(ഖേത്രി മഹാരാജാവ് അയച്ച അനുമോദനപത്രികയ്ക്കു നല്കിയ മറുപടി)
അമേരിക്കയില്‍ താമസിച്ചിരുന്നപ്പോള്‍ സ്വാമിജിക്കു ഖേത്രി മഹാരാജാവ് 1895 മാര്‍ച്ച് 4-ാം തീയതി അയച്ച അനുമോദനപത്രിക കിട്ടി. അതു താഴെ ചേര്‍ക്കുന്നു;
എന്റെ പ്രിയപ്പെട്ട സ്വാമിജി,
എന്റെയും എന്റെ പ്രജകളുടെയും പേരില്‍, ഈ സംസ്ഥാനക്കാര്‍ക്കുള്ള ഹൃദയം നിറഞ്ഞ കൃതജ്ഞത അങ്ങയെ അറിയിക്കാന്‍, ഈ ഉദ്ദേശ്യത്തില്‍ ഇന്നു സമ്മേളിച്ച വിശേഷാല്‍ ദര്‍ബാറിന്റെ അദ്ധ്യക്ഷന്‍ എന്ന നിലയില്‍ എനിക്കു വളരെ സന്തോഷമുണ്ട്. കാരണം, അമേരിക്കയില്‍ ഷിക്കാഗോവില്‍വെച്ചു നടത്തിയ മതമഹാസമ്മേളനത്തില്‍, അങ്ങു ഹിന്ദുമതത്തെ ശ്ലാഘ്യമായി പ്രതിനിധാനം ചെയ്തു.
അങ്ങ് ആവിഷ്‌കരിച്ചതിലുമേറെ സൂക്ഷ്മമായും വ്യക്തമായും ഹിന്ദുമതത്തിന്റെ സാമാന്യതത്ത്വങ്ങളെ ഇംഗ്ലീഷില്‍ ആവിഷ്‌കരിക്കാന്‍ കഴിയുമെന്നു ഞാന്‍ കരുതുന്നില്ല. ഭാഷയുടെ ന്യൂനതകള്‍ പല പരിമിതികളാണല്ലോ അടിച്ചേല്പിക്കുക.
അങ്ങു വിദേശങ്ങളില്‍ നടത്തിയ പ്രഭാഷണത്തിന്റെയും അങ്ങയുടെ പെരുമാറ്റത്തിന്റെയും പ്രഭാവം പല രാജ്യക്കാരുടെയും പല മതങ്ങളുടെയും ഇടയ്ക്കു ബഹുമാനം പരത്തുകമാത്രമല്ല ചെയ്തിട്ടുള്ളു: അങ്ങയെ പരിചയിക്കാന്‍ അവര്‍ക്ക് അതുപകരിച്ചിട്ടുമുണ്ട്: അങ്ങയുടെ സ്വാര്‍ത്ഥശൂന്യമായ ഉദ്ദേശ്യത്തെ മുന്നേറ്റുവാനും അതുപകരിക്കുന്നു. ഞങ്ങളെല്ലാം വളരെ വലുതായി അവര്‍ണ്ണ്യമായി ബഹുമാനിക്കുന്ന ഒരു കാര്യമാണിത്. വിദേശങ്ങളില്‍ യാത്ര ചെയ്യുന്നതിലും, അവിടെച്ചെന്ന് അമേരിക്കയില്‍ നടന്ന മതമഹാസമ്മേളനത്തില്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ആ പൗരാണികമതത്തിന്റെ തത്ത്വങ്ങള്‍ വിശദീകരിക്കുന്നതിലും അങ്ങയ്ക്കുണ്ടായ ക്ലേശങ്ങളെച്ചൊല്ലി ഞങ്ങള്‍ക്കു തോന്നുന്ന നിഷ്‌കളങ്കമായ കൃതജ്ഞത പ്രകാശിപ്പിക്കാന്‍ ഔപചാരികമായി ഈ കുറച്ചു വരികളെങ്കിലും എഴുതിയില്ലെങ്കില്‍ അതൊരു വലിയ കൃത്യവിലോപമായി ഞങ്ങള്‍ക്കു തോന്നാതിരിക്കയില്ല. അങ്ങയെപ്പോലെ ശക്തനായ ഒരു പ്രതിനിധിയെ കിട്ടുക എന്ന മാന്യത നേടാന്‍ ഭാഗ്യമുണ്ടായത് ഭാരതത്തിന്റെ അഭിമാനത്തിനു ചേര്‍ന്നതു തന്നെ, നിശ്ചയം.
ആരുടെ പ്രയത്‌നങ്ങളിലൂടെയാണോ മതമഹാസമ്മേളനം വേണ്ടവണ്ണം സംഘടിതമായത്. ഉത്കൃഷ്ടരായ ആ മാന്യന്മാരോടും നമുക്കു നന്ദി വേണ്ടതാണ്: അവരാണല്ലോ അങ്ങയെ ഉത്‌സാഹനിര്‍ഭരതയോടെ സ്വാഗതം ചെയ്തത്. ആ ഭൂഖണ്ഡത്തില്‍ അങ്ങു തികച്ചും ഒരു വൈദേശികനായിരുന്നതിനാല്‍, അങ്ങയോടുള്ള അവരുടെ സ്നേഹമസൃണമായ പെരുമാറ്റം, അങ്ങയുടെ ബഹുമുഖമായ യോഗ്യതകളോടുള്ള അവരുടെ ബഹുമാനംകൊണ്ടാകണം. ഇത് അവരുടെ സാത്ത്വികപ്രകൃതിക്കുള്ള നല്ല തെളിവുമത്രേ.
ഇതിനോടൊത്ത് ഈ എഴുത്തിന്റെ ഇരുപത് അച്ചടിച്ച പ്രതികളും ഞാന്‍ അടക്കം ചെയ്യുന്നു. ഇത് അങ്ങുതന്നെ സൂക്ഷിച്ച് ശേഷമുള്ള പ്രതികള്‍ സുഹൃത്തുക്കളുടെ ഇടയില്‍ വിതരണം ചെയ്യണമെന്നാണ് എന്റെ പ്രാര്‍ത്ഥന.
ഏറ്റവും വലിയ ബഹുമാനത്തോടും ആത്മാര്‍ത്ഥതയോടുംകൂടി,
രാജാഅജിത്‌സിങ് ബഹദൂര്‍,ഖേത്രി.
താഴെക്കൊടുക്കുന്ന മറുപടിയാണ് സ്വാമിജി അയച്ചുകൊടുത്തത്.
‘ധര്‍മ്മം കുറയുകയും അധര്‍മ്മം തലയുയര്‍ത്തുകയും ചെയ്യുമ്പോള്‍, ധര്‍മ്മത്തിന്റെ മഹനീയത വീണ്ടെടുക്കാന്‍ ഞാന്‍ സ്വയം ആവിര്‍ഭവിക്കുന്നു.’ – ഉദാരനായ രാജന്‍, വിശുദ്ധമായ ഗീതയില്‍ കാണുന്ന നിത്യനായ ഈശ്വരന്റെ വാക്കുകളാണിവ. വിശ്വത്തില്‍ ആദ്ധ്യാത്മികശക്തിക്ക് ഏര്‍പ്പെടുന്നതും ജീവത്തുമായ ഏറ്റത്തിന്റെയും ഇറക്കത്തിന്റെയും മുഖ്യധ്വനിയാണ് ഇവയില്‍ കേള്‍ക്കുന്നത്.
വീണ്ടും വീണ്ടും സ്വന്തമായ താളമേളത്തോടൊപ്പം ഈ വ്യത്യാസങ്ങള്‍ സ്വയം വെളിപ്പെടുന്നു. വന്‍തോതിലുള്ള മറ്റെല്ലാം പരിവര്‍ത്തങ്ങളെയുംപോലെ, ഇവ തനതു മണ്ഡലത്തില്‍പ്പെട്ട മിക്കവാറും എല്ലാ കണികകളെയും സ്പര്‍ശിക്കുമെങ്കിലും, തനതു ശക്തിക്കു വിധേയമായ കണികകളിലാണ് ഏറ്റവുമധികം ഫലം പ്രകടമാക്കുക.
വിശ്വവ്യാപകമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍, തുടക്കത്തിലെ നില ത്രിഗുണങ്ങളുടെ ശക്തികള്‍ക്കുള്ള സമനിലയാണ്: ഇതിനു പറ്റുന്ന വൈഷമ്യവും, സാമ്യം വീണ്ടെടുക്കാന്‍ പിന്നീടുണ്ടാകുന്ന സമുദ്യമങ്ങളുമാണ് പ്രകൃതിയുടെ അഭിവ്യക്തി, ഈ വിശ്വം, എന്നു നാം പറയുന്നത്. തുടക്കത്തിലെ സമനിലയിലെത്തുംവരെ ഈ വിശ്വം നിലനില്ക്കും. ഇതുപോലെ, നമ്മുടെ ഭൂമിയിലും, സങ്കുചിതമായ അര്‍ത്ഥത്തില്‍, വികാരവും അതിന്റെ പ്രതിയോഗിയായ സാമ്യാഭിമുഖമായ പ്രവൃത്തിയും നിലനില്ക്കുകതന്നെ വേണം. മനുഷ്യരാശിക്കു മാറ്റമില്ലാത്തിടത്തോളം കാലം ഈ വ്യവസ്ഥിതിയും തുടരണം. അങ്ങനെയാണ് വംശങ്ങള്‍ തമ്മിലും ഉപവംശങ്ങള്‍ തമ്മിലും ലോകത്തിലെങ്ങുമുള്ള വ്യക്തികള്‍ തമ്മിലുള്ള മുന്തിയ വ്യത്യാസങ്ങള്‍ ഉടലെടുത്തത്.
നിഷ്പക്ഷമായ വിഭജനവും സമസ്ഥിതിയുമുള്ള ഈ ലോകത്തില്‍ ഓരോ ജനതയും ഒരു സവിശേഷതരത്തില്‍പ്പെട്ട ശക്തി സംഭരിക്കുവാനും വിതരണം ചെയ്യുവാനുമുള്ള കേന്ദ്രമായി മാറുന്നു എന്നുപറയാം. ആ വംശക്കാര്‍ക്ക് മറ്റെന്തൊക്കെ ഉണ്ടെങ്കിലും, അവയിലൂടെയെല്ലാം അവരുടെ സവിശേഷതയായി തിളങ്ങിവിളങ്ങുന്നത് അവരുടേതു മാത്രമായ ആ ധര്‍മ്മമത്രേ. മനുഷ്യസ്വഭാവത്തിന്റെ ഏതെങ്കിലും ഒരംശത്തില്‍ വിപ്ലവമുണ്ടായാല്‍ ഏറെക്കുറെ മറ്റെല്ലാ അംശങ്ങളെയും ബാധിക്കുമെങ്കിലും, ആ സ്വഭാവാംശം ഏതു ജനതയുടെ പ്രത്യേകതയാണോ, ആ ജനതയെയായിരിക്കും അത് അഗാധമായി ബാധിക്കുക. സാധാരണയായി, പ്രസ്തുതജനതയെ കേന്ദ്രീകരിച്ചായിരിക്കും താനും ആ വിപ്ലവം തുടങ്ങുന്നത്. ഇതിന്‍പടി, മതമണ്ഡലത്തില്‍ ഒരു കുലുക്കമുണ്ടായാല്‍ അത് ഭാരതത്തില്‍ വമ്പിച്ച പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്നു നിശ്ചയം. വ്യാപകമായ മതവിപ്ലവങ്ങള്‍ക്കു ഭാരതമാണ് കേന്ദ്രമായി നിന്നിട്ടുള്ളത്: കാരണം, സര്‍വ്വോപരി, ഭാരതം മതത്തിന്റെ നാടാണ്.
ഓരോ മനുഷ്യനും സ്വന്തം ആദര്‍ശം സാക്ഷാത്കരിക്കാന്‍ സഹായിക്കുന്നതിനെ മാത്രമേ യഥാര്‍ത്ഥമെന്നു കരുതുന്നുള്ളു. പ്രാപഞ്ചികര്‍ക്കു പണമായി മാറ്റത്തക്കതെല്ലാം യഥാര്‍ത്ഥമാണ്: അതിന്നുതകാത്തതെല്ലാം അയഥാര്‍ത്ഥവും. സഹജീവികളുടെമേല്‍ പ്രതാപം ചെലുത്താന്‍ സഹായിക്കുന്നതെന്തോ അതാണ് അധികാരേച്ഛുവിനു യഥാര്‍ത്ഥം: ശേഷമെല്ലാം ശൂന്യവും. ജീവിതത്തില്‍ സ്വന്തം മമതാവിശേഷം എന്തിനോടോ അതിന്റെ ഹൃദയത്തുടിപ്പുകള്‍ പ്രതിധ്വനിപ്പിക്കാത്തതൊക്കെ ഒരുവനു ശൂന്യംതന്നെ.
ചിലരുടെ ഒരേയൊരു ലക്ഷ്യം സ്വജീവിതശക്തികളെല്ലാം പണത്തിനും പേരിനും മറ്റു വല്ല ഭോഗങ്ങള്‍ക്കുംവേണ്ടി ചെലവഴിക്കയാണ്: മറ്റു ചിലര്‍ക്ക് പ്രതാപത്തിന്റെ ഒരേയൊരു ആവിഷ്‌കാരം യുദ്ധസന്നദ്ധരായ കുപ്പിണികളുടെ മുന്നേറ്റമാണ്. വേറെ ചിലര്‍ക്ക് ജീവിതം നല്കുന്ന ഒരേയൊരു സുഖം ഇന്ദ്രിയോപഭോഗങ്ങളാണ് – ഈ കൂട്ടര്‍ക്കെല്ലാം എക്കാലവും ഭാരതം വമ്പിച്ചൊരു മരുഭൂമിയായിട്ടാണ് അനുഭവപ്പെടുക. അവര്‍ക്കു മനസ്സിലാവുന്ന മട്ടിലുള്ള ജീവിതവികാസത്തെ പൊരിച്ചു കളയുന്ന കാറ്റുകളാണുതാനും അതില്‍നിന്നടിക്കുന്നത്.
എന്നാല്‍, ഇന്ദ്രിയങ്ങളുടെ ലോകംവിട്ട് വളരെയകലെ എങ്ങോ നിന്നൊഴുകുന്ന അമരതയുടെ ആറ്റുനീര്‍ കുടിച്ച് ഏവരുടെ ജീവിത തൃഷ്ണയാണോ എന്നെന്നേക്കുമായി ശമിച്ചിട്ടുള്ളത്: ഏവരാണോ കാമത്തിന്റെയും സ്വര്‍ണ്ണത്തിന്റെയും വിഖ്യാതിയുടെയും ബന്ധത്രയം പാമ്പു സ്വന്തം വളപോലെ വെടിഞ്ഞിട്ടുള്ളത്: ഇന്ദ്രിയാധീനര്‍ ‘ഉപഭോഗ’മെന്നു വിളിക്കുന്നതും പൂഴി നിറഞ്ഞതും നിറക്കൊഴുപ്പുള്ളതുമായ ഈ ചെറുകൂണുകള്‍ക്കുവേണ്ടിയുള്ള മല്പിടുത്തങ്ങളെയും അസൂയകളെയും കഴമ്പറ്റ വഴക്കുകളെയും ഏവരാണോ പ്രശാന്തമായ സ്വന്തം ഉച്ചതയില്‍നിന്ന് സ്നേഹത്തോടും അക്ഷോഭ്യതയോടും നോക്കിക്കാണുന്നത്: ഏവര്‍ക്കാണോ പൂര്‍വപുണ്യശക്തി കണ്‍മുമ്പില്‍നിന്ന് അജ്ഞാനമറ മാറ്റിക്കളകയാല്‍ നാമരൂപങ്ങളുടെ പൊള്ളത്തം കാണാന്‍ കഴിയുന്നത്: ആ കൂട്ടരുടെ മുമ്പില്‍, അവരെവിടെയുള്ളവരായാലും ശരി, ആദ്ധ്യാത്മികതയുടെ മാതൃഭൂമിയും അക്ഷയഖനിയുമായ ഭാരതം മറ്റൊരു രൂപം കൈക്കൊണ്ടാണ് നിലകൊള്ളുന്നത്. മാഞ്ഞുകൊണ്ടിരിക്കുന്ന നിഴലുകളുടേതായ ഈ വിശ്വത്തില്‍ ഒരേ വാസ്തവികസത്ത ആര്‍ക്കോ, ആ ഈശ്വരനെ തിരക്കുന്നവര്‍ക്കെല്ലാം പ്രത്യാശയുടെ പ്രദീപമത്രേ ഭാരതം.
സ്വന്തം ബോധങ്ങള്‍ക്കു ചേര്‍ന്ന മട്ടില്‍, സ്ഥൂലമായ ഒരു രൂപത്തില്‍, പ്രതാപം ആവിഷ്‌കരിക്കുമ്പൊഴേ ഭൂരിപക്ഷം ആളുകള്‍ക്കും അതു മനസ്സിലാകൂ. യുദ്ധത്തിന്‍േറതായ തിരക്ക്, പ്രകമ്പനം, പ്രതാപം, മാന്ത്രികശക്തി ഇവയുടെയൊക്കെമേല്‍ അവര്‍ക്കു മുറുകെ പിടിക്കാം. കൊടുങ്കാറ്റുപോലെ, മുന്നിലുള്ളതെല്ലാം തല്ലിത്തകര്‍ത്തുകൊണ്ടു വന്നെത്താത്ത ജീവിതാവിഷ്‌കാരങ്ങളെല്ലാം അവര്‍ക്കു കേവലം മൃതിപ്രായ മത്രേ. പല ശതകങ്ങളായി, വൈദേശികരായ ആക്രമണകാരികളുടെ കാല്‍ച്ചോട്ടില്‍, പ്രതിരോധിക്കാമെന്ന ആശയമോ ആശയോ കൂടാതെ, ബഹുജനങ്ങളുടെയിടയില്‍ ഐക്യത്തിന്റെ കണികപോലുമില്ലാതെ, സ്വരാജ്യസ്നേഹത്തിന്റെ നേരിയ ഒരാശയംപോലും വിട്ടു കഴിഞ്ഞുകൂടിയ ഭാരതം അക്കൂട്ടര്‍ക്കു ചത്തുചീഞ്ഞ ഒരു ചുമടായി, ചെതുക്കിച്ച എല്ലുകളുടെ ഒരു നാടായിട്ടേ തോന്നൂ.
അര്‍ഹത്തമന്മാര്‍മാത്രം അതിജീവിക്കുന്നു എന്നു പറയുന്നുണ്ട്. അപ്പോള്‍, സാധാരണമായ അഭിപ്രായമനുസരിച്ച് അര്‍ഹത ഏറ്റവും കുറഞ്ഞ വംശക്കാരായ നമ്മള്‍, ഏതു വംശത്തിനും പിണഞ്ഞിട്ടുള്ള വയില്‍വെച്ച് ഏറ്റവും ഭയങ്കരമായ ദൗര്‍ഭാഗ്യങ്ങള്‍ വന്നുകൂടിയിട്ടും, എന്തുകൊണ്ടാണ് ഇപ്പോഴും, അപക്ഷയത്തിന്റെ ഏറ്റവും നേര്‍ത്ത ലാഞ്ഛനങ്ങള്‍പോലും കാട്ടാത്തത്? ഊര്‍ജ്ജസ്വലം, സക്രിയം എന്നും മറ്റു പറയപ്പെടുന്ന വംശക്കാരുടെ പെരുകിയ ശക്തികള്‍ പ്രതിദിനം ക്ഷയിക്കുമ്പോള്‍, എന്തുകൊണ്ടാണ് അസാന്മാര്‍ഗ്ഗികനായ ഹിന്ദു അവരെക്കാളെല്ലാം കൂടുതല്‍ വളര്‍ച്ചയ്ക്കു കഴിവു കാട്ടുന്നത്? ഒരു ഞൊടിക്കിടയില്‍ ലോകമാകെ രക്തത്തില്‍ ആറാടിക്കാന്‍ കഴിവുള്ളവര്‍ക്ക് നിശ്ചയമായും വിജയമാല്യം നല്‌കേണ്ടതുതന്നെ. കുറേ ദശലക്ഷങ്ങളുടെ ക്ഷേമത്തിന്നായി ലോകരില്‍ പകുതിയെ പട്ടിണിക്കിടുന്ന വരുടെ മഹനീയത വലുതുതന്നെ. എന്നാല്‍ മറ്റുള്ളവരുടെ ശാപ്പാടു തട്ടിയെടുക്കാതെ, ബഹുശതം ദശലക്ഷങ്ങളെ സമാധാനത്തിലും ക്ഷേമത്തിലും പോറ്റിപ്പോന്നവര്‍ ഒട്ടും ശ്ലാഘ്യരല്ലേ? നൂറുനൂറു നൂറ്റാണ്ടുകളിലൂടെ, മറ്റുള്ളവരെ തെല്ലും ഹിംസിക്കാതെ, കണക്കറ്റ ദശലക്ഷങ്ങളുടെ ഭാഗധേയങ്ങളെ രൂപപ്പെടുത്തുകയും നയിക്കയും ചെയ്യുന്നതില്‍ ഒരു പ്രഭാവവും ആവിഷ്‌കരിക്കപ്പെടുന്നില്ലേ?
പ്രാചീനവംശങ്ങളുടെ പുരാണങ്ങളില്‍ ചില വീരന്മാരുടെ കഥകളുണ്ട്. സ്വശരീരത്തിലെ ചെറിയൊരു ഭാഗമാണ് ഇവരുടെ ജീവിതകേന്ദ്രം. ഇതു ക്ഷതപ്പെടുംവരെ ഇവര്‍ അധൃഷ്യരാണ്. ഇത്തരത്തിലൊരു വിശിഷ്ടമായ ജീവിതകേന്ദ്രം ഓരോ ജനതയ്ക്കുമുണ്ടെന്നു തോന്നുന്നു. ഇതു ബാധിക്കപ്പെടാതിരുന്നാല്‍, ദുരിതങ്ങളും ദൗര്‍ഭാഗ്യങ്ങളും എത്ര വലിയ തോതില്‍ വന്നുചേര്‍ന്നാലും ജനതയ്ക്കു നാശമില്ല.
ഭാരതത്തിന്റെ ജീവിതശക്തി മതത്തിലാണ്. പൂര്‍വികരില്‍നിന്നു കൈവന്നിട്ടുള്ള വമ്പിച്ച ഈ സമ്പാദ്യം നാം മറക്കാത്തിടത്തോളം ഭൂമിയിലൊരു ശക്തിക്കും ഭാരതത്തെ നശിപ്പിക്കാവതല്ല.
കഴിഞ്ഞ കാലങ്ങളിലേക്കു സദാ കണ്ണോടിക്കുന്നവരെ ഇന്നെല്ലാവരും കുറ്റപ്പെടുത്തുകയാണ്. ഭാരതത്തിന്റെ ദുരിതങ്ങളുടെയെല്ലാം കാരണം ഇത്രയേറെ നടക്കുന്ന പിന്‍നോട്ടമാണെന്നു പറയുന്നു. നേരേ മറിച്ച്, ഇതിനു വിപരീതമാണ് ശരിയെന്നത്രേ എനിക്കു തോന്നുന്നത്. ഭൂതകാലത്തെ മറന്നിരുന്നപ്പോള്‍ ഹിന്ദുജനത മോഹത്തില്‍ മുഴുകുകയാണ് ചെയ്തത്. ഭൂതകാലത്തിലേക്കു കണ്ണോടുന്ന ഇന്ന്, ഇതാ, എമ്പാടും ജീവിതം പുതുതായി ആവിഷ്‌കരിക്കപ്പെടുന്നു. പ്രസ്തുതമായ ഭൂതകാലത്തില്‍നിന്നാണ് ഭാവി രൂപപ്പെടുത്തേണ്ടത്: ഭൂതമാണ് ഭാവിയാവുക.
അതിനാല്‍, ഹിന്ദുക്കള്‍ ഭൂതാകലത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുംതോറും, അവരുടെ ഭാവി കൂടുതല്‍ ശോഭനമാകും. ഓരോരുത്തന്റെയും മുമ്പില്‍ ഭൂതകലത്തെ എത്തിപ്പാന്‍ ഒരുമ്പെടുന്നവരെല്ലാം സ്വന്തം ജനതയ്ക്കു വലിയ നന്മയാണ് ചെയ്യുന്നത്. പ്രാചീനരുടെ നിയമങ്ങളും ആചാരങ്ങളും ചീത്തയായതുകൊണ്ടല്ല ഭാരതം അധഃപതിച്ചത്: പിന്നെയോ, ഈ നിയമങ്ങളെയും ആചാരങ്ങളെയും അവയുടെ ന്യായമായ നിഗമനങ്ങളിലെത്താന്‍ അനുവദിക്കാഞ്ഞതുകൊണ്ടാണ്.
വിമര്‍ശനശീലരായ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അറിയാം, ഭാരതത്തിലെ സാമുദായികനിയമങ്ങള്‍ അതാതു കാലത്തെ പരിണാമങ്ങള്‍ക്ക് എന്നും വിധേയമായിട്ടുണ്ടെന്ന്. പ്രാരംഭത്തില്‍ ഈ നിയമങ്ങള്‍ രൂപം നല്കിയതു വമ്പിച്ചൊരു പദ്ധതിക്കാണ്. ക്രമേണ, ആ പദ്ധതി കാലത്തിലൂടെ ആവിഷ്‌കരിക്കപ്പെടുമായിരുന്നു. പ്രാചീനഭാരതത്തിലെ വന്‍കിട ഋഷിമാര്‍ ഭാവിയിലേക്കു വളരെയേറെ കണ്ണോടിച്ചവരാണ്. പല ശതകങ്ങള്‍ കഴിഞ്ഞിട്ടേ ലോകര്‍ക്ക് അവരുടെ പ്രാജ്ഞത ബോധപ്പെടുള്ളു. ഭാരതത്തിന്റെ അധഃപതനത്തിന്റെ ഒരേയൊരു കാരണം, അവരുടെ പിന്‍ഗാമികള്‍ക്ക് ആ അദ്ഭുതപദ്ധതിയുടെ പൂര്‍ണ്ണമായ വ്യാപ്തി ഗ്രഹിക്കാന്‍ സാധിക്കാഞ്ഞതാണുതാനും.
പ്രാചീനഭാരതം പല നൂറ്റാണ്ടുകാലത്തേക്ക്, ഇവിടത്തെ മുന്‍കിട വര്‍ഗ്ഗക്കാരായ ബ്രാഹ്മണരുടെയും ക്ഷത്രിയരുടെയും അതിരുകടന്ന സങ്കല്പങ്ങള്‍ക്ക് ഒരു പടക്കളമായിത്തീര്‍ന്നു. ഒരു വശത്ത്, സ്വന്തം ഭോഗ്യവസ്തുക്കളെന്നു കരുതപ്പെട്ട സാമാന്യജനത്തിന്റെമേല്‍ ക്ഷത്രിയ രാജാക്കന്മാര്‍ ചെലുത്തിയ അനിയന്ത്രിതമായ സാമൂഹ്യസമ്മര്‍ദ്ദത്തിനെതിരായി പുരോഹിതന്മാര്‍ നിലയുറപ്പിച്ചു. മറുവശത്ത് ക്ഷാത്രപ്രഭാവം, പുരോഹിതവര്‍ഗ്ഗത്തിന്റെ ആദ്ധ്യാത്മികസമ്മര്‍ദ്ദത്തിനും അനുഷ്ഠാനങ്ങളില്‍ സദാ വരുത്തിക്കൊണ്ടിരുന്ന ഭേദങ്ങള്‍ക്കുമെതിരായി, അല്പമെങ്കിലും സഫലതയോടെ, പൊരുതിപ്പോന്ന ഒരേയൊരു കരുത്തുറ്റ ശക്തിയായി നിന്നു. ഈ അനുഷ്ഠാനഭേദഗതികള്‍കൊണ്ടാണ് പുരോഹിതര്‍ ജനസഞ്ചയത്തെ കെട്ടിമുറുക്കി വന്നതും.
നമ്മുടെ വംശചരിത്രത്തിലെ അതിപ്രാചീനമായ ഘട്ടത്തിലാണ് ഈ വടംവലി തുടങ്ങിയത്: ശ്രുതികളിലൂടെ ഇതു വ്യക്തമായി കാണാം. ക്ഷത്രിയവര്‍ഗ്ഗത്തിന്റെയും ജ്ഞാനമാര്‍ഗ്ഗത്തിന്റെയും നേതാവായ ശ്രീകൃഷ്ണന്‍ അനുരഞ്ജനത്തിന്റെ വഴി കാട്ടിക്കൊടുത്തപ്പോള്‍ താല്‍ക്കാലികമായ ഒരു ശാന്തിയുണ്ടായി. ഫലം ഗീതയിലെ ഉപദേശങ്ങളാണ്, അഥവാ, ദര്‍ശനം മഹാമനസ്‌കത മതം എന്നിവയുടെ സാരം. എങ്കിലും കാരണങ്ങള്‍ അവിടെ നിലനിന്നു വന്നു: ഫലം ഉണ്ടാകാതെ തരവുമില്ല.
നിര്‍ദ്ധനരുടെയും അജ്ഞരുടെയും അധീശരാകണമെന്ന അത്യാശ ഈ രണ്ടു വര്‍ണ്ണങ്ങളിലും നിലനിന്നു. വീണ്ടും പോരാട്ടം മൂത്തു. ആ കാലത്തുനിന്നു നമുക്കു കിട്ടിയ സ്വല്പമായ സാഹിത്യത്തില്‍ അന്നു നടന്ന വമ്പിച്ച പോരാട്ടത്തിന്റെ നേര്‍ത്ത മാറ്റൊലികളെ കേള്‍ക്കാനുള്ളു. ഒടുവില്‍ അതു ക്ഷത്രിയരുടെയും ജ്ഞാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വിജയമായി കലാശിച്ചു. അനുഷ്ഠാനങ്ങള്‍ക്കു പരാജയം പറ്റി: അവയില്‍ ഏറിയ കൂറും എന്നെന്നേക്കുമായി തിരോഭവിച്ചു. ഈ വിപ്ലവമാണ് ബൗദ്ധപരിഷ്‌കാരമെന്നറിയപ്പെടുന്നത്. അതു മതത്തിന്റെ വശത്ത് അനുഷ്ഠാനങ്ങളില്‍നിന്നുള്ള മോചനത്തെ കുറിക്കുന്നു: രാഷ്ട്രീയമായ വശത്തു ക്ഷത്രിയരില്‍നിന്നു പുരോഹിതര്‍ക്കുണ്ടായ പരാജയത്തെയും. പ്രാചീനഭാരതത്തില്‍ ഉടലെടുത്ത അത്യുത്കൃഷ്ടരായ രണ്ടുപേരും – കൃഷ്ണനും ബുദ്ധനും – ക്ഷത്രിയരായിരുന്നു എന്നതു ശ്രദ്ധേയമാണ്. കൂടുതല്‍ ശ്രദ്ധേയമാണ്, ഈ രണ്ടു ദിവ്യപുരുഷന്മാരും ജ്ഞാനകവാടം എല്ലാവര്‍ക്കുമായി, ജാതിലിംഗഭേദമെന്യെ, തുറന്നുകൊടുത്തു എന്നത്.
ബുദ്ധമതത്തിന് അദ്ഭുതമായ ധാര്‍മ്മികപ്രബലത വളരെ ഉണ്ടായിട്ടും അതിന്റെ വിഗ്രഹധ്വംസപ്രവണ അതിരുകടന്നതായിരുന്നു. സ്വശക്തിയുടെ വലിയൊരു പങ്കും വെറും നിഷേധപരമായ പ്രയത്‌നങ്ങളില്‍ വ്യയപ്പെടുത്തിയതിനാല്‍ ബുദ്ധമതം അതിന്റെ ജന്മഭൂമിയില്‍ മൃതിപ്പെട്ടു: എന്തൊക്കെ ദൂരീകരിക്കുവാന്‍ ബുദ്ധമതം മുതിര്‍ന്നുവോ, അതിന്റെ നൂറു മടങ്ങു ദുഷിച്ച അന്ധവിശ്വാസങ്ങളും അനുഷ്ഠാനങ്ങളും നഷ്ടശിഷ്ടമായ ബുദ്ധമതത്തില്‍ വന്നുനിറയുകയും ചെയ്തു. വേദങ്ങളിലെ ജന്തുഹിംസയുള്‍പ്പെട്ട യാഗങ്ങള്‍ അമര്‍ത്തുന്നതില്‍ അംശികമായ സഫലത അതിനു കൈവന്നെങ്കിലും, അമ്പലങ്ങളെയും വിഗ്രഹങ്ങളെയും പ്രതീകങ്ങളെയും പുണ്യവാന്മാരുടെ അസ്ഥികളെയും കൊണ്ട് അതു നാടു മുഴുവന്‍ നിറച്ചു.
സര്‍വ്വോപരി, ആര്യന്മാര്‍, മംഗോളിയര്‍, ആദിമജാതിക്കാര്‍ എന്നീ വകക്കാര്‍ക്കു ബുദ്ധമതത്തിലൂടെയുണ്ടായ കലര്‍പ്പുവഴിയായി അതു അബോധപൂര്‍വ്വമായി ഭയങ്കരമായ വാമാചാരങ്ങള്‍ക്കു പഴുതുണ്ടാക്കി. ശ്രീശങ്കരനും അദ്ദേഹത്തിന്റെ സന്ന്യാസിസംഘവും ചേര്‍ന്ന്, മഹാഗുരുവായ ബുദ്ധന്‍ നല്കിയ ഉപദേശങ്ങളുടെ അധഃപതിച്ച പതിപ്പ് അടിച്ചുനീക്കേണ്ടിവന്നതിന്റെ കാരണവിശേഷവും ഇതുതന്നെ.
അങ്ങനെ മനുഷ്യവിഗ്രഹം കൈക്കൊണ്ട ആത്മാക്കളില്‍ ഏറ്റവും മഹാനായ ഭഗവാന്‍ ബുദ്ധന്‍ ഒഴുക്കിയ ജീവിതധാരപോലും വിഷം വമിക്കുന്ന ഒരു നീര്‍ക്കുഴിയായി മാറി. പല ശതകങ്ങള്‍ പ്രതീക്ഷിച്ചിരുന്നതിനുശേഷമാണ് ഭാരതത്തില്‍ ശ്രീശങ്കരന്‍ ഉദിച്ചത്: അദ്ദേഹത്തെ രാമാനുജനും മധ്വനും സത്വരം അനുഗമിച്ചു.
ഇക്കാലമായപ്പോള്‍, ഭാരതചരിത്രത്തില്‍ തികച്ചും പുതിയൊരദ്ധ്യായം ആരംഭിച്ചു. പ്രാചീനരായ ക്ഷത്രിയരും ബ്രാഹ്മണരും തിരോഭവിച്ചു കഴിഞ്ഞു. വിന്ധ്യ-ഹിമാലയങ്ങള്‍ക്കു നടുവിലുള്ള ഭൂമി, ആര്യന്മാരുടെ ഇരിപ്പിടം, കൃഷ്ണനെയും ബുദ്ധനെയും പ്രസവിച്ച നാട്, വലിയ രാജര്‍ഷിമാരുടെയും ബ്രഹ്മര്‍ഷിമാരുടെയും തൊട്ടില്‍, മൂകമായിത്തീര്‍ന്നു. ഈ ഉപദ്വീപിന്റെ തെക്കേ അറ്റത്തുനിന്ന്, ഭാഷയിലും ആകൃതിയിലും ഭിന്നരായ വംശക്കാരില്‍നിന്ന്, പ്രാചീനബ്രാഹ്മണരില്‍ നിന്നുണ്ടായതെന്നവകാശപ്പെടുന്ന കുടുംബങ്ങളില്‍നിന്നാണ്, അധഃപതിച്ച ബുദ്ധമതത്തിന്നെതിരായി പ്രത്യാഘാതമുണ്ടായത്.
ആര്യാവര്‍ത്തിലെ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും സംഭവിച്ചതെന്താണ്? അവര്‍ നിശ്ശേഷം മണ്മറഞ്ഞു. അവിടവിടെ ചില മിശ്രഗോത്രങ്ങള്‍ സ്വയം ബ്രാഹ്മണരെന്നും ക്ഷത്രിയരെന്നും അവകാശപ്പെടുന്നുവെന്നുമാത്രം. ഏതദ്ദേശപ്രസൂതസ്യസകാശാദഗ്രജന്മനഃ – ”ഈ നാട്ടിലുണ്ടായ ബ്രാഹ്മണന്റെ അടുക്കല്‍നിന്ന് ലോകരെല്ലാം പഠിച്ചു കൊള്ളണമെന്നും മറ്റുമുള്ള വെറും വീമ്പിളക്കലും ആത്മശ്ലാഘയും നിറഞ്ഞ പ്രതിജ്ഞകളൊക്കെ ഉണ്ടായിട്ടും, അവര്‍ക്കു പശ്ചാത്തപിച്ചും നമ്രതയൊത്തും ദാക്ഷിണാത്യരുടെ കാല്‍ച്ചോട്ടിലിരുന്ന് സ്വയം പഠിക്കേണ്ടിവന്നു. ഫലത്തില്‍, അങ്ങനെ, വേദങ്ങളെ ഭാരതത്തില്‍ മടക്കിക്കൊണ്ടുവന്നു: മുമ്പെങ്ങും ഭാരതം കണ്ടിട്ടില്ലാത്തവണ്ണം, ഒരു വേദാന്ത നവോത്ഥാനമുണ്ടായി. ഗൃഹസ്ഥന്മാര്‍പോലും ആരണ്യകങ്ങള്‍ പഠിക്കാന്‍തുടങ്ങി.
ബുദ്ധമതപ്രസ്ഥാനത്തിന്റെ ശരിയായ നേതാക്കന്മാര്‍ ക്ഷത്രിയരായിരുന്നു: അവര്‍ കൂട്ടം ചേര്‍ന്നു ബൗദ്ധരായി. പരിഷ്‌കാരത്തിനും പരിവര്‍ത്തനത്തിനുമായുള്ള ഉത്‌സാഹത്തള്ളല്‍കൊണ്ടു മിക്കവാറും ദേശീയഭാഷകള്‍മാത്രം പ്രയോഗിക്കപ്പെടുകയും സംസ്‌കൃതം വിഗണിക്കപ്പെടുകയും ചെയ്തു. ക്ഷത്രിയരില്‍ ഏറിയകൂറും വൈദികസാഹിത്യത്തിലും സംസ്‌കൃതവിദ്യാഭ്യാസത്തിലുംനിന്ന് ഒറ്റതിരിക്കപ്പെട്ടു. അങ്ങനെ, തെക്കുനിന്നു വന്ന ഈ പരിഷ്‌കാരതരംഗം കുറേയൊക്കെ പ്രയോജനപ്പെട്ടത് പുരോഹിതന്മാര്‍ക്ക് മാത്രമാണ്. ഭാരതത്തിലെ മിച്ചമുള്ള ദശലക്ഷങ്ങള്‍ക്ക് ഇതുകൊണ്ടേര്‍പ്പെട്ടത് മുമ്പൊരിക്കലും അവരറിഞ്ഞിട്ടില്ലാത്ത കെട്ടുപാടുകളാണ്.
ഭാരതത്തിന്റെ നട്ടെല്ല് എക്കാലത്തും ക്ഷത്രിയരായിരുന്നു: അവര്‍ ശാസ്ര്തത്തെയും സ്വാതന്ത്ര്യത്തെയും പിന്‍താങ്ങിയും വന്നു. നാട്ടില്‍ നിന്ന് അന്ധവിശ്വാസങ്ങള്‍ തുടച്ചുമാറ്റാന്‍ അവര്‍ വീണ്ടും വീണ്ടും ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഭാരതചരിത്രത്തിലെങ്ങും, അക്രമപ്രസക്തമായ പൗരോഹിത്യമര്‍ദ്ദനത്തിനു തകര്‍ക്കാന്‍ കഴിയാതെ നിലനിന്നുപോന്ന പ്രതിബന്ധവും ക്ഷത്രിയര്‍തന്നെയായിരുന്നു.
അവരില്‍ ഭൂരിഭാഗവും അജ്ഞതയില്‍ താഴുകയും, മറ്റൊരു ഭാഗം മദ്ധ്യ – ഏഷ്യയില്‍നിന്നു വന്ന ബര്‍ബരന്മാരുമായി വിവാഹബന്ധത്തിലേര്‍പ്പെട്ട് ഭാരതത്തില്‍ പുരോഹിതന്മാരുടെ ഭരണം സ്ഥാപിക്കാന്‍ സ്വന്തം ഖഡ്ഗശക്തി അര്‍പ്പിക്കയും ചെയ്തപ്പോള്‍, ഭാരതത്തിന്റെ ദുഃഖചഷകം നിറഞ്ഞു: ഭാരതഭൂമിയുടെ നിലവാരം ഇടിഞ്ഞുതാണു. ക്ഷത്രിയര്‍ സ്വയം ഉണര്‍ന്നു, സ്വതന്ത്രരായി, മറ്റുള്ളവരുടെ പാദങ്ങളില്‍നിന്ന് ചങ്ങല വെട്ടിമാറ്റിക്കളയുംവരെ ഭാരതത്തിന് ഉയര്‍ച്ചയുണ്ടാകാന്‍ പോകുന്നില്ല. പുരോഹിതതന്ത്രം ഭാരതത്തിന്നു വിഷമാണ്. മനുഷ്യന്‍ സ്വസഹോദരനെ അധഃപതിപ്പിക്കുമ്പോള്‍ സ്വയം അധഃപതിക്കയില്ലേ?
രാജന്‍, അങ്ങയുടെ പൂര്‍വികന്മാര്‍ കണ്ടുപിടിച്ചതും സത്യങ്ങളില്‍ വെച്ചു ശ്രേഷ്ഠമായിട്ടുള്ളതും വിശ്വം ഒന്നെന്നതത്രേ. അവനവനെ ഹിംസിക്കാതെ, മറ്റാരെയെങ്കിലും ഹിംസിക്കുക സാദ്ധ്യമാണോ? ബ്രാഹ്മണരും ക്ഷത്രിയരും നടത്തിയ നിപീഡനഭാരം സ്വന്തം തലയില്‍ത്തന്നെ, മേല്‍പ്പലിശ ചേര്‍ത്ത്, വന്നു വീണിരിക്കയാണ്. ആയിരം കൊല്ലക്കാലം നീണ്ടുനിന്ന അടിമത്തവും തരംതാഴ്ചയും അനിവാര്യമായ കര്‍മ്മനിയമംതന്നെയാണ് അവര്‍ക്കു നല്കിയിട്ടുള്ളത്.
ഇതാണ് അങ്ങയുടെ പൂര്‍വികരിലൊരാള്‍ പറഞ്ഞിട്ടുള്ളത്; ”സമത്വത്തില്‍ മനസ്സൂന്നിയിട്ടുള്ളവര്‍ ഈ ജീവിതത്തില്‍ത്തന്നെ സാപേക്ഷതയെ (ദൈ്വതത്തെ) ജയിക്കുന്നു.” ഇതു പറഞ്ഞ ആള്‍ ഈശ്വരാവതാരമായിട്ടാണ് ഗണിക്കപ്പെടുന്നത്. നാമെല്ലാം ഇതു പറഞ്ഞ ആള്‍ ഈശ്വരാവതാരമായിട്ടാണ് ഗണിക്കപ്പെടുന്നത്. നാമെല്ലാം ഇതു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നിഷ്ഫലമോ വ്യര്‍ത്ഥമോ ആണോ? അല്ലെങ്കില്‍ – അല്ലെന്നു നമുക്കറിയാം – ജന്മലിംഗഭേദമോ ഗുണഭേദംപോലുമോ ബാധിക്കാത്ത സര്‍വസമത്വത്തെ വെല്ലുവിളിക്കുവാനുള്ള യത്‌നമെല്ലാം ഭയങ്കരമായ തെറ്റാണ്. സമത്വത്തെക്കുറിച്ചുള്ള ഈ ആശയത്തില്‍ ചെന്നെത്താതെ ഒരുവനും രക്ഷയില്ലതന്നെ.
അതുകൊണ്ട്, യോഗ്യനായ രാജന്‍, വേദാന്തോപദേശങ്ങളെ പിന്‍താങ്ങുക. ഈ വ്യാഖ്യാതാവോ ആ വ്യാഖ്യാതാവോ വിശദീകരിച്ചതിന്‍ വണ്ണമുള്ള വേദാന്തത്തെയല്ല: പിന്നെയോ, അങ്ങയില്‍ നിലകൊള്ളുന്ന ഈശ്വരന്‍ ധരിക്കുംവണ്ണമുള്ള വേദാന്തത്തെ. സര്‍വോപരി എല്ലാ വസ്തുക്കളുടെയും സമത്വമെന്ന മഹത്തായ സിദ്ധാന്തം അംഗീകരിക്കുക. എല്ലാറ്റിലും ഒരേ ഈശ്വരനെ കാണുക.
ഇതാണു സ്വാതന്ത്ര്യത്തിലേക്കുള്ള വഴി: അസമത്വമാണ് അടിമത്തത്തിലേക്കുള്ള വഴി. ശാരീരികമായ സമത്വമില്ലാതെ, ഒരു വ്യക്തിക്കോ ജനതയ്‌ക്കോ ശാരീരികമായ സ്വാതന്ത്ര്യത്തിനുവേണ്ടി യത്‌നിക്കാവതല്ല: മാനസികമായ സമത്വമില്ലാതെ, മാനസിക സ്വാതന്ത്ര്യത്തിനുവേണ്ടിയും.
അജ്ഞത, അസമത്വം, തൃഷ്ണ ഇവയാണ് മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്കുള്ള മൂന്നു കാരണങ്ങള്‍, ഇവയില്‍ ഓരോന്നും മറ്റവയെ വിടാതെ പിന്‍തുടരുന്നു. മറ്റേതെങ്കിലും മനുഷ്യനെയോ, എന്തിന്, ജന്തുവിനെയോകാള്‍ മേലേയാണ് താനെന്നു മനുഷ്യന്‍ എന്തിനു കരുതണം? എല്ലാറ്റിലും വ്യാപിച്ചിട്ടുള്ളത് ഒന്നുതന്നെയാണ്. ത്വം സ്ര്തീ ത്വം പുമാനസി ത്വം കുമാര ഉത വാ കുമാരീ. ”നീയാണ് പുരുഷന്‍, നീയാണ് സ്ര്തീ, നീയാണ് യുവാവ്, നീയാണ് യുവതി.”
പലരും പറഞ്ഞേക്കും, ‘സന്ന്യാസിമാരെസ്സംബന്ധിച്ചിടത്തോളം ഇതൊക്കെ ശരി: ഞങ്ങള്‍ ഗൃഹസ്ഥരാണല്ലോ.’ ശരിയാണ്. പല കടമകളും നിര്‍വഹിക്കേണ്ടുന്ന ഗൃഹസ്ഥന്, ഒരുപോലെ പൂര്‍ണ്ണമായി, ഈ സമത്വത്തിലെത്താന്‍ വയ്യായിരിക്കാം. എങ്കിലും ഇത് അവരുടെയും ആദര്‍ശമായിരിക്കേണ്ടതാണ്. എല്ലാ സമുദായങ്ങളുടെയും മനുഷ്യരാശിയുടെയും എല്ലാ മൃഗങ്ങളുടെയും പ്രകൃതിയുടെയൊക്കെത്തന്നെയും ആദര്‍ശം ഈ സമത്വത്തില്‍ എത്തുകയാണ്. പക്ഷേ, കഷ്ടം! അവര്‍ വിചാരിക്കുന്നു സമത്വത്തിലേക്കുള്ള വഴി അസമത്വമാണെന്ന്: തെറ്റു ചെയ്താല്‍ ശരിയില്‍ ചെന്നെത്താംപോലും!
മനുഷ്യപ്രകൃതിയില്‍പെട്ട വിഷം, മനുഷ്യരാശിയുടെ മേല്‍ വീണ ശാപം, ദുരിതങ്ങളുടെയെല്ലാം ചോട്, ഈ അസമത്വമാണ്. കായികവും മാനസികവും ആദ്ധ്യാത്മികവുമായ എല്ലാ അടിമത്തത്തിന്റെയും ഉറവിടവും ഇതുതന്നെ.
സമം പശ്യന്‍ ഹി സര്‍വത്ര സമവസ്ഥിതമീശ്വരം
ന ഹിനസ്ത്യാത്മനാത്മാനം തതോ യാതി പരാം ഗതിം.
‘എല്ലായിടത്തും ഒപ്പം നിലകൊള്ളുന്ന ഈശ്വരനെ കാണുന്നവന്‍ സ്വയം ആത്മാവിനെ ഹിംസിക്കയില്ല. അങ്ങനെ അയാള്‍ പരഗതിയടയുന്നു.’ ഈ ഒരു വചനത്തില്‍, അല്പം വാക്കുകളിലായി, മോക്ഷത്തിലേ ക്കുള്ള വിശ്വജനീനമായ മാര്‍ഗ്ഗം അടങ്ങിയിരിക്കുന്നു.
രാജപുത്രരായ നിങ്ങള്‍ പ്രാചീനഭാരതത്തിന്റെ യശസ്തംഭങ്ങളായിരുന്നു. നിങ്ങള്‍ അധഃപതിച്ചപ്പോള്‍ ജനതയും ക്ഷയിച്ചു. ക്ഷത്രിയരുടെ പിന്‍തുടര്‍ച്ചക്കാര്‍ ബ്രാഹ്മണരുടെ പിന്‍തുടര്‍ച്ചക്കാരുമായി സഹകരിച്ചാല്‍ മാത്രമേ ഭാരതത്തെ ഉന്നമിപ്പിക്കാന്‍ കഴിയൂ. ഈ സഹകരണം പണവും പെരുമയും പങ്കിടാനാവരുത്: മറിച്ച്, ദുര്‍ബ്ബലരെ തുണയ്ക്കാനും അജ്ഞര്‍ക്കു വെളിച്ചം കൊടുക്കാനും, സ്വപൂര്‍വികരുടേതായ പവിത്രഭൂമിയുടെ പൊയ്‌പോയ മഹത്ത്വം വീണ്ടെടുക്കാനുമാവണം.
കാലം അനുകൂലമല്ലെന്ന് ആര്‍ക്കു പറയാം? ചക്രം വീണ്ടും മേലേ്പാട്ടു തിരിയുകയാണ്. വിദൂരഭാവിയിലല്ലാതെതന്നെ ഭൂമിയുടെ അങ്ങേയറ്റംവരെ ചെന്നുപറ്റുന്ന തുടിപ്പുകള്‍ ഭാരതത്തില്‍നിന്നു പുറപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. പ്രതിദിനം കൂടുതല്‍ ശക്തിമത്തായി മുന്നോട്ടു നീങ്ങുന്ന മാറ്റൊലികളെ ഇളക്കിവിടുന്ന ഒരു ശബ്ദം മുഴങ്ങിയിരിക്കുന്നു. ഈ ശബ്ദം അതിനു മുമ്പുണ്ടായിട്ടുള്ളവയെപ്പോലും അപേക്ഷിച്ചു കൂടുതല്‍ കരുത്തുറ്റതാണ്: അവയുടെയൊക്കെ ആകെത്തുകയായ ഒരു ശബ്ദമാണത്. സരസ്വതീതീരത്തിലെ ഋഷിമാരോടു സംസാരിച്ച ആ ശബ്ദം, പര്‍വ്വതഗുരുവായ ഹിമവാന്റെ കൊടുമുടികളില്‍ ചെന്നലച്ചു മാറ്റൊലികളുളവാക്കിയതും, കൃഷ്ണന്‍ ബുദ്ധന്‍ ചൈതന്യന്‍ എന്നിവരിലൂടെ സമതലങ്ങളിലേക്കു സര്‍വ്വപ്ലാവകങ്ങളായ പ്രവാഹങ്ങളായി കടന്നുവന്നതുമായ ആ ശബ്ദം, വീണ്ടുമിതാ സംസാരിച്ചിരിക്കുന്നു. വീണ്ടും കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു. പ്രകാശത്തിന്റെ മണ്ഡപങ്ങളിലേക്കു കടന്നുവരുക – വീണ്ടും, ഒരിക്കല്‍ക്കൂടി, കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു.
വാത്‌സല്യഭാജനമായ രാജന്‍, ഏതൊരു വംശക്കാരോ സനാതന ധര്‍മ്മത്തിന്നവലംബമായ ജീവത്‌സ്തംഭങ്ങള്‍, ഏവരോ അതിന്റെ പ്രതിശ്രുതരായ സംരക്ഷകന്മാരും, സഹായകരും, ഏവരോ രാമന്റെയും കൃഷ്ണന്റെയും പിന്‍തുടര്‍ച്ചക്കാര്‍, അവരിലൊരാളായ അങ്ങു വെളിയില്‍ നില്ക്കുമെന്നോ? ഇതിസാദ്ധ്യമല്ലെന്ന് എനിക്കറിയാം. വീണ്ടും മതത്തെ തുണയ്ക്കാന്‍ നീട്ടുന്ന ഒന്നാമത്തെ കൈയ് അങ്ങയുടേതായിരിക്കുമെന്ന് എനിക്കു നിശ്ചയമുണ്ട്. സ്വവംശത്തില്‍ പ്രസിദ്ധമായിട്ടുള്ള ശാസ്ര്തീയനേട്ടങ്ങളും ഒരു സാധുവിനുപോലും അഭിമാനമുള വാക്കുന്ന സ്വഭാവശുദ്ധിയും, മനുഷ്യരാശിയോടുള്ള അതിരറ്റ സ്നേഹവും ഒന്നുചേര്‍ന്നിട്ടുള്ള അങ്ങയെപ്പറ്റി ചിന്തിക്കുമ്പോള്‍, സനാതനധര്‍മ്മത്തിന്റെ മഹനീയമായ നവോത്ഥാനത്തില്‍ വിശ്വസിക്കാതിരിക്കാന്‍ എനിക്കു കഴിയുന്നില്ല. അങ്ങയെപ്പോലുള്ളവരാണല്ലോ അതു വീണ്ടും പണിതെടുക്കാന്‍ കാപ്പുകെട്ടിയിട്ടുള്ളത്.
ശ്രീരാമകൃഷ്ണന്റെ അനുഗ്രഹങ്ങള്‍ അങ്ങയ്ക്കും അങ്ങയുടെ സ്വന്തപ്പെട്ടവര്‍ക്കും എക്കാലവും ഉണ്ടായിരിക്കട്ടെ എന്നും, ബഹുജനങ്ങളുടെ നന്മയ്ക്കും സത്യം വ്യാപിക്കുന്നതിനുംവേണ്ടി അങ്ങു നീണാള്‍ ജീവിച്ചിരിക്കട്ടെ എന്നും നിരന്തരം പ്രാര്‍ത്ഥിക്കുന്നു.