വിജയശ്രീലാളിതമായ യൂറോപ്യന്‍പര്യടനം കഴിഞ്ഞ് സിലോണ്‍വഴി ഇന്ത്യയില്‍ തിരിച്ചെത്തിയ ശ്രീമദ്‌വിവേകാനന്ദസ്വാമികള്‍ക്ക് പാംബനില്‍ രാജോചിതമായ സ്വീകാരമാണ് ലഭിച്ചത്. രാമനാട്ടു രാജാവില്‍ നിന്ന്, രാമേശ്വരം സന്ദര്‍ശിക്കാനുള്ള ക്ഷണം നേരത്തെതന്നെ സ്വാമി ജിക്കു ലഭിച്ചിരുന്നു. രാജാവുതന്നെ സ്വാമികളെ സ്വീകരിക്കാന്‍ പാംബനിലെത്തിച്ചേരുകയും ചെയ്തിരുന്നു. പാംബന്റോഡില്‍വെച്ച് സ്വാമിജിയും യൂറോപ്യന്‍ശിഷ്യന്മാരും കപ്പലില്‍നിന്ന് രാജാവിന്റെ സ്റ്റേറ്റ് ബോട്ടിലേക്കു മാറിക്കേറി. സ്വാമികള്‍ ബോട്ടില്‍ കേറിയ ഉടനെ രാജാവും പരിവാരങ്ങളും സ്വാമിജിയുടെ മുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. രാജാവും സന്ന്യാസിയും തമ്മിലുള്ള ആ കൂടിക്കാഴ്ച എത്രയും ഹൃദയസ്പൃക്കായിരുന്നു. താന്‍ യൂറോപ്പിലേക്കു പോകണമെന്ന ആശയം ആദ്യമായി ഉന്നയിക്കുകയും അതിനുവേണ്ട ഒത്താശകള്‍ ചെയ്കയും ചെയ്തവരിലൊരാള്‍ രാമനാടു രാജാവാണെന്ന വസ്തുത സ്വാമിജി തദവസരത്തില്‍ അനുസ്മരിക്കുകയുണ്ടായി.
സ്വാമിജിയെയും വഹിച്ചുകൊണ്ട് ബോട്ട് കരയ്ക്കണഞ്ഞപ്പോള്‍ പാംബനിലെ പൗരാവലി ആകാശം ഭേദിക്കുമാറു ജയാരവം മുഴക്കി അതിനെ സ്വാഗതം ചെയ്തു. അവിടെ കമനീയമായലങ്കരിച്ചൊരുക്കിയ പന്തലില്‍വെച്ച് സ്വാമിജിക്ക് ഒരു സ്വാഗതപത്രം സമര്‍പ്പിക്കപ്പെട്ടു.
യോഗാനന്തരം സ്വാമിജിയും പരിവാരങ്ങളും രാജാവിന്റെ രഥത്തിലേറി കൊട്ടാരത്തിലേക്കു യാത്രയായി. രാജാവിന്റെ ആജ്ഞപ്രകാരം കുതിരകളെ അഴിച്ചുമാറ്റി: രഥം രാജാവും കൊട്ടാരം ജോലിക്കാരുംകൂടി നഗരവീഥികളിലൂടെ ഉന്തിക്കൊണ്ടുപോവുകയാണുണ്ടായത്. പാംബനില്‍ മൂന്നു ദിവസത്തെ താമസത്തിനിടയില്‍ സ്വാമിജി സുപ്രസിദ്ധമായ രാമേശ്വരക്ഷേത്രം സന്ദര്‍ശിച്ചു.
സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ അനുഗൃഹീതമായ ഈ മഹാസന്ദര്‍ഭത്തിന്റെ സ്മാരകമായി രാമനാടു രാജാവ് ഈ സ്ഥലത്ത് 40 അടി ഉയരമുള്ള, താഴെ ഉദ്ധരിച്ച കുറിപ്പോടുകൂടിയ, ഒരു വിജയസ്തംഭം സ്ഥാപിച്ചിട്ടുണ്ട്.
“Satyameva Jayate.
The monument erected by Bhaskara Sethupathi, the Raja of Ramnad, marks the sacred spot, where His Holiness Swamy Vivekananda’s blessed feet first trod on Indian soil, together with the Swamy’s English disciples, on his Holiness’s return from the Western Hemisphere, where glorious and unprecedented success attended His Holiness’s philanthropic labours to spread the religion of the Vedanta.
1897 January 27”
“സത്യമേവ ജയതേ,
ശ്രീമദ്‌വിവേകാനന്ദസ്വാമികള്‍ ഭൂതകാരുണ്യത്തെ മുന്‍നിര്‍ത്തി വേദാന്തധര്‍മ്മം പ്രചരിപ്പിക്കാന്‍ ചെയ്ത യത്‌നങ്ങള്‍ക്കു മഹിതവും അഭൂതപൂര്‍വ്വവുമായ വിജയം കൈവരിച്ച് പശ്ചിമാര്‍ദ്ധഗോളത്തില്‍നിന്നു മടങ്ങവേ, തന്റെ പാശ്ചാത്യശിഷ്യരോടൊപ്പം ഭാരതത്തിന്റെ മണ്ണിനെ തന്റെ പുണ്യപാദങ്ങള്‍കൊണ്ട് ആദ്യമായി സ്പര്‍ശിച്ച പരിശുദ്ധസ്ഥാനത്തെയാണ്, രാമനാടു രാജാവ് ഭാസ്‌കരസേതുപതി സ്ഥാപിച്ച ഈ സ്മാരകം കുറിക്കുന്നത്.
1897 ജനുവരി 27”