സ്വാമി വിവേകാനന്ദന്‍

വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും
വൈദികകാലപുരോഹിതന്മാര്‍ക്കുണ്ടായിരുന്ന ബലോത്കര്‍ഷത്തിന്റെ മേല്‍ക്കിടശക്തിക്ക് അടിസ്ഥാനം അവരുടെ മന്ത്രജ്ഞാനമത്രേ. മന്ത്രങ്ങളുടെ ശക്തികൊണ്ട്, ദേവന്മാര്‍ സ്വന്തം ദിവ്യലോകങ്ങളില്‍ നിന്ന് ഇറങ്ങിവന്ന് തങ്ങള്‍ക്കായി നല്കപ്പെടുന്ന ഭോജ്യപേയങ്ങള്‍ കൈക്കൊള്ളുവാനും, യജമാനന്മാരുടെ പ്രാര്‍ത്ഥനകള്‍ നിറവേറ്റുവാനും നിര്‍ബദ്ധരാകുന്നു. അതിനാല്‍ രാജാക്കന്മാരും പ്രജകളും, ഐഹികക്ഷേമത്തിന്നായി, ഈ പുരോഹിതന്മാരെ ആശ്രയിച്ചുവരുന്നു. പുരോഹിതന്‍ രാജാവായ സോമനെ ആരാധിക്കുന്നു: അയാളുടെ മന്ത്രങ്ങള്‍ വഴിയായി സോമരാജന്‍ പുഷ്ടി പ്രാപിക്കയും ചെയ്യുന്നു. അങ്ങനെ പുരോഹിതന്‍ നല്കുന്ന സോമലതാരസത്തില്‍ രസിക്കുന്ന ദേവന്മാര്‍ അയാളോടു സദാ സദയരാണ്: അയാള്‍ക്കു വേണ്ട വരങ്ങള്‍ നല്കുകയും ചെയ്യുന്നു. അങ്ങനെ ദേവതാനുഗ്രഹത്തിലൂടെ പ്രബലനായ പുരോഹിതന്‍ മനുഷ്യരുടെ എതിര്‍പ്പിനെ തൃണവത്കരിക്കുന്നു. ദേവതാശക്തിക്കെതിരായി മര്‍ത്ത്യശക്തിക്ക് എന്തു ചെയ്യാന്‍ കഴിയും? ഐഹികശക്തികള്‍ക്കെല്ലാം കേന്ദ്രമായ രാജാവുപോലും പുരോഹിതന്റെ വാതില്‍ കാക്കുന്നു. ഇയാളുടെ ദയാമസൃണമായ കടാക്ഷമാണ് ഏറ്റവും വലിയ തുണ: ഇയാളുടെ വെറും അനുഗ്രഹം രാഷ്ട്രത്തിന്ന് സര്‍വോത്കൃഷ്ടമായ നേട്ടമത്രേ.

ചിലപ്പോള്‍ മരണവും ദുരന്തവും നിറഞ്ഞ ഇടപാടുകളിലേര്‍പ്പെടാന്‍ പുരോഹിതന്‍ രാജാവിനെ അനുശാസിക്കുന്നു: ചിലപ്പോള്‍ സ്നേഹമസൃണവും ബുദ്ധിപൂര്‍വവുമായ ഉപദേശങ്ങള്‍ നല്കിക്കൊണ്ട് രാജാവന്റെ ഉറ്റമിത്രമായി വര്‍ത്തിക്കുന്നു: ചിലപ്പോള്‍ സുസൂക്ഷ്മമായ മന്ത്രതന്ത്രങ്ങളാകുന്ന വല വീശി രാജാവിനെ നിഷ്പ്രയാസം കുടുക്കുന്നു – ഇങ്ങനെ പുരോഹിതന്‍ രാജശക്തിയെ തികച്ചും സ്വായത്തമാക്കുന്നതു കാണാം. രാജാക്കളായ സ്വപൂര്‍വികന്മാരുടെയും തന്റെയും തന്റെ വംശത്തിന്റെയും പേരും പെരുമയും പുരോഹിതന്റെ പേനത്തുമ്പത്താണ് നിലകൊള്ളുന്നതെന്ന ബോധമാണ് എല്ലാറ്റിലും വെച്ച് ഏറ്റവും ഭയങ്കരം. പുരോഹിതനാണ് ചരിത്രകാരന്‍. ഭരണകാലത്തു വളരെ മഹനീയതയിലെത്തിയ രാജാവിനു സര്‍വാതിശായിയായ പ്രതാപമുണ്ടായെന്നുവരാം: അദ്ദേഹം സ്വന്തം പ്രജകള്‍ക്ക്, മാതാവും പിതാവും ഒന്നിച്ചാലത്തെപ്പോലെയാവാം. എന്നാലും പുരോഹോതിനെ പ്രീണിപ്പിച്ചില്ലെങ്കില്‍, അന്ത്യശ്വാസത്തോടൊത്ത് രാജാവിന്റെ യശഃപ്രഭാകരന്‍ എന്നെന്നേക്കുമായി അസ്തമിക്കുന്നു. അഖിലലോകപ്രശസ്തിയര്‍ഹിക്കുന്ന അദ്ദേഹത്തിന്റെ യോഗ്യതയും ഉപകാരിതയുമൊക്കെ, കടലില്‍ പൊഴിയുന്ന നേരിയ മഞ്ഞുതുള്ളിപോലെ, കാലത്തിന്റെ വിശാലമായ ഗര്‍ഭത്തില്‍ വീണു മറയുന്നു. പല വര്‍ഷങ്ങള്‍ നീണ്ടു നിന്നുപോന്ന വമ്പിച്ച യാഗങ്ങള്‍ തുടങ്ങിവെച്ചവര്‍, അശ്വമേധാദിയാഗങ്ങളുടെ ആഹര്‍ത്താക്കള്‍, പുരോഹിതപ്പരിഷയുടെമേല്‍, മഴക്കാലത്തെ പേമാരിക്കൊത്ത നിരവധി ദാനങ്ങള്‍ വര്‍ഷിച്ചവര്‍ – ഇക്കൂട്ടരുടെ പേരുകള്‍ ലോകചരിത്രത്തിന്റെ ഏടുകളെ പ്രശോഭിപ്പിക്കുന്നതു പുരോഹിതന്മാരുടെ കനിവുകൊണ്ടാണ്. ദേവപ്രിയനായ പ്രിയദര്‍ശി ധര്‍മ്മാശോകന്റെ പേരു പുരോഹിതമണ്ഡലത്തില്‍ വെറുമൊരു പേരുമാത്രം. എന്നാല്‍ ഓരോ ഹൈന്ദവകുടുംബത്തിലും പരീക്ഷിത്തിന്റെ പുത്രനായ ജനമേജയന്‍ സുപരിചിതനാണുതാനും.

രാഷ്ട്രത്തെ രക്ഷിക്കാനും, രാജാവിന്റെയും വമ്പിച്ച അനുയായി വര്‍ഗ്ഗത്തിന്റെയും സുഖസൗകര്യങ്ങള്‍ക്കും ധാരാളിത്തത്തിനുംവേണ്ട ചെലവുകള്‍ നടത്താനും, സര്‍വോപരി പ്രബലമായ പുരോഹിതവര്‍ഗ്ഗത്തിന്റെ സംതൃപ്തിക്കുവേണ്ടി അവരുടെ ഖജനാവു കൂമ്പാരം നിറയ്ക്കാനുമായി, സൂര്യന്‍ ഭൂമിയില്‍നിന്നു ജലം വലിച്ചെടുക്കുംപോലെ രാജാവ് പ്രജകളുടെ സമ്പത്തെല്ലാം സദാ പിഴിഞ്ഞെടുക്കയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് രാജാവിന്റെ ഇരയായിത്തീരുന്നത്, അവിടത്തെ കറവപ്പശുക്കളായി മാറുന്നത്, വൈശ്യരാണ്.

ഹിന്ദുരാജാക്കന്മാരുടെ കീഴിലാകട്ടെ, ബൗദ്ധരാജാക്കന്മാരുടെ കീഴിലാകട്ടെ, സാധാരണരായ പൊതുജനങ്ങള്‍ക്ക് രാഷ്ട്രകാര്യങ്ങളില്‍ സ്വാഭിപ്രായം പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുധിഷ്ഠിരന്‍ വാരണാവതത്തില്‍ താമസിച്ചപ്പോള്‍ വൈശ്യരുടെ, ശൂദ്രരുടെ പോലും, വീടുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന കാര്യം ശരിതന്നെ. അയോദ്ധ്യയില്‍, രാജാവിനു പകരം, രാമചന്ദ്രനെ ഭരണകര്‍ത്താവാക്കണമെന്ന് പ്രജകള്‍ അഭ്യര്‍ത്ഥിക്കുന്നുമുണ്ടുതന്നെ: പോരാ, രഹസ്യമായി അവര്‍ സീതയെ പഴിക്കയും സീതയുടെ നാടുകടത്തലിനു കളമൊരുക്കയും ചെയ്യുന്നുണ്ട്. എന്നാല്‍ അംഗീകാരം സിദ്ധിച്ച ഒരു രാഷ്ട്രീയനടപടിയായി, ഭരണത്തില്‍ പ്രജകള്‍ക്കു നേരിട്ടു ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. പ്രജാശക്തി യാതൊരു ചിട്ടയുമില്ലാതെ, വളഞ്ഞതും നിരപ്പില്ലാത്തതുമായ വഴികളിലൂടെ സ്വയം ആവിഷ്‌കരിക്കാന്‍ വെമ്പുകയാണ് ചെയ്യുന്നത്. ഈ ശക്തിയുണ്ടെന്ന ബോധംപോലും, ഇനിയും പ്രജാസഞ്ചയത്തിനുണ്ടായിട്ടില്ല. ഏകീകൃതമായ പ്രവര്‍ത്തനത്തിനുവേണ്ടി അതു സംഘടിപ്പിക്കാനുള്ള യത്‌നമോ ഇച്ഛാശക്തിയോ ഇല്ലതന്നെ. ചെറുതും അടുക്കില്ലാത്തതുമായ ശക്തികേന്ദ്രങ്ങളെ ഏകീകരിക്കാനും, അങ്ങനെ അപ്രതിഹതമായ ഒരു ശക്തി ഉളവാക്കാനുംവേണ്ട സാമര്‍ത്ഥ്യത്തിന്റെയും വിരുതിന്റെയും തികഞ്ഞ അഭാവമാണ് ഇന്നു നിലവിലുള്ളത്.

യുക്തമായ നിയമങ്ങള്‍ ഇല്ലാത്തതുകൊണ്ടു വന്നതാണോ ഇത്? അല്ല. ഭരണകൂടത്തിന്റെ വിഭിന്നശാഖകളെ പ്രത്യേകമായും വ്യക്തമായും നയിക്കാന്‍ പറ്റിയ നിയമങ്ങളും ചിട്ടകളുമുണ്ട്. കരം പിരിപ്പിക്കുക, സൈന്യത്തെ നിയന്ത്രിക്കുക, നീതി പാലിക്കുക, ശിക്ഷയും പ്രതിഫലവും നല്കുക മുതലായവക്കെല്ലാം ആവശ്യമായ സുസൂക്ഷ്മ നിയമങ്ങള്‍ ഏട്ടില്‍ കൊണ്ടിട്ടുണ്ട്. പക്ഷേ ഇവയുടെയെല്ലാം ചുവട് ഋഷിയുടെ ആദേശമാണ്: പ്രചോദിതനായ ഋഷിയിലൂടെ വരുന്ന ഈശ്വരന്റെ വെളിപാട്, ഐശ്വരമായ പ്രാമാണികവചനമാണ്. നിയമങ്ങളെ ഒട്ടും പിടിച്ചുനീട്ടാന്‍ സാദ്ധ്യമല്ലെന്നുപോലും പറയാം. ഈ നിലയ്ക്ക്, ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസം നേടുക ആളുകള്‍ക്ക് സാദ്ധ്യമല്ല. അങ്ങനെയാണല്ലോ അവര്‍ സഹകരിക്കാന്‍ പഠിക്കേണ്ടതും, പൊതുനന്മക്കുവേണ്ടി ഏതെങ്കിലും ലക്ഷ്യത്തിലെത്താന്‍ ഒരുമിക്കേണ്ടതും. അങ്ങനെയാണല്ലോ, പ്രജകളില്‍നിന്നു രാജാവു പിരിപ്പിച്ച നികുതിയുടെമേല്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ആശയം രൂപപ്പെടുത്താന്‍ പറ്റിയ സംയുക്ത ബുദ്ധിവൈഭവം അവര്‍ക്കുണ്ടാകേണ്ടത്. അഥവാ, രാഷ്ട്രത്തിന്റെ വരവും ചെലവും നിയന്ത്രിക്കുന്ന പ്രതിനിധികളാകാനുള്ള അവകാശം നേടണമെന്ന ആഗ്രഹംകൊണ്ട് ഉത്തേജിതരാകുവാനുള്ള വിദ്യാഭ്യാസംപോലും കൈവരുത്താന്‍ പൊതുജനങ്ങള്‍ക്കു കഴിവില്ലല്ലോ. അവര്‍ എന്തിന് അത്തരം കാര്യങ്ങള്‍ ചെയ്യണം? അവരുടെ അഭ്യുദയത്തിനും പുരോഗതിക്കും ഋഷിയുടെ പ്രചോദനമല്ലേ ഉത്തരവാദി?

ഒന്നുകൂടി. ആ വക നിയമങ്ങളെല്ലാം ഏടുകളിലുണ്ട്. ഏടുകളില്‍ നിയമങ്ങളെ ക്രോഡീകരിക്കുന്നതിനും പ്രായോഗികജീവിതത്തില്‍ അവയെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനും തമ്മില്‍ വലിയ അന്തരമുണ്ട്. ആയിരക്കണക്കിന് അഗ്‌നിവര്‍ണ്ണന്മാര്‍ തുലഞ്ഞതിനുശേഷമാണ് ഒരു രാമചന്ദ്രന്‍ ഉടലെടുക്കുന്നത്! ചണ്ഡാശോകന്റെ ജീവിതം പല രാജാക്കന്മാരും ആവിഷ്‌കരിക്കുന്നുണ്ട്: ധര്‍മ്മാശോകന്മാര്‍ ദുര്‍ലഭരാണ്. അക്ബറെപ്പോലെ പ്രജാജീവിതത്തിന് ആലംബമായി നില്ക്കുന്ന രാജാക്കന്മാരുടെ സംഖ്യ, അറംഗസീബിനെപ്പോലെ പ്രജാരക്തം കുടിച്ചുതടിക്കുന്ന രാജാക്കന്മാരുടേതിനെക്കാള്‍ എത്രയോ കുറവാണ്!

യുധിഷ്ഠിരന്നോ രാമചന്ദ്രന്നോ ധര്‍മ്മാശോകന്നോ അക്ബര്‍ക്കോ ഉള്ളതുപോലത്തെ ദിവ്യപ്രകൃതി രാജാക്കന്മാര്‍ക്കുണ്ടായാലും, ക്ഷേമകരമായ അവരുടെ ഭരണത്തിന്‍കീഴില്‍ പ്രജകള്‍ക്കു സുരക്ഷിതത്വവും അഭ്യുദയവും കൈവന്നാലും, പിതൃനിര്‍വിശേഷമായ വത്‌സലതയോടെ അവര്‍ പ്രജകളെ പരിപാലിച്ചാലും, മറ്റൊരുവന്‍ ഉരുട്ടിത്തരുന്ന ഉരുള എന്നും കഴിച്ചുവരുന്നതിന്റെ കൈയ്ക്ക് ഉരുള ഉരുട്ടിത്തിന്നാനുള്ള കരുത്ത് പയ്യെ നശിക്കയാണ് ചെയ്യുക. മറ്റൊരുവന്‍ എല്ലാത്തരത്തിലും രക്ഷിച്ചുപോരുമ്പോള്‍ ഒരുവന്റെ ആത്മരക്ഷയ്ക്കുള്ള കഴിവ് ഒരിക്കലും തികഞ്ഞ തോതില്‍ പ്രകാശിക്കില്ല: മാതാപിതാക്കന്മാര്‍ ശിശുവിനെപ്പോലെ കരുതി വളര്‍ത്തിപ്പോരുന്ന ബലിഷ്ഠനായ യുവാവുപോലും വെറുമൊരു ശിശുവായിരിക്കയേയുള്ളു. പ്രജകളുടെ പാലനം പോഷണം എന്നീ കൃത്യങ്ങള്‍ തികച്ചും നിര്‍വഹിച്ചുവരുന്ന ദിവ്യപ്രകൃതികളായ രാജാക്കന്മാര്‍ സദാ ഭരിക്കുന്നതുകൊണ്ട് സ്വയംഭരണതത്ത്വങ്ങള്‍ ഗ്രഹിക്കാനുള്ള സന്ദര്‍ഭമേ പ്രജകള്‍ക്കു കൈവരുന്നില്ല. എല്ലാറ്റിനും സര്‍വ്വാത്മനാ രാജാവിനെ ആശ്രയിക്കയും, പൊതുനന്മയ്ക്കും പൊതുരക്ഷയ്ക്കുംവേണ്ടി സ്വയം പ്രയത്‌നിക്കാന്‍ കൂട്ടാക്കാതിരിക്കയും ചെയ്യുന്ന ഒരു ജനതയുടെ സഹജമായ വീര്യവും ശക്തിയും ക്രമേണ നഷ്ടപ്പെടുന്നു. പരാശ്രയത്തിന്റെയും രക്ഷിതത്വത്തിന്‍േറയുമായ ഈ നില നീണാള്‍ തുടര്‍ന്നാല്‍ അതു ജനതയുടെ നാശത്തിനുതന്നെ കാരണമാകും: പിന്നെ അതിന്റെ അറുതി വളരെ ദൂരെയാവില്ല.

മഹാത്മാക്കളുടെ ദിവ്യപ്രതിഭയാല്‍ പ്രചോദിതമായ വിജ്ഞാനത്തില്‍നിന്നുടലെടുത്ത ശാസ്ര്തങ്ങള്‍ അനുശാസിക്കുന്ന നിയമങ്ങള്‍ ഭരണകൂടത്തെ നയിക്കുമ്പോള്‍, അതു സമ്പന്നരുടെയും ദരിദ്രരുടെയും വിജ്ഞരുടെയും അജ്ഞരുടെയും രാജാവിന്റെയും പ്രജകളുടെയുമൊക്കെ തുടര്‍ച്ചയായ ക്ഷേമത്തിലേക്കു വഴി തെളിക്കുമെന്ന് ന്യായമായും സ്വാഭാവികമായും അനുമാനിക്കണം. എന്നാല്‍, പ്രായോഗിക ജീവിതത്തില്‍ ആവക നിയമങ്ങള്‍ എത്രമാത്രം പ്രാബല്യത്തില്‍ വന്നു, അഥവാ വരാന്‍ കഴിയുമായിരുന്നു എന്നു നാം കണ്ടുകഴിഞ്ഞതാണ്. പ്രാചീനഭാരതത്തില്‍ ഭരണീയരുടെ ശബ്ദത്തിനു നാട്ടിലെ ഭരണകൂടത്തില്‍ തീരെ അംഗീകാരമില്ലായിരുന്നു എന്നു പറയാന്‍ തരമില്ല. ഇന്നത്തെ പാശ്ചാത്യലോകത്തിന്റെ മുദ്രാവാക്യംതന്നെ ഭരണകൂടത്തില്‍ ഭരണീയര്‍ക്കു ശബ്ദമുയര്‍ത്താന്‍ കഴിയുക എന്നതത്രേ. ”ഇവിടത്തെ നാട്ടാരുടെ ഭരണകൂടം അവര്‍, അവരുടെതന്നെ നന്മയ്ക്കായി, നടത്തുന്നതായിരിക്കണം” എന്ന് അമേരിക്കയിലെ ഭരണകൂടത്തിന്റെ വിജ്ഞാപനത്തില്‍ കാണുന്ന വാക്കുകളില്‍ മേല്‍ച്ചൊന്ന തത്ത്വം ഇടിനാദത്തില്‍ മുഴങ്ങുന്നതു കേള്‍ക്കാം. നമ്മുടെ രാജ്യത്തിലെങ്ങും ചെറുതും സ്വതന്ത്രവുമായ പല രാഷ്ട്രങ്ങള്‍ നിലവിലിരുന്നതായി യവനസഞ്ചാരികളും മറ്റും നേരില്‍ കണ്ടിട്ടുണ്ട്: ബൗദ്ധസാഹിത്യത്തില്‍ പലേടത്തും ഈ അര്‍ത്ഥത്തിലുള്ള പരാമര്‍ശങ്ങളും കാണുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളില്‍ സ്വയംഭരണത്തിന്റെ വിത്തുകളെങ്കിലും സന്നിഹിതമായിരുന്നു എന്നതു തര്‍ക്കമറ്റ സംഗതിയാണ്. ഭാരതത്തില്‍ പലേടത്തും ഇന്നും ഈ പഞ്ചായത്തുകള്‍ കാണുന്നുണ്ട്. പക്ഷേ വിത്തു വിത്തായിത്തന്നെ അവശേഷിച്ചു: മണ്ണില്‍ കുഴിച്ചിട്ടിട്ടും അതു വളര്‍ന്നു മരമായില്ല. ഈ സ്വയംഭരണാശയം ബീജാവസ്ഥ വിട്ട് ഗ്രാമപ്പഞ്ചായത്തു വ്യവസ്ഥയില്‍നിന്നു പുറത്തേക്കു വളര്‍ന്നതേയില്ല. അതിനു പരന്ന സമുദായത്തില്‍ വ്യാപിക്കാന്‍ കഴിഞ്ഞില്ല.

മതസംഘങ്ങളില്‍, ബുദ്ധവിഹാരങ്ങളിലെ സന്ന്യാസിമാരുടെ ഇടയില്‍, സ്വയംഭരണം തികച്ചും വളര്‍ന്നിരുന്നു എന്നു കാട്ടാന്‍ വേണ്ടത്ര തെളിവുണ്ട്. ഇന്നും നാഗസന്ന്യാസിമാരുടെ ഇടയില്‍ പഞ്ചായത്തുരീതി, സ്വയംഭരണതത്ത്വങ്ങള്‍ എത്ര ശക്തിമത്തായി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടാല്‍ അദ്ഭുതം തോന്നും. അഞ്ചുപേര്‍ ചേര്‍ന്നു നടത്തുന്ന ഭരണത്തോട് അവര്‍ക്ക് അഗാധമായ ആദരമാണ്. ഓരോ നാഗന്റെയും മതവിഭാഗത്തിനുള്ളില്‍ അയാള്‍ വ്യക്തിയുടെ അവകാശങ്ങളെ എത്ര സഫലതയോടെ പ്രയോഗിക്കുന്നു! നാഗരുടെ ഇടയില്‍ സംഘടനാശക്തി എത്ര ഭംഗിയായി പ്രവര്‍ത്തിക്കുന്നു! അവര്‍ ഒത്തുചേര്‍ന്ന് എങ്ങനെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നു!

ബുദ്ധമതത്തിന്റെ വരവോടുകൂടി നാട്ടിലെങ്ങും ഉണ്ടായ പ്രളയത്തില്‍ പൗരോഹിത്യശക്തി ക്ഷയിക്കയും രാജാശക്തി വളരുകയും ചെയ്തു. ബൗദ്ധപുരോഹിതര്‍ പ്രപഞ്ചം ത്യജിച്ചവരാണ്: അവര്‍ പ്രാപഞ്ചികവ്യാപാരങ്ങളില്‍ ഇടപെടാതെ വീടുവിട്ടു വിഹാരങ്ങളില്‍ പാര്‍ക്കുന്നു. ശപിക്കുമെന്നോ മന്ത്രശക്തി പ്രയോഗിക്കുമെന്നോ ഉള്ള ഭീഷണിയിലൂടെ രാജശക്തിയെ വശപ്പെടുത്തി കീഴടക്കാന്‍ അവര്‍ ആഗ്രഹിക്കയോ പ്രയത്‌നിക്കയോ ചെയ്തില്ല. അത്തരത്തിലൊരാഗ്രഹലേശമുണ്ടായിരുന്നെങ്കില്‍ത്തന്നെ ഇന്ന് അതിന്റെ പരിപൂര്‍ത്തി അസാദ്ധ്യമായിരിക്കുന്നു. കാരണം, ഹവിര്‍ഭക്ഷകരായ എല്ലാ ദേവതകളുടെയും സിംഹാസനങ്ങളെ ബുദ്ധമതം കുലുക്കിയിരിക്കയാണ്: അവരുടെ സ്വര്‍ഗീയസ്ഥാനങ്ങളില്‍നിന്ന് അവരെയെല്ലാം താഴെ വീഴ്ത്തിയിരിക്കയാണ്. ബ്രഹ്മാക്കളുടെയും ഇന്ദ്രന്മാരുടെയും സ്ഥാനങ്ങളെക്കാള്‍ മികച്ചതാണ് ബുദ്ധന്റെ നില. പ്രസ്തുത ബ്രഹ്മാക്കളും ഇന്ദ്രന്മാരും തമ്മില്‍ മത്‌സരിച്ചാണ് ‘ദേവ-മനുഷ്യ’നായ ബുദ്ധന്റെ ചരണങ്ങളില്‍ ആരാധന നടത്തുന്നത്! ബുദ്ധപദവിയിലെത്തുകകൊണ്ടുള്ള മാന്യത ഓരോ മനുഷ്യനും ലഭ്യമാണ്: ഈ ജീവിതത്തില്‍ത്തന്നെ എല്ലാവര്‍ക്കും ഇതു കൈവരുന്നതാണ്. ദേവതകള്‍ താണതിന്റെ സ്വാഭാവികഫലമായി അവര്‍ താങ്ങിനിര്‍ത്തിവന്ന പുരോഹിതന്മാരുടെ മേന്മയും പൊയ്‌പോയിരിക്കുന്നു.

അങ്ങനെ, പ്രബലനായ ആ അശ്വമേധവാജിയുടെ കടിഞ്ഞാണ്‍, രാജശക്തി, വൈദികപുരോഹിതന്റെ ദൃഢമുഷ്ടിയിലല്ല ഇപ്പോള്‍ അമര്‍ന്നിരിക്കുന്നത്. സ്വതന്ത്രമായ ആ കുതിരക്ക് ഇപ്പോള്‍ യഥേച്ഛം, എവിടെ വേണമെങ്കിലും ചുറ്റിത്തിരിയാം. ഈ കാലഘട്ടത്തില്‍, സാമഗാനങ്ങള്‍ ആലപിക്കയും യജുര്‍വേദമനുസരിച്ച് യാഗങ്ങള്‍ നടത്തുകയും ചെയ്യുന്ന പുരോഹിതരല്ല ശക്തിയുടെ കേന്ദ്രസ്ഥാനം. പരസ്പരം തെറ്റിപ്പിരിഞ്ഞ ചെറിയ സ്വതന്ത്രരാഷ്ട്രങ്ങള്‍ ഭരിച്ചുവന്ന ക്ഷത്രിയരുടെ കൈയിലുമല്ല ആ ശക്തി അടങ്ങിയിരിക്കുന്നത്. ഈ കാലഘട്ടത്തിലെ ശക്തികേന്ദ്രം ചക്രവര്‍ത്തിമാരാണ്. അവരുടെ പ്രതാപമണ്ഡലം ഭാരതത്തിന്റെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ വ്യാപിച്ചുകിടക്കുന്നു: അതിന്റെ അതിരുകള്‍ അലയാഴിയത്രേ. ഈ യുഗത്തിലെ നേതാക്കന്മാര്‍ വിശ്വാമിത്രനോ വസിഷ്ഠനോ അല്ല, ചന്ദ്രഗുപ്തന്‍ ധര്‍മ്മാശോകന്‍ മുതലായ ചക്രവര്‍ത്തിമാരാണ്. ബൗദ്ധയുഗത്തില്‍ ഏകച്ഛത്രാധിപതികളായി ഭാരത സിംഹാസനത്തിലിരുന്നു ചെങ്കോല്‍ നടത്തിയ ഭൂപാലരെപ്പോലെ, നാടിനെ മഹനീയതയുടെ കൊടുമുടിയില്‍ എത്തിച്ചവരെപ്പോലെ, ഉള്ള ചക്രവര്‍ത്തിമാര്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഈ ഘട്ടത്തിന്റെ അറുതിയോടുകൂടിയാണ് രജപുത്രന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്, ആധുനിക ഹിന്ദുമതം ഉദിച്ചുയരുന്നത്. ബുദ്ധമതം ക്ഷയിക്കയും രജപുത്രശക്തി ഉദിക്കയും ചെയ്തപ്പോള്‍, ഏകച്ഛത്രാധിപതിയുടെ കൈയില്‍നിന്നു വീണ ചെങ്കോല്‍ നൂറായി നുറുങ്ങുകയും അവയെ ദുര്‍ബ്ബലഹസ്തങ്ങള്‍ കടന്നേന്തുകയും ചെയ്തു. ഈ ഘട്ടത്തില്‍ പുരോഹിതശക്തി വീണ്ടും തലയുയര്‍ത്തുന്നു. പണ്ടത്തെപ്പോലെ ഒരു പ്രതിയോഗിയായിട്ടല്ല: മറിച്ച്, രാജകീയമേല്‍ക്കോയ്മയ്ക്ക് ഒരു തുണയായിട്ട്.

വൈദികകാലത്തു തുടങ്ങിയതും, നീണാള്‍ നിലനിന്ന്, ജൈനബൗദ്ധ വിപ്ലവങ്ങളുടെ കാലത്ത് ഉച്ചകോടിയില്‍ എത്തിയതുമായ ആ നിത്യ മത്‌സരം – ആധിപത്യത്തിന്നായി പുരോഹിതവര്‍ഗ്ഗവും ക്ഷത്രിയവര്‍ഗ്ഗവും തമ്മില്‍ നടന്നുവന്ന മത്‌സരം – ഈ വിപ്ലവത്തിന്നിടയില്‍ എന്നെന്നേക്കുമായവസാനിക്കുന്നു. പ്രബലങ്ങളായ ഈ ശക്തികള്‍ ഇപ്പോള്‍ പരസ്പരസുഹൃത്തുക്കളാണ്. എന്നാല്‍ ഇനിമേലാല്‍, രാജാക്കന്മാരുടെ മഹനീയമായ ആ ക്ഷാത്രതേജസ്സോ ബ്രാഹ്മണരുടെ ആദ്ധ്യാത്മികദീപ്തിയോ ഇല്ലതന്നെ. ഇവരില്‍ ഓരോ കൂട്ടര്‍ക്കും താന്താങ്ങളുടെ ആ പ്രാചീനപ്രഭാവം നഷ്ടമാകുന്നു. പ്രതീക്ഷിക്കാവുന്നതുപോലെ, ഈ ശക്തികളുടെ പുതിയ ഐക്യം ഓരോരുത്തരുടെയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ നിറവേറ്റുവാന്‍ വ്യഗ്രമാണുതാനും. ബൗദ്ധന്മാരെപ്പോലെ, അവരിരുവര്‍ക്കുമുള്ള പ്രതിപക്ഷങ്ങളെ ഉന്മൂലനം ചെയ്യുന്നതിലും മറ്റുമാണ് അവരുടെ ശക്തി ചെലവാക്കിവന്നത്. പൊതുജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുക, ശത്രുക്കളോടു പ്രതിക്രിയ നടത്തുക, അന്യരുടെ സമ്പത്തുകള്‍ കവര്‍ന്നെടുക്കുക മുതലായി മേല്‍ച്ചൊന്ന ഐക്യത്തില്‍നിന്ന് ഉടലെടുത്ത തിന്മകളില്‍ മുഴുകിയിരുന്നതിനാല്‍, പ്രാചീന രാജാക്കന്മാരുടെ രാജസൂയാദികളായ വൈദികയാഗങ്ങള്‍ അനുകരിക്കാന്‍ അവര്‍ ചെയ്ത ശ്രമം നിഷ്ഫലമായി. അതൊക്കെ പരിഹാസ്യമായ ഒരു പ്രഹസനം മാത്രമായിത്തീര്‍ന്നു. ഒടുവില്‍ നട്ടെല്ലില്ലാത്ത ഒരു വക മുഖസ്തുതിക്കാരും അനുയായിവര്‍ഗവും ചേര്‍ന്ന് ആ രാജാക്കന്മാരെ വരിഞ്ഞുമുറുക്കിയെന്നു പറഞ്ഞാല്‍ മതിയല്ലോ. അന്തമറ്റ ചടങ്ങുകളിലും അനുഷ്ഠാനങ്ങളിലും മന്ത്രോച്ചാരണബഹളങ്ങളിലും കുടുങ്ങിയ അക്കൂട്ടര്‍, പടിഞ്ഞാറുനിന്നു വന്ന് ആക്രമണം നടത്തിയ മുഹമ്മദീയര്‍ക്ക്, അനായാസം പിടിച്ചെടുക്കാന്‍ പറ്റിയ ഇരകളായി പെട്ടെന്ന് രൂപാന്തരപ്പെട്ടു.

വൈദികകാലത്തു തുടങ്ങി പല യുഗങ്ങളായി നിലവിലിരുന്നതും പുരോഹിതശക്തി പ്രാമാണ്യത്തിനുവേണ്ടി ക്ഷത്രിയശക്തിക്കെതിരായി നടത്തിയതുമായ ആ മത്‌സരത്തിന്, താല്ക്കാലികമായിട്ടെങ്കിലും തന്റെ ഐഹികജീവിതത്തില്‍ത്തന്നെ ഒരു വിരാമമിടാന്‍, അമാനുഷമായ പ്രതിഭാപ്രഭാവംകൊണ്ട്, ശ്രീകൃഷ്ണന്നു കഴിഞ്ഞു. ജൈനരുടെയും ബൗദ്ധരുടെയും വിപ്ലവങ്ങള്‍ നടന്നപ്പോള്‍ ബ്രാഹ്മണശക്തി അതിന്റെ പ്രവര്‍ത്തനമണ്ഡലത്തില്‍നിന്നു മിക്കവാറും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ടിരുന്നു. അഥവാ, സുശക്തമായ ആ വിരുദ്ധമതങ്ങള്‍ക്കു കീഴ്‌പ്പെടുകയാല്‍, ദുര്‍ബ്ബലമായ സ്വഹസ്തങ്ങള്‍ പൊക്കാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. മിഹിരവംശക്കാര്‍ തുടങ്ങിയവരുടെ കാലത്ത് ഭാരതത്തില്‍ പ്രാബല്യത്തില്‍ വന്ന രജപുത്രശക്തിയുടെ ആവിര്‍ഭാവത്തിനുശേഷം, ബ്രാഹ്മണശക്തി തന്റെ പൊയ്‌പോയ പ്രതാപം വീണ്ടെടുക്കാന്‍ അവസാനമായി ശ്രമിച്ചു: സ്വന്തം മേല്‍ക്കോയ്മ സ്ഥാപിക്കാനുള്ള ഈ ശ്രമത്തില്‍ ബ്രാഹ്മണര്‍ മദ്ധ്യ-ഏഷ്യയില്‍നിന്നു പുതുതായി വന്ന ക്രൂരമായ ബര്‍ബരന്മാരുടെ കാല്ക്കല്‍ സ്വയം അടിയറവെച്ചു. അവരുടെ പ്രീതിക്കുവേണ്ടി അവരുടെ ബീഭത്‌സമായ കീഴ്മര്യാദകളും രീതികളും നാട്ടിലെങ്ങും നടപ്പിലാക്കി. പോരാ, അജ്ഞരായ ബര്‍ബരന്മാരെ അനായാസമായി വഞ്ചിക്കാന്‍ വഴി തേടി, പുതിയ മന്ത്രങ്ങളുടെ പിന്‍ബലത്തോടുകൂടി, രഹസ്യമായ നടപടികളും അനുഷ്ഠാനങ്ങളും നടപ്പിലാക്കി. അങ്ങനെ തങ്ങളുടെ പഴയ വിജ്ഞാനവും വീര്യവും ഉത്‌സാഹവും ചിരകാലാര്‍ജിതമായ ശുദ്ധാചാരങ്ങളും കളഞ്ഞുകുളിച്ചു. ഈവിധം അവര്‍ ആര്യാവര്‍ത്തത്തെ മുഴുവന്‍ ഏറ്റവും മലിനവും ബീഭത്‌സവും നിന്ദ്യവും ബര്‍ബരവുമായ നടപടികളുടെ ആഴമേറിയ പെരുംനീര്‍ച്ചുഴിയാക്കി മാറ്റി. ഈവക കുത്‌സിതാചാരങ്ങള്‍ കൈക്കൊണ്ടതിന്റെ ഫലമായി, തങ്ങള്‍ക്കുണ്ടായിരുന്ന ആഭ്യന്തര ശക്തിയും ഉറപ്പും നഷ്ടപ്പെട്ട് അവര്‍ ദുര്‍ബ്ബലരില്‍വെച്ചു ദുര്‍ബ്ബലരായിത്തീര്‍ന്നു. പടിഞ്ഞാറുനിന്നടിച്ച മുഹമ്മദീയാക്രമണക്കൊടുങ്കാറ്റു തൊട്ട മാത്രയില്‍ ബ്രാഹ്മണശകതി തകര്‍ന്ന് ആയിരം നുറുങ്ങായി ചിതറിയതില്‍ ആശ്ചര്യമെന്ത്? വമ്പിച്ച ബ്രാഹ്മണശക്തി നിലംപരിശായി. ഇനി അത് എന്നെങ്കിലും എഴുനേറ്റുനില്ക്കുമോ എന്നാര്‍ക്കറിയാം?

മറുവശത്ത്, മുഹമ്മദീയഭരണത്തിന്‍കീഴില്‍, പൗരോഹിത്യശക്തിയുടെ പുനര്‍ജ്ജീവനം സര്‍വഥാ അസാദ്ധ്യമായിരുന്നു. പ്രവാചകനായ മുഹമ്മദിനുതന്നെ പുരോഹിതവര്‍ഗ്ഗത്തോട് എല്ലാതരത്തിലും വിരോധമായിരുന്നു. അദ്ദേഹം നിയമങ്ങളും വിധികളുമുണ്ടാക്കി പുരോഹിത ശക്തി നശിപ്പിക്കാന്‍ തന്നാലാവുന്നതെല്ലാം ചെയ്തു. മുഹമ്മദീയഭരണത്തില്‍ രാജാവുതന്നെയാണ് മുഖ്യപുരോഹിതന്‍: മതകാര്യങ്ങളില്‍ പ്രമുഖനേതാവും അദ്ദേഹംതന്നെ. രാജാവു ചക്രവര്‍ത്തിയായപ്പോള്‍, മുഹമ്മദീയലോകത്തില്‍, എല്ലാ കാര്യങ്ങളിലും ഏറ്റവും മികച്ച നേതാവാകണമെന്ന ആശയും അദ്ദേഹം വെച്ചുപുലര്‍ത്തി. മുസല്‍മാന്റെ നോട്ടത്തില്‍, ജൂതനും ക്രിസ്ത്യനും അതിരറ്റ അറപ്പുളവാക്കുന്നവരല്ല: ഏറിയാല്‍ വിശ്വാസം നന്നെ കുറഞ്ഞവര്‍ മാത്രമാണവര്‍. ഹിന്ദുവാകട്ടെ, അങ്ങനെയല്ല. മുസല്‍മാന്റെ ദൃഷ്ടിയില്‍ ഹിന്ദു വിഗ്രഹാരാധകനും നിന്ദ്യനുമായ കാഫിറാണ്. അതുകൊണ്ട് ഈ ജീവിതത്തില്‍ അവനെ കശാപ്പു ചെയ്യുകയാണ് വേണ്ടത്: അടുത്തതില്‍ അവനു വെച്ചിട്ടുള്ളതു നിത്യനരകവുമാണ്. മുസല്‍മാന്‍രാജാക്കന്മാര്‍ക്കു ബ്രാഹ്മണവര്‍ഗ്ഗത്തോട് – കാഫിര്‍മാരുടെ ആദ്ധ്യാത്മികഗുരുക്കന്മാരോട് – കാട്ടാവുന്ന അങ്ങേയറ്റത്തെ ആനുകൂല്യം സ്വജീവിതം വല്ല മട്ടിലും നയിക്കാനും അന്ത്യക്ഷണം പ്രതീക്ഷിച്ചു കഴിയാനും അവരെ അനുവദിക്കമാത്രമാണ്. ചിലപ്പോള്‍ അതുതന്നെ വളരെ വലിയ ദയയായി കണക്കാക്കപ്പെട്ടുവന്നു. ഏതെങ്കിലും ഒരു സുല്‍ത്താന്റെ മത തീക്ഷ്ണത സാമാന്യത്തില്‍നിന്നല്പം കവിഞ്ഞുപോയാല്‍ ഉടനടി കാഫിര്‍കുരുതിരൂപത്തിലുള്ള വലിയൊരു യജ്ഞത്തിന് ഏര്‍പ്പാടു ചെയ്യുകയായി.

ഇപ്പോള്‍ ഒരു വശത്ത് രാജശക്തിയുടെ കേന്ദ്രം മറ്റൊരു മതവും മറ്റു കീഴ്മര്യാദകളും അനുസരിച്ചുവന്ന രാജാക്കന്മാരായി. മറുവശത്തു പുരോഹിതശക്തി സമുദായത്തിന്റെ നിയന്താവും നിയമദാതാവും എന്ന നിലയില്‍ അതിനുണ്ടായിരുന്ന പ്രബലനിലയില്‍നിന്ന് പാടേ വഴുതിവീണു. മനുപ്രഭൃതികളുടെ ധര്‍മ്മശാസ്ര്തങ്ങള്‍ക്കുണ്ടായിരുന്ന സ്ഥാനം കൊറാനും അതിലെ നിയമങ്ങളും കൈക്കലാക്കി. സംസ്‌കൃത ഭാഷയുടെ സ്ഥാനത്തു പേഴ്‌സ്യനും അറബിയും അവരോധിക്കപ്പെട്ടു. കീഴടക്കപ്പെട്ടവരും വിനിന്ദിതരുമായ ഹിന്ദുക്കളുടെ മതസാഹിത്യത്തിലും മതാനുഷ്ഠാനങ്ങളിലുമായി സംസ്‌കൃതഭാഷ പരിമിതപ്പെട്ടു. അങ്ങനെ പരിഗണനയറ്റ പുരോഹിതന്റെ ദയവുകൊണ്ട് ആ ഭാഷ, അതിനുശേഷം, അപകടമായ ഒരു ജീവിതം നയിച്ചുവരികയുമാണ്. ബ്രാഹ്മണശക്തിയുടെ അവശിഷ്ടമായ പുരോഹിതനാകട്ടെ, അത്രയൊന്നും പ്രധാനമല്ലാത്ത ഗാര്‍ഹ്യകര്‍മ്മങ്ങള്‍, വിവാഹാദികള്‍, നടത്തിക്കൊടുക്കുക എന്ന ഒടുവിലത്തെ പടവില്‍ ചെന്നെത്തി. ഇതും, മുഹമ്മദീയരാജാക്കന്മാരുടെ ദയാവായ്പ് അനുവദിച്ചുകൊടുത്തിടത്തോളവും കൊടുത്തപ്പോഴും മാത്രമായിരുന്നുതാനും.

വൈദികകാലത്തും അതിനു തൊട്ടടുത്തും പുരോഹിതശക്തിയുടെ സര്‍വസംഹാരകമായ സമ്മര്‍ദ്ദംകൊണ്ട് രാജശക്തിക്കു സ്വയം പ്രകാശിക്കാന്‍ കഴിഞ്ഞില്ല. ബൗദ്ധവിപ്ലവത്തിന്റെ കാലത്ത് ബ്രാഹ്മണ പ്രാമാണ്യം നശിച്ചപ്പോള്‍ ഭാരതത്തില്‍ രാജശക്തി അതിന്റെ പരമകാഷ്ഠയില്‍ എങ്ങനെ എത്തി എന്നു നാം കണ്ടു. ബൗദ്ധസാമ്രാജ്യത്തിന്റെ പതനത്തിനും മുഹമ്മദീയസാമ്രാജ്യത്തിന്റെ സ്ഥാപനത്തിനുമിടയ്ക്ക് രജപുത്രരിലൂടെ രാജശക്തി തലപൊക്കാന്‍ ശ്രമിച്ചതെങ്ങനെയെന്നും, ആ ശ്രമം എങ്ങനെ വിഫലമായെന്നും നാം കണ്ടു. ആദ്യകാലത്തുണ്ടായിരുന്ന കര്‍മ്മാനുഷ്ഠാനപദ്ധതി പുനര്‍ജ്ജീവിപ്പിക്കുവാന്‍ വൈദികപുരോഹിതവര്‍ഗ്ഗം നടത്തിയ ആ പഴയ യത്‌നങ്ങള്‍തന്നെ മേല്‍സൂചിപ്പിച്ച പരാജയത്തിന്റെ ചോട്ടിലും കണ്ടെത്തത്തക്കതാണ്.

ബ്രാഹ്മണപ്രാമാണ്യത്തെ ചവുട്ടിമെതിച്ചുകൊണ്ട്, മൗര്യന്മാര്‍, ഗുപ്തന്മാര്‍, ആന്ധ്രന്മാര്‍, ക്ഷത്രപന്മാര്‍1 തുടങ്ങിയവരുടെ വംശങ്ങളില്‍പ്പെട്ട ചക്രവര്‍ത്തിമാരുടെ നഷ്ടപ്പെട്ട മഹത്ത്വങ്ങള്‍ കുറെയൊക്കെ വീണ്ടെടുക്കാന്‍ മുഹമ്മദീയരാജാക്കന്മാര്‍ക്കു സാധിച്ചു.

കുമാരിലനും ശങ്കരനും രാമാനുജനും പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചതും, കുറെക്കാലം രജപുത്രഖഡ്ഗത്തിന്റെ സംരക്ഷണയിലിരുന്നതും, ജൈനരും ബൗദ്ധരുമായ പ്രതിയോഗികളുടെ പതനത്തോടുകൂടി വീണ്ടും രൂപപ്പെടാന്‍ യത്‌നിച്ചതുമായ ആ പുരോഹിതശക്തി, അങ്ങനെ മുഹമ്മദീയഭരണകാലത്ത്, പിന്നീടൊരിക്കലും ഉണരാത്ത ദൈര്‍ഘനിദ്രയില്‍ ആണ്ടുപോയി. ഈ കാലഘട്ടത്തിലെ വൈരുദ്ധ്യവും യുദ്ധവും, രാജാക്കന്മാരും പുരോഹിതന്മാരും തമ്മിലല്ല, രാജാക്കന്മാരും രാജാക്കന്മാരും തമ്മിലാണ്. ഇതിന്റെ അവസാനത്തില്‍ ഹിന്ദുശക്തി വീണ്ടും തലയുയര്‍ത്തുകയും, മഹാരാഷ്ട്രന്മാരിലൂടെയും സിക്കുകാരിലൂടെയും ഹിന്ദുമതം നവീകരിക്കുന്നതില്‍ ഏറെക്കുറെ സാഫല്യമടയുകയും ചെയ്തപ്പോള്‍, ഈ നവീകരണങ്ങളില്‍ പുരോഹിതശക്തി വളരെയൊന്നും പങ്കെടുത്തതായി കാണാനില്ല: മറിച്ച്, സിക്കുകാര്‍ ബ്രാഹ്മണനെ സ്വസമ്പ്രദായത്തില്‍ ചേര്‍ത്തപ്പോള്‍, ഒന്നാമതായി അയാള്‍ക്കുള്ള പഴയ ബ്രാഹ്മണചിഹ്‌നങ്ങള്‍ പരസ്യമായി ഉപേക്ഷിക്കുവാനും, (പിന്നീട്) സിക്കുമതത്തിലെ അംഗീകൃതചിഹ്‌നങ്ങള്‍ കൈക്കൊള്ളുവാനും നിര്‍ബ്ബന്ധിച്ചുവന്നു.

ഇങ്ങനെ ഈ രണ്ടു ശക്തികള്‍ തമ്മില്‍ യുഗങ്ങളിലൂടെ നീണ്ടുനിന്ന ആഘാതപ്രത്യാഘാതങ്ങള്‍ക്കുശേഷം രാജശക്തിക്കു കൈവന്ന പാര്യന്തികവിജയം ഭാരതഭൂമിയില്‍ മാറ്റൊലിക്കൊണ്ടു. എന്നാല്‍ ഈ നാട്ടിലെ മതത്തില്‍നിന്നു തികച്ചും ഭിന്നമായ ഒരു മതം അനുഷ്ഠിച്ചുവന്ന വൈദേശികരാജാക്കന്മാരുടെ പേരിലാണ് ആ വിജയം ഉണ്ടായത്. ഈ മുഹമ്മദീയകാലഘട്ടത്തിനുശേഷമാകട്ടെ, പാടേ വിഭിന്നമായ മറ്റൊരു ശക്തി ഈ രംഗത്തില്‍ ആവിര്‍ഭവിച്ചു, ക്രമേണ ഭാരതീയലോകത്തിലെ നടപടികളില്‍ അതിന്റെ സ്വാധീനത ചെലുത്തിത്തുടങ്ങുകയും ചെയ്തു.

ഭാരതത്തില്‍ പ്രവേശിച്ച ഈ ശക്തിയുടെ പുതുമ വളരെ വലുതാണ്: അതിന്റെ പ്രകൃതിയും പ്രവൃത്തികളും ഭാരതീയമനസ്സില്‍നിന്നു തുലോം വിദൂരമാണ്: അതിന്റെ ഉദയക്രമം സങ്കല്പിക്കാനേ വയ്യാതിരിക്കുന്നു: അതിന്റെ വീര്യം അധൃഷ്യവും. അതുകൊണ്ട്, ഇന്നുവരെ അതിന് ഇവിടെ മേല്‍ക്കോയ്മ ഉണ്ടായിരുന്നിട്ടും, കുറച്ചു ഭാരതീയര്‍ക്കു മാത്രമേ ആ ശക്തിയുടെ സ്വഭാവം എന്തെന്നു ധരിക്കാന്‍ കഴിഞ്ഞിട്ടുള്ളു.

നാമിപ്പോള്‍ പ്രതിപാദിക്കുന്നത് ഇംഗ്ലീഷുകാര്‍ ഭാരതം പിടിച്ചടക്കിയ കഥയാണ്.

വളരെ പ്രാചീനകാലംമുതല്‍തന്നെ, ഭാരതത്തിന്റെ വമ്പിച്ച സമ്പത്തിനെയും പുഷ്‌കലമായ വിഭവങ്ങളെയും കുറിച്ചുള്ള വിഖ്യാതി കരുത്തരായ പല വൈദേശികജനതകളിലും ഭാരതത്തെ കീഴടക്കാന്‍ ആഗ്രഹം ഉദ്ദീപിപ്പിച്ചിട്ടുണ്ട്: വാസ്തവത്തില്‍ വീണ്ടും വീണ്ടും വൈദേശിക ജനതകള്‍ ഭാരതത്തെ കീഴടക്കിയിട്ടുമുണ്ട്. അപ്പോള്‍ ഇംഗ്ലീഷുകാര്‍ ഭാരതത്തെ കീഴടക്കിയത് ഭാരതീയരുടെ മനസ്സിനു പുതുതും ദുര്‍ഗ്രഹവുമാണെന്ന് നാം പറയുന്നതെന്തിന്?

വിഷയേച്ഛകളറ്റവരും, ആദ്ധ്യാത്മികബലം, മന്ത്രശക്തി, മുതബോധം, ശാപായുധം എന്നിവയില്‍ മികച്ചവരുമായ തപസ്വികളുടെ നെറ്റി ചുളിയുമ്പോള്‍ ഏറ്റവും പ്രതാപശാലികളായ രാജാക്കന്മാര്‍പോലും വിറകൊള്ളുന്നത് അനാദികാലംമുതല്‍ ഭാരതീയര്‍ കണ്ടുവന്നതാണ്. ധീരന്മാരും സര്‍വശക്തരുമായ രാജാക്കന്മാരുടെ ആജ്ഞകള്‍ ഭരണീയരായ പ്രജകള്‍ മൂകമായി അനുസരിക്കുന്നതും അവര്‍ കണ്ടിട്ടുണ്ട്. ഈ രാജാക്കന്മാരുടെ പിന്നില്‍ ആയുധശക്തിയും സേനാബലവുമുണ്ട്: പ്രജകളാകട്ടെ സിംഹത്തിന്റെ മുമ്പില്‍പ്പെട്ട ആട്ടിന്‍പറ്റംപോലാണു താനും. പക്ഷേ ഒരുപിടി വൈശ്യന്മാര്‍ (കച്ചവടക്കാര്‍) ഒത്തൊരുമിച്ച് കച്ചവടത്തിനായി ആറുകളിലും കടലുകളും താണ്ടുക: ബുദ്ധിശക്തിയും അര്‍ത്ഥശക്തിയുംകൊണ്ടുമാത്രം, ചിരസ്ഥാപിതമായ ഹിന്ദുരാജവംശങ്ങളെയും മുഹമ്മദരാജവംശങ്ങളെയും ക്രമേണ പാവകളാക്കി മാറ്റുക: പോരാ, സ്വന്തം നാട്ടിലുള്ള രാജശക്തിയുടെ സേവനങ്ങളെ വിലയ്‌ക്കെടുക്കയും ആ ശക്തിയുടേതായ ധൈര്യത്തെയും ജ്ഞാനത്തെയും സ്വന്തം വിഭവങ്ങള്‍ ഇറക്കുമതി ചെയ്യുവാനുള്ള പ്രബലോപകരണങ്ങളായി വിനിയോഗിക്കയും ചെയ്യുക – ഇതൊക്കെ ഭാരതീയര്‍ക്കു തികച്ചും പുത്തന്‍ കാഴ്ചകള്‍തന്നെ. ഈ വൈശ്യരുടെ കഥയോ? ഇവരെത്ര വലിയ പണക്കാരാണെങ്കിലും, രാജാവിന്റെ മുമ്പില്‍ മാത്രമല്ല, രാജകുടുംബത്തില്‍പെട്ട ഏതംഗത്തിന്റെ മുമ്പിലും മുട്ടു കുത്തുന്നവരായിട്ടേ ഇരുന്നിട്ടുള്ളുതാനും. ഏതു നാട്ടിലെ മഹാകവിയുടെ നിസ്തുലമായ പേനയാണോ ഒരു സാധാരണക്കാരനോട് ”പോ, അമേദ്ധ്യക്കട്ടേ! നീ ഒരു പ്രഭുവിനോടു വണക്കം വിട്ടു കഴിക്കാനാണോ മുതിരുന്നത്?” എന്നു ചോദിക്കുന്ന ഒരു പ്രഭുവിനെ വരച്ചുകാട്ടിയിട്ടുള്ളത്, അവിടെ, അതേ പ്രഭുവര്‍ഗ്ഗത്തില്‍ ജനിച്ചവര്‍, വളരെക്കാലം ചെല്ലുന്നതിനു മുമ്പുതന്നെ, ”കിഴക്കേ ഇന്ത്യന്‍ കമ്പനി”അ എന്നു പേര്‍പെട്ട ഒരു കൂട്ടം കച്ചവടക്കാരുടെ വിനീതദാസരായിത്തീരുന്നതു മാനുഷോത്കര്‍ഷത്തിന്റെ പരമകാഷ്ഠയായി കരുതുക എന്നതും, മുന്‍പറഞ്ഞപോലെതന്നെ ഒരു പുത്തന്‍ കാഴ്ചയത്രേ. ഇതിനുമുമ്പ് ഒരിക്കലും ഭാരതീയര്‍ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചതന്നെ അത്.

എല്ലാ പരിഷ്‌കൃതസമുദായങ്ങളിലും, എക്കാലത്തും, മനുഷ്യനിലെ സത്ത്വരജസ്തമോഗുണങ്ങളുടെ ഏറ്റക്കുറച്ചിലിന്നൊത്ത് ബ്രാഹ്മണ ക്ഷത്രിയവൈശ്യശൂദ്രന്മാരുണ്ട്. കാലത്തിന്റെ കയ്യൂക്കിനൊത്ത് കാലാകാലങ്ങളില്‍ അവരുടെ സംഖ്യയ്ക്കും പ്രഭാവത്തിനും വരുന്ന വ്യത്യാസങ്ങള്‍ പല നാടുകളിലും പല തരത്തിലായിരിക്കും. ചില നാടുകളില്‍ ഈ നാലു ജാതികളില്‍ ഒന്നിലുള്ളവരുടെ സംഖ്യയും പ്രഭാവവും മറ്റുള്ളവരുടേതിനെക്കാള്‍ അധികമാണെന്നുവരാം. ചിലപ്പോള്‍ ഒരു ജാതിക്കാര്‍ക്ക് മറ്റുള്ളവരെക്കാള്‍ പ്രതാപംകൂടിയെന്നു വരാം. പക്ഷേ, ലോകചരിത്രം ശ്രദ്ധിച്ചുപഠിച്ചാല്‍ ബോധപ്പെടും, പ്രകൃതിനിയമങ്ങള്‍ക്കൊത്ത് ഓരോ സമുദായത്തിലും, ഒന്നിനു പിന്നാലെ മറ്റൊന്നായി, ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രന്മാര്‍ ലോകത്തെ ഭരിച്ചുവരുന്നു എന്ന്.

ചൈനക്കാര്‍, സുമേറിയക്കാര്‍, ബാബിലോണിയര്‍, ഈജിപ്തുകാര്‍, കാല്‍ഡിയര്‍, ആര്യന്മാര്‍, ഇറാനിയര്‍, ജൂതര്‍, അറബികള്‍ – ഈവക പ്രാചീനജനതകളുടെയെല്ലാം ചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ പരമോച്ചമായ ശക്തി ബ്രാഹ്മണന്റെ അഥവാ പുരോഹിതന്റെ കൈയിലായിരുന്നു. രണ്ടാമത്തെ ഘട്ടത്തില്‍ ഭരണശക്തി ക്ഷത്രിയന്റെതാണ്. ഒന്നുകില്‍ അത് ഉച്ഛൃംഖലമായ രാജവാഴ്ചയോ അല്ലെങ്കില്‍ തിരഞ്ഞെടുത്ത കുറേപ്പേര്‍ നടത്തുന്ന ഭരണകൂടമോ ആണ്. ഇംഗ്ലീഷുകാര്‍ നേതൃസ്ഥാനത്തുള്ള ഇന്നത്തെ പാശ്ചാത്യജനതകളുടെ ഇടയില്‍, ഇദം പ്രഥമമായി, സമുദായത്തെ നിയന്ത്രിക്കുന്ന ഈ ശക്തി, കച്ചവടത്തിലൂടെ സമ്പന്നരായ വൈശ്യരുടെ, കച്ചവടക്കാരുടെ കൈയില്‍ ചെന്നെത്തിയിരിക്കയാണ്.

പണ്ടു ട്രോയിയും കാര്‍തേജും, താരതമ്യേന ആധുനികകാലത്തു വെനീസും അതുപോലുള്ള കച്ചവടപ്രധാനമായ ചെറുരാഷ്ട്രങ്ങളും വളരെ പ്രബലമായി വന്നെങ്കിലും, വൈശ്യശക്തിയുടെ അനിഷേദ്ധ്യമായ ഉദയം ശരിയായ അര്‍ത്ഥത്തില്‍ അവയുടെ കൂട്ടത്തിലില്ലായി രുന്നു.

ശരിക്കുപറഞ്ഞാല്‍ പണ്ടത്തെ കച്ചവടത്തിന്റെ കുത്തകയൊക്കെ രാജകുടുംബാംഗങ്ങളുടെ സന്തതികള്‍ക്കായിരുന്നു. അവര്‍ കച്ചവടം നടത്തുവാന്‍ സാമാന്യജനങ്ങളെയും തങ്ങളുടെ വേലക്കാരെയും നിയമിക്കയും, ഉണ്ടാകുന്ന ലാഭങ്ങള്‍ സ്വായത്തമാക്കയും ചെയ്തു. ഇങ്ങനെ കുറേപ്പേരെ ഒഴിച്ചാല്‍ മറ്റാര്‍ക്കും ഒരു പങ്കുമില്ലായിരുന്നു: നാട്ടിലെ ഭരണത്തിലോ ബന്ധപ്പെട്ട കാര്യങ്ങളിലോ ഈജിപ്തുപോലെ ഏറ്റവും പഴക്കംചെന്ന രാജ്യങ്ങളില്‍ കുറേക്കാലത്തേക്ക് മാത്രമേ പുരോഹിത ശക്തിക്ക് നിര്‍ബാധമായ മേല്‌ക്കോയ്മയുണ്ടായിരുന്നുള്ളു. പിന്നീടത് രാജശക്തിക്കു കീഴ്‌പ്പെടുകയും അതിന്റെ ഒരുപകരണമാവുകയുമത്രേ ഉണ്ടായത്. ചൈനയില്‍ കണ്‍ഫ്യൂഷ്യസിന്റെ പ്രതിഭ കേന്ദ്രസ്ഥമാക്കിയ രാജശക്തി കഴിഞ്ഞ ഇരുപത്തഞ്ചു ശതകങ്ങളായി പുരോഹിത ശക്തിയെ, തടവറ്റ സ്വേച്ഛയ്‌ക്കൊത്തു ഭരിച്ചും നയിച്ചും വരുകയാണ്. രാജകുടുംബാംഗങ്ങളുടെ ആദ്ധ്യാത്മികഗുരുക്കന്മാരായ ടിബറ്റിലെ ലാമമാര്‍, തങ്ങള്‍ക്ക് എല്ലാത്തരം ശക്തികളുമിരുന്നിട്ടും, രണ്ടു ശതകങ്ങളായി ചൈനയിലെ ചക്രവര്‍ത്തിമാര്‍ക്കു സര്‍വഥാ അധീനരായി കാലക്ഷേപം ചെയ്യാന്‍ നിര്‍ബദ്ധരായിരിക്കുന്നു.

ഭാരതത്തില്‍ പുരോഹിതശക്തിയെ കീഴടുക്കുവാനും നിരങ്കുശമായ സ്വപ്രാമാണ്യം പ്രഖ്യാപിക്കുവാനും രാജശക്തിക്കു കഴിഞ്ഞത് പണ്ടത്തെ മറ്റു പരിഷ്‌കൃതജനതകള്‍ അതൊക്കെ ചെയ്ത് വളരെ ചെന്നതിനുശേഷമാണ്. അതിനാല്‍ ചൈന, ഈജിപ്ത്, ബാബിലോണിയ മുതലായ ദേശങ്ങളില്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ച് വളരെ കഴിഞ്ഞാണ് ഭാരതത്തില്‍ സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത്. യഹൂദരുടെ ഇടയില്‍മാത്രം രാജശക്തി പുരോഹിതശക്തിക്കുമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒട്ടേറെ പണിപ്പെട്ടെങ്കിലും അതിനു മുഴുത്ത പരാജയമാണുണ്ടായത്. ഇവരുടെ ഇടയില്‍, വൈശ്യര്‍ക്കുപോലും ഭരണശക്തി കൈവന്നിരുന്നില്ല. നേരേ മറിച്ച്, പൗരോഹിത്യശൃംഖലകളില്‍നിന്നു മോചനം നേടാന്‍ യത്‌നിച്ച ഭരണീയരായ സാമാന്യയഹൂദര്‍ ക്രിസ്തുമതംപോലുള്ള വിരുദ്ധമതപ്രസ്ഥാനങ്ങളും, സുശക്തമായ റോമന്‍സാമ്രാജ്യം ചെലുത്തിയ ബാഹ്യസമ്മര്‍ദ്ദവും ഉളവാക്കിയ ആഭ്യന്തരവിപ്ലവത്തില്‍പെട്ടു ചവുട്ടിമെതിക്കപ്പെട്ടു: അങ്ങനെ അവര്‍ തുലഞ്ഞു.

പണ്ടു ദീര്‍ഘകാലം അടരാടിയെങ്കിലും, പുരോഹിതശക്തിയെ കൂടുതല്‍ ഉഗ്രമായ രാജശക്തി കീഴടക്കിയതുപോലെ, ഇന്നു പല രാജകിരീടങ്ങളെയും വൈശ്യശക്തി ഊക്കേറിയ അടിയേല്പിച്ച് നിലംപറ്റിക്കയാണ്: പല ചെങ്കോലുകളും തകര്‍ന്നുതരിപ്പണമാകയാണ്. ചില പരിഷ്‌കൃത രാജ്യങ്ങളില്‍ ഇപ്പോഴും കുറെ പ്രഭാവം ചെലുത്താനും സ്വന്തം പ്രൗഢിയും ധാടിയും കാട്ടാനും വിട്ടിട്ടുള്ള കുറേ രാജസ്ഥാനങ്ങള്‍ക്കെല്ലാം താങ്ങ് വൈശ്യസമുദായങ്ങളുടെ വമ്പിച്ച വിത്തസഞ്ചയമാണ്, ഉപ്പും എണ്ണയും പഞ്ചസാരയും വീഞ്ഞും വിറ്റഴിക്കുന്ന വൈശ്യരുടെ വിത്ത സഞ്ചയം മേല്‍ച്ചൊന്ന രാജസ്ഥാനങ്ങളെ നിലനിര്‍ത്തുന്നതുതന്നെ മഹത്തും ഗംഭീരവുമായ ഒരു മുന്നണി എന്ന നിലയിലത്രേ: ഉദ്ദേശ്യം, വാസ്തവത്തില്‍ പിന്നില്‍നിന്നു ഭരിക്കുന്ന വൈശ്യരെ മഹനീയരാക്കലും.

പുതുതായുദിച്ച പ്രബലമായ ഈ വൈശ്യശക്തിയുടെ – എല്ലാറ്റിനെയും ആക്രമിച്ചുകീഴടക്കുന്ന ഈ വൈശ്യശക്തിയുടെ – നുര പൊതിഞ്ഞ തിരത്തലപ്പത്താണ്, തികഞ്ഞ പ്രൗഢിയൊത്ത മഹനീയമായ ബ്രിട്ടീഷ്‌സിംഹാസനം അധിഷ്ഠിതമായിട്ടുള്ളത്. ഈ ശക്തിയുടെ ആജ്ഞയ്‌ക്കൊത്ത്, വിദ്യുച്ഛക്തി ഒരു ധ്രുവത്തില്‍നിന്നു മറ്റേതിലേക്കു ക്ഷണത്തില്‍ സന്ദേശങ്ങള്‍ എത്തിച്ചുകൊടുക്കുന്നു. അതിന്റെ രാജ മാര്‍ഗ്ഗം മലപോലെ വലിയ അലകളൊത്ത വന്‍കടലാണ്: അതിന്റെ ചൊല്പടിക്കാണ് ഏറ്റവും അനായാസമായി, ഭൂഗോളത്തിന്റെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു സാമാനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്; അതിന്റെ ആജ്ഞ കേട്ട് ഏറ്റവും വലിയ രാജാക്കന്മാര്‍പോലും വിറക്കുന്നു.

അതുകൊണ്ട് ഇംഗ്ലണ്ട് ഭാരതത്തെ കീഴടക്കിയതിന്റെ അര്‍ത്ഥം യേശുവോ ബൈബിളോ ഭാരതത്തെ കീഴടക്കി എന്നല്ല: അതാണെന്നു വിശ്വസിക്കാന്‍ നമ്മോടു പല വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും. ഭാരതത്തെ മുകിലരോ പട്ടാണിയോ കീഴടക്കിയതുപോലെയുമല്ല അത്. നേരേമറിച്ച്, ഭഗവാന്‍ യേശു, ബൈബിള്‍, ഉത്തുംഗപ്രാസാദങ്ങള്‍, ആന – തേര്‍ – കുതിര – കാലാളുകള്‍ ചേര്‍ന്ന സൈന്യങ്ങളുടെ ഭൂമി കുലുക്കുന്ന കനത്ത കാല്‍വെപ്പ് – ഇവയുടെയൊക്കെ പിമ്പില്‍, ഫലരൂപേണ നിലകൊള്ളുന്നത് ഇംഗ്ലണ്ടിന്റെ സാന്നിദ്ധ്യംതന്നെ. ഇംഗ്ലണ്ടിന്റെ യുദ്ധധ്വജം യന്ത്രശാലകളുടെ പുകക്കുഴലാണ്: ഭടന്മാര്‍ കച്ചവടക്കപ്പലുകളാണ്: രണാങ്കണങ്ങള്‍ ലോകത്തിലെ വിപണികളാണ്: ചക്രവര്‍ത്തിനി സമുജ്വലമായ ലക്ഷ്മീദേവിയും. ഇതുകൊണ്ടാണ് ഞാന്‍ മുമ്പു പറഞ്ഞത്, ഭാരതത്തെ ഇംഗ്ലണ്ടു കീഴടക്കിയതു മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു പുതുമയാണെന്ന്. പുതുതായ ഈ വന്‍കിടശക്തിയോടുള്ള സംഘട്ടനത്തില്‍നിന്ന് ഭാരതത്തില്‍ എന്തു പുതുവിപ്ലവമാണുണ്ടാകുക എന്നും തത്ഫലമായി നാളത്തെ ഭാരതത്തില്‍ എന്തു മാറ്റങ്ങള്‍ഉണ്ടാകാനിരിക്കുന്നു എന്നും ഭാരതത്തിന്റെ ചരിത്രത്തില്‍നിന്ന് അനുമാനിക്കാവതല്ല.

നേരത്തേ ഞാന്‍ പറഞ്ഞു, ലോകത്തെ അനുക്രമമായി ഭരിക്കുന്നതു ബ്രാഹ്മണക്ഷത്രിയവൈശ്യശൂദ്രരെന്ന നാലു ജാതികളാണെന്ന്. ഇവരോരുത്തരും തങ്ങളുടെ പരമാധികാരകാലത്ത് പൊതുജനങ്ങള്‍ക്കു ഗുണവും ദോഷവും ചെയ്യുന്ന ചില പ്രവൃത്തികള്‍ ചെയ്തിട്ടുമുണ്ട്.

പുരോഹിതശക്തിയുടെ അടിത്തറ ബുദ്ധിബലമാണ്. കൈയൂക്കല്ല. അതിനാല്‍, പുരോഹിതശക്തി അധികാരത്തിലെത്തുമ്പോള്‍ ബുദ്ധിപരവും സാഹിത്യപരവുമായ സംസ്‌കാരം വളരെയധികം പ്രചരിക്കുന്നു. അതീന്ദ്രിയമായ ആദ്ധ്യാത്മികലോകത്തോടു സമ്പര്‍ക്കംകൊള്ളാനും അവിടെനിന്നു സഹായം നേടുവാനും എല്ലാ മനുഷ്യരും എപ്പോഴും തീവ്രമായാഗ്രഹിക്കുന്നു. സാമാന്യക്കാര്‍ക്ക് ആ ലോകത്തിലേക്കു കടക്കുക സാദ്ധ്യമല്ല. ഇന്ദ്രിയനിഗ്രഹം ചെയ്യാനും സത്ത്വഗുണപ്രധാനരാകാനും കഴിവുള്ള കുറെ മഹാന്മാര്‍ക്കു മാത്രമേ ഭൗതികമായ കോട്ട ഭേദിച്ച് അതീന്ദ്രിയസത്തയെ നേരിടാന്‍ കഴിയൂ. ആ സാമ്രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുവാനും, അവിടെനിന്നു സന്ദേശങ്ങള്‍ കൊണ്ടുവരുവാനും അന്യര്‍ക്ക് അങ്ങോട്ടു വഴികാട്ടിക്കൊടുക്കുവാനും അവര്‍ക്കേ ത്രാണിയുള്ളു. ഈ മഹാത്മാക്കളത്രേ മനുഷ്യസമുദായങ്ങളുടെ പുരോഹിതരും ആദിമഗുരുക്കളും, നേതാക്കളും, സഞ്ചാലകരും.

ദേവതകളെ അറിയുന്നവനും ദേവന്മാരുമായി ആശയവിനിമയം ചെയ്യുന്നവനുമത്രേ പുരോഹിതന്‍: അതിനാല്‍ അയാള്‍ സ്വയം ദേവ ഭാവേന ആരാധിക്കപ്പെടുന്നു. ലൗകികചിന്തകളെല്ലാം വെടിഞ്ഞ പുരോഹിതനു വിയര്‍ത്തു പണിയെടുത്ത് ആഹാരം നേടേണ്ടതില്ല. ഒന്നാംതരം ഭക്ഷ്യവും പേയവും ദേവന്മാര്‍ക്കു നിവേദിക്കേണ്ടതാണ്. ഈ ലോകത്തില്‍ ദേവന്മാരുടെ പ്രതിപുരുഷന്മാരത്രേ പുരോഹിതന്മാര്‍: ഇവരുടെ മുഖങ്ങളിലൂടെയാണ് ദേവന്മാര്‍ നൈവേദ്യം കൈക്കൊള്ളുന്നത്. സമുദായം അറിഞ്ഞോ അറിയാതെയോ പുരോഹിതന്മാര്‍ക്കു ധാരാളം വിശ്രമാവസരം നല്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്കു ധ്യാനിക്കുവാനും ഉയരെ ചിന്തിക്കുവാനും വേണ്ട സൗകര്യം ലഭിക്കുന്നു. അങ്ങനെ പുരോഹിതശക്തിക്കു മേല്‍ക്കോയ്മ വന്നപ്പോള്‍ മുതല്ക്കാണ് ആദ്യമായി പാണ്ഡിത്യവും പ്രാജ്ഞതയും വികസിക്കാന്‍ തുടങ്ങിയത്. രാജാവെന്ന ആ ഭയങ്കരസിംഹത്തിന്റെ പ്രജകളാകുന്ന ഭയപ്പെട്ട ആട്ടിന്‍പറ്റത്തിന്റെയും ഇടയ്ക്കു പുരോഹിതന്‍ അങ്ങനെ നിലകൊള്ളുന്നു. പുരോഹിതന്റെ പക്കലുള്ള ആദ്ധ്യാത്മികശക്തിച്ചാട്ടയാണ് സിംഹത്തിന്റെ മുന്നോട്ടുള്ള കൊലച്ചാട്ടത്തെ തടയുന്നത്. കോശ ബലവും ആള്‍ബലവുംകൊണ്ടുള്ള ദര്‍പ്പത്താല്‍ ഉന്മത്തവും ഉച്ഛൃംഖലവുമായ രാജേച്ഛയാകുന്ന അഗ്‌നിശിഖക്ക് എതിരിടുന്നതിനെയെല്ലാം ദഹിപ്പിച്ചുകളയാന്‍ ത്രാണിയുണ്ട്: എന്നാല്‍ വെള്ളം അഗ്‌നിയെ എന്ന പോലെ, പുരോഹിതന്റെ ഒരു വാക്ക് ആ അഗ്‌നിശിഖയെ കെടുത്തുന്നു. പുരോഹിതന്റെ പിന്നിലാകട്ടെ പണവുമില്ല ആളുമില്ല. ഇയാളുടെ ഒരേയൊരു ബലം ആദ്ധ്യാത്മികശക്തിയത്രേ.

പുരോഹിതശക്തിയുടെ ഉത്കര്‍ഷത്തോടൊത്ത് പരിഷ്‌കാരത്തിന്റെ ആദ്യത്തെ ആവിര്‍ഭാവം: മൃഗീയമനസ്സിന്റെ മേല്‍ ദിവ്യപ്രകൃതിയുടെ വിജയം: ചൈതന്യത്തിന്റെ മുമ്പില്‍ ഭൗതികതയുടെ ഒന്നാമത്തെ കീഴടക്കം: പ്രകൃതിക്കടിമപ്പെട്ട ഈ മനുഷ്യശരീരത്തില്‍, ഈ മാംസച്ചുമടില്‍, ലീനമായ ദിവ്യപ്രഭാവത്തിന്റെ ആദ്യത്തെ വികാസം – എന്നിവയെല്ലാം കാണപ്പെടുന്നു. പുരോഹിതന്‍ ഭൗതികതയില്‍നിന്ന് ആദ്ധ്യാത്മികതയെ ഒന്നാമതായി വിവേചിച്ചവനാണ്: ഈ ലോകത്തെ അടുത്തതായി ബന്ധിപ്പിക്കാന്‍ ഒന്നാമതായി സഹായിച്ചവനാണ്: ദേവതകളില്‍നിന്ന് മനുഷ്യന്റെ അടുക്കല്‍ വന്ന ഒന്നാമത്തെ സന്ദേശഹരനാണ്: രാജാവിനെ പ്രജകളോടു ബന്ധിക്കുന്ന പാലമാണ്. അയാളുടെ ആദ്ധ്യാത്മികശക്തിയും വിദ്യാവ്യസനവും ജീവിതമുദ്രയായ ത്യാഗവുമാണ് സര്‍വലോകഹിതത്തിന്റെ ആദ്യത്തെ മുളയെ വളര്‍ത്തിയെടുക്കുന്നത്: പോരാ, സ്വന്തം ജീവിതരക്തംകൊണ്ടുപോലും അയാള്‍ അതു നനച്ചു തഴപ്പിക്കുന്നു. അതുകൊണ്ടത്രേ എല്ലാ നാട്ടിലും അയാള്‍ പ്രഥമവും പ്രമുഖവുമായ ആരാധനയ്ക്കു പാത്രീഭവിച്ചത്. അതുകൊണ്ടത്രേ അയാളുടെ സ്മരണയെ നാം പൂജിക്കുന്നത്.

ദോഷങ്ങളുമുണ്ട്. പ്രാണബീജങ്ങളോടൊപ്പം മൃത്യുബീജങ്ങളും വിതക്കപ്പെടുന്നു. ഇരുളും വെളിച്ചവും ഒപ്പമാണ് മുന്നോട്ടു നീങ്ങുന്നത്. യഥാകാലം തടുക്കപ്പെടാഞ്ഞാല്‍ സമുദായത്തെ നാശഗര്‍ത്തത്തിലാഴ്ത്തുന്ന വമ്പിച്ച തിന്മകള്‍ ഉണ്ടുതന്നെ. ജഡവസ്തുവിലൂടെ വ്യാപരിക്കുന്ന ശക്തിവികാസം, എല്ലായിടത്തും അനുഭവത്തിനു വിഷയമാണ് രണാങ്കണത്തില്‍ വ്യാപരിക്കുന്ന മഴുവിലൂടെയും വാളിലൂടെയും ആവിഷ്‌കരിക്കപ്പെടുന്ന സ്ഥൂലശക്തി ആര്‍ക്കും കാണുകയും മനസ്സിലാക്കയും ചെയ്യാം: അതുപോലെതന്നെ അഗ്‌നിയുടെയും വൈദ്യുതിയുടെയും ദാഹകശക്തിയും. ഇവയെപ്പറ്റി ആര്‍ക്കുമൊരു സന്ദേഹമില്ല: ഇവയുടെ നിര്‍വ്യാജതയെപ്പറ്റി ചോദ്യവുമില്ല. എന്നാല്‍ ശക്തിയുടെ ഇരിപ്പിടവും വ്യാപാരകേന്ദ്രവും മാനസികമാകുമ്പോള്‍, ചില പദവിശേഷങ്ങളിലും അവയുടെ ഉച്ചാരണവിശേഷങ്ങളിലും ചില ഗൂഢാക്ഷരങ്ങളുടെ ജപത്തിലും ഇതുപോലുള്ള മറ്റു മാനസികപ്രക്രിയകളിലും മാനസികപ്രയോഗങ്ങളിലുമായി ശക്തിയെ ഒതുക്കിനിര്‍ത്തുമ്പോള്‍, വെളിച്ചവും ഇരുളും ഇടകലരുന്നു: അന്യഥാ നിഷ്‌കമ്പമായ വിശ്വാസത്തെ ഏറ്റവും ഇറക്കവും പിടിച്ചുകുലുക്കുന്നു. വസ്തുക്കള്‍ നേരിട്ടു കാണുകയും അനുഭവിക്കയും ചെയ്യുമ്പോള്‍പ്പോലും, ചിലപ്പോള്‍ അവയുടെ വാസ്തവികതയെക്കുറിച്ചു സംശയമുളവാകുന്നു. ക്ലേശം ഭയം ക്രോധം പൈശുന്യം പ്രതിക്രിയേച്ഛ മുതലായ മാനവവികാരങ്ങള്‍ സ്വോദ്ദേശ്യ സിദ്ധിക്കായി ആയുധശക്തിപോലുള്ള സര്‍വസുഗ്രഹമായ ഉപായങ്ങള്‍ വെടിഞ്ഞ് ദുര്‍ഗ്രഹമായ സ്തംഭനം, ഉച്ചാടനം, വശീകരണം, മാരണംഅ തുടങ്ങിയ മാനസികപ്രക്രിയകള്‍ കൈക്കൊള്ളുമ്പോള്‍, ദുരൂഹമായ കൂടപ്രയോഗത്തിന്റെ മണ്ഡലങ്ങളില്‍ വര്‍ത്തിക്കുന്നവരുടെ മനസ്സിന്റെ അവ്യക്തതയുടെ ധൂമപടലം സ്വതേ ഗ്രസിക്കുന്നു എന്നു പറയേണ്ടിയിരിക്കുന്നു. അത്തരം മനസ്സില്‍ ഒരു കര്‍മ്മപദ്ധതിയും നേരെ തെളികയില്ല, തെളിഞ്ഞാല്‍ത്തന്നെ ആ മനസ്സ് അതൊക്കെ ഒടിച്ചു വളയ്ക്കുകയും ചെയ്യും. ഇതിന്റെയെല്ലാം പാര്യന്തികഫലം കപടതയാണ്, ഏറ്റവും ഇടുങ്ങിയ ക്ഷുദ്രഹൃദയതയാണ്. സര്‍വോപരി, ഏറ്റവും മാരകമായ ഫലം അന്യരുടെ ഉത്കര്‍ഷം പൊറുക്കാന്‍ വയ്യാത്തതുകൊണ്ടുണ്ടാകുന്ന അതിരറ്റ അസഹിഷ്ണുതയത്രേ.

സ്വാഭാവികമായി പുരോഹിതന്‍ തന്നോടുതന്നെ പറയുന്നു; ‘ദേവന്മാരെ എന്റെ ചൊല്പടിക്കു നിര്‍ത്തിയിരിക്കുന്ന ആ ശക്തി ഞാനെന്തിനു കൈവെടിയണം? അതെനിക്ക് ആധിവ്യാധികളുടെ മേല്‍ ആധിപത്യം നല്കിയിരിക്കുന്നു: ഭൂതപ്രേതപിശാചാദികളെ കിങ്കരന്മാരാക്കിയിരിക്കുന്നു. വമ്പിച്ച ത്യാഗത്തിലൂടെ, വലിയ വില കൊടുത്താണ് ഞാനതു കൈയ്ക്കലാക്കിയത്. എന്റെ പണവും പേരും പെരുമയും, ചുരുക്കത്തില്‍ ഐഹികമായി കാമ്യമായതെല്ലാം നല്കി നേടിയ ആ ശക്തി ഞാനെന്തിനു മറ്റുള്ളവര്‍ക്കു കൊടുക്കണം?” ആ ശക്തി സര്‍വഥാ മാനസികമാണ്. അതു രഹസ്യമായി വെച്ചുകൊണ്ടിരിക്കാന്‍ എത്ര സന്ദര്‍ഭങ്ങള്‍! ഈ ഘടനാചക്രത്തില്‍ കുടുങ്ങി മനുഷ്യപ്രകൃതി എന്താകുമോ, അതായിത്തീരുകയത്രേ ചെയ്യുന്നത്. അതു തുടര്‍ച്ചയായി സ്വാപലാപം, ശീലിച്ചു ശീലിച്ച്, അതിരറ്റ സ്വാര്‍ത്ഥത്തിനും കപടാചരണത്തിനും ഇരയായിത്തീരുന്നു. ഒടുവില്‍ ഇവയുടെ അനിവാര്യമായ വിഷഫലങ്ങള്‍ അനുഭവിച്ചു തുലയുകയും ചെയ്യുന്നു. യഥാകാലം ഇതേ അപലാപേച്ഛയുടെ തിരിച്ചടി തന്റെ മേല്‍ത്തന്നെ വന്നുവീഴുകയായി. വിജ്ഞാനവും പ്രാജ്ഞതയുമൊക്കെ മിക്കവാറും താറുമാറാകുന്നു: കാരണം, അവയ്ക്കു വേണ്ടത്ര വ്യായാമമില്ല, വിസ്താരവുമില്ല. വല്ലതുമൊട്ടവശേഷിച്ചാല്‍ അതീന്ദ്രിയസ്ഥാനത്തുനിന്നാണ് അതു വന്നതെന്നു കരുതുകയുമായി. അതിനാല്‍ അഭിനവത്വത്തിനും നൂതനമായ ശാസ്ര്തവിജ്ഞാനത്തിനുംവേണ്ടി യത്‌നിക്കുന്നതിനുപകരം, പഴയ അറിവിന്റെ അവശേഷങ്ങളില്‍ പറ്റിപ്പിടിച്ചു തുരുമ്പു മാറ്റാനുള്ള യത്‌നംപോലും വ്യര്‍ത്ഥമെന്നു കണക്കാക്കപ്പെടുന്നു. അങ്ങനെ പുരോഹിതനു പ്രാചീനമായ ആ വിദ്യയും അധൃഷ്യമായ സ്വാശ്രയശീലവും ഇല്ലാതാകുന്നു. പൂര്‍വികന്മാരുടെ പേരു മാത്രമാണ് അയാള്‍ക്കിപ്പോള്‍ ഉദ്‌ഘോഷിക്കാനുള്ളത്. മഹത്തുക്കളായ ആ പൂര്‍വ്വികര്‍ക്കുണ്ടായിരുന്ന അതേ മഹിമയും മാന്യതയും ആരാദ്ധ്യതയും ആധിപത്യവുമൊക്കെ, ഒരു കോട്ടവും തട്ടാതെ, തനിക്കും വെച്ചുപുലര്‍ത്താന്‍ അയാള്‍ വ്യര്‍ത്ഥമായി അതിസാഹസം ചെയ്യുന്നു. അങ്ങനെയാണ് അന്യജാതിക്കാരുമായി അയാള്‍ക്കു കഠിനമായ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നത്.

പ്രകൃതിനിയമമനുസരിച്ച്, പുതിയൊരു ജീവിതം പ്രബലതരമായി ഉണര്‍ന്നെഴുന്നേല്ക്കുമ്പോള്‍ ക്ഷയോന്മുഖമായ പഴയ ജീവിതത്തെ കീഴടക്കാനും തത്‌സ്ഥാനം കയ്യടക്കാനും യത്‌നിക്കുന്നു. അനര്‍ഹമായതു നശിക്കാനും അര്‍ഹത്തമമായത് അതിജീവിക്കാനുമാണ് പ്രകൃതി സഹായിക്കുന്നത്. പുരോഹിതവര്‍ഗ്ഗവും മറ്റുവര്‍ഗ്ഗങ്ങളും തമ്മിലുണ്ടായ പോരാട്ടത്തിന്റെ അന്ത്യഫലമെന്തെന്നു പറഞ്ഞുവല്ലോ.

പുരോഹിതന്റെ ഉത്കര്‍ഷദശയില്‍ നേരായ സത്യാന്വേഷണത്തിനു വേണ്ടി ചെയ്ത ത്യാഗവും സംയമവും തപസ്യയും, അയാളുടെ അധഃപതനം തുടങ്ങിയപ്പോള്‍ ഉപഭോഗസാമഗ്രികള്‍ ശേഖരിക്കുവാനും അന്യരുടെ മേല്‍ ഏറിയ തോതില്‍ ആധിപത്യം സ്ഥാപിക്കുവാനുമാണ് ചെലവാക്കിയത്. ഏതു ശക്തിയുള്ളതുകൊണ്ടാണോ അയാള്‍ക്കു ബഹുമതിയും ആരാധനയും കൈവന്നത്, അതേശക്തി ഇപ്പോള്‍ അയാളെ സ്വര്‍ഗ്ഗത്തില്‍നിന്നു നരകത്തിലേക്കു വലിച്ചിഴച്ചെത്തിച്ചു. ലക്ഷ്യമൊന്നുമില്ലാതെ തെറ്റിത്തിരിഞ്ഞ പുരോഹിതശക്തി, ചിലന്തിയെപ്പോലെ, സ്വയം നെയ്തുണ്ടാക്കിയ വലയില്‍ കുരുങ്ങി. പല തലമുറകളായി, അന്യരുടെ പാദങ്ങള്‍ കുടുക്കിയിടാന്‍ പണിപ്പെട്ടുണ്ടാക്കിയ ആ ചങ്ങല സ്വന്തം കാലുകളില്‍ത്തന്നെ നൂറു മടങ്ങായി വീണ് അനങ്ങാന്‍ വയ്യാത്ത മട്ടാക്കി. ബാഹ്യശുദ്ധിക്കുവേണ്ടി നാലുപാടും കല്പിച്ചുവെച്ച ഏതൊരാചാരപരമ്പരയില്‍ സമുദായം ഇടംവലം തിരിയാന്‍ വയ്യാത്ത വണ്ണം കെട്ടുപെട്ടു കിടന്നുവോ, അതില്‍ത്തന്നെ ആപാദമസ്തകം കുടുങ്ങിപ്പോയ പുരോഹിതശക്തി ഇപ്പോള്‍ ആശയറ്റ് നിദ്രയില്‍ ലയിച്ചിരിക്കയാണ്. ഇനി ഗത്യന്തരമില്ല: ഈ ആചാരവല വലിച്ചുപൊട്ടിച്ചാല്‍ പുരോഹിതന്റെ പൗരോഹിത്യം നിലനില്ക്കില്ല. സ്വാഭാവികമായ ഉത്കര്‍ഷേച്ഛക്ക് ഒരു തരത്തിലും വളരാന്‍ നിവൃത്തിയില്ലെന്നു കണ്ട് ആരൊക്കെ ഈ മുറുകിയ കെട്ടു പൊട്ടിച്ച് മറുജാതിക്കാരുടെ ജീവനോപായം കൈക്കൊണ്ടു ധനമാര്‍ജ്ജിച്ചുവോ, അക്കൂട്ടരുടെ പൗരോഹിത്യം ഉടനടി അവരില്‍നിന്ന് സമുദായം എടുത്തുകളഞ്ഞു. കുടുമയും മുറിച്ച് തലമുടിയും ചീകി പകുത്ത്, പകുതി പാശ്ചാത്യമായ വേഷഭൂഷാദികളും ആചാരങ്ങളും കൈക്കൊണ്ടിട്ടുള്ള ബ്രാഹ്മണന്റെ ബ്രാഹ്മണ്യത്തില്‍ സമുദായത്തിനു വിശ്വാസമില്ല. പിന്നെ ഭാരതത്തില്‍ പുത്തനായി വന്നിട്ടുള്ള ഈ പാശ്ചാത്യരുടെ ശക്തിയും വിദ്യാഭ്യാസവും ധനാഗമമാര്‍ഗ്ഗങ്ങളും എവിടെയൊക്കെ പരന്നുവോ അവിടെയൊക്കെ ബ്രാഹ്മണ യുവാക്കന്മാര്‍ പരമ്പരാഗതമായ പൗരോഹിത്യം വിട്ടു പറ്റംപറ്റമായി മറ്റു ജാതികളുടെ കുലവൃത്തി കൈക്കൊണ്ട് പണക്കാരായിവരുകയുമാണ്: ഒപ്പം അവരുടെ പൂര്‍വികരുടെ ആചാരമര്യാദകള്‍ മുച്ചൂടും മുടിഞ്ഞുപോകയും ചെയ്യുന്നു.

ഗുജറാത്തിലെ ബ്രാഹ്മണരുടെ അവാന്തരവിഭാഗങ്ങളിലെല്ലാം രണ്ടു തരക്കാരുണ്ട്: ഒരു കൂട്ടര്‍ പൗരോഹിത്യം വെച്ചുപുലര്‍ത്തുന്നു: മറ്റേ കൂട്ടര്‍ വേറെ വല്ല തൊഴിലും കൈക്കൊണ്ടു കാലം കഴിക്കുന്നു, പൗരോഹിത്യം തൊഴിലാക്കിയവരെ മാത്രമേ അവിടെ ബ്രാഹ്മണരെന്നു വിളിക്കുന്നുള്ളു. മറ്റേ കൂട്ടര്‍ ബ്രാഹ്മണരായി ജനിച്ചവരെങ്കിലും പുരോഹിതബ്രാഹ്മണര്‍ അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നില്ല. ഉദാഹരണമായി ഭിക്ഷയെടുത്തു ജീവിക്കുന്ന പുരോഹിതബ്രാഹ്മണര്‍ ‘നഗരബ്രാഹ്മണ’രാണ്: ഗവണ്‍മെന്റിന്റെ കീഴില്‍ ജോലി നോക്കുന്നവരോ വൈശ്യവൃത്തി സ്വീകരിച്ചിട്ടുള്ളവരോ ആയ ബ്രാഹ്മണര്‍ ‘നാഗരര്‍’ മാത്രവും. എന്നാല്‍ ഇന്ന് ആ ദിക്കിലും ബ്രാഹ്മണരുടെയിടയില്‍ ഈ വിഭജനം അത്ര വകവെച്ചുവരുന്നില്ല. നഗരബ്രാഹ്മണന്റെ മക്കളും ഇംഗ്ലീഷു പഠിച്ച് ഗവണ്‍മെന്റ് ജോലി നോക്കിവരുന്നു: അല്ലെങ്കില്‍ കച്ചവടം മുതലായ തൊഴിലുകള്‍ സ്വീകരിക്കുന്നു. പാഠശാലകളിലെ അദ്ധ്യാപകന്മാരെല്ലാം കഷ്ടപ്പെട്ട് തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷുരീതിയിലുള്ള വിശ്വവിദ്യാലയങ്ങളില്‍ ചേര്‍ത്തുവരുകയാണ്: അവരെക്കൊണ്ട് വൈദ്യര്‍, കായസ്ഥര്‍ തുടങ്ങിയവരുടെ തൊഴിലുകള്‍ സ്വീകരിപ്പിക്കയും ചെയ്യുന്നു. ഇതൊക്കെ ഇങ്ങനെ തുടര്‍ന്നാല്‍ ഈ നാട്ടില്‍ ഇന്നുള്ള പുരോഹിതവര്‍ഗ്ഗം എത്രകാലം തുടരുമെന്ന സംഗതി നിശ്ചയമായും ചിന്ത്യമാണ്. ബ്രാഹ്മണശക്തിയെ ക്ഷയിപ്പിക്കാന്‍ യത്‌നിക്കുന്നു എന്നു പറഞ്ഞ് വല്ല വ്യക്തികളെയോ സംഘത്തെയോ കുറ്റപ്പെടുത്തുന്നവര്‍ അറിഞ്ഞിരിക്കണം, അനിവാര്യമായ പ്രകൃതിനിയമത്തിനു വഴിപ്പെട്ട് ബ്രാഹ്മണജാതിക്കാര്‍തന്നെയാണ് സ്വന്തം ശവകുടീരം തയ്യാറാക്കിക്കൊണ്ടിരിക്കുന്നതെന്ന്. ഇതു നല്ലതുമാണ്. ഓരോ അഭിജാതവര്‍ഗ്ഗത്തിന്റെയും കര്‍ത്തവ്യം തങ്ങളുടെ ചിത തങ്ങള്‍തന്നെ ഒരുക്കുകയാണുതാനും.

ശക്തി സഞ്ചയിക്കുന്നതുപോലെയോ അതിലധികമോ ആവശ്യമാണ് ശക്തിയെ വികേന്ദ്രീകരിക്കുന്നത്. ഹൃദയത്തില്‍ രക്തം സഞ്ചരിക്കുന്നതാവശ്യംതന്നെ: അതു ശരീരത്തിലെങ്ങും വ്യാപിപ്പിച്ചില്ലെങ്കില്‍ മരണമാണ് ഫലം. ഏതെങ്കിലും കുടുംബത്തിലോ ജാതിയിലോ ശക്തിയും വിദ്യയും കേന്ദ്രീകരിക്കുന്നത് ചിലപ്പോള്‍ സമുദായത്തിന്റെ നന്മയ്ക്ക് ആവശ്യമാണ്. എന്നാല്‍ കേന്ദ്രീഭൂതമായ ആ ശക്തി ഉരുക്കൂട്ടിയിട്ടുള്ളത് ചുറ്റുപാടും പരത്തുവാനത്രേ. ഇതു സാദ്ധ്യമല്ലെങ്കില്‍, സമുദായം ഉടനടി മരണത്തിന്നിരയാകും.

മറുവശത്ത് സിംഹത്തിന്നുള്ള എല്ലാ ഗുണങ്ങളും ദോഷങ്ങളുമാണ് സിംഹതുല്യനായ രാജാവിനുമുള്ളത്. സിംഹത്തിന്റെ കരാളനഖങ്ങള്‍ അതിന്റെ തീറ്റയ്ക്കായി സസ്യഭുക്കുകളായ ജന്തുക്കളുടെ കരളു കീറുന്ന കാര്യത്തില്‍ ക്ഷണനേരവും മടിക്കില്ല. കവി പറയുന്നുമുണ്ട്, പട്ടിണി കിടക്കുന്ന മുതുക്കന്‍സിംഹംപോലും മടിയില്‍ വന്നുചാടുന്ന കുറുക്കനെ തിന്നാമെന്ന് ഒരിക്കലും കരുതില്ലെന്ന്. രാജവ്യാഘ്രത്തിന്റെ ഭോഗലാലസയ്ക്കു തടസ്സമുണ്ടാക്കുന്ന പ്രജകള്‍ക്കു കിട്ടുന്ന ഫലം സര്‍വനാശമാണ്. വിനയത്തോടുകൂടി രാജാവിന്റെ ആജ്ഞകള്‍ ശിരസാ വഹിച്ചാല്‍ അപകടമൊന്നും വരികയില്ലതാനും.

ഒത്തൊരുമിച്ചുള്ള പ്രയത്‌നം, ഒത്തൊരുമിച്ചുള്ള ചിന്ത, സമഷ്ടിരക്ഷക്കുവേണ്ടി വ്യക്തി ചെയ്യുന്ന ത്യാഗം – ഇവയൊക്കെ പണ്ടെന്നപോലെ ഇന്നും വേണ്ടത്ര ഒരിടത്തും കാണാനില്ല. അതിനുവേണ്ടിയാണ് സമുദായം രാജാവെന്ന ഒരു കേന്ദ്രത്തെ സൃഷ്ടിച്ചത്. ആ കേന്ദ്രത്തിലത്രേ എല്ലാ ശക്തികളും ഉരുക്കൂട്ടിയിട്ടുള്ളത്. അവിടെനിന്നാണുതാനും അതു സമുദായഗാത്രത്തില്‍ നാലുപാടും പരക്കുന്നത്.

ബ്രാഹ്മണരുടെ മേല്‍ക്കോയ്മക്കാലത്തു ജ്ഞാനേച്ഛ ഒന്നാമതായി ഉണരുകയും, അതിന്റെ ഇളംപരുവത്തില്‍ അതു സംരക്ഷിക്കപ്പെടുകയും ചെയ്തതെങ്ങനെയോ, അതുപോലെ ക്ഷത്രിയരുടെ മേല്‌ക്കോയ്മക്കാലത്തു ഭോഗലാലസയുടെ പുഷ്ടിയും അതിനെ തുണയ്ക്കുന്ന ശാസ്ര്തങ്ങളുടെ സൃഷ്ടിയും ഉത്കര്‍ഷവും സമ്പാദിക്കപ്പെട്ടു.

പെരുമപെറ്റ ഭൂമീശ്വരന്മാര്‍ക്ക് തങ്ങളുടെ ഉന്നതമായ മസ്തകത്തെ പര്‍ണ്ണശാലകളില്‍ ഒളിക്കുക സാദ്ധ്യമാണോ? സാമാന്യജനങ്ങള്‍ക്കു കിട്ടുന്ന ഭോജ്യാദികള്‍കൊണ്ട് അവര്‍ക്കു തൃപ്തി കൈവരുമോ?

രാജാവിന്റെ മഹത്ത്വത്തോട് മനുഷ്യരുടെ ഇടയില്‍ ആര്‍ക്കും കിടപിടിക്കാവതല്ല. അദ്ദേഹത്തില്‍ ദേവത്വംപോലും ആരോപിക്കപ്പെടുന്നു. അവിടുത്തെ ഉപഭോഗവസ്തുക്കളുടെ നേരെ സാധാരണക്കാരന്‍ നോക്കുന്നതുപോലും മഹാപാപം: അവ കൈക്കൊള്ളാന്‍ കൊതിക്കുന്നതിനെപ്പറ്റി പറയുകയേ വേണ്ട. രാജാവിന്റെ ദേഹം സാധാരണക്കാരന്റെ ദേഹംപോലല്ല. അതിനെ വൃത്തികേടു തുടങ്ങിയ ദോഷങ്ങള്‍ തീണ്ടുകയേ ഇല്ല. പല ദേശങ്ങളിലും രാജശരീരത്തിനു മരണമേര്‍പ്പെടുന്നില്ലത്രേ! സൂര്യനുപോലും ഒരു നോക്കു കാണാന്‍ കിട്ടാത്ത രാജദാരങ്ങളാകട്ടേ, സാമാന്യരുടെ കാഴ്ചയില്‍ ഒരു തരത്തിലും പെടുകയേയില്ല. ഫലത്തില്‍, പര്‍ണ്ണശാലയ്ക്കുപകരം പ്രാസാദങ്ങള്‍ ഉയരുന്നു: ഗ്രാമ്യ കോലാഹലത്തിനുപകരം സുമധുരവും നിപുണകലാവിശിഷ്ടവുമായ സംഗീതധാര ഭൂമിയിലേക്ക് ഒഴുകുന്നു. ക്രമേണ പ്രാകൃതമായ വനങ്ങളുടെയും ശാര്‍ദ്ദ്വലങ്ങളുടെയും പരുപരുത്ത വസ്ര്തങ്ങളുടെയും സ്ഥാനത്ത് മനോഹരമായ ഉദ്യാനങ്ങള്‍, ഉപവനങ്ങള്‍, മനോജ്ഞമായ ആലേഖനങ്ങള്‍, കൊത്തിയെടുക്കപ്പെട്ട പ്രതിമകള്‍, നേര്‍ത്തപട്ടുവസ്ര്തങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാന്‍ തുടങ്ങി. ബുദ്ധിമാന്മാരായ ബഹുലക്ഷമാളുകള്‍ ശ്രമസാദ്ധ്യമായ കൃഷി ഉപേക്ഷിച്ച്, സ്വല്പശ്രമവും സൂക്ഷ്മ ബുദ്ധിയും വേണ്ടുന്ന നിരവധി കലകളില്‍ ശ്രദ്ധ ചെലുത്തി. ഗ്രാമത്തിന്റെ പ്രാധാന്യം നശിച്ചു: പട്ടണം ആവിര്‍ഭവിച്ചു.

ആദ്യമായി ഭാരതഭൂമിയിലാണ്, വിഷയോപഭോഗംകൊണ്ടു തൃപ്തരായ മഹാരാജാക്കന്മാര്‍, ഒടുവില്‍ വാനപ്രസ്ഥരായി അദ്ധ്യാത്മവിദ്യയെപ്പറ്റി ഗാഢമായി ആലോചിച്ചുതുടങ്ങിയത്. അങ്ങനെ, ഭോഗത്തിനുശേഷം വൈരാഗ്യം വരുകതന്നെ വേണം. ഈ വൈരാഗ്യത്തിന്റെയും ഗംഭീരമായ ദാര്‍ശനികചിന്തയുടെയും ഫലമായി ആദ്ധ്യാത്മികസത്യത്തില്‍ സമ്പൂര്‍ണ്ണമായ ആസക്തിയും, മന്ത്രപൂര്‍വ്വം അനുഷ്ഠിക്കേണ്ടിയിരുന്ന കര്‍മ്മകാണ്ഡത്തില്‍ തികഞ്ഞ ഉദാസീനതയും, ഉപനിഷത്തുകള്‍ ഗീത ജൈനബൗദ്ധഗ്രന്ഥങ്ങള്‍ എന്നിവയില്‍ സവിസ്തരം പ്രതിപാദിക്കപ്പെട്ടു കാണുന്നു. ഭാരതത്തില്‍ ഈ സംഗതിയിലും പുരോഹിതശക്തിക്കും രാജശക്തിക്കും തമ്മില്‍ കഠിനമായ പോരാട്ടം കാണാം. കര്‍മ്മ കാണ്ഡത്തിനുലോപമേര്‍പ്പെടുമ്പോള്‍ പുരോഹിതന് ഉപജീവനമാര്‍ഗ്ഗം നഷ്ടമായി. അതിനാല്‍ സ്വാഭാവികമായി എല്ലായ്‌പോഴും എല്ലായിടത്തും പുരോഹിതന്‍ പഴയ സമ്പ്രദായങ്ങള്‍ സംരക്ഷിക്കാന്‍ സന്നദ്ധനാണ്. മറിച്ച്, ജനകന്‍ തുടങ്ങിയ ക്ഷത്രിയന്മാര്‍ കയ്യൂക്കും ആദ്ധ്യാത്മികശക്തിയും കൈക്കൊണ്ട് പൗരോഹിത്യത്തിന്നെതിരായി നിലയുറപ്പിക്കുന്നു. ഈ കൂട്ടര്‍ തമ്മിലുള്ള മത്‌സരത്തിന്റെ കഥ നേരത്തെ പറഞ്ഞുവല്ലോ.

വിദ്യകളെല്ലാം തന്നില്‍ കേന്ദ്രീകരിക്കാന്‍ പുരോഹിതന്‍ പ്രയത്‌നിക്കുന്നതുപോലെ, ഭൗതികശക്തികളെല്ലാം തന്നില്‍ കേന്ദ്രീകരിക്കാന്‍ രാജാവും പ്രയത്‌നിക്കുന്നു. രണ്ടു കൂട്ടരെക്കൊണ്ടും പ്രയോജനമുണ്ട്. ചില സമയത്ത്, സമുദായത്തിന്റെ നന്മയ്ക്കു രണ്ടു ശക്തികളും ആവശ്യമാണ്. പക്ഷേ അതു സമുദായത്തിന്റെ ശൈശവകാലത്തത്രേ യൗവനാവസ്ഥയിലെത്തിയ സമുദായഗാത്രത്തില്‍ ബാല്യത്തിനു ചേര്‍ന്ന വസ്ര്തം വെച്ചുകെട്ടാന്‍ തുനിഞ്ഞാല്‍, സമുദായം ഒന്നുകില്‍ സഹജമായ ശക്തികൊണ്ട് അതു തട്ടിക്കീറി മുന്നേറുന്നു: ഇതിനു കഴിവില്ലെങ്കിലോ അതു ക്രമേണ ബര്‍ബരതയില്‍ ആണ്ടുപോകുന്നു.

രാജാവ് പ്രജകളുടെ മാതാവും പിതാവുമാണ്, പ്രജകള്‍ അദ്ദേഹത്തിന്റെ സന്തതികളും. പ്രജകളെല്ലാം എല്ലാത്തരത്തിലും, രാജാവിനെ ആശ്രയിച്ചുകഴിയുന്നതാണുചിതം: അതുപോലെ രാജാവ് പ്രജകളെ സ്വന്തം ഔരസസന്തതികളെയെന്നപോലെ സദാ സംരക്ഷിക്കേണ്ടതുമാണ്. എന്നാല്‍ ഓരോ വീട്ടിലും നടപ്പിലാക്കേണ്ട നയം നാട്ടിലെങ്ങും പ്രചരിക്കേണ്ടതാണ്. വീടുകളുടെ സമഷ്ടിയാണല്ലോ സമുദായം. ”പ്രാപേ്ത തു ഷോഡശേ വര്‍ഷേ” എന്ന നിയമമനുസരിച്ച് ഓരോ പിതാവും തന്റെ പുത്രനെ സുഹൃത്തായി കണക്കാക്കുകയാണ് വേണ്ടതെങ്കില്‍, സമുദായമെന്ന ശിശുവിന് ആ പതിനാറ് ഒരിക്കലും തികയലില്ലേ? എല്ലാ സമുദായങ്ങള്‍ക്കും പതിനാറാം വയസ്സു തികയുന്നു എന്നും, സാധാരണവ്യക്തികളും ശക്തരായ ഭരണകര്‍ത്താക്കളും തമ്മില്‍ സംഘട്ടനമുണ്ടാകുന്നു എന്നുമുള്ളതിനു ചരിത്രം സാക്ഷ്യം വഹിക്കുന്നു. ഈ യുദ്ധത്തില്‍ വരുന്ന ജയാപജയങ്ങളെ ആശ്രയിച്ചാണ് സമുദായത്തിന്റെ ജീവനും വികാസവും പരിഷ്‌കാരവും നിലകൊള്ളുന്നത്.

കൂടെക്കൂടെ ഈ വിപ്ലവം ഭാരതത്തിലും ഉണ്ടായിട്ടുണ്ട്. ഇവിടെ അതുണ്ടായിട്ടുള്ളത് മതത്തിന്റെ പേരിലാണെന്നു മാത്രം. ഭാരതത്തിന്റെ ജീവന്‍ മതമാണ്: ഈ നാടിന്റെ ഭാഷ മതമാണ്. ഇവിടെയുള്ള പ്രസ്ഥാനങ്ങളുടെയെല്ലാം പ്രതീകവും മതമാണ്. ചാര്‍വ്വാകന്‍, ജൈനന്‍, ബൗദ്ധന്‍, ശങ്കരന്‍, രാമാനുജന്‍, കബീര്‍, നാനക്, ചൈതന്യന്‍, ബ്രഹ്മസമാജം, ആര്യസമാജം – ഈ സമ്പ്രദായങ്ങളിലെല്ലാം മുന്നിട്ടു പതഞ്ഞ് ഇരച്ചുകയറുന്നത് മതത്തിന്റെ തിരമാലയാണ്. പിന്നാലെ, സാമുദായികമായ നിരപ്പുകേടുകള്‍ നേരേയാക്കപ്പെടുന്നു. നിരര്‍ത്ഥ കപദങ്ങള്‍ ഉരുവിടുന്നതുകൊണ്ട് ആഗ്രഹങ്ങള്‍ നിറവേറുമായിരുന്നെങ്കില്‍, വാസനകളെ തൃപ്തിപ്പെടുത്താന്‍ കഠിനമായ പ്രയത്‌നങ്ങളില്‍ ആരേര്‍പ്പെടും? സമുദായഗാത്രത്തിലെങ്ങും ഈ രോഗം ബാധിച്ചാല്‍, പ്രവൃത്തിയടങ്ങിയ സമുദായം മുച്ചൂടും നശിക്കും. അതുകൊണ്ടാണ് പ്രത്യക്ഷത്തില്‍മാത്രം വിശ്വസിക്കുന്ന ചാര്‍വ്വാകന്മാര്‍ കുത്തിത്തറയ്ക്കുന്ന ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുള്ളതും. പശുബലി, നരബലി, അശ്വമേധം തുടങ്ങിയ കര്‍മ്മകാണ്ഡാനുഷ്ഠാനങ്ങളിലെ ജന്തുപീഡാ പാപത്തില്‍നിന്ന് സമുദായത്തെ ഉദ്ധരിക്കാന്‍ സദാചാരികളും ജ്ഞാനാ വലംബികളുമായ ജൈനര്‍ക്കും, മേല്‍ജാതിക്കാരുടെ കഠിനമായ നിപീഡനങ്ങളില്‍നിന്ന് കീഴ്ജാതിക്കാരെ രക്ഷിക്കാന്‍ ബൗദ്ധവിപ്ലവത്തിനുമല്ലാതെ മറ്റാര്‍ക്കു കഴിയുമായിരുന്നു? കാലാന്തരത്തില്‍ ബുദ്ധമതത്തിലെ സദാചാരം അറപ്പുളവാക്കുന്ന അനാചാരങ്ങളായി മാറുകയും, ബൗദ്ധമതത്തിലെ സമത്വവാദത്തിന്റെ പിന്‍തുണയോടുകൂടി സമുദായത്തില്‍ കടന്നുകൂടിയ ബര്‍ബരജാതിക്കാരുടെ പൈശാചികനടപടികള്‍ കൊണ്ട് സമുദായം ഇളകിമറികയും ചെയ്തപ്പോള്‍, ആവുന്നത്ര പഴയ നിലതന്നെ വീണ്ടെടുക്കാനായിരുന്നു ശങ്കരന്റെയും രാമാനുജന്റെയും പ്രയത്‌നം. പിന്നെ, കബീറും നാനാക്കും ചൈതന്യനും ബ്രഹ്മസമാജവും ആര്യസമാജവും ഉടലെടുത്തില്ലായിരുന്നെങ്കില്‍, ഹിന്ദുക്കളെക്കാള്‍ സംഖ്യയില്‍ മുസല്‍മാന്മാരും ക്രിസ്ത്യാനികളും കൂടുതലാകുമായിരുന്നു എന്നതില്‍ സംശയമില്ല.

നാനാപദാര്‍ത്ഥഘടിതമായ ശരീരത്തെയും അനവധി ഭാവതരംഗങ്ങളുള്‍ക്കൊള്ളുന്ന മനസ്സിനെയും രൂപപ്പെടുത്താന്‍ ഭക്ഷണത്തെപ്പോലെ നല്ല വസ്തു മറ്റെന്തുണ്ട്? എന്നാല്‍ ദേഹത്തിന്റെ രക്ഷയ്ക്കും മനസ്സിന്റെ വീര്യവര്‍ദ്ധനത്തിനും ഒഴിച്ചുകൂടാത്ത ഭക്ഷണത്തിന്റെ അവശിഷ്ടാംശം ശരീരത്തില്‍നിന്നു ബഹിഷ്‌കരിക്കപ്പെടാന്‍ സാധിക്കാതെ വന്നാല്‍ അത് എല്ലാ അനര്‍ത്ഥങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. [തുടരും]