”ഈശ്വരന്‍ നാട്ടുകാരെ സൃഷ്ടിച്ചു: ഈശ്വരന്‍ യൂറോപ്യനെ സൃഷ്ടിച്ചു: എന്നാല്‍ മറ്റാരോ ആണ് സങ്കരവര്‍ഗ്ഗത്തെ സൃഷ്ടിച്ചത്.” ഇതു പറഞ്ഞത്, ഞെട്ടിക്കും മട്ടില്‍ ഈശ്വരനെ ദുഷിച്ച ഒരിംഗ്ലീഷുകാരനാണ്.
ജഡ്ജി റാനഡെ ചെയ്ത ഉല്‍ഘാടനപ്രസംഗമാണ് നമ്മുടെ മുമ്പില്‍ കിടക്കുന്നത്. ഭാരതസാമുദായികസമ്മേളനത്തിന് (സാമൂഹ്യ)പരിഷ്‌കരണത്തിലുള്ള ഉത്‌സാഹത്തെ അതു പ്രകാശിപ്പിക്കുന്നു. പഴയ കാലത്തു നടന്ന മിശ്രവിവാഹങ്ങളുടെ വമ്പിച്ച ഒരുദാഹരണവ്യൂഹമാണ് അതിലുള്ളത്. പ്രാചീനരായ ക്ഷത്രിയരുടെ ഔദാര്യത്തെപ്പറ്റി പലതും അതിലുണ്ട്: വിദ്യാര്‍ത്ഥികള്‍ക്കു പറ്റിയ പക്വവും മിതവുമായ ഉപദേശവും. ഇതൊക്കെ പ്രകാശിപ്പിച്ചിട്ടുള്ളതു സദുദ്ദേശ്യത്തിന്റെതായ കാര്യഗൗരവമുള്ള മൃദുവായ ഭാഷയിലാണ്. ഇതു സത്യത്തില്‍ സ്തുത്യര്‍ഹമാണുതാനും.
എന്നാല്‍ പ്രസംഗത്തിന്റെ ഒടുവിലത്തെ അംശം ഞങ്ങളെ അദ്ഭുതപ്പെടുത്തുന്നു. ഒരു സന്ന്യാസി സ്ഥാപിച്ചതും, പഞ്ചാബില്‍ കരുത്തുറ്റ ഒരു പ്രസ്ഥാനമായി വളര്‍ന്നിട്ടുള്ളതുമായ ആര്യസമാജത്തിനുവേണ്ടി ഒരു കൂട്ടം അദ്ധ്യാപകരെ സൃഷ്ടിക്കുന്നതിനെപ്പറ്റി ഉപദേശിക്കയാണ് ആ പ്രസംഗം. ഇതു ഞങ്ങളെക്കൊണ്ട് ഒരു ചോദ്യം ചോദിപ്പിക്കുന്നു; ”ഈശ്വരന്‍ ബ്രാഹ്മണനെ സൃഷ്ടിച്ചു: ഈശ്വരന്‍ ക്ഷത്രിയനെ സൃഷ്ടിച്ചു എന്നു തോന്നുന്നു. പക്ഷേ സന്ന്യാസിയെ സൃഷ്ടിച്ചതാരാണ്?”
അറിയപ്പെട്ടിട്ടുള്ള മതങ്ങളിലെല്ലാം സന്ന്യാസിമാര്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടുതാനും. ഹിന്ദുസന്ന്യാസികളും ബൗദ്ധസന്ന്യാസികളും ക്രിസ്തീയ സന്ന്യാസികളുമുണ്ട്. ഇസ്ലാമിനുപോലും, തീക്ഷ്ണമായ അതിന്റെ നിഷേധം തള്ളി, ഭിക്ഷുസമ്പ്രദായങ്ങളില്‍പ്പെട്ട സന്ന്യാസിസംഘങ്ങളെത്തന്നെ അംഗീകരിക്കേണ്ടിവന്നിട്ടുണ്ട്.
ആകെ മുണ്ഡനം ചെയ്തവരുണ്ട്: ആംശികമായി മുണ്ഡനം ചെയ്തവരുണ്ട്: നീണ്‍മുടിക്കാരും കുറുമുടിക്കാരും ജടാധാരികളും മറ്റു പല മട്ടില്‍ മുടിവെച്ചവരുമുണ്ട്.
ദിഗംബരന്മാരും കന്ഥാധാരികളും കാഷായക്കാരും പീതാംബരക്കാരുമുണ്ട്: ശ്യാമാംബരധാരിയായ ക്രിസ്ത്യനും നീലാംബരധാരിയായ മുഹമ്മദനുമുണ്ട്. പിന്നെ, പലമട്ടില്‍ ജഡത്തെ പീഡിപ്പിക്കുന്നവരും, വെടിപ്പായും നീരോഗമായും ശരീരം സൂക്ഷിക്കുന്നതില്‍ വിശ്വസിക്കുന്നവരുമുണ്ട്. കൂടാതെ, പണ്ട് എല്ലാ രാജ്യങ്ങളിലും പോരാളിയായ സന്ന്യാസിയുമുണ്ടായിരുന്നു. സ്ര്തീകളെ, സന്ന്യാസിനികളെ സംബന്ധിച്ചും സമാന്തരമായി ഇതേ ഭാവവും സദൃശമായ ആവിഷ്‌കാരങ്ങളും നടപ്പില്‍ വന്നിട്ടുണ്ട്. ശ്രീറാനഡെയ്ക്കു ഭാരതത്തിലെ സാമുദായിക സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ എന്ന നില മാത്രമല്ല ഉള്ളത്: അദ്ദേഹം ധീരോദാത്തനായ ഒരു മാന്യന്‍കൂടിയാണ്. ശ്രുതികളിലും സ്മൃതികളിലുമുള്ള സന്ന്യാസിമാര്‍ അദ്ദേഹത്തിനു തികഞ്ഞ സംതൃപ്തി നല്കുന്നു. സ്രഷ്ടാവിന്റെ കേന്ദ്രസങ്കല്പത്തിന്, പ്രജോത്പാദനത്തിന്, വിഘാതം വരുത്തിയവരാണ് പണ്ടു രാജസഭകളിലൊക്കെ ചെന്നു വന്‍കിടദാര്‍ശനികരെ വെല്ലുവിളിച്ചുവന്ന അനൂഢബ്രഹ്മവാദിനികള്‍ എന്ന് അദ്ദേഹത്തിനു തോന്നുന്നില്ല. പ്രബലത കൂടിയവരും അതേ ജീവിതവൃത്തി സ്വീകരിച്ചവരുമായ പുരുഷന്മാര്‍ക്ക് മാനവാനുഭൂതിയുടെ വൈചിത്ര്യവും പൂര്‍ണ്ണതയും ഉണ്ടാകാഞ്ഞതുപോലെ, മേല്‍ച്ചൊന്ന ബ്രഹ്മവാദിനികള്‍ക്കുംപറ്റി എന്ന് ശ്രീ റാനഡെയ്ക്ക് അഭിപ്രായമില്ല.
അതിനാല്‍ പ്രാചീനസന്ന്യാസികളെയും ആദ്ധ്യാത്മികതയില്‍ അവര്‍ക്കിന്നുള്ള പിന്‍തുടര്‍ച്ചക്കാരെയും, ജയിച്ചുകഴിഞ്ഞതായി കരുതി, ഞങ്ങള്‍ കൈവിടുന്നു.
ശ്രീ റാനഡെയുടെ പ്രതികൂലവിമര്‍ശനത്തിന്റെ സാരഭാരം താങ്ങേണ്ടുന്നവന്‍ പ്രധാന കുറ്റവാളിയായ പുരുഷന്‍ മാത്രമാണ്. അയാള്‍ക്ക് അത് അതിജീവിക്കാന്‍ കഴിയുമോ ഇല്ലയോ എന്നു നോക്കാം.
ലോകത്തെവിടെയും പരന്നിട്ടുള്ള സന്ന്യാസിസമ്പ്രാദയത്തിന്റെ പ്രാരംഭം നമ്മുടെ ഈ വിചിത്രമായ നാട്ടിലാണെന്നതില്‍ പണ്ഡിതന്മാര്‍ക്ക് ഐക്യമത്യമുണ്ടെന്നു തോന്നുന്നു. സാമുദായികപരിഷ്‌കാരത്തിന്റെ ആവശ്യവും ഇത്രയേറെ ഈ നാട്ടിന്നുണ്ടെന്നാണല്ലോ തോന്നുന്നത്.
വിവാഹിതനായ ഗുരുവും ബ്രഹ്മചാരിയും വേദങ്ങളെപ്പോലെതന്നെ പഴക്കമുള്ളവരാണ്. അനുഭൂതിത്തികവൊത്തവനും സോമപായിയും വിവാഹിതനുമായ ഋഷിയാണോ ഒന്നാമതുണ്ടായത്, അതോ അനുഭൂതി ശൂന്യനും അവിവാഹിതനുമായ ബ്രഹ്മചാരിയാണോ എന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ വിഷമം. പാശ്ചാത്യരായ സംസ്‌കൃതവിദ്വാന്മാര്‍ എന്നു പറയപ്പെടുന്നവരുടെ കിംവദന്തികളെ ആശ്രയിക്കാതെ, ശ്രീ റാനഡെ ഈ പ്രശ്‌നത്തിനു സമാധാനം കണ്ടുപിടിച്ചെന്നുവരാം. അതുവരെ, മുട്ടയോ മൂത്തത് കോഴിയോ മൂത്തത് എന്ന പണ്ടത്തെ ചോദ്യംപോലെ, ഇതും ഒരു കടംകഥയായി അവശേഷിക്കും.
തുടക്കത്തിന്റെ കഥയെന്തായാലും, ശ്രുതിസ്മൃതികളില്‍ പരാമര്‍ശിച്ചിട്ടുള്ള ബ്രഹ്മചാരിഗുരുക്കന്മാര്‍ക്ക് വിവാഹിതഗുരുക്കന്മാരുടേതില്‍നിന്നു തികച്ചും ഭിന്നമായ ഒരു നിലയാണുണ്ടായിരുന്നത് – അതായത് അഖണ്ഡമായ ബ്രഹ്മചര്യം.
വേദങ്ങളിലെ കര്‍മ്മകാണ്ഡത്തിന്റെ മുഖ്യാധാരം യജ്ഞാനുഷ്ഠാനമാണെങ്കില്‍, ജ്ഞാനകാണ്ഡത്തിന്റെത് ബ്രഹ്മചര്യമാണ്.
രക്തം ചിന്തിവന്ന യാജ്ഞികന്മാര്‍ക്ക് എന്തുകൊണ്ട് ഉപനിഷത്തുകള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞില്ല? എന്തുകൊണ്ട്?
ഒരു വശത്ത് വിവാഹിതനായ ഋഷിയെ കാണാം – അദ്ദേഹത്തിന്റെ ചടങ്ങുകള്‍ വ്യര്‍ത്ഥവും വിചിത്രവും, പോരാ ഭയങ്കരവുമാണ്: ധര്‍മ്മബോധമാണെങ്കില്‍, കുറഞ്ഞപക്ഷം മങ്ങിമയങ്ങിയതുമാണ്. മറുവശത്ത് ബ്രഹ്മചര്യവ്രതക്കാരായ സന്ന്യാസികളുണ്ട്. അവര്‍ക്ക് മാനവാനുഭൂതികള്‍ കഷ്ടിയാണെങ്കിലും, അവര്‍ ആദ്ധ്യാത്മികതയുടെയും ധര്‍മ്മാചരണത്തിന്റെയും ഉറവിടങ്ങള്‍ തുറന്നുവിടുന്നു. ഇവിടെയത്രേ സന്ന്യാസിമാരായ ജിനന്മാരും ബുദ്ധന്മാരും മുതല്‍ ശങ്കരന്‍വരെയുള്ളവരും രാമാനുജന്‍, കബീര്‍, ചൈതന്യന്‍ എന്നിവരും (ദാഹം) ശമിപ്പിച്ചതും, തങ്ങളുടെ അദ്ഭുതകരമായ ആദ്ധ്യാത്മികവും സാമുദായികവുമായ പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കുവാന്‍ വേണ്ടിവന്ന വീര്യം സമ്പാദിച്ചതും. ഈ പരിഷ്‌കാരങ്ങളാണ്, മൂന്നുനാലു തവണ കൈമറിഞ്ഞ്, പടിഞ്ഞാറുനിന്നു വന്ന്, നമ്മുടെ സമുദായപരിഷ്‌കര്‍ത്താക്കള്‍ക്ക് സന്ന്യാസിമാരെ വിമര്‍ശിക്കാന്‍പോലുമുള്ള പ്രാബല്യം നല്കിയത്.
ഇന്നേ ദിവസം നമ്മുടെ സമുദായപരിഷ്‌കര്‍ത്താക്കളുടെ മാന്യതയോടും ശമ്പളത്തോടും തുലനംചെയ്യുമ്പോള്‍, എന്തു പിന്‍ബലവും ശമ്പളവുമാണ് ഭാരതത്തില്‍ സന്ന്യാസിമാര്‍ക്കു കിട്ടിവരുന്നത്? സന്ന്യാസിമാരുടെ നിശ്ശബ്ദവും നിഃസ്വാര്‍ത്ഥവും സ്നേഹചോദിതവുമായ സേവനത്തെ കണക്കിലെടുക്കുമ്പോള്‍ സമുദായപരിഷ്‌കര്‍ത്താവ് എന്തു ജോലിയാണ് ചെയ്യുന്നത്?
പക്ഷേ സന്ന്യാസിമാര്‍ക്ക് ഇന്നത്തെ സ്വയംപ്രചരണസമ്പ്രദായം വശമല്ല!
ഹിന്ദു അമ്മയുടെ മുലപ്പാലോടുകൂടി ഉള്‍ക്കൊള്ളുന്നത്, ഈ ജീവിതം ഏതാണ്ട് ശൂന്യംപോലുള്ളത്, സ്വപ്നമാണെന്നത്രേ! ഇതില്‍ അയാള്‍ പാശ്ചാത്യരോടു യോജിക്കുന്നു. പക്ഷേ, പാശ്ചാത്യന്‍ അതിനപ്പുറമൊന്നും കാണുന്നില്ല. അയാളുടെ നിഗമനം ചാര്‍വാകന്റെതുമാണ്; ”തരമുള്ളപ്പോള്‍ നേടിക്കൊള്ളണം.” ”ഈ ലോകം നശിച്ച ഒരുപടു കുഴിയാണ്: അതിനാല്‍ കിട്ടുന്ന സുഖക്കഷണങ്ങളെല്ലാം ആവുംവണ്ണം നമുക്ക് എടുത്തു തിന്നണം.” മറിച്ച്, ഹിന്ദുവിന് ഈശ്വരനും ആത്മാവും മാത്രമാണ് യാഥാര്‍ത്ഥ്യങ്ങള്‍. പ്രപഞ്ചത്തെ അപേക്ഷിച്ച് ഇവയ്ക്കുള്ള യാഥാര്‍ത്ഥ്യം അപരിമിതമാണ്. അതിനാല്‍ അവയ്ക്കുവേണ്ടി ഇതുപേക്ഷിക്കാന്‍ അയാള്‍ സദാ ഒരുക്കമാണ്.
നമ്മുടെ ജനതയുടെ ഈ മനോഭാവം തുടരുന്നിടത്തോളം കാലം – സദാ തുടരട്ടെ എന്നാണു ഞങ്ങളുടെ പ്രാര്‍ത്ഥന – ‘ജഗദ്ധിതത്തിനും ആത്മമോക്ഷത്തിനും’വേണ്ടി എല്ലാം ത്യജിക്കാനുള്ള ഭാരതീയപ്രവണത തടുക്കാന്‍ ആംഗലീകരിക്കപ്പെട്ട നമ്മുടെ നാട്ടുകാര്‍ പുറപ്പെടുന്നത് എന്തു ഫലം പ്രതീക്ഷിച്ചാണ്?
ബ്രഹ്മചര്യമെടുത്തതിനാല്‍ ജീവിതത്തിന്റെ ”പരിപൂര്‍ണ്ണതയും വിവിധാനുഭൂതിയും” സന്ന്യാസിക്ക് നേരിട്ടുണ്ടാവില്ലെന്നുള്ള യുക്തിവാദത്തിന്റെ ആ ചീഞ്ഞ ശവമുണ്ടല്ലോ, യൂറോപ്പിലെ പ്രൊട്ടസ്റ്റന്റുകള്‍ ആദ്യം പ്രയോഗിച്ചതും ബംഗാളിലെ പരിഷ്‌കര്‍ത്താക്കള്‍ കടമെടുത്തതും ഇപ്പോള്‍ ബോംബെയിലെ നമ്മുടെ സഹോദരന്മാര്‍ ആശ്ലേഷിക്കുന്നതുമായ ആ ശവത്തെ, ഇത്തവണ അവസാനമായി, അറേബ്യന്‍കടലില്‍ വലിച്ചെറിയുമെന്ന് ഞങ്ങളാശിക്കുന്നു: വിശേഷിച്ചും പ്ലേഗിന്റെ കാലമാണല്ലോ ഇത്. പൂര്‍വ്വികന്മാര്‍ ആരെന്നു തിട്ടപ്പെടുത്താന്‍ പുരാണകഥകളെ തെല്ലെങ്കിലും ഉപയോഗിക്കാമെങ്കില്‍, ബോംബെയിലെ പ്രമുഖബ്രാഹ്മണവംശത്തിന് വളരെ സുരഭികളായ പിതൃക്കളോടു ഭക്തിയുണ്ടെന്നു വേണം വിചാരിക്കാന്‍. എങ്കിലും, മേല്‍ച്ചൊന്ന യുക്തിവാദത്തിന്റെ ആ ശവത്തെ അവര്‍ കടലില്‍ വലിച്ചെറിയുമെന്നാണ് ഞങ്ങളുടെ ആശ.
ഇടയ്ക്കു പറയട്ടെ: യൂറോപ്പില്‍ സന്ന്യാസിമാരും സന്ന്യാസിനിമാരും ചേര്‍ന്നാണ് ഭൂരിപക്ഷം കുട്ടികളെയും വളര്‍ത്തിയെടുക്കയും, വിദ്യ അഭ്യസിപ്പിക്കയും ചെയ്തത്. ഈ കുട്ടികളുടെ മാതാപിതാക്കന്മാര്‍ വിവാഹിതരായിരുന്നെങ്കിലും ”ജീവിതത്തിന്റെ വിവിധാനുഭൂതികള്‍” രുചിച്ചുനോക്കാന്‍ തീരെ കൂട്ടാക്കിയില്ലതന്നെ.
പിന്നൊരു കാര്യം; ഈശ്വരന്‍ നമുക്കു തന്നിട്ടുള്ള എല്ലാ ശക്തികളും എന്തെങ്കിലും ഉപയോഗത്തിനാണ്, തര്‍ക്കമില്ല. അപ്പോള്‍ സ്വവംശത്തിന്റെ പിന്തുടര്‍ച്ചയ്ക്ക് ഒരുങ്ങാത്ത സന്ന്യാസി തെറ്റു ചെയ്യുകയാണ്. പാപിയാണ്. ശരി: കോപിക്കാനും കാമിക്കാനും ക്രൂരത കാട്ടാനും മോഷ്ടിക്കാനും കവര്‍ച്ച ചെയ്യാനും ചതിക്കാനും മറ്റുമുള്ള ശക്തികളും നമുക്കു തന്നിട്ടുണ്ട്. പരിഷ്‌കരിക്കപ്പെട്ടതോ അല്ലാത്തതോ ആയ സാമുദായികജീവിതം നിലനിര്‍ത്താന്‍ ഇവയിലോരോന്നും കൂടിയേ തീരൂ താനും. ഇവയെപ്പറ്റിയെന്താണ് പറയുക? ”വിവിധാനുഭൂതിസിദ്ധാന്ത”മനുസരിച്ച് ഇവയെല്ലാം അനര്‍ഗളമായി പ്രവര്‍ത്തിക്കട്ടെ എന്നാണോ വെയ്‌ക്കേണ്ടത്? സര്‍വ്വശക്തനായ ഈശ്വരനോടും അവിടുത്തെ ഉദ്ദേശ്യങ്ങളോടും അടുത്തു പരിചയമുള്ള സമുദായപരിഷ്‌കര്‍ത്താക്കള്‍ മേല്‍ക്കൊടുത്ത ചോദ്യത്തിനു നല്കുന്ന ഉത്തരം ‘അതേ’ എന്നുതന്നെയാവാം. വിശ്വാമിത്രന്‍ അത്രി മുതലായവരെയാണോ അവരുടെ ഭയങ്കരമായ ക്രൂരതയില്‍ നാം അനുഗമിക്കേണ്ടത്? സ്ര്തീജനങ്ങളെസ്സംബന്ധിച്ചിടത്തോളമുള്ള ”പരിപൂര്‍ണ്ണവും വിവിധവുമായ അനുഭൂതിയില്‍” വസിഷ്ഠവംശത്തെയാണോ, വിശിഷ്യ, നാം അനുഗമിക്കേണ്ടത്? വിവാഹിതരായ ഋഷിമാരില്‍ ഭൂരിപക്ഷവും, സാമഗാനത്തിനും സോപാനത്തിനുമെന്നപോലെ കാലദേശവിവേകംകൂടാതെ നിര്‍വഹിച്ച നിരങ്കുശമായ പ്രജോത്പാദനത്തിനും പ്രസിദ്ധി നേടിയതാണ്. അതോ, ആദ്ധ്യാത്മികതയ്ക്കുണ്ടായിരിക്കേണ്ട ലക്ഷണമായ ബ്രഹ്മചര്യത്തിനു താങ്ങായിരുന്ന ബ്രഹ്മചാരികളായ ഋഷിമാരെയാണോ നാം അനുഗമിക്കേണ്ടത്?
പിന്നെയുള്ളത്, സാധാരണ നാം കണ്ടുവരുന്ന ഭ്രഷ്ടന്മാരാണ്: തങ്ങളുടെ ആദര്‍ശത്തോളം ഉയരാന്‍ കഴിയാത്ത ദുര്‍ബ്ബലരും ദുഷ്ടരുമായ സന്ന്യാസികള്‍. അവരുടെ മേല്‍ ശകാരവര്‍ഷം വേണ്ടതുതന്നെ.
പക്ഷേ ആദര്‍ശം നേരൊത്തതും നല്ലതുമാണെങ്കില്‍, ഭ്രഷ്ടുപറ്റിയ സന്ന്യാസി(പോലും) നാട്ടിലുള്ള ഏതു ഗൃഹസ്ഥനെക്കാളും ഏറെ തലയെടുപ്പുള്ളവന്‍തന്നെ. കാരണം, ”സ്നേഹിച്ചു പരാജയമടയുന്നതാണ് സ്നേഹിക്കാതിരിക്കുന്നതിനെക്കാള്‍ ഭേദം.”
പരിശ്രമിക്കയേ ചെയ്യാത്ത ഭീരുവിനെ അപേക്ഷിച്ച്, അയാള്‍ വീരന്‍ തന്നെ.
നമ്മുടെ സമുദായപരിഷ്‌കര്‍ത്തൃസംഘത്തിന്റെ ചേതോവൃത്തികളിലേക്കു നിഷ്‌കൃഷ്ടമായ പരീക്ഷണത്തിന്റെ വെളിച്ചം തിരിച്ചുവിട്ടാല്‍, സന്ന്യാസികളുടെയും ഗൃഹസ്ഥരുടെയും ഇടയിലുള്ള ഭ്രഷ്ടന്മാരുടെ ശതമാനം ഇത്രയെന്നു ദേവദൂതന്മാര്‍ക്കു കണക്കാക്കേണ്ടിവരും. അതു രേഖപ്പെടുത്തുന്ന ദേവദൂതന്‍ നമ്മുടെ ഹൃദയത്തില്‍ത്തന്നെയാണു താനും.
മറ്റൊരു കാര്യം; തുണയൊന്നും വേണ്ടെന്നുവെച്ച്, ജീവിതത്തിലുള്ള കൊടുങ്കാറ്റുകള്‍ക്കെതിരെ നീങ്ങിക്കൊണ്ട്, പ്രതിഫലബോധവും ആ ചീഞ്ഞ ചുമതലാബോധവുമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ട്, അങ്ങനെ തനിയേ നില്ക്കുക എന്ന അദ്ഭുതമായ അനുഭൂതിയില്ലേ, അതിനെപ്പറ്റി എന്തു പറയാനുണ്ട്? ജീവിതം മുഴുവന്‍ സന്തോഷത്തോടും സ്വാതന്ത്ര്യത്തോടുകൂടി പ്രവര്‍ത്തിക്കുക എന്നൊന്നില്ലേ? സ്വാതന്ത്ര്യത്തോടുകൂടി; കാരണം, അടിമകളെപ്പോലെ, തെറ്റായ മനുഷ്യസ്നേഹമോ ഉത്കര്‍ഷേച്ഛയോ മുന്നോട്ടു തള്ളിനീക്കുന്നതുകൊണ്ടല്ല.
ഇതു സന്ന്യാസികള്‍ക്കു മാത്രമേ ലഭ്യമാകൂ. മതത്തെക്കുറിച്ചെന്തു പറയുന്നു? അത് അവശേഷിക്കണമോ തിരോഭവിക്കണമോ? അവശേഷിച്ചാല്‍ അതിന് അതിന്‍േറതായ നിപുണന്മാരും ഭടജനങ്ങളും ആവശ്യമാണ്. മതത്തെ ജീവിതത്തിലെ ഒറ്റത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സന്ന്യാസിയാണ് മതകാര്യനിപുണന്‍, അയാളാണ് ഈശ്വരന്റെ ഭടജനം. ആത്മാര്‍പ്പണം ചെയ്തിട്ടുള്ള ഒരു കൂട്ടം സന്ന്യാസിമാരുള്ളിടത്തോളം കാലം ഏതു മതമാണ് നശിക്കുക?
പ്രൊട്ടസ്റ്റന്റായ ഇംഗ്ലണ്ടും അമേരിക്കയും കത്തോലിക്കാസന്ന്യാസിയുടെ മുന്നോട്ടുള്ള പാച്ചിലില്‍ എന്തുകൊണ്ട് കിടുകിടെ വിറകൊള്ളുന്നു?
റാനഡെയും സമുദായപരിഷ്‌കര്‍ത്താക്കളും ദീര്‍ഘായുഷ്മാന്മാരായിരിക്കട്ടെ! പക്ഷേ, ഹേ ഭാരതമേ, ആംഗലീകരിക്കപ്പെട്ട ഭാരതമേ, കുഞ്ഞേ, ഈ സമുദായത്തില്‍ നീയോ നിന്റെ പാശ്ചാത്യഗുരുക്കന്മാരോ അര്‍ത്ഥനിശ്ചയമേ വരുത്തിയിട്ടില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടെന്നു മറക്കരുത്: അവയ്ക്കു സമാധാനം കണ്ടെത്തുക എന്ന കഥയോ പോകട്ടെ!