സ്വാമി വിവേകാനന്ദന്‍

മദ്രാസിലെ സുഹൃത്തുക്കളേ, നാട്ടുകാരേ, സമതസ്ഥരേ,
നമ്മുടെ മതത്തിനു ഞാന്‍ ചെയ്ത എളിയ സേവനം നിങ്ങള്‍ക്കു സ്വീകാര്യമെന്നു കാണുന്നത് എനിക്ക് ഏറ്റവും ചാരിതാര്‍ത്ഥ്യജനകമാണ്. ഇതിനു കാരണം ദൂരെ, വിദേശത്ത്, ഞാന്‍ ചെയ്ത ജോലിയെയും എന്നെയും വ്യക്തിപരമായി സ്തുതിച്ചതല്ല. വൈദേശികാക്രമണങ്ങളാകുന്ന പല ചുഴലിക്കാറ്റുകള്‍ ഹതഭാഗ്യമായ ഭാരതത്തിന്റെ തലയ്ക്കു മീതെ അടിച്ചുകഴിഞ്ഞിരിക്കയാണ്; പല നൂറ്റാണ്ടുകളായുള്ള നമ്മുടെ അശ്രദ്ധയും നമ്മുടെ വിജേതാക്കളുടെ നിന്ദയും ചേര്‍ന്ന് പ്രാചീനമായ ആര്യാവര്‍ത്തത്തിന്റെ മഹനീയതകളെ മങ്ങിച്ചിരിക്കയാണ്. ബഹുശതകങ്ങളായി നമ്മുടെ നാടിനെ ആഴ്ത്തിയിട്ടിരുന്ന ആ പെരുവെള്ളത്തില്‍പെട്ട്, അതിന്നവലംബമായിരുന്ന നീണ്ടുനിവര്‍ന്ന തൂണുകളും, അലങ്കാരമായിരുന്ന അഴകുറ്റ വളച്ചുവാതിലുകളും, അദ്ഭുതകരമായ കോണുകളുമെല്ലാം ഒഴുകിപ്പോയിരിക്കയാണ്. ഇതൊക്കെയാണെങ്കിലും, നാടിന്റെ ഹൃദയം സ്വസ്ഥമാണ്, അതിന്റെ അടിത്തറ ദോഷമറ്റതാണ് എന്നു ഞാന്‍ കാണുന്നു. ഈശ്വരന്റെ മഹിമയുടെയും സര്‍വഭൂതങ്ങളോടുമുള്ള സ്നേഹത്തിന്റെയും ഈ അദ്ഭുതസ്മാരകത്തിനുള്ള ആദ്ധ്യാത്മികമായ അടിത്തറ കുലുങ്ങാതെ നിലകൊള്ളുന്നു: ഇത് എന്നത്തെയുംപോലെ പ്രബലവുമാണ്. ഭാരതത്തിനും ലോകത്തിനുമായി നല്കപ്പെട്ട ആരുടെ സന്ദേശമാണോ അവിടുത്തെ ഏറ്റവും എളിയ ദാസനായ എനിക്കു വഹിക്കാന്‍ ഭാഗ്യമുണ്ടായത്, അദ്ദേഹത്തെ നിങ്ങള്‍ മനസ്സിലാക്കിയത് ഏറ്റവും ഉദാരമായ രീതിയിലാണ്. സ്വതഃസിദ്ധമായ നിങ്ങളുടെ ആദ്ധ്യാത്മികപ്രവണത, അദ്ദേഹത്തിലും അദ്ദേഹത്തിന്റെ സന്ദേശത്തിലും ആദ്ധ്യാത്മികസംപ്ലവത്തിന്റെ ആരംഭത്തിലുള്ള തരംഗമര്‍മ്മരങ്ങളാണ് ചെവിക്കൊണ്ടത്. ആ വേലിയേറ്റം അടുത്ത ഭാവിയില്‍ത്തന്നെ, തടുക്കാനാവാത്ത കരുത്തോടുകൂടി, ഭാരതത്തില്‍ അടിച്ചുകയറാന്‍ പോകയുമാണ്. സര്‍വശക്തമായ അതിന്റെ പ്രവാഹം ദുര്‍ബ്ബലവും ദുഷ്ടവുമായതെല്ലാം ദൂരെ തള്ളിമാറ്റിയിരിക്കുന്നു: ഈശ്വരന്‍ മുമ്പേ നിശ്ചയിച്ചിട്ടുള്ള വേദികയിലേക്ക് ഹിന്ദുവംശത്തെ അത് ഉയര്‍ത്തുകയാണ്. അവിടെ, പല ശതകങ്ങളിലെ മൂകയാതനകളുടെ പ്രതിഫലമായി, അപൂര്‍വ്വമായ മഹനീയത ഹിന്ദുവംശത്തിനു മുടിചൂടിക്കും. വിശ്വവംശങ്ങളുടെ ഇടയില്‍ തന്‍േറതായ ധര്‍മ്മം – ആദ്ധ്യാത്മികതയോടുകൂടിയ ഒരു മനുഷ്യരാശിയെ രൂപപ്പെടുത്തല്‍ – ഹിന്ദുവംശം നിറവേറ്റുകയും ചെയ്യും.

ഉത്തരാപഥക്കാരായ ഭാരതീയര്‍ക്കു ദക്ഷിണാപഥക്കാരോടു സവിശേഷമായ കൃതജ്ഞതയാണുള്ളത്. ഇന്നത്തെ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന മിക്ക പ്രവണതകളുടെയും ഉറവിടം ദക്ഷിണാപഥമാണെന്നു കണ്ടെത്താം. മഹാന്മാരായ ഭാഷ്യകാരന്മാര്‍, യുഗപ്രവര്‍ത്തകരായ ആചാര്യന്മാര്‍ – ശങ്കരന്‍, രാമാനുജന്‍, മധ്വന്‍ എന്നിവര്‍ – ദക്ഷിണാപഥത്തിലാണ് ജന്മമെടുത്തത്. ലോകത്തിലുള്ള അദൈ്വതികള്‍ക്കൊക്കെ കടപ്പാടുള്ള മഹാനായ ശങ്കരന്‍: ചവിട്ടിത്താഴ്ത്തപ്പെട്ട പറയരെയും ദിവ്യസ്പര്‍ശംകൊണ്ട് ആഴ്‌വാര്‍മാരാക്കിയ മഹാനായ രാമാനുജന്‍: ഭാരതത്തിലെങ്ങും സ്വശക്തിക്ക് അംഗീകാരം നേടിയ ഒരേ ഔത്തരാഹദീര്‍ഘ ദര്‍ശിയായ ശ്രീകൃഷ്ണചൈതന്യന്റെ അനുഗാമികള്‍പോലും നേതാവായെണ്ണുന്ന മഹാനായ മധ്വന്‍. ഇന്നും വാരാണസിയുടെ മഹനീയതകളില്‍ പ്രധാനപങ്കാളികള്‍ ദാക്ഷിണാത്യരാണ്. ഹിമാലയത്തില്‍ അങ്ങേയറ്റത്തെ കൊടുമുടികളിലുള്ള പുണ്ടക്ഷേത്രങ്ങള്‍ സ്വാധീനമാക്കിയിട്ടുള്ളതു നിങ്ങളുടെ ത്യാഗ(വീര്യ)മാണ്. ഇങ്ങനെ പ്രവാചകരുടെ രക്തം സ്വസിരകളില്‍ ഓടുന്ന നിങ്ങള്‍, അമ്മട്ടിലുള്ള ആചാര്യന്മാര്‍ അനുഗ്രഹിച്ചിട്ടുള്ള നിങ്ങള്‍, ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ സന്ദേശം സാനുമോദം മുറുകെ പിടിച്ചവരില്‍ അഗ്രഗണ്യരായതില്‍ എന്താണദ്ഭുതം?

വൈദികസാഹിത്യത്തിന്റെ ഇരിപ്പിടമായിരുന്നു ദക്ഷിണഭാരതം. ധൃഷ്ടമായ അജ്ഞതയുടെ ആവര്‍ത്തിച്ചുള്ള പ്രതിജ്ഞകള്‍ക്കെതിരായി, ഹിന്ദുമതത്തില്‍പ്പെട്ട വിഭിന്നവര്‍ഗ്ഗങ്ങളുടെയെല്ലാം നട്ടെല്ല് ഇന്നും ശ്രുതിതന്നെ എന്നു ഞാന്‍ പറയുന്നത് നിങ്ങള്‍ക്കു മനസ്സിലാകും.

വംശശാസ്ര്തജ്ഞന്മാരെയും ഭാഷാശാസ്ര്തജ്ഞരെയും സംബന്ധിച്ചിടത്തോളം വേദത്തിലെ സംഹിതാംശങ്ങള്‍ക്കും ബ്രാഹ്മണാംശങ്ങള്‍ക്കുമുള്ള മേന്മകള്‍ എത്ര വമ്പിച്ചതായാലും, അഗ്‌നിമീളേ, ഇഷേ ത്വോര്‍ജേ ത്വാ, ശന്നോ ദേവീരഭീഷ്ടയേ എന്നൊക്കെയുള്ളവ പലതരത്തിലുള്ള വേദികളോടും യാഗങ്ങളോടും പാനങ്ങളോടും ചേര്‍ന്നുളവാക്കുന്ന ഫലങ്ങള്‍ എത്രയൊക്കെ സ്പൃഹണീയമായാലും, ഇവയെല്ലാം ഭോഗമാര്‍ഗ്ഗത്തില്‍പെട്ടവയാണ്: ഇവ മോക്ഷം കൈവരുത്തുമെന്ന് ആരും ഒരിക്കലും വാദിച്ചിട്ടുമില്ല. ഈ നിലയില്‍ ജ്ഞാനകാണ്ഡം, ആദ്ധ്യാത്മികതയിലേക്കുള്ള വഴി കാട്ടുന്ന ആരണ്യകങ്ങള്‍, ശരിയായ ശ്രുതികള്‍, അതായത് മോക്ഷമാര്‍ഗ്ഗം ആണ്, എന്നും ഭാരതത്തെ ഭരിച്ചുകൊണ്ടിരുന്നത്: എന്നും ഭരിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

ഇന്നത്തെ ഹിന്ദുയുവാവ് ”സനാതനധര്‍മ്മ’ത്തിന്റെ പിരിവുകളിലും തിരിവുകളിലുംപെട്ടു ചുറ്റിത്തിരിയുകയാണ്: മുന്‍വിശ്വാസങ്ങള്‍ മുന്‍വിധികളുമുള്ളതുകൊണ്ട് സത്യമായ ഒരേയൊരു മതത്തിന്റെ അര്‍ത്ഥം അയാള്‍ക്കു ഗ്രഹിക്കാന്‍ കഴിയുന്നില്ല. ഈ മതത്തെ വിശ്വവ്യാപകമായ മട്ടില്‍ സ്വായത്തമാക്കിയാല്‍ അതു സ്വയം ആവിഷ്‌കരിക്കുന്ന അണോരണീയാനും മഹതോമഹീയാനുമായ ഈശ്വരന്റെ തനിപ്പകര്‍പ്പാകുംതാനും. ആദ്ധ്യാത്മികസത്യത്തിന്‍േറതായി അയാള്‍ക്കുള്ള മാനദണ്ഡം, വെറും ഭൗതികവാദമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ലാത്ത ജനതകളില്‍നിന്നു നേരിട്ടല്ലാതെ കടമെടുത്തിട്ടുള്ളതാണ്. അങ്ങനെ ഇന്നത്തെ ഹിന്ദു യുവാവ് സ്വപൂര്‍വ്വികരുടെ മതം മനസ്സിലാക്കാന്‍ നിഷ്ഫലമായി യത്‌നിക്കയും, ഒരുപക്ഷേ, നിശ്ശേഷം അതുപേക്ഷിച്ച് ആശയറ്റ് നിസ്സഹായനായ ഒരജ്ഞേയതാവാദിയായി ആജീര്‍േണ്‍സ്ഫൂത്സഇത്തീരുകയും ചെയ്‌തേക്കാം: അല്ലെങ്കില്‍ സഹജമായ ധാര്‍മ്മികപ്രകൃതിയുടെ പ്രചോദനങ്ങളുടെ അലട്ടുകൊണ്ട്, സ്ഥാവരങ്ങളെപ്പോലെ കാലം കഴിക്കാനാവാതെ, പടിഞ്ഞാറന്‍ ജഡവാദത്തിന്റെ കിഴക്കന്‍ സ്വാദുള്ള ചില ‘സത്തു’കള്‍, വന്നതു വരട്ടെയെന്നു കരുതി, കുടിക്കയും, ശ്രുതിയുടെ ദീര്‍ഘദര്‍ശനത്തെ – ‘പരിയന്തി മൂഢാ അന്ധേനൈവ നീയമാനാ യഥാന്ധാഃ’ കുരുടന്മാര്‍ വഴികാട്ടികളായുള്ള കുരുടന്മാരെപ്പോലെ മടയന്മാര്‍ കറങ്ങിത്തിരിയുന്നു – നിറവേറ്റുകയും ചെയ്യുന്നു.

സദ്ഗുരുവിന്റെ ജീവസന്ദായകമായ സ്പര്‍ശമേറ്റ് ഉണര്‍ന്നവര്‍ക്കേ രക്ഷയുള്ളു. ഭഗവാന്‍ ഭാഷ്യകാരന്‍ വെടിപ്പായി പറഞ്ഞിട്ടുണ്ട്;
ദുര്‍ലഭം ത്രയമേവൈതദ്ദേവാനുഗ്രഹഹേതുകം
മനുഷ്യത്വം മുമുക്ഷുത്വം മഹാപുരുഷസംശ്രയഃ.
”ഈ ലോകത്തില്‍ കിട്ടാന്‍ വിഷമമുള്ളതും ദേവാനുഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നതും മൂന്നെണ്ണമാണ്; മനുഷ്യനായി ജനിക്കുക: മോക്ഷത്തിനു കൊതിക്കുക: മഹാത്മാക്കളോടു കൂടിക്കഴിയുക.”

പരമാണുക്കള്‍, ദ്വ്യണുകങ്ങള്‍, ത്രസരേണുക്കള്‍ എന്നിവയെപ്പറ്റിയുള്ള അദ്ഭുതസിദ്ധാന്തങ്ങളില്‍ കലാശിച്ച വൈശേഷികരുടെ സൂക്ഷ്മമായ അപഗ്രഥനം: ജാതി, ദ്രവ്യം, ഗുണം, സമവായം എന്നിവയെ ക്കുറിച്ചുള്ള നിരൂപണങ്ങളില്‍ തെളിഞ്ഞുകാണുന്നതും കൂടുതല്‍ ആശ്ചര്യവുമായ അപഗ്രഥനം, നൈയ്യായികന്മാരുടെ നാനാപദാര്‍ത്ഥങ്ങള്‍: അതു വളര്‍ന്നുണ്ടായ പരിണാമവാദത്തിന്റെ ജനയിതാക്കളായ സാംഖ്യന്മാരുടെ ചിന്തയ്ക്കുള്ള ഗംഭീരമായ മുന്നേറ്റം: ഈവക ഗവേഷണങ്ങളുടെയെല്ലാം പരിണതഫലമായി രൂപപ്പെട്ട വ്യാസസൂത്രങ്ങള്‍ – മാനവമനസ്സിന്റെ വിഭിന്നമായ ഈവക അപഗ്രഥനോദ്ഗ്രഥനങ്ങളുടെയെല്ലാം ഒരേയൊരു പശ്ചാത്തലം എക്കാലവും ശ്രുതിതന്നെയാണ്. ബൗദ്ധന്മാരുടെയും ജൈനരുടെയും ദാര്‍ശനികഗ്രന്ഥങ്ങളില്‍പ്പോലും ശ്രുതിസഹായം ഒരിക്കലും ഉപേക്ഷിക്കപ്പെട്ടിട്ടില്ല: കുറഞ്ഞ പക്ഷം ചില ബൗദ്ധശാഖകളും, ജൈനരുടെ ബഹുഭൂരിപക്ഷം ഗ്രന്ഥങ്ങളും ശ്രുതിപ്രാമാണ്യം തികച്ചും സമ്മതിച്ചുകൊടുക്കുന്നുണ്ട്. അവര്‍ക്കു വിസമ്മതം ഹിംസകശ്രുതികളത്രേ. ഇവയൊക്കെ ബ്രാഹ്മണര്‍ തിരുകിക്കയറ്റിയതാണുപോലും. ഈ അടുത്തകാലത്ത് അങ്ങനെ ഒരു അഭിപ്രായം ദിവംഗതനും മഹാനുമായ ദയാനന്ദസരസ്വതിസ്വാമികള്‍ പുലര്‍ത്തിപ്പോന്നു.

പഴയതും പുതിയതുമായ ഭാരതീയചിന്തകള്‍ കേന്ദ്രസ്ഥമായ ഏതു ചിന്താപദ്ധതിയെയാണ് സമീപിച്ചുവന്നത് എന്നു ചോദിച്ചാല്‍, ഹിന്ദുമതത്തിന്റെ പലതരം ആവിഷ്‌കാരങ്ങളുടെയെല്ലാം നട്ടെല്ലു കണ്ടുപിടിക്കേ ണ്ടതുണ്ടെങ്കില്‍, ചൂണ്ടിക്കാണിക്കുക നിശ്ചയമായും വ്യാസസൂത്രങ്ങളെ യായിരിക്കും.

ഒന്നുകില്‍ നാം കേള്‍ക്കുന്നത്, ഹിമാലയത്തിലെ സ്തംഭിപ്പിക്കുന്ന പരിപാവനതകളുടെ നടുവില്‍ ആകാശഗംഗയുടെ പാവനഗീതത്തോടു കലര്‍ന്നു മുഴങ്ങുന്ന അസ്തി ഭാതി പ്രിയമെന്ന അദൈ്വതകേസരിയുടെ മേഘനിര്‍ഘോഷധ്വനിയാണ്: അല്ലെങ്കില്‍ വൃന്ദാവനത്തിലെ മനോജ്ഞമായ നികുഞ്ജങ്ങളില്‍നിന്ന് ‘പിയം’ ‘പിതം’ എന്ന കൂജിതങ്ങളാണ്. ഒന്നുകില്‍ വാരാണസിയിലെ ആശ്രമങ്ങളില്‍ നടക്കുന്ന പ്രശാന്തമായ ധ്യാനങ്ങളില്‍ അല്ലെങ്കില്‍ നദിയിലെ പ്രവാചകന്റെ അനുയായികളുടെ ഭാവവിഹ്വലമായ നൃത്തങ്ങളില്‍ നാം ഭാഗഭാക്കുകളാകുന്നു. വടകല, തെങ്കല തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വിശിഷ്ടാദൈ്വതസമ്പ്രദായത്തിലെ ആചാര്യന്റെ കാല്‍ച്ചോട്ടിലിരുന്നാലും: മാധ്വസമ്പ്രദായത്തിലെ ആചാര്യന്മാരുടെ വാക്കുകളെ സാദരം ശ്രദ്ധിച്ചാലും: മതേതരശിഖന്മാരുടെ ”വ ഗുരു കീ ഫത്തേ” (ഗുരുവിന്നു വിജയം എന്ന സമരധ്വനി കേട്ടാലും: ഉദാസികളുടെയും നിര്‍മ്മലന്മാരുടെയും ഗ്രന്ഥസാഹിബിനെ ആശ്രയിച്ചുള്ള മതപ്രസംഗങ്ങള്‍ കേട്ടാലും; കബീറിന്റെ സന്ന്യാസി ശിഷ്യന്മാരെ ”സത് സാഹിബ്” എന്നു പറഞ്ഞു പ്രണമിച്ചാലും: ‘സാഖികള്‍’ (ഭജനഗാനങ്ങള്‍) സസന്തോഷം ചെവിക്കൊണ്ടാലും: രാജപുത്താനയിലെ പരിഷ്‌കര്‍ത്താവായ ദാദുവിന്റെ അദ്ഭുത വിജ്ഞാനം ഗ്രഹിക്കാന്‍ ശ്രമിച്ചാലും: അദ്ദേഹത്തിന്റെ രാജശിഷ്യനായ സുന്ദരദാസിന്റെ കൃതികള്‍ അഭ്യസിച്ചാലും: കഴിഞ്ഞ മുന്നൂറു കൊല്ലത്തിനകം ഭാരതത്തിലെ ഏതു ഭാഷയിലെഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കാളും കൂടുതല്‍ പ്രഭാവം ചെലുത്തിയിട്ടുള്ള ‘വിചാരസാഗര’ത്തിന്റെ സുപ്രസിദ്ധകര്‍ത്താവായ മഹാത്മാ നിശ്ചലദാസ്‌വരെ (ചെന്നാലും) കൊള്ളാം: ഉത്തരഭാരതത്തിലെ ഭംഗി (തോട്ടി)യോടുപോലും അയാളുടെ ലാല്‍ഗുരുവിന്റെ ഉപദേശങ്ങള്‍ വിവരിക്കാന്‍ പറഞ്ഞാല്‍ – പല കിടകളില്‍പ്പെട്ട ഈ ആചാര്യന്മാരുടെ സമ്പ്രദായങ്ങളുടെയും അടിസ്ഥാനം ഏതു ചിന്താപദ്ധതിയാണെന്നു നമുക്കു മനസ്സിലാകും. ശ്രുതിയാണ് ഈ പദ്ധതിയുടെ പ്രമാണം. ഗീതയാണ് ഇതിന്റെ ദിവ്യമായ ഭാഷ്യം. ശാരീരകസൂത്രങ്ങളാണ് ഇതിന്റെ വ്യവസ്ഥാപിതമായ പ്രസ്ഥാനം. ഭാരതത്തിലുള്ള നാനാമതവിഭാഗക്കാര്‍, പരമഹംസപരി വ്രാജകാചാര്യന്മാര്‍ മുതല്‍ ലാല്‍ഗുരുവിന്റെ പാവപ്പെട്ടവരും വെറുക്കപ്പെട്ടവരുമായ ഭംഗിശിഷ്യന്മാര്‍വരെയുള്ളവര്‍ അതിന്റെ പലമട്ടിലുള്ള ആവിഷ്‌കാരങ്ങളാണ്.

ദ്വൈതം വിശിഷ്ടാദ്വൈതം അദ്വൈതം എന്ന മൂന്നു വ്യാഖ്യാനഭേദങ്ങളോടുകൂടിയ ഈ പ്രസ്ഥാനത്രയവും ചില ചില്ലറ ദ്വൈഭേദങ്ങളുമാണ് ഹിന്ദുമതത്തിന്റെ പ്രമാണങ്ങള്‍. പ്രാചീനമായ നാരാശംസികളുടെ (വേദങ്ങളുടെ സംഹിതാഭാഗം) ഇന്നത്തെ പ്രതിനിധികളായ പുരാണങ്ങളില്‍നിന്ന് കല്പിതകഥകള്‍ കിട്ടുന്നു. ബ്രാഹ്മണങ്ങളുടെ ഇന്നത്തെ പ്രതിനിധികളായ തന്ത്രങ്ങളില്‍നിന്ന് അനുഷ്ംാനപദ്ധതികളും കിട്ടുന്നു. അപ്പോള്‍ പ്രാമാണികമായ മൂന്നു പ്രസ്ഥാനങ്ങള്‍ മതവിഭാഗങ്ങള്‍ക്കെല്ലാം പൊതുവിലുള്ളവയാണ്. പക്ഷേ ഓരോ വിഭാഗത്തിന്റെതു മാത്രമായ പുരാണങ്ങളും തന്ത്രങ്ങളുമുണ്ടുതന്നെ.

പറഞ്ഞതുപോലെ, കുറെ വ്യത്യസ്തമായ വൈദികാനുഷ്ഠാനങ്ങളുടെ പ്രതിനിധികളാണ് തന്ത്രങ്ങള്‍. ഇവയെ സംബന്ധിച്ച് ഏറ്റവും അസംബന്ധമായ നിഗമനങ്ങളിലേക്ക് എടുത്തുചാടുംമുമ്പ്, തന്ത്രങ്ങള്‍ ബ്രാഹ്മണങ്ങളോടു ചേര്‍ത്തുവെച്ച് പഠിക്കണമെന്ന് ഞാന്‍ ഉപദേശിക്കട്ടെ: വിശേഷിച്ചും അധ്വര്യുക്കളെപ്പറ്റിയുള്ള ബ്രാഹ്മണാംശത്തോടു ചേര്‍ത്തുവെച്ച്. തന്ത്രങ്ങളില്‍ ഉപയോഗിച്ചുവരുന്ന മന്ത്രങ്ങളില്‍ ഏറിയ കൂറും പ്രത്യക്ഷരം ബ്രാഹ്മണങ്ങളില്‍നിന്നെടുത്തവയാണ്. തന്ത്രങ്ങള്‍ ചെലുത്തുന്ന പ്രഭാവത്തെപ്പറ്റി പറയാം. ശ്രൗതവും സ്മാര്‍ത്തവുമായ അനുഷ്ഠാനങ്ങള്‍ നീക്കിനിര്‍ത്തിയാല്‍ ഹിമാലയംമുതല്‍ കന്യാകുമാരി വരെയുള്ളിടത്തു നിലവിലുള്ള അനുഷ്ഠാനക്രമങ്ങളെല്ലാം തന്ത്രങ്ങളില്‍ നിന്നെടുത്തവയാണ്. ശാക്തേയരുടെയും ശൈവരുടെയും വൈഷ്ണവരുടെയും ശേഷമുള്ളവരുടെയും ആരാധനാരീതികളെ ഒരുപോലെ നിയന്ത്രിക്കുന്നതും തന്ത്രങ്ങള്‍തന്നെ.

ഹിന്ദുക്കള്‍ക്കെല്ലാം സ്വമതത്തിന്റെ ഈ ഉറവിടങ്ങള്‍ ശരിക്കറിയാം എന്ന് ഞാന്‍ നടിക്കുന്നില്ലെങ്കില്‍ അതു സ്വാഭാവികംമാത്രമാണ്. പലരും, വിശേഷിച്ചും തെക്കേ ബംഗാളില്‍, ഈവക മതഭേദങ്ങളുടെയും വമ്പിച്ച ഈ ചിന്താപദ്ധതികളുടെയും പേരുപോലും കേട്ടിട്ടുള്ളവരല്ല. പക്ഷേ, ബോധപൂര്‍വ്വമായാലും അല്ലെങ്കിലും, പ്രസ്ഥാനത്രയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള സങ്കല്പത്തെ പ്രയോഗത്തില്‍ കൊണ്ടു വരുകമാത്രമാണ് ഇവ ചെയ്യുന്നത്. മറിച്ച്, ഹിന്ദിഭാഷ വ്യവഹാരത്തിലിരിക്കുന്നിടങ്ങളിലെല്ലാം ഏറ്റവും താണവര്‍ഗ്ഗങ്ങളില്‍പെട്ടവര്‍ക്കുപോലും, തെക്കേ ബംഗാളിലെ ഏറ്റവും ഉയര്‍ന്ന വര്‍ഗ്ഗക്കാരില്‍ പലരെയുംകാള്‍ വേദാന്തധര്‍മ്മത്തെപ്പറ്റി കൂടുതല്‍ അറിവുണ്ട്. അതെങ്ങനെ സംഭവിച്ചു?

മിഥിലയില്‍നിന്ന് നവദ്വീപത്തിലേക്കു കൊണ്ടുവന്നതും, ശിരോമണി ഗദാധരന്‍, ജഗദീശന്‍ തുടങ്ങിയ പല മഹാമേധാവികള്‍ പോഷിപ്പിച്ചു വികസിപ്പിച്ചതുമായ ഒരു ശാസ്ര്തമത്രേ ബംഗാളിലെ ന്യായം. ഇതില്‍ മനനത്തിന്റെ നിയമങ്ങളെ അപഗ്രഥിച്ചിരിക്കയാണ്. ചില അംശങ്ങളില്‍ ലോകത്തിലെങ്ങുമുള്ള ഏതു ചിന്താപദ്ധതിയെക്കാള്‍ ഇതു മേത്തരമാണുതാനും. ഇതില്‍ പ്രയോഗിച്ചുകാണുന്ന ഭാഷ അദ്ഭുതവും, സുസൂക്ഷ്മവൈചിത്ര്യങ്ങള്‍ ഉള്‍പ്പെടുന്നതുമാണ്. ബംഗാളിലെ ഈ ന്യായശാസ്ര്തത്തെ ഹിന്ദുസ്ഥാനത്തിലെവിടെയും ആദരിക്കുന്നു: പഠിച്ചുംവരുന്നു. പക്ഷേ, കഷ്ടമെന്നു പറയട്ടെ, കഴിഞ്ഞ കുറേ കൊല്ലങ്ങളായി പതഞ്ജലിയുടെ മഹാഭാഷ്യം പഠിപ്പിക്കാന്‍ പോന്ന ഒരാളെപ്പോലും ബംഗാളില്‍ കണ്ടുകിട്ടുക വളരെ വിഷമമായിരുന്നു, വേദാദ്ധ്യയനം അത്ര ദയനീയമായ ഉപേക്ഷയില്‍ പെടുകയാണുണ്ടായത്. അന്തമില്ലാത്ത അവിച്ഛിന്നങ്ങള്‍ക്കും അവച്ഛേദകങ്ങള്‍ക്കും മീതെ, ഒരിക്കല്‍മാത്രം ഒരു മഹാമേധാവി ഉയര്‍ന്നു. അതു ഭഗവാന്‍ ശ്രീകൃഷ്ണചൈതന്യനായിരുന്നു. അന്നാദ്യമായി ബംഗാളികളുടെ മതപരമായ ആലസ്യം ഉലഞ്ഞു: കുറേ സമയത്തേക്ക് അവരുടെ മതജീവിതം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലുള്ള മതജീവിതവുമായി സമ്പര്‍ക്കം പുലര്‍ത്തി.

ഏതോ ഒരു ‘ഭാരതി’യില്‍നിന്നു സന്ന്യാസം സ്വീകരിക്കകൊണ്ട് ശ്രീചൈതന്യന്‍ സ്വയം ഒരു ‘ഭാരതി’യായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മതപരമായ പ്രതിഭ ആദ്യമായി ഉണര്‍ന്നത് മാധവേന്ദ്രപുരിയിലൂടെയാണെന്ന വസ്തുത കുറേ വിചിത്രമത്രേ.

ബംഗാളിലെ ആദ്ധ്യാത്മികതയെ ഉണര്‍ത്തുക എന്ന സവിശേഷമായ ചുമതല പുരികള്‍ക്കുള്ളതായി തോന്നുന്നു. ഭഗവാന്‍ ശ്രീരാമകൃഷ്ണനും സന്ന്യാസാശ്രമം കൈക്കൊണ്ടത് തോതാപുരിയില്‍നിന്നാണ്.

ശ്രീ ചൈതന്യന്‍ വ്യാസസൂത്രങ്ങള്‍ക്കു രചിച്ച ഭാഷ്യം ഒന്നുകില്‍ നഷ്ടപ്പെട്ടിരിക്കുന്നു: അല്ലെങ്കില്‍ ഇനിയും കണ്ടുകിട്ടിയിട്ടില്ല. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ ദാക്ഷിണാത്യരായ മാധ്വരോടു ചേര്‍ന്നു. ക്രമേണ രൂപഗോസ്വാമി, സനാതനന്‍, ജീവഗോസ്വാമി തുടങ്ങിയ മഹത്തുക്കളുടെ പദവികള്‍ ബാബാജികളുടെ കൈയില്‍ ചെന്നകപ്പെട്ടു. ശ്രീചൈതന്യന്റെ വമ്പിച്ച പ്രസ്ഥാനം വളരെ വേഗം ക്ഷയിച്ചുതുടങ്ങി. ഈയിടെയായി ഒരു നവോത്ഥാനത്തിന്റെ ലക്ഷണം കാണാനുണ്ട്. അതിന്റെ നഷ്ടപ്പെട്ട മഹനീയത വീണ്ടെടുക്കപ്പെടുമെന്നാണ് പ്രത്യാശ.

ഭാരതത്തിലെല്ലായിടത്തും ശ്രീചൈതന്യന്റെ പ്രഭാവം പരന്നിട്ടുണ്ട്. ഭക്തിമാര്‍ഗ്ഗം അറിയപ്പെടുന്നിടത്തെല്ലാം ചൈതന്യന്‍ ശ്ലാഘിക്കപ്പെടുന്നു, പഠിക്കപ്പെടുന്നു, പൂജിക്കപ്പെടുന്നു. വല്ലഭാചാര്യസമ്പ്രദായം മുഴുവനും ശ്രീചൈതന്യന്‍ സ്ഥാപിച്ച സമ്പ്രദായത്തിന്റെ ഒരു ശാഖമാത്രമാണെന്നു വിശ്വസിക്കാന്‍ എനിക്കു കാരണമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ബംഗാളിശിഷ്യന്മാരെന്നു പറയപ്പെടുന്നവരില്‍ ഏറെപ്പേര്‍ക്കും അദ്ദേഹത്തിന്റെ ശക്തി ഭാരതത്തില്‍ മുഴുവന്‍ എങ്ങനെ ഇന്നും പ്രവര്‍ത്തിച്ചുവരുന്നു എന്നറിയാന്‍ പാടില്ല. അവര്‍ക്കെങ്ങനെ അതു സാധിക്കും? ശിഷ്യന്മാരൊക്കെ തല്പാരൂഢരാണ്. അദ്ദേഹമാകട്ടെ, ഭാരതത്തിലെ വീടുകള്‍തോറും കാല്‍നടയായി ചെന്ന് ചണ്ഡാലന്‍വരെയുള്ളവരോട് ഈശ്വരനെ സ്നേഹിക്കണേ എന്നു യാചിച്ചു പോന്നു.

ബംഗാളില്‍ നടപ്പിലുള്ളതും – മിക്കവാറും ബംഗാളില്‍മാത്രം നടപ്പിലുള്ളതും – അസാധാരണവും ശിഷ്‌ടേതരവുമായ കുലഗുരുസമ്പ്രദായം ഭാരതത്തിന്റെ ഇതരഭാഗങ്ങളിലുള്ള മതജീവിതത്തില്‍നിന്നു ബംഗാള്‍ വേര്‍തിരിഞ്ഞുനില്ക്കാനുള്ള മറ്റൊരു കാരണമായിത്തീര്‍ന്നു.

എല്ലാറ്റിലുംവെച്ച് ഏറ്റവും വമ്പിച്ച കാരണം, ബംഗാളിലെ ജീവിതത്തില്‍ സന്ന്യാസിമാരുടെ മഹത്തായ സംഘടനയില്‍നിന്നുള്ള പ്രഭാവം ഒരിക്കലും കടന്നുകൂടാഞ്ഞതാണ്. ഇന്നും ഈ സന്ന്യാസിമാരാണ് ഭാരതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ആദ്ധ്യാത്മിക സംസ്‌കൃതിയുടെ പ്രതിനിധികളും നികേതനങ്ങളും.

ബംഗാളിലെ ഉയര്‍ന്ന വര്‍ഗ്ഗക്കാര്‍ ഒരിക്കലും ത്യാഗം ഇഷ്ടപ്പെട്ടിട്ടില്ല. അവരുടെ പ്രവണത ഭോഗത്തിലാണ്. അവര്‍ക്കെങ്ങനെ ആദ്ധ്യാത്മിക വസ്തുതകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഉള്‍ക്കാഴ്ച ഉണ്ടാകും? ത്യാഗമൈ കേിമൃതത്വമാനശുഃ. ‘ത്യാഗംകൊണ്ടു മാത്രമാണ് അമൃതത്വം ലഭിക്കുക.’ മറ്റൊരു തരത്തിലാകുന്നതെങ്ങനെ?

മറുവശത്ത്, ഹിന്ദി സംസാരിച്ചുവരുന്നിടത്തെല്ലാം ത്യാഗികളും സമുജ്വലരുമായ ഗുരുക്കന്മാരുടെ ഒരു പരമ്പര – ദൂരവ്യാപകമായ പ്രഭാവം ചെലുത്തിയ ഒരു പരമ്പര – വേദാന്തസിദ്ധാന്തങ്ങളെ ഓരോ വീട്ടിലും എത്തിച്ചുകഴിഞ്ഞിരിക്കുന്നു: വിശേഷിച്ചും പഞ്ചാബില്‍, രഞ്ജിത്‌സിംഗിന്റെ ഭരണകാലത്തു ത്യാഗത്തിനു കിട്ടിയ പുരോഗമന ശക്തി വേദാന്തദര്‍ശനത്തിലെ അത്യുത്കൃഷ്‌ടോപദേശങ്ങള്‍ ഏറ്റവും എളിയവര്‍ക്കും ലഭ്യമാക്കിയിരിക്കുന്നു. ന്യായമായ അഭിമാനത്തോടു കൂടി പഞ്ചാബിലെ കര്‍ഷകകന്യക പറയും, തന്റെ ചര്‍ക്കപോലും ‘സോഹം സോഹം’ എന്ന് ഉരുവിടുന്നു എന്ന്. ഹൃഷീകേശത്തിലെ വനത്തില്‍ സന്ന്യാസിവേഷം ധരിച്ച ത്യാഗികളായ ‘ഭംഗി’കള്‍ വേദാന്തം പഠിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഉയര്‍ന്ന വംശത്തില്‍പെട്ട അഭിമാനിക ളായ പലര്‍ക്കും, അവരുടെ കാല്‍ക്കലിരുന്ന് പഠിക്കാന്‍ സന്തോഷമായിരിക്കും. എന്തുകൊണ്ടാവില്ല? അന്ത്യാദപിപരം ധര്‍മ്മം ”പരമമായ ജ്ഞാനം താണജാതിക്കാരനില്‍നിന്നുപോലും വശമാക്കാം.”

ഇങ്ങനെയാണ് വടക്കുപടിഞ്ഞാറന്‍ദേശത്തും പഞ്ചാബിലും, ബംഗാള്‍ ബോബെ മദ്രാസ് എന്നിവിടങ്ങളിലെക്കാള്‍ വളരെയേറെ പുരോഗമിച്ച ഒരു മതവിദ്യാഭ്യാസമുണ്ടായത്. ദശനാമികള്‍ വൈരാഗികള്‍ പന്ഥികള്‍ തുടങ്ങിയ പല സമ്പ്രദായങ്ങളിലുംപെട്ട നിത്യസഞ്ചാരികളായ ത്യാഗികള്‍ ഓരോ മനുഷ്യന്റെയും പടിവാതില്ക്കല്‍ മതം കൊണ്ടുചെന്നെത്തിക്കുന്നു. അതിനു ചെലവോ ഒരപ്പക്കഷണംമാത്രം! ഇവരില്‍പ്പെട്ട ഏറിയകൂറുമാളുകള്‍ എത്ര യോഗ്യന്മാരും നിഃസ്വാര്‍ത്ഥരുമാണ്! ‘കച്ചു’ പന്ഥികളില്‍ – അതായത് ഒരു വിഭാഗത്തിലും പെടാതെ സ്വതന്ത്രമായി നില്ക്കുന്നവരില്‍ – ഉള്‍പ്പെട്ട ഒരു സന്ന്യാസിയുണ്ട്. രാജപുത്താനയിലെങ്ങും നൂറു നൂറു പള്ളിക്കൂടങ്ങളും ധര്‍മ്മാലയങ്ങളും സ്ഥാപിക്കാന്‍ അദ്ദേഹമാണ് കാരണക്കാരന്‍. വനങ്ങളില്‍ ആശുപത്രികള്‍ തുറന്നിട്ടുണ്ട്: ഹിമാലയത്തിലെ വളരെ ആഴമുള്ള തോടുകളുടെമേല്‍ ഇരുമ്പുപാലം പണി ചെയ്യിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹം പണം കൈകൊണ്ടു തൊടില്ല. ഒരു കരിമ്പടമല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു സ്വന്തമായില്ല. അങ്ങനെ അദ്ദേഹത്തിന്റെ രണ്ടാംപേര്‍ ‘കരിമ്പടസ്വാമി’ (കമ്പിളിവാല) എന്നായിരിക്കുന്നു. വീടുതോറും ചെന്നു യാചിച്ചാണ് ഭക്ഷണം. ഒരു വീട്ടില്‍നിന്നും അദ്ദേഹം വയറു നിറച്ചുണ്ണുന്നതായി എനിക്കറിവില്ല: കാരണം, അങ്ങനെ ചെയ്താല്‍ അത് ആ ഗൃഹസ്ഥനു താങ്ങാനാവാത്ത ഭാരമാകുമോ എന്ന പേടി. പലരിലൊരുവന്‍ മാത്രമാണദ്ദേഹം. ഭൂമുഖത്തുള്ള ഈശ്വരന്മാരായ ഇവര്‍ വിശിഷ്ടസ്വഭാവപ്രാകാരങ്ങള്‍കൊണ്ട് സനാതനധര്‍മ്മത്തെ സംരക്ഷിക്കുന്നിടത്തോളംകാലം, ആ പഴയ മതം നശിക്കുമെന്നു നിങ്ങള്‍ കരുതുന്നോ?

ഈ രാജ്യത്ത് (അമേരിക്കയില്‍) പുരോഹിതന്മാര്‍ക്കു പ്രതിവര്‍ഷം കിട്ടുന്ന ശമ്പളം 30,000 40,000 50,000 എന്തിന് 90,000 രൂപവരെയാണ്. ഞായറാഴ്ചതോറും രണ്ടു മണിക്കൂര്‍ മതം പ്രസംഗിക്കുന്നതിനാണ് ഈ ശമ്പളം, അതും ആറു മാസംമാത്രം. സ്വമതത്തിന്റെ നിലനില്പിന് അവര്‍ ചെലവഴിക്കുന്ന രൂപ എത്ര ദശലക്ഷമാണെന്നു നോക്കുക. ഈശ്വരതുല്യരും സര്‍വഥാ നിഃസ്വാര്‍ത്ഥരുമായ കരിമ്പടസ്വാമിയെപ്പോലുള്ളവര്‍ മടിപിടിച്ച തെണ്ടികളാണെന്നത്രേ ബംഗാളിലെ യുവാക്കന്മാരെ പഠിപ്പിച്ചിട്ടുള്ളത്. മദ്ഭക്താനാഞ്ച യേ ഭക്താസേ്ത മേ ഭക്തതമാ മതാഃ. ”എന്റെ ഭക്തന്മാരോടു ഭക്തി കാട്ടുന്നവര്‍ എന്റെ അത്യുത്തമന്മാരായ ഭക്തന്മാരാണ്.”

വളരെ മോശപ്പെട്ട ഒരുദാഹരണമെടുക്കാം. അജ്ഞനായ ഒരു വൈരാഗി എന്നു വെച്ചോളു. അയാള്‍പോലും ഒരു ഗ്രാമത്തിലെത്തിയാല്‍ തനിക്കറിയാവുന്നത് ആ ഗ്രാമീണര്‍ക്കു പറഞ്ഞുകൊടുക്കാന്‍ ആവുന്നതും ശ്രമിക്കുന്നു. തുളസീദാസനില്‍നിന്നോ, ചൈതന്യചരിതാമൃതത്തില്‍നിന്നോ, ദക്ഷിണഭാരതത്തിലാണെങ്കില്‍ ആള്‍വാര്‍മാരില്‍ നിന്നോ ആകാം (അയാള്‍ ഉദ്ധരിക്കുന്നത്). ഇതുകൊണ്ടും തെല്ലിട നന്മ ചെയ്യുകയല്ലേ? ഇതിന്നൊക്കെ ഒരു റൊട്ടിക്കഷണമോ കീറത്തുണിയോ ആണ് കിട്ടുക. നിര്‍ദ്ദയമായി വിമര്‍ശിക്കുന്നതിനുമുമ്പ്, സഹോദര, നിങ്ങള്‍ എന്തൊക്കെ നിങ്ങളുടെ നാട്ടാര്‍ക്കുവേണ്ടി ചെയ്യുന്നു എന്ന് ആലോചിക്കുക. അവരുടെ ചെലവിലാണ് നിങ്ങള്‍ക്കു വിദ്യാഭ്യാസം കിട്ടിയിട്ടുള്ളത്: അവരെ പീഡിപ്പിച്ചാണ് നിങ്ങളുടെ നില പുലര്‍ത്തുന്നതും, ‘ബാബാജി’കള്‍ വെറും തെണ്ടികളാണെന്നു നിങ്ങളെ പഠിപ്പിക്കുവാന്‍ നിങ്ങളുടെ അദ്ധ്യാപകന്മാര്‍ക്കു ശമ്പളം കൊടുക്കുന്നതും.

ബംഗാളിലുള്ള നിങ്ങളുടെ ചില നാട്ടുകാര്‍, ഹിന്ദുമതത്തിലെ ഒരു പുതിയ വികാസമെന്ന് അവര്‍ കരുതുന്ന ഒന്നിനെ എതിര്‍ത്തു വിമര്‍ശിക്കുന്നുണ്ട്: അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. കാരണം ഇപ്പോള്‍ മാത്രമാണ് ബംഗാളിലേക്കു ഹിന്ദുമതം കടന്നുചെല്ലുന്നത്. ഇതുവരെ മതമെന്ന് അവര്‍ ധരിച്ചുവെച്ചിരുന്നത്, തീന് കുടി പെണ്‍കൊട എന്നു മൂന്നിനെപ്പറ്റിയുള്ള ദേശാചാരങ്ങള്‍ മാത്രമാണ്.

ഹിന്ദുമതത്തെപ്പറ്റി രാമകൃഷ്ണന്റെ ശിഷ്യന്മാര്‍ ഭാരതത്തിലെങ്ങും പ്രചരിപ്പിക്കുന്ന അഭിപ്രായങ്ങള്‍ സച്ഛാസ്ര്തങ്ങളനുസരിച്ചുള്ളവയോ എന്ന വമ്പിച്ച വിഷയം പ്രതിപാദിക്കാന്‍ ഈ ചെറിയ ലേഖനത്തില്‍ സ്ഥലമില്ല. എന്നാല്‍ ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ക്കു കുറേ സൂചന കള്‍മാത്രം കൊടുക്കാം. ഞങ്ങളുടെ നിലപാട് കൂടുതല്‍ വ്യക്തമായി ധരിക്കാന്‍ അവ അവരെ സഹായിച്ചേക്കും.

ഒന്നാമത്, കാശിദാസന്റെയോ കൃത്തിവാസിന്റെയോ കൃതികളില്‍ നിന്ന് ഹിന്ദുമതത്തെപ്പറ്റി ശരിയായ ഒരഭിപ്രായമുണ്ടാക്കാന്‍ കഴിയുമെന്ന് ഞാന്‍ ഒരിക്കലും വാദിച്ചിട്ടില്ല. പക്ഷേ ഇവരുടെ വചനങ്ങള്‍ അമൃതുപോലുള്ളവയാണ്: അവ ചെവിക്കൊള്ളുന്നവര്‍ പുണ്യവാന്മാരാണ്. എന്നാല്‍ നമുക്കു പോകേണ്ടത് വൈദികരും ദാര്‍ശനികരുമായ പ്രാമാണികരുടെയും മഹാന്മാരായ ആചാര്യന്മാരുടെയും അവര്‍ക്കു ഭാരതത്തിലെങ്ങുമുള്ള ശിഷ്യന്മാരുടെയും അടുക്കലേക്കാണ്.

സഹോദരന്മാരേ, നിങ്ങള്‍ ഗൗതമസൂത്രങ്ങളില്‍ തുടങ്ങുകയും ആപ്തന്മാരെപ്പറ്റി വാത്‌സ്യായനഭാഷ്യം നല്കുന്ന വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ പഠിക്കയും ചെയ്യുക. മീമാംസകരായ ശബരന്‍ തുടങ്ങിയ ഭാഷ്യകാരന്മാരുടെ അടുക്കലെത്തുക. അലൗകിക പ്രത്യക്ഷത്തെപ്പറ്റി അവര്‍ക്കു പറയാനുള്ളതെന്തെന്നു കണ്ടുപിടിക്കുക. ആപ്തന്മാരാരാണ്? എല്ലാവര്‍ക്കും ആപ്തന്മാരാകാമോ വയ്യയോ? വേദങ്ങളുടെ പ്രാമാണ്യംതന്നെ വേദങ്ങള്‍ അത്തരം ആപ്തന്മാരുടെ വാക്കുകളാകയാലാണ്. ഇവയെപ്പറ്റി മീമാംസകര്‍ പറയുന്നതെന്തെന്നു ധരിക്കുക. സമയമുള്ളപക്ഷം, യജുര്‍വേദത്തിനു മഹീധരന്‍ രചിച്ച അവതാരിക പഠിക്കുക. വേദങ്ങള്‍ മനുഷ്യന്റെ ആഭ്യന്തരജീവിതനിയമങ്ങളാണെന്നു കാട്ടിത്തരുന്ന സ്ഫുടമായ പ്രതിപാദനം അവിടെ കാണാം. അങ്ങനെയാണ് വേദങ്ങള്‍ നിത്യങ്ങളാകുന്നത്.

സൃഷ്ടിയുടെ നിത്യതയെപ്പറ്റിയാണെങ്കില്‍, ഹിന്ദുമതത്തിന്റെ മാത്രമല്ല, ബൗദ്ധമതത്തിന്റെയും ജൈനമതത്തിന്റെയുംകൂടി മൂലശിലയാണ് ഈ സിദ്ധാന്തം.

ഭാരതത്തിലെ മതവിഭാഗങ്ങളെല്ലാം മൊത്തത്തില്‍ രണ്ടായി തിരിയുന്നു. ജ്ഞാനമാര്‍ഗ്ഗം പിന്‍തുടരുന്നവര്‍: അല്ലെങ്കില്‍, ഭക്തിമാര്‍ഗ്ഗം പിന്‍തുടരുന്നവര്‍, ശ്രീശങ്കരന്റെ ശാരീരകഭാഷ്യോപക്രമം സദയം വായിച്ചാല്‍ ജ്ഞാനം നിരപേക്ഷമാണെന്ന തത്ത്വം കൂലങ്കഷമായി പ്രതിപാദിച്ചിട്ടുള്ളതു കാണാം. നിഗമനമിതാണ്; ബ്രഹ്മസാക്ഷാത്കാരവും മോക്ഷപ്രാപ്തിയും അനുഷ്ഠാനത്തെയോ വിശ്വാസത്തെയോ ജാതിവര്‍ണ്ണവ്യവസ്ഥയെയോ സിദ്ധാന്തങ്ങളെയോ അല്ല ആശ്രയിച്ചിരിക്കുന്നത്: തികഞ്ഞ ധാര്‍മ്മികസംസ്‌കാരസാരമായ സാധനചതുഷ്ടയ സിദ്ധിയുള്ളയാര്‍ക്കും കൈവരുന്നവയത്രേ അവ രണ്ടും.

ഭക്തന്മാരെപ്പറ്റി പറയട്ടെ. ബംഗാളികളായ വിമര്‍ശകന്മാര്‍ക്കും നന്നായറിയാം, ജാതിയും ജനതയും ലിംഗവും, എന്തിനു മനുഷ്യ ജന്മംപോലും, മോക്ഷത്തിന് ഒഴിച്ചുകൂടാത്ത ഘടകങ്ങളല്ലെന്ന് അവര്‍ പ്രാമാണികരായി കരുതുന്നവര്‍തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന്.

ജ്ഞാനവും ഭക്തിയും നിരുപാധികമെന്നത്രേ എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത്. ഈ നിലയ്ക്ക്, മോക്ഷലാഭത്തിനുള്ള ഉപാധികള്‍ ജാതിയോ വിശ്വാസമോ ജനതയോ ആണെന്ന് ഒരു പ്രാമാണികനും പറയുകയില്ല. അന്തരാ ചാപി തു തദ്ദൃഷ്‌ടേഃ എന്ന വ്യാസസൂത്രത്തെ ശങ്കരന്‍ രാമാനുജന്‍ മധ്വന്‍ എന്നിവര്‍ വ്യാഖ്യാനിച്ചിട്ടുള്ളത് നോക്കുക.

ഉപനിഷത്തുകളെല്ലാം പഠിക്കുക: സംഹിതകളും. ഇവയിലൊന്നിലും ഇതരമതങ്ങള്‍ക്കുള്ളതുപോലെ, മോക്ഷത്തെപ്പറ്റി ഇടുങ്ങിയ ആശയങ്ങള്‍ കാണില്ല. സഹിഷ്ണുതയാണെങ്കില്‍, അതെവിടെയും കാണാം: അദ്ധ്വര്യുവേദസംഹിതയില്‍പ്പോലുമുണ്ട്. ഇതിലെ 40-ാമദ്ധ്യായത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ പദ്യം – എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ – തുടങ്ങുന്നതിങ്ങനെയാണ്; ”ന ബുദ്ധിഭേദം ജനയേദജ്ഞാനാം കര്‍മ്മസംഗിനാം.” ഈ ആശയം എല്ലായിടത്തും കാണാനുണ്ട്. സ്വന്തമായ ഇഷ്ടദേവതയെ തിരഞ്ഞെടുത്തതിനോ, നിരീശ്വരവാദിയായതിനോ, അജ്ഞേയതാവാദിപോലുമായതിനോ ഭാരതത്തില്‍ ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ? സാമുദായികനിയമങ്ങള്‍ അനുസരിക്കുന്നിടത്തോളം തരക്കേടൊന്നുമില്ല. സമുദായത്തിലെ നിയമങ്ങള്‍ ഭഞ്ജിക്കുന്ന ആരെയും സമുദായം വെറുത്തും ദണ്ഡിപ്പിച്ചും വന്നു. പക്ഷേ ഒരു മനുഷ്യനും, ഏറ്റവും നികൃഷ്ടനായ പതിതന്‍പോലും, മോക്ഷത്തിനു വെളിയില്‍ തള്ളപ്പെട്ടിരുന്നില്ല. ഇവ രണ്ടും കൂട്ടിക്കുഴയ്ക്കരുത്. നോക്കൂ, മലബാറില്‍ മേല്‍ജാതിക്കാരന്‍ നടക്കുന്ന അതേ വഴിയിലൂടെ നടക്കാന്‍ ചണ്ഡാലനെ അനുവദിക്കുന്നില്ല. എന്നാല്‍ അയാള്‍ പോയി മുഹമ്മദീയനോ ക്രിസ്ത്യനോ ആയാല്‍ അയാള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. ഒരു ഹിന്ദുരാജാവിന്റെ നാട്ടിലാണ് ഈ നിയമം ശതകങ്ങളായി നിലവിലിരിക്കുന്നത്: കുറേ വിചിത്രമാണിത്: പക്ഷേ, ഏറ്റവും പ്രതികൂലമായ പരിസ്ഥിതികളിലും മറ്റു മതങ്ങളോടുള്ള സഹിഷ്ണുത ഇതില്‍ കാണാം.

ഹൈന്ദവമതങ്ങള്‍ മറ്റു മതങ്ങളില്‍നിന്നു വ്യത്യസ്തമായിട്ടുള്ളത് ഏതൊരാശയത്തിലൂടെയാണോ, മിക്കവാറും എല്ലാ സംസ്‌കൃതപദങ്ങളും ഉപയോഗിച്ച് ഏതാശയമാണോ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്, അതാവിത്; – മനുഷ്യന്‍ ഈ ജീവിതത്തില്‍ത്തന്നെ ഈശ്വരനെ സാക്ഷാത്കരിക്കണം. ഏറ്റവും യുക്തിയുക്തമായി അദ്വൈതഗ്രന്ഥങ്ങള്‍ ഇത്രയുംകൂടി പറയുന്നു; ”ഈശ്വരനെ അറിയുക എന്നുവെച്ചാല്‍ ഈശ്വര നാവുകയാണ്.”

ഇതിന്റെ അനിവാര്യഫലമായി, പ്രചോദനത്തെപ്പറ്റിയുള്ള ഏറ്റവും വിശാലവും മഹനീയവുമായ ആശയം വരുന്നു. വേദങ്ങളിലെ ഋഷിമാര്‍ മാത്രമല്ല, വിദുരന്‍, ധര്‍മ്മവ്യാധന്‍ തുടങ്ങിയ പല ആളുകള്‍മാത്രമല്ല, ഇതു സ്പഷ്ടമായും ശക്തമായും പ്രഖ്യാപിച്ചിട്ടുള്ളു. ദാദുപന്ഥികളുടെ കൂട്ടത്തില്‍പ്പെട്ട ഒരു ത്യാഗിയായ നിശ്ചലദാസന്‍ തന്റെ ‘വിചാരസാഗര’ത്തില്‍ ഈ അടുത്ത കാലത്തു പ്രഖ്യാപിച്ചിട്ടുള്ളതിങ്ങനെയാണ്; ”ബ്രഹ്മത്തെ അറിഞ്ഞവന്‍ ബ്രഹ്മമായിരിക്കുന്നു. അയാളുടെ വാക്കുകളാണ് വേദങ്ങള്‍. ആ വാക്കുകള്‍, സംസ്‌കൃതത്തിലാകട്ടെ നാട്ടുഭാഷയിലാകട്ടെ, അറിവുകേടിന്റെ ഇരുളിനെ ആട്ടിപ്പായിക്കും.”

അപ്പോള്‍ ദ്വൈതികള്‍ പറയുംപോലെ ഈശ്വരനെ, ബ്രഹ്മത്തെ, സാക്ഷാത്കരിക്കുകയാണ്, അഥവാ അദ്വൈതികള്‍ പറയുമ്പോലെ ബ്രഹ്മമായിത്തീരുകയാണ്, വേദോപദേശങ്ങളുടെയെല്ലാം ലക്ഷ്യവും അന്തവും. അവയിലുള്ള മറ്റുപദേശങ്ങളെല്ലാം ഈ ലക്ഷ്യത്തിലേക്കുള്ള നമ്മുടെ പുരോഗതിയുടെ ഘട്ടങ്ങളെ ദ്യോതിപ്പിക്കുന്നു. ഭാഷ്യകാരനായ ശങ്കരഭഗവത്പാദരുടെ വലിയ മഹനീയത, വ്യാസന്റെ ആശയങ്ങളെ ഏറ്റവും അദ്ഭുതകരമായ മട്ടില്‍ പ്രകാശിപ്പിച്ചത് അദ്ദേഹത്തിന്റെ പ്രതിഭയാണെന്നതത്രേ.

പരമാര്‍ത്ഥമെന്ന നിലയില്‍ ബ്രഹ്മംമാത്രമാണ് സത്യം. അതേ ബ്രഹ്മത്തിന്റെ പലതരം ആവിഷ്‌കാരങ്ങളില്‍ നിലയുറപ്പിച്ച വിവിധ മതവിഭാഗങ്ങള്‍ – ഭാരതത്തിലോ വെളിയിലോ ഉള്ളവ – വ്യാവഹാരികമെന്ന നിലയിലും സത്യമാണ്. ചിലത് മറ്റു ചിലതിനെ അപേക്ഷിച്ച് ഉയര്‍ന്നവയാണെന്നുമാത്രം. ഒരുവന്‍ സൂര്യനെ ലാക്കാക്കി പുറപ്പെടുന്നു എന്നു വെയ്ക്കുക. അയാളുടെ സഞ്ചാരത്തില്‍, പ്രതിപദം, സൂര്യന്റെ പുതിയ പുതിയ ദര്‍ശനമായിരിക്കും അയാള്‍ക്കു കിട്ടുക. സൂര്യന്റെ വലുപ്പവും കാഴ്ചയും വെളിച്ചവുമൊക്കെ, അങ്ങേയറ്റത്തെത്തും വരെയുള്ള ഓരോ നിമിഷവും, പുത്തനായിരിക്കും. ആദ്യം അയാള്‍ സൂര്യനെ വലിയൊരു പന്തുപോലെ കണ്ടു: പിന്നെ വലുപ്പം കൂടാന്‍ തുടങ്ങി. അയാള്‍ കണ്ട പന്തുപോലെ സൂര്യന്‍ ഒരിക്കലും ചെറുതായിരുന്നില്ല: അതുപോലെതന്നെ, സഞ്ചാരത്തിനിടയില്‍ അയാള്‍ തുടര്‍ച്ചയായി കണ്ട സൂര്യന്മാരെപ്പോലെയൊന്നും ഒരിക്കലും ആയിരുന്നുമില്ല. എങ്കിലും നമ്മുടെ ആ സഞ്ചാരി സൂര്യനെ സദാ കണ്ടുകൊണ്ടിരുന്നു: സൂര്യനെയല്ലാതെ മറ്റൊന്നിനെയുമല്ല കണ്ടത്; – ഇതു ശരിയല്ലേ? ഇതുപോലെ, പല തരത്തിലുള്ള മതവിഭാഗങ്ങളെല്ലാം ശരിയാണ്. ചിലത് തനി സൂര്യനോട് ഏറെ അടുത്തതാണ്: മറ്റു ചിലത് അകന്നതും. തനി സൂര്യനാണ് നമ്മുടെ ഏകമേവാദ്വിതീയം – രണ്ടാമതായി മറ്റൊന്നല്ലാത്ത ആ ഒന്ന്.

വേദങ്ങള്‍ മാത്രമാണ് പാരമാര്‍ത്ഥികനായ ഈശ്വരനെ ഉപദേശിക്കുന്ന മതഗ്രന്ഥങ്ങള്‍. ഈശ്വരനെപ്പറ്റിയുള്ള മറ്റാശയങ്ങളെല്ലാം മേല്‍ച്ചൊന്ന തനി സൂര്യനെ പരിമിതമായും ഇടുങ്ങിയ മട്ടിലും കണ്ടിട്ടുണ്ടായവയാണുതാനും. ”സര്‍വ്വലോകഹിതൈഷിണി”യായ ശ്രുതി, സൗമ്യമായി ഭക്തന്റെ കൈയ് പിടിച്ച്, പരമാര്‍ത്ഥത്തിലെത്താന്‍ വേണ്ടുന്ന ഘട്ടങ്ങളിലൂടെയെല്ലാം നടത്തുകയാണ്. പുരോഗതിയറ്റതും ഉറഞ്ഞുപോയതുമായ മട്ടില്‍ മറ്റു മതങ്ങളെല്ലാം പ്രതിനിധാനം ചെയ്യുന്നത് ഈ ഘട്ടങ്ങളില്‍ ഒന്നിനെയല്ലെങ്കില്‍ മറ്റൊന്നിനെയാണ്. അതിനാല്‍, ലോകത്തിലുള്ള ഇതരമതങ്ങളെല്ലാം നാമവും സീമയുമറ്റ സനാതനവൈദികമതത്തില്‍ ഉള്‍പ്പെട്ടവതന്നെ.

നൂറുനൂറ് ആയുഷ്‌കാലങ്ങള്‍ പ്രയത്‌നിച്ചുനോക്കുക; നിങ്ങളുടെ മനസ്സിന്റെ കോണുകളിലെല്ലാം യുഗങ്ങളിലൂടെ തിരക്കിനോക്കുക: ആദ്ധ്യാത്മികതയുടെ അതിരറ്റ ആ ഖനിയില്‍ നേരത്തേ സ്ഥലം പിടിച്ചിട്ടില്ലാത്തതും ഉത്കൃഷ്ടവുമായ ഒരു മതചിന്തയും കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയില്ല.

ഹൈന്ദവമായ വിഗ്രഹാരാധനയെന്നു പറയുന്നതിനെപ്പറ്റി; ഒന്നാമത് അവര്‍ സ്വീകരിക്കുന്ന ആകൃതികളെപ്പറ്റി ചെന്നു പഠിക്കണം. ആരാധകന്മാര്‍ ശരിയായി ആരാധന നടത്തുന്നതെവിടെയെന്നറിയണം – അത് അമ്പലത്തിലാണോ വിഗ്രഹത്തിലാണോ, അതോ സ്വന്തം ശരീരത്തിലാണോ, എന്നറിയണം. ഒന്നാമത്, അവര്‍ ചെയ്യുന്നതെന്തെന്നു തിട്ടമായി ഗ്രഹിക്കുക. തൊണ്ണൂറു ശതമാനത്തിലധികം വിനിന്ദകര്‍ക്കും അതിനെക്കുറിച്ച് ഒരു രൂപവുമില്ല. പിന്നെ, വേദാന്തദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അതു സ്വയം വ്യക്തമായിക്കൊള്ളും.

ഇതൊക്കെ ശരിയാണെങ്കിലും, ഈവക കര്‍മ്മങ്ങള്‍ കൂടിയേ തീരൂ എന്നില്ല. നേരേ മറിച്ച്, മനുസ്മൃതി തുറന്നു നോക്കുക. നാലാമത്തെ ആശ്രമം കൈക്കൊള്ളണമെന്ന് അത് അതിവൃദ്ധന്മാരോട് അനുശാസിക്കുന്നതു നോക്കുക. അങ്ങനെ ചെയ്താലും ഇല്ലെങ്കിലും കര്‍മ്മങ്ങളെല്ലാം ത്യജിക്കണം. എല്ലായിടത്തും ആവര്‍ത്തിച്ചുപറഞ്ഞിട്ടുണ്ട്, ഈ കര്‍മ്മങ്ങളെല്ലാം ജ്ഞാനേ പരിസമാപ്യതേ, ”ഒടുവില്‍ ജ്ഞാനത്തില്‍ കലാശിക്കുന്നു” എന്ന്.

മറ്റു നാടുകളിലെ പല മാന്യന്മാരെക്കാള്‍ കൂടുതല്‍ മതവിദ്യാഭ്യാസം ഹൈന്ദവനായ ഒരു കര്‍ഷകനുണ്ട്, സത്യം പറഞ്ഞാല്‍. യൂറോപ്പിലെ ദര്‍ശനങ്ങളിലും മതങ്ങളിലുമുള്ള പദങ്ങള്‍ എന്റെ പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്നതിനെ ഒരു സുഹൃത്ത് വിമര്‍ശിക്കയുണ്ടായി. സംസ്‌കൃതശബ്ദങ്ങള്‍ സസന്തോഷം ഞാന്‍ പ്രയോഗിക്കുമായിരുന്നു. മതചിന്തകളുടെ ഏറ്റവും തികവൊത്ത വാഹനങ്ങള്‍ എന്ന നിലയില്‍ അതു കൂടുതല്‍ സുകരവുമാകുമായിരുന്നു. എന്നാല്‍, പാശ്ചാത്യസദസ്സുകളിലാണ് ഞാന്‍ സംസാരിച്ചതെന്ന കഥ ആ സുഹൃത്തു മറന്നു. സംസ്‌കൃതഗ്രന്ഥങ്ങളുടെ അര്‍ത്ഥം ഹിന്ദുക്കള്‍ മറന്നുപോയിരുന്നു എന്നും, അതു വീണ്ടെടുത്തത് പാശ്ചാത്യരായ മതപ്രചാരകന്മാരാണെന്നും ഭാരതത്തില്‍നിന്ന് വന്ന ഒരു മതപ്രചാരകന്‍ പറഞ്ഞെങ്കിലും, മതപ്രചാരകരുടെ ആ വമ്പിച്ച സദസ്സില്‍ സംസ്‌കൃതത്തിലുള്ള ഒരു വരിയുടെപോലും അര്‍ത്ഥം ധരിക്കുന്ന ഒരുവനെ എനിക്കു കാണാന്‍ കഴിഞ്ഞില്ല. എന്നിട്ടും, അവരില്‍ ചിലര്‍ വേദങ്ങളെയും ഹിന്ദുമതത്തിന്റെ വിശുദ്ധമായ ഉറവിടങ്ങളെയും എതിര്‍ത്തു വിമര്‍ശിക്കുന്നതും പാണ്ഡിത്യം തുളുമ്പുന്നതുമായ പ്രബന്ധങ്ങള്‍ എഴുതി വായിച്ചു. (തുടരും)