സ്വാമി വിവേകാനന്ദന്‍

നരവംശശാസ്ര്തീയമായ ഒരു കാഴ്ചബംഗ്ലാവുതന്നെ, സത്യത്തില്‍! ഒരുപക്ഷേ, ഈയിടെ സുമാത്രയില്‍ കണ്ടെത്തിയ ആ പകുതി മനുഷ്യക്കുരങ്ങിന്റെ അസ്ഥിപഞ്ജരം, അന്വേഷിച്ചാല്‍ ഇവിടെയും കണ്ടെന്നുവരും. വന്‍കിടകല്‍ത്തുണ്ടങ്ങളും ഇല്ലാതില്ല. മിക്കവാറും എല്ലായിടത്തുനിന്നും കരിങ്കല്ലുകൊണ്ടുണ്ടാക്കിയ ആയുധങ്ങള്‍ കുഴിച്ചെടുക്കാന്‍ പറ്റും. ഒരു കാലത്ത് തടാകങ്ങളില്‍ പാര്‍ത്തിരുന്നവര്‍, വളരെയേറെ ഉണ്ടായിരുന്നിരിക്കണം. ഗുഹാവാസികളും പര്‍ണ്ണധാരികളും ഇപ്പോഴും ഉണ്ടുതാനും. നാടിന്റെ നാനാഭാഗങ്ങളിലും കാട്ടുജാതിക്കാരും പ്രാകൃതരുമായ നായാടികളെ കാണുന്നുണ്ട്. പിന്നീട്, ചരിത്രത്തില്‍ കൂടുതലറിയപ്പെടുന്ന നീഗ്രോ – കോള്‍വംശ്യര്‍, ദ്രാവിഡര്‍, ആര്യര്‍ എന്നീ കൂട്ടരാണുള്ളത്. അതതു കാലങ്ങളില്‍ ഇവരോടു വന്നുചേരുകയുണ്ടായി അറിവില്‍പ്പെട്ടിട്ടുള്ള ഏതാണ്ടെല്ലാ മനുഷ്യജാതികളും, ഇനിയും അറിയപ്പെടാത്ത മറ്റു കുറെയേറെ ജാതിക്കാരും. ഉദാഹരണമായി മിശ്രമംഗോളര്‍, തനിമംഗോളര്‍, താര്‍ത്താര്‍മാര്‍, ഭാഷാശാസ്ര്തജ്ഞര്‍ പേര്‍ ചൊല്ലി വിളിക്കാറുള്ള ആര്യന്മാര്‍. അതേ, ഇവിടെ പാഴ്‌സിയും ഗ്രീക്കും യുഞ്ചിയും ഹൂണനും ചീനനും സിതിയനും മറ്റു പല ഉരുകിച്ചേര്‍ന്ന ജാതിക്കാരുമുണ്ട്: ജൂതരും പാഴ്‌സികളും അറേബ്യക്കാരും മംഗോളരും വൈക്കിങ്ങുകളുടെ സന്തതികളും ജര്‍മ്മന്‍വനങ്ങളുടെ അധീശ്വരന്മാരുമുണ്ട്. വേണ്ടപോലെ ഇന്നും പാകപ്പെട്ടിട്ടില്ല. ഒരു മനുഷ്യമഹാസാഗരംതന്നെ. പൊങ്ങിത്തിളച്ച് സദാ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ജാതികല്ലോലങ്ങളാണ് അതിലുള്ളത്. ഈ തിരമാലകള്‍ മേലേ്പാട്ടുയര്‍ന്നുവന്ന്, പരന്നു, ചെറിയ ചെറിയ ഓളങ്ങളെ ഉള്‍ക്കൊണ്ടിട്ട് വീണ്ടും അമര്‍ന്നുപോകുന്നു – ഇതാണ് ഭാരതചരിത്രം.

പ്രകൃതിയുടെ ഈ ഭ്രാന്തിനിടയ്ക്ക്, മല്ലടിച്ചുവന്ന ചേരികളില്‍ ഒന്ന് ഒരുപായം കണ്ടുപിടിച്ചു: അതിനു സ്വസംസ്‌കാരത്തിന്റെ പ്രാബല്യത്തിലൂടെ ഭാരതീയജനതയുടെ ഏറ്റവും വമ്പിച്ച ഒരു ഭാഗത്തെ സ്വാധീനമാക്കാന്‍ കഴിഞ്ഞു.

ഉത്കൃഷ്ടമായ ഈ ജാതി സ്വയം ആര്യന്മാര്‍, മാന്യന്മാര്‍ എന്നു പേരിട്ടു. അവര്‍ കൈക്കൊണ്ട ഉപായമാണ് വര്‍ണ്ണാശ്രമാചാരം അല്ലെങ്കില്‍ ജാതി എന്നു വിളിച്ചുവരുന്നത്.

അറിഞ്ഞോ അറിയാതെയോ ആര്യജാതിക്കാര്‍ ഒട്ടേറെ അവകാശങ്ങള്‍ തങ്ങള്‍ക്കു മാത്രമായി സൂക്ഷിച്ചുവെച്ചു. അപ്പോഴും ജാതിവ്യവസ്ഥയ്ക്കു കുറെയേറെ വഴക്കമുണ്ടായിരുന്നു. ജാതിവ്യവസ്ഥയ്ക്കു ചിലപ്പോഴെല്ലാം ഉണ്ടായിരുന്ന ആ വഴക്കം സംസ്‌കാരത്തോതില്‍ വളരെ താണുനിന്നിരുന്ന ജാതിക്കാരുടെ സ്വസ്ഥമായ ഉയര്‍ച്ചയ്ക്ക് ഉതകാത്തമട്ടിലുള്ളതായിരുന്നുതാനും.

സിദ്ധാന്തപരമായിട്ടെങ്കിലും, ജാതിവ്യവസ്ഥ ഭാരതത്തെ മുഴുവന്‍ ബുദ്ധിയുടെ നേതൃത്വത്തിന്നധീനമാക്കുകയാണ് ചെയ്തത് – ആദ്ധ്യാത്മികത ശുദ്ധിചെയ്തു നിയന്ത്രിച്ചുപോന്ന ബുദ്ധിയുടെ അല്ലാതെ ധനത്തിന്റെയോ ഖഡ്ഗത്തിന്റെയോ അല്ല. ഭാരതത്തിലുള്ള ഒന്നാമത്തെ ജാതി ആര്യന്മാരില്‍വെച്ച് ഏറ്റവും ഉന്നതരായ ബ്രാഹ്മണരാണ്.

ഒറ്റനോട്ടത്തില്‍ ഇതു മറ്റു ജനതകളുടെ സാമൂഹ്യരീതികളില്‍നിന്നു വ്യത്യസ്തമെന്നു തോന്നിയാലും, സൂക്ഷിച്ചാല്‍ കാണാം, രണ്ടു സംഗതിയിലൊഴിച്ച്, ആര്യസമ്പ്രദായമായ ജാതി അത്രക്കൊന്നും ഭിന്നമല്ലെന്ന്. ഒന്ന്;- എല്ലാ രാജ്യങ്ങളിലും ക്ഷത്രിയന്, ഖഡ്ഗധാരിക്ക് ഉള്ളതാണ് ഏറ്റവും കവിഞ്ഞ മാന്യത. റൈന്‍നദിയുടെ കരയില്‍ പാര്‍ത്തുവന്ന ഏതോ കവര്‍ച്ചക്കാരനായ പ്രഭുവാണ് തന്റെ പൂര്‍വികന്‍ എന്നു കാട്ടുന്നതില്‍ റോമിലെ പാപ്പയ്ക്കു സന്തോഷമേ കാണൂ. ഭാരതത്തില്‍ അങ്ങേയറ്റത്തെ മാന്യത ശാന്തിയെ ഭജിക്കുന്നവര്‍ക്കാണ് – ഈശ്വരന്റെയാളായ ബ്രാഹ്മണന്ന്, ശര്‍മ്മയ്ക്ക്.ഏതോ കാട്ടില്‍ ഒതുങ്ങിപ്പാര്‍ത്ത ഏതോ പുരാതനര്‍ഷിയാണ് തന്റെ പൂര്‍വികന്‍ എന്നു കാട്ടുന്നതില്‍ ഭാരതീയരാജാക്കന്മാരില്‍ പ്രമുഖന്നുപോലും സംതൃപ്തിയാണ്. ആ ഋഷിക്കു സ്വത്തായിട്ടൊന്നുമില്ല: അദ്ദേഹം നിത്യച്ചെലവുകള്‍ നടത്തിയത് ഗ്രാമീണരെ ആശ്രയിച്ചാണ്. ആയുഷ്‌കാലം മുഴുവന്‍ ഇഹത്തിലും പരത്തിലുമുള്ള ജീവിതപ്രശ്‌നങ്ങള്‍ക്കു സമാധാനം കാണാനുള്ള ശ്രമമായിരുന്നു അദ്ദേഹത്തിന്.

രണ്ടാമത്തെ സംഗതി തോതിലുള്ള വ്യത്യാസമാണ്. മറ്റു രാജ്യങ്ങളിലെല്ലാം ജാതിഭേദത്തിനു പര്യാപ്തമായ തോതായി എണ്ണിവരുന്നത് പുരുഷവ്യക്തിയെയോ സ്ര്തീവ്യക്തിയെയോ ആണ്. സമ്പത്ത്, പ്രാബല്യം, ബുദ്ധിശക്തി, സൗന്ദര്യം – ഇവയിലൊന്നുകൊണ്ടുതന്നെ വ്യക്തിക്കു തന്റെ ജന്മസിദ്ധമായ നില വിട്ട്, എത്താവുന്ന ഏതു നിലയിലും എത്താന്‍ സാധിക്കുന്നു.

ഇവിടത്തെ തോത് ഒരു ജാതിയില്‍പെടുന്ന അംഗങ്ങളെല്ലാം ചേര്‍ന്നുണ്ടാകുന്നതാണ്.

ഇവിടെയും, താണജാതിയില്‍നിന്നു കൂടുതലുയര്‍ന്നതോ ഏറ്റവു മുയര്‍ന്നതോ ആയ ജാതിയിലേക്ക് ഉയരാന്‍ വ്യക്തിക്കു സന്ദര്‍ഭങ്ങളെല്ലാമുണ്ടുതന്നെ. (എന്നാല്‍) പരപരതയുടെ ആജഹസ്ഫന്‍സ്പൂണ്‍ഇെ ഈ ജന്മ ഭൂമിയില്‍ ഓരോരുത്തന്നും താനുള്‍പ്പെടുന്ന ജാതിയുടെ മുഴുവന്‍ തന്റെ കൂടെത്തന്നെ കൊണ്ടുപോകേണ്ടതുണ്ട്.

സമ്പത്ത്, പ്രാബല്യം, മറ്റുത്കര്‍ഷങ്ങള്‍ – ഇവകൊണ്ടൊന്നും ഭാരതത്തില്‍ ഒരുവന്ന് സജാതീയരെ വെടിഞ്ഞ് ഉത്കൃഷ്ടരോടു ചങ്ങാത്തം കൂടുക സാദ്ധ്യമല്ല. അവനവനുള്ള മേന്മകള്‍ നേടാന്‍ സഹായിച്ചവര്‍ക്ക് അവയില്‍നിന്നുണ്ടാകുന്ന ഗുണങ്ങള്‍ ഇല്ലാതാക്കാനും, പകരം അവമതിമാത്രം മടക്കിക്കൊടുക്കാനും ആര്‍ക്കും കഴിവില്ല. കൂടുതലുയര്‍ന്ന ഒരു ജാതിയിലെത്തണമെങ്കില്‍, ഭാരതത്തില്‍ ചെയ്യേണ്ടത് ഒന്നാമതായി സ്വജാതിയെത്തന്നെ ഉയര്‍ത്തുകയാണ്: പിന്നെ മുന്നേറ്റത്തില്‍ അവനെ തടസ്സപ്പെടുത്താന്‍ ഒന്നുമില്ലതന്നെ.

ഇതാണ് തമ്മില്‍ കലരാന്‍ ഭാരതത്തിലുള്ള രീതി. ഓര്‍മ്മയ്ക്കപ്പുറത്തുള്ള കാലം മുതല്‍ ഇങ്ങനെ നടന്നുവരികയുമാണ്. മറ്റു ദിക്കുകളെക്കാള്‍ തുലോം കൂടുതലായി ഭാരതത്തില്‍ ആര്യന്മാര്‍ ദ്രാവിഡന്മാര്‍ മുതലായ വാക്കുകള്‍ക്കു ഭാഷാശാസ്ര്തപരമായ അര്‍ത്ഥമേയുള്ളു: കപാലശാസ്ര്തപരമായ ഭേദത്തിന് ഉറച്ചുനിന്നു പ്രവര്‍ത്തിക്കാന്‍ പറ്റിയ വസ്തുതകളൊന്നുമില്ല.

ബ്രാഹ്മണന്‍ ക്ഷത്രിയന്‍ തുടങ്ങിയ പേരുകളും ഇത്തരത്തിലുള്ളവ തന്നെ. മുടക്കംകൂടാതെ അകമേ മാറിക്കൊണ്ടിരിക്കുന്ന ഒരു ജനസംഘത്തിന്റെ നിലയെ കുറിക്കമാത്രമാണ് അവ ചെയ്യുന്നത്. ഏറ്റവും മുകളിലത്തെ തട്ടിലെത്തിയാലും, മാറ്റങ്ങളുണ്ടാകുന്നുണ്ട്. പിന്നീടുള്ള പ്രയത്‌നങ്ങളെല്ലാം (മറ്റു ജാതിക്കാരുമായി) വിവാഹം ഒഴിവാക്കിക്കൊണ്ട് ജാതീയതയെ സ്ഥിരീകരിക്കാനുള്ളതാണ്. ഇങ്ങനെ വേണ്ടിവരുന്നത് താഴ്ന്ന ജാതിക്കാരില്‍നിന്നോ വിദേശങ്ങളില്‍നിന്നോ പുതുസംഘങ്ങളെ സ്വജാതിവലയത്തില്‍ കടത്താന്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോഴാണു താനും.

ഏതു ജാതിക്കാര്‍ക്കു വാളേന്തിയ കരുത്തുണ്ടാകുന്നുവോ അവര്‍ ക്ഷത്രിയരാകുന്നു: പാണ്ഡിത്യത്തിന്റെ കരുത്തുള്ളവര്‍ ബ്രാഹ്മണരും, വിത്തശക്തിയുള്ളവരെല്ലാം വൈശ്യരുമാകുന്നു. കാമ്യമായ ആ ലക്ഷ്യത്തിലെത്തിയവര്‍ പുത്തനായി വരുന്നവരില്‍നിന്ന് അകന്നു നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതു സത്യംതന്നെ. അതിന്നവര്‍ ചെയ്യുന്നത് ഒരേ ജാതിയില്‍ത്തന്നെ ഉപജാതികള്‍ കല്പിക്കയാണ്. എന്നാല്‍ നെടുനാള്‍ ചെല്ലുമ്പോള്‍ അവര്‍ കൂടിക്കലര്‍ന്ന് ഒന്നായിത്തീരുന്നു എന്നതാണ് വസ്തുസ്ഥിതി. ഭാരതത്തിലെവിടെയും നമ്മുടെ കണ്‍മുമ്പില്‍, നടന്നുവരുന്നതാണിത്.

ഒരു കൂട്ടര്‍ സ്വയം ഉയര്‍ന്നുവന്നാല്‍, സ്വാഭാവികമായി, അവര്‍ തനതായ പ്രത്യേകാവകാശങ്ങള്‍ സൂക്ഷിച്ചുവെയ്ക്കാന്‍ ശ്രമിക്കും. അതുകൊണ്ട് ഉയര്‍ന്ന ജാതിക്കാര്‍, വിശിഷ്യ ബ്രാഹ്മണര്‍, രാജാവിന്റെ പിന്‍തുണ കിട്ടിയപ്പോഴെല്ലാം, സാദ്ധ്യമായപ്പോഴെല്ലാം, താണജാതിക്കാരുടെ താദൃശവാസനകളെ വാളുപയോഗിച്ചും അമര്‍ത്താന്‍ യത്‌നിച്ചിട്ടുണ്ട്. പക്ഷേ ചോദിക്കേണ്ടത് അതിലവര്‍ക്കു വിജയം കൈവന്നോ എന്നാണ്. പുരാണങ്ങളും ഉപപുരാണങ്ങളും സൂക്ഷിച്ചു പഠിക്കുക: വിശേഷിച്ചും വലിയ പുരാണങ്ങളുടെ സ്ഥലമാഹാത്മ്യഖണ്ഡങ്ങള്‍. ചുറ്റും കണ്ണോടിച്ച് നിങ്ങളുടെ കണ്‍മുമ്പില്‍ എന്താണ് നടക്കുന്നതെന്നു നോക്കിക്കാണുക. അപ്പോള്‍ ആ ചോദ്യത്തിന് ഉത്തരം കിട്ടും.

പല ജാതികളുണ്ടായിട്ടും, ഉപജാതികളില്‍ മാത്രമായി ഒതുങ്ങി നില്ക്കുന്ന ഇന്നത്തെ വ്യവഹാരമര്യാദകളൊക്കെ ഉണ്ടായിട്ടും, (ഇതു സര്‍വസാധാരണമല്ലതന്നെ) തികച്ചും ഒരു സങ്കരവംശമാണ് നമ്മുടേത്.

ആര്യന്‍, തമിഴന്‍ എന്ന ഭാഷാശാസ്ര്തീയമായ പദങ്ങളുടെ അര്‍ത്ഥമെന്തായാലും, പടിഞ്ഞാറേ അതിരിനു വെളിയില്‍നിന്നാണ് ഭാരതീയ ജനതയുടെ ഈ രണ്ടു മഹാവിഭാഗങ്ങളും വന്നതെന്നു സമ്മതിച്ചാല്‍ത്തന്നെയും, ഏറ്റവും പ്രാചീനകാലം മുതല്ക്കുതന്നെ ഇവരെ അകറ്റി നിര്‍ത്തിവന്നിട്ടുള്ളതു രക്തമല്ല, ഭാഷയാണ്. വേദത്തില്‍ ദസ്യുക്കളുടെ വൈരൂപ്യത്തെ കുറിക്കാന്‍ ഉപയോഗിച്ചിട്ടുള്ള പരിഹാസപദങ്ങളില്‍ ഒന്നും മഹത്തായ തമിഴ്‌വംശത്തിനു ചേരില്ല. സത്യം പറഞ്ഞാല്‍, സൗന്ദര്യത്തെസ്സംബന്ധിച്ചിടത്തോളം, ആര്യന്മാരും തമിഴരും തമ്മിലുണ്ടാകാവുന്ന മത്‌സരമൊതുക്കാന്‍ ഒരു നാണയം ചുഴറ്റിന്നൊരുങ്ങിയാല്‍ ഫലമിന്നതാകുമെന്നു പ്രവചിക്കാന്‍ ആരും പുറപ്പെടുകയില്ല.

ഭാരതത്തില്‍ ഏതെങ്കിലും ഒരു ജാതിക്കാര്‍ ധാര്‍ഷ്ട്യം പൂണ്ട്, ജന്മനാ തങ്ങള്‍ക്കുള്ള മഹനീയത അവകാശപ്പെടുന്നത് വെറും കെട്ടു കഥയ്ക്കു തുല്യമാണ്. ഈ അവകാശവാദത്തിനു പറ്റിയ കളം, ഭാഷാപരമായ ഭേദങ്ങള്‍ വഴിയായി തെക്കുള്ളത്ര ഭാരതത്തില്‍ മറ്റൊരിടത്തുമില്ലെന്ന് ഖേദപൂര്‍വ്വം ഞങ്ങള്‍ക്കു ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.

തെക്കു നിലവിലുള്ള സാമൂഹ്യനിപീഡനത്തിന്റെ വിശദാംശങ്ങളിലേക്കു ഞങ്ങള്‍ മനഃപൂര്‍വ്വം കടക്കാതിരിക്കയാണ്. ഇതുപോലെതന്നെ ഇന്നുള്ള പല ബ്രാഹ്മണരുടെയും മറ്റു ജാതിക്കാരുടെയും ഉല്പത്തിയെപ്പറ്റി സൂക്ഷ്മപരീക്ഷണം ചെയ്‌വാനും ഞങ്ങള്‍ മുതിരുന്നില്ല. മദ്രാസ് പ്രവിശ്യയില്‍ ബ്രാഹ്മണരും അബ്രാഹ്മണരും തമ്മില്‍ പ്രകടമായിക്കാണുന്ന രസക്ഷയാധിക്യം രേഖപ്പെടുത്തി ഞങ്ങള്‍ തൃപ്തിപ്പെട്ടുകൊള്ളുന്നു.

ഭഗവാന്‍ മനുഷ്യന്നു നല്കിയിട്ടുള്ള മഹത്തമങ്ങളായ സാമൂഹ്യസ്ഥാപനങ്ങളിലൊന്നാണ് ജാതിവ്യവസ്ഥയെന്നത്രേ ഞങ്ങളുടെ വിശ്വാസം. കൂടാതെ, ഇതിനകംതന്നെ, മഹനീയതമമായ ഈ ഭാരതീയ സ്ഥാപനം ഈ നാട്ടിന്ന് അദ്ഭുതങ്ങള്‍തന്നെ കൈവരുത്തിയിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അപരിഹാര്യമായി വന്ന ന്യൂനതകളും വൈദേശികമര്‍ദ്ദനങ്ങളും, സര്‍വോപരി, ബ്രാഹ്മണരെന്ന പേരിനു യോഗ്യരല്ലാത്ത പലരുടെയും അനന്യസുലഭമായ അറിവുകേടും ദുരഭിമാനവും ഈ സ്ഥാപനത്തിന്റെ ന്യായമായ സഫലീകരണത്തെ വിഘ്‌നപ്പെടുത്തിയിട്ടുണ്ടെങ്കിലും അതു ഭാരതീയജനതയെ അതിന്റെ ലക്ഷ്യത്തില്‍ തിട്ടമായും കൊണ്ടെത്തിക്കാന്‍ പോകയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

ഭാരതാദര്‍ശത്തെ മറക്കരുതേ എന്നു ദാക്ഷിണാത്യരായ ബ്രാഹ്മണരോടു ഞങ്ങള്‍ ഉള്ളഴിഞ്ഞഭ്യര്‍ത്ഥിക്കുന്നു. പരിശുദ്ധിപോലെ പരിശുദ്ധരും ഈശ്വരനെപ്പോലെ നല്ലവരുമായ ബ്രാഹ്മണരുടെ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിക്കയത്രേ ഈ ആദര്‍ശം. ഇതാണ് ആദിയിലുണ്ടായിരുന്നതെന്നു മഹാഭാരതം പറയുന്നു:അതുതന്നെയായിരിക്കും ഒടുവിലും ഉണ്ടാകാന്‍പോകുന്നത്.

അപ്പോള്‍ സ്വയം ബ്രാഹ്മണനെന്നവകാശപ്പെടുന്നവന്‍ തന്റെ അഭിമാനങ്ങള്‍ തെളിയിക്കയാണ് വേണ്ടത്: അതിന്നാദ്യമായി വേണ്ടതു സ്വയം ആദ്ധ്യാത്മികത വെളിപ്പെടുത്തുകയും പിന്നീടു മറ്റുള്ളവരെയും ആ നിലയിലേക്കുയര്‍ത്തുകയുമാണ്. ഇതുവെച്ചു നോക്കിയാല്‍ തോന്നുന്നത്, അവരില്‍ മിക്കവരും ജാതിയെച്ചൊല്ലിയുള്ള പൊള്ളയായ അഭിമാനം പുലര്‍ത്തുകമാത്രമേ ചെയ്യുന്നുള്ളു എന്നത്രേ. പ്രസ്തുതമായ മിഥ്യാഭിമാനത്തെയും സഹജമായ ആലസ്യത്തെയും മനംമറിപ്പുണ്ടാക്കുന്ന മുഖസ്തുതികൊണ്ടു താലോലിക്കുന്ന സ്വാര്‍ത്ഥാന്വേഷകന്‍ അയാള്‍ സ്വദേശിയാകട്ടെ വിദേശിയാകട്ടെ – മിക്കവരെയും തൃപ്തിപ്പെടുത്തുന്നതായും തോന്നുന്നു.

ബ്രാഹ്മണരെ, നിങ്ങള്‍ സൂക്ഷിക്കണം, ഇതു മരണത്തിന്റെ ലക്ഷണമാണ്. എഴുന്നേറ്റുനിന്ന് നിങ്ങളുടെ പൗരുഷവും ബ്രാഹ്മണ്യവും വെളിപ്പെടുത്തുക. അതിനുവേണ്ടി നിങ്ങളുടെ ചുറ്റുമുള്ള അബ്രാഹ്മണരെ ഉയര്‍ത്തുവിന്‍. അതു ചെയ്യേണ്ടത് ഒരുടയവനെപ്പോലെയല്ല: കിഴക്കും പടിഞ്ഞാറുമുള്ള കപടതയോടും അന്ധവിശ്വാസത്തോടുമൊത്ത്, ഇഴയുന്നതും ചീഞ്ഞതുമായ അഹന്താരോഗത്തോടെയുമല്ല, മറിച്ച് ഒരു സേവകന്റെ താഴ്മയോടെയാണ്. കാരണം, സേവിക്കാനറിയാവുന്നവന്, നിശ്ചയമായും നിയന്ത്രിക്കാനുമറിയാം.

അബ്രാഹ്മണരും ജാതിവിദ്വേഷത്തിന്റെ തീ ഊതിക്കത്തിക്കാന്‍ സ്വന്തം ശക്തികള്‍ ചെലവാക്കിവരുകയാണ്. ഈ പ്രശ്‌നത്തിനു സമാധാനം കണ്ടെത്താന്‍ ഇതു വ്യര്‍ത്ഥംതന്നെ. ഹൈന്ദവരല്ലാത്തവര്‍ക്ക് ഈ തീയില്‍ കെട്ടുകെട്ടായി വിറകിട്ടുകൊടുക്കാന്‍ എന്തു സന്തോഷം!ജാതികള്‍ തമ്മിലുള്ള ഈ വഴക്കുകള്‍കൊണ്ട് ഒരടിപോലും മുന്നോട്ടുവെയ്ക്കാന്‍ കഴിയില്ല: ഒരു പ്രയാസവും കടന്നുപോവാനും കഴിയില്ല. ഈ തീ കത്തിക്കാളിയാല്‍, സംഭവങ്ങളുടെ പ്രയോജനകരമായ പുരോഗതിയെ, ഒരുപക്ഷേ, തകങ്ങളോളം പിന്‍തള്ളാന്‍ കഴിഞ്ഞെന്നു വരാം.

അതു ബൗദ്ധയുഗത്തില്‍ സംഭവിച്ച രാഷ്ട്രീയവിഡ്ഢിത്തങ്ങളുടെ ഒരാവര്‍ത്തനമാകും.

അനഭിജ്ഞമായ ഈ കോലാഹലങ്ങളുടെയും വിദ്വേഷത്തിന്റെയും നടുക്കു ന്യായയുക്തവും ബുദ്ധിപൂര്‍വ്വകവുമായ ഒരേയൊരു മാര്‍ഗ്ഗം പണ്ഡിത് ഡി. ശവരിരായന്‍ സ്വീകരിച്ചുകാണുന്നതില്‍ ഞങ്ങള്‍ക്കു വളരെ സന്തോഷമുണ്ട്. അദ്ദേഹം, ബുദ്ധിശൂന്യവും അര്‍ത്ഥരഹിതവുമായ വക്കാണങ്ങള്‍ക്കായി തന്റെ വിലപ്പെട്ട ജീവശക്തി വ്യയപ്പെടുത്താതെ, ‘സിദ്ധാന്തദീപിക’യില്‍ പ്രസിദ്ധപ്പെടുത്തിയ ആര്യദ്രാവിഡ സങ്കരമെന്ന ലേഖനപരമ്പരയിലൂടെ ദക്ഷിണഭാരതത്തിലെ ജാതിപ്രശ്‌ന ത്തെപ്പറ്റി കൂടുതല്‍ മെച്ചപ്പെട്ട ഒരു ധാരണ ഉളവാക്കാനുള്ള ഭാരം ഏറ്റെടുത്തിരിക്കയാണ്. കൂടാതെ, ഈ ലേഖനങ്ങളിലൂടെ അതിസാഹസികമായ പാശ്ചാത്യഭാഷാശാസ്ര്തം ഉളവാക്കിയിട്ടുള്ള ഒട്ടേറെ വിദ്വേഷം തള്ളിനീക്കേണ്ട ഭാരവും താന്‍ ഏറ്റെടുത്തിരിക്കുന്നു.

ആരും ഒന്നും ഒരിക്കലും യാചിച്ചുനേടിയിട്ടില്ല. നാം അര്‍ഹിക്കുന്നതേ നമുക്കു കിട്ടൂ. അര്‍ഹതയിലേക്കുള്ള ആദ്യത്തെ ചുവട് ആഗ്രഹിക്കലാണ്. നേടാന്‍ യോഗ്യതയുണ്ടെന്നു ബോധപ്പെട്ടതിനെ സഫലമാം വണ്ണം ആഗ്രഹിക്കയും ചെയ്യാം.

നാമമാത്രമായ ആര്യസിദ്ധാന്തത്തിന്റെയും അതില്‍നിന്നുളവാകുന്ന അശുഭസിദ്ധാന്തങ്ങളുടെയും മാറാലകളെ മയത്തിലും എന്നാല്‍ വെടിപ്പായും തുടച്ചുമാറ്റുക അത്യാവശ്യമായിരിക്കയാണ്, വിശിഷ്യദക്ഷിണഭാരതത്തില്‍. അതുപോലെതന്നെ, ആര്യജാതിയുടെ പൂര്‍വ്വികരില്‍ ഒരു കൂട്ടരും മഹത്തുക്കളുമായ തമിഴരുടെ പൊയ്‌പോയ പ്രതാപത്തെപ്പറ്റിയുള്ള അറിവിലൂടെ ന്യായമായ ആത്മാഭിമാനം ഉളവാക്കേണ്ടതുമുണ്ട്.

ഞങ്ങള്‍, പാശ്ചാത്യസിദ്ധാന്തങ്ങള്‍ക്കു തികച്ചും വിരുദ്ധമായി, നമ്മുടെ മതഗ്രന്ഥങ്ങളില്‍ കൊടുത്തിട്ടുള്ള ആര്യപദനിര്‍വചനത്തെ മുറുകെ പിടിക്കാനാണ് ഭാവം. ഇന്നു നാം ഹിന്ദുക്കളെന്നു വിളിച്ചുവരുന്ന ജനസമൂഹത്തെ മാത്രമാണ് ആര്യപദം ദ്യോതിപ്പിക്കുന്നത്. ഈ ആര്യവര്‍ഗ്ഗം സംസ്‌കൃതം സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരുമായ രണ്ടു വമ്പിച്ച സംഘങ്ങളുടെ സങ്കരമാണ്. ഇന്ന് ഈ പദം എല്ലാ ഹിന്ദുക്കളെയും കുറിക്കുന്നുണ്ട്. ചില സ്മൃതികളില്‍ ശൂദ്രരെ ഈ പേരിന് അയോഗ്യരാക്കിയതില്‍ കഴമ്പൊന്നുമില്ല. പണ്ടും ഇന്നും ശൂദ്രര്‍ പ്രതീക്ഷയില്‍ കഴിഞ്ഞുപോകുന്ന, പരീക്ഷണത്തിനു വിധേയരായി കഴിയുന്ന, ആര്യന്മാര്‍ മാത്രമാണ്.

പണ്ഡിത്ശവരിരായന്‍ സഞ്ചരിക്കുന്ന ഭൂമി അത്ര സുരക്ഷിതമല്ലെന്നു ഞങ്ങള്‍ക്കറിയാമെങ്കിലും, വേദത്തിലെ പല പേരുകള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും അദ്ദേഹം നല്കുന്ന നീണ്ട വ്യാഖ്യാനങ്ങളില്‍ പലതി നോടും ഞങ്ങള്‍ക്കു വിയോജിപ്പാണുള്ളതെങ്കിലും, അദ്ദേഹം തുടങ്ങിവെച്ച സമുദ്യമത്തില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ട്. സംസ്‌കൃതം സംസാരിച്ചുവന്ന വര്‍ഗ്ഗത്തെ ഭാരതീയപരിഷ്‌കാരത്തിന്റെ പിതാവെന്നു പറയാമെങ്കില്‍, അതിന്റെ മഹനീയമായ മാതാവിന്റെ സംസ്‌കാരമേതെന്നതിനെപ്പറ്റിയുള്ള ശരിയായ ഒരന്വേഷണത്തിന്റെ തുടക്കമാണ് മേല്പടി സമുദ്യമം.

പ്രാചീനതമിഴരുടെയും അക്കാഡോ – സുമേറിയന്‍വര്‍ഗ്ഗങ്ങളുടെയും വംശപരമായ ഐക്യത്തെ അദ്ദേഹം സുധീരം മുന്നോട്ടുകൊണ്ടുവന്നതിലും ഞങ്ങള്‍ക്കു സന്തോഷമുണ്ട്. മറ്റെല്ലാറ്റിനും മുമ്പു വികസിച്ച മഹത്തായ ആ പരിഷ്‌കാരത്തിന്റെ രക്തപുഷ്ടിയോര്‍ക്കുമ്പോള്‍ ഇതു ഞങ്ങള്‍ക്ക് അഭിമാനമുളവാക്കുന്നു. തമിഴ്‌വര്‍ഗ്ഗക്കാരുടെ പ്രാചീനമായ പരിഷ്‌കാരത്തിന്റെ കാലത്തോടു തട്ടിച്ചുനോക്കുമ്പോള്‍ ആര്യന്മാരും സിമിറ്റിക്‌വര്‍ഗ്ഗക്കാരും ശിശുക്കള്‍മാത്രം.

ഒരു സൂചനകൂടി ഞങ്ങള്‍ക്കു നല്കാനുണ്ട്. ഈജിപ്തുകാര്‍ പരാമര്‍ശിക്കുന്ന പരന്ന വള്ളങ്ങളുടെ നാടുമാത്രമല്ല മലബാര്‍. ഒരു വംശക്കാരെന്ന നിലയില്‍ മലബാറില്‍നിന്നാണ് ഈജിപ്തുകാര്‍ ഒന്നടങ്കം മഹാസമുദ്രം താണ്ടി, നൈല്‍നദിയുടെ ഗതി പിന്‍തുടര്‍ന്ന്, വടക്കുനിന്ന് തെക്കോട്ടു കിടക്കുന്ന ത്രികോണഭൂമിയില്‍ പ്രവേശിച്ചത്. അനുഗൃഹീതരുടെ നിവാസസ്ഥാനമായി ഗണിക്കപ്പെട്ടതും, ഈജിപ്തുകാരുടെ സാഭിലാഷമായ തിരിഞ്ഞുനോട്ടത്തിനു വിഷയീഭവിച്ചതും പരന്ന വള്ളങ്ങളുടെ നാടായ മലബാര്‍തന്നെയാണ്.

ശരിയായ മാര്‍ഗ്ഗത്തിലേക്കുള്ള ഒരു ചുവടുവയ്പാണിത്. സംസ്‌കൃത സാഹിത്യത്തിലും ദര്‍ശനത്തിലും മതത്തിലുമുള്ള ദ്രാവിഡഘടകങ്ങളെയും ദ്രാവിഡഭാഷകളെയും കൂടുതല്‍ മെച്ചപ്പെട്ട മട്ടില്‍ പഠിക്കുമ്പോള്‍, വിശദാംശങ്ങളില്‍ കൂടുതല്‍ സൂക്ഷിച്ചു നടത്തപ്പെടുന്ന ഗവേഷണയത്‌നങ്ങള്‍ നിശ്ചയമായി ഉണ്ടാകും. മാതൃഭാഷയില്‍ ദ്രാവിഡ ശൈലികള്‍ സ്വായത്തമാക്കുന്നവരെക്കാള്‍, ഈ ജോലിചെയ്യാന്‍ കൂടുതല്‍ പ്രാപ്തര്‍ മറ്റാരുണ്ട്?

വേദാന്തികളും സന്ന്യാസികളുമായ ഞങ്ങളെ സംബന്ധിച്ചിടത്തോളം, സംസ്‌കൃതം സംസാരിച്ചുവന്നവരും വേദത്തിന്റെ ഉടയവരുമായ ഞങ്ങളുടെ പൂര്‍വികന്മാരെപ്പറ്റിയും അഭിമാനമാണുള്ളത്: തമിഴ് സംസാരിച്ചുവന്ന ഞങ്ങളുടെ പൂര്‍വ്വികരെപ്പറ്റിയും അഭിമാനമുണ്ട്. അവരുടെ പരിഷ്‌കാരമത്രേ ഇന്നുവരെ അറിയപ്പെട്ടവയില്‍വെച്ചെല്ലാം പ്രാചീനം. മുന്‍ചൊന്ന രണ്ടു കൂട്ടരെയുംകാള്‍ പ്രാചീനരായ കോള്‍ വര്‍ഗ്ഗീയരായ ഞങ്ങളുടെ പൂര്‍വ്വികരെ ചൊല്ലിയും ഞങ്ങള്‍ക്കഭിമാനമാണ്. ഇവര്‍ വനത്തില്‍ പാര്‍ത്തു വേട്ടയാടി വന്നു. കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ ഏന്തിവന്ന ഞങ്ങളുടെ പൂര്‍വഗാമികളെപ്പറ്റിയും ഞങ്ങള്‍ക്കഭിമാനംതന്നെ. മനുഷ്യരാശിയില്‍ ഒന്നാംസ്ഥാനം അവര്‍ക്കാണ്. പരിണാമവാദം ശരിയാണെങ്കില്‍ മൃഗപദവിയിലുള്ള ഞങ്ങളുടെ പൂര്‍വികരെച്ചൊല്ലിയും ഞങ്ങള്‍ അഭിമാനംകൊള്ളുന്നു. മനുഷ്യന്നു മുമ്പാണ് അവരുടെ കാലം. ചരാചരാത്മകമായ പ്രപഞ്ചത്തിന്റെ പിന്‍തുടര്‍ച്ചക്കാരാണ് ഞങ്ങള്‍ എന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നു. ജനിച്ചു പ്രവര്‍ത്തിച്ചു ക്ലേശിക്കുന്നതിലും ഞങ്ങള്‍ക്കഭിമാനംതന്നെ. ഈ ജോലി തീരുമ്പോള്‍ മരിക്കയും, മോഹരഹിതമായ ആ മണ്ഡലത്തില്‍ എന്നെന്നേക്കുമായി പ്രവേശിക്കയും ചെയ്യുമെന്ന സംഗതിയില്‍ ഞങ്ങളുടെ അഭിമാനം ഏറുകയുമാണ്.