സ്വാമി വിവേകാനന്ദന്‍

ശ്രീ വിവേകാനന്ദസ്വാമികളുടെ കടലാസുകളില്‍ താഴെ കൊടുക്കുന്ന കുറിപ്പുകള്‍ കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഉദ്ദേശ്യം ഒരു പുസ്തകംതന്നെ എഴുതുകയായിരുന്നു. അതിന്റെ ഉള്ളടക്കം ക്രമപ്പെടുത്തി 42 ചിന്താവിഷയങ്ങളായി അദ്ദേഹം കുറിച്ചിട്ടു. ഇവയില്‍ ചിലതിനെപ്പറ്റി മാത്രമേ, അവതാരികയുടെ മട്ടില്‍, അദ്ദേഹം പ്രതിപാദിച്ചിട്ടുള്ളു: മുഴുമിപ്പിക്കാതെ വിടുകയാണ് ചെയ്തത്. കണ്ടമട്ടില്‍ കയ്യെഴുത്തുപ്രതി ചുവടെ ചേര്‍ക്കുന്നു.

പ്രതിപാദ്യക്രമം

  1. പാശ്ചാത്യര്‍ക്കു ഞാന്‍ നല്കിയ സന്ദേശം ധീരമായിരുന്നു: എന്റെ നാട്ടുകാര്‍ക്കുള്ളതു ധീരതരവും.
  2. അദ്ഭുതമുളവാക്കുന്ന പാശ്ചാത്യദേശത്തില്‍ നാലു കൊല്ലം താമസിച്ചതുകൊണ്ട് ഭാരതത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാനാണ് കഴിഞ്ഞത്: ഇരുണ്ടിടങ്ങള്‍ക്കു കൂടുതല്‍ കറുപ്പും വെളിച്ചങ്ങള്‍ക്കു കൂടുതല്‍ തിളക്കവുമുണ്ടായി.
  3. ആകെക്കൂടിയുള്ള ഒരു നോട്ടം – ഭാരതീയര്‍ അധഃപതിച്ചിരിക്കുന്നു എന്നതു ശരിയല്ല.
  4. മറ്റെവിടെയുമെന്നതുപോലെ, ഇവിടത്തെയും പ്രശ്‌നം പല വംശക്കാരെ ഒരുമിപ്പിക്ക എന്നതാണ്. പക്ഷേ ഇവിടത്തെപ്പോലെ ആ പ്രശ്‌നം മറ്റൊരിടത്തും ഇത്ര വലുതായിട്ടില്ല.
  5. ഭാഷയുടെയും ഭരണകൂടത്തിന്റെയും സര്‍വോപരി മതത്തിന്റെയും സാധാരണീഭാവമാണ് തമ്മില്‍ ചേര്‍ച്ചയുളവാക്കുന്ന ശക്തി.
  6. മറുനാടുകളില്‍ ‘കരുത്തി’ലൂടെയാണ് ഇതിനുവേണ്ടി യത്‌നം നടന്നിട്ടുള്ളത് – അതായത് ഒരു വംശത്തിന്റെ മാത്രമായ സംസ്‌കാരത്തെ ശേഷമുള്ളവരുടെമേല്‍ വെച്ചുകെട്ടുക. തത്ഫലമായി ചുരുങ്ങിയ ഒരു കാലത്തിനുള്ളില്‍ സുശക്തമായി പ്രവര്‍ത്തിച്ച ഒരു ജനതാജീവിതം രൂപപ്പെട്ടു: പിന്നീടതു ക്ഷയിക്കയും ചെയ്തു.
  7. മറിച്ച്, ഭാരതത്തില്‍ പ്രശ്‌നമെത്ര വലുതായിരുന്നുവോ അത്രയും സൗമ്യമായിരുന്നു അതിന്റെ സമാധാനത്തിനുവേണ്ടിയുള്ള യത്‌നങ്ങള്‍. ആദികാലംമുതല്‍, വിഭിന്നവര്‍ഗ്ഗക്കാരുടെ കീഴ്‌വഴക്കങ്ങളെ, പ്രത്യേകിച്ചു മതങ്ങളെ, സഹിച്ചുപോന്നു.
  8. പ്രശ്‌നം ചെറുതും, ഐക്യമുളവാക്കാന്‍ കരുത്തു മതിയായതുമായിരുന്നിടത്ത് ഉണ്ടായ ഫലം, പ്രമുഖവര്‍ഗ്ഗങ്ങളൊഴിച്ചുള്ളവരിലെല്ലാം വിലീനവും ആരോഗ്യപൂര്‍ണ്ണവുമായിരുന്ന മാതൃകകളെ നാമ്പിലേ നുള്ളിക്കളയുകയാണ്. ഒരു കൂട്ടരുടെ തലച്ചോറ് ബഹുഭൂരിപക്ഷത്തെ സ്വന്തം നന്മയ്ക്കായി ഉപയോഗിച്ചു. ഒടുക്കം ഉണ്ടായത് സാദ്ധ്യമായിരുന്ന വികസനത്തിന്റെ സിംഹഭാഗവും പൊയ്‌പോകയാണുതാനും. ബലവത്തായ മാതൃക ക്ഷീണിച്ചപ്പോള്‍ തകര്‍ച്ചയില്ലാത്തതെന്നു തോന്നിയ ആ എടുപ്പ് ആകെക്കൂടി ഉലഞ്ഞുവീണു നശിച്ചു. ഉദാഹരണം ഗ്രീസ്, റോം, നോര്‍മന്‍വര്‍ഗ്ഗം.
  9. ഒരു പൊതുഭാഷ ഏറ്റവും കാമ്യമാണ്. മേല്‍ക്കൊടുത്ത വിമര്‍ശനം അതിനെയും ബാധിക്കും; നിലവിലുള്ള പലതിന്റെയും ജീവ സത്തയ്ക്കു നേരിടുന്ന വിനാശം.
  10. ചെന്നെത്താവുന്ന ഒരേയൊരു സമാധാനം മഹത്തും വിശുദ്ധവുമായ ഒരു ഭാഷ കണ്ടുപിടിക്കയാണ്. മറ്റു ഭാഷകളെല്ലാം അതിന്റെ പ്രകടരൂപങ്ങളായി കണക്കാക്കപ്പെടത്തക്കതാവണം. സംസ്‌കൃതഭാഷ അങ്ങനെ ഒന്നായി കാണപ്പെട്ടു.
  11. ആദ്യകാലത്ത് ദ്രാവിഡഭാഷകള്‍ സംസ്‌കൃതത്തില്‍പെട്ടോ പെടാതെയോ ഇരുന്നിരിക്കാം. എന്നാല്‍ ഇപ്പോള്‍, പ്രായോഗികമായി നോക്കിയാല്‍, അവയൊക്കെ സംസ്‌കൃതത്തില്‍പ്പെട്ടവ തന്നെ. ദിവസം ചെല്ലുന്തോറും അവ ഏറിയ തോതില്‍ ആദര്‍ശത്തെ സമീപിക്കുന്നതായും കാണാം. എങ്കിലും സ്വന്തവും ജീവത്തുമായ സവിശേഷതകള്‍ അവയ്ക്കുണ്ടുതന്നെ.
  12. വംശപരമായ ഒരു പശ്ചാത്തലം കാണപ്പെട്ടു – ആര്യന്മാര്‍.
  13. മദ്ധ്യ-ഏഷ്യമുതല്‍ ബാള്‍ട്ടിക്കിന്നടുത്തുവരെ ആര്യന്മാര്‍ എന്ന സവിശേഷവംശക്കാര്‍ പാര്‍ത്തിരുന്നോ എന്ന ചിന്ത.
  14. ‘മാതൃകകള്‍’ എന്നറിയപ്പെടുന്നവ. വംശങ്ങള്‍ എപ്പോഴും കലര്‍പ്പുള്ളവയായിരുന്നു.
  15. ‘വെളുത്തവരും’ ‘ഇരുണ്ടവരും.’
  16. ഐതിഹാസികഭാവന എന്നറിയപ്പെടുന്നതില്‍നിന്ന് പ്രായോഗികമായ സാമാന്യബോധത്തിലേക്കു വരുകതന്നെ. ഏറ്റവും പഴക്കമുള്ള രേഖകളില്‍നിന്നു കാണാം, തുര്‍ക്കിസ്താനും പഞ്ചാബിനും വടക്കുപടിഞ്ഞാറന്‍ ടിബത്തിനും ഇടയ്ക്കുള്ള ഭൂവിഭാഗത്തിലാണ് ആര്യന്മാര്‍ പാര്‍ത്തുവന്നതെന്ന്.
  17. പല നിലയിലുള്ള സംസ്‌കാരത്തോടു കൂടിയ ഗോത്രങ്ങളെയും വംശങ്ങളെയും ഒരുമിപ്പിക്കാനുള്ള യത്‌നത്തിലെത്തുകയാണ് നാം.
  18. പല ഭാഷകള്‍ക്കുള്ള സമാധാനം സംസ്‌കൃതമായതുപോലെ, പല വംശങ്ങള്‍ക്കുള്ള സമാധാനമാണ് ആര്യന്‍. അങ്ങനെ ബ്രാഹ്മണ്യമാണ് പുരോഗതിക്കും സംസ്‌കാരത്തിന്നുമുള്ള വിഭിന്ന തോതുകള്‍ക്കു പറ്റിയ സമാധാനം: അതുപോലെതന്നെ സാമുദായികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്കുള്ള സമാധാനവും.
  19. ഭാരതത്തിലെ മഹത്തായ ആദര്‍ശം ബ്രാഹ്മണ്യം.
  20. നിഃസ്വരും നിഃസ്വാര്‍ത്ഥരും ധര്‍മ്മമൊഴികെ ഒരു നിയമത്തിനും രാജാവിനും, കീഴ്‌പെടാത്തവരും (ആണ് ബ്രാഹ്മണര്‍).
  21. ജന്മസിദ്ധമായ ബ്രാഹ്മണ്യം. പണ്ടും ഇന്നും ഈ നില പല വംശക്കാരും അവകാശപ്പെടുകയും സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
  22. വന്‍കിടകാര്യങ്ങള്‍ ചെയ്യുന്നവന്‍ ഒരവകാശവാദവും പുറപ്പെടുവിക്കയില്ല. അലസരും കൊള്ളരുതാത്തവരുമായ മൂഢന്മാരേ ഇതിനു പുറപ്പെടൂ.
  23. ബ്രാഹ്മണ്യത്തിന്റെയും ക്ഷത്രിയത്വത്തിന്റെയും പരിക്ഷയം. കലിയുഗത്തില്‍ അബ്രാഹ്മണരേ കാണൂ എന്നു പുരാണങ്ങള്‍ ചൂണ്ടിക്കാണിച്ചു: ഇതു ശരിയാണ്, ദിവസം ചെല്ലുന്തോറും കൂടുതല്‍ ശരിയായി വരുകയുമാണ്. എങ്കിലും ഭാരതത്തില്‍മാത്രം കുറേ ബ്രാഹ്മണര്‍ അവശേഷിച്ചിട്ടുണ്ട്.
  24. ക്ഷത്രിയത്വം – ഇതിലൂടെ കടക്കണം ബ്രാഹ്മണരാകാന്‍. കഴിഞ്ഞ കാലത്ത് ചിലര്‍ കടന്നുകഴിഞ്ഞിരിക്കാം: എന്നാല്‍ ഇപ്പോള്‍ അതു വ്യക്തമാകണം.
  25. മതത്തിലാണ് ഈ പദ്ധതിയുടെ പൂര്‍ണ്ണരൂപം വ്യക്തമാകുന്നത്.
  26. ഒരേ വംശത്തില്‍പ്പെട്ട പല ഗോത്രക്കാര്‍ ഒരേ ജാതിനാമമുള്ള സദൃശരായ ദേവന്മാരെ ആരാധിക്കുന്നു. ഉദാഹരണം; ബാബിലോണയരുടെ ഇടയില്‍ ”ബാല്‍” എന്ന ജാതിനാമവും യഹൂദരുടെ ഇടയില്‍ ”മോളോക്ക്” എന്ന ജാതിനാമവും.
  27. ബാബിലോണിയരുടെ ഇടയില്‍ എല്ലാ ”ബാലു”കളെയും ബാല്‍മാര്‍ഡോക്കിലും, യഹൂദരുടെ ഇടയില്‍ എല്ലാ ”മോളോക്കു”കളെയും മോളോക്കുയാവയിലും (അഥവാ) യാഹ്വയിലും ലയിപ്പിക്കാനുള്ള ശ്രമം.
  28. പേഴ്‌സ്യക്കാരും യഹൂദരും ബാബിലോണിയരെ നശിപ്പിക്കയും, അവരുടെ പുരാണകഥകള്‍ എടുത്തു രൂപാന്തരപ്പെടുത്തി സ്വോദ്ദേശ്യങ്ങള്‍ക്കായി ഉപയോഗിക്കയും ചെയ്തു. അങ്ങനെ അവര്‍ക്ക്, നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍, ഏകേശ്വരവാദിയായ ഒരു മതം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
  29. അനിയന്ത്രിതമായ രാജവാഴ്ചയ്‌ക്കെന്നപോലെ ഏകേശ്വരവാദത്തിനും വളരെ വേഗം ആജ്ഞകള്‍ നടപ്പിലാക്കാനും വന്‍തോതില്‍ ശക്തി സംഭരിക്കാനും കഴിയും. പക്ഷേ അതിന് അപ്പുറം വളര്‍ച്ചയില്ല. അതിന്റെ ഏറ്റവും ദുഷിച്ച ലക്ഷണം ക്രൂരതയും മര്‍ദ്ദനവുമാണ്. അതിന്റെ പ്രഭാവത്തിനു വഴിപ്പെടുന്ന ജനതകളെല്ലാം, കുറേക്കൊല്ലത്തെ ഉജ്ജ്വലതയ്ക്കുശേഷം, വളരെ വേഗം ക്ഷയിച്ചുപോകുന്നു.
  30. ഭാരതത്തിലും ഇതേ പ്രശ്‌നം ഉദിച്ചു. അതിനു കണ്ടെത്തിയ സമാധാനം, ‘ഏകം സദ് വിപ്രാ ബഹുധാ വദന്തി’1 എന്നാണ്. സഫലതയുടെ മൗലികരാഗവും മൂലശിലയും ഇതത്രേ.
  31. ഇതിന്റെ ഫലമത്രേ വേദാന്തിയുടെ അദ്ഭുതകരമായ സഹിഷ്ണുത.
  32. അപ്പോള്‍ വിഭിന്നഘടകങ്ങളുടെ സവിശേഷതകളെ ക്ഷതപ്പെടുത്താതെ, അവയെ പൊരുത്തപ്പെടുത്തുകയും ഒരുമിപ്പിക്കയും ചെയ്യുക – ഇതാണ് വമ്പിച്ച പ്രശ്‌നം.
  33. ഈ ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലെങ്കിലുമുള്ളതോ ആയ വ്യക്തികളെ ആശ്രയിക്കുന്ന മതങ്ങള്‍ക്കൊന്നും മേല്‍ച്ചൊന്നതു സാദ്ധ്യമല്ല.
  34. ഇവിടെയാണ് അദൈ്വതപ്രസ്ഥാനത്തിന്റെ മഹനീയത. അതു പ്രചരിപ്പിക്കുന്നത് ഒരു തത്ത്വത്തെയാണ്, വ്യക്തിയെയല്ല. എങ്കിലും മാനവവ്യക്തികള്‍ക്കും ഐശ്വരവ്യക്തികള്‍ക്കും പ്രവര്‍ത്തിക്കാന്‍ തികഞ്ഞ സ്വാതന്ത്ര്യവുമുണ്ട്.
  35. ഇതു സദാ നടന്നുവരുന്നു. ഈ അര്‍ത്ഥത്തില്‍ നാം എപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കയുമാണ്. മുഹമ്മദീയഭരണകാലത്തുണ്ടായ പ്രവാചകര്‍.
  36. പഴയ കാലത്ത് അതു തികഞ്ഞ തോതില്‍ സചേതനവും ഉത്‌സാഹഭരിതവുമായിരുന്നു. ഈയിടെയായി ഈ അംശത്തില്‍ ന്യൂനതവന്നിട്ടുണ്ട്. ഈ അര്‍ത്ഥത്തിലേ നാം അധഃപതിച്ചിട്ടുള്ളു.
  37. ഭാവിയില്‍ ഇതു നടക്കും. സ്വല്പകാലത്തേക്കെങ്കിലും അദ്ഭുതഫലങ്ങളുളവാക്കി, മറ്റെല്ലാ ഗോത്രക്കാരുടെയും പ്രയത്‌നങ്ങളില്‍നിന്നു മുതലെടുത്തുവന്ന ഒരു ഗോത്രക്കാര്‍ പ്രകടമാക്കിയ പ്രാബല്യം. ഇപ്പോള്‍ എല്ലാ വംശങ്ങളും ഒരുമിക്കാനും കേന്ദ്രസ്ഥമാകാനും തുടങ്ങുകയാണ്. അവരുടെ രക്തവും ആശയങ്ങളും ക്രമത്തിലെങ്കിലും ഒഴിവാക്കാനാകാത്ത മട്ടില്‍ കലര്‍ന്നിരിക്കയുമാണ്. മനക്കണ്ണുകൊണ്ടു ഞാന്‍ കാണുന്നു, ഭാവിയിലെ മഹാശക്തന്‍ ക്രമേണ പാകപ്പെട്ടുവരുന്നത്. ഭാവിഭാരതം ഭൂമിയിലുള്ള ജനതകളില്‍വെച്ച് ഏറ്റവും പ്രായം കുറഞ്ഞതും ഏറ്റവും മികച്ചതും ഏറ്റവും പഴക്കമുള്ളതുമായിരിക്കും.
  38. ഉപായം – നമുക്ക് പ്രയത്‌നിക്കണം. സാമുദായികമായ നടപടികളാണ് പ്രതിബന്ധങ്ങള്‍. ഇവയില്‍ ചിലതിനു സ്മൃതികളാണാധാരം. ഒന്നിനും ശ്രുതികള്‍ താങ്ങായിട്ടില്ല. കാലത്തിന്നൊത്തു സ്മൃതികള്‍ മാറ്റണം. ഇതാണ് അംഗീകൃതമായ നിയമം.
  39. ഭാരതത്തിലെല്ലായിടത്തും വേദാന്തതത്ത്വങ്ങള്‍ പ്രചരിപ്പിച്ചാല്‍ പോരാ: ഭാരതത്തിനു വെളിയിലും വേണം. ഓരോ ജനതയുടെയും മാനസികഘടനയില്‍ നമ്മുടെ ആശയങ്ങള്‍ കടന്നുചെല്ലണം: പുസ്ത കങ്ങളിലൂടെയല്ല, വ്യക്തികളിലൂടെ.
  40. കലിയുഗത്തിനു ചേര്‍ന്ന ഒരൊറ്റ പ്രവൃത്തി ദാനമാണ്. കര്‍മ്മത്തിലൂടെ ശുദ്ധമാകാത്തവര്‍ക്കാര്‍ക്കും ജ്ഞാനം ലഭ്യമല്ല.
  41. ആദ്ധ്യാത്മികവും മതബാഹ്യവുമായ ജ്ഞാനത്തിന്റെ ദാനം.
  42. ത്യാഗം, ത്യാഗികള്‍ – ഭാരതീയജനത നടത്തുന്ന ആഹ്വാനം.