സ്നേഹവും കൃതജ്ഞതയും വിശ്വാസവും നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് ഞാന്‍ നിങ്ങള്‍ക്കെഴുതാന്‍ പേനയെടുക്കുന്നത്. എന്റെ ജീവിതത്തില്‍ കണ്ടെത്തിയിട്ടുള്ളവരില്‍വെച്ച് വിശ്വാസത്തികവുള്ള ചുരുക്കം ചിലരിലൊരാളാണ് നിങ്ങളെന്ന് ഒന്നാമതായി നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ. വികാരത്തിന്റെയും വിജ്ഞാനത്തിന്റെയും ഒരദ്ഭുതസമ്മേളനം നിങ്ങള്‍ സര്‍വ്വാത്മനാ സ്വായത്തമാക്കിയിട്ടുണ്ട്: ഒപ്പം, ആശയങ്ങളെ യഥാര്‍ത്ഥീകരിക്കുവാനുള്ള പ്രായോഗികസാമര്‍ത്ഥ്യവും.
ഭാരതത്തില്‍ തുടങ്ങിയിട്ടുള്ള ജോലി വേണ്ടതുപോലായിട്ടുണ്ട്. അതങ്ങനെ തുടര്‍ന്നാല്‍മാത്രം പോരാ: കവിഞ്ഞ വീര്യത്തോടുകൂടി മുന്നോട്ടു കൊണ്ടുപോകുകകൂടി വേണം. ഇപ്പോഴല്ലെങ്കില്‍, പിന്നെ ഒരിക്കലും അതിനു സമയം കിട്ടില്ല: വിശാലവും വിദൂരവുമായ മട്ടില്‍, എല്ലാമൊന്നു നോക്കിക്കണ്ടതിനുശേഷം, താഴെ ചേര്‍ക്കുന്ന പദ്ധതിയിലാണ് എന്റെ മനസ്സ് ഉറച്ചുനില്ക്കുന്നത്. ഒന്നാമത് മദ്രാസില്‍ ഒരു ഈശ്വരവിജ്ഞാനമഹാവിദ്യാലയം തുറക്കുന്നതു നന്നാവും. അതിന്റെ പ്രവര്‍ത്തനമണ്ഡലം ക്രമേണ വികസിപ്പിക്കണം. ഉദ്ദേശ്യം, വേദങ്ങളെയും ഭാഷ്യങ്ങളെയും ദര്‍ശനങ്ങളെയും ലോകത്തുള്ള മറ്റു മതങ്ങളെയുംപറ്റി ചെറുപ്പക്കാര്‍ക്കു തികഞ്ഞൊരു വിദ്യാഭ്യാസം നല്കുക: ഇതോടൊപ്പം, ഈ മഹാവിദ്യാലയത്തിന്റെ നാവെന്ന നിലയില്‍, ദേശഭാഷയിലും ഇംഗ്ലീഷിലുമായി ഓരോ പത്രം തുടങ്ങുകയും വേണം.
ഇതാണ് ഒന്നാമത്തെ ചുവടുവെയ്പ്. ചെറിയ തുടക്കങ്ങളില്‍ നിന്നാണ് വലിയ കാര്യങ്ങള്‍ രൂപംകൊള്ളുക. ജീവിതത്തിന്റെ പ്രാചീനവും അര്‍വാചീനവുമായ വശങ്ങള്‍ സബഹുമാനം മനസ്സിലാക്കി വരുന്ന മദ്രാസ് ഇപ്പോള്‍ ഒരു സുവര്‍ണ്ണമദ്ധ്യമമാര്‍ഗ്ഗം സ്വീകരിച്ചിരി ക്കയാണ്.
സമുദായത്തെ പൂര്‍ണ്ണമായി പുനഃസംഘടിപ്പിക്കണമെന്ന കാര്യത്തില്‍ ഭാരതത്തിലെ അഭ്യസ്തവിദ്യരോട് എനിക്കു തികച്ചും യോജിപ്പാണുള്ളത്. പക്ഷേ അതെങ്ങനെ ചെയ്യണം? പരിഷ്‌കര്‍ത്താക്കളുടെ വിനാശകമായ പദ്ധതികളെല്ലാം പരാജയപ്പെട്ടിരിക്കയാണ്. എന്റെ പദ്ധതിയിതാ; കഴിഞ്ഞ കാലത്തു നാം തീരെ മോശക്കാരല്ലായിരുന്നു, തീര്‍ച്ച. നമ്മുടെ സമുദായം ചീത്തയല്ല: മറിച്ച് നല്ലതാണ്: കുറേക്കൂടി മെച്ചപ്പെടണമെന്നാണ് എന്റെ ആഗ്രഹമെന്നുമാത്രം. തെറ്റില്‍നിന്നു ശരിയിലേക്കല്ല, ചീത്തയില്‍നിന്നു നല്ലതിലേക്കല്ല, പിന്നെയോ ശരിയില്‍ നിന്നു കൂടുതല്‍ ഉയര്‍ന്ന ശരിയിലേക്ക്: നല്ലതില്‍നിന്നു കൂടുതല്‍ ഉയര്‍ന്ന, ഏറ്റവുമുയര്‍ന്ന, നല്ലതിലേക്ക്. എന്റെ നാട്ടുകാരോടു ഞാന്‍ പറയുന്നു; നിങ്ങള്‍ ചെയ്തിട്ടുള്ളത്, ഇത്രത്തോളം, നന്നുതന്നെ: ഇപ്പോഴിതാ, കൂടുതല്‍ നന്നായി ചെയ്യാനുള്ള കാലമാണ്.
ജാതികാര്യംതന്നെ എടുക്കുക. സംസ്‌കൃതത്തില്‍ ജാതി, അതായത് വര്‍ഗ്ഗം, ഇതാണ് സൃഷ്ടിയെപ്പറ്റിയുള്ള ആദ്യത്തെ ആശയംതന്നെ. വിചിത്രത, അതായത് ജാതി, ഇതുതന്നെയാണ് സൃഷ്ടി. ”ഞാന്‍ ഒന്നാണ്: ഞാന്‍ പലതായിത്തീരുന്നു” (വേദങ്ങളില്‍ പലേടത്തും). സൃഷ്ടിക്കു മുമ്പ് ഏകത്വം. വൈചിത്ര്യമാണ് സൃഷ്ടി. ഈ വൈചിത്ര്യം നിലച്ചാല്‍, സൃഷ്ടി നശിക്കും. ഏതെങ്കിലും വര്‍ഗ്ഗം വീര്യവത്തും സക്രിയവുമായിരിക്കുന്നിടത്തോളം, അതു വൈചിത്ര്യങ്ങള്‍ ഉളവാക്കിക്കൊണ്ടിരിക്കും. വൈചിത്ര്യങ്ങള്‍ ഉളവാക്കാതിരുന്നാല്‍, അഥവാ അതു വിഘ്‌നപ്പെട്ടാല്‍, ആ വര്‍ഗ്ഗം മൃതിപ്പെടുന്നു. ജാതിയുടെ തുടക്കത്തിലുള്ള ആശയം, സ്വന്തം പ്രകൃതിയെ, ജാതിയെ, ആവിഷ്‌കരിക്കുവാന്‍ വ്യക്തിക്കുള്ള സ്വാതന്ത്ര്യംതന്നെയായിരുന്നു. അങ്ങനെ ബഹുസഹസ്രം വര്‍ഷങ്ങള്‍ അതു നിലനില്ക്കുകയും ചെയ്തു. ഏറ്റവും അര്‍വാചീനമായ ഗ്രന്ഥങ്ങളില്‍പ്പോലും മിശ്രഭോജനം നിഷേധിക്കപ്പെട്ടിട്ടില്ല: കൂടുതല്‍ പഴക്കമുള്ള ഗ്രന്ഥങ്ങളില്‍ മിശ്രവിവാഹവും നിഷിദ്ധമല്ല. പിന്നെ ഭാരതത്തിന്റെ അധഃപതനത്തിന്നുള്ള കാരണമെന്ത്? ജാതിയെക്കുറിച്ചുള്ള ഈ ആശയം കൈവെടിഞ്ഞതുതന്നെ. ഗീത പറയുംപോലെ, ജാതി നശിച്ചാല്‍ ലോകമേ നശിക്കും. ഈ വൈചിത്ര്യങ്ങളെല്ലാം നിലച്ചാല്‍ ലോകം നശിക്കുമെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ? ഇന്നത്തെ ജാതിയല്ല നേരായ ജാതി. ഇന്നത്തെ ജാതി പുരോഗതിക്കു പ്രതിബന്ധമാണ്. ജാതിയുടെ, എന്നുവെച്ചാല്‍ വൈചിത്ര്യത്തിന്റെ, സ്വതന്ത്രമായ പ്രവര്‍ത്തനത്തെ അതു മുടക്കിയിരിക്കുന്നു. ഉറച്ചു കട്ടപിടിച്ച കീഴ്‌വഴക്കമോ വിശേഷാവകാശമോ, ഏതെങ്കിലും രൂപത്തില്‍ ജന്മനാ ഉള്ള ജാതിയോ (തനി)ജാതിയുടെ പ്രഭാവത്തെ തടസ്സപ്പെടുത്തുകയത്രേ ചെയ്യുന്നത്. വിപുലമായ ഈ വൈചിത്ര്യമുളവാക്കാന്‍ ഒരു ജനതയ്ക്കു കഴിയാതെ വരുമ്പോള്‍, ആ ജനത അറ്റുപോകതന്നെ വേണം. അതിനാല്‍, എന്റെ നാട്ടുകാരേ, എനിക്കു നിങ്ങളോടു പറയാനുള്ളതിതാണ്; ജാതിയെ വിഘ്‌നപ്പെടുത്തുകയും നശിപ്പിക്കയും ചെയ്തതുകൊണ്ടാണ് ഭാരതം അധഃപതിച്ചത്. മരവിച്ചുപോയ അഭിജാതവര്‍ഗ്ഗങ്ങളെല്ലാം, മാന്യതകളൊത്ത വര്‍ഗ്ഗങ്ങളെല്ലാം, ജാതിക്കു കിട്ടുന്ന പ്രഹരമാണ്, ജാതിവിരുദ്ധമാണ്. ജാതിക്ക് അതിന്റെതായ പ്രഭാവം കൈവരട്ടെ. ജാതിക്കു നേരിടേണ്ടുന്ന പ്രതിബന്ധമെല്ലാം തകര്‍ക്കുക: നാം ഉയരും. യൂറോപ്പിലേക്കു നോക്കൂ. യൂറോപ്പ് ജാതിക്കു സ്വതന്ത്രമായ വിഹാരമനുവദിച്ചപ്പോള്‍, വ്യക്തികളെ തടുത്തുനിര്‍ത്തിയ പ്രതിബന്ധങ്ങള്‍ ഒട്ടുമിക്കതും തട്ടി നീക്കിയപ്പോള്‍, ഓരോരുത്തന്നും അവനവന്റെ ജാതി വികസിപ്പിക്കാന്‍ കഴിഞ്ഞു: യൂറോപ്പുയര്‍ന്നു. അമേരിക്കയില്‍, ശരിയായ ജാതിക്കു വികസിക്കാന്‍ തികച്ചും പറ്റിയ ചുറ്റുപാടുകളാണുള്ളത്. അതിനാല്‍ അവിടത്തെ ആളുകളും പെരുമപ്പെട്ടവരാണ്. ഓരോ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിക്കുമ്പോള്‍ത്തന്നെ, ജ്യോതിഷക്കാര്‍ അവരുടെ ജാതി തിട്ടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് ഓരോ ഹിന്ദുവിനും അറിവുള്ളതാണല്ലോ. അതാണ് ശരിയായ ജാതി, വ്യക്തിത്വം. ജ്യോതിഷക്കാരന്നതറിയാം. ആ ജാതിക്കു പൂര്‍ണ്ണമായ സ്വാതന്ത്ര്യമനുവദിച്ചാലേ നമുക്ക് ഉയരാന്‍ കഴിയൂ. ഈ വൈചിത്ര്യത്തിന്റെ അര്‍ത്ഥം അസമത്വമെന്നോ സവിശേഷമായ മാന്യതയെന്നോ അല്ല.
ഹിന്ദുക്കള്‍ക്ക് ഉപേക്ഷിക്കേണ്ടതായിട്ടൊന്നുമില്ല. ഋഷിമാര്‍ വരച്ച രേഖയിലൂടെ മുന്നോട്ടു നീങ്ങുകയും, ശതകങ്ങളായുള്ള അടിമത്തത്തിന്റെ ഫലമായ ആലസ്യം കുടഞ്ഞുകളയുകയും ചെയ്താല്‍ മതി എന്നു കാട്ടിക്കൊടുക്കയാണ് എന്റെ പദ്ധതി. മുഹമ്മദീയരുടെ നിപീഡനം ഉണ്ടായപ്പോള്‍, സ്വാഭാവികമായി, നമ്മുടെ പുരോഗതി നിലച്ചു. അപ്പോള്‍ പ്രശ്‌നം പുരോഗതിയുടേതല്ലായിരുന്നു: ജീവിതമരണങ്ങളുടേതായിരുന്നു. ഇപ്പോള്‍ ആ സമ്മര്‍ദ്ദം അറ്റിരിക്കയാണ്. നമുക്കു മുന്നോട്ടു നീങ്ങണം, ഭ്രഷ്ടന്മാരുടെയും ക്രിസ്തീയമതപ്രചാരകന്മാരുടെയും നേതൃത്വത്തിനു വഴങ്ങി വിനാശത്തിന്റെ മാര്‍ഗ്ഗത്തിലൂടെയല്ല: നമ്മുടേതായ രേഖയിലൂടെ, നമ്മുടേതായ മാര്‍ഗ്ഗത്തിലൂടെ: കെട്ടിടം പൂര്‍ത്തിയാക്കാഞ്ഞതുകൊണ്ടാണ് എല്ലാം വികൃതമായിരിക്കുന്നത്. മര്‍ദ്ദനത്തിന്റെതായ യുഗങ്ങളില്‍ നമുക്കു പണി നിര്‍ത്തേണ്ടിവന്നുകൂടി. ഇപ്പോള്‍ ആ കെട്ടിടം പൂര്‍ത്തിയാക്കണം. എല്ലാം അതാതിന്റെ സ്ഥാനത്തു സുന്ദരമെന്നു കാണപ്പെടും. ഇതാണ് എന്റെ പദ്ധതി. എനിക്ക് ഇതില്‍ ഉറച്ച വിശ്വാസമുണ്ട്. ഓരോ ജനതയ്ക്കും ജീവിതത്തില്‍ അതിന്‍േറതായ ഒരു പ്രമുഖധാരയുണ്ട്. ഭാരതത്തില്‍ ഇതു മതമാണ്. ഇതു പ്രബലപ്പെടുത്തുക. ഇതിന്റെ രണ്ടു വശത്തുമുള്ള വെള്ളം അപ്പോള്‍ അതിന്നൊത്തു മുന്നോട്ടു നീങ്ങണം. ഇതാണ് എന്റെ ചിന്താഗതിയുടെ ഒരു വശം. യഥാകാലം, അതൊക്കെ പ്രകാശിപ്പിക്കാമെന്നു ഞാനാശിക്കുന്നു. ഇപ്പോള്‍ ഈ നാട്ടിലും എനിക്കു ചെയ്തുതീര്‍ക്കേണ്ട ഒരു കര്‍ത്തവ്യമുണ്ട്. കൂടാതെ, ഈ നാട്ടിലാണ്, ഈ നാട്ടില്‍മാത്രമാണ്, ഞാന്‍ സഹായം പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇന്നുവരെ എന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഇതുപോലൊരു ശ്രമം ഭാരതത്തിലും നടത്തണമെന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു.എനിക്ക് എപ്പോള്‍ ഭാരതത്തിലേക്കു മടങ്ങാന്‍ കഴിയുമെന്നു നിശ്ചയമില്ല. ഞാന്‍ ഭഗവാന്റെ നേതൃത്വം അനുസരിക്കയാണ്: ഞാന്‍ അവിടുത്തെ കൈയിലാണ്.’വിത്താന്വേഷണവ്യഗ്രമായ ഈ ലോകത്തില്‍, ഭഗവന്‍, ഞാന്‍ കണ്ടെത്തിയ ഏറ്റവും വിലപ്പെട്ട രത്‌നം അവിടുന്നാണ്. അവിടേക്കായി ഞാന്‍ സ്വയം ആഹുതി ചെയ്യുന്നു.” ”സ്നേഹിക്കാവുന്നൊന്നിനെ തിരക്കുന്ന ഞാന്‍ കണ്ടെത്തിയ ഒരേ സ്നേഹഭാജനം അവിടുന്നാണ്. അവിടേക്കായി ഞാന്‍ സ്വയം ആഹുതി ചെയ്യുന്നു.” (യജുര്‍വേദസംഹിത).നിങ്ങളെ ഭഗവാന്‍ സദാ അനുഗ്രഹിക്കട്ടെ!