സ്വാമി വിവേകാനന്ദന്‍

മന്ദമാരുതന്റെ ഒരോ ചലനത്തിലും ശിരസ്സാട്ടിയും തുള്ളിച്ചാടിയും ഉല്ലസിക്കുന്ന വിവിധവര്‍ണ്ണാഭങ്ങളായ സുന്ദരവനകുസുമങ്ങള്‍; നിറപ്പകിട്ടാര്‍ന്ന തൂവല്‍ക്കുപ്പായങ്ങളണിഞ്ഞ, വനമധ്യത്തിലുടനീളം മാറ്റൊലിക്കൊള്ളുന്ന മധുരഗാനങ്ങളാലപിക്കുന്ന കോമളപക്ഷിവൃന്ദങ്ങള്‍-എനിക്കു സാന്ത്വനമരുളുന്ന സഹചാരികളായി അവ ഇന്നലെയുണ്ടായിരുന്നു, ഇന്നു പൊയ്പോയിരിക്കുന്നു-എവിടേയ്ക്ക്? എന്റെ കളിത്തോഴര്‍, സന്തോഷത്തിലും സന്താപത്തിലും എന്റെ കൂട്ടുകാര്‍, ആമോദങ്ങളിലും വിനോദങ്ങളിലും എന്റെ ചങ്ങാതിമാര്‍-അവരും പൊയ്പോയിരിക്കുന്നു- എവിടേയ്ക്ക്? ഞാനൊരു ശിശുവായിരുന്നപ്പോള്‍ എന്നെ താലോലിച്ചിരുന്ന, ജീവിതം മുഴുവന്‍ എന്നെക്കുറിച്ചുള്ള, എനിക്കു വേണ്ടതൊക്കെ ചെയ്യുകയെന്നുള്ള ഒറ്റവിചാരം മാത്രമുണ്ടായിരുന്ന ആ ജനങ്ങളും പൊയ്പ്പോയിരിക്കുന്നു- എവിടേയ്ക്ക്? എല്ലാവരും എല്ലാ വസ്തുക്കളും പോയി, പൊയ്ക്കൊണ്ടിരിക്കുന്നു, അല്ലെങ്കില്‍ പോകും. അവ എവിടേയ്ക്കു പോകുന്നു? ഒരുത്തരത്തിനുവേണ്ടി ആദ്യ മനുഷ്യന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന പ്രശ്നം ഇതായിരുന്നു.

“എന്തുകൊണ്ടങ്ങനെ? എല്ലാ വസ്തുക്കളും വിലയിക്കുന്നതും തവിടുപൊടിയായി നശിക്കുന്നതും കണ്ടുകൊണ്ടല്ലേ അവനിരുന്നത്? അവ എങ്ങോട്ടുപോയി എന്നതിനെപ്പറ്റി തല പുണ്ണാക്കേണ്ട ആവശ്യമെന്ത്?” എന്നു നിങ്ങള്‍ ചോദിച്ചേക്കാം.

ഒന്നാമതായി, ആദിമമനുഷ്യന്റെ ഭാവനയില്‍, എല്ലാം (എപ്പോഴും) ജീവിച്ചിരിക്കുന്നു. പൂര്‍ണ്ണവിനാശം (കേവലം ഇല്ലാതാവുക) എന്നര്‍ത്ഥത്തില്‍ മരണത്തെ അവന്‍ സ്വീകരിക്കുന്നില്ല. ആളുകള്‍ അവന്റെ അടുത്തുവരുന്നു, അകന്നു പോകുന്നു, വീണ്ടും വരുന്നു. ചിലപ്പോള്‍ അവര്‍ പോയിട്ടു മടങ്ങിവരുന്നില്ല. അതിനാല്‍, ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയില്‍, ‘പോവുക’ എന്നര്‍ത്ഥത്തിലുള്ള വല്ല വാക്കുമാണ് മരണത്തെ കുറിക്കാന്‍ എപ്പോഴും ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് മതത്തിന്റെ ആരംഭം. അങ്ങനെ, ആദിമമനുഷ്യന്‍ തന്റെ ഈ പ്രശ്നത്തിന്-അവയെല്ലാം എവിടേയ്ക്കു പോകുന്നു എന്നുള്ളതിന്-ഒരു സമാധാനം സര്‍വ്വത്ര അന്വേഷിച്ചു കൊണ്ടിരുന്നു.

അതാ, പ്രഭാതസൂര്യന്‍ നിദ്രയിലാണ്ട ലോകത്തിന് വെളിച്ചവും ചൂടും ഉന്മേഷവും വഹിച്ചുകൊണ്ട്, ഉജ്ജ്വലകാന്തിയോടെ ഉദിക്കുന്നു, അതു മെല്ലെമെല്ലെ സഞ്ചരിച്ചുയരുന്നു; എന്നാല്‍, കഷ്ടം! അതും താണുതാണുപോയി, ഒടുവില്‍ അന്തര്‍ദ്ധാനം ചെയ്യുന്നു. എന്നാല്‍ അടുത്തനാള്‍ അത് അതേ മോഹനകാന്തിപൂരത്തോടെ വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇനി, നാഗരികതയുടെ ഉത്ഭവസ്ഥാനങ്ങളായ നൈല്‍, സിന്ധു, ടൈഗ്രീസ് എന്നീ നദീതടങ്ങളിലെ അത്ഭുതപുഷ്പമതാ-തന്റെ കൂമ്പിയ ഇതളുകളില്‍ പ്രഭാതഭാസ്കരന്റെ കിരണങ്ങള്‍ വന്നു തലോടുമ്പോള്‍ വികസിക്കുകയും സൂര്യാസ്തമയത്തോടെ വീണ്ടും കൂമ്പുകയും ചെയ്യുന്ന താമരപ്പൂവ്, അങ്ങനെ വരികയും പോവുകയും മരണാവസ്ഥയില്‍നിന്ന് പുനരുജ്ജീവിച്ചു വീണ്ടും വരികയും ചെയ്തിരുന്ന ചിലതുണ്ടായിരുന്നു. ഇതാണ് ആദ്യം കിട്ടിയ സമാധാനം. അതിനാല്‍ ഏറ്റവും പുരാതനങ്ങളായ മതങ്ങളില്‍ സൂര്യനും താമരയും മുഖ്യപ്രതീകങ്ങളായി കാണുന്നു. ഈ പ്രതീകങ്ങളെന്തിനെന്നാണെങ്കില്‍, അമൂര്‍ത്തങ്ങളായ ആശയങ്ങള്‍. അവ എങ്ങനെയുള്ളതായാലും ശരി, (വാക്കുകളിലൂടെ) പ്രകാശിപ്പിക്കപ്പെടുമ്പോള്‍ ദൃശ്യങ്ങളും മൂര്‍ത്തങ്ങളും സ്ഥൂലങ്ങളുമായ ചില ആവരണങ്ങളണിഞ്ഞുവരിക അനിവാര്യമത്രേ. അതാണ് നിയമം. ഒന്ന് അപ്രത്യക്ഷമാകുന്നത് അസ്തിത്വത്തിനു വെളിയിലേയ്ക്കല്ലെന്നും അതിനുള്ളില്‍ത്തന്നെയാണെന്നും, അതും ഒരു താല്‍ക്കാലികമായ മാറ്റമോ പരിവര്‍ത്തനമോ മാത്രമാണെന്നുമുള്ള ആശയം പ്രകാശിപ്പിക്കേണ്ടിയിരുന്നു. ഇന്ദ്രിയഗോചരമായി, അതുവഴി മനസ്സിലെത്തി, അവിടെ പുതിയൊരാശയത്തെ (സാദൃശ്യബന്ധംകൊണ്ട്) ഉണര്‍ത്തിവിടുന്ന ഒരു വസ്തു, ആ നവീനാശയത്തിന്റെ ആവിഷ്കരണത്തിനുള്ള അവലംബം, ആ ആശയത്തിനു ചുഴന്നുനില്‍ക്കാനുള്ള ഒരു കേന്ദ്രബീജമായി സ്വീകരിക്കപ്പെടുക അനിവാര്യമത്രേ. അങ്ങനെയാണ് സൂര്യനും താമരയും പ്രഥമപ്രതീകങ്ങളായത്.

കീഴ്ഭാഗത്തെവിടെയും അന്ധകാരമയവും ഭയാനകവുമായ അഗാധഗര്‍ത്തങ്ങളാണ്. വെള്ളത്തിനടിയില്‍, കണ്ണു തുറന്നുവെച്ചാലും ഒന്നും കാണാന്‍ പാടില്ല. മുകള്‍ഭാഗമോ പ്രകാശമയം. സര്‍വ്വത്ര വെളിച്ചത്തോടുകൂടിയത്; രാത്രിയില്‍പ്പോലും മനോഹരമായ നക്ഷത്രസമൂഹങ്ങള്‍ പ്രകാശം വിതറിക്കൊണ്ടിരിക്കുന്നു. ആ നിലയ്ക്ക്, അവര്‍, ഞാന്‍ സ്നേഹിക്കുന്ന ആളുകള്‍, എവിടേയ്ക്കാണ് പോകുക? തീര്‍ച്ചയായും കീഴ്ഭാഗത്തുള്ള അന്ധകാരത്തിലേയ്ക്കല്ല; മുകള്‍ഭാഗത്തുള്ള നിത്യപ്രകാശമയമായ ലോകത്തേയ്ക്കാകണം. അതിനൊരു പുതിയ പ്രതീകം വേണം. അതിലേയ്ക്കിതാ, അത്ഭുതജ്വാലാജിഹ്വകളോടുകൂടി ജ്വലിക്കുന്ന അഗ്നി. അല്പസമയത്തിനുള്ളില്‍ ഒരു വനം തിന്നൊടുക്കുന്ന ഈ അഗ്നി, ഭക്ഷണം പാകപ്പെടുത്തുന്നു, ചൂടു നല്‍കുന്നു, വന്യമൃഗങ്ങളെ തുരത്തുന്നു; അങ്ങനെ അതു മനുഷ്യന് ജീവസന്ദായകവും ജീവസംരക്ഷകവുമായ വസ്തുവാകുന്നു. പിന്നെ, അതിന്റെ ജ്വാലകള്‍-അവയുടെ ഗതി സദാ മേല്പോട്ടാണ്, ഒരിക്കലും കീഴ്പ്പോട്ടല്ല. ഇവിടെ മറ്റൊരാശയം ലഭിക്കുന്നു; മരിക്കുന്നവരെ ഉപരിഭാഗത്തുള്ള പ്രകാശപൂര്‍ണ്ണമായ പ്രദേശങ്ങളിലേയ്ക്കു വഹിച്ചുകൊണ്ടുപോകുന്ന ഈ അഗ്നി നമ്മെയും ജ്യോതിര്‍മണ്ഡലങ്ങളിലേക്കു കടന്നിട്ടുള്ള അവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ശൃംഖലയാകുന്നു.* “ഹേ, അഗ്നേ, ദേവന്മാരുടെ അടുക്കലേക്കു പോകുന്ന ഞങ്ങളുടെ ദൂതനായ അങ്ങ്” എന്നിങ്ങനെയാണ് ഏറ്റവും പുരാതനമായ മനുഷ്യലിഖിതം ആരംഭിക്കുന്നത്. അതിനാല്‍, ഭക്ഷ്യപേയങ്ങളും ദേവന്മാര്‍ക്കു പ്രിയമായിരിക്കുമെന്ന് തങ്ങള്‍ കരുതിയ മറ്റെല്ലാ സാധനങ്ങളും അവര്‍ ആ അഗ്നിയില്‍ ആഹുതി ചെയ്തു. ഇങ്ങനെയാണ് യജ്ഞത്തിന്റെ ആരംഭം.

ഇത്രത്തോളംകൊണ്ട് ഒന്നാമത്തെ പ്രശ്നത്തിനു സമാധാനമായി-ഈ ആദിമമനുഷ്യരുടെ ആവശ്യത്തിനു മതിയാകുന്നിടത്തോളമെങ്കിലും, പിന്നീട്, അടുത്ത പ്രശ്നമായി-ഇതെല്ലാം എവിടെനിന്നു വരുന്നു? “ഈ ചോദ്യം എന്തുകൊണ്ട് ആദ്യമുദ്ഭവിച്ചില്ല?” എന്നാണെങ്കില്‍, പെട്ടെന്നുണ്ടാകുന്ന ഒരു വ്യതിയാനമാണ് നാം കൂടുതല്‍ ഓര്‍മ്മിക്കുക എന്നുള്ളതുകൊണ്ട്. സുഖവും സന്തോഷവും ലാഭവും മറ്റും, ദുഃഖവും സന്താപവും നഷ്ടവും മറ്റുംപോലെ, നമ്മുടെ മനസ്സില്‍ അത്ര ആഴത്തില്‍ പതിയുന്നില്ല. നമ്മുടെ സ്വതേയുള്ള പ്രകൃതിസുഖവും സന്തോഷവും ആനന്ദവുമാണ്. അതിനെ ആകസ്മികമായി ഭഞ്ജിക്കുന്ന ഏതും പ്രകൃത്യനുസൃതമായ അവസ്ഥയേക്കാള്‍ ആഴത്തിലുള്ള മുദ്ര പതിക്കുന്നു. അതിനാല്‍, വലിയ സ്വാസ്ഥ്യഭഞ്ജകന്‍ എന്ന നിലയില്‍ മരണത്തെസ്സംബന്ധിച്ച പ്രശ്നത്തിനാണ് ആദ്യം സമാധാനം കാണേണ്ടിയിരുന്നത്. പിന്നീട് മനുഷ്യന്‍ കൂടുതല്‍ പുരോഗമിച്ചതോടെ, അടുത്ത പ്രശ്നം-അവ എവിടെ നിന്നു വന്നു എന്നത് – ഉത്ഭവിച്ചു. ജീവിക്കുന്നവയെല്ലാം ചലിക്കുന്നു; നാം ചലിക്കുന്നു, നമ്മുടെ ഇച്ഛ നമ്മുടെ അവയവങ്ങളെ ചലിപ്പിക്കുന്നു; നമ്മുടെ ഇച്ഛയ്ക്കൊത്തവണ്ണം നമ്മുടെ അവയവങ്ങള്‍ പല രൂപത്തിലുള്ള വസ്തുക്കളെ നിര്‍മ്മിക്കുന്നു. അങ്ങനെ ചലനമുള്ള ഏതു വസ്തുവിലും അതിന്റെ പ്രവര്‍ത്തകശക്തിയായി ഒരിച്ഛയുണ്ടായിരുന്നു-ഇക്കാലത്തെ ശിശുമനുഷ്യനെപ്പോലെ പുരാതനകാലത്തെ മനുഷ്യശിശുവും അങ്ങനെയാണ് വിചാരിക്കുക. കാറ്റിന് ഒരിച്ഛയുണ്ട്. മേഘത്തിനൊന്നുണ്ട്. പ്രകൃതിയിലുള്ള മുഴുവന്‍ വസ്തുക്കളും പ്രത്യേകം ഇച്ഛ, മനസ്സ്, ആത്മാവ് എന്നിവയോടുകൂടിയവയാണ്. നാം അനേകം വസ്തുക്കള്‍ നിര്‍മ്മിക്കുംപോലെ അവയും ഇതെല്ലാം സൃഷ്ടിക്കുന്നു. അതിനാല്‍ അവര്‍, ദേവന്മാര്‍, ‘ഇളോഹിമുകള്‍’ അത്രേ ഇതിന്റെയെല്ലാം സൃഷ്ടികര്‍ത്താക്കള്‍.

ഇതിനിടെ മനുഷ്യസമുദായം വളര്‍ന്നുവന്നു. സമുദായത്തില്‍ രാജാവുണ്ടായിരുന്നു. ദേവന്മാരുടെ, ഇളോഹിമുകളുടെ കൂട്ടത്തിലും എന്തുകൊണ്ട് രാജാവ് പാടില്ല? അങ്ങനെ, സാര്‍വ്വഭൌമനായ ഒരു ദേവന്‍, ഒരു ഇളോഹിം-യഹോവാ, ഒരു ദേവാധിദേവന്‍-തന്റെ ഏകമാത്രമായ ഇച്ഛാശക്തികൊണ്ട് ഇക്കാണായതെല്ലാം, ദേവന്മാരെക്കൂടിയും സൃഷ്ടിച്ച ഏകേശ്വരന്‍ ആവിര്‍ഭവിച്ചു. അവിടുന്നു വിവിധജ്യോതിര്‍ഗോളങ്ങളും ഗ്രഹസമൂഹങ്ങളും ഏര്‍പ്പെടുത്തിയിരിക്കുംപോലെ, പ്രപഞ്ചത്തിലെ വിവിധവ്യാപാരങ്ങളുടെ മേല്‍നോട്ടത്തിനായി പ്രത്യേകം ദേവന്മാരെ അഥവാ മാലാഖമാരെ ഏര്‍പ്പെടുത്തി-ചിലരെ മരണത്തിന്, ചിലരെ ജനനത്തിന് എന്നിങ്ങനെ സര്‍വ്വാധിനാഥനായ ഒരു മൂര്‍ത്തിയെ-മറ്റുളളവയെ അപേക്ഷിച്ചു നിസ്സീമമായ ശക്ത്യതിശയം ഹേതുവായി സര്‍വ്വാധിനാഥത്വം ആര്‍ജ്ജിച്ചിരിക്കുന്ന ഒരു മൂര്‍ത്തിയെക്കുറിച്ചുള്ള ആശയം, മതങ്ങളുടെയെല്ലാം വലിയ രണ്ട് ഉല്പത്തിസ്ഥാനങ്ങളായ ആര്യന്‍, സെമിറ്റിക് എന്നീ മനുഷ്യവര്‍ഗ്ഗങ്ങള്‍ക്കു പൊതുവിലുള്ളതാണ്. എന്നാല്‍ ഇവിടെവെച്ച് ആര്യന്മാര്‍ പുതിയൊരു വഴിക്കു തിരിയുന്നു, മഹത്തായൊരു വ്യതിയാനം കൈക്കൊള്ളുന്നു. അവരുടെ ഈശ്വരന്‍ സര്‍വ്വാധിനാഥന്‍ മാത്രമായിരുന്നില്ല. സ്വര്‍ഗ്ഗസ്ഥനായ പിതാവുമായിരുന്നു. ഇതാണ് പ്രേമത്തിന്റെ (ഭക്തിഭാവത്തിന്റെ) ആരംഭം, സെമിറ്റിക്വര്‍ഗ്ഗക്കാരുടെ ഈശ്വരന്‍ ഒരു ഉഗ്രശാസകന്‍, ഒരു ഭീകരമൂര്‍ത്തി, ഗണങ്ങളുടെയെല്ലാം നാഥനായ അതിശക്തിമാന്‍, മാത്രം. പ്രസ്തുതാശയങ്ങളോട്, ‘പിതാവ്’ എന്ന പുതിയൊരാശയം ആര്യന്മാര്‍ കൂട്ടിച്ചേര്‍ത്തു . തുടര്‍ന്നുള്ള പുരോഗതിയിലൂടെയെല്ലാം ഈ വ്യതിയാനം കൂടുതല്‍ കൂടുതല്‍ സ്പഷ്ടമാകുന്നുണ്ട്. എന്നാല്‍ വാസ്തവത്തില്‍ സെമിറ്റിക്ശാഖയില്‍ ഈ ഘട്ടത്തില്‍വെച്ച് പുരോഗതി നിലയ്ക്കുകയാണുണ്ടായത്. അവരുടെ ഈശ്വരനെ കാണാന്‍ പാടില്ല-മാത്രമല്ല, അവിടുത്തെ കാണുകയെന്നാല്‍ മരിക്കുകയാണെന്നാണ്. ആര്യന്മാരുടെ ഈശ്വരനെ കാണാമെന്നു മാത്രമല്ല, അവിടുന്നു ജീവിതലക്ഷ്യവുമത്രേ. ജീവിതത്തിന്റെ ഏകലക്ഷ്യം അവിടുത്തെ കണ്ടെത്തുകയെന്നതാണ്. സെമിറ്റിക് വര്‍ഗ്ഗക്കാരന്‍ ദണ്ഡനം ഭയന്ന്, അവന്റെ രാജാധിരാജനെ അനുസരിക്കുകയും അവിടുത്തെ ശാസനങ്ങളെ പരിപാലിക്കുകയും ചെയ്യുന്നു. ആര്യന്‍ അവന്റെ പിതാവിനെ സ്നേഹിക്കുന്നു; പിന്നെ, കുറേക്കൂടി ചെല്ലുമ്പോള്‍, ‘എന്റെ അമ്മ,’ ‘എന്റെ സ്നേഹിതന്‍’ എന്നെല്ലാം പറഞ്ഞുതുടങ്ങുകയും ചെയ്യുന്നു. “എന്നെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്റെ നായയേയും സ്നേഹിക്കണം.” എന്നാണല്ലോ ചൊല്ല്. അതനുസരിച്ച്, ഈശ്വരസൃഷ്ടിയിലുള്ള എല്ലാ ജന്തുക്കളും ഈശ്വരന്റേതാകയാല്‍, അവയെയെല്ലാം സ്നേഹിക്കണം എന്നും വന്നുകൂടുന്നു. സെമിറ്റിക് വര്‍ഗ്ഗജന് ഈ ജീവിതം ഒരു പുറംകാവല്‍സ്ഥലമാണ്. നമ്മുടെ കൂറു പരീക്ഷിപ്പാനായിട്ടാണ് നാം ഇവിടേയ്ക്കു നിയുക്തരായത്. ആര്യന് ഈ ജീവിതം നമ്മുടെ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമധ്യമാണ് സെമിറ്റിക്കിന്റെ വിശ്വാസപ്രകാരം നാം ഇവിടെ നമ്മുടെ കര്‍ത്തവ്യം ശരിക്കു നിര്‍വ്വഹിച്ചാല്‍, സ്വര്‍ഗ്ഗത്ത് നിത്യസുഖസമ്പൂര്‍ണ്ണമായ ഒരു ഗേഹം നമുക്കു ലഭിക്കും. ആര്യനെ സംബന്ധിച്ച്, ആ ഗേഹം ഈശ്വരന്‍തന്നെയാണ്. സെമിറ്റിക് വര്‍ഗ്ഗക്കാരന്ന് ഈശ്വരസേവനം ഒരു സാധ്യത്തിനുള്ള സാധനമാണ്. സന്തുഷ്ടിയും സുഖാനുഭവവുമാകുന്ന പ്രതിഫലമാണ് അയാളുടെ സാദ്ധ്യം. ആര്യന്റെ കാര്യത്തില്‍ സുഖാനുഭവവും ദുഃഖാനുഭവവും എല്ലാം സാധനങ്ങളാകുന്നു; ഈശ്വരന്‍ സാദ്ധ്യവും. സെമിറ്റിക് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ഈശ്വരനെ ഭജിക്കുന്നു. ആര്യന്‍ ഈശ്വരനെ പ്രാപിക്കുവാന്‍ വേണ്ടി സ്വര്‍ഗ്ഗത്തെ നിരാകരിക്കുന്നു. ചുരുക്കത്തില്‍ ഇതാണ് പ്രധാനവ്യത്യാസം. ആര്യന് ജീവിതത്തിന്റെ ഉന്നവും ലക്ഷ്യവും ഈശ്വരനെ കണ്ടെത്തലാണ്. േപ്രമഭാജനത്തിന്റെ അഭിമുഖദര്‍ശനമാണ്; എന്തെന്നാല്‍ ഈശ്വരനെ കൂടാതെ അവനു ജീവിക്കുക സാധ്യമല്ല. “നിന്റെ സാന്നിദ്ധ്യമില്ലെങ്കില്‍ , സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശരഹിതങ്ങളായിപ്പോകുന്നു.”