വിവേകാനന്ദസ്വാമികള്‍ : “പ്രസംഗത്തിനുമുമ്പ് ഹിന്ദുദര്‍ശനത്തെപ്പറ്റിയും, പ്രസംഗം കഴിഞ്ഞു ഭാരതത്തെക്കുറിച്ചു സാമാന്യമായും ചോദിക്കാന്‍ ചില ആളുകള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്തിനെപ്പറ്റി പ്രസംഗിക്കണമെന്നറിയാന്‍ പാടില്ലാത്തതാണ് വലിയ വൈഷമ്യം. ഹിന്ദുദര്‍ശനത്തെപ്പറ്റിയോ, ഹിന്ദുവംശം അതിന്റെ ചരിത്രം, സാഹിത്യം എന്നിവയില്‍ ഏതെങ്കിലുമൊന്നിനെപ്പറ്റിയോ പ്രസംഗിക്കാന്‍ എനിക്കു വളരെ സന്തോഷമേയുള്ളു. മാന്യകളേ, മാന്യന്മാരേ, ഏതെങ്കിലുമൊരു വിഷയത്തിന്റെ സൂചന നല്കിയാല്‍ അതു വളരെ സന്തോഷകരമായിരിക്കും.”
പ്രഷ്ടാവ്: “സ്വാമിന്‍, വളരെ പ്രായോഗികബുദ്ധിയുള്ള അമേരിക്കരായ ഞങ്ങള്‍ ഹിന്ദുദര്‍ശനത്തിലെ ഏതു തത്ത്വവിശേഷം അംഗീകരിക്കണമെന്നാണ് അങ്ങയുടെ ആഗ്രഹം? ക്രിസ്തുമതത്തിനു നല്കാന്‍ കഴിയാത്തതായി എന്താണ് ആ തത്ത്വം ഞങ്ങള്‍ക്കു ചെയ്യാന്‍ പോകുന്നത്? ഇതാണ് എനിക്കു ചോദിക്കാനുള്ളത്.”
വിവേകാനന്ദസ്വാമികള്‍ : “ഇത് എനിക്കു തീരുമാനിക്കാന്‍ വളരെ വിഷമമുള്ള സംഗതിയാണ്. ഇതു നിങ്ങളെയാണ് ആശ്രയിച്ചിരിക്കുന്നത്. അംഗീകരണീയമെന്നും സഹായപ്രദമെന്നും തോന്നുന്ന വല്ലതും കണ്ടാല്‍, അതു നിങ്ങള്‍ എടുക്കണം. ഞാന്‍ ഒരു മതപ്രചാരകനല്ലെന്നു മനസ്സിലാക്കുമല്ലോ. സ്വന്തം അഭിപ്രായത്തിലേക്ക് ആളുകളെ പരിവര്‍ത്തനം ചെയ്യാനല്ല ഞാന്‍ ചുറ്റിനടക്കുന്നത്. അത്തരം ആശയങ്ങളെല്ലാം നല്ലതും വലുതുമെന്നത്രേ എന്റെ സിദ്ധാന്തം. ഭാരതത്തിലുള്ള ചിലര്‍ക്കു നിങ്ങളുടെ ആശയങ്ങളില്‍ ചിലതു നന്നെ പറ്റിയേക്കാം. ഞങ്ങളുടെ ആശയങ്ങളില്‍ ചിലത് ഇവിടെ ചിലര്‍ക്കും പറ്റിയെന്നുവരാം. അപ്പോള്‍ ആശയങ്ങള്‍ ഭൂമുഖത്തിലെങ്ങും വാരിവിതറണം.”
പ്രഷ്ടാവ്: നിങ്ങളുടെ ദര്‍ശനത്തിന്റെ പാര്യന്തികഫലം മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. നിങ്ങളുടെ ദര്‍ശനവും മതവും ഞങ്ങളുടെ സ്ത്രീകളെക്കാള്‍ ഉപരിയായി നിങ്ങളുടെ സ്ത്രീകളെ ഉയര്‍ത്തിയിട്ടുണ്ടോ?”
വിവേകാനന്ദസ്വാമികള്‍ : “നോക്കു, ഈ ചോദ്യം വളരെ വിഷമം പിടിച്ച ഒന്നാണ്. ഞങ്ങളുടെ സ്ത്രീകളെയും നിങ്ങളുടെ സ്ത്രീകളെയും എനിക്കിഷ്ടമാണ്.”
പ്രഷ്ടാവ്: “ശരി. നിങ്ങളുടെ സ്ത്രീകളെയും, അവരുടെ ആചാരങ്ങള്‍, വിദ്യാഭ്യാസം, കുടുംബത്തില്‍ അവര്‍ക്കുള്ള സ്ഥാനം എന്നിവയെയും പറ്റി ഞങ്ങള്‍ക്കു പറഞ്ഞുതരുമോ?”
വിവേകാനന്ദസ്വാമികള്‍ : “നിശ്ചയമായും. ഇവയൊക്കെ നിങ്ങളോടു പറയാന്‍ എനിക്കു വളരെ സന്തോഷമുണ്ട്. അപ്പോള്‍ ഈ സായാഹ്‌നത്തില്‍ ഭാരതീയ മഹിളകളെക്കുറിച്ചറിയാനാണ് ആഗ്രഹമല്ലേ? അല്ലാതെ ദര്‍ശനത്തെയും മറ്റും പറ്റിയല്ല?”
പ്രസംഗം
എന്നോടു വളരെ ക്ഷമ കാട്ടണം എന്നു തുടക്കമായി പറയട്ടെ. കാരണം, ഒരിക്കലും വിവാഹം ചെയ്യാത്ത ഒരുകൂട്ടമാളുകളില്‍പെട്ടവനാണ് ഞാന്‍. അതിനാല്‍, മാതാവ്, ഭാര്യ, പുത്രി, സഹോദരി എന്നീ ബന്ധങ്ങളില്‍ പെടുന്ന സ്ത്രീകളെക്കുറിച്ച് എന്റെ അറിവു മറ്റുള്ളവരുടേതിനെ അപേക്ഷിച്ച് നിശ്ചയമായും അത്ര തികവുറ്റതാകാന്‍ തരമില്ല. പിന്നെ, ഭാരതം ഒരു ഭൂഖണ്ഡമാണ്, രാജ്യമല്ല എന്നോര്‍ക്കണം. പല വര്‍ഗ്ഗക്കാരാണ് അവിടെ നിവസിക്കുന്നത്. ഭാരതത്തിലെ വര്‍ഗ്ഗക്കാരെക്കാള്‍ കൂടുതല്‍ തമ്മിലടുത്തവരാണ്, സദൃശരാണ്, യൂറോപ്പിലെ ജനതകള്‍. ഭാരതം മുഴുവനായെടുത്താല്‍ എട്ടു ഭിന്നഭാഷകള്‍ അവിടെയുണ്ടെന്ന് ഞാന്‍ പറയുമ്പോള്‍ അതിനെപ്പറ്റി ഒരു സ്ഥലബോധം നിങ്ങള്‍ക്കു കിട്ടും. ഭിന്നഭാഷകള്‍ – ദേശീയഭാഷാവിഭാഗങ്ങളല്ല: ഓരോന്നിനും സ്വന്തമായ സാഹിത്യവുമുണ്ട്. ഹിന്ദിഭാഷതന്നെ സംസാരിക്കുന്നത് പത്തുകോടി ആളുകളാണ്. ബംഗാളി സംസാരിക്കുന്നവര്‍ ഏതാണ്ട് ആറുകോടിയാണ്. ഇതുപോലെ മറ്റു ഭാഷകളും. പിന്നെ ഉത്തര ഭാരതഭാഷകള്‍ നാലിനും ദക്ഷിണഭാരതഭാഷകളില്‍നിന്ന്, ഏതെങ്കിലും രണ്ടു യൂറോപ്യന്‍ഭാഷകള്‍ക്കു തമ്മിലുള്ള ഭേദത്തെക്കാളേറെ ഭേദമുണ്ട്. ഇവ സര്‍വഥാ ഭിന്നമാണ്: നിങ്ങളുടെ ഭാഷ ജപ്പാന്‍ഭാഷയില്‍ നിന്ന് എത്ര ഭിന്നമാണോ അത്രയും ഭിന്നമാണ്. ഞാന്‍ ദക്ഷിണഭാരതത്തില്‍ ചെല്ലുമ്പോള്‍ സംസ്‌കൃതം പറയാവുന്ന വല്ലവരെയും കണ്ടുമുട്ടിയില്ലെങ്കില്‍, അവരോടെനിക്ക് ഇംഗ്ലീഷ് പറയേണ്ടിവരുന്നു എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ അദ്ഭുതപ്പെടും. കൂടാതെ, ആചാരങ്ങളിലും കീഴ്‌വഴക്കങ്ങളിലും ഭക്ഷണത്തിലും വേഷത്തിലും ചിന്താഗതികളിലും ഈ വര്‍ഗ്ഗക്കാര്‍ക്കു തമ്മില്‍ ഭേദമുണ്ട്.
പിന്നെ, ജാതിവ്യവസ്ഥയുമുണ്ട്. ഓരോ ജാതിയും ഏതാണ്ട് ഭിന്നമായ ഒരു വര്‍ഗ്ഗീയഘടകംതന്നെയായിരിക്കയാണ്. വേണ്ടത്ര നീണ്ട ഒരു കാലഘട്ടത്തില്‍ ഭാരതത്തില്‍ പാര്‍ക്കുന്ന ഒരാള്‍ക്കു ലക്ഷണങ്ങള്‍ കൊണ്ട് ഒരുവന്‍ ഏതു ജാതിയില്‍പെട്ടവനാണ് എന്നു പറയാന്‍ കഴിയും. പിന്നെ രീതികളിലും ആചാരങ്ങളിലുമുണ്ട് ജാതികള്‍ക്കു തമ്മില്‍ ഭേദം. ഈ ജാതികളെല്ലാം അന്യോന്യം അകന്നുനില്ക്കുകയും ചെയ്യുന്നു: എന്നുവെച്ചാല്‍, സാമൂഹ്യമായി അവര്‍ സമ്മേളിക്കും: പക്ഷേ ഒന്നിച്ച് അന്നപാനം കഴിക്കയോ അന്യോന്യം വിവാഹബന്ധത്തിലേര്‍പ്പെടുകയോ ഇല്ല. ഈ കാര്യങ്ങളില്‍ അവര്‍ ഭിന്നിച്ചു നിലകൊള്ളുകയാണ്. ഒന്നിച്ചു ചേരും, ഇണങ്ങും: അത്രമാത്രം.
സ്ത്രീകളെ പൊതുവില്‍ അറിയാന്‍ മറ്റു പലരെക്കാളും കൂടുതല്‍ എനിക്കവസരമുണ്ട്. കാരണം, എന്റെ നിലയും തൊഴിലും പലേടത്തും സദാ സഞ്ചരിക്കുന്ന മതപ്രചാരകന്‍േറതാണ്. അങ്ങനെ സമുദായത്തിന്റെ വിവിധതലങ്ങളുമായി ഞാന്‍ ബന്ധപ്പെടുന്നു. (സാധാരണയായി പുരുഷന്മാരുടെ മുമ്പില്‍ ചെല്ലാത്ത സ്ത്രീകള്‍, ഉത്തരഭാരത്തില്‍പ്പോലും, പലേടത്തും മതത്തിന്റെ പേരില്‍ ആ നിയമം ലംഘിച്ച് ഞങ്ങളുടെ പ്രസംഗം കേള്‍ക്കാന്‍ വരുകയും, ഞങ്ങളോടു സംസാരിക്കയും ചെയ്യാറുണ്ട്.) ഇതൊക്കെയാണെങ്കിലും, ഭാരതീയമഹിളകളെപ്പറ്റി എല്ലാമറിയാമെന്നു പ്രസ്താവിക്കുന്നത് അപാകമാകയേയുള്ളു.
അതിനാല്‍ ഞാന്‍ നിങ്ങളുടെ മുമ്പില്‍ ആദര്‍ശം വെയ്ക്കാന്‍ ശ്രമിക്കാം. ഓരോ ജനതയിലുമുള്ള പുരുഷനും സ്ത്രീയും, അറിഞ്ഞോ അറിയാതെയോ, പ്രയോഗത്തില്‍ വരുത്തിക്കൊണ്ടിരിക്കുന്ന ഒരാദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്നു. മൂര്‍ത്തമാക്കേണ്ടുന്ന ഒരാദര്‍ശത്തിന്റെ ബഹിഃസ്ഫുരണമാണ് വ്യക്തി. അത്തരം വ്യക്തികളുടെ സമഷ്ടിയാണ് ജനത. ജനതയും മഹത്തായ ഒരാദര്‍ശത്തിന്റെ പ്രതിനിധിയാണ്. ഈ ആദര്‍ശത്തിലേക്കു ജനത നീങ്ങിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് ഒരു ജനതയെ മനസ്സിലാക്കാന്‍ ഒന്നാമതായി അതിന്റെ ആദര്‍ശം മനസ്സിലാക്കണമെന്ന ധാരണ ശരിയാണ്. കാരണം, സ്വന്തമല്ലാത്ത ഒരു മാനദണ്ഡം വെച്ചു വിധിക്കപ്പെടാന്‍ ഏതു ജനതയും വിസമ്മതിക്കയേയുള്ളു.
എല്ലാ വളര്‍ച്ചയും പുരോഗതിയും സുസ്ഥിതിയും അധഃപതനവും ആപേക്ഷികംമാത്രമാണ്. ഒരു മാനദണ്ഡവിശേഷവുമായി അതു ബന്ധപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനെ മനസ്സിലാക്കാന്‍ പൂര്‍ണ്ണതയെപ്പറ്റി അയാള്‍ക്കുള്ള മാനദണ്ഡംകൊണ്ട് അയാളെ അളക്കണം. ജനതകളിലത്രേ ഇതു കൂടുതല്‍ വ്യക്തമായി കാണാവുന്നത്. ഒരു ജനത നല്ലതെന്നു കരുതുന്നതിനെ മറ്റൊന്ന് അങ്ങനെ കരുതണമെന്നില്ല. ഈ നാട്ടില്‍ സഹോദരീസഹോദരന്മാരുടെ സന്താനങ്ങള്‍ തമ്മിലുള്ള വിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഭാരതത്തില്‍ ഇതു നിയമവിരുദ്ധമാണ്: പോരാ, ഏറ്റവും ഘോരമായ അഗമ്യാഗമനത്തിന്റെ കൂട്ടത്തില്‍ ഗണിക്കപ്പെടുന്നു. ഈ നാട്ടില്‍ വിധവകളുടെ പുനര്‍വിവാഹം തികച്ചും ന്യായമാണ്. ഭാരതത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ ഇടയില്‍ രണ്ടു പ്രാവശ്യം വിവാഹത്തിലേര്‍പ്പെടുക സ്ത്രീക്കു നേരിടുന്ന ഏറ്റവും വമ്പിച്ച അധഃപതനമാണ്. അങ്ങനെ നാം എടുത്തു പെരുമാറുന്ന ആശയങ്ങളുടെ വ്യത്യാസം പരിഗണിക്കുമ്പോള്‍, ഒരു ജനതയെ മറ്റൊന്നിന്റെ മാനദണ്ഡം വെച്ചു വിധിക്കുന്നതു ന്യായമോ പ്രായോഗികമോ അല്ലെന്നു കാണാം. അതിനാല്‍ ഒരു ജനത തങ്ങളുടെ മുമ്പില്‍ ഉയര്‍ത്തിവെച്ചിട്ടുള്ള ആദര്‍ശമെന്തെന്നു മനസ്സിലാക്കണം. ഭിന്നജനതകളെപ്പറ്റി പറയുമ്പോള്‍, ഒരൊറ്റ ആചാരശാസ്ര്തവും ഒരേതരം ആദര്‍ശങ്ങളുമാണ് എല്ലാ വര്‍ഗ്ഗക്കാര്‍ക്കുമുള്ളതെന്ന പൊതുവായ ഒരാശയംവെച്ചു കൊണ്ടാണ് നാം തുടങ്ങുന്നത്. എന്നാല്‍ പ്രയോഗത്തില്‍, മറ്റുള്ളവരെപ്പറ്റി വിധിയെഴുതാന്‍ ഒരുങ്ങുമ്പോള്‍ നമുക്കു നല്ലത് എല്ലാവര്‍ക്കും നല്ലതാണെന്നു നാം വിചാരിക്കുന്നു. നാം ചെയ്യുന്നതു ശരി: നാം ചെയ്യാത്തതു മറ്റുള്ളവര്‍ ചെയ്താല്‍ അതു ഘോരമായ അന്യായവും. ഇത് ഒരു പ്രതികൂലവിമര്‍ശനമായി പറയുകയല്ല: സത്യം വ്യക്തമാക്കയാണ്. ചീനവനിതകള്‍ കാലടികള്‍ ഞെരുക്കിത്തിരുകിവെയ്ക്കുന്നതിന്നെതിരായി പാശ്ചാത്യവനിതകള്‍ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍, തങ്ങള്‍ ധരിക്കുന്ന മയമില്ലാത്ത ആ റൗക്കയെപ്പറ്റി അവര്‍ക്കു വിചാരമില്ലെന്നു തോന്നും. ഇതുകൊണ്ട് ശാരീരികമായി വളരെ കൂടുതല്‍ അനര്‍ത്ഥമാണ് സ്വവര്‍ഗ്ഗത്തിന്നുണ്ടാകുന്നത്. ഇതൊരുദാഹരണംമാത്രം. മയമില്ലാത്ത റൗക്ക ശരീരത്തിനു വരുത്തുന്ന ദോഷത്തിന്റെ പത്തുലക്ഷത്തിലൊരുഭാഗംപോലും കാലടികള്‍ ഞെരുക്കിത്തിരുകുന്നതുകൊണ്ടു വരുന്നില്ലെന്നു നിങ്ങള്‍ ധരിക്കണം. ആ റൗക്ക ഇടുന്നതുകൊണ്ട് അവയവങ്ങളെല്ലാം സ്വസ്ഥാനം വിട്ടിളകുന്നു: നട്ടെല്ലു പാമ്പിനെപ്പോലെ വളയുന്നു. അളവെടുക്കുമ്പോള്‍ വളവെത്രയെന്നു കാണാം. ഇതും പ്രതികൂലവിമര്‍ശനമല്ല, സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടുകയാണ്. മേല്‍ക്കിടയില്‍ പെട്ടവരെന്നു സ്വയം കരുതുന്ന നിങ്ങള്‍ മറ്റു വര്‍ഗ്ഗങ്ങളില്‍പ്പെട്ട സ്ത്രീകളെപ്പറ്റി അദ്ഭുതസ്തബ്ധരാകുന്നതുപോലെ, നിങ്ങളെപ്പറ്റി അവരും അദ്ഭുതസ്തബ്ധരാകുന്നുണ്ട്: നിങ്ങളുടെ രീതികളും ആശയങ്ങളും അവര്‍ പകര്‍ത്തുന്നില്ലല്ലോ – അതുതന്നെ തെളിവ്.
അപ്പോള്‍ ഇരുവശത്തുമുണ്ട് കുറേ തെറ്റിദ്ധാരണകള്‍. ഒരു പൊതുവേദിക, പരസ്പരധാരണയുടെ ഒരു സമതലം, ഒരു പൊതുമനുഷ്യത്വം ഉണ്ട്. അതാകണം നമ്മുടെ ജോലിയുടെ അടിത്തട്ട്. ഇവിടെയും അവിടെയും ആംശികമായിമാത്രം പ്രവര്‍ത്തിക്കുന്ന, തികഞ്ഞുനിറഞ്ഞ ആ മാനവസ്വഭാവം കണ്ടെത്തുകയാണ് വേണ്ടത്. പൂര്‍ണ്ണമായി എല്ലാം നേടത്തക്ക കഴിവ് ഒരുവന്നും നല്കപ്പെട്ടിട്ടില്ല. നിര്‍വഹിക്കേണ്ടുന്ന ഒരു പങ്കു നിങ്ങള്‍ക്കുണ്ട്: എളിയമട്ടില്‍ മറ്റൊരു പങ്ക് എനിക്കുമുണ്ട്. ഇവിടെ ഒരുവന്‍ ചെറിയൊരു പങ്കു വഹിക്കുന്നു: അവിടെ മറ്റൊരുവന്‍ മറ്റൊരു പങ്കും. ഈ പങ്കുകളെല്ലാം ചേരുമ്പോള്‍ നിറവായി. വ്യക്തികളെപ്പോലതന്നെ വര്‍ഗ്ഗങ്ങളും. ഓരോ വര്‍ഗ്ഗത്തിനുമുണ്ട് അതിന്‍ന്‍റെതായ ഒരു പങ്കു നിര്‍വഹിക്കാന്‍. ഓരോ വര്‍ഗ്ഗത്തിനും മാനവപ്രകൃതിയുടെ ഒരു വശത്തെ വികസിപ്പിക്കേണ്ടതുണ്ട്. ഈ വശങ്ങളൊക്കെക്കൂടി എടുക്കണം. ഒരുപക്ഷേ, വിദൂരഭാവിയില്‍, ഓരോ വര്‍ഗ്ഗവും നേടിയ അദ്ഭുതമായ വര്‍ഗ്ഗീയമേന്മകള്‍ ഏകീഭവിച്ചിട്ടുള്ള ഒരു വര്‍ഗ്ഗം ഉണ്ടായേക്കാം. അത്തരമൊരു വര്‍ഗ്ഗത്തെക്കുറിച്ച് ലോകം ഇതുവരെ സ്വപ്നമേ കണ്ടിരിക്കില്ല. ഇതിനപ്പുറമായി ആരെക്കുറിച്ചും എനിക്കൊരു വിമര്‍ശനവുമില്ല. ഞാന്‍ എന്റെ ജീവിതത്തില്‍ സഞ്ചരിച്ചിട്ടുള്ളതു സ്വല്പമൊന്നുമല്ല. തുറന്ന കണ്ണുമായിട്ടാണ് ഞാനതു ചെയ്തതും. കൂടുതല്‍ അങ്ങനെ ചെയ്യുന്തോറും കൂടുതല്‍ മൗനം പാലിക്കയാണു ഞാന്‍. പ്രതികൂലവിമര്‍ശനങ്ങളൊന്നും എനിക്കു നല്കാനില്ല.
ഭാരതത്തിലെ മാതൃകാസ്ത്രീ മാതാവാണ്. ആദിയും അന്തവും മാതാവുതന്നെ. ഹിന്ദുവിന്റെ മനസ്സില്‍ സ്ത്രീയെന്ന പദം മാതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈശ്വരനെ മാതാവെന്നു വിളിക്കുന്നു. ഞങ്ങള്‍ കുട്ടികളായിരിക്കുമ്പോള്‍ പ്രതിദിനം, രാവിലെ ഒരു കൊച്ചുകിണ്ണത്തില്‍ വെള്ളം നിറച്ച് അമ്മയുടെ മുമ്പില്‍ കൊണ്ടുവെച്ച്, അതില്‍ അമ്മ കാല്‍വിരല്‍ ആഴ്ത്തിയാല്‍ അതെടുത്ത് കുടിക്കുന്നു.
പടിഞ്ഞാറു സ്ത്രീ ഭാര്യയാണ്. സ്ത്രീത്വമെന്ന ആശയം ഭാര്യയിലാണ് കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ളത്. ഭാരതത്തിലെ സാധാരണമനുഷ്യനെ സംബന്ധിച്ചിടത്തോളം സ്ത്രീത്വത്തിന്റെ ശക്തി മുഴുവന്‍ മാതൃഭാവത്തിലാണ് കേന്ദ്രീകൃതമായിട്ടുള്ളത്. പാശ്ചാത്യകുടുംബം ഭരിക്കുന്നതു ഭാര്യയാണ്. ഭാരതീയകുടുംബം ഭരിക്കുന്നതു മാതാവാണ്. പാശ്ചാത്യകുടുംബത്തില്‍ ഒരമ്മ വന്നാല്‍, അവര്‍ ഭാര്യയ്ക്കു വിധേയയാകണം. കുടുംബം ഭാര്യയുടേതാണ്. ഞങ്ങളുടെ കുടുംബങ്ങളില്‍ എപ്പോഴും അമ്മ പാര്‍ക്കുന്നുണ്ടാകും. ഭാര്യ അമ്മയ്ക്കു വിധേയയാണ്. ആശയങ്ങളിലുള്ള വ്യത്യാസമെല്ലാം നോക്കിക്കാണുക.
ഇവിടെ ഞാന്‍ ഉപമാനങ്ങള്‍ സൂചിപ്പിക്കമാത്രമാണ്: വസ്തുതകള്‍ ഞാന്‍ അവതരിപ്പിക്കാം. അങ്ങനെ രണ്ടു വശങ്ങള്‍ ഞാന്‍ അവതരിപ്പിക്കാം. അങ്ങനെ രണ്ടു വശങ്ങള്‍ തമ്മില്‍ തുലനംചെയ്യാം. ഈ തുലനമാകട്ടെ (ആദ്യം). ഭാര്യ എന്ന നിലയില്‍ ഭാരതീയമഹിളയുടെ നിലയെന്തെന്ന് നിങ്ങള്‍ ചോദിച്ചാല്‍ ഭാരതീയര്‍ ചോദിക്കും; ”മാതാവെന്ന നിലയില്‍ അമേരിക്കന്‍ മഹിളയുടെ നിലയെന്ത്? എനിക്ക് ഈ ശരീരം നല്കിയ ആ നിതാന്തമഹനീയയുടെ സ്ഥാനമെന്ത്? ഒമ്പതു മാസക്കാലം എന്നെ സ്വശരീരത്തില്‍ വെച്ചുപുലര്‍ത്തിയ അവരുടെ സ്ഥാനമെന്ത്? വേണമെങ്കില്‍ ഇരുപതു പ്രാവശ്യം എനിക്കു സ്വജീവിതം നല്കുന്ന മാതാവെവിടെ ഞാനത്ര ചീത്തയും നീചനുമായാലും, ആരുടെ സ്നേഹമാണോ നശിക്കാത്തത്, ആ മാതാവെവിടെ? ഞാന്‍ സ്വല്പം മോശമായി പെരുമാറിപ്പോയാല്‍ വിവാഹമോചനത്തിനു കോടതിയില്‍ പോകുന്ന ഭാര്യയോടു തുലനംചെയ്താല്‍ മാതാവെവിടെ? അമേരിക്കന്‍ മഹിളകളേ! ആ മാതാവെവിടെ?” നിങ്ങളുടെ നാട്ടില്‍ ആ മാതാവിനെ കാണാന്‍ കിട്ടുന്നില്ല. മാതാവാണ് ഒന്നാമത് എന്നു കരുതുന്ന പുത്രനെ ഞാന്‍ കണ്ടില്ല. ഞങ്ങള്‍ മരിക്കുമ്പോഴും, ഞങ്ങളുടെ ഭാര്യമാരും കുട്ടികളും മാതാവിന്റെ സ്ഥാനം കൈയ്ക്കലാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ അമ്മ! ഞങ്ങള്‍ അമ്മ മരിക്കുന്നതിനുമുമ്പ് മരിക്കുന്നെങ്കില്‍ ഒരിക്കല്‍ക്കൂടി അമ്മയുടെ മടിയില്‍ തലവെച്ചു മരിക്കാനാണ് ഞങ്ങളാഗ്രഹിക്കുക. ആ അമ്മയെവിടെ? സ്ഥൂലശരീരത്തോടുമാത്രം ചേര്‍ത്തുപറയേണ്ട പേരാണോ മഹിള എന്നത്? അതേ! മാംസം മാംസത്തോട് ഇഴുകിപ്പിടിക്കണമെന്നു പറയുന്ന ആദര്‍ശങ്ങളെപ്പറ്റി ഹിന്ദുവിന്റെ മനസ്സിനു പേടിയാണ്. അരുത്, അരുത്, മഹിളേ! മാംസത്തോടു ബന്ധപ്പെട്ട ഒന്നിനോടും നീ കൂട്ടിച്ചേര്‍ക്കപ്പെടരുത് ഒരിക്കല്‍, എന്നെന്നേക്കുമായി, മഹിള എന്ന പേരു ദിവ്യമെന്നു വിളിക്കപ്പെട്ടുകഴിഞ്ഞിരിക്കയാണ്. കാമത്തിനും മാംസവാസനകള്‍ക്കും അടുക്കാന്‍ പാടില്ലാത്തതായി അമ്മയെന്നല്ലാതെ മറ്റേതു പേരുണ്ട്? ഇതാണ് ഭാരതത്തിലെ ആദര്‍ശം.
നിങ്ങളുടെ കത്തോലിക്കാപള്ളിയിലെ ഭിക്ഷുസംഘത്തോടു വളരെ സാദൃശ്യമുള്ള ഒരു സംഘത്തില്‍ പെട്ടവനാണ് ഞാന്‍. എന്നുവെച്ചാല്‍, വളരെ വസ്ര്തങ്ങളും മറ്റും കൂടാതെ വീടുതോറും ഭിക്ഷയാചിച്ചു ജിവിക്കയും, ആവശ്യമനുസരിച്ച് ആളുകള്‍ക്ക് ഉപദേശം നല്കുകയും, ഇടം കിട്ടുന്നിടത്ത് ഉറങ്ങുകയും ചെയ്യേണ്ടവരാണ് ഞങ്ങള്‍. ഈ വഴിയിലൂടെയാണ് ഞങ്ങളുടെ പോക്ക്. ഈ സംഘത്തില്‍പ്പെട്ട അംഗങ്ങള്‍ സ്ത്രീകളെയെല്ലാം അമ്മയെന്നു വിളിക്കണം. ഓരോ സ്ത്രീയെയും പെണ്‍കുട്ടിയെയും അമ്മയെന്നു വേണം വിളിക്കാന്‍. ഇതാണ് പതിവ്. പടിഞ്ഞാറു വന്നപ്പോഴും പഴയ ആ ശീലം അവശേഷിച്ചു. ‘മാന്യ’കളോട് (ലേഡീസ്) ‘അതേ, അമ്മേ’ എന്നു ഞാന്‍ പറഞ്ഞുവന്നു. അവര്‍ അതുകേട്ടു ഞെട്ടുകയാണ്. അവര്‍ ഞെട്ടുന്നതെന്തിനെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. കുറെ ചെന്നപ്പോള്‍ കാരണം മനസ്സിലായി – അമ്മ എന്നു വിളിച്ചാല്‍ പ്രായം കൂടിയവരാണവര്‍ എന്നു വന്നുകൂടും. സ്ത്രീത്വത്തിന്റെ ആദര്‍ശം ഭാരതത്തില്‍ മാതൃഭാവമാണ് – വിസ്മയാവഹയും നിഃസ്വാര്‍ത്ഥയും സര്‍വംസഹയും സദാ ക്ഷമാശീലയുമായ മാതാവ്. ഭാര്യ ഒരു നിഴല്‍ പോലെ മാതാവിന്റെ പിന്നാലെ നടക്കുന്നു. അവള്‍ അമ്മയുടെ ജീവിതത്തെ അനുകരിക്കണം, അതാണവളുടെ കര്‍ത്തവ്യം. പക്ഷേ മാതാവാണ് സ്നേഹാദര്‍ശം. കുടുംബം ഭരിക്കുന്നത് അവരാണ്: അതവരുടേതാണ്. ഭാരതത്തില്‍ വല്ല തെറ്റും ചെയ്യുന്ന കുട്ടിയെ ചതയ്ക്കുന്നത്, ശിക്ഷിക്കുന്നത്, അച്ഛനാണ്: അച്ഛന്നും കുട്ടിക്കും ഇടയില്‍ തടസ്സം പിടിക്കുന്നത് അമ്മയും. ഇവിടെ നേരെമറിച്ചാണ് എന്നറിയാമല്ലോ. ഈ നാട്ടില്‍ അമ്മയുടെ ജോലിയാണ് കുട്ടികളെ അടിക്കുക. പാവപ്പെട്ട അച്ഛനാണ് ഇടയ്ക്കുനിന്നു തടസ്സംപിടിക്കേണ്ടത്. ആദര്‍ശങ്ങള്‍ വ്യത്യസ്തമാണ് അല്ലേ? ഇതൊരു ദോഷം പറച്ചിലല്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെ നല്ലതുതന്നെ. പല യുഗങ്ങളായി ഞങ്ങളെ പഠിപ്പിച്ചതാണ് ഞങ്ങളുടെ വഴി. കുട്ടിയെ പിരാകുന്ന അമ്മയെപ്പറ്റി കേള്‍ക്കാനേ ഇല്ല. അമ്മ ക്ഷമിക്കയാണ്, സദാ ക്ഷമിക്കയാണ്. ”സ്വര്‍ഗ്ഗസ്ഥനായപിതാ”വിനു പകരം ഞങ്ങളെന്നും ”അമ്മ”യെന്നാണ് പറയുക. ആ ആശയവും വാക്കും ഹിന്ദുവിന്റെ മനസ്സില്‍ അതിരറ്റ സ്നേഹത്തോടു ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ഈ മര്‍ത്ത്യലോകത്തില്‍ അമ്മയുടെ സ്നേഹമാണ് ഐശ്വരമായ സ്നേഹത്തോട് ഏറ്റവും അടുത്തിരിക്കുന്നത്. ”അമ്മേ, അമ്മേ, കൃപ കാട്ടൂ. ഞാന്‍ ചീത്തയാണ്. പുത്രന്മാര്‍ കുപുത്രന്മാരാവാറുണ്ട്. എന്നാല്‍ ഒരു മാതാവുമില്ല കുമാതാവായിട്ട്.” ഇങ്ങനെയാണ് മഹാസിദ്ധനായ രാമപ്രസാദന്‍ പറയുന്നത്.
അതാ ഹിന്ദുമാതാവ്. പുത്രന്റെ ഭാര്യ മാതാവിന്റെ പുത്രിയായിട്ടാണ് വരുന്നത്. മാതാവിന്റെ സ്വന്തം പുത്രി വിവാഹിതയായി പോയതുപോലെ, സ്വന്തം പുത്രന്‍ വിവാഹം കഴിച്ചു മറ്റൊരു പുത്രിയെ കൊണ്ടുവരുകയാണ്: അവള്‍ മഹാരാജ്ഞിയായ ആ ഭര്‍ത്തൃമാതാവിന്റെ ഭരണത്തിന്‍ കീഴില്‍ ഒതുങ്ങിക്കഴിയണം. വിവാഹം കഴിച്ചിട്ടില്ലാത്ത എനിക്കുപോലും, വിവാഹം നിഷിദ്ധമായ ഒരു സംഘത്തില്‍പ്പെട്ട എനിക്കുപോലും, ദേഷ്യം തോന്നും, എന്റെ ഭാര്യ (ഞാന്‍ വിവാഹം കഴിച്ചെന്നു വെയ്ക്കു!) എന്റെ അമ്മയ്ക്ക് അഹിതമായി പെരുമാറിയാല്‍. എനിക്കു ദേഷ്യം തോന്നും – എന്തുകൊണ്ട്? ഞാന്‍ എന്റെ അമ്മയെ പൂജിക്കുന്നില്ലേ? എന്തുകൊണ്ട് എന്റെ ഭാര്യയ്ക്ക് അതു ചെയ്തുകൂടാ? ഞാന്‍ പൂജിക്കുന്നവരെ എന്റെ ഭാര്യയ്ക്കു പൂജിക്കരുതോ? എന്റെ തലയ്ക്കുമീതേ കയറി എന്റെ അമ്മയെ ഭരിക്കാന്‍ ആരാണ് ഭാര്യ? അവള്‍ തന്റെ സ്ത്രീത്വം പൂര്‍ണ്ണമാകുന്നതു വരെ കാത്തിരിക്കണം. ഒരുവളുടെ സ്ത്രീത്വം, സ്ത്രീസ്വഭാവം, പൂര്‍ണ്ണമാകുന്നത് മാതൃത്വത്തിലൂടെയാണ്. ഭാര്യ അമ്മയാകുംവരെ കാത്തി രിക്കട്ടെ. അപ്പോള്‍ അതേ അവകാശം അവള്‍ക്കു കിട്ടും. ഹിന്ദുവിന്റെ വിചാരമനുസരിച്ച് സ്ത്രീയുടെ മഹത്തായ കര്‍ത്തവ്യം മാതാവാകലാണ്. പക്ഷേ എത്ര വ്യത്യസ്തം! എത്ര വ്യത്യസ്തം!! എന്റെ മാതാപിതാക്കന്മാര്‍ പല കൊല്ലങ്ങളായി ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തു, ഞാന്‍ ജനിക്കാന്‍. ഓരോ കുട്ടി ജനിക്കുന്നതിനും മുമ്പായി അവര്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ മഹാനായ ആ നിയമദാതാവ്, മനു, ‘ആര്യ’നെ നിര്‍വചിച്ചുകൊണ്ടു പറയുകയാണ്: ”പ്രാര്‍ത്ഥനയിലൂടെ ജനിക്കുന്നവനാണ് ആര്യന്‍.” പ്രാര്‍ത്ഥനാപൂര്‍വ്വമല്ലാതെ ജനിക്കുന്ന ഓരോ കുട്ടിയും നിയമബാഹ്യനാണ്, മഹാനായ ആ നിയമദാതാവിന്റെ അഭിപ്രായത്തില്‍. കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരിക്കണം. പിരാക്കുകളോടൊത്ത്, അറിയാതെ, ലോകത്തിലേക്കു വഴുതിവീഴുന്ന കുട്ടികളില്‍നിന്ന് – അവരെ തടഞ്ഞുനിര്‍ത്താന്‍ നമുക്കു സാധിച്ചില്ല – എന്താണ് പ്രതീക്ഷിക്കാനുള്ളത്? അമേരിക്കയിലേ മാതാക്കളേ, അതിനെപ്പറ്റി ചിന്തിക്കുക. നിങ്ങളുടെ ഉള്ളിനുള്ളില്‍വെച്ചു ചിന്തിക്കുക – സ്ത്രീകളാകാന്‍ നിങ്ങള്‍ തയ്യാറാണോ? വര്‍ഗ്ഗത്തിന്റെയോ രാജ്യത്തിന്റെയോ ജനതാനുഗുണവും മിഥ്യയുമായ ആ ഗര്‍വിന്റെയോ പ്രശ്‌നമല്ല ഇത്, നമ്മുടെ ഈ മര്‍ത്ത്യജീവിതത്തില്‍, കഷ്ടതകളും ദുഃഖങ്ങളും നിറഞ്ഞ ഈ ജീവിതത്തില്‍, ആരാണ് ഗര്‍വ്വുകൊള്ളുവാന്‍ ധൈര്യപ്പെടുക? ഈശ്വരന്റെ നിസ്സീമമായ ശക്തിക്കു മുമ്പില്‍ നാമാര്? ഈ സായാഹ്‌നത്തില്‍ ഞാന്‍ നിങ്ങളോടു ചോദിക്കുന്നു; ‘കുട്ടികള്‍ വരണേ എന്നു പ്രാര്‍ത്ഥിക്കുന്നവരാണോ നിങ്ങളെല്ലാം? മാതാക്കളാകുന്നതില്‍ നിങ്ങള്‍ കൃതജ്ഞരാണോ, അല്ലയോ? മാതൃഭാവം നിങ്ങളെ പവിത്രീകരിക്കുമെന്ന് നിങ്ങള്‍ കരുതുന്നോ, ഇല്ലയോ? സ്വന്തം മനസ്സോടു ചോദിക്കൂ. ചോദിക്കാഞ്ഞാല്‍ നിങ്ങളുടെ വിവാഹം അനൃതമാണ്: സ്ത്രീത്വം മിഥ്യയാണ്: വിദ്യാഭ്യാസം മൂഢവിശ്വാസമാണ്: പ്രാര്‍ത്ഥന കൂടാതെ ഉണ്ടാകുന്ന നിങ്ങളുടെ കുട്ടികള്‍ മനുഷ്യരാശിക്കു ശാപവുമായിരിക്കും.
നമ്മുടെ മുമ്പില്‍ വരുന്ന വ്യത്യസ്തമായ ആദര്‍ശങ്ങള്‍ നോക്കൂ. മാതൃത്വത്തില്‍നിന്ന് വമ്പിച്ച ചുമതലകള്‍ വന്നുകൂടുന്നു. അവിടെയാണ് അടിത്തറ, അവിടെനിന്നു തുടങ്ങണം. എന്തിന് അമ്മയെ ഇത്രയേറെ പൂജിക്കണം? കാരണം ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു, നന്മയുടെയും തിന്മയുടെയും നേര്‍ക്ക് കുട്ടിക്കു വാസനകള്‍ ഉളവാക്കുന്നത് ജനനത്തിനുമുമ്പുള്ള പ്രേരണയാണെന്ന്. ഒരുലക്ഷം മഹാവിദ്യാലയങ്ങളില്‍ ചെല്ലു: പത്തുലക്ഷം പുസ്തകങ്ങള്‍ വായിക്കൂ: ലോകത്തിലുള്ള പണ്ഡിതന്മാരോടൊക്കെ ഇടപഴകൂ – ഇതിലൊക്കെ ഭേദമാണ് ജനിക്കുമ്പോള്‍ത്തന്നെ ശരിയായ മുദ്രയോടുകൂടിവരുക. നല്ലതിനായോ ചീത്തക്കായോ നാം ജനിക്കുന്നു: കുട്ടി ദേവനായോ അസുരനായോ ജനിക്കുന്നു – ഇതാണ് ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പറയുന്നത്. വിദ്യാഭ്യാസവും മറ്റും പിന്നീടു വരുന്നതാണ്. അവയെല്ലാം നിസ്സാരം. ജനനത്തിലെന്തോ അതാണ് നിങ്ങള്‍. ആരോഗ്യമില്ലാതെ ജനിച്ചാല്‍, എത്ര മരുന്നുഷാപ്പുകള്‍ മുഴുവനെടുത്തു വിഴുങ്ങിയാലാണ് സ്വസ്ഥമായി ജീവിതം മുഴുവന്‍ കഴിക്കാവുന്നത്? നല്ലതും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതം നയിച്ച എത്ര പേരുണ്ട്, ബലഹീനരും രോഗികളും കെടുരക്തത്തോടുകൂടിയവരുമായ മാതാപിതാക്കന്മാര്‍ക്കു ജനിച്ചിട്ട്? എത്രപേര്‍? ആരുമങ്ങനെയില്ല – ആരും. നന്മയ്‌ക്കോ തിന്മയ്‌ക്കോ ആയുള്ള വന്‍ശക്തിയോടുകൂടിയാണ് നാം പിറക്കുന്നത്: ഒന്നുകില്‍ ജനനാല്‍ത്തന്നെ ചെകുത്താന്മാര്‍, അല്ലെങ്കില്‍ ദേവതകള്‍. വിദ്യാഭ്യാസവും മറ്റും കേവലം നിസ്സാരം.
ഇങ്ങനെയാണ് ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ പറയുന്നത്. ജനനാല്‍ പൂര്‍വ്വം നേരിട്ടുള്ള പ്രേരണ. എന്തിനാണ് അമ്മയെ പൂജിക്കുന്നത്? അവര്‍ സ്വയം വിശുദ്ധയായിത്തീര്‍ന്നു. കുറേക്കാലം അവര്‍ കടുത്ത തപസ്യകള്‍ ചെയ്തു, വിശുദ്ധിപോലെതന്നെ വിശുദ്ധയായിത്തീരാന്‍. ധരിച്ചുകൊള്ളൂ, ഭാരതത്തില്‍ ഒരു സ്ത്രീയും സ്വന്തം ശരീരം ഒരു പുരുഷന്നും അടിയറവെക്കാന്‍ ഒരുങ്ങുന്നില്ല. ശരീരം അവളുടേതു തന്നെയാണ്. ഒരു പരിഷ്‌കാരമെന്ന നിലയില്‍, ഇംഗ്ലീഷുകാര്‍ ഇപ്പോള്‍ ‘മൈഥുനാവകാശം വീണ്ടെടുക്കല്‍’ എന്നൊന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഭാരതീയനും ഇതു പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുന്നില്ല. ഒരു പുരുഷന്‍ സ്വഭാര്യയോടു ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍, അതിന്റെ സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നത് ആ സ്ത്രീയാണ് – പ്രാര്‍ത്ഥനകളിലും വ്രതങ്ങളിലുംകൂടി! പ്രജോല്പാദനകര്‍മ്മം ഈശ്വരന്റെതന്നെ ഏറ്റവും പവിത്രമായ പ്രതീകമാണ്. സ്ത്രീപുരുഷന്മാര്‍ ചേര്‍ന്നുള്ള ഏറ്റവും വലിയ പ്രാര്‍ത്ഥനയാണത്. നന്മയ്‌ക്കോ തിന്മയ്‌ക്കോ ആയുള്ള വന്‍ശക്തിയുള്‍ക്കൊള്ളുന്ന മറ്റൊരാത്മാവിനെ ഇഹത്തില്‍ കൊണ്ടുവരുന്ന പ്രാര്‍ത്ഥനയാണത്. അതൊരു നേരമ്പോക്കാണോ? ഇതു വെറും നാഡീസംബന്ധിയായ സംതൃപ്തിയാണോ? ശരീരത്തെ മൃഗീയമായി ഭുജിക്കലാണോ അത്? ഹിന്ദു പറയുന്നു – അല്ല, ഒരായിരംതവണ അല്ല.
പക്ഷേ, തുടര്‍ന്നു മറ്റൊരു സംശയം വരുന്നു. നാം തുടങ്ങിവെച്ച ആശയം മാതൃസ്നേഹമാണ് ആദര്‍ശമെന്നാണല്ലോ. അമ്മ സ്വയം എല്ലാം സഹിച്ചും പൊറുത്തും കഴിയുന്നു. അവിടെയാണ് മാതൃപൂജയുടെ ഉറവിടം. എന്നെ ഇഹത്തിലേക്കു കൊണ്ടുവരാന്‍ മാതാവ് ഒരു സിദ്ധയായിത്തീര്‍ന്നു: അവര്‍ സ്വശരീരം വിശുദ്ധമാക്കി സൂക്ഷിച്ചു. മനസ്സു വിശുദ്ധമാക്കി: ഭക്ഷണം വിശുദ്ധമാക്കി: വസ്ര്തങ്ങള്‍ വിശുദ്ധമാക്കി: ഭവനം വിശുദ്ധമാക്കി. ഇതൊക്കെ പല കൊല്ലക്കാലത്തേക്ക്. കാരണം, ഞാന്‍ ജനിക്കാന്‍ പോകയാണ്. ഇതൊക്കെ ചെയ്യുന്നതുകൊണ്ടാണ് മാതാവ് പൂജ്യയാകുന്നത്. എന്താണ് ഫലിതാര്‍ത്ഥം? മാതൃത്വത്തോടു ബന്ധപ്പെട്ടിരിക്കുന്നു ഭാര്യാത്വം.
പാശ്ചാത്യരായ നിങ്ങള്‍ വ്യക്തിനിഷ്ഠരാണ്. ഇതെനിക്കു ചെയ്യണം: എന്തുകൊണ്ടെന്നാല്‍ ഇതെനിക്കിഷ്ടമാണ്. എല്ലാരെയും ഞാന്‍ തള്ളിനീക്കും. എന്തുകൊണ്ടെന്നാല്‍ അതെന്റെ ഇഷ്ടമാണ്. എനിക്ക് എന്റെ സ്വന്തം തൃപ്തി നേടണം. അതിനാല്‍ ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിക്കും. എന്തുകൊണ്ടെന്നോ? എനിക്കവളെ പിടിച്ചു. ഈ സ്ത്രീ എന്നെ വിവാഹം ചെയ്യുകയാണ്. എന്തുകൊണ്ട്? അവള്‍ക്ക് എന്നെ പിടിച്ചു. ഇത്രമാത്രം. അപരിമിതമായ ഈ ലോകത്തിലാകെ അവളും ഞാനുമേ ഉള്ളു. ഞാന്‍ അവളെയും അവള്‍ എന്നെയും വേള്‍ക്കുന്നു. മറ്റാര്‍ക്കും തകരാറൊന്നുമില്ല: മറ്റാര്‍ക്കും ഉത്തരവാദിത്വവുമില്ല. നിങ്ങളുടെ ജോണിനും ജേനിനും കാട്ടില്‍ കടന്നു യഥേഷ്ടം ജീവിക്കാം. എന്നാല്‍ അവര്‍ക്ക് സമുദായത്തില്‍ ജീവിക്കണമെങ്കില്‍ അവരുടെ വിവാഹം, നന്മയുടേയോ തിന്മയുടേയോ രൂപത്തില്‍, നമുക്കും അര്‍ത്ഥവത്താണ്. അവരുടെ കുട്ടികള്‍ തനി ചെകുത്താന്മാര്‍തന്നെയാകാം – തീ വെച്ചും കൊലപ്പെടുത്തിയും കവര്‍ന്നും മോഷ്ടിച്ചും കുടിച്ചും അറപ്പുളവാക്കിയും കഴിയുന്ന നീചന്മാര്‍.
അപ്പോള്‍ ഭാരതത്തിലെ സാമുദായികവ്യവസ്ഥിതിയുടെ ചുവടെന്താണ്? ജാതിനിയമം, ഞാന്‍ ജാതിക്കുവേണ്ടി ജനിക്കുന്നു. ജാതിക്കുവേണ്ടി ജീവിക്കുന്നു. ‘ഞാന്‍’ എന്നുവെച്ചാല്‍ – ‘ഈ ഞാന്‍’ എന്നല്ല അര്‍ത്ഥം. കാരണം, ഒരു സന്ന്യാസിസംഘത്തില്‍ ചേരുകയാല്‍ ഞാന്‍ ജാതിക്കു വെളിയിലാണ് – സാമുദായികവ്യവസ്ഥിതിയില്‍ കഴിയുന്നവരെന്നത്രേ വിവക്ഷ. ജാതിവ്യവസ്ഥയില്‍ ജനിക്കയാല്‍ ജീവിതം മുഴുവന്‍ ജാതിനിയമങ്ങള്‍ക്കൊത്തു നയിക്കപ്പെടണം. മറ്റൊരു തരത്തില്‍, നിങ്ങളുടെ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍, പാശ്ചാത്യന്‍ ജനനാല്‍ത്തന്നെ വ്യക്തിപരനാണ്: ഹിന്ദു സമുദായപരനുമാണ് (സോഷ്യലിസ്റ്റ്). തികച്ചും സമുദായപരനാണ്. അപ്പോള്‍ ഗ്രന്ഥങ്ങള്‍ പറയുന്നു; സ്വതന്ത്രമായി ചുറ്റിനടന്ന് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാന്‍ നിന്നെയും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ സ്ത്രീയെയും അനുവദിച്ചാല്‍ എന്താകും ഫലം? നീ പ്രേമിക്കുന്നു. ഒരുപക്ഷേ, പെണ്ണിന്റെ അച്ഛന്‍ ഭ്രാന്തനോ ക്ഷയരോഗിയോ ആയിരുന്നിരിക്കാം. പെണ്ണാണെങ്കില്‍, ഒരു മുഴുക്കുടിയന്റെ മുഖം കണ്ടു പ്രേമിക്കയാകാം. ഇത്തരുണത്തില്‍ നിയമം എന്തു പറയുന്നു? നിയമം പറയുകയാണ്; ഈ വിവാഹങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന്. കുടിയന്മാരുടെയും ക്ഷയരോഗികളുടെയും ഭ്രാന്തന്മാരുടെയും മറ്റും കുട്ടികള്‍ വിവാഹം ചെയ്തുകൂടാ. നിയമം പറയുന്നു, വിരൂപരും കൂനന്മാരും കിറുക്കന്മാരും തിരുമണ്ടന്മാരും വിവാഹം ചെയ്യരുതെന്ന്, ഒരിക്കലും ചെയ്യരുതെന്ന്.
പക്ഷേ അറേബ്യയില്‍നിന്നു വരുന്ന മുഹമ്മദന്നു സ്വന്തമായ ഒരു അറേബ്യന്‍ നിയമമുണ്ട്. അതുകൊണ്ട് അറേബ്യയിലെ മരുനിയമം ഞങ്ങളുടെമേല്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കയാണ്. സ്വന്തം നിയമവുമായി ഇംഗ്ലീഷുകാരന്‍ വരുന്നു. അയാള്‍ക്കാവുന്നപോലെ ആ നിയമവും ഞങ്ങളുടെമേല്‍ വെച്ചുകെട്ടുന്നു. ഞങ്ങള്‍ കീഴടക്കപ്പെട്ടവരാണ്. അയാള്‍ പറയുകയാണ്; ”നാളെ ഞാന്‍ നിങ്ങളുടെ സഹോദരിയെ വിവാഹം ചെയ്യാന്‍ പോകുന്നു.” ഞങ്ങളെന്തു ചെയ്യും? ഞങ്ങളുടെ നിയമം പറയുന്നു; ”നൂറു പുരുഷാന്തരം അകല്‍ച്ചയുണ്ടെങ്കിലും ഒരു ഗോത്രത്തില്‍പെട്ടവര്‍ തമ്മില്‍ വിവാഹമരുത്. ഈ വിവാഹം നിയമ വിരുദ്ധമാണ്: ഇതു വര്‍ഗ്ഗത്തെ അധഃപതിപ്പിക്കും, നിര്‍വീര്യമാക്കും. ഇതു സംഭവിച്ചുകൂടാ.” അവിടെ അതു നിലയ്ക്കുന്നു. അങ്ങനെ എന്റെയോ എന്റെ സഹോദരിയുടെയോ വിവാഹത്തില്‍ എനിക്കു ശബ്ദമുയര്‍ത്താവതല്ല. ഇതൊക്കെ തീരുമാനിക്കുന്നതു ജാതിയാണ്. ചിലപ്പോള്‍ ശൈശവത്തില്‍ത്തന്നെ ഞങ്ങളുടെ വിവാഹം നടക്കുന്നു. എന്തുകൊണ്ട്? ജാതി പറയുന്നു; സ്വന്തം സമ്മതപ്രകാരമല്ല അവരുടെ വിവാഹമെങ്കില്‍, പ്രേമം വളരുന്നതിനു വളരെ മുമ്പുതന്നെയുള്ള വിവാഹമാണ് നല്ലത്. വെവ്വേറെ വളരാന്‍ അവരെ വിട്ടാല്‍ പയ്യന്‍ മറ്റു വല്ല പെണ്ണിനെയും, പെണ്ണു മറ്റു വല്ല പയ്യനെയും സ്നേഹിച്ചെന്നു വരാം. അപ്പോള്‍ വല്ല ദോഷവും സംഭവിക്കാം. അതുകൊണ്ട് ജാതി പറയുകയാണ്; ഇവിടെവെച്ച് അതവസാനിപ്പിക്കുക. എന്റെ സഹോദരി വികലയാണോ സുരൂപയാണോ എന്നൊന്നും ഞാന്‍ വകവെയ്ക്കുന്നേയില്ല. അവളെന്റെ സഹോദരിയാണ്. അതു മതി. അവന്‍ എന്റെ സഹോദരനാണ്. എനിക്ക് അത്രയുമറിഞ്ഞാല്‍ മതി. അങ്ങനെ അവര്‍ അന്യോന്യം സ്നേഹിച്ചുകൊള്ളും. നിങ്ങള്‍ പറഞ്ഞേക്കും; ‘ഹാ! ഒട്ടേറെ സുഖഭോഗങ്ങള്‍ അവര്‍ക്കില്ലാതാകും. പുരുഷന്‍ സ്ത്രീയേയും സ്ത്രീ പുരുഷനേയും പ്രേമിക്കുമ്പോഴുള്ള അതിഹൃദ്യമായ വികാരങ്ങള്‍ അവര്‍ക്കു നഷ്ടപ്പെടും. സഹോദരീസഹോദരന്മാരെപ്പോലെ, അനിവാര്യമെന്നോണം, അന്യോന്യം സ്നേഹിക്കുക – വളരെ തണുത്ത ഒരു വികാരമാണത്.” ആകട്ടെ: പക്ഷേ ഹിന്ദു പറയും; ”ഞങ്ങള്‍ സമുദായപരരാണ്. ഒരു പുരുഷന്റെയോ സ്ത്രീയുടെയോ അതിഹൃദ്യമായ സുഖത്തിനുവേണ്ടി നൂറുകണക്കിനുള്ള മറ്റാളുകളുടെമേല്‍ കഷ്ടത കെട്ടി വെയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”
അങ്ങനെ അവര്‍ വിവാഹിതരാകുന്നു. ഭാര്യ ഭര്‍ത്താവോടൊത്തു ഗൃഹപ്രവേശം ചെയ്യുകയാണ്. ഇതിന്റെ പേര്‍ രണ്ടാം വിവാഹമെന്നത്രേ. നന്നെ ചെറുപ്പത്തിലുള്ള വിവാഹം ഒന്നാമത്തേതായി കണക്കാക്കപ്പെടുന്നു. രണ്ടുപേരും വെവ്വേറെ, സ്വന്തം മാതാപിതാക്കന്മാരോടും മറ്റു സ്ത്രീകളോടും ഒത്തു വളരുന്നു. വളര്‍ച്ചയെത്തുമ്പോള്‍ രണ്ടാം വിവാഹത്തിന്റെ പേരില്‍ രണ്ടാമതൊരു ചടങ്ങു നടക്കുന്നു. അവര്‍ പിന്നെ ഒന്നിച്ചു താമസിക്കുന്നു: ഭര്‍ത്താവിന്റെ മാതാപിതാക്കന്മാരോടുകൂടി ഒരേ ഒരു വീട്ടില്‍. ഭാര്യ അമ്മയാകുമ്പോള്‍ കുടുംബാധിപത്യം അവളില്‍ ചെന്നുചേരുന്നു.
ഇനി മറ്റൊരുതരം ഭാരതീയസ്ഥാപനത്തെപ്പറ്റിയാകാം. ആദ്യത്തെ രണ്ടു മൂന്നു ജാതിക്കാര്‍ക്കിടയില്‍ വിധവകള്‍ക്കു പുനര്‍വിവാഹം അനുവദിച്ചിട്ടില്ലെന്ന് ഇപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞല്ലോ. വേണമെന്നുവെച്ചാലും അവര്‍ക്കു സാദ്ധ്യമല്ല. സ്വാഭാവികമായിത്തന്നെ പലര്‍ക്കും അതൊരു കഷ്ടപ്പാടാണ്. പല വിധവകള്‍ക്കും ഇതു വളരെ ഇഷ്ടപ്പെടാത്ത ഒരു ഏര്‍പ്പാടാണെന്നു നിഷേധിക്കാന്‍ പാങ്ങില്ല. കാരണം, അവിവാഹിതജീവിതം അവര്‍ക്ക് ഒരു വിദ്യാര്‍ത്ഥിജീവിതം നിര്‍ബദ്ധമാക്കുന്നു. എന്നുവെച്ചാല്‍, വിദ്യാര്‍ത്ഥി മത്‌സ്യമാംസങ്ങള്‍ കഴിക്കരുത്, വീഞ്ഞുകുടിക്കരുത്, വെള്ളവസ്ര്തമല്ലാതെ ധരിക്കരുത് – ഇങ്ങനെ പലതും, പല നിയമങ്ങളാണുള്ളത്. തപസ്വികളുടേതായ ഒരു ജനതയാണ് ഞങ്ങളുടേത് – ഞങ്ങള്‍ സദാ തപസ്യ ആചരിക്കയാണ്. ഞങ്ങള്‍ക്കതിഷ്ടമാണ്. സ്ത്രീക്കു മദിരയും മാംസവും നിഷിദ്ധമാണ്. വിദ്യാര്‍ത്ഥിജീവിതകാലത്ത് ഞങ്ങള്‍ക്കതൊരു ബുദ്ധിമുട്ടായിരുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച് അങ്ങനെയായിരുന്നില്ല. മാംസം ഭക്ഷിക്കണമെന്നു വരുന്നത് ഞങ്ങളുടെ സ്ത്രീകള്‍ അധഃപതനമായി കരുതുന്നു. ചില ജാതികളില്‍പെട്ട പുരുഷന്മാര്‍ ചിലപ്പോള്‍ മാംസം കഴിക്കും: സ്ത്രീകള്‍ ഒരിക്കലും കഴിക്കില്ല. എന്നിരിക്കിലും പലര്‍ക്കും പുനര്‍വിവാഹനിഷേധം ഒരു കഷ്ടപ്പാടാണ്: തീര്‍ച്ച.
സമുദായപരരാണ് അവരെന്ന ആശയത്തിലേക്കു നമുക്കു മടങ്ങണം. ഓരോ നാട്ടിലെയും ഉയര്‍ന്ന ജാതികളില്‍ സ്ത്രീകളുടെ സംഖ്യ പുരുഷന്മാരുടേതിനെക്കാള്‍ എപ്പോഴും വളരെ വലുതാണെന്ന് സ്ഥിതി വിവരക്കണക്കുകള്‍ കാട്ടിത്തരും. എന്തുകൊണ്ട്? ഉയര്‍ന്ന ജാതികളില്‍ സ്ത്രീകള്‍ തലമുറകളായി ആയാസശൂന്യമായ ജീവിതമാണ് നയിക്കുന്നത്. ”അവര്‍ പണിയെടുക്കുന്നില്ല: നൂല്‍ നൂല്ക്കുന്നുമില്ല. എങ്കിലും സകലസൗഭാഗ്യവും തികഞ്ഞ സോളമണ്‍ അവരിലൊരുവളെപ്പോലെ വേഷഭൂഷിതയല്ലായിരുന്നുതാനും.” പാവപ്പെട്ട ആണ്‍കുട്ടികള്‍ – അവര്‍ ഈച്ചയെപ്പോലെ ചത്തൊടുങ്ങുന്നു. പെണ്‍കുട്ടികള്‍ക്കു പൂച്ചയ്ക്കുള്ള ഒമ്പത് ആയുഷ്‌കാലങ്ങളാണുള്ളതെന്നത്രേ ഭാരതത്തില്‍ നടപ്പുള്ള ചൊല്ല്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ സംഖ്യയെ അതിക്രമിക്കുന്നു എന്നു സ്ഥിതിവിവരക്കണക്കുകളില്‍ കാണാം. ഇപ്പോഴത്തെ കഥ ഇതല്ല. ആണ്‍കുട്ടികളെപ്പോലെ തന്നെ അവരും കടുക്കെ പണിയെടുക്കയാണ്. താണജാതികളിലുള്ള പെണ്‍കുട്ടികളെക്കാള്‍ സംഖ്യയില്‍ വളരെയധികമാണ് ഉയര്‍ന്നജാതിയിലുള്ള പെണ്‍കുട്ടികള്‍. താണജാതികളിലെ ചുറ്റുപാടുകള്‍ കടകവിരുദ്ധമാണ്. ഇവയില്‍ എല്ലാവരും കടുക്കെ അദ്ധ്വാനിക്കുന്നു. ചിലപ്പോള്‍ സ്ത്രീകള്‍ കുറെ കൂടുതലായി പണിയെടുക്കുന്നു. എന്തുകൊണ്ടെന്നാല്‍, അവരാണ് വീട്ടുജോലികള്‍ ചെയ്യുന്നത്. പക്ഷേ, ഒന്നു ധരിക്കണം. ഈ കാര്യം ഞാന്‍ ഓര്‍ക്കുമായിരുന്നില്ല. അമേരിക്കന്‍യാത്രക്കാരിലൊരുവനായ മാര്‍ക് ടൈ്വന്‍ ഭാരതത്തെപ്പറ്റി ഇങ്ങനെ എഴുതിയില്ലായിരുന്നെങ്കില്‍; ”പാശ്ചാത്യവിമര്‍ശകന്മാര്‍ ഹൈന്ദവാചാരങ്ങളെപ്പറ്റി പറഞ്ഞിട്ടുള്ളതെന്തുമാകട്ടെ: പശുവിനോടോ പട്ടിയോടോ ചേര്‍ത്തു നുകത്തില്‍ കെട്ടിയ ഒരു സ്ത്രീയെയും കാണാന്‍ ഒരിക്കലും എനിക്കു കഴിഞ്ഞിട്ടില്ല. ഇതൊക്കെ യൂറോപ്പിലുള്ള ചില നാടുകളില്‍ കാണാമല്ലോ. ഭാരതത്തില്‍ പാടത്തു വേല ചെയ്യുന്ന ഒരു സ്ത്രീയെയും പെണ്‍കുട്ടിയെയും ഞാന്‍ കണ്ടില്ല. റെയില്‍പാതയുടെ രണ്ടുവശത്തും മുമ്പിലും, നഗ്‌നരും തവിട്ടുനിറക്കാരുമായ പുരുഷന്മാരും കുട്ടികളും വയലുകളില്‍ ഉഴുന്നു. പക്ഷേ സ്ത്രീകളാരുമില്ല. കഴിഞ്ഞ രണ്ടുമണിക്കൂറില്‍ ഒരൊറ്റ സ്ത്രീയെയോ പെണ്‍കുട്ടിയെയോ പാടങ്ങളില്‍ പണിയെടുക്കുന്നതായി ഞാന്‍ കണ്ടില്ല. ഏറ്റവും താണജാതിക്കാര്‍പോലും ഭാരതത്തില്‍ ഒരിക്കലും കഠിനമായി അദ്ധ്വാനിക്കുന്നില്ല. മൊത്തത്തില്‍ പറഞ്ഞാല്‍ അവരുടെ തലയിലെഴുത്ത് മറ്റു ജനതകളുടെ ഇടയിലുള്ള ആ വര്‍ഗ്ഗത്തോടു തുലനംചെയ്യുമ്പോള്‍, കഠിനമല്ലതന്നെ. ഉഴുന്നതിനെപ്പറ്റി പറഞ്ഞാല്‍, അവര്‍ ഒരിക്കലും അതു ചെയ്യുന്നേയില്ല.”
ഇതാ, നിങ്ങള്‍ക്കുതന്നെ കാണാവുന്നതേയുള്ളു. താണജാതിക്കാരില്‍ പുരുഷന്മാരുടെ സംഖ്യ സ്ത്രീകളുടേതിനെക്കാള്‍ വലുതാണ്. സ്വാഭാവികമായി എന്താണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? വിവാഹം ചെയ്യുവാന്‍ സ്ത്രീക്കു കിട്ടുന്ന അവസരങ്ങള്‍ പലതാണ്: കാരണം, പുരുഷന്മാരുടെ സംഖ്യ കൂടുതലാണ്.
വിധവകള്‍ വിവാഹം കൂടാതിരിക്കുക എന്ന പ്രശ്‌നത്തെ കുറിച്ചു പറയാം; ആദ്യത്തെ രണ്ടു ജാതികളില്‍ അനുപാതത്തിലും വളരെയധികം സ്ത്രീകളുള്ളതിനാല്‍ ഒരു സംശയമുണ്ടാകുന്നു; ഒന്നുകില്‍ പുനര്‍വിവാഹം പാടില്ലാത്ത വിധവകളുടെ പ്രശ്‌നവും യാതനകളും, അല്ലെങ്കില്‍ ഭര്‍ത്താവിനെ കിട്ടാത്ത യുവതികളുടെ പ്രശ്‌നവും യാതനകളും. വിധവാപ്രശ്‌നത്തെ നേരിടണമോ വൃദ്ധകുമാരീപ്രശ്‌നത്തെ നേരിടണമോ? രണ്ടിലൊന്ന് എന്ന നിലയാണ് വന്നുകൂടുക. ഈയവസ്ഥയില്‍, ഭാരതീയന്റെ മനസ്സ് സമുദായപരമാണെന്ന ആശയത്തിലേക്കു മടങ്ങുക. ആ മനസ്സു പറയുന്നു; ”നോക്കൂ: വിധവാപ്രശ്‌നമാണ് രണ്ടില്‍ ഗൗരവം കുറഞ്ഞത് എന്നത്രേ ഞങ്ങള്‍ കരുതുന്നത്.” എന്തുകൊണ്ട്? അവര്‍ക്കൊക്കെ ഒരവസരം കിട്ടിയതാണ്. അവര്‍ വിവാഹിതരായവരാണ്. അവരുടെ അവസരം കഴിഞ്ഞുപോയിരിക്കാം. എന്നാലും അതവര്‍ക്ക് ഉണ്ടായതാണല്ലോ: ഇരിക്കൂ: പാവപ്പെട്ട ഈ പെണ്‍കുട്ടികളെപ്പറ്റി ശാന്തമായി ചിന്തിക്കൂ. ഇവര്‍ക്കു വിവാഹത്തിന് ഒരവസരമേ ഉണ്ടായിട്ടില്ല.” നിങ്ങളുടെമേല്‍ ഈശ്വരന്‍ കൃപ ചൊരിയട്ടെ! ഞാനോര്‍ക്കുന്നു, ഒരിക്കല്‍ ഓക്‌സ്‌ഫോര്‍ഡ് തെരുവില്‍ പത്തുമണി സമയത്ത് ആ സ്ത്രീകളൊക്കെക്കൂടി വരുകയായിരുന്നു. നൂറും ആയിരവും സ്ത്രീകള്‍ ഷാപ്പുകളില്‍നിന്ന് സാമാനം മേടിക്കാന്‍ തിരിച്ചിരിക്കയാണ്. അമേരിക്കക്കാരനായ ഒരു പുരുഷന്‍ ചുറ്റും നോക്കിയിട്ടു പറഞ്ഞു; ”ഈശ്വരോ രക്ഷതു! ഇവരിലെത്ര പേര്‍ക്കു ഭര്‍ത്താക്കന്മാരെ കിട്ടും? ആവോ!” അതുകൊണ്ട് വിധവകളോടു ഭാരതീയന്റെ മനസ്സ് പറയുക യാണ്; ”ശരി, നിങ്ങള്‍ക്കൊരവസരം കിട്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് അത്തരം അപകടം പറ്റിയതില്‍ ഞങ്ങള്‍ക്കു വളരെ വളരെ വ്യസനമുണ്ട്. എന്താ ചെയ്യുക! മറ്റുള്ളവര്‍ കാത്തിരിക്കയാണ്.”
മറ്റൊന്ന്. ഈ പ്രശ്‌നത്തില്‍ മതം കേറി വരുന്നു. ഹിന്ദുമതം ഒരാശ്വാസമാണ്, ശ്രദ്ധിക്കുക. ഞങ്ങളുടെ മതം പഠിപ്പിക്കുന്നത് വിവാഹം നല്ലതല്ലെന്നാണ്. ദുര്‍ബ്ബലര്‍ക്കുള്ളതാണത്. ആദ്ധ്യാത്മികരായ പുരുഷനും സ്ത്രീയും വിവാഹത്തിലേര്‍പ്പെടുകയില്ല. അതിനാല്‍ മത നിഷ്ഠയുള്ള സ്ത്രീ പറയും; ”ശരി; ഭഗവാന്‍ എനിക്കു കൊള്ളാവുന്ന ഒരവസരം നല്കി. വിവാഹം കൊണ്ടു മെച്ചമെന്ത്? ഈശ്വരനോടു നന്ദി കാട്ടുക, ഈശ്വരനെ പൂജിക്കുക. മനുഷ്യനെ സ്നേഹിച്ചിട്ട് എന്തു കൃതം?” സ്വാഭാവികമായിത്തന്നെ, അവര്‍ക്കൊക്കെ ഈശ്വരനെ ചിന്തിക്കുക സാദ്ധ്യമല്ല. ചിലര്‍ അതസാദ്ധ്യമെന്നുതന്നെ നിനയ്ക്കുന്നു. ഇക്കൂട്ടര്‍ക്കു കഷ്ടപ്പെടേണ്ടിവരുന്നു. എന്നാല്‍ പാവങ്ങളായ മറ്റേ കൂട്ടരില്ലേ, അവര്‍ ഇവര്‍ക്കുവേണ്ടി കഷ്ടപ്പെടുന്നതെന്തിന്? ഇപ്പോള്‍ ഈ കാര്യം ഞാന്‍ നിങ്ങളുടെ വിവേകപൂര്‍വമായ തീര്‍പ്പിനു വിടുന്നു. പക്ഷേ ഭാരതീയരുടെ ആശയമിതാണ്.
ഇനി, പുത്രി എന്ന നിലയിലുള്ള മഹിളയെപ്പറ്റി ചിന്തിക്കാം. ഭാരതീയ കുടുംബത്തിലെ വമ്പിച്ച വൈഷമ്യമാണ് പുത്രി. പുത്രിയും ജാതിയും ചേര്‍ന്നു പാവപ്പെട്ട ഹിന്ദുവിനെ മുടിക്കയാണ്. എന്തുകൊണ്ടെന്നാല്‍, സ്വന്തം ജാതിയിലേ അവള്‍ക്കു വിവാഹമാകാവൂ. സ്വന്തം ജാതിയില്‍ത്തന്നെ തുല്യപദവിയില്‍മാത്രം. അതുകൊണ്ട് ചിലപ്പോള്‍ പാവപ്പെട്ട ഹിന്ദു, പുത്രിയെ വിവാഹം കഴിപ്പിക്കുമ്പോഴേക്ക് ഒരു തെണ്ടിയാകേണ്ടി വരുന്നു. വരന്റെ അച്ഛന്‍ പുത്രശുല്ക്കമായി വലിയൊരു തുക അവകാശപ്പെടും. വധുവിന്റെ പാവപ്പെട്ട അച്ഛന്‍ പുത്രിക്കൊരു ഭര്‍ത്താവിനെ നേടാന്‍ ഉള്ളതെല്ലാം വിറ്റഴിക്കുന്നു. ഹിന്ദുവിന്റെ ജീവിതത്തിലെ മഹാവൈഷമ്യം അയാളുടെ മകളാണ്. അദ്ഭുതമെന്നു പറയട്ടെ, പുത്രിക്കുള്ള സംസ്‌കൃതപദം ‘ദുഹിതാ’വെന്നാണ്. അതിന്റെ ശരിയായ നിഷ്പത്തി ഇതാണ്; പണ്ടു കുടുംബത്തിലെ പുത്രിയാണ് പശുക്കളെ കറക്കുക പതിവ്. അങ്ങനെ ‘ദുഹ് = കറക്കുക’ എന്ന ധാതുവില്‍നിന്ന് ദുഹിതാവെന്ന പദം ഉണ്ടായി. ദുഹിതാവെന്നുവെച്ചാല്‍ പാല്‍ കറക്കുന്ന പെണ്ണെന്നര്‍ത്ഥം. പിന്നീടു പാല്‍ കറക്കുന്ന ദുഹിതാവിനു മറ്റൊരര്‍ത്ഥം അവര്‍ കണ്ടുപിടിച്ചു; കുടുംബത്തിലെ പാലെല്ലാം (ധനമെല്ലാം) കറന്നെടുക്കുന്നവള്‍. ഇതാണ് രണ്ടാമത്തെ അര്‍ത്ഥം.
ഭാരതത്തില്‍ ഞങ്ങളുടെ സ്ത്രീകള്‍ക്കുള്ള ഭിന്നബന്ധങ്ങളാണ് ഇവയെല്ലാം. ഞാന്‍ പറഞ്ഞതുപോലെ, അമ്മയ്ക്കാണ് ഏറ്റവും ഉന്നതമായ സ്ഥാനം: അടുത്തതു ഭാര്യയ്ക്ക്. അവരുടെ പിന്നാലെയാണ് പുത്രി. തമ്മില്‍ പിണഞ്ഞുകുരുങ്ങിയിട്ടുള്ള നിലകളാണിവ. ഒരു വൈദേശികന്നും ഇതു ധരിക്കാനാവില്ല, അനേകവര്‍ഷം ഭാരതത്തില്‍ പാര്‍ത്താലും ഉദാഹരിക്കാം. വ്യക്തിയെ കുറിക്കുന്ന സര്‍വനാമത്തിനു മൂന്നു രൂപങ്ങളുണ്ട് ഞങ്ങള്‍ക്ക്. ഞങ്ങളുടെ ഭാഷയിലുള്ള ഒരുതരം ആഖ്യാതങ്ങളാണവ. ഒന്നു വളരെ ആദരം കാട്ടുന്നു: രണ്ടാമത്തേത് ഇടത്തരം. ഏറ്റവും അടിയിലുള്ളത് ‘നീ, നിന്നെ’ എന്നതുപോലെയുമാണ്. ഒടുവിലത്തേത് കുഞ്ഞുങ്ങളോടും വേലക്കാരോടുമാണ് പ്രയോഗിക്കുക. രണ്ടാമത്തേതു സമന്മാരോട്. ജീവിതത്തിലെ കുരുങ്ങിക്കിടക്കുന്ന ബന്ധങ്ങളിലൊക്കെ ഇവ ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഉദാഹരണമായി, ഞാന്‍ എന്റെ മൂത്ത സഹോദരിയോട് ആയുഷ്‌കാലമൊക്കെ ‘നിങ്ങള്‍’ എന്ന സര്‍വനാമമാണുപയോഗിക്കുക. അവര്‍ ഒരിക്കലും എന്നോട് അങ്ങനെ ചെയ്യില്ല. ‘നീ’ എന്നാണ് പറയുക. പിശകായിപ്പോലും ‘നിങ്ങള്‍’ എന്നു പറയരുത്. അങ്ങനെ പറഞ്ഞാല്‍ അതൊരു തരം ശാപമാകും. മുതിര്‍ന്നവരോടുള്ള സ്നേഹം എപ്പോഴും ആ ഭാഷാ രൂപത്തിലാണ് പ്രകാശിപ്പിക്കേണ്ടത്. അതാണ് പതിവ്. അതുപോലെ, ഞാന്‍ മൂത്ത സഹോദരിയോടോ സഹോദരനോടോ – അച്ഛനമ്മമാരുടെ കാര്യം പറയാനില്ലല്ലോ – നീ, എന്നൊക്കെ പ്രയോഗിക്കാന്‍ ഒരിക്കലും ധൈര്യപ്പെടില്ല: അച്ഛനമ്മമാരെ പേരെടുത്തു വിളിക്കുക ഞങ്ങള്‍ക്ക് ഒരിക്കലും സാദ്ധ്യമല്ല. ഈ നാട്ടിലെ മുറകള്‍ ധരിക്കുന്നതിനുമുമ്പ് നല്ല സംസ്‌കാരമുള്ള ഒരു വീട്ടിലെ പുത്രന്‍ അമ്മയെ പേര്‍ ചൊല്ലി വിളിച്ചതു കേട്ടപ്പോള്‍ ഞാന്‍ വല്ലാതെ ഞെട്ടിപ്പോയി. പക്ഷേ ക്രമേണ ഞാനതു കേട്ടു ശീലിച്ചു. നാട്ടിലെ മുറയാണത്. അച്ഛനമ്മമാരുടെ സാന്നിദ്ധ്യത്തില്‍ അവരുടെ പേര് ഞങ്ങള്‍ ഒരിക്കലും ഉച്ചരിക്കില്ല. അവരുടെ മുമ്പില്‍പ്പോലും പ്രഥമ പുരുഷബഹുവചനമാണ് എപ്പോഴും ഞങ്ങള്‍ ഉപയോഗിക്കുക.
ഇങ്ങനെ, ഞങ്ങളുടെ ഇടയില്‍ സ്ത്രീപുരുഷന്മാരുടെ സാമൂഹ്യ ജീവിതത്തിലും പരസ്പരബന്ധത്തിന്റെ ഏറ്റക്കുറച്ചിലുകളിലും അതിജടിലമായ പിണച്ചിലുകളാണുള്ളത്. ഞങ്ങള്‍ ഗുരുജനസാന്നിദ്ധ്യത്തില്‍ ഭാര്യമാരോട് ഉരിയാടില്ല. തനിച്ചാകുമ്പോഴോ, താണവരുള്ളപ്പോഴോ മാത്രമേ അങ്ങനെ ചെയ്യൂ. ഞാന്‍ വിവാഹം ചെയ്തവനാണെങ്കില്‍, ഇളയസഹോദരിയുടെയോ അനന്തരവന്മാരുടെയോ അനന്തരവള്‍മാരുടെയോ മുമ്പില്‍വെച്ച് എനിക്കു ഭാര്യയോടു സംസാരിക്കാം: മൂത്ത സഹോദരിയുടെയോ അച്ഛനമ്മമാരുടെയോ മുമ്പില്‍വെച്ചു പാടില്ല. എന്റെ സഹോദരിമാരോട് അവരുടെ ഭര്‍ത്താക്കന്മാരെപ്പറ്റി എനിക്കൊന്നും പറഞ്ഞുകൂടാ. ഇതാണ് ആശയം; സന്ന്യാസപ്രവണതയുള്ള വര്‍ഗ്ഗക്കാരാണ് ഞങ്ങള്‍. സാമൂഹ്യവ്യവസ്ഥിതിയുടെ മുമ്പിലുള്ള ഒരേ ആശയമാണിത്. വിവാഹം അത്ര വിശുദ്ധമല്ലെന്നും താണതെന്നും ഞങ്ങള്‍ കരുതുന്നു. അതിനാല്‍ പ്രേമമെന്ന വിഷയത്തെപ്പറ്റി ഒരിക്കലും സംസാരിക്കയേയില്ല. എന്റെ സഹോദരീസഹോദരന്മാരോ മാതാവോ, എന്തിന് മറ്റുള്ളവര്‍പോലും, മുന്നിലുണ്ടെങ്കില്‍ എനിക്കു നോവല്‍ വായിച്ചുകൂടാ. ആ പുസ്തകം ഞാന്‍ മടക്കുന്നു.
വീണ്ടുമൊന്ന്; തീനും കുടിയുമൊക്കെ അതേ വകുപ്പില്‍പെടുന്നു. ഗുരുജനങ്ങളുടെ മുമ്പില്‍വെച്ച് ഒന്നും കഴിക്കില്ല. ഞങ്ങളുടെ സ്ത്രീജനങ്ങള്‍ പുരുഷന്മാരുടെ മുമ്പില്‍വെച്ച് ആഹാരം കഴിക്കില്ല. കുട്ടികളോ സ്വന്തം നിലയില്‍ താണവരോ ആയാല്‍ വിരോധമില്ലതാനും. സ്വന്തം ഭര്‍ത്താവിന്റെ മുമ്പില്‍വെച്ചു ‘ചവയ്ക്കു’ന്നതില്‍ ഭേദം ഭാര്യയ്ക്കു മരിക്കുകയാണ്. ചിലപ്പോള്‍ സഹോദരന്മാരും സഹോദരിമാരുമൊത്ത് ആഹാരം കഴിച്ചെന്നുവരാം. ഞാനും എന്റെ സഹോദരിയുംകൂടി ഇരുന്നൂണുകഴിക്കുമ്പോള്‍ അവരുടെ ഭര്‍ത്താവുവന്നാല്‍ സഹോദരി ഊണുനിര്‍ത്തുകയായി: പാവപ്പെട്ട ഭര്‍ത്താവ് ഓടിമറയും.
ഞങ്ങളുടെ നാട്ടിലെ ആചാരവിശേഷങ്ങളാണിവ. ഇവയില്‍ ചിലതു മറുനാടുകളിലും ഞാന്‍ കാണുന്നുണ്ട്. വിവാഹം ചെയ്തിട്ടില്ലായ്കയാല്‍ ഭാര്യയെപ്പറ്റിയുള്ള എന്റെ അറിവ് പൂര്‍ണ്ണമല്ല. അമ്മ, സഹോദരി ഇവരാരെന്ന് എനിക്കറിയാം. മറ്റുള്ളവരുടെ ഭാര്യമാരെ ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനെ സംഗ്രഹിച്ചതാണ് ഞാന്‍ നിങ്ങളോടു പറഞ്ഞത്.
വിദ്യാഭ്യാസവും സംസ്‌കാരവും പുരുഷന്മാരെ ആശ്രയിച്ചിരിക്കുന്നു. എന്നുവെച്ചാല്‍, പുരുഷന്മാര്‍ സംസ്‌കാരസമ്പന്നരാണെങ്കില്‍ സ്ത്രീകളുമാണ്: അല്ലെങ്കിലല്ല. ഏറ്റവും പ്രാചീനകാലംമുതല്‌ക്കേ ഹിന്ദുക്കളുടെ പുരാതനാചാരങ്ങളനുസരിച്ച്, പ്രാഥമികവിദ്യാഭ്യാസം ഗ്രാമസംഘടനയോടു ചേര്‍ന്നാണിരിക്കുന്നത്. ഓര്‍മ്മയ്ക്കപ്പുറമുള്ള കാലം മുതല്‍ ഭൂമിയൊക്കെ ജനതയുടേതായിരുന്നു: നിങ്ങള്‍ പറയുംപോലെ, ഭരണകൂടത്തിന്‍േറതായിരുന്നു. ഭൂമിയെസ്സംബന്ധിച്ചിടത്തോളം സ്വകാര്യാവകാശമില്ല, ഭാരതത്തില്‍ നികുതിയുടെ വരവു ഭൂമിയില്‍നിന്നാണ്: കാരണം, ഓരോ മനുഷ്യനും തനിക്കുള്ള ഭൂമി ഭരണകൂടത്തില്‍നിന്നു നേരിട്ടു കൈപ്പറ്റിയിരിക്കയാണ്. അഞ്ചോ പത്തോ ഇരുപതോ നൂറോ കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമൂഹത്തിനു പൊതുവായിട്ടാണ് ഭൂമിയുടെ ഉടമ. ആ ഭൂമി മുഴുവന്‍ അവര്‍ ഭരിക്കുന്നു: സര്‍ക്കാരിലേക്കു ക്ന്മപ്തമായി നികുതി നല്കുന്നു: വൈദ്യനെയും അദ്ധ്യാപകനെയും മറ്റും ശമ്പളം നല്കി പോറ്റുകയും ചെയ്യുന്നു.
ഹെര്‍ബര്‍ട് സ്‌പെന്‍സറുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ ഓര്‍ക്കുന്നുണ്ടാകും, ‘സന്ന്യാസിമഠാധിഷ്ഠിത’മെന്ന് അദ്ദേഹം വിളിക്കുന്ന വിദ്യാഭ്യാസപദ്ധതിയെപ്പറ്റി. യൂറോപ്പില്‍ അതു പരീക്ഷിക്കപ്പെട്ടതാണ്. ചിലേടങ്ങളില്‍ അതു സഫലമായിരുന്നു. അതായത്, ഒരു ഗ്രാമത്തില്‍ ഒരദ്ധ്യാപകനെ പുലര്‍ത്തിവരുന്നു. ഈ പ്രാഥമിക വിദ്യാലയങ്ങള്‍ അതിലളിതങ്ങളാണ്: കാരണം ഞങ്ങളുടെ അദ്ധ്യാപനരീതികള്‍ അതിലളിതമാണ്. ഓരോ കുട്ടിയും ചെറിയ ഓരോ കൊച്ചുപായയുമായി വരും. അവന്റെ കടലാസ്, തുടക്കത്തില്‍ പനയോലയാണ്. ആദ്യം പനയോല: കടലാസ്സിന്റെ വില ദുര്‍ഭരമാണ്. ചെറിയ ആ കൊച്ചുപായ് വിരിച്ച് അതിലാണ് ഓരോ കുട്ടിയും ഇരിക്കുക, മഷിക്കുപ്പിയും ബുക്കുകളും വെളിയിലെടുത്ത് എഴുതാന്‍ തുടങ്ങുന്നു. സ്വല്പം കണക്ക്: കുറേ സംസ്‌കൃത വ്യാകരണം: കുറച്ചു ഭാഷ: കണക്കു കൂട്ടല്‍ – ഇത്രയുമാണ് പ്രാഥമിക വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത്.
ഒരു വൃദ്ധന്‍ പഠിപ്പിച്ചതും ആചാരശാസ്ര്തത്തെക്കുറിച്ചുള്ളതുമായ ചെറിയൊരു പുസ്തകം ഞങ്ങള്‍ കാണാപ്പാഠം പഠിച്ചു. പാഠങ്ങളില്‍ ഒന്നു ഞാനോര്‍ക്കുന്നു;
ഗ്രാമത്തിന്‍ നന്മയ്ക്കായി കുടുംബം വെടിയേണം:
നാടിന്റെ നന്മയ്ക്കായി ഗ്രാമവും വെടിയേണം:
മാനവനന്മയ്ക്കായി തന്‍നാടു വെടിയേണം:
ഭൂലോകനന്മയ്ക്കായി സര്‍വവും വെടിയേണം.
ഈ ജാതി ശ്ലോകങ്ങളാണ് പുസ്തകങ്ങളിലുള്ളത്. ഇവ ഞങ്ങള്‍ കാണാപ്പാഠമാക്കുന്നു. ഗുരുവും ശിഷ്യനും ചേര്‍ന്ന് ഇവയെ വ്യാഖ്യാനിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നാണ് ഇവയൊക്കെ പഠിക്കുന്നത്. പിന്നീടാണ് വിദ്യാഭ്യാസം വ്യത്യസ്തമാകുന്നത്. പഴയ സംസ്‌കൃതവിശ്വവിദ്യാലയങ്ങളില്‍ പ്രധാനമായും ഉണ്ടായിരുന്നത് ആണ്‍കുട്ടികളാണ്. വളരെ വിരളമായേ പെണ്‍കുട്ടികള്‍ ആവക വിശ്വവിദ്യാലയങ്ങളില്‍ പോയിരുന്നുള്ളു. എന്നാല്‍ കുറേ വ്യത്യസ്തതകളുണ്ട്.
ഈ അടുത്തകാലത്ത് യൂറോപ്പിലെ രീതി പിടിച്ച് ഉപരിവിദ്യാഭ്യാസത്തിന്നനുകൂലമായി കൂടുതല്‍ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഈ ഉപരിവിദ്യാഭ്യാസം കിട്ടുന്നതിന്നനുകൂലമായിട്ടാണ് ഉറച്ച അഭിപ്രായമുള്ളത്. ഭാരതത്തില്‍ കുറേ ആളുകള്‍, സ്വാഭാവികമായും, ഇതരുതെന്ന പക്ഷക്കാരാണ്. പക്ഷേ അനുകൂലപക്ഷത്തിനാണ് ഒടുവില്‍ ജയമുണ്ടായത്. ഓക്‌സ്‌ഫോര്‍ഡും കേംബ്രിഡ്ജും ഹാര്‍വാര്‍ഡും യേലും, ഇന്നും സ്ത്രീകള്‍ക്കു പ്രവേശമില്ലാത്തിടങ്ങളാണെന്നത് ആശ്ചര്യകരമത്രേ. എനാല്‍ കല്‍ക്കത്താ സര്‍വ്വകലാശാല ഇരുപതിലേറെക്കൊല്ലം മുമ്പേ സ്ത്രീകള്‍ക്കു പ്രവേശമനുവദിച്ചു. ഞാന്‍ ബി.ഏ. ജയിച്ച കൊല്ലം പല പെണ്‍കുട്ടികളും ബി.ഏ. ജയിച്ചുവെന്നതു ഞാനോര്‍ക്കുന്നു. ഒരേ മാനദണ്ഡം: ഒരേ പദ്ധതി. ആണ്‍കുട്ടികളെപ്പോലെ എല്ലാറ്റിലും തുല്യത. തീര്‍ച്ചയായും അവര്‍ വളരെ മെച്ചപ്പെട്ടിരുന്നു. വിദ്യാഭ്യാസം ചെയ്യുന്ന ഒരു സ്ത്രീയെ ഞങ്ങളുടെ മതം ഒരു തരത്തിലും തടസ്സപ്പെടുത്തുന്നില്ല. ഇത്തരത്തിലാണ് പെണ്‍കുട്ടിക്കു വിദ്യാഭ്യാസം വരേണ്ടത്. ഇങ്ങനെയവള്‍ക്കു ശിക്ഷണം നല്കണം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒപ്പം സര്‍വ്വകലാശാലയില്‍ പോയിരുന്നു എന്ന് പഴയ പുസ്തകങ്ങളില്‍ കാണുന്നു. പക്ഷേ പില്ക്കാലത്ത് ജനതയുടെ വിദ്യാഭ്യാസം മുഴുവന്‍ വിഗണിക്കപ്പെട്ടു. വൈദേശികഭരണത്തിന്‍കീഴില്‍ എന്താണ് പ്രതീക്ഷിക്കാവുന്നത്! വൈദേശികനായ വിജേതാവ് അവിടെ നിലകൊള്ളുന്നത് ഞങ്ങള്‍ക്കു നന്മ ചെയ്യാനല്ല. അയാള്‍ക്കു പണമാണ് വേണ്ടത്. പന്തിരണ്ടു കൊല്ലം കഠിനമായി പഠിച്ച ഞാന്‍ കല്ക്കത്താ സര്‍വ്വകലാശാലയിലെ ഒരു ബിരുദധാരിയായി. എന്നാല്‍ ഭാരതത്തിലിപ്പോള്‍ മാസംതോറും അഞ്ചു ഡോളര്‍ ഉണ്ടാക്കാന്‍ എനിക്കു വിഷമമാണ്. നിങ്ങള്‍ക്കിതു വിശ്വസിക്കാമോ? ഇതാണ് നേരായ വസ്തുത. അതുകൊണ്ട് വൈദേശികരുടെ ഈ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നേര്‍ലക്ഷ്യം സ്വല്പം പണം കൊടുത്ത് പ്രയോജനവും പ്രയോഗനിപുണതയുമുള്ള കുറേ അടിമകളെ സമ്പാദിക്കുകയത്രേ: ഒട്ടേറെ ഗുമസ്താക്കളെയും തപാല്‍മാസ്റ്റര്‍മാരെയും കമ്പിത്തപാല്‍ ഉദ്യോഗസ്ഥരെയും മറ്റും ഉളവാക്കുകയാണ്. ഇതാണ് വാസ്തവം.
ഇതിന്‍ഫലമായി ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസം തികച്ചും അവഗണിക്കപ്പെട്ടിരിക്കയാണ്. ആ നാട്ടില്‍ ചെയ്യേണ്ടതായി ഒട്ടേറെ കാര്യങ്ങളുണ്ട്. പക്ഷേ ഒരു സംഗതി എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്നു – ദയവു ചെയ്ത് നിങ്ങളുടെ ഒരു പഴഞ്ചൊല്ലുപയോഗിക്കാന്‍ അനുവദിക്കുക – ”പിടത്താറാവിനു കൊള്ളാവുന്നതു പൂവന്‍താറാവിനും കൊള്ളും.” വൈദേശികരായ മാന്യമഹിളകള്‍ ഹിന്ദുസ്ത്രീകളുടെ കഷ്ടപ്പാടുകളെപ്പറ്റി സദാ വിലപിക്കുന്നു. ഹിന്ദുപുരുഷന്റെ കഷ്ടതകളെ വകവെയ്ക്കുന്നതേയില്ല. അവര്‍ സദാ കണ്ണീര്‍വാര്‍ക്കുകയാണ്. കൊച്ചുപെണ്‍മക്കളെ ആര്‍ക്കു വിവാഹം കഴിച്ചുകൊടുക്കും? വൃദ്ധന്മാര്‍ക്കാണ് അവരെ കൊടുക്കുന്നതെന്നു കേട്ട് ആരോ ചോദിച്ചു; ”യുവാക്കന്മാര്‍ എന്തു ചെയ്യുന്നു? പെണ്‍കുട്ടികളെ വൃദ്ധന്മാര്‍ക്കേ, വൃദ്ധന്മാര്‍ക്കുമാത്രമേ, വിവാഹം കഴിച്ചുകൊടുക്കയുള്ളോ?” അവിടെയുള്ള ഞങ്ങളെല്ലാം ജനിക്കുന്നത്, ഒരുപക്ഷേ വൃദ്ധരായിട്ടാകാം.
ഭാരതീയവര്‍ഗ്ഗത്തിന്റെ ആദര്‍ശം ആത്മാവിന്റെ സ്വാതന്ത്ര്യമാണ്. ഈ പ്രപഞ്ചം വെറും ശൂന്യം. ഇതൊരു കാഴ്ച, ഒരു സ്വപ്നം. ഈ ജീവിതം ഇതുപോലുള്ള ദശലക്ഷം ജീവിതങ്ങളില്‍ ഒന്നുമാത്രം. ഈ പ്രകൃതി മുഴുവന്‍ മായ, കല്പന, കല്പനകളുടെ ഉപദ്രവം പിടിച്ച ഒരു ഇരിപ്പിടം, അതാണ് ദര്‍ശനം. ശിശുക്കള്‍ ജീവിതത്തിന്റെ നേരേ പുഞ്ചിരി തൂകുന്നു: അതു വളരെ നന്നെന്ന്, അഴകുറ്റതെന്ന്, നിനയ്ക്കുന്നു. എന്നാല്‍ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ എവിടെനിന്നു തുടങ്ങിയോ അവിടേക്കു മടങ്ങണം. കരഞ്ഞുകൊണ്ടാണ് ജീവിതം തുടങ്ങുന്നത്: കരഞ്ഞുകൊണ്ടതു വെടിയണം. യൗവനത്തികവുറ്റ ജനതകള്‍ കരുതുന്നു, അവര്‍ക്കെന്തും നിര്‍വഹിക്കാമെന്ന്. ”ഭൂമുഖത്തുള്ള ദേവതകളാണ് ഞങ്ങള്‍. ഞങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട ജനത.” ഭൂമുഖത്തെങ്ങും സ്വന്തം ഭരണം നടത്താന്‍, ഈശ്വരന്റെ സങ്കല്പങ്ങള്‍ പുരോഗമിപ്പിക്കാന്‍, ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍, ലോകത്തെ തലകീഴാക്കാന്‍, സര്‍വശക്തന്‍ അവര്‍ക്ക് അധികാരപത്രം കൊടുത്തിട്ടുണ്ടെന്നാണ് അവരുടെ വിചാരം. കവര്‍ന്നെടുക്കാനും കൊലപാതകം ചെയ്യാനും കൊല്ലാനും അവര്‍ക്കധികാരപത്രമുണ്ട്. ഈശ്വരനാണ് അവര്‍ക്കിതു കൊടുത്തിട്ടുള്ളത്. ഇതൊക്കെ ചെയ്യുന്നത് അവര്‍ വെറും ശിശുക്കളാകകൊണ്ടാണ്. അങ്ങനെയത്രേ സാമ്രാജ്യത്തിനു പുറകേ സാമ്രാജ്യം രൂപംപൂണ്ടത് – മഹനീയവും ഉജ്ജ്വലവുമായ സാമ്രാജ്യങ്ങള്‍. ഇപ്പോള്‍ അവയൊക്കെ മാഞ്ഞിരിക്കയാണ്, പൊയ്‌പോയിരിക്കയാണ്: എവിടെയെന്ന് ആര്‍ക്കും തിട്ടമില്ല. ഓരോന്നിന്റെയും നാശം അതിബൃഹത്തായിരുന്നിരിക്കണം
താമരയിലയില്‍ വീണ വെള്ളത്തുള്ളി തുള്ളിച്ചാടി ക്ഷണത്തില്‍ താഴെ വീഴുന്നതുപോലെയാണ് ഈ മര്‍ത്ത്യജീവിതവും. നാം തിരിയുന്ന ദിക്കിലൊക്കെ നഷ്ടശിഷ്ടങ്ങളാണ്. ഇന്നു കാടുകള്‍ മറച്ചിരിക്കുന്നിടത്ത് സുശക്തമായ ഒരു സാമ്രാജ്യവും അതിന്റെ വന്‍പട്ടണങ്ങളുമായിരുന്നു. ഭാരതീയമനസ്സിന്റെ പ്രബലമായ ആശയവും സ്വരവും നിറവും അതാണ്. പാശ്ചാത്യജനതകളുടെ നാഡികളില്‍ ഒഴുകുന്നത് യൗവനത്തിളപ്പുള്ള രക്തമാണെന്ന് ഞങ്ങള്‍ക്കറിയാം. മനുഷ്യര്‍ക്കെന്നപോലെ ജനതകള്‍ക്കുമുണ്ട്. അവരുടേതായ ദിവസങ്ങള്‍ എന്ന് ഞങ്ങള്‍ക്കറിയാം. ഗ്രീസെവിടെ? റോമെവിടെ? കഴിഞ്ഞ ദിവസമുണ്ടായിരുന്ന സുശക്തനായ സ്‌പെയിന്‍കാരനെവിടെ? ഇവയിലൂടെയെല്ലാം ഭാരതത്തിനെന്തു സംഭവിക്കുന്നു എന്നാര്‍ക്കറിയാം? അങ്ങനെ അവര്‍ ജനിക്കുന്നു: അങ്ങനെ മരിക്കുന്നു. അവര്‍ ഉയരുകയും വീഴുകയും ചെയ്യുന്നു. ലോകത്തിലുള്ള ഒരു ശക്തിക്കും തടുക്കാനാവാത്ത കുപ്പിണികളെ നയിച്ച ആക്രമണകാരിയായ മുകിലനെപ്പറ്റി ഹിന്ദുവിനു ശൈശവത്തിലേ അറിയാം. ആ മുകിലനാണ് നിങ്ങളുടെ ഭാഷയില്‍ ‘താര്‍ത്തര്‍’ എന്ന ഭയങ്കരപദം അവശേഷിപ്പിച്ചിട്ടുള്ളത്. സ്വന്തം പാഠം ഹിന്ദു പഠിച്ചുകഴിഞ്ഞിരിക്കുന്നു. ഇന്നത്തെ ശിശുക്കളെപ്പോലെ പ്രലപിക്കാന്‍ ഹിന്ദുവിന്നിഷ്ടമില്ല. പാശ്ചാത്യജനതകളേ, നിങ്ങള്‍ക്കു പറയാനുള്ളതു പറയൂ. ഇതു നിങ്ങളുടെ ദിനമാണ്. മുന്നേറൂ. തുടരൂ. ശിശുക്കളേ! നിങ്ങളുടെ പ്രലപനം തീരട്ടെ. ഇതു പ്രലപിക്കാനുള്ള ശിശുദിനമാണ്. ഞങ്ങളുടെ പാഠം ഞങ്ങള്‍ പഠിച്ചുകഴിഞ്ഞിരിക്കുന്നു. എന്നിട്ട് ഞങ്ങള്‍ അടങ്ങിയിരിക്കയാണ്. ഇന്നു നിങ്ങള്‍ക്കു കുറേ സ്വത്തുണ്ട്. ഞങ്ങളെ നിങ്ങള്‍ അവജ്ഞയോടെ നോക്കുന്നു. ശരി, ഇതു നിങ്ങളുടെ ദിനമാണ്. പ്രലപിക്കൂ, കുഞ്ഞുങ്ങളേ! പ്രലപിക്കൂ – ഇതാണ് ഹിന്ദുവിന്റെ മനോഭാവം.ദേവദേവനെ പ്രാപിക്കുന്നത് ഒട്ടേറെ പ്രവചനത്തിലൂടെയല്ല: ബുദ്ധിശക്തിയിലൂടെയുമല്ല ദേവദേവനെ പ്രാപിക്കുന്നത്. ധര്‍ഷണശക്തിയുടെ ആധിക്യത്തിലൂടെയല്ല അവിടുത്തെ ലഭിക്കുന്നത്. വസ്തുക്കളുടെ അവ്യക്തമായ പിറപ്പിടം അറിയാവുന്നവന്‍, മറ്റുള്ളതെല്ലാം ക്ഷണികമെന്ന് അറിയുന്നവന്‍ – അവന്റെ അടുക്കലേക്കു ഭഗവാന്‍ വരുന്നു: മറ്റാരുടെയും അടുക്കലേക്കല്ല. യുഗങ്ങളിലൂടെ നീണ്ടുനിന്നുവരുന്ന അനുഭവത്തില്‍നിന്ന് ഭാരതം ഈ പാഠം പഠിച്ചുവെച്ചിരിക്കുന്നു. ഭഗവാന്റെ നേരെ മുഖം തിരിച്ചിരിക്കയാണ് ഭാരതം. അതിനു പല തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ആ വര്‍ഗ്ഗത്തിന്റെമേല്‍ ചവറ്റിന്‍ കൂമ്പാരങ്ങള്‍ അടിഞ്ഞു കൂടിയിരിക്കുന്നു. സാരമില്ല. അതുകൊണ്ടെന്ത്? ചവറുകള്‍ അടിച്ചു മാറ്റുക, പട്ടണങ്ങള്‍ വെടിപ്പാക്കുക മുതലാവയകൊണ്ട് എന്തു കൃതം? ജീവിതദായകമാണോ ഇവയെല്ലാം? നല്ല സ്ഥാപനങ്ങളുള്ളവര്‍ മരിക്കും. തകരപ്പാളികൊണ്ടുണ്ടാക്കിയിട്ടുള്ള പാശ്ചാത്യസ്ഥാപനങ്ങളെക്കുറിച്ചെന്താണ് പറയുക? അഞ്ചു ദിവസംകൊണ്ട് അവ ഉണ്ടാകുന്നു: ആറാം ദിവസം തകരുന്നു. ഒരു കൈക്കുമ്പിളില്‍ അടങ്ങുന്ന ഈ ജനതകളില്‍ ഒന്നിനു രണ്ടു ശതകക്കാലം തികച്ചു ജീവിതമില്ല. ഞങ്ങളുടെ സ്ഥാപനങ്ങള്‍ യുഗങ്ങളിലൂടെ പരീക്ഷണത്തെ ചെറുത്തു നിലകൊള്ളുകയാണ്. ഹിന്ദു പറയുന്നു; ”അതേ, ഭൂമുഖത്തുണ്ടായിരുന്ന പഴയ ജനതകളെയെല്ലാം ഞങ്ങള്‍ കുഴിച്ചുമൂടി: പുത്തന്‍ജനതകളെയും കുഴിച്ചിടാന്‍ നിലകൊള്ളുകയാണ്. കാരണം, ഞങ്ങളുടെ ആദര്‍ശം ഈ ലോകമല്ല: അടുത്ത ലോകമാണ്. നിങ്ങളുടെ ആദര്‍ശമെന്തോ നിങ്ങള്‍ അതുപോലായിത്തീരും. നിങ്ങളുടെ ആദര്‍ശം ജഡമാണെങ്കില്‍ നിങ്ങള്‍ ജഡംതന്നെയായിത്തീരും. നോക്കൂ! ഞങ്ങളുടെ ആദര്‍ശം ചൈതന്യമാണ്. അതിനുമാത്രമേ ഉണ്‌മയുള്ളു. മറ്റൊന്നും ഉള്ളതല്ല. ചൈതന്യംപോലെ എന്നെന്നേക്കുമായി ഞങ്ങള്‍ നിലകൊള്ളുകയും ചെയ്യും.”