ഞങ്ങള്‍ വിശ്വസിക്കുന്നത്
വിശ്വാസം അദ്ഭുതമായ ഉള്‍ക്കാഴ്ചയാണെന്നും, അതിനു മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്നുമുള്ള കാര്യത്തില്‍ നിങ്ങളോട് എനിക്കു യോജിപ്പാണ്. പക്ഷേ അതു പിടിവാദത്തെ ഉളവാക്കുകയും കൂടുതലായുള്ള പുരോഗതിയെ വിഘ്‌നപ്പെടുത്തുകയും ചെയ്യുന്നു.
ജ്ഞാനം നല്ലതുതന്നെ: പക്ഷേ, അതു ശുഷ്‌കമായ ബുദ്ധിപരതയായേക്കമെന്ന വൈഷമ്യമുണ്ട്. സ്നേഹം വലുതും മികവുറ്റതുമാണ്: പക്ഷേ അതു വ്യര്‍ത്ഥമായ ഭാവതരളതയായി നേര്‍ത്തും നശിച്ചേക്കും.
വേണ്ടത് ഇവയുടെയെല്ലാം സമന്വയമാണ്. അങ്ങനെയുള്ള ഒരു സമന്വയംതന്നെയായിരുന്നു രാമകൃഷ്ണന്‍. അത്തരക്കാര്‍ വളരെ കുറച്ചേയുള്ളു. എന്നാല്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഉപദേശങ്ങളെയും ആദര്‍ശമാക്കിക്കൊണ്ടു നമുക്കു മുന്നോട്ടു നീങ്ങാം. നമ്മളിലോരോരുത്തന്നും ആ പൂര്‍ണ്ണതയിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും നാമൊന്നുചേര്‍ന്നാല്‍ നമുക്കെല്ലാവര്‍ക്കുമായി അതു ലഭ്യമായേക്കും: കാരണം, ഒരുവന്റെ കുറവുകളെ അന്യന്‍ നികത്തും. അങ്ങനെ പരസ്പരം സമപ്പെടുത്തുകയും പൂരകമാവുകയും ചെയ്യാം. ഇതു പലരും ചേര്‍ന്നുള്ള ഒരു സമന്വയം ആകും: മറ്റു രൂപങ്ങളെയും വിശ്വാസങ്ങളെയും നിശ്ചയമായും, പിന്നിട്ടുനില്ക്കുന്നതുമാകും. മതം സഫലമാകണമെങ്കില്‍ ഉത്‌സാഹം വേണം. ഒപ്പം, വിശ്വാസ മാര്‍ഗ്ഗങ്ങള്‍ പെരുപ്പിക്കുന്നതുകൊണ്ടുള്ള അപകടം ഒഴിവാക്കുകയും വേണം. അതിനാണ് വിഭാഗീയചിന്ത കൂടാതുള്ള ഒരു വിഭാഗമായി നാം നിലകൊള്ളുന്നത്: അങ്ങനെ ഒരു വിഭാഗത്തിനുണ്ടാകുന്ന മേന്മകളും വിശ്വജനീനമായ ഒരു മതത്തിന്റെ വിശാലതയും നമുക്കു സിദ്ധിക്കുന്നു.
ഈശ്വരന്‍, എല്ലായിടത്തുമുണ്ടെങ്കിലും നമുക്കു വെളിപ്പെടുന്നതു മനുഷ്യന്റെ സ്വഭാവത്തിലാണ്, സ്വഭാവത്തിലൂടെയാണ്. രാമകൃഷ്ണനെപ്പോലെ തികഞ്ഞ ഒരു മനുഷ്യന്‍ ഉണ്ടായിട്ടില്ല. ഈ കേന്ദ്രത്തിനു ചുറ്റുമാണ് നാം അണിനിരക്കേണ്ടത്. അതേ അവസരത്തില്‍ ഓരോരുത്തന്റെയും അറിവിനൊത്ത് അവിടുത്തെ കണക്കാക്കുന്നതിന് നാമെല്ലാവര്‍ക്കും സ്വാതന്ത്ര്യം നല്കണം ഈശ്വരനായോ, രക്ഷകനായോ, ഗുരുവായോ, മാതൃകയായോ, മഹാത്മാവായോ – യഥേഷ്ടം എന്തായും കണക്കാക്കാനുള്ള സ്വാതന്ത്ര്യം.
നാം സാമുദായികമായ സമത്വമോ അസമത്വമോ പ്രസംഗിക്കുന്നില്ല. നാം പ്രചരിപ്പിക്കുന്ന ആശയം എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നാണ്. ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും എല്ലാത്തരത്തിലും സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നാണ് നമ്മുടെ നിര്‍ബ്ബന്ധം. നാം ആരെയും കയ്യൊഴിക്കുന്നില്ല. ഈശ്വരവാദിയോ സമസേ്തശ്വര വാദിയോ അദ്വൈതിയോ ബഹുദേവവാദിയോ അജ്ഞേയതാവാദിയോ നിരീശ്വരവാദിയോ ആരുമാകട്ടെ, ഏറ്റവും വിശാലവും സുദൃഢവുമായ സ്വഭാവം പടുത്തെടുക്കയാണ് ശിഷ്യനാകുവാന്‍ ഒഴിച്ചുകൂടാത്ത സംഗതി. പെരുമാറ്റത്തെയും സ്വഭാവത്തെയും പറ്റി, എന്തു കഴിക്കണം എന്തു കുടിക്കണം എന്നതിനെപ്പറ്റി, മറ്റുള്ളവര്‍ക്ക് ഉപദ്രവമില്ലാത്തിടത്തോളം, പ്രത്യേകതരം ആചാരക്രമങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നമുക്കു നിര്‍ബന്ധമില്ല. ആഭ്യന്തരമായ പുരോഗതിയെ വിഘ്‌നപ്പെടുത്തുന്നതോ അധഃപതനത്തെ തുണയ്ക്കുന്നതോ ആയതെല്ലാം തിന്മയാണ്: ഉയരുവാനും ഇണങ്ങിക്കൊള്ളുവാനും തുണയ്ക്കുന്നതെല്ലാം നന്മയാണ്. തനിക്കു ചേരുന്നതും ഉപകരിക്കുന്നതുമെല്ലാം അറിയുവാനും തിരഞ്ഞെടുക്കുവാനും അനുഗമിക്കുവാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും നാം കൊടുക്കുന്നു. ഉദാഹരണമായി, ഒരുവന് മാംസാഹാരം ഉപകരിച്ചേക്കാം: മറ്റൊരുവന് ഫലാഹാരം ഉപകരിച്ചേക്കാം. ഇവരോരോരുത്തനും സ്വന്തം സവിശേഷതകള്‍ പുലര്‍ത്തിക്കൊള്ളട്ടെ. എന്നാല്‍ മറ്റുള്ളവരുടെ നടപടിയെ എതിര്‍ത്തു വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, അങ്ങനെ പ്രതികൂലവിമര്‍ശനം ചെയ്യുന്നവനുതന്നെ ദോഷം വരും. മറ്റുള്ളവരും തന്റെ മാര്‍ഗ്ഗം സ്വീകരിക്കണമെന്നു പറയുന്നത് കുറേക്കൂടി തെറ്റാണ്. ചിലരെസ്സംബന്ധിച്ചിടത്തോളം ഭാര്യ പുരോഗതിയെ സഹായിച്ചു എന്നു വരാം: മറ്റു ചിലര്‍ക്കു ഭാര്യ അപകടം വരുത്തിവെച്ചേക്കാം. എന്നാല്‍ വിവാഹിതശിഷ്യന്‍ ചെയ്യുന്നതു തെറ്റാണെന്നു പറയാന്‍ അവിവാഹിതശിഷ്യനവകാശമില്ല. സ്വന്തം ആചാരാദര്‍ശം സ്വന്തം സഹോദരന്റെമേല്‍ അടിച്ചേല്പിക്കുന്നത് കുറേക്കൂടി തെറ്റുമാണ്.
നമ്മുടെ വിശ്വാസം സര്‍വഭൂതങ്ങളും ദിവ്യമാണ്, ഈശ്വരനാണ്, എന്നത്രേ. ഓരോ ആത്മാവും, അറിവുകേടാകുന്ന മേഘങ്ങള്‍ പൊതിഞ്ഞ ഓരോ സൂര്യനാണ്. ആത്മാവും ആത്മാവും തമ്മിലുള്ള ഭേദം ഈ മേഘാവരണങ്ങള്‍ക്കുള്ള സാന്ദ്രതയുടെ ഭേദംമാത്രം. അറിഞ്ഞോ അറിയാതെയോ ഓരോ മതത്തിനുമുള്ള അടിത്തറയും ഇതുതന്നെ എന്ന് നാം വിശ്വസിക്കുന്നു. ഭൗതികവും ബൗദ്ധികവും ആത്മികവുമായ തലങ്ങളില്‍ മനുഷ്യനുണ്ടായിട്ടുള്ള പുരോഗതിയുടെ ചരിത്രത്തിന് ആകെക്കൂടിയുള്ള വ്യാഖ്യാനവും ഇതുതന്നെ എന്നു നാം വിശ്വസിക്കുന്നു – അതായത് ഒരേ ചൈതന്യം പല തലങ്ങളിലൂടെ പ്രകാശിക്കയാണ്. വേദങ്ങളുടെ സാരംതന്നെ ഇതാണെന്നത്രേ നമ്മുടെ വിശ്വാസം.
ഓരോ ആത്മാവിനും മറ്റാത്മാക്കളോടുള്ള കടമ, അവയോട് ആത്മഭാവനയോടെ, ഈശ്വരന്മാരോടെന്നപോലെ, പെരുമാറുകയും ചിന്തിക്കയും ഇടപഴകയും ചെയ്യുകയാണെന്നും, അല്ലാതെ മറ്റാത്മാക്കളെ വെറുക്കയോ നിന്ദിക്കയോ അപവദിക്കയോ ഹിംസിക്കാന്‍ മുതിരുകയോ അല്ലെന്നും നാം വിശ്വസിക്കുന്നു. ഇതു സന്ന്യാസിയുടെ മാത്രമല്ല, സ്ത്രീപുരുഷന്മാരുടെയെല്ലാം കടമയാണ്.
ആത്മാവിനു ലിംഗഭേദമോ ജാതിഭേദമോ അപൂര്‍ണ്ണതയോ ഇല്ല.
വേദങ്ങള്‍, ദര്‍ശനങ്ങള്‍, പുരാണങ്ങള്‍, തന്ത്രങ്ങള്‍ ഇവയിലൊന്നിലും ആത്മാവിനു ലിംഗം മതം ജാതി എന്നിവയുള്ളതായി പറഞ്ഞിട്ടില്ലെന്നാണ് നമ്മുടെ വിശ്വാസം. അതിനാല്‍, ”മതത്തിനു സാമൂഹ്യപരിഷ്‌കാരങ്ങളുമായി എന്തു ബന്ധം?” എന്നു ചോദിക്കുന്നവരോടു നമുക്കു യോജിപ്പാണ്. പക്ഷേ, സാമൂഹ്യനിയമങ്ങള്‍ രൂപപ്പെടുത്തുന്നതും ജീവികള്‍ക്കു പരസ്പരഭേദമുണ്ടെന്നു ശഠിക്കുന്നതും മതത്തിന്റെ വേലയല്ല എന്നു നാം പറയുമ്പോള്‍ അവര്‍ നമ്മോടും യോജിക്കണം. കാരണം, അമ്മാതിരി മിഥ്യകളെയും വൈകൃതങ്ങളെയും തുടച്ചുമാറ്റുകയാണ് മതത്തിന്റെ പര്യവസാനവും ലക്ഷ്യവും.
ഈ ഭേദത്തിലൂടെ പാര്യന്തികമായ സമത്വത്തിലും ഐക്യത്തിലും നാമെത്തുമെന്നാണ് വാദമെങ്കില്‍ നാം മറുപടി പറയുന്നു, ഈ മതം പലവുരു പറഞ്ഞിട്ടുണ്ട്, ചെളികൊണ്ടു ചെളി കഴുകിക്കളയാവതല്ലെന്ന്. ദുരാചാരത്തിലൂടെ ഒരുവനു സദാചാരിയാകാംപോലും!
മതത്തിന്റെ അനുവാദത്തോടുകൂടി, ആര്‍ത്ഥികപരിസ്ഥിതികള്‍ തയ്യാറാക്കിയിട്ടുള്ളവയത്രേ സാമൂഹ്യനിയമങ്ങള്‍. മതത്തിന്റെ ഭയങ്കരമായ തെറ്റ് സാമൂഹ്യകാര്യങ്ങളില്‍ ഇടപെട്ടതാണ്. എങ്കിലും എത്ര കപടമായിട്ടാണ് അതു പറയുന്നത്, ”സാമൂഹ്യപരിഷ്‌കരണം മതത്തിന്റെ ജോലിയല്ലെ”ന്ന്! ശരി, നമ്മുടെ ആവശ്യം മതം സാമൂഹ്യപരിഷ്‌കര്‍ത്താവാകരുതെന്നാണ്. പക്ഷേ, അതോടൊപ്പം നാം നിര്‍ബ്ബന്ധിക്കുന്നു, മതത്തിനു സാമൂഹ്യനിയമങ്ങള്‍ രൂപീകരിക്കാന്‍ അധികാരവുമില്ലെന്ന്. കൈയ് പിന്‍വലിക്കു! തനത് അതിരുകള്‍ക്കുള്ളില്‍ കഴിയുക: എല്ലാം ശരിയായിക്കൊള്ളും.
ഇപ്പോഴേ മനുഷ്യനിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്‌കാരമാണ് വിദ്യാഭ്യാസം.
ഇപ്പോഴേ മനുഷ്യനിലുള്ള ദിവ്യതയുടെ (ഈശ്വരന്റെ) ആവിഷ്‌കാരമാണ് മതം.
അതുകൊണ്ട്, രണ്ടു സംഗതികളിലും ഗുരുവിന്റെ ചുമതല വഴിയിലെ തടസ്സങ്ങള്‍ മാറ്റുകയാണ്. കൈയ് പിന്‍വലിക്കു! എപ്പോഴും ഞാന്‍ പറയുന്നതിതാണ്. എല്ലാം ശരിയായിക്കൊള്ളും. അതായത് നമ്മുടെ ചുമതല വഴിതെളിക്കയാണ്: മിച്ചമുള്ളത് ഭഗവാന്‍ നടത്തും.
അതിനാല്‍, നിങ്ങള്‍ ഇതു വിശേഷിച്ചും ധരിക്കണം – മതത്തിന് ആത്മാവിനോടു മാത്രമുള്ള സംബന്ധം. സാമൂഹ്യകാര്യങ്ങളില്‍ കൈ കടത്തേണ്ട ആവശ്യം അതിന്നില്ല. ഇതിനിടയില്‍ നടന്നുകഴിഞ്ഞ അനര്‍ത്ഥങ്ങളെ ഇതു തികച്ചും വിശദമാക്കുന്നു എന്നും ഓര്‍ക്കണം. മറ്റൊരുവന്റെ സ്വത്തു കടന്നെടുത്തിട്ട് ഉടമസ്ഥന്‍ അതു വീണ്ടെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കവര്‍ച്ചക്കാരന്‍ കിണുങ്ങുന്നതുപോലെയാണ് പ്രകൃതത്തിലും – അപ്പോള്‍ അവന്‍ മനുഷ്യന്റെ അവകാശത്തിനുള്ള പാവനതയെന്ന സിദ്ധാന്തം പ്രസംഗിക്കയാണ്!
സാമൂഹ്യകാര്യങ്ങളിലൊക്കെ കൈകടത്താന്‍ പുരോഹിതന്മാര്‍ക്ക് എന്താവശ്യമുണ്ടായിരുന്നു? അതും ദശലക്ഷങ്ങള്‍ക്കു കഷ്ടതയുള്ള വാക്കിക്കൊണ്ടുള്ള കൈകടത്തല്‍!
നിങ്ങള്‍ മാംസാഹാരികളായ ക്ഷത്രിയരെക്കുറിച്ചു പറയുന്നു. മാംസം തിന്നാലും ശരി ഇല്ലെങ്കിലും ശരി, അവരാണ് ഹിന്ദുമതത്തില്‍ ഉദാരവും സുന്ദരവുമായതെല്ലാം ഉളവാക്കിയിട്ടുള്ളത്. ഉപനിഷത്തുകള്‍ രചിച്ചതാരാണ്? ആരായിരുന്നു രാമന്‍, കൃഷ്ണന്‍, ബുദ്ധന്‍? ജൈനരുടെ തീര്‍ത്ഥങ്കരന്മാര്‍ ആരായിരുന്നു? ക്ഷത്രിയര്‍ മതം പ്രസംഗിച്ചിട്ടുള്ളപ്പോഴൊക്കെ അവര്‍ അതെല്ലാവര്‍ക്കുമായി കൊടുത്തിട്ടുണ്ട്. ബ്രാഹ്മണര്‍ വല്ലതുമെഴുതിയിട്ടുള്ളപ്പോഴൊക്കെ അവര്‍ മറ്റുള്ളവരുടെ അവകാശങ്ങളെ നിഷേധിച്ചിട്ടുമുണ്ട്. ഗീതയും വ്യാസസൂത്രങ്ങളും വായിച്ചുനോക്കുക: അല്ലെങ്കില്‍ ആരെയെങ്കിലുംകൊണ്ടു വായിപ്പിക്കുക. ഗീതയിലെ വഴി എല്ലാ സ്ത്രീപുരുഷന്മാര്‍ക്കുമായി തുറന്നതാണ് – എല്ലാ ജാതിക്കാര്‍ക്കും വര്‍ണ്ണക്കാര്‍ക്കുമായി. എന്നാല്‍ വ്യാസന്‍, ശൂദ്രരെ കബളിപ്പിക്കാനായി, വേദങ്ങള്‍ക്ക് അര്‍ത്ഥകല്പന ചെയ്യുന്നു. ഒരു കഷ്ണം ഇറച്ചികൊണ്ട് ഈശ്വരന്റെ കരുണാപ്രവാഹത്തെ അണ കെട്ടിനിര്‍ത്താമോ? നിന്നെപ്പോലെ ഭീരുവായ ഒരു വിഡ്ഢിയോ ഈശ്വരന്‍? അങ്ങനെയാണെങ്കില്‍, അവിടത്തേക്ക് ഒരു പൈസയ്ക്കുപോലും വിലയില്ല. എന്നില്‍നിന്ന് ഒന്നുമാശിക്കരുത്. പക്ഷേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയതിന്‍വണ്ണം, പറഞ്ഞതിന്‍വണ്ണം, ഭാരതീയര്‍തന്നെയാണ് ഭാരതത്തെ രക്ഷിക്കേണ്ടതെന്ന് ഞാന്‍ ഉറപ്പായി വിശ്വസിക്കുന്നു. അതിനാല്‍ മാതൃഭൂമിയിലെ യുവാക്കന്മാരേ, പുതിയ ഈ ആദര്‍ശത്തെച്ചൊല്ലി, നിങ്ങള്‍ക്ക് ഡസന്‍കണക്കിന് ഏതാണ്ടു തീവ്രവാദികള്‍, ഭ്രാന്തന്മാര്‍ തന്നെ, ആകാമോ? തയ്യാറെടുക്കുക: സാമഗ്രികള്‍ സംഭരിക്കുക, രാമകൃഷ്ണന്റെ ഒരു ലഘുജീവിതചരിത്രം എഴുതിയുണ്ടാക്കുക, അദ്ഭുതങ്ങളെല്ലാം യത്‌നപൂര്‍വ്വം തള്ളിക്കളഞ്ഞിട്ട്. അദ്ദേഹം പ്രചരിപ്പിച്ച തത്ത്വങ്ങളെ ഉദാഹരിക്കുന്ന മട്ടിലാവണം ആ ജീവിതമെഴുതുന്നത്. പക്ഷേ, ഒരു കാര്യം – എന്നെയോ ജീവിച്ചിരിപ്പുള്ള മറ്റാരെയെങ്കിലുമോ അതില്‍ കൊണ്ടുവന്നുകൂടാ. പ്രധാനോദ്ദേശ്യം, അദ്ദേഹം ഉപദേശിച്ച കാര്യങ്ങളും അവയെ ഉദാഹരിക്കുന്ന ജീവിതവും ലോകത്തിനു നല്കുകയാകണം. അയോഗ്യനെങ്കിലും, പാവനമായ ഒരു കര്‍ത്തവ്യം എനിക്കുണ്ടായിരുന്നു – എന്റെ കൈവശം നല്കിയ രത്‌നപേടിക വെളിയില്‍കൊണ്ടുവന്ന് നിങ്ങളെ ഏല്പിക്കുക. എന്തുകൊണ്ട് നിങ്ങളെ? ധര്‍മ്മധ്വജികളും അസൂയാലുക്കളും ദാസ്യമനോഭാവക്കാരും ഭീരുക്കളും ജഡമാത്ര വാദികളും മറ്റും ഒന്നും ചെയ്യാന്‍ കൊള്ളുന്നവരല്ല. നമ്മുടെ ജനതാജീവിതത്തിലെ വിഷമാണ് അസൂയ. അടിമകള്‍ക്ക് ഇതു സ്വാഭാവികമാണ്. ഈ അസൂയഹേതുവായിട്ടാണ് സര്‍വശക്തനായ ഭഗവാനു പോലും ഒന്നും ചെയ്യാന്‍ കഴിയാതെപോയത്. കടമകളെല്ലാം തീര്‍ത്ത്,മരണമടഞ്ഞവനായി, ഇപ്പോള്‍, എന്നെ കരുതുക. നിങ്ങളുടെ ചുമലിലാണ് കര്‍ത്തവ്യഭാരം മുഴുവന്‍ എന്നും ധരിച്ചുകൊള്ളുക. ജോലി ചെയ്യാന്‍ തുനിഞ്ഞിറങ്ങുക. നിങ്ങളെ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. എന്നെ വിടുക, കണ്‍വെട്ടത്തുനിന്നു തള്ളിനീക്കുക. പുതിയആദര്‍ശം, പുതിയ സിദ്ധാന്തം, പുതിയ ജീവിതം പ്രചരിപ്പിക്കുക. ആര്‍ക്കും, ഒരു കീഴ്‌വഴക്കത്തിനും, എതിരായി പ്രചരണം നടത്തേണ്ടതില്ല. ജാതിക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചരണമരുത്. സാമൂഹ്യമായ ഒരു തിന്മയ്ക്കും പ്രതികൂലമായോ അനുകൂലമായോ പ്രചരണം വേണ്ട. കൈയ് പിന്‍വലിക്ക്! ഇതാകട്ടെ പ്രചരണം; പിന്നെല്ലാം സ്വയം നന്നായിക്കൊള്ളും.
ധീരന്മാരും സ്ഥിരചിത്തരും സ്നേഹസമ്പന്നരുമായ നിങ്ങള്‍ക്ക് എന്റെ അനുഗ്രഹങ്ങള്‍.