അങ്ങയേയും അങ്ങയോടു ബന്ധപ്പെട്ടവരെയും ശ്രീനാരായണന്‍ അനുഗ്രഹിക്കട്ടെ! തിരുമനസ്സിലെ ദയാപൂര്‍വമായ സഹായംകൊണ്ട് എനിക്ക് ഈ നാട്ടില്‍ വന്നെത്താന്‍ തരപ്പെട്ടു. അതിനുശേഷം ഇവിടെ ഞാന്‍ വേണ്ടുംപോലെ അറിയപ്പെട്ടിരിക്കുന്നു. ഈ നാട്ടിലെ അതിഥി പ്രിയരായ ജനങ്ങള്‍ എന്റെ ആവശ്യങ്ങള്‍ നിറവേറ്റിവരുന്നു. ഇത് അദ്ഭുതമായ ഒരു രാജ്യമത്രേ; പല സംഗതികളിലും അദ്ഭുതപ്പെടുത്തുന്നൊന്നത്രേ ഈ ജനതയും. ഇവിടത്തെ ആളുകളെപ്പോലെ, ദൈനന്ദിന പ്രവൃത്തികളില്‍ ഇത്രയേറെ യന്ത്രങ്ങള്‍ ഉപയോഗിക്കുന്ന മറ്റൊരു ജനതയില്ല. എല്ലാം യന്ത്രംതന്നെ. മറ്റൊന്ന്; ലോകത്തിലുള്ള ജനങ്ങളുടെ ഇരുപതിലൊന്നു മാത്രമാണ് ഈ നാട്ടുകാര്‍: എന്നാല്‍ ലോകസമ്പത്തിന്റെ ആറിലൊരു ഭാഗമാണ് ഇവര്‍ക്കുള്ളത്. ഇവരുടെ സമ്പത്തിനും സുഖോപകരണങ്ങള്‍ക്കും അതിരില്ല. എങ്കിലും ഇവിടെ എല്ലാറ്റിനും വലിയ വിലയാണ്. ജോലിക്കു കിട്ടുന്ന കൂലി ലോകത്തിലുള്ളതില്‍വെച്ച് ഏറ്റവും ഉയര്‍ന്നതാണ്: എന്നിട്ടും, ജോലിക്കാരും ഉടമക്കാരും തമ്മിലുള്ള ഇടച്ചില്‍ ഇടമുറിയാതെ നടക്കുന്നു.
ലോകത്തില്‍ മറ്റെങ്ങുമില്ല, അമേരിക്കയിലെപ്പോലെ സ്ത്രീകള്‍ക്ക് ഇത്രയേറെ മാന്യത: അവര്‍ എല്ലാം ക്രമേണ കയ്യടക്കയാണ്. അദ്ഭുതമെന്നു പറയട്ടെ, സംസ്‌കാരസമ്പന്നരായ സ്ത്രീകളുടെ സംഖ്യ അത്തരം പുരുഷന്മാരുടെ സംഖ്യയെക്കാള്‍, വളരെയധികമാണ്. മേല്‍ക്കിട പ്രതിഭാശാലികള്‍, സ്വാഭാവികമായിത്തന്നെ, പുരുഷന്മാരുടെ ഇടയിലാണ്. നമ്മുടെ ജാതിവ്യവസ്ഥക്കെതിരായി പാശ്ചാത്യരുടെ ആക്ഷേപം വലുതാണെങ്കിലും, കൂടുതല്‍ മോശപ്പെട്ട ഒരു ജാതിവ്യവസ്ഥ അവര്‍ക്കുണ്ട് – പണം വരുത്തിവെക്കുന്ന ഒരു ജാതി. അമേരിക്കര്‍ പറയുംപോലെ, സര്‍വശക്തമായ ഡോളറിന് ഇവിടെ എന്തും ചെയ്യാം.
ലോകത്തില്‍ മറ്റൊരു രാജ്യത്തുമില്ല ഇത്രയേറെ നിയമങ്ങള്‍: മറ്റൊരിടത്തും അവ ഇത്രയേറെ അനാദരിക്കപ്പെടുന്നുമില്ല. പാശ്ചാത്യരെയൊക്കെ അപേക്ഷിച്ച് സാധുക്കളായ നമ്മുടെ ഹിന്ദുക്കള്‍, ആകെക്കൂടെ പറഞ്ഞാല്‍, കൂടുതല്‍ സദാചാരനിഷ്ഠരാണ്. മതത്തില്‍ അവരിവിടെ അനുഷ്ഠിക്കുന്നതു കപടതയോ മൂഢഭക്തിയോ ആണ്. ശാന്തമായി ചിന്തിക്കുന്നവര്‍ക്ക് അന്ധവിശ്വാസജടിലമായ മതങ്ങളോട് അറപ്പാണ്. അവര്‍ പുതിയ വെളിച്ചത്തിനുവേണ്ടി ഭാരതത്തിലേക്കു നോക്കുന്നു. എത്ര ആര്‍ത്തിയോടെയാണ് പവിത്രമായ വേദങ്ങളിലുള്ള ഗംഭീരചിന്തകളുടെ കണികകള്‍പോലും ഈ ദിക്കുകാര്‍ ഉള്‍ക്കൊള്ളുന്നതെന്നു സ്വയം കാണാതെ തിരുമനസ്സിലേക്കു വിശ്വസിക്കാനാവില്ല. ആധുനിക ശാസ്ര്തത്തിന്റെ ഭയങ്കരാക്രമണങ്ങള്‍കൊണ്ട് ഒരു തകരാറും വേദങ്ങള്‍ക്കില്ലെന്നു മാത്രമല്ല, അവയെ വേദങ്ങള്‍ ചെറുക്കുകയും ചെയ്യും. ശൂന്യതയില്‍നിന്നുള്ള വിശ്വോല്പത്തി: സൃഷ്ടിക്കപ്പെട്ട ഒരാത്മാവ്: സ്വര്‍ഗ്ഗമെന്ന സ്ഥലത്ത് ഒരു സിംഹാസനത്തിലിരിക്കുന്നവനും വന്‍കിട നിപീഡകനുമായ ഒരു ഈശ്വരന്‍: നിത്യമായ നരകാഗ്‌നികള്‍ – ഇവയെപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍ അഭ്യസ്തവിദ്യരെ മടുപ്പിച്ചിരിക്കയാണ്. മറിച്ച് സര്‍ഗ്ഗനിത്യത, ആത്മനിത്യത, ആത്മസ്ഥനായ ഈശ്വരന്‍ – ഇവയെപ്പറ്റി വേദങ്ങളിലുള്ള ഉദാരമായ ചിന്തകളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവര്‍ ഉള്‍ക്കൊള്ളുകയുമാണ്. അമ്പതു കൊല്ലത്തിനകം, ലോകത്തിലെ അഭ്യസ്തവിദ്യരെല്ലാം ആത്മാവിന്റെയും സൃഷ്ടിയുടെയും നിത്യതയിലും, നമ്മുടെ ഏറ്റവും ഉത്കൃഷ്ടവും പൂര്‍ണ്ണവുമായ സ്വഭാവംതന്നെ ഈശ്വരന്‍ എന്ന വസ്തുതയിലും വിശ്വസിക്കും. ഇതൊക്കെയാണ് നമ്മുടെ വേദം പഠിപ്പിക്കുന്നത്. ഇപ്പോള്‍ത്തന്നെ, ഇവിടത്തെ വിദ്യാസമ്പന്നരായ പുരോഹിതന്മാര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്. എന്റെ നിഗമനമിതാണ്; അവര്‍ക്കു കുറേക്കൂടി ആദ്ധ്യാത്മികപരിഷ്‌കാരം വേണം: നമുക്കു ഭൗതികപരിഷ്‌കാരവും.ഭാരതത്തിലെ തിന്മകളുടെയെല്ലാം ചുവടു പാവപ്പെട്ടവരുടെ നില ഒന്നുമാത്രം. പടിഞ്ഞാറുള്ള പാവങ്ങള്‍ ചെകുത്താന്മാര്‍തന്നെ, അവരോടു തട്ടിച്ചുനോക്കിയാല്‍ നമ്മുടെ പാവങ്ങള്‍ ‘മാലാഖ’മാരാണ്, അതിനാല്‍ നമ്മുടെ പാവങ്ങളെ ഉയര്‍ത്തുക അത്രമാത്രം സുകരവുമാണ്. നമ്മുടെ താഴ്ന്ന കൂട്ടര്‍ക്കുവേണ്ടി ചെയ്യേണ്ട ഒരേ ഒരു സേവനം അവര്‍ക്കു വിദ്യാഭ്യാസം നല്കുകയാണ്: അവരുടെ നഷ്ടപ്പെട്ട വ്യക്തിത്വം വികസിപ്പിക്കുക. നമ്മുടെ ജനസഞ്ചയും രാജാക്കന്മാരും ചേര്‍ന്നു ചെയ്യേണ്ട വമ്പിച്ച ജോലി ഇതാണ്. ഈ ഉന്നംവെച്ച് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ശതകങ്ങളായി പൗരോഹിത്യശക്തിയും വൈദേശികാക്രമണവും ചേര്‍ന്ന് നമ്മുടെ പാവങ്ങളെ ചവുട്ടിമെതിക്കയായിരുന്നു. ഭാരതത്തിലെ പാവങ്ങള്‍, അവര്‍ മനുഷ്യരാണെന്ന കഥപോലും ഒടുവില്‍ മറന്നുപോയിരിക്കയാണ്. അവര്‍ക്ക് ആശയങ്ങള്‍ നല്കണം. ചുറ്റുമുള്ള ലോകത്തില്‍ നടക്കുന്ന സംഗതികള്‍ കാണാന്‍ അവരുടെ കണ്ണു തുറക്കണം. അപ്പോള്‍ അവര്‍ സ്വന്തം രക്ഷ സ്വയം നേടിക്കൊള്ളും. ഓരോ ജനതയും ഓരോ പുരുഷനും ഓരോ സ്ത്രീയും തനതു രക്ഷ പ്രയത്‌നിച്ചുനേടണം. അവര്‍ക്ക് ആശയങ്ങള്‍ നല്കുക – അവര്‍ക്കു വേണ്ടുന്ന സഹായം അതുമാത്രം: ശേഷമെല്ലാം, ഫലരൂപേണ, ഉണ്ടായിക്കൊള്ളും. രാസക്രിയയ്ക്കു വേണ്ടുന്ന ഘടകങ്ങള്‍ ചേര്‍ത്തു വെയ്ക്കുക: മൂര്‍ത്തീകരണം പ്രകൃതിനിയമങ്ങള്‍ക്കൊത്തു നടന്നു കൊള്ളും. അവരുടെ തലയില്‍ ആശയങ്ങള്‍ നിറയ്ക്കുക: ശേഷം അവര്‍തന്നെ ചെയ്തുകൊള്ളും. ഇതാണ് ഭാരതത്തില്‍ ചെയ്യേണ്ട കാര്യം. ഇതെനിക്കു ഭാരതത്തില്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാന്‍ ഈ നാട്ടിലേക്കു വന്നത്. പാവങ്ങള്‍ക്കു വിദ്യാഭ്യാസം നല്കുന്നതിലുള്ള വലിയ വൈഷമ്യം ഇതാണ്. ഓരോ ഗ്രാമത്തിലും സൗജന്യവിദ്യാഭ്യാസം നല്കുന്ന ഓരോ വിദ്യാലയം തിരുമനസ്സു തുറപ്പിക്കുന്നു എന്നു വന്നാലും, അതുകൊണ്ട് (വലിയ) നന്മയൊന്നും വരുകയില്ല. കാരണം, ഭാരതത്തിലെ കടുത്ത ദാരിദ്ര്യം. പാവപ്പെട്ട കുട്ടികള്‍ പിതാക്കന്മാരെ സഹായിക്കാന്‍ പാടത്തുപോകയോ മറ്റു തരത്തില്‍ കാലക്ഷേപമാര്‍ഗ്ഗം തിരക്കയോ ആകും ചെയ്യുക: അല്ലാതെ പള്ളിക്കൂടങ്ങളില്‍ പോകയാവില്ല. മല മുഹമ്മദിന്റെ അടുക്കല്‍ വരുന്നില്ലെങ്കില്‍, മുഹമ്മദു മലയിലേക്കു പോകണം. പാവപ്പെട്ട പയ്യന്ന് വിദ്യാഭ്യാസം തേടി വരാന്‍ വയ്യെങ്കില്‍ വിദ്യാഭ്യാസം അവനെ തിരക്കി ച്ചെല്ലണം. നമ്മുടെ നാട്ടില്‍ ഏകാഗ്രനിഷ്ഠയും ആത്മത്യാഗവുമുള്ള ആയിരമായിരം സന്ന്യാസിമാരുണ്ട് മതം പഠിപ്പിച്ചുകൊണ്ടു ഗ്രാമം തോറും നടക്കുന്നു: അവരില്‍ച്ചിലരെ മതേതരമായ അറിവു കൊടുക്കുന്നവര്‍കൂടിയായി സംഘടിപ്പിച്ചാല്‍, ഓരോ ദിക്കിലും ചെന്ന്, വീടു തോറും നടന്ന്, മതം പ്രചരിപ്പിക്കമാത്രമല്ല, പഠിപ്പിക്കയും ചെയ്യും. ഇവരില്‍ രണ്ടുപേര്‍ വൈകുന്നേരം ഒരു ഗ്രാമത്തിലേക്കു ‘ക്യാമറ’യും ഭൂഗോളവും ഭൂപടങ്ങളും മറ്റും കൊണ്ടുചെന്നെന്നു വിചാരിക്കുക: ധാരാളം ജ്യോതിഃശാസ്ര്തവും ഭൂമിശാസ്ര്തവും അറിവില്ലാത്തവര്‍ക്കു പറഞ്ഞുകൊടുക്കാം. പല ജനതകളെപ്പറ്റിയുള്ള കഥകള്‍ പറഞ്ഞ് ഒരായുഷ്‌കാലം മുഴുവന്‍കൊണ്ടു പുസ്തകങ്ങളിലൂടെ കിട്ടാവുന്നതിന്റെ നൂറുമടങ്ങ് അറിവ്, പാവങ്ങള്‍ക്കു ചെവിയിലൂടെ നല്കാന്‍ കഴിയും. ഇതിന്നായി ഒരു സംഘടന വേണം. എന്നുവെച്ചാല്‍ പണം വേണമെന്നര്‍ത്ഥം. ഈ പദ്ധതിയനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഭാരതത്തില്‍ വേണ്ടത്ര ആളുകളുണ്ട്: പക്ഷേ, കഷ്ടം, അവര്‍ക്കു പണമില്ല. ഒരു ചക്രം കറക്കി വിടുക വളരെ വിഷമമുള്ള കാര്യമാണ്: പക്ഷേ, ഒരിക്കല്‍ കറക്കിവിട്ടാല്‍, കൂടുതല്‍ കൂടുതല്‍ വേഗത്തില്‍ അതു ചലിച്ചുകൊണ്ടിരിക്കും. എന്റെ നാട്ടില്‍ സഹായം തേടുകയും ധനികരുടെ സഹാനുഭൂതി നേടുന്നതില്‍ പരാജയപ്പെടുകയും ചെയ്തതിനുശേഷം, ഞാന്‍ തിരുമനസ്സിലെ തുണയോടുകൂടി ഈ നാട്ടിലെത്തി. ഭാരതത്തിലെ പാവങ്ങള്‍ മരിക്കട്ടെ, ജീവിക്കട്ടെ, അമേരിക്കര്‍ക്ക് അതില്‍ ഒട്ടും വക വെയ്പ്പില്ല. എന്തിനവര്‍ വകവെയ്ക്കണം? നമ്മുടെ സ്വന്തം ആളുകള്‍ തന്നെ തനതു സ്വാര്‍ത്ഥമല്ലാതെ മറ്റൊന്നും വകവെയ്ക്കുന്നവരല്ലല്ലോ.ഉദാരനായ രാജന്‍, ഈ ജീവിതം ഹ്രസ്വമാണ്. ലോകത്തിലെ പൊള്ളത്തരങ്ങള്‍ പെട്ടെന്നു മങ്ങിമറയും: മറ്റുള്ളവര്‍ക്കുവേണ്ടി ജീവിക്കുന്നവര്‍മാത്രമേ ജീവിക്കുന്നവരായുള്ളൂ. ശേഷമുള്ളവര്‍ ജീവിച്ചിരിക്കയല്ല, മരിച്ചിരിക്കയാണ്. അങ്ങയെപ്പോലെ, ഉത്കൃഷ്ടനും ഉദാരചിത്തനും രാജവംശ്യനുമായ ഒരു ഭാരതീയന്നു ഭാരതത്തെ വീണ്ടും തന്‍കാലില്‍ നിര്‍ത്തുന്നതില്‍ വളരെയൊക്കെ ചെയ്യാന്‍ കഴിയും: അങ്ങനെ, വരാനിരിക്കുന്ന തലമുറകള്‍ക്ക് ആരാദ്ധ്യമാവുന്ന ഒരു പേര് അവശേഷിപ്പിക്കുവാനും സാധിക്കും.ഭഗവാന്‍ അങ്ങയുടെ ഉദാരഹൃദയത്തില്‍ ഭാരതത്തിലെ കഷ്ടപ്പെടു ന്നവരും അജ്ഞരുമായ ദശലക്ഷങ്ങളുടെ നേരെ അനുകമ്പയുള വാക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു
– വിവേകാനന്ദന്‍