സ്വാമി വിവേകാനന്ദന്‍

കല്‍ക്കത്തയിലെ അനുമോദനപത്രികക്കു മറുപടി

ഈ അടുത്ത കാലത്തു കല്‍ക്കത്താ ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളും എന്റെ കൂട്ടുപൗരന്മാര്‍ അയച്ചുതന്ന സ്നേഹസമ്പന്നമായ സന്ദേശവും കൈപ്പറ്റി. ശ്രീമാന്‍, എന്റെ എളിയ സേവനങ്ങളെപ്പറ്റിയുള്ള അങ്ങയുടെ അനുമോദനത്തിന് ഏറ്റവും അകൈതവമായ കൃതജ്ഞത കൈക്കൊള്ളുക. ഒരു വ്യക്തിക്കോ ജനതയ്‌ക്കോ മറ്റുള്ളവരോടു സമ്പര്‍ക്കം പുലര്‍ത്താതെ ജീവിക്കാവതല്ലെന്നാണ് എന്റെ പൂര്‍ണ്ണവിശ്വാസം. മഹത്ത്വം, നയം, പവിത്രത എന്നിവയെപ്പറ്റിയുള്ള തെറ്റായ ആശയങ്ങളുടെ പേരില്‍ അത്തരം സമാരംഭമുണ്ടായാപ്പോഴെല്ലാം ബഹിഷ്‌കര്‍ത്താക്കള്‍ക്കു നേരിട്ട അനുഭവം ദുരന്തമായിരുന്നുതാനും.

എന്റെ അഭിപ്രായത്തില്‍, ഭാരതത്തിന്റെ അധഃപതനത്തിന്റെ തരംതാഴ്ചയുടെയും വമ്പിച്ച ഒറ്റക്കാരണം, ജനതയ്ക്കു ചൂഴെ കീഴ്‌നടപടികളുടേതായ കോട്ട കെട്ടിയുയര്‍ത്തിയതാണ്. ഈ കോട്ടയുടെ അടിസ്ഥാനം പരദ്വേഷമായിരുന്നു. പഴയ കാലത്ത് ഇതിന്റെ ഉന്നം, ചുറ്റുപാടുമുള്ള ബൗദ്ധജനതകളുമായി ഹിന്ദുക്കളെ സമ്പര്‍ക്കത്തിലേര്‍പ്പെടുത്താതിരിക്കലുമായിരുന്നു.

അതിന്റെമേല്‍ പ്രാചീനവും അര്‍വ്വാചീനവുമായ വിതണ്ഡവാതം ഏതു തിരശ്ശീല ചാര്‍ത്തിയാലും അവശ്യംഭാവിയായ ഫലമിതാണ്; പ്രാചീനവംശങ്ങളുടെ മുന്നണിയില്‍നിന്ന വംശം ഇന്നിതാ ജനതകളുടെ ഇടയില്‍ ഒരു പഴഞ്ചൊല്ലായിരിക്കുന്നു, പരിഹാസ്യമായിരിക്കുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഇദംപ്രഥമമായി കണ്ടുപിടിച്ചു വിവേചിച്ച ആ നിയമത്തിന്റെ നിഷേധത്തിനുള്ള സാധനപാഠങ്ങളായിരിക്കയാണ് നാം. കൊടുക്കയും കൊള്ളുകയും ചെയ്ക – ഇതാണു നിയമം. ഭാരതം സ്വയം ഉയരാന്‍ കൊതിക്കുന്നെങ്കില്‍, ഭാരതീയങ്ങളായ നിധികള്‍ വെളിയിലെടുത്തു ഭൂമുഖത്തുള്ള ജനതകളുടെ ഇടയില്‍ വിതറുക ഒഴിച്ചുകൂടാത്ത ഒരാവശ്യമാണ്. പകരം മറ്റുള്ളവര്‍ക്കു തരാനുള്ളതു കൈക്കൊള്ളാന്‍ ഭാരതം തയ്യാറുമാകണം. വികാസമാണ് ജീവിതം, ഹ്രാസം മരണവും, സ്നേഹമാണ് ജീവിതം, ദ്വേഷം മരണവും. അന്യവംശങ്ങളെ ദ്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍ നാം മരിക്കാനും തുടങ്ങി. ജീവിതമാകുന്ന വികാസത്തിലേക്കു മടങ്ങിയില്ലെങ്കില്‍, നമ്മുടെ മരണം തടയാന്‍ ഒന്നിനും കഴിയില്ലതാനും.

അതിനാല്‍, നാം ലോകത്തുള്ള എല്ലാ ജനതകളോടും ചേര്‍ന്നു കഴിയണം. അന്ധവിശ്വാസങ്ങളുടെയും സ്വാര്‍ത്ഥത്തിന്റെയും ഭാണ്ഡങ്ങളായ നൂറുനൂറാളുകളെക്കാള്‍ വിദേശങ്ങളില്‍ സഞ്ചരിക്കുന്ന ഓരോ ഹിന്ദുവും സ്വരാജ്യത്തിനു കൂടുതല്‍ നന്മ ചെയ്യുന്നു. ആദ്യം പറഞ്ഞവരുടെ ഒരേയൊരു ജീവിതലക്ഷ്യം വൈക്കോല്‍ക്കൂട്ടിലെ പട്ടിയുടേതാണുതാനും. പടിഞ്ഞാറന്‍ജനതകള്‍ ഉയര്‍ത്തിയിട്ടുള്ള അദ്ഭുതങ്ങളായ ജനതാജീവിതസൗധങ്ങളുടെ ദൃഢസ്തംഭങ്ങള്‍ അവരുടെ സ്വഭാവമാണ്. അത്തരക്കാരെ ധാരാളമായി ഉളവാക്കുന്നതുവരെ ഈ ശക്തിക്കോ ആ ശക്തിക്കോ എതിരായി മുറുമുറുക്കുന്നതു വെറുതെയാണു താനും.

മറ്റുള്ളവര്‍ക്ക് സ്വതന്ത്ര്യം കൊടുക്കാത്തവരാരാനും സ്വാതന്ത്ര്യത്തിന്നര്‍ഹരാണോ? നമുക്കു ശാന്തമായി ആണത്തത്തോടുകൂടി പണിയെടുക്കാം. വ്യര്‍ത്ഥമായ മറുമുറുപ്പുകളിലും തട്ടിക്കയറ്റങ്ങളിലുമായി നമ്മുടെ വീര്യം വ്യയപ്പെടുത്തരുത്. ഒരുവനും അവന്‍ ശരിയായര്‍ഹിക്കുന്നതു കൊടുക്കാതെ കഴിക്കാന്‍ ലോകത്തിലൊരു ശക്തിക്കും കഴിവില്ലെന്നാണ് എന്നെസ്സംബന്ധിച്ചിടത്തോളമുള്ള വിശ്വാസം. കഴിഞ്ഞ കാലങ്ങള്‍ വലുതുതന്നെയായിരുന്നു, തീര്‍ച്ച. എന്നാല്‍ എന്റെ ഉള്ളഴിഞ്ഞ വിശ്വാസം വരാന്‍പോകുന്ന കാലങ്ങള്‍ കൂടുതല്‍ മഹനീയമാകുമെന്നത്രേ. പരിശുദ്ധിയിലും ക്ഷാന്തിയിലും സ്ഥിരശ്രമത്തിലും നിന്നു തെറ്റാതെ, ശങ്കരന്‍ നമ്മെ കാത്തുരക്ഷിക്കട്ടെ!