സ്വാമി വിവേകാനന്ദന്‍

ഞാന്‍ ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതു ശരിയല്ല. ഭാരതത്തിലുള്ള ക്രിസ്തീയമതപ്രചാരകരോട് എനിക്കു വിരോധമാണെന്നു പറയുന്നതും, അതുപോലെതന്നെ, തെറ്റാണ്. പക്ഷേ അവര്‍ അമേരിക്കയില്‍നിന്നു പണം പിരിക്കാന്‍ കൈക്കൊള്ളുന്ന ചില രീതികളെ ഞാന്‍ പ്രതിഷേധിക്കുന്നു. ഒരു ഹിന്ദുമാതാവ് സ്വന്തം കുഞ്ഞുങ്ങളെ ഗംഗയിലെ ചീങ്കണ്ണികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ചിത്രങ്ങള്‍ (അമേരിക്കയിലെ) കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ചില സ്‌കൂള്‍ പുസ്തകങ്ങളില്‍ കൊടുത്തുകാണുന്നു. എന്താണ് ഇതിന്റെ അര്‍ത്ഥം? തള്ള കറുത്താണ്: എങ്കിലും കുഞ്ഞിനെ വെള്ളച്ചായത്തില്‍ വരച്ചിരിക്കുന്നു – കൂടുതല്‍ അനുകമ്പ ഉളവാക്കാനും പൈസ തട്ടിയെടുക്കാനും! ഒരുവന്‍ സ്വന്തം ഭാര്യയെ മരക്കാലില്‍ കെട്ടി സ്വന്തം കൈകൊണ്ടു തീ കൊളുത്തുന്നതും അങ്ങനെ അവളെ അയാളുടെ ശത്രുവിനെ ഉപദ്രവിക്കുന്ന ഒരു പ്രേതമാക്കിത്തീര്‍ക്കുന്നതുമായ പടങ്ങളുടെ അര്‍ത്ഥമെന്താണ്? മനുഷ്യരുടെമേല്‍ കയറി അവരെ ഞെരിച്ചു ചതയ്ക്കുന്ന വമ്പിച്ച തേരുകള്‍ ചിത്രീകരിക്കുന്നതിന്റെ അര്‍ത്ഥമെന്ത്? ഈ നാട്ടില്‍ (അമേരിക്കയില്‍) കഴിഞ്ഞ ഒരു ദിവസം കുട്ടികളെ ഉദ്ദേശിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു: അതില്‍ ഈ മാന്യരിലൊരുവന്‍ തന്റെ കല്‍ക്കത്താസന്ദര്‍ശനത്തെ വര്‍ണ്ണിച്ചിരിക്കയാണ്. കല്‍ക്കത്തയിലെ തെരുവുകളിലൊന്നില്‍ ഒരു തേര് മൂഢഭക്തന്മാരുടെമേല്‍ കയറി ഓടുന്നതു താന്‍ കണ്ടു എന്ന് അതില്‍ പറഞ്ഞിരിക്കുന്നു. ഇവരില്‍പ്പെട്ട ഒരു മാന്യന്‍ മെംഫിസില്‍വെച്ച് പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു, ഭാരതത്തിലെ ഓരോ ഗ്രാമത്തിലുമുണ്ട് ശിശുക്കളുടെ അസ്ഥികള്‍ നിറഞ്ഞ ഓരോ കുളമെന്ന്.

ഈ ക്രിസ്തുശിഷ്യന്മാരോടു ഹിന്ദുക്കള്‍ എന്തപരാധം ചെയ്തിട്ടാണ്, ഇവര്‍ ഓരോ ക്രിസ്ത്യന്‍ ‘പയ്യനെ’ക്കൊണ്ടും ഹിന്ദുക്കളെ നീചരെന്നും കെട്ടവരെന്നും ലോകത്തില്‍വെച്ചേറ്റവും വെറുക്കപ്പെടേണ്ട ചെകുത്താന്മാരെന്നും വിളിക്കുന്നത്? ക്രിസ്ത്യാനികളല്ലാത്തവരെ, വിശേഷിച്ചും ഹിന്ദുക്കളെ, വെറുക്കാന്‍ കുട്ടികളെ പഠിപ്പിക്കയാണ് ഞായറാഴ്ച പള്ളിക്കൂടങ്ങളില്‍ നല്കുന്ന വിദ്യാഭ്യാസത്തിന്റെ ഒരംശം: ഉദ്ദേശ്യം ഈ കുട്ടികള്‍ ചെറുപ്പംമുതല്‌ക്കേ, മതപ്രചരണസംഘങ്ങള്‍ക്കു പൈസ കൊടുക്കണമെന്നതാണ്. സത്യത്തിനുവേണ്ടിയല്ലെങ്കില്‍ വേണ്ട, സ്വന്തം കുട്ടികളുടെ സന്മാര്‍ഗ്ഗനിഷ്ഠയെ കരുതിയെങ്കിലും, ക്രിസ്തീയരായ മതപ്രചാരകര്‍ ഈവക പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചുകൂടാത്തതാണ്. ഇത്തരക്കാരായ കുട്ടികള്‍ വളര്‍ന്ന്, നിഷ്‌കരുണരും ക്രൂരരുമായ പുരുഷന്മാരും സ്ര്തീകളുമാകുന്നതില്‍ അദ്ഭുതമെന്ത്? നിത്യനരകത്തിലുള്ള യാതനകളെ – അവിടെ കത്തിക്കാളുന്ന തീ ഗന്ധകം മുതലായവയെ – എത്രയധികമായി വരച്ചുകാട്ടാന്‍ ഒരു മതപ്രഭാഷകനു കഴിയുമോ, അത്ര ഉയര്‍ന്നതായിരിക്കും യാഥാസ്ഥിതികരുടെ ഇടയില്‍ അയാള്‍ക്കുള്ള നില. ഉത്തേജനപ്രഭാഷണം എന്നിവിടെ പറയപ്പെടുന്ന ഒന്നില്‍ സംബന്ധിച്ചതിന്‍ ഫലമായി എന്റെ സ്നേഹിതന്റെ വേലക്കാരിയെ ഭ്രാന്താശുപത്രിയിലേക്കയയ്‌ക്കേണ്ടിവന്നു. നരകാഗ്‌നിയുടെയും ഗന്ധകത്തിന്റെയും മാത്ര, അവളെസ്സംബന്ധിച്ചിടത്തോളം, കുറേ കടന്നുപോയി. ഹിന്ദുമതത്തിനെതിരായി മദ്രാസില്‍ പ്രസിദ്ധപ്പെടുത്തിയ പുസ്തകങ്ങള്‍ നോക്കുക. ക്രിസ്തുമതത്തിനെതിരായി ഒരു വരി ഒരു ഹിന്ദു എഴുതിപ്പോയാല്‍, ക്രിസ്തീയമതപ്രചാരകര്‍ ഹിന്ദു മതം തീവെച്ചു നശിപ്പിക്കാന്‍ ആവേശംകൊള്ളുകയായി.

എന്റെ നാട്ടുകാരേ, ഒരു കൊല്ലത്തിലേറെയായി ഞാന്‍ ഈ നാട്ടില്‍ പാര്‍ത്തുവരുകയാണ്. ഇവിടത്തെ സമുദായത്തിന്റെ ഏതാണ്ടെല്ലാ കോണുകളും എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ തുലനം ചെയ്തു പറയുകയാണ്, ക്രിസ്തീയമതപ്രചാരകര്‍ ലോകത്തോടു പറയും പോലെ, നാം ചെകുത്താന്മാരുമല്ല: അവര്‍ സ്വയം അവകാശപ്പെടും പോലെ ‘മാലാഖ’മാരുമല്ല. അസാന്മാര്‍ഗ്ഗികത, ശിശുമാരണം, ഹൈന്ദവ വിവാഹരീതിക്കുള്ള ദോഷങ്ങള്‍ ഇവയെക്കുറിച്ചൊക്കെ അവരുടെ ഭാഷണം എത്ര കുറയ്ക്കുന്നോ അത്രയും അവര്‍ക്കു നന്ന്. ഹിന്ദു സമുദായത്തെക്കുറിച്ച് ക്രിസ്തീയമതപ്രചാരകര്‍ വരച്ചുകാട്ടുന്ന കാല്പനിക ചിത്രങ്ങളെ വെളിച്ചമായി മാറ്റുന്ന യഥാര്‍ത്ഥചിത്രങ്ങള്‍ ചില നാടുകള്‍ക്കു കാട്ടാനുണ്ടാകാം. പക്ഷേ, എന്റെ ജീവിതത്തൊഴില്‍ ശമ്പളം പറ്റുന്ന ഒരു വിനിന്ദകനാകയല്ല. ഹിന്ദുസമുദായം പൂര്‍ണ്ണമാണെന്നു പറയാന്‍ ഞാന്‍ ഒരിക്കലും മുതിരുകയില്ല: അതിലെ ന്യൂനതകളെക്കുറിച്ചും, ശതകങ്ങളായി നീണ്ടുനിന്ന ദുരിതങ്ങളുളവാക്കിയ തിന്മകളെക്കുറിച്ചുമുള്ള ബോധം എന്നേക്കാള്‍ അധികം മറ്റാര്‍ക്കുമില്ല. വൈദേശികരായ സ്നേഹിതന്മാരെ, നേരായ അനുകമ്പയോടുകൂടി സഹായിക്കാനാണ്, നശിപ്പിക്കാനല്ല, നിങ്ങള്‍ വരുന്നതെങ്കില്‍, നന്ന്: ഈശ്വരന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ. മറിച്ച്, നിലംപരിശായ ഒരു ജനതയുടെ തലയില്‍ സ്ഥാനത്തും അസ്ഥാനത്തും, ഇടവിടാതെ, ശകാരം ചൊരിഞ്ഞ് സ്വന്തം ജനതയുടെ മേന്മ വിജയപൂര്‍വ്വം സ്ഥാപിച്ചെടുക്കയാണ് ഉദ്ദേശ്യമെങ്കില്‍, ലോകത്തുള്ള മറ്റെല്ലാ ജനതകളെയുംകാള്‍ സന്മാര്‍ഗനിഷ്ഠ കൂടുതലാണ് ഹിന്ദുവംശത്തിന് എന്നു കാണപ്പെടും.

ഭാരതത്തില്‍ ഒരിക്കലും മതത്തിന്റെമേല്‍ ചങ്ങലയിട്ടിരുന്നില്ല. ഇഷ്ടദേവത, മതവിഭാഗം, ഗുരു – ഇവയെ തിരഞ്ഞെടുക്കുവാനുള്ള ആരുടെയും സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെട്ടുമില്ല. അങ്ങനെ, മറ്റൊരിടത്തുമില്ലാത്ത മട്ടില്‍, മതം വളര്‍ന്നു. മതവിഷയത്തില്‍ അതിരറ്റ ഈ വൈവിദ്ധ്യം അനുവദിക്കുവാന്‍ മറ്റൊരിടത്ത് ഉറച്ചൊരു നിലപാട് ആവശ്യമായി. ഭാരതത്തില്‍ ഈ ഉറച്ച നിലപാട് സമുദായത്തിലാകട്ടെ എന്നാണ് വെച്ചത്. ഫലമോ, സമുദായം മരവിച്ച് മിക്കവാറും ഉറച്ചു പോയി. സ്വാതന്ത്ര്യമാണല്ലോ വളര്‍ച്ചയ്ക്കുള്ള ഒരേയൊരു ഉപാധി.

നേരെമറിച്ച്, പടിഞ്ഞാറു വൈവിദ്ധ്യത്തിന്റെ രംഗം സമുദായമാണ്: സ്ഥിരബിന്ദു മതവും. സ്ഥാപിതമതാനുസരണം എല്ലാവര്‍ക്കും വേണ്ടുന്ന ഒരടയാളമായി, ഇന്നും യൂറോപ്പിലെ മതം ആവശ്യപ്പെടുന്നതിതാണ്. പുതിയ പ്രസ്ഥാനങ്ങള്‍ക്കൊക്കെയും സ്വല്പമെങ്കിലും മേന്മ കൈവരണമെങ്കില്‍, രക്തപ്പുഴകളെ തരണം ചെയ്യേണ്ടിവന്നു. ഫലം, ഗുണപുഷ്‌കലമായ ഒരു സമുദായസംഘടനയും, ഏറ്റവും സ്ഥൂലമായ ഭൗതികസങ്കല്പങ്ങള്‍ക്കപ്പുറം ഉയര്‍ന്നിട്ടില്ലാത്ത ഒരു മതവും.

ഇന്ന് സ്വന്തം ആവശ്യങ്ങളെപ്പറ്റി പാശ്ചാത്യര്‍ ബോധവാന്മാരാകയാണ്: പുരോഗമിച്ചിട്ടുള്ള അവരുടെ ഈശ്വരവിജ്ഞാനികള്‍ പ്രധാനമായി കരുതുന്നത്. മനുഷ്യന്റെ ശരിയായ ആത്മാവിനെയും ചൈതന്യത്തെയുമാണ്. സംസ്‌കൃതദര്‍ശനങ്ങള്‍ പഠിക്കുന്നവനറിയാം, കാറ്റിന്റെ ഗതി എവിടെനിന്നാണെന്ന്. പക്ഷേ പുതു ജീവിതം കൈവരുത്തുന്ന ശക്തി എവിടെനിന്നു വന്നാലും തരക്കേടില്ല.

അതേസമയം, ഭാരതത്തില്‍, പുതിയ പരിസ്ഥിതികള്‍ സാമുദായികഘടനയെ പുതുക്കാന്‍ നിര്‍ബ്ബന്ധിച്ചുവരികയാണ്. കഴിഞ്ഞ എഴുപത്തഞ്ചു കൊല്ലത്തിനിടയില്‍ പരിഷ്‌കര്‍ത്തൃസംഘങ്ങളും പരിഷ്‌കര്‍ത്താക്കളും ഭാരതത്തില്‍ നിറഞ്ഞുകവിഞ്ഞുകൊണ്ടിരിക്കയാണ്. പക്ഷേ, കഷ്ടം, അവയ്‌ക്കെല്ലാം പരാജയമാണേര്‍പ്പെട്ടത്. രഹസ്യം അവര്‍ക്കാര്‍ക്കും അറിയാന്‍ കഴിഞ്ഞുമില്ല. പഠിക്കേണ്ട ആ വലിയ പാഠം അവര്‍ പഠിച്ചില്ല. അവര്‍ ധൃതിപിടിച്ച്, സമുദായത്തിലുള്ള ദോഷമെല്ലാം മതത്തിന്റെ പടിക്കല്‍ കൊണ്ടുകൂട്ടി. കഥയില്‍ പറഞ്ഞ ആ മനുഷ്യനെപ്പോലെ, ചങ്ങാതിയുടെ നെറ്റിയില്‍ പറ്റിയ കൊതുകിനെ കൊല്ലാന്‍, ചങ്ങാതിയും കൊതുകും തുലയുന്ന മട്ടിലുള്ള പ്രഹരങ്ങളേല്പിക്കാനാണ് അവര്‍ തുടങ്ങിയത്. പക്ഷേ, ഈ വിഷയത്തില്‍ അവര്‍ ഭാഗ്യവശാല്‍ ഇളകാത്ത പാറമേല്‍ സ്വയം ചെന്നടിച്ച് പിന്നോട്ട് ഊക്കോടെ മലച്ചു നാമാവശേഷരാകയാണ് ഉണ്ടായത്. ഉത്കൃഷ്ടരും നിഃസ്വാര്‍ത്ഥരുമായ ആ കൂട്ടര്‍ മഹനീയര്‍തന്നെ. അവര്‍ കഠിനമായി യത്‌നിച്ചു. ആ യത്‌നങ്ങളുടെ ഉന്നം തെറ്റിപ്പോയതുകൊണ്ട് അവര്‍ പരാജയപ്പെട്ടുവെന്നേയുള്ളു. ഉറങ്ങിക്കിടക്കുന്ന വമ്പിച്ച ആ ജലജന്തുവിനെ ഉണര്‍ത്താന്‍ പരിഷ്‌കാരവീര്യം ഏല്പിച്ച വൈദ്യുതസംഘട്ടനങ്ങള്‍ വേണ്ടിയിരുന്നു. പക്ഷേ അവര്‍ നശിപ്പിക്കാന്‍മാത്രമാണ് ഒരുങ്ങിയത്, നിര്‍മ്മിക്കാനല്ല. അവരും മര്‍ത്ത്യരായിരുന്നു: അങ്ങനെ അവര്‍ മൃതിപ്പെടുകയും ചെയ്തു.

അവരെ നമുക്കു പാടിപ്പുകഴ്ത്താം: അവരുടെ അനുഭവത്തില്‍നിന്നു പഠിക്കാനും തയ്യാറാകാം. ഉള്ളില്‍നിന്നു വെളിയിലേക്കുള്ള വളര്‍ച്ചയാണ് എല്ലാം. വികാസമൊക്കെയും മുന്‍കൂട്ടി നടന്ന ഒരു വിലയത്തിന്റെ ആവിഷ്‌കാരംമാത്രമാണ് – ഈ സംഗതി അവര്‍ ധരിച്ചില്ല. വിത്ത് ചുറ്റുമുള്ള ഭൗതികഘടകങ്ങളെ ഉള്‍ക്കൊള്ളുമെന്നേയുള്ളു: അതു വൃക്ഷമായിമാറുന്നതു സ്വഭാവംകൊണ്ടാണ്. ഇതവര്‍ക്ക് അറിഞ്ഞുകൂടായിരുന്നു. ഹിന്ദുവംശം നിശ്ശേഷം മുടിയുംവരെ, പുതിയൊരു വംശം നാടു കയ്യടക്കുംവരെ അതുണ്ടാകാന്‍ പോകുന്നില്ല – കിഴക്കോ പടിഞ്ഞാറോ കൊണ്ടുപിടിച്ചുള്ള പ്രയത്‌നങ്ങള്‍ നടക്കട്ടെ, മരണംവരെ, ഭാരതത്തിനു യൂറോപ്പായിത്തീരുക ഒരിക്കലും സാദ്ധ്യമല്ല.

ഭാരതം മരിച്ചുപോകുമോ? ഉത്കൃഷ്ടവും ധാര്‍മ്മികവും ആദ്ധ്യാത്മികവുമായതിന്റെയെല്ലാം വൃദ്ധമാതാവായ ഭാരതഭൂമി, ഋഷിമാര്‍ നടന്നതും ദേവതുല്യരായ മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നതുമായ ഈ നാട്, മരിച്ചുപോകുമോ? ആഥന്‍സിലെ ആ പ്രാജ്ഞന്‍1 കൊണ്ടു നടന്ന റാന്തല്‍ കടം വാങ്ങിക്കൊണ്ട്, സഹോദര, ഞാന്‍ നിങ്ങളുടെ പിന്നാലെ പിന്നാലെ വരാം, വിശാലമായ ഈ ലോകത്തിലുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും സമതലങ്ങളിലും വനാന്തരങ്ങളിലുംകൂടി: കഴിയുമെങ്കില്‍, മറുനാടന്‍ അത്തരമാളുകളെ കാട്ടിത്തരൂ. അവര്‍ പറഞ്ഞിട്ടുള്ളതു ശരിയാണ്: കനികളിലൂടെയാണ് മരമേതെന്നറിയേണ്ടത്. ഭാരതത്തിലുള്ള ഓരോ മാഞ്ചോട്ടിലുമെത്തുക: പുഴുക്കുത്തു വീണതും പഴുക്കാത്തതും പൂഴിയില്‍ പൊഴിഞ്ഞുവീണതുമായ മാമ്പഴങ്ങള്‍ പറക്കണക്കിനു ശേഖരിച്ച്, ഓരോന്നിനെപ്പറ്റിയും പാണ്ഡിത്യപ്പൊലിമയുള്ള നൂറുനൂറു ഗ്രന്ഥങ്ങള്‍ ചമയ്ക്കുക. ഇതൊക്കെയായാലും ഒരൊറ്റ മാവുപോലും നിങ്ങള്‍ വര്‍ണ്ണിച്ചിട്ടില്ല. മരത്തില്‍നിന്ന്, നേരിട്ടു വിളഞ്ഞു തുടുത്തു പഴുത്ത ഒരു മാമ്പഴം പറിച്ചെടുക്കുക – ഇപ്പോഴാണ് മാവേതെന്ന് നിങ്ങള്‍ മനസ്സിലാക്കുക.

ഇതുപോലെ, ഈ മനുഷ്യദൈവതങ്ങള്‍ കാട്ടുന്നു ഹിന്ദുമതമെന്താണെന്ന്. ഈ വംശവൃക്ഷത്തിന്റെ സ്വഭാവം, പ്രഭാവം, സാദ്ധ്യതകള്‍ ഇവയൊക്കെ അവരാണ് കാട്ടിത്തരുന്നത്. ശതകങ്ങളായുള്ള സംസ്‌കാരമാണ് ഈ വംശവൃക്ഷത്തിനുള്ളത്. ഒരായിരം കൊല്ലത്തെ കൊടുങ്കാറ്റുകള്‍ ഏല്പിച്ച പ്രഹരങ്ങളാണ് അതുതാങ്ങിയിട്ടുള്ളത്: എന്നിട്ടും നിത്യയൗവനത്തിളപ്പിന് ഒട്ടും കോട്ടംതട്ടാതെ അതു നില്ക്കുന്നു.

ഭാരതം മരിക്കയോ? മരിച്ചാല്‍ ലോകത്തിലെ ആദ്ധ്യാത്മികതയെല്ലാം കെട്ടടങ്ങും: ധാര്‍മ്മികതയുടെ തികവും കെട്ടടങ്ങും: സുകുമാരഹൃദയങ്ങള്‍ക്കു മതത്തോടുള്ള സഹാനുഭൂതിയെല്ലാം കെട്ടടങ്ങും: ആദര്‍ശവാദമെല്ലാം കെട്ടടങ്ങും പകരം കാമവും ആര്‍ഭാടവും, ദേവനും ദേവിയുമായി വാഴ്ച നടത്തും: പുരോഹിതന്‍ വിത്തമായിരിക്കും: ചടങ്ങുകള്‍ കപടതയും കയ്യൂക്കും മത്‌സരവുമായിരിക്കും: ഹോമദ്രവ്യം മനുഷ്യാത്മാവും. അങ്ങനെ ഒരു കാര്യം നടക്കുകയേ ഇല്ല. ചെയ്‌വാനുള്ള ശക്തിയെക്കാള്‍ പലമടങ്ങധികമാണ് സ്വയം തപിപ്പാനുള്ള ശക്തി: ദോഷത്തിനുള്ള ശക്തിയേക്കാള്‍ പലമടങ്ങധികമാണ് സ്നേഹത്തിനുള്ള ശക്തി. ഹിന്ദുമതത്തിന് ഇപ്പോഴുണ്ടായ പ്രത്യുത്ഥാനം സ്വരാജ്യഭക്തിയുടെ ആവിഷ്‌കാരം മാത്രമാണെന്നു കരുതുന്നവര്‍ ഭ്രമത്തില്‍പ്പെട്ടിരിക്കയാണ്.

വിചിത്രമായ ഈ പ്രതിഭാസത്തെ നാം ഒന്നാമതായി പഠിക്കുക. വെറും പ്രതിജ്ഞകളില്‍മാത്രം ഉറച്ചുനില്ക്കുന്ന പാശ്ചാത്യമതങ്ങളുടെ പഴയ കോട്ടകളെല്ലാം ഇന്നത്തെ ശാസ്ര്തഗവേഷണത്തിന്റെ ഭയങ്കരാക്രമണത്തിനു വിധേയമായി തകര്‍ന്നു തരിപ്പണമാകയാണ്: ശ്രദ്ധയിലോ വിശ്വാസത്തിലോ പള്ളിസമ്മേളനത്തിലെ ഭൂരിപക്ഷവോട്ടുകളിലോ മാത്രമായി നിലയുറപ്പിച്ച, കളിമണ്ണുപോലെ ദുര്‍ബ്ബലമായ ചിന്താപദ്ധതികള്‍ ആധുനികശാസ്ര്തത്തിന്റെ കനത്ത ചുറ്റികയുടെ പ്രഹരങ്ങളേറ്റ്, പൊടിയുകയാണ്: തിമര്‍ത്തു മുന്നേറുന്ന ആധുനികചിന്തയുടെ പൊങ്ങിപ്പൊങ്ങിവരുന്ന വേലിയേറ്റത്തോട് ഒത്തുപോകുന്നതെങ്ങനെയെന്നറിയാതെ, പാശ്ചാത്യമായ ഈശ്വരവിജ്ഞാനം ഉഴലുകയാണ്. ശേഷമുള്ള എല്ലാ മതഗ്രന്ഥങ്ങളിലെയും വാക്യങ്ങള്‍ ഏറിയേറി വരുന്ന ആധുനികചിന്ത സമ്മര്‍ദ്ദംകൊണ്ട് അങ്ങേയറ്റത്തോളം പിടിച്ചു നീട്ടുകയാല്‍, അവയില്‍ മിക്കതും തകര്‍ന്നു ചവറുമുറികളില്‍ അടയ്ക്കപ്പെടുകയാണ്. ചിന്താശീലരായ പാശ്ചാത്യരില്‍ ബഹുഭൂരിപക്ഷവും പള്ളിയുമായുള്ള കെട്ടുപാടുകള്‍ അറുത്തുകളഞ്ഞ് അവിശ്രാന്തിയുടേതായ കടലില്‍ പെട്ടു നട്ടംതിരിയുകയാണ് ഈയവസരത്തില്‍ വെളിച്ചത്തിന്റെ ഉറവിടമായ വേദങ്ങളില്‍നിന്നു ജീവിതരസം നുകര്‍ന്നിട്ടുള്ള ആ മതങ്ങള്‍ ഹിന്ദുമതവും ബുദ്ധമതവും – മാത്രം പുനര്‍ജ്ജീവിച്ചു വരുന്നു എന്നത് കുറേ വിശേഷപ്പെട്ട ഒരു സംഗതിയല്ലേ?

വിശ്രാന്തിഹീനനായ പാശ്ചാത്യനിരീശ്വരനാകട്ടെ അജ്ഞേയതാവാദിയാകട്ടെ, തങ്ങള്‍ക്ക് ഒരേയൊരു രക്ഷാകേന്ദ്രം കണ്ടെത്തുന്നത് ഗീതയിലോ ധര്‍മ്മപദത്തിലോ ആണ്.

വാദി പ്രതിയായിരിക്കുന്നു: തന്റെ പഴയ വീടും പുരയിടവും ശത്രുക്കള്‍ തീവെച്ചെരിക്കുന്നതു നൈരാശ്യത്തിന്റെ കണ്ണീര്‍കണങ്ങളിലൂടെ കണ്ട ഹിന്ദു, ആധുനികചിന്തയുടെ ശോധകപ്രകാശം പുകയൊക്കെ ആട്ടിയകറ്റിയ ഇത്തരുണത്തില്‍ കാണുന്നു, തന്റെ വീടുകള്‍ തീര്‍ക്കയാണെന്ന്. അയാള്‍ കണ്ണീര്‍ തുടച്ചുകളഞ്ഞിരിക്കുന്നു. ഊര്‍ദ്ധ്വ മൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം – മുകളില്‍ വേരും ചോട്ടില്‍ കൊമ്പുകളുമായുള്ള അക്ഷയമായ ആല്‍വൃക്ഷം ചുവടേ മുറിക്കാന്‍ മുതിര്‍ന്ന മഴു ശസ്ര്തവൈദ്യന്റെ കനിവുള്ള കത്തിയായി മാറിയിരിക്കുന്നു എന്നും അയാള്‍ കണ്ടെത്തിയിരിക്കുന്നു.

ഹിന്ദുവിനു സ്വന്തം മതത്തെ സംരക്ഷിക്കാന്‍, വാക്യങ്ങള്‍ വളച്ചൊടിക്കയോ, മറ്റു തരത്തില്‍ ബുദ്ധിപരമായ കപടതകള്‍ ആചരിക്കയോ വേണ്ടതില്ല. പോരാ, സ്വമതഗ്രന്ഥങ്ങളില്‍ ദുര്‍ബ്ബലമായതൊക്കെ ദുര്‍ബ്ബലമെന്ന് അയാള്‍ക്കു പറകയും ചെയ്യാം: കാരണം, അവ ദുര്‍ബലമാകണമെന്നായിരുന്നു പണ്ടത്തെ ഋഷിമാരുടെ സങ്കല്പം: ഉദ്ദേശ്യം ദുര്‍ബലരെ സഹായിക്കയാണ്: അവരുടെ സിദ്ധാന്തം ‘അരുന്ധതീദര്‍ശനന്യായ’വും. സര്‍വവ്യാപകവും നിത്യവികസ്വരവുമായ ഒരു മതപദ്ധതി കണ്ടു പിടിച്ച പ്രാചീനഋഷിമാരുടെ അനുഗ്രഹംകൊണ്ട്, ഹിന്ദുവിനു സ്വന്തം മതഗ്രന്ഥങ്ങളെ പുതിയൊരു മട്ടില്‍ അനുമോദിക്കാന്‍ കഴിയുന്നു. ജഡമണ്ഡലത്തിലുണ്ടായ പുതിയ കണ്ടുപിടിത്തങ്ങളെ ഉള്‍ക്കൊള്ളുവാന്‍ അയാളുടെ മതത്തിനു ത്രാണിയുണ്ട്. ഈ പുതിയ കണ്ടുപിടിത്തങ്ങള്‍ ഇടുങ്ങിയ ക്ഷുദ്രമായ മതകല്പനകള്‍ക്കു വല്ലാത്ത ദുരന്തമാണ് വരുത്തിവെച്ചിരിക്കുന്നത്. പക്ഷേ ഹിന്ദുവിന്നറിയാം, ഇവയൊക്കെ, ഉള്‍ക്കാഴ്ചയുടെയും ബോധാതീതത്തിന്റെയും ഉന്നതതരമായ തലത്തില്‍ സ്വപൂര്‍വികര്‍ പല യുഗങ്ങള്‍ മുമ്പു കണ്ടുപിടിച്ച സത്യങ്ങളുടെതന്നെ, ബുദ്ധിയുടെയും ഐന്ദ്രിയജ്ഞാനത്തിന്റെയും തലത്തില്‍ വീണ്ടും നടന്നിട്ടുള്ള കണ്ടുപിടിത്തങ്ങള്‍മാത്രമാണെന്ന്.

അതിനാല്‍ ഹിന്ദുവിനു കൈവെടിയേണ്ടതായി ഒന്നുമില്ല: വല്ലതും തിരക്കി വല്ലേടത്തും പോകേണ്ടതുമില്ല. അയാള്‍ക്കു സ്വപൂര്‍വികരില്‍ നിന്നു കിട്ടിയ അക്ഷയമായ ഈടുവെയ്പില്‍നിന്നു വല്ലതും കുറച്ചെടുത്തു സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിക്കയേ വേണ്ടൂ. അയാള്‍ അങ്ങനെ ചെയ്യാനും തുടങ്ങിയിട്ടുണ്ട്: കൂടുതലായി ചെയ്തുകൊണ്ടിരിക്കയും ചെയ്യും? ഇതല്ലേ ഇന്നത്തെ നവോത്ഥാനത്തിന്റെ ശരിയായ കാരണം?

ബംഗാളിലെ യുവാക്കളേ, നിങ്ങളോടു ഞാന്‍ വിശേഷാല്‍ അഭ്യര്‍ത്ഥിക്കുന്നു; സഹോദരന്മാരേ, വൈദേശികവര്‍ഗ്ഗങ്ങളുടെ ക്രൂരമായ ആക്ഷേപത്തിനു വിഷയമായതും ഹിന്ദുജനതയ്ക്കു വാസ്തവത്തിലുള്ളതുമായ മിക്ക ദോഷങ്ങള്‍ക്കും ഉത്തരവാദികള്‍ നാംതന്നെയാണെന്നു നാം ലജ്ജാപൂര്‍വ്വം മനസ്സിലാക്കുന്നു. ഭാരതത്തിലെ മറ്റു വര്‍ഗ്ഗങ്ങളുടെ തലയില്‍ അനര്‍ഹമായ അപവാദങ്ങള്‍ ചൊരിയുന്നതിനു കാരണക്കാര്‍ നാമായിരുന്നു. എന്നാല്‍ ഈശ്വരനെ വാഴ്ത്തുക, അതിനെപ്പറ്റി നാം തികച്ചും ബോധവാന്മാരായിരിക്കുന്നു. അവിടുത്തെ അനുഗ്രഹബലം കൊണ്ടു നാം നമ്മെ മാത്രമല്ല ശുദ്ധീകരിക്കാന്‍ പോകുന്നത്: സനാതന ധര്‍മ്മം പ്രഖ്യാപിക്കുന്ന ആദര്‍ശങ്ങളിലെത്താന്‍ ഭാരതത്തെ മുഴുവന്‍ നാം സഹായിക്കും.

ഒരടിമയുടെ നെറ്റിയില്‍ പ്രകൃതി എല്ലായ്‌പോഴും ചാര്‍ത്തുന്ന അടയാളം – അസൂയാകളങ്കം – ഒന്നാമത് നമുക്കു തുടച്ചുമാറ്റുക. ആരോടും അസൂയപ്പെടരുത്. നന്മ ചെയ്യുന്നവരെയൊക്കെ സഹായിക്കാന്‍ ഒരുങ്ങുക. മൂന്നു ലോകങ്ങളിലുമുള്ള ഓരോരുത്തരെയും ഉദ്ദേശിച്ച് ഓരോ നല്ല ചിന്ത പ്രസരിപ്പിക്കുക.

നമ്മുടെ മതത്തിലെ കേന്ദ്രസ്ഥമായ ഒരേയൊരു സത്യത്തിന്‌മേല്‍ നമുക്കു നിലയുറപ്പിക്കാം. നമ്മുടെ പൂര്‍വ്വികന്മാരില്‍നിന്ന് ഹിന്ദുക്കള്‍ക്കും ബൗദ്ധന്മാര്‍ക്കും ജൈനര്‍ക്കും പൊതുവെ കിട്ടിയ ഓഹരിയാണത്. മനുഷ്യന്റെ ചൈതന്യം, ആത്മാവ്, ജനനമരണങ്ങളറ്റ് എങ്ങും നിറഞ്ഞ് എന്നുമുള്ള മനുഷ്യാത്മാവ്. ഈ ആത്മാവിന്റെ മഹത്ത്വങ്ങള്‍ കീര്‍ത്തിക്കാന്‍ സ്വയം വേദങ്ങള്‍ക്കുതന്നെ കഴിയുന്നില്ല. ഇതിന്റെ പ്രതാപത്തിനു മുമ്പില്‍ സൂര്യനക്ഷത്രാദികളുടെ വന്‍പംക്തികള്‍ വെറും ബിന്ദുവാണ്. ഓരോ പുരുഷനും സ്ര്തീയും – പോരാ, ഏറ്റവും ഉയര്‍ന്ന ദേവതകള്‍മുതല്‍ നമ്മുടെ കാല്‍ച്ചോട്ടില്‍ ഇഴയുന്ന പുഴുക്കള്‍ വരെയുള്ളതെല്ലാം, വികസിച്ചതോ സങ്കോചിച്ചതോ ആയ ഈ ആത്മാവാണ്. തമ്മിലുള്ള ഭേദം വസ്തുവിലല്ല, അളവില്‍മാത്രം.

ആത്മാവിന്റെ അനന്തമായ ഈ ശക്തി ജഡത്തിന്‌മേല്‍ വ്യാപരിക്കുമ്പോള്‍ ഭൗതികവികാസമുണ്ടാകുന്നു: ചിന്തയുടെമേല്‍ വ്യാപരിക്കുമ്പോള്‍ ബുദ്ധിവികാസമുണ്ടാകുന്നു: അതിന്റെ മേല്‍ത്തന്നെ വ്യാപരിക്കുമ്പോള്‍ അതു മനുഷ്യനെ ഈശ്വരനാക്കുന്നു.

ഒന്നാമതായി, നമുക്ക് ഈശ്വരന്മാരാകാം: പിന്നെ, അങ്ങനെയാകുവാന്‍ മറ്റുള്ളവരെ സഹായിക്കാം. ”ആയിത്തീരുക ആക്കിത്തീര്‍ക്കുക” – ഇതാകണം നമ്മുടെ മുദ്രാവാക്യം. മനുഷ്യന്‍ പാപിയാണെന്നു പറയരുത്. മനുഷ്യന്‍ ഈശ്വരനാണെന്ന് അവനോടു പറയുക. ഒരു ചെകുത്താന്‍ ഉണ്ടെന്നു വന്നാല്‍ത്തന്നെ, നമ്മുടെ ചുമതല സദാ ഈശ്വരനെ സ്മരിക്കയാണ്: ചെകുത്താനെ സ്മരിക്കയല്ല.

ഈ മുറി ഇരുള്‍ നിറഞ്ഞതാണെന്നു കരുതുക. സദാ അങ്ങനെ വിചാരിച്ചതുകൊണ്ടോ അതിരുവിടുന്നതുകൊണ്ടോ ഇരുള്‍ മാറിപ്പോവില്ല. വെളിച്ചം കൊണ്ടുവരൂ. വെറും നിഷേധരൂപത്തിലുള്ളതെല്ലാം, വെറും വിനാശകരമായതെല്ലാം, വെറും കുറ്റം പറച്ചിലെല്ലാം പോയിമറയുകതന്നെ ചെയ്യും എന്നു നമുക്കുറയ്ക്കാം. വിധായകവും സ്ഥാപകവും സര്‍ഗ്ഗപരവുമായതത്രേ മരണമറ്റതും നിത്യവും. ‘ഉള്ളവരാണ് നാം’ ‘ഉള്ളവനാണീശ്വരന്‍’ ‘നാമീശ്വരനാണ്’ ‘ശിവോഹം’ ‘ശിവോഹം’ എന്നു നമുക്കു പറയാം: എന്നിട്ടു മുന്നേറാം. ജഡമല്ല: ചൈതന്യംതന്നെ. നാമരൂപങ്ങളോടുകൂടിയവ നാമരൂപങ്ങളറ്റതിന് അധീനമാണ്. ശ്രുതികള്‍ പ്രഖ്യാപിക്കുന്ന നിത്യസത്യമിതാണ്. വെളിച്ചം കൊണ്ടുവരൂ: ഇരുള്‍ തനിയേ മറഞ്ഞുകൊള്ളും. വേദാന്തകേസരി ഗര്‍ജ്ജിക്കട്ടെ. കുറുനരികള്‍ മാളം പൂകിക്കൊള്ളും. ആശയങ്ങള്‍ എങ്ങും ചിതറുക: ഫലം സ്വയം സുരക്ഷിതമായിക്കൊള്ളും. രാസക്രിയയ്ക്കുള്ള ഘടകങ്ങള്‍ ഒന്നിച്ചുചേര്‍ക്കുക: സ്ഫുടരൂപങ്ങള്‍ സ്വയം ഉണ്ടായിക്കൊള്ളും. ആത്മ ശക്തി ആവിഷ്‌കരിക്കുക: ഭാരതത്തില്‍ നെടുനീളെ അതു ചൊരിയുക. വേണ്ടതെല്ലാം സ്വയം വന്നുകൊള്ളും.

നിങ്ങളിലുള്ള ദിവ്യത തെളിയിക്കുക: അതിനു ചുറ്റും എല്ലാം പൊരുത്തപ്പെട്ടു നിരന്നുകൊള്ളും. ശ്രുതികളില്‍ നല്കിയിട്ടുള്ള ഇന്ദ്ര വിരോചനന്മാരുടെ ദൃഷ്ടാന്തമോര്‍ക്കുക. സ്വന്തം ദിവ്യതയെപ്പറ്റി രണ്ടുപേര്‍ക്കും അറിവു കിട്ടി. പക്ഷേ അസുരനായ വിരോചനന്‍ ശരീരമാണ് ഈശ്വരനെന്നു ധരിച്ചു. ദേവനായ ഇന്ദ്രനാകട്ടെ ആത്മാവിനെയാണ് വിവക്ഷിച്ചിട്ടുള്ളതെന്നു മനസ്സിലാക്കി. ഇന്ദ്രന്റെ സന്താനങ്ങളാണ് നിങ്ങള്‍. ജഡം ഒരിക്കലും നിങ്ങളുടെ ഈശ്വരനാവില്ല: ശരീരം ഒരിക്കലും നിങ്ങളുടെ ഈശ്വരനാവില്ല.

മാംസബലംകൊണ്ടല്ല ഭാരതത്തിനുയര്‍ച്ച ഉണ്ടാകുന്നത്, ആത്മബലം കൊണ്ടാണ്; വിനാശത്തിന്റെ കൊടികൊണ്ടല്ല, സന്ന്യാസിയുടെ ആടയായ ശാന്തിയുടെയും സ്നേഹത്തിന്റെയും കൊടികൊണ്ടാണ്: വിത്തശക്തികൊണ്ടല്ല, ഭിക്ഷാപാത്രത്തിന്റെ പ്രതാപംകൊണ്ടാണ്. ആത്മാവു സര്‍വശക്തമാണ്. രാമകൃഷ്ണചരണങ്ങളുടെ ദിവ്യസ്പര്‍ശം ഉളവാക്കിയ ആ ചെറിയ യുവസംഘത്തെ നോക്കുക. ആസാം മുതല്‍ സിന്ധുവരെ, ഹിമാലയംമുതല്‍ കന്യാകുമാരിവരെ, അവര്‍ ആ സന്ദേശം പ്രചരിപ്പിക്കയാണ്. ഇരുപതിനായിരം അടി ഉയരത്തില്‍ മഞ്ഞിന്റെയും മഞ്ഞു കട്ടയുടെയും മേലെ കാല്‍നടയായി നടന്ന് ഹിമാലയം തരണം ചെയ്ത ആ കൂട്ടര്‍ ടിബത്തിലെ രഹസ്യങ്ങള്‍ ഭേദിച്ചിരിക്കയാണ്. അവര്‍ ഭിക്ഷ യാചിച്ചു: കീറത്തുണികള്‍കൊണ്ടു ദേഹം മറച്ചു: അവരെ പോലീസുകാര്‍ ഉപദ്രവിച്ചു, പിന്‍തുടര്‍ന്നു: ജയിലില്‍ പാര്‍പ്പിച്ചു. ഒടുവില്‍, നിരപരാധികളെന്നറിഞ്ഞ് ഗവര്‍മെന്റ് അവരെ മോചിപ്പിച്ചു.

ഇപ്പോള്‍ അവരുടെ സംഖ്യ ഇരുപതാണ്: നാളെ അതു രണ്ടായിരമാക്കുക. ബംഗാളിലെ യുവാക്കളേ, നിങ്ങളുടെ രാജ്യത്തിനതാവശ്യമാണ്: ലോകത്തിനതാവശ്യമാണ്. നിങ്ങളിലുള്ള ദിവ്യതയെ ഉണര്‍ത്തുക. വിശപ്പും ദാഹവും ചൂടും തണുപ്പും താങ്ങാന്‍ അതു നിങ്ങളെ കരുത്തരാക്കും. സമൃദ്ധമായ വീടുകളില്‍, എല്ലാ ജീവിതസുഖങ്ങളാലും ചുറ്റപ്പെട്ട് അനായാസസിദ്ധമായ മതം അല്പാല്പം വിതരണം ചെയ്യുക – ഇതു മതി മറുനാടുകള്‍ക്ക്. പക്ഷേ ഭാരതത്തിന്റെ പ്രവണത കൂടുതല്‍ സൂക്ഷ്മമാണ്. ഉള്‍ക്കാഴ്ചയോടുകൂടി, ഈ മുഖംമൂടിയ്ക്കപ്പുറം, അതു കാണുന്നു. നിങ്ങള്‍ ത്യജിക്കണം: വളരണം: ത്യാഗം കൂടാതെ വലിയ കാര്യമൊന്നും ചെയ്യാന്‍ വയ്യ. വിശ്വസൃഷ്ടിചെയ്യാന്‍, പുരുഷന് സ്വയം ബലികഴിക്കേണ്ടിവന്നു. സുഖസൗകര്യങ്ങളും പേരും പെരുമയും നിലയും, എന്തിന് ജീവന്‍പോലും, വെടിയുക. ദശലക്ഷങ്ങള്‍ക്കു ജീവിതക്കടല്‍ കടക്കാനായി, മനുഷ്യശൃംഖലകള്‍ ചേര്‍ത്ത് ഒരു പാലം തയ്യാറാക്കുക. നന്മയുടേതായ ശക്തികളൊക്കെ സമാഹരിക്കുക. ഏതു കൊടിക്കീഴില്‍ അണിനിരന്നു മുന്നേറുന്നു എന്നു നോക്കേണ്ടതില്ല. ഏതാണ് നിങ്ങള്‍ തിരഞ്ഞെടുത്ത നിറം – പച്ചയോ നീലയോ ചുമപ്പോ – എന്നും നോക്കേണ്ടതില്ല. എല്ലാം ചേര്‍ത്ത്, സ്നേഹത്തിന്റെ നിറമായ വെളുപ്പിന്റെ തീവ്രപ്രകാശം ഉളവാക്കുക. നമ്മുടെ കടമ പണിയെടുക്കലാകണം. ഫലങ്ങള്‍ സ്വയം സുരക്ഷിതമായിക്കൊള്ളും. സ്വയം ഈശ്വരനാകുവാനുള്ള യത്‌നത്തെ വിപുലപ്പെടുത്തുക. വല്ല സാമൂഹ്യസംഘടനയും നിങ്ങളുടെ വഴി മുടക്കി നിലകൊള്ളുകയാണെങ്കില്‍, അത് ആത്മശക്തിയുടെ മുന്നില്‍നിന്ന് സ്വയം പിന്‍വാങ്ങിക്കൊള്ളും. എന്റെ കാഴ്ച ഭാവിയിലേക്കെത്തുന്നില്ല: എനിക്ക് അതു വകയുമല്ല. എന്നാല്‍ എന്റെ മുമ്പില്‍, ജീവിതംപോലെ തെളിഞ്ഞുനില്ക്കുന്ന ഒരു കാഴ്ചയുണ്ട്; പുരാതനിയായ ആ മാതാവ് വീണ്ടും ഉണര്‍ന്ന്, താരുണ്യത്തികവോടും അപൂര്‍വമഹിമയോടുംകൂടി, സ്വന്തം സിംഹാസനത്തില്‍ എഴുന്നള്ളിയിരിക്കയാണ്. സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയുമായ ശബ്ദത്തില്‍ ലോകത്തിലെങ്ങും ആ മാതാവിനെ പ്രഖ്യാപിക്കുക.
സ്നേഹത്തിലും യത്‌നത്തിലും എന്നും നിങ്ങളുടെയായ വിവേകാനന്ദ