ഈശ്വരനെ മനുഷ്യനില്‍ കാണുക (339)
നമ്മുടെ ജന്മസിദ്ധമായ മതം (1901 മാര്‍ച്ച് 31നു ഡാക്കയില്‍ തുറസ്സായ ഒരു സമ്മേളനത്തില്‍, ഒരു വമ്പിച്ച ശ്രോതൃവൃന്ദത്തെ അഭിമുഖീകരിച്ചു മേല്‍ക്കാണിച്ച വിഷയത്തെപ്പറ്റി സ്വാമിജി ഇംഗ്ലീഷില്‍ രണ്ടു മണിക്കൂര്‍ നേരം സംസാരിച്ചു. ഒരു ശിഷ്യന്‍ ബംഗാളിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ വിവര്‍ത്തനമാണ് ചുവട്ടില്‍ ചേര്‍ക്കുന്നത്.)
വിദൂരമായ ഭൂതകാലത്തില്‍ നമ്മുടെ നാട് ആദ്ധ്യാത്മികാശയങ്ങളുടെ മണ്ഡലത്തില്‍ വമ്പിച്ച പുരോഗതി നേടി. നാമിന്ന് ആ പ്രാചീനചരിത്രം ഓര്‍ത്തുനോക്കുക. പഴയ മഹത്ത്വത്തെക്കുറിച്ചുള്ള ചിന്ത വലിയൊരപകടമുളവാക്കും, പുതിയ കാര്യങ്ങള്‍ക്കുവേണ്ടി പ്രയത്‌നിക്കാതെ, പൂര്‍വികരുടെ മണ്‍മറഞ്ഞ മഹനീയതയോര്‍ത്ത്, അതില്‍ അഭിമാനംകൊണ്ട്, അങ്ങനെ അലസമായി കഴിഞ്ഞുകൂടുക – അങ്ങനെ വരാതെ സൂക്ഷിക്കണം. പ്രാചീനകാലങ്ങളില്‍ നിശ്ചയമായും സത്യത്തെ മുഖത്തോടു മുഖം കണ്ട പല ഋഷിമാരും മഹര്‍ഷിമാരും ഉണ്ടായിരുന്നു. ഈ പഴയ മഹത്ത്വം ഓര്‍ക്കുന്നതുകൊണ്ട് വാസ്തവമായ പ്രയോജനമുണ്ടാകണമെങ്കില്‍ അവരെപ്പോലെ നമ്മളും ഋഷിമാരാകണം. അതുകൊണ്ടുമായില്ല. നമ്മുടെ ചരിത്രം കാട്ടിത്തരുന്ന ഏതൊരു ഋഷിയെക്കാളും കൂടുതല്‍ മഹത്ത്വമുള്ള ഋഷിമാരാകും നാമെന്നത്രേ എന്റെ ഉറച്ചവിശ്വാസം. പണ്ടുണ്ടായ നമ്മുടെ നേട്ടങ്ങള്‍ സുപ്രധാനങ്ങളായിരുന്നു: ഞാന്‍ അവയെച്ചൊല്ലി ആഹ്ലാദിക്കുന്നു: അവയെപ്പറ്റി ചിന്തിക്കുന്നതില്‍ അഭിമാനംകൊള്ളുന്നു. ഇന്നത്തെ അധഃപതനം കണ്ടിട്ട് ഞാന്‍ നിരാശനാകുന്നില്ല. ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മഹത്ത്വം മനസ്സില്‍ ചിത്രീകരിച്ച് ഞാന്‍ ആശാപൂര്‍ണ്ണനാകയാണ്. എന്തുകൊണ്ട്? എനിക്കറിയാം, ഒരു വിത്തു മരമാകുംമുമ്പ് പൂര്‍ണ്ണമായി രൂപാന്തരപ്പെടുമെന്ന്: പോരാ, അതിന്റെ വിത്ത് എന്ന നില നഷ്ടപ്രായമാകുമെന്ന്. അതുപോലെ, നമ്മുടെ ഇന്നത്തെ അധഃപതനത്തില്‍ നമ്മുടെ മതത്തിന്റെ വരാന്‍പോകുന്ന മഹത്ത്വസാദ്ധ്യത തല്ക്കാലം മറഞ്ഞുകിടക്കയാണ്. ഒരുപക്ഷേ മുമ്പിലത്തേതിലെല്ലാം വെച്ച് കൂടുതല്‍ ശക്തിമത്തും മഹനീയവുമായി വീണ്ടും മേലേ്പാട്ടു കുതിക്കാന്‍ അതു തയ്യാറാണ്.
നമ്മുടെ ജന്മസിദ്ധമായ മതത്തിന്റെ പൊതു അടിസ്ഥാനങ്ങള്‍ ഏതെല്ലാമെന്നു നോക്കാം. ആദ്യത്തെ നോട്ടത്തില്‍, നമ്മുടെ മതവിഭാഗ ങ്ങള്‍ക്കു തമ്മില്‍ പല ഭേദങ്ങളും കാണുന്നുണ്ടെന്ന സംഗതി നിഷേധിക്കാവതല്ല: ചിലര്‍ അദ്വൈതികള്‍: ചിലര്‍ വിശിഷ്ടാദ്വൈതികള്‍: മറ്റു ചിലര്‍ ദ്വൈതികളും. ചിലര്‍ ഈശ്വരാവതാരങ്ങളില്‍ വിശ്വസിക്കുന്നു: ചിലര്‍ വിഗ്രഹാരാധനയില്‍: മറ്റു ചിലര്‍ തത്ത്വം അരൂപമാണെന്നുറച്ചിരിക്കുന്നു. ആചാരത്തിലും പല ഭേദങ്ങളുള്ളതായി നമുക്കറിയാം. ജാട്ടുകള്‍ക്കു മുഹമ്മദീയരില്‍നിന്നോ ക്രിസ്ത്യാനികളില്‍നിന്നോ വിവാഹം ചെയ്താലും ഭ്രഷ്ടു പറ്റുന്നില്ല. അവര്‍ക്ക് ഏതു ഹിന്ദുക്ഷേത്രത്തിലും തടസ്സമില്ലാതെ പ്രവേശമുണ്ട്. പഞ്ചാബിലെ പല ഗ്രാമങ്ങളിലും പോര്‍ക്കിനെ തിന്നാത്തവരെ ഹിന്ദുവായേ കണക്കാക്കില്ല. നേപാളത്തു ബ്രാഹ്മണന്ന് നാലു വര്‍ണ്ണങ്ങളിലും വിവാഹമാകാം. ബംഗാളില്‍ സ്വജാതിയിലെ അവാന്തരവിഭാഗങ്ങളില്‍നിന്നുപോലും ബ്രാഹ്മണന്നു വിവാഹം പാടില്ല. ഇതുപോലെ വേറെ പലതുമുണ്ട്. ഈവക വ്യത്യാസങ്ങളുടെ ഇടയില്‍ ഹിന്ദുക്കളൊക്കെ യോജിക്കുന്ന ഒരു സംഗതിയുണ്ട്. അവരാരും ഗോമാംസം കഴിക്കയില്ല. ഇതുപോലെ നമ്മുടെ മതത്തിന്റെ വിഭിന്നരൂപങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും പൊതുവായി ഐക്യത്തിന്റെതായ ഒരടിത്തറയുണ്ട്.
ഒന്നാമത്, മതഗ്രന്ഥങ്ങളെപ്പറ്റി നിരൂപിക്കുമ്പോള്‍, ഒരു വസ്തുത തെളിഞ്ഞുകാണാം. ഒന്നോ കൂടുതലോ മതഗ്രന്ഥങ്ങള്‍ ചുവടായുള്ള മതങ്ങളേ വേഗം മുന്നേറുകയും, കൈയേറ്റങ്ങളും അടിച്ചമര്‍ത്തലുകളുമുണ്ടായിട്ടും ഇന്നുവരെ നിലനിന്നുപോരുകയും ചെയ്തിട്ടുള്ളൂ. ഗ്രീക്കുകാരുടെ മതം വളരെ സുന്ദരമായിരുന്നിട്ടും, താങ്ങായി ഒരു മതഗ്രന്ഥമില്ലായ്കയാല്‍, നാമാവശേഷമായി: യഹൂദമതം, പഴയ നിയമഗ്രന്ഥത്തിന്റെ പ്രാമാണ്യത്തില്‍ അധിഷ്ഠിതമാകയാല്‍, അന്യൂനമായ പ്രതാപത്തോടുകൂടി ഇന്നും നിലനില്ക്കുന്നു. ഏറ്റവും പ്രാചീനമായ മത ഗ്രന്ഥങ്ങള്‍ – വേദങ്ങള്‍ – ഉള്ള ഹിന്ദുമതത്തിന്റെ കഥയും ഇതുതന്നെ. വേദങ്ങള്‍ കര്‍മ്മകാണ്ഡമെന്നും ജ്ഞാനകാണ്ഡമെന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. നന്മയ്ക്കാകട്ടെ തിന്മയ്ക്കാകട്ടെ കര്‍മ്മകാണ്ഡം ഭാരതത്തില്‍ ഇന്നു നിലവിലില്ല. എന്നാല്‍ ദക്ഷിണദേശത്തുള്ള ചില ബ്രാഹ്മണര്‍ ആടുകളെ ബലികഴിച്ചുകൊണ്ട് ഇന്നും ചിലപ്പോഴൊക്കെ യജ്ഞം നടത്താറുണ്ട്. നമ്മുടെ വിവാഹങ്ങളിലും ശ്രാദ്ധകര്‍മ്മങ്ങളിലും മറ്റും ഉപയോഗിക്കുന്ന മന്ത്രങ്ങളില്‍ അവിടവിടെ വൈദികക്രിയാകാണ്ഡത്തിന്റെ പാടുകള്‍ കാണാം. എന്നാലും കര്‍മ്മകാണ്ഡത്തിനു പ്രാരംഭത്തിലുണ്ടായിരുന്ന നിലകൊടുക്കാന്‍ തീരെ സാദ്ധ്യതയില്ല, കുമാരിലഭട്ടന്‍ ഒരിക്കല്‍ അതിനു ശ്രമിച്ചു: ആ ശ്രമം വിഫലമായി.
വേദങ്ങളിലെ ജ്ഞാനകാണ്ഡത്തില്‍ ഉപനിഷത്തുകള്‍ ഉള്‍പ്പെടുന്നു. ജ്ഞാനകാണ്ഡം വേദാന്തമെന്നും ശ്രുതികളുടെ കൊടുമുടിയെന്നുമാണറിയപ്പെടുന്നത്. ആചാര്യന്മാര്‍ ശ്രുതിയില്‍നിന്നു വാക്യം ഉദ്ധരിക്കുന്നതായി കാണുന്നിടത്തെല്ലാംതന്നെ അത് ഉപനിഷത്തുകളില്‍ നിന്നത്രേ. ഇപ്പോള്‍ വേദാന്തമാണ് ഹിന്ദുക്കളുടെ മതം. മതവിഭാഗക്കാര്‍ക്കു പൊതുജനങ്ങളുടെമേല്‍ പിടിമുറുകത്തക്കവണ്ണം സ്വന്തമായ ആശയങ്ങള്‍ സ്ഥാപിക്കണമെങ്കില്‍ അവര്‍ വേദാന്തപ്രാമാണ്യത്തിന്‌മേല്‍ വേണം അങ്ങനെ ചെയ്യുക. ദ്വൈതികളും അദ്വൈതികളുമെല്ലാം അങ്ങനെ ചെയ്യുകതന്നെവേണം. വൈഷ്ണവന്മാര്‍പോലും സ്വന്തം സിദ്ധാന്തങ്ങളുടെ സത്യം സ്ഥാപിക്കാന്‍ ഗോപാലതാപിനി – ഉപനിഷത്തിനെ ശരണീകരിക്കുന്നുണ്ട്. പുതിയൊരു മതസമ്പ്രദായം സ്വന്തം ആശയത്തിന് ഉപോദ്ബലകമായി ഒന്നും ശ്രുതിയില്‍ കണ്ടെത്തുന്നില്ലെങ്കില്‍, പുതിയ ഒരുപനിഷത്ത് ഉണ്ടാക്കാന്‍തന്നെ ഒരുമ്പെട്ടേക്കും: എന്നിട്ട്, പഴയ ഒരുപനിഷത്താണതെന്ന മട്ടില്‍ പ്രചരിപ്പിക്കയും ചെയ്‌തേക്കും.
വിദൂരമായ ഭൂതകാലത്ത് മനുഷ്യര്‍ രചിച്ച വെറും പുസ്തകങ്ങളാണ് വേദങ്ങള്‍ എന്നല്ല ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്: അവ അനന്തവും ദിവ്യവുമായ പ്രാജ്ഞതയുടെ ഒരു കൂമ്പാരമാണ് എന്നത്രേ. അതു ചിലപ്പോള്‍ വ്യക്തവും ചിലപ്പോള്‍ അവ്യക്തവുമാകുന്നു എന്നുമാത്രം. ഭാഷ്യകാരനായ സായണാചാര്യന്‍ ഒരിടത്തു പറയുന്നുണ്ട്; യോ വേദേഭ്യോിഖിലം ജഗന്നിര്‍മ്മമേ – “‘വേദജ്ഞാനത്തില്‍നിന്നു പ്രപഞ്ചം മുഴുവന്‍ നിര്‍മ്മിച്ചവന്‍.” വേദങ്ങളെ നിര്‍മ്മിച്ചവനെ ആരും കണ്ടിട്ടില്ല. അങ്ങനെയൊരുവനെ സംഭാവനചെയ്യുകയും അസാദ്ധ്യം. മന്ത്രങ്ങളുടെ, നിത്യനിയമങ്ങളുടെ, ആവിഷ്‌കര്‍ത്താക്കള്‍മാത്രമാണ് ഋഷിമാര്‍. അനാദി കാലംമുതല്‍ അനന്തമായ വിജ്ഞാനഖനികളായി നിലനിന്നുപോന്ന വേദങ്ങളെ അവര്‍ സാക്ഷാത്ക്കരിച്ചു എന്നുമാത്രം.
ആരാണീ ഋഷിമാര്‍? വാത്‌സ്യായന്‍ പറയുന്നു; ”സത്പ്രമാണം വഴി ധര്‍മ്മത്തെ സാക്ഷാത്കരിച്ചവന്‍, ജന്മനാ മ്ലേച്ഛനായാലും, ഋഷിയത്രേ.” അതുകൊണ്ടാണ് പ്രാചീനകാലങ്ങളില്‍, വിവാഹബന്ധം കൂടാതെ ജനിച്ച വസിഷ്ഠനും, മുക്കുവസ്ര്തീയില്‍ ജനിച്ച വ്യാസനും, അടിമപ്പെണ്ണിന്റെ മകനായ നാരദനും, ഇതുപോലെ മറ്റു പലരും ഋഷിപദവിയിലെത്തിയത്. സത്യമാലോചിച്ചാല്‍ വന്നുകൂടുന്നതിതാണ്; സത്യത്തെ സാക്ഷാത്കരിച്ചവന് പിന്നെ വിശേഷണങ്ങളൊന്നുമില്ല. ഇപ്പോള്‍ പറഞ്ഞ മനുഷ്യരെല്ലാം ഋഷിമാരായെങ്കില്‍, ഇന്നത്തെ കുലീനബ്രാഹ്മണരേ, നിങ്ങള്‍ക്ക് എത്ര കൂടുതല്‍ പെരുമയുള്ള ഋഷിമാരാകാം! ആ ഋഷിത്വത്തിനുവേണ്ടി പരിശ്രമിക്കുക: ആ ലക്ഷ്യത്തില്‍ ചെന്നെത്താതെ നില്ക്കരുത്. ലോകം മുഴുവന്‍ സ്വമനസ്സാലേ നിങ്ങളുടെ പാദങ്ങളില്‍ നമസ്‌കരിക്കും. ഋഷിയാകുക: അതാണു ശക്തിയുടെ മര്‍മ്മം.
വേദമേ നമുക്കു പ്രമാണമായുള്ളു: അതില്‍ എല്ലാവര്‍ക്കും അധികാരവുമുണ്ട്.
”യഥേമാം വാചം കല്യാണീമാവദാനി ജന്യേഭ്യഃ
ബ്രഹ്മരാജന്യാഭ്യാം ശൂദ്രായ ചാര്യായ ച സ്വായ ചാരണായ.”
എന്നാണ് ശുക്ലയജുര്‍വ്വേദം പറയുന്നത്. നമ്മുടെ ഈ വേദത്തില്‍ നിന്ന് ഇതില്‍ എല്ലാവര്‍ക്കും അധികാരമില്ലെന്നു സമര്‍ത്ഥിക്കുന്ന ഒരു പ്രമാണമെടുത്തു കാട്ടാമോ? ശരിയാണ്: പുരാണങ്ങള്‍ പറയുന്നുണ്ട്, ഇന്ന ജാതിക്ക് വേദങ്ങളുടെ ഇന്ന ശാഖ പഠിക്കാനാണ് അധികാരമെന്നും മറ്റൊരു ജാതിക്കും അതില്ലെന്നും: വേദങ്ങളുടെ ഈ ഭാഗം സത്യയുഗത്തിനു പറ്റിയതല്ലെന്നും. പറയുന്നതു വേദമല്ല എന്ന സംഗതി ശ്രദ്ധിക്കേണ്ടതാണ്: ഇതു പറയുന്നത് പുരാണങ്ങളാണ്. യജമാനനെ ആജ്ഞാപിക്കാന്‍ ദാസന് കഴിയുമോ? സ്മൃതികള്‍ പുരാണങ്ങള്‍, തന്ത്രങ്ങള്‍ ഇവയെല്ലാം വേദങ്ങളോടു പൊരുത്തപ്പെടുന്നിടത്തോളമേ സ്വീകരിക്കാവൂ. വേദങ്ങള്‍ക്കു വിരുദ്ധമായി പറയുന്നിടത്തെല്ലാം, അവിശ്വാസ്യമെന്ന നിലയില്‍ അവ വര്‍ജ്ജ്യങ്ങളാണ്. പക്ഷേ, ഈയിടെ വേദങ്ങളെക്കാള്‍ ഉയര്‍ന്ന ഒരു പീഠത്തിലാണ്, നാം പുരാണങ്ങളെ പ്രതിഷ്ഠിച്ചിട്ടുള്ളത്. വേദപഠനം ബംഗാളില്‍നിന്നു മിക്കവാറും തിരോഭവിച്ചിരിക്കുന്നു. ഓരോ വീട്ടിലും സാളഗ്രാമത്തോടും കുടുംബദൈവത്തോടുമൊപ്പം വേദങ്ങളെയും പൂജിക്കുന്ന ഒരു ദിവസം വന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു: അപ്പോള്‍ ചെറുപ്പക്കാരും പ്രായം ചെന്നവരും സ്ര്തീകളും ചേര്‍ന്ന് വേദപൂജ ഉദ്ഘാടനം ചെയ്യുമല്ലോ.
വേദങ്ങളെക്കുറിച്ച് പാശ്ചാത്യപണ്ഡിതന്മാര്‍ മുന്നോട്ടു കൊണ്ടു വന്നിട്ടുള്ള സിദ്ധാന്തങ്ങളില്‍ എനിക്കു വിശ്വാസമില്ല. അവര്‍ ഇന്ന് വേദങ്ങളുടെ പ്രാചീനത ഒരു പ്രത്യേകകാലത്തായി ക്ലിപ്തപ്പെടുത്തുന്നു: അടുത്ത ദിവസം അതു തള്ളിക്കളയുന്നു: എന്നിട്ട് വൈദികകാലം ഒരായിരം കൊല്ലംകൂടി മുന്നോട്ടു കൊണ്ടുവരുകയായി. അതെന്തെങ്കിലുമാകട്ടെ. പുരാണങ്ങളെക്കുറിച്ച് നിങ്ങളോടു ഞാന്‍ പറഞ്ഞുവല്ലൊ, വേദങ്ങളോടു പൊരുത്തപ്പെടുന്നിടത്തോളമേ അവയ്ക്കു പ്രാമാണ്യം ഉള്ളുവെന്ന്. ഈ പൊരുത്തമില്ലെങ്കില്‍ പ്രാമാണ്യവുമില്ല. വേദങ്ങളോടു പൊരുത്തപ്പെടാത്ത പല സംഗതികളും പുരാണങ്ങളില്‍ കാണാനുണ്ട്. ഉദാഹരണം; ഏതോ ഒരുവന്‍ 10,000 കൊല്ലം ജീവിച്ചു എന്നും മറ്റൊരുവന്‍ 20,000 കൊല്ലം ജീവിച്ചു എന്നും പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ, ‘ശതായുര്‍വൈ പുരുഷഃ’ – വാസ്തവത്തില്‍ മനുഷ്യന്‍ 100 കൊല്ലം ജീവിച്ചിരിക്കുന്നു – എന്നു വേദങ്ങളില്‍ കാണുന്നു. ഇവയിലേതാണ് സ്വീകാര്യം? നിശ്ചയമായും വേദങ്ങള്‍തന്നെ ഇമ്മാതിരി നിരീക്ഷണങ്ങളൊക്കെ ഉണ്ടെങ്കിലും പുരാണങ്ങളെ മറുത്തു പറയുകയല്ല ഞാന്‍ ചെയ്യുന്നത്. സുന്ദരങ്ങളും പ്രകാശകങ്ങളുമായ പല ഉപദേശങ്ങളും, യോഗ-ഭക്തി-ജ്ഞാന-കര്‍മ്മങ്ങളെപ്പറ്റി അറിവുണ്ടാക്കുന്ന പല വാക്യങ്ങളും പുരാണങ്ങളിലുണ്ട്. സ്വാഭാവികമായിത്തന്നെ ഇവയൊക്കെ നാം കൈക്കൊള്ളണം. പിന്നെ തന്ത്രങ്ങളുണ്ട്. തന്ത്രമെന്ന വാക്കിന്റെ തനിപ്പൊരുള്‍ ശാസ്ത്രമെന്നാണ്. ഉദാഹരണം കപിലതന്ത്രം. പക്ഷേ, ഈ വാക്കു സാധാരണമായി പരിമിതമായ ഒരര്‍ത്ഥത്തിലാണ് ഉപയോഗിച്ചുവരുന്നത്. ബുദ്ധമതം അംഗീകരിക്കയും അഹിംസാസിദ്ധാന്തം പരക്കെ പ്രചരിപ്പിക്കയും ചെയ്ത രാജാക്കന്മാരുടെ ശാസനകാലത്ത് വൈദികങ്ങളായ യാഗങ്ങളും യജ്ഞങ്ങളും പഴങ്കഥകളായിത്തീര്‍ന്നു: രാജാവിനെ പേടിച്ച് യജ്ഞത്തില്‍പ്പോലും ഒരു ജന്തുവിനെയും ഹിംസിക്കാന്‍ വയ്യാതായി. പക്ഷേ, പിന്നീട് ഹിന്ദുമതത്തില്‍നിന്നു മനസ്സു മാറി ബൗദ്ധരായിത്തീര്‍ന്നവരുടെ ഇടയില്‍ യാഗങ്ങളുടെയും യജ്ഞങ്ങളുടെയും ഉത്തമാംശങ്ങള്‍ സ്വീകരിക്കപ്പെടുകയും രഹസ്യമായി ആചരിക്കപ്പെടുകയും ചെയ്തു. ഇവയില്‍നിന്നത്രേ തന്ത്രങ്ങളുടെ ഉല്പത്തി. വാമാചാരങ്ങള്‍ മുതലായവയെപ്പോലെ തന്ത്രങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതും അറപ്പും വെറുപ്പുമുളവാക്കുന്നതുമായ സംഗതികള്‍ വിട്ടാല്‍, ആളുകള്‍ കരുതുന്നവണ്ണംതന്നെ ചീത്തയല്ല തന്ത്രങ്ങള്‍. ഉത്കൃഷ്ടവും ഉദാത്തവുമായ പല വേദാന്തചിന്തകളും അവയിലുണ്ട്. വാസ്തവത്തില്‍ വേദങ്ങളില്‍പ്പെട്ട ബ്രാഹ്മണഭാഗങ്ങള്‍ സ്വല്പം മാറ്റി തന്ത്രനികായത്തില്‍ ഉള്‍പ്പെടുത്തുകയത്രേ ചെയ്തിട്ടുള്ളത്. ഇന്നു കര്‍മ്മകാണ്ഡീയമായി നമുക്കുള്ള ആരാധനയും ചടങ്ങുകളുമെല്ലാം തന്ത്രമനുസരിച്ചാണ് നടക്കുന്നത്.
നമ്മുടെ മതതത്ത്വങ്ങളെക്കുറിച്ച് ഇനി സ്വല്പം പ്രതിപാദിക്കാം. നമുക്കുള്ള നാനാമതവിഭാഗക്കാരുടെ ഇടയ്ക്ക് എന്തെല്ലാം ഭേദങ്ങളും വിവാദങ്ങളും ഉണ്ടായാലും അവയിലെല്ലാം ഐക്യപ്പെടുന്ന പല അടിസ്ഥാനതത്ത്വങ്ങളുമുണ്ട്. ഒന്നാമത്, മിക്കവാറും എല്ലാ വിഭാഗക്കാരും ഈശ്വരന്‍, ആത്മാവ്, ജഗത് എന്ന മൂന്നു വസ്തുക്കളുടെ സത്ത സ്വീകരിക്കുന്നുണ്ട്. പ്രപഞ്ചം സദാ സൃഷ്ടിച്ചും രക്ഷിച്ചും സംഹരിച്ചും നിലകൊള്ളുന്നവനത്രേ ഈശ്വരന്‍. സാംഖ്യരൊഴിച്ച് എല്ലാവരും ഇതു വിശ്വസിക്കുന്നു. പിന്നെയുള്ളത് ആത്മസിദ്ധാന്തവും പുനര്‍ജ്ജന്മസിദ്ധാന്തവുമാണ്. ഇതിന്റെ രൂപമിതത്രേ; അസംഖ്യം ആത്മാക്കള്‍ വീണ്ടും വീണ്ടും പല ശരീരങ്ങള്‍ കൈക്കൊണ്ടിട്ട്, ജന്മമരണചക്രത്തില്‍ സ്വകര്‍മ്മമനുസരിച്ച്, വട്ടം ചുറ്റുന്നു. ഇതാണ് സംസാരവാദം, അല്ലെങ്കില്‍ സാധാരണമായി പറയപ്പെടുന്ന പുനര്‍ജന്മസിദ്ധാന്തം. പിന്നുള്ളത് അനാദിയും അനന്തവുമായ ഈ ജഗത്താണ്. ഇവ മൂന്നും ഒരേയൊരു വസ്തുവിന്റെ വിഭിന്നങ്ങളായ വശങ്ങളെന്നു ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ മൂന്നും മൂന്നു വ്യത്യസ്തവസ്തുക്കള്‍തന്നെ എന്നു വിചാരിക്കുന്നു. വേറെ ചിലര്‍ക്ക് ഇവയെപ്പറ്റി വിചിത്രമായ പല ആശയങ്ങളാണുള്ളത്. എങ്കിലും എല്ലാവരും ഒരുപോലെ ഇവ മൂന്നിലും വിശ്വസിക്കുന്നു.
ആത്മാവ് മനസ്സില്‍നിന്നു ഭിന്നമാണെന്ന് അതിപ്രാചീനമായ കാലം മുതല്‍ ഹിന്ദുക്കള്‍ അറിഞ്ഞിരുന്നു എന്ന വസ്തുത ഓര്‍മ്മിക്കണമെന്നു ഞാന്‍ നിങ്ങളോട് ആവശ്യപ്പെടട്ടെ. പാശ്ചാത്യര്‍ക്കാകട്ടേ മനസ്സിനുമേല്‍ ഉയരാന്‍ കഴിഞ്ഞില്ല. പ്രപഞ്ചം സുഖപൂര്‍ണ്ണമാണെന്നും, അതിനാല്‍ പ്രപഞ്ചത്തില്‍ അങ്ങേയറ്റംവരെ ആരമിക്കാന്‍ കഴിയുമെന്നും പാശ്ചാത്യര്‍ ധരിച്ചിരിക്കുന്നു. എന്നാല്‍ ജന്മനാതന്നെ പൗരസ്ത്യര്‍ക്കുള്ള വിശ്വാസം, ഈ സംസാരം ദുഃഖമയമാണെന്നും അതുകൊണ്ടുതന്നെ മിഥ്യ, അയഥാര്‍ത്ഥം, ആണെന്നും, ഇതു നല്കുന്ന ക്ഷണികസുഖങ്ങള്‍ക്കും സമ്പത്തിനുംവേണ്ടി ആത്മാവിനെ വെച്ചു മാറത്തക്ക വില ഇവയ്ക്കില്ലെന്നുമാണ്. ഇതുകൊണ്ട് പാശ്ചാത്യര്‍ സംഘടിതപ്രവര്‍ത്തനങ്ങളില്‍ വിശേഷിച്ചും വിരുതന്മാരാണ്. ഇതുപോലെ പൗരസ്ത്യര്‍ ആഭ്യന്തരപ്രപഞ്ചത്തിലെ രഹസ്യങ്ങള്‍ തിരക്കുന്നതില്‍ എപ്പോഴും ശൂരന്മാരായിരുന്നിട്ടുണ്ട്.
ഇനി ഹിന്ദുമതത്തിന്റെ വേറെ ഒന്നുരണ്ടു വശങ്ങളെപ്പറ്റി പ്രതിപാദിക്കാം. ഈശ്വരാവതാരങ്ങളെപ്പറ്റിയുള്ള സിദ്ധാന്തമുണ്ടല്ലോ. വേദങ്ങളില്‍ മത്‌സ്യാവതാരത്തെപ്പറ്റിമാത്രമേ പരാമര്‍ശിച്ചിട്ടുള്ളു. എല്ലാവരും ഈ സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല വിഷയം. അവതാരഭാവത്തിന്റെ ശരിയായ പൊരുള്‍ മാനവാരാധനയാണ്. ഈശ്വരനെ മനുഷ്യനില്‍ കാണുകയാണ് യഥാര്‍ത്ഥമായ ഈശ്വരദര്‍ശനം. ഹിന്ദു പ്രകൃതിയിലൂടെ പ്രകൃതിയുടെ ഈശ്വരനിലേക്കല്ല പോകുന്നത്: മനുഷ്യനിലൂടെ മനുഷ്യന്റെ ഈശ്വരനിലേക്കത്രേ.
പിന്നെ വിഗ്രഹാരാധന. നമ്മുടെ ശാസ്ത്രങ്ങള്‍ അനുശാസിക്കും പോലെ, ഓരോ ശുഭകര്‍മ്മത്തിലും ആരാധിക്കേണ്ട അഞ്ചു ദേവതകളെ ഒഴിച്ചാല്‍, മറ്റു ദേവതകളെല്ലാം അവര്‍ക്കുള്ള അവസ്ഥാവിശേഷങ്ങള്‍ ചൂണ്ടിക്കാട്ടുന്ന പേരുകളാണ്. ഈ അഞ്ചു ദേവതകള്‍തന്നെ ഒരേ ഈശ്വരന്റെ വിഭിന്നനാമങ്ങള്‍മാത്രമാണുതാനും. വിഗ്രഹങ്ങളെ ഉദ്ദേശിച്ചുള്ള ബാഹ്യപൂജ അധമമായ പൂജാപദ്ധതിയാണെന്നു നമ്മുടെ ശാസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്നര്‍ത്ഥം വിഗ്രഹപൂജ തെറ്റെന്നല്ല. ഇന്നു പ്രചാരത്തിലിരിക്കുന്ന വിഗ്രഹപൂജയില്‍ കടന്നുകൂടിയിട്ടുള്ള മലിനതകള്‍ പലതാണെങ്കിലും, അതിനെ ഞാന്‍ നിന്ദിക്കുന്നില്ല. അതേ, യാഥാസ്ഥിതികനും വിഗ്രഹാരാധകനുമായ ആ ബ്രാഹ്മണന്റെ വിശുദ്ധപാദപാംസുക്കളേറ്റുണ്ടായ അനുഗ്രഹമില്ലായിരുന്നെങ്കില്‍, എന്റെ ഗതിയെന്താകുമായിരുന്നു!
വിഗ്രഹാരാധനക്കെതിരായി പ്രസംഗിക്കുന്ന ഈ പരിഷ്‌കര്‍ത്താക്കളോടു ഞാന്‍ പറയുന്നു; ”ഭ്രാതാക്കളേ, ബാഹ്യാലംബമൊന്നുമില്ലാതെ നീരൂപനായ ഈശ്വരനെ പൂജിക്കാന്‍ യോഗ്യതയുണ്ടെങ്കില്‍, നിങ്ങള്‍ അങ്ങനെ ചെയ്തുകൊള്‍വിന്‍. എന്നാല്‍ അതു വയ്യാത്തവരെ നിന്ദിക്കുന്നതെന്തിന്? സുന്ദരവും വിശാലവുമായ ഒരു സൗധത്തിന്, അതിപ്രാചീനകാലത്തിന്റെ മഹനീയമായ ഒരവശേഷത്തിന്, ശ്രദ്ധക്കുറവുകൊണ്ടോ പ്രയോജനപ്പെടുത്താത്തതുകൊണ്ടോ തകര്‍ച്ച ഏര്‍പ്പെട്ടിരിക്കയാണ്. അതിനുള്ളില്‍ എമ്പാടും അഴുക്കും പൊടിയും കുന്നുകൂടിക്കിടക്കയാണ്. ഒരുപക്ഷേ അതിന്റെ ചില വശങ്ങള്‍ നിലംപറ്റിപ്പോയിരിക്കാം. നാമതില്‍ എന്തു ചെയ്യണം? ആവശ്യമായ ശുദ്ധീകരണവും ജീര്‍ണ്ണോദ്ധാരണവും നടത്തി പഴയപടിയാക്കുകയോ, അതോ കെട്ടിടം മുഴുവന്‍ തകര്‍ത്തു തല്‍സ്ഥാനത്ത്, ഈടുള്ളതെന്നു തിട്ടപ്പെടാത്ത മറ്റൊന്ന് സങ്കുചിതമായ ഒരു നവസങ്കല്പമനുസരിച്ച് പുത്തനായി പണിയിക്കയോ? നാം അതു പരിഷ്‌കരിക്കയാണ് വേണ്ടത്. അതായത്, ആവശ്യമുള്ള ശുദ്ധീകരണവും കേടുതീര്‍ക്കലുംകൊണ്ട് – മറിച്ച് മുഴുവന്‍ തകര്‍ത്തിട്ടില്ല – ആ സൗധം സജ്ജവും തികവുറ്റതുമാക്കുക, പരിഷ്‌കാരത്തിന്റെ ജോലി അത്രമാത്രമേയുള്ളൂ. പഴയതിന്റെ നവീകരണം പൂര്‍ത്തിയായാല്‍ പിന്നെന്തു കൃതമാണ് പരിഷ്‌കാരം കൊണ്ടുള്ളത്? അതു ചെയ്യാമെങ്കില്‍ ചെയ്യണം. വയ്യെങ്കില്‍ തൊട്ടു പോകരുത്. മറിച്ച്, ഈ രാജ്യത്തിലെ പരിഷ്‌കര്‍ത്തൃസംഘം ആഗ്രഹിക്കുന്നതു സ്വന്തമായ ഒരു മതവിഭാഗം പടുത്തുകെട്ടാനാണ്. ചില നല്ല കാര്യങ്ങള്‍ അവര്‍ ചെയ്തിട്ടുണ്ട്. ഈശ്വരന്‍ അവരുടെ മേല്‍ അനുഗ്രഹങ്ങള്‍ ചൊരിയട്ടെ! എന്നാല്‍ ഹിന്ദുക്കളായ നിങ്ങള്‍ പൊതു സംഘത്തില്‍നിന്നു വേര്‍പെടാന്‍ ആഗ്രഹിക്കുന്നതെന്തിന്? ഹിന്ദു എന്നപേര്‍ കൈക്കൊള്ളാന്‍ ലജ്ജിക്കുന്നതെന്തിന്? അതാണു നിങ്ങളുടെ ഏറ്റവും മഹത്തും മഹനീയവുമായ സമ്പത്ത്. അമര്‍ത്ത്യരുടെ സന്താനങ്ങളേ, എന്റെ നാട്ടുകാരേ, യുഗങ്ങളായി, നമ്മുടെ ജനതയാകുന്ന ഈ കപ്പല്‍ പരിഷ്‌കാരവും വഹിച്ച്, അതിന്റെ വില തീരാത്ത സമ്പത്തുകള്‍കൊണ്ടു ലോകത്തെ മുഴുവന്‍ സമ്പന്നമാക്കി സഞ്ചരിക്കയാണ്. അത്, ഇരുപതിരുപത് പ്രകാശമയമായ ശതകങ്ങളായി, ഒരു കടത്തുവഞ്ചിപോലെ, സംസാരസാഗരത്തിന്റെ മറുകരയിലേക്കു ദശലക്ഷം ആളുകളെ, ദുഃഖങ്ങള്‍ക്കപ്പുറത്തുകൊണ്ടെത്തിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഒരോട്ട വീണ് അതു തകരാറിലായിരിക്കയാണ്. കുറ്റം നിങ്ങളുടേതുതന്നെയോ മറ്റു വല്ലവരുടേതുമോ ആകാം: സാരമില്ല. അതില്‍ കയറിയിട്ടുള്ള നിങ്ങള്‍ എന്താണ് ഇപ്പോള്‍ ചെയ്യുക? അതിനെ ശപിച്ചുകൊണ്ടും തമ്മില്‍ തല്ലിക്കൊണ്ടും തെണ്ടിത്തിരിയാനാണോ ഭാവം? നിങ്ങളെല്ലാവരും ഒത്തുചേര്‍ന്ന് ആ ഓട്ടകള്‍ അടയ്ക്കാന്‍ ആവുംമട്ടു ശ്രമിക്കയില്ലേ? അതു ചെയ്യാന്‍ സസന്തോഷം നമ്മുടെ ഹൃദ്രക്തംതന്നെ നമുക്കു കൊടുക്കാം. നമ്മുടെ ഈ യത്‌നം പരാജയപ്പെട്ടാല്‍ അനുഗ്രഹവചസ്സുകളോടുകൂടി, ശാപവാക്കുകളോടു കൂടിയല്ല, നമുക്ക് ഒന്നിച്ചു മുങ്ങിമരിക്കാം.
ബ്രാഹ്മണരോടു ഞാന്‍ പറയട്ടെ; ”ജാതിയെയും കുലത്തെയും ചൊല്ലിയുള്ള നിങ്ങളുടെ അഭിമാനം വ്യര്‍ത്ഥമാണ്. അതൊക്കെ കുട ഞ്ഞുകളയുക. നിങ്ങളുടെ ശാസ്ത്രങ്ങളനുസരിച്ച് ഇന്നു നിങ്ങള്‍ക്ക് ബ്രാഹ്മണ്യമേ ഇല്ല: കാരണം, ദീര്‍ഘകാലമായി നിങ്ങള്‍ മ്ലേച്ഛരാജാക്കന്മാരുടെ കീഴില്‍ ജീവിച്ചുവരുകയാണ്. നിങ്ങള്‍ക്കു പൂര്‍വ്വികന്മാരുടെ വാക്കുകളില്‍ വിശ്വാസമുണ്ടെങ്കില്‍, പഴയ ആ കുമാരിലനെപ്പോലെ നിങ്ങള്‍ ഈ ക്ഷണംതന്നെ പോയി ഉമിത്തീയില്‍ പ്രവേശിച്ചു പ്രായശ്ചിത്തം ചെയ്യണം. കുമാരിലന്‍ ബൗദ്ധരെ നിഷ്‌കാസനം ചെയ്യാന്‍ അവരുടെ ശിഷ്യത്വം സ്വീകരിച്ച് യുക്തിവാദത്തില്‍ അവരെ തോല്പിച്ച് അവരില്‍ പലരുടെയും മരണത്തിനു കാരണമായി. ആവക പാതകങ്ങള്‍ക്കു പ്രായശ്ചിത്തമായിട്ടാണ് പിന്നീട് അദ്ദേഹം ഉമിത്തീയില്‍ പ്രവേശിച്ചത്. അങ്ങനെ ചെയ്യാന്‍ ധൈര്യമില്ലെങ്കില്‍, സ്വന്തം ദൗര്‍ബ്ബല്യം സമ്മതിക്കുക: മറ്റുള്ളവരെയെല്ലാം സഹായിക്കാന്‍ കൈനീട്ടുക. അറിവിന്റെ വാതില്‍ എല്ലാവര്‍ക്കുമായി തുറന്നിടുക. ചവിട്ടിമെതിക്കപ്പെട്ട സാമാന്യജനത്തിനു ന്യായമായും നിയമാനുസൃതമായും കിട്ടേണ്ട അവകാശങ്ങളും ബഹുമതികളും നല്കുക.”