സ്വാമി വിവേകാനന്ദന്‍

ഞാന്‍ ധരിച്ചിട്ടുള്ളതെന്ത്?(1901 മാര്‍ച്ചില്‍ ഡാക്കയില്‍വെച്ച് ചെയ്ത പ്രസംഗം)

ഡാക്കയില്‍വെച്ച് സ്വാമിജി ഇംഗ്ലീഷില്‍ രണ്ടു പ്രസംഗം ചെയ്തു. ആദ്യത്തേതിന്റെ വിഷയം ”ഞാന്‍ ധരിച്ചിട്ടുള്ളതെന്ത്?” എന്നും, രണ്ടാമത്തേതിന്‍േറത് ”നമ്മുടെ ജന്മസിദ്ധമായ മതം” എന്നുമായിരുന്നു. ബംഗാളിയില്‍ ഒരു ശിഷ്യന്‍ ചെയ്ത റിപ്പോര്‍ട്ടിന്റെ തര്‍ജ്ജമയാണ് ചുവട്ടില്‍ കൊടുക്കുന്നത്: ഇതില്‍ ഒന്നാമത്തെ പ്രസംഗത്തിന്റെ സാരമടങ്ങിയിട്ടുണ്ട്.

ആദ്യമായി കിഴക്കന്‍ബംഗാളില്‍ വരുവാന്‍ അവസരം കിട്ടിയതില്‍ എനിക്കുള്ള സന്തോഷം പ്രകാശിപ്പിച്ചുകൊള്ളട്ടെ. അങ്ങനെ നാടിന്റെ ഈ ഭാഗത്തെപ്പറ്റി അടുത്തറിയുവാന്‍ എനിക്കു സാധിച്ചിരിക്കുന്നു. പടിഞ്ഞാറു പല പരിഷ്‌കൃതരാജ്യങ്ങളില്‍ അലയാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇന്നുവരെ ഈ അറിവ് എനിക്കില്ലായിരുന്നു. എന്റെ സ്വന്തം നാടായ ബംഗാളില്‍ത്തന്നെ ഗംഭീരമായ നദികളും വിശാലവും ഫലപ്രചുരവുമായ സമതലങ്ങളും കമനീയമായ ഗ്രാമങ്ങളും കാണാന്‍ കഴിഞ്ഞതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും പ്രകാശിപ്പിച്ചുകൊള്ളട്ടെ. എന്റെ നാടായ ബംഗാളില്‍, കരയ്ക്കും വെള്ളത്തിലും എമ്പാടും ഇത്രയേറെ സൗന്ദര്യവും മോഹനതയുമുള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ല. ലോകത്തിലെ പല രാജ്യങ്ങള്‍ കൊണ്ടുവന്ന എനിക്കുണ്ടായ ലാഭമിതാണ്; ഇപ്പോള്‍ സ്വന്തം രാജ്യത്തുള്ള സൗഭഗങ്ങള്‍ പൂര്‍വ്വാധികം അഭിനന്ദിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. ഇതുപോലെതന്നെ മതവും തേടി ഞാന്‍ പല മതസമ്പ്രദായക്കാരുടെ ഇടയിലും സഞ്ചരിച്ചു. അവര്‍ വിദേശീയജനതകളുടെ ആദര്‍ശങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞവരുമായിരുന്നു. ഞാന്‍ മറ്റുള്ളവരുടെ പടിവാതില്ക്കല്‍ ചെന്നു യാചിച്ചപ്പോള്‍, നമ്മുടെ നാട്ടിലുള്ള മതത്തില്‍ത്തന്നെ, നമ്മുടെ ജനതയുടേതായ മതത്തില്‍ത്തന്നെ, ഇത്രയേറെ സൗന്ദര്യവും മഹത്ത്വവും ഉണ്ടെന്നു ധരിച്ചിരുന്നില്ല. ഇന്നേയ്ക്കു പല സംവത്‌സരങ്ങള്‍ക്കു മുമ്പ് ഞാന്‍ കണ്ടെത്തി, ലോകമതങ്ങളില്‍വെച്ച് അങ്ങേയറ്റം തൃപ്തികരമായ മതം ഹിന്ദുമതമാണെന്ന്. യൂറോപ്പിലെ ചിന്താഗതികള്‍ മഹത്തായ നമ്മുടെ മാതൃരാജ്യത്തില്‍ വ്യാപിക്കകൊണ്ട്, നിസ്തുലമായ മതം തങ്ങളുടേതാണെന്നു കരുതിപ്പോരുന്ന എന്റെ നാട്ടുകാരുടെ ഇടയില്‍ത്തന്നെ സ്വമതത്തോടു പരക്കെ കാണുന്ന ഔദാസീന്യം എന്നെ ഖേദിപ്പിക്കുന്നു: എത്ര പ്രതികൂലമായ ഭൗതികപരിസ്ഥിതികളിലാണ് അവര്‍ ജീവിതം നയിക്കുന്നത് എന്നതിനെപ്പറ്റി ഞാന്‍ തികച്ചും ബോധവാനാണുതാനും.

ഇന്നു നമ്മുടെയിടയില്‍ നമ്മുടെ മതത്തെ പരിഷ്‌കരിക്കാന്‍, അഥവാ കീഴ്‌മേല്‍ മറിക്കാന്‍, ആഗ്രഹിക്കുന്ന കുറെ പരിഷ്‌കര്‍ത്താക്കളുണ്ടായിട്ടുണ്ട്: അവരുടെ ഉദ്ദേശ്യം ഹിന്ദുജനതയ്ക്കുതന്നെ ഒരു നവീകരണം കൈവരുത്തുകയാണ്. അവരുടെ ഇടയില്‍ നിശ്ചയമായും ചിന്താശീലരായ ചിലരുണ്ട്: എന്നാല്‍ ഏറെപ്പേരും, തങ്ങള്‍ ചെയ്യാന്‍ പോകുന്നതെന്തെന്നറിയാതെ, ഏറ്റവും ബുദ്ധിശൂന്യമായ മട്ടില്‍, മറ്റുള്ളവരെ കണ്ണുമടച്ചു പിന്തുടര്‍ന്നു പ്രവര്‍ത്തിക്കുന്നവരത്രേ. ഈ പരിഷ്‌കര്‍ത്താക്കള്‍ക്കു തങ്ങളുടെ മതത്തില്‍ വൈദേശികാശയങ്ങള്‍ അവതരിപ്പിക്കാന്‍ വളരെ ഉത്‌സാഹമാണ്. ‘വിഗ്രഹാരാധന’ എന്ന വാക്കിന്‌മേല്‍ പിടിച്ച് അവര്‍ ശപഥം ചെയ്യുന്നു, ”ഹിന്ദുമതം ശരിയല്ല, കാരണം അതില്‍ വിഗ്രഹാരാധന ഉള്‍പ്പെടുന്നു” എന്ന്. എന്താണീ വിഗ്രഹാരാധന? അതു നല്ലതോ തീയതോ, എന്ന് അവര്‍ ചിന്തിച്ചുനോക്കുന്നേ ഇല്ല. മറ്റുള്ളവരില്‍നിന്നു വന്ന ഒരു സൂചനയും കൈക്കൊണ്ട്, ഹിന്ദുമതം തെറ്റാണെന്നു പ്രലപിക്കാനുള്ള ധാര്‍ഷ്ട്യമേ അവര്‍ക്കുള്ളൂ. മറ്റൊരു കൂട്ടരുമുണ്ട്, നമ്മുടെയിടയില്‍. അവര്‍ ഹിന്ദുക്കളുടെ ഓരോ ആചാരത്തിനും അനുഷ്ഠാനത്തിനും മറ്റും വല്ല വഴുക്കന്‍ശാസ്ത്രീയവ്യാഖ്യാനവും നല്കാന്‍ കാപ്പുകെട്ടിയിരിക്കയാണ്. വിദ്യുച്ഛക്തി, കാന്തശക്തി, വായുസ്പന്ദം മുതലായവയെപ്പറ്റിയാണ് അവര്‍ സദാ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഈശ്വരന്‍തന്നെ ഒരു കട്ട വിദ്യുത്‌സ്പന്ദമാണെന്ന് ഒരു നാള്‍ അവര്‍ നിര്‍വ്വചിച്ചേക്കില്ലെന്നാര്‍ക്കറിയാം? ഇതൊക്കെയാണെങ്കിലും, അവരെയെല്ലാം ജഗദംബിക അനുഗ്രഹിക്കട്ടെ! വിഭിന്ന പ്രകൃതികളിലും പ്രവര്‍ത്തനങ്ങളിലുംകൂടി ജഗദംബികയുടെ പ്രവൃത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

ഇവര്‍ക്കെല്ലാം കടകവിരുദ്ധമായി അതിപ്രാചീനമായ ഒരു കൂട്ടത്തില്‍പ്പെട്ട ആളുകളുമുണ്ട്. അവര്‍ പറയുന്നു; ”തലനാരു കീറുന്ന ഈ യുക്തിവാദങ്ങളൊന്നും എനിക്കറിഞ്ഞുകൂടാ: അറിയാന്‍ ഞാന്‍ മിനക്കെടുന്നുമില്ല. ഈശ്വരനെയാണ്, ആത്മാവിനെയാണ് എനിക്കാവശ്യം. പ്രപഞ്ചവും സുഖദുഃഖങ്ങളുമില്ലാത്ത, പരമാനന്ദനിലയമായ അപ്പുറത്തേക്കാണ് എനിക്കു പോകേണ്ടത്. പാവനഗംഗയില്‍ ശ്രദ്ധാപൂര്‍വം കുളിക്കുന്നതുകൊണ്ടുണ്ടാകുന്ന മോക്ഷത്തില്‍ എനിക്കു വിശ്വാസമുണ്ട്. ഭക്തിവിശ്വാസങ്ങളുടെ ഏകാഗ്രതയോടുകൂടി പ്രപഞ്ചേശ്വരനായി ആരെ ആരാധിച്ചാലും ശരി – ശിവന്‍, രാമന്‍, വിഷ്ണു തുടങ്ങിയ ഏതു രൂപത്തെ ആരാധിച്ചാലും ശരി, മോക്ഷമടയാം.” – പതറാത്ത ആ പ്രാചീനവംശത്തില്‍പ്പെട്ട ഒരുവനാണ് ഞാന്‍ എന്നതില്‍ എനിക്കഭിമാനമുണ്ട്.

ഈശ്വരനെയും പ്രപഞ്ചത്തെയും ഒപ്പം പിന്‍തുടരാന്‍ നമ്മെ ഉപദേശിക്കുന്ന ഒരു മതവിഭാഗമുണ്ട്. അവര്‍ നിഷ്‌കളങ്കരല്ല: ഉള്ളില്‍ തട്ടിയ കാര്യം അവര്‍ തുറന്നുപറയുന്നില്ല. മഹത്തുക്കള്‍ ഉപദേശിക്കുന്നതെന്താണ്? ”രാമനുള്ളിടത്തു കാമമില്ല: കാമമുള്ളിടത്തു രാമനുമില്ല. രാവും പകലും ചേര്‍ന്നിരിക്കയില്ല.” പുരാതനരായ ഋഷിമാര്‍ നമ്മോടു പ്രഖ്യാപിക്കുന്നു; ”ഈശ്വരപ്രാപ്തിയാണ് കൊതിക്കുന്നതെങ്കില്‍, കാമനീകാഞ്ചനങ്ങളെ വെടിയണം. ഈ സംസാരം മിഥ്യയാണ്, പൊള്ളയാണ്, ശൂന്യമാണ്. അതു വെടിയാതെ, എങ്ങനെയൊക്കെ ശ്രമിച്ചാലും ഈശ്വരനെ പ്രാപിക്കാവതല്ല. വെടിയാന്‍ കഴിവില്ലെങ്കില്‍, ദുര്‍ബ്ബലരാണെന്നു സ്വയം സമ്മതിക്കുക. പക്ഷേ, ഒരുതരത്തിലും ആദര്‍ശം താഴ്ത്തരുത്. ചീഞ്ഞഴുകുന്ന മൃതശരീരം സ്വര്‍ണ്ണത്താളുകള്‍കൊണ്ടു മൂടരുത്.” അവരുടെ മതമനുസരിച്ച് ആദ്ധ്യാത്മികതയും ഈശ്വരനും ലഭ്യമാകണമെങ്കില്‍, ആദ്യം ചെയ്യേണ്ടത് ആശയങ്ങളെ പിടിച്ചുകൊണ്ടുള്ള ഈ ഒളിച്ചുകളിയും, കാപട്യവും, ‘ചിന്തയുടെ ഗര്‍ഭഗൃഹത്തില്‍ നടക്കുന്ന മോഷണവും’ ഉപേക്ഷിക്കയാണ്.

ഞാന്‍ ധരിച്ചിട്ടുള്ളത് – ഈ പ്രാചീനമതസമ്പ്രദായത്തില്‍നിന്നു ഞാന്‍ ധരിച്ചിട്ടുള്ളത് – എന്താണെന്നോ? ഇതാണ്;
ദുര്‍ലഭം ത്രയമേവൈതദ്ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ.
”ഈ മൂന്നും ദുര്‍ലഭമാണ്, ഈശ്വരകൃപകൊണ്ടേ ഈ മൂന്നെണ്ണം കൈവരൂ; മനുഷ്യജന്മം, മോക്ഷേച്ഛ, മഹാന്മാരുമായുള്ള സംസര്‍ഗ്ഗം.” വേണ്ടുന്ന ഒന്നാമത്തെ സംഗതി മനുഷ്യത്വമാണ്: മനുഷ്യനായി ജനിക്കല്‍, അതു മാത്രമേ മോക്ഷപ്രാപ്തിക്ക് അനുകൂലമായിട്ടുള്ളു. അടുത്തതു മുമുക്ഷുത്വം. സമ്പ്രദായങ്ങളെയും വ്യക്തികളെയുമനുസരിച്ച് സാക്ഷാത്കാരോപായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അതതു വ്യക്തികള്‍ക്കു ജീവിതത്തിലെ പല നിലകളനുസരിച്ച് സവിശേഷമായ അധികാരങ്ങളും ജ്ഞാനോപകരണങ്ങളും വേണ്ടിയിരിക്കുമെങ്കിലും, മുമുക്ഷുത്വം കൂടാതെ ഈശ്വരസാക്ഷാത്കാരം അസാദ്ധ്യമാണേന്നു സാമാന്യമായി, പ്രത്യാഖ്യാനശങ്കയെന്യെ, പറയാം. എന്താണ് മുമുക്ഷുത്വം? മോക്ഷത്തിനുള്ള തീവ്രാഭിലാഷം: സുഖദുഃഖമണ്ഡലത്തില്‍നിന്നു വെളിയില്‍ കടക്കാനുള്ള ഗാഢാഭിനിവേശം: തികവുറ്റ ലോകവിരക്തി. ഈശ്വരനെ കാണാനുള്ള തീവ്രവും ദാഹകവുമായ ആഗ്രഹമുണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് ഈശ്വരസാക്ഷാത്കാരത്തിന് അവകാശമായി എന്നു ധരിച്ചു കൊള്ളുക.

മറ്റൊരു കാര്യംകൂടി വേണം. മഹാപുരുഷന്മാരോടു നേരിട്ടുള്ള സംസര്‍ഗ്ഗവും, അതുവഴി ഈശ്വരനിലെത്തിയ മഹാത്മാക്കളുടെ ജീവിതവുമായി പൊരുത്തപ്പെടത്തക്കവിധം സ്വന്തം ജീവിതത്തെ രൂപപ്പെടുത്തു കയുമത്രേ അത്. ലോകവിരക്തിയും, ഈശ്വരാഭിമുഖമായ തീവ്രാഭിലാഷവുംകൊണ്ടുമാത്രമായില്ല: ഗുരു നല്കുന്ന മന്ത്രോപദേശംകൂടി വേണം. എന്തുകൊണ്ട്? അങ്ങനെയേ നിങ്ങള്‍ സ്വയം വമ്പിച്ച ആ ശക്തികേന്ദ്രവുമായി ബന്ധപ്പെടൂ. ഈ കേന്ദ്രം തലമുറകളായി, ഗുരുവില്‍നിന്നു ശിഷ്യന്‍ എന്ന ക്രമത്തില്‍, അവിച്ഛിന്നമായി കൈമാറിവന്നിരിക്കയാണ്. ഭക്തന്‍ തന്റെ ഉപദേഷ്ടാവും തത്ത്വജ്ഞനും സുഹൃത്തും നേതാവുമായ ഗുരുവിനെ തേടിയെടുത്തുകൊള്ളണം. ചുരുക്കത്തില്‍, ആദ്ധ്യാത്മികമാര്‍ഗ്ഗത്തിലെ പുരോഗതിക്ക് ഒഴിച്ചുകൂടാത്ത ഘടകമത്രേ ഗുരു. ഞാന്‍ ആരെ ഗുരുവായെടുക്കണം? ശ്രോത്രിയോിവൃജിനോികാമഹതോയോ ബ്രഹ്മവിത്തമഃ ”വേദങ്ങള്‍ നല്ലപോലെ പഠിച്ചവനും കളങ്കരഹിതനും കാമനകള്‍ പരുക്കേല്പിച്ചിട്ടില്ലാത്തവനും, ബ്രഹ്മവിത്തുകളില്‍ അഗ്രഗണ്യനും ആരോ അയാള്‍.” ശ്രോത്രിയന്‍ ശാസ്ത്രജ്ഞന്‍ മാത്രമല്ല: ശാസ്ത്രങ്ങളുടെ സുസൂക്ഷ്മമായ രഹസ്യങ്ങള്‍പോലും ഗ്രഹിച്ചവനും, സ്വജീവിതത്തില്‍ അവയുടെ ശരിയായ പ്രാധാന്യം സാക്ഷാത്കരിച്ചവനുമാണ്. “പല മതഗ്രന്ഥങ്ങള്‍ പഠിച്ചതുകൊണ്ടുമാത്രം പണ്ഡിതന്മാരാകയില്ല, തത്തകളാകയേയുള്ളു. ശാസ്ത്രങ്ങളിലെ ഒരു വാക്കെങ്കിലും വായിച്ചിട്ട് ഈശ്വരപ്രേമം നേടിയവനാണ് പണ്ഡിതന്‍.” ഗ്രന്ഥവൈദുഷ്യംകൊണ്ടു പ്രയോജനമില്ല. ഈയിടെയായി എല്ലാവര്‍ക്കും ഗുരുക്കന്മാരാകയാണ് വേണ്ടത്. പാവപ്പെട്ട തെണ്ടിയുടെ മോഹം ഒരു ലക്ഷം രൂപ ദാനം ചെയ്യാനാണ്! ഗുരുവിനു കളങ്കസ്പര്‍ശമേ പാടില്ല. അദ്ദേഹം അകാമഹതന്‍, കാമനകളില്‍നിന്നു പരിക്കേല്ക്കാത്തവന്‍, ആകണം. പരോപകാരമൊഴിച്ച് ഒരുദ്ദേശ്യവുമില്ലാത്തവനാകണം. അയാള്‍ അഹേതുകപാസിന്ധുവാകണം. പേരിനും പെരുമയ്ക്കും മറ്റു വല്ല സ്വാര്‍ത്ഥ ലാഭത്തിനും വേണ്ടിയാകരുത് അയാള്‍ മന്ത്രോപദേശം നല്കുന്നത്: അദ്ദേഹം അവഗാഢമായ ബ്രഹ്മജ്ഞാനമുള്ളവനുമാകണം. കരതലാമലകംപോലെ ബ്രഹ്മത്തെ സാക്ഷാത്കരിച്ചവനാകണം. ശ്രുതി പറയുന്നത് ഗുരു അത്തരക്കാരനാണെന്നത്രേ. ആ മാതിരി ഒരു ഗുരുവിനോട് ആദ്ധ്യാത്മികൈക്യം സ്ഥാപിച്ചാല്‍ ഈശ്വരസാക്ഷാത്കാരം കൈവരുകയായി – അപ്പോള്‍ ഈശ്വരദര്‍ശനം സുലഭമാവും.

മന്ത്രദീക്ഷയ്ക്കുശേഷം, സത്യാന്വേഷകന് അഭ്യാസം, സത്യം പ്രായോഗികമാക്കാന്‍ ആവര്‍ത്തിച്ചു തീവ്രയത്‌നം വേണം. നിര്‍ദ്ദിഷ്ടമായ ഇഷ്ടദേവതാധ്യാനത്തിലൂടെയാണ് ആ യത്‌നം വേണ്ടത്. ഈശ്വരനെച്ചൊല്ലിയുള്ള തീവ്രാഭിലാഷവും ഗുരുലാഭവുമുണ്ടായാലും, അഭ്യാ സം കൂടിയില്ലെങ്കില്‍, പഠിച്ചതു പ്രയോഗിക്കാതിരുന്നാല്‍, സാക്ഷാത്കാരം കൈവരില്ല. ഇവയെല്ലാം സ്ഥിരപ്രതിഷ്ഠിതമായാല്‍, ലക്ഷ്യത്തില്‍ നിങ്ങള്‍ എത്തും.

അതിനാല്‍, ഹിന്ദുക്കളെന്നും മഹനീയരായ ആര്യന്മാരുടെ പിന്തുടര്‍ച്ചക്കാരെന്നുമുള്ള നിലയില്‍ നിങ്ങളോടു ഞാന്‍ പറയുന്നു, പ്രപഞ്ചം മാത്രമല്ല, സ്വര്‍ഗ്ഗവും ഉപേക്ഷിക്കണമെന്ന്. നമ്മുടെ മതത്തിന്റെ, ഹിന്ദുക്കളുടെ, വലുതായ ആദര്‍ശം മറക്കരുത്. സംസാരത്തിനപ്പുറം കടക്കുക എന്നതാണ് ആ ആദര്‍ശം. അതേ, തിന്മമാത്രം വെടിഞ്ഞാല്‍ പോരാ, നന്മയും വെടിയണം, അങ്ങനെ എല്ലാറ്റില്‍നിന്നും അകന്നു പോകണം – വ്യാവഹാരികമായ ഈ ജീവിതത്തില്‍നിന്ന് അകന്നു പോകണം. ഒടുവില്‍, സച്ചിദാനന്ദബ്രഹ്മത്തെ, പരിമിതിഗന്ധമില്ലാത്ത അസ്തിത്വത്തെയും ജ്ഞാനത്തെയും ആനന്ദത്തെയും, സാക്ഷാത്കരിക്കണം.