്തം കാലില്‍ നില്ക്കണം. നിങ്ങള്‍ക്കു വേണ്ടത് ഈ പുതിയ ഉപായമാണ് – ആണുങ്ങളെ വാര്‍ത്തെടുക്കുന്ന ഉപായം. ആരാണോ കരുത്തുപോലെതന്നെ കരുത്തന്‍: ഒപ്പം, സ്ര്തീഹൃദയമുള്ളവന്‍: അവനത്രേ സത്യത്തില്‍ ആണ്. നിങ്ങളുടെ ചുറ്റുമുള്ള ദശലക്ഷങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ കരളലിയണം: അതേ സമയം നിങ്ങള്‍ കരുത്തരും വഴങ്ങാത്തവരുമാകണം: അനുസരണയും നിങ്ങള്‍ക്കു വേണം. ഇതൊരു വിരോധാഭാസമായിത്തോന്നാം. തമ്മില്‍ ഇണങ്ങാത്തവയെന്നു തോന്നാവുന്ന ഈ ഗുണങ്ങളൊക്കെ നിങ്ങള്‍ക്കു വേണം. ഒരു നദിയില്‍ ചാടി ചീങ്കണ്ണിയെ പിടിക്കാന്‍ മേല്‍ക്കിടയിലുള്ള ഒരുവന്‍ ആജ്ഞാപിച്ചാല്‍ ആദ്യം അതു ചെയ്യണം; പിന്നെയാവാം അയാളുമായി യുക്തിവിചാരം ചെയ്യുക. ആജ്ഞ തെറ്റായാല്‍പ്പോലും, ഒന്നാമത് അതനുസരിക്കുക: പിന്നെ എതിര്‍ക്കുക. മതവിഭാഗക്കാരുടെ പിഴ, വിശേഷിച്ചും ബംഗാളില്‍, ഇതാണ്; ഒരുവന്നു ഭിന്നാഭിപ്രായമുണ്ടായാല്‍ ഉടനടി അയാള്‍ ഒരു മതവിഭാഗം ഉണ്ടാക്കുകയായി: അയാള്‍ക്ക് അടങ്ങിയിരിക്കാന്‍ ക്ഷമയില്ല. നിങ്ങളുടെ സംഘത്തെക്കുറിച്ച് അഗാധമായ ബഹുമാനം നിങ്ങള്‍ക്കു വേണം. അനുസരണക്കേടിന് ഇവിടെ ഇടമില്ല. അനുസരണക്കേടു നിര്‍ദ്ദയം ഞെരിച്ചുകളയണം. അനുസരണയില്ലാത്ത അംഗങ്ങള്‍ ഇവിടെയരുത്: അവരെ വെളിയിലാക്കുക. കൈനിലയ്ക്കുള്ളില്‍ ചതിയന്മാരാരും ഇരുന്നുകൂടാ. കാറ്റുപോലെ താന്തോന്നികളും, ഈ ചെടിയേയും പട്ടിയേയുംപോലെ ചൊല്പടിക്കു നില്ക്കുന്നവരുമായിത്തീരണം നിങ്ങള്‍ .