സ്വാമി വിവേകാനന്ദന്‍

ലോകത്തിലെ മതങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ സാധാരണമായി രണ്ടു ആവിഷ്കരണരീതികളാണ് കാണുന്നത്. ഒന്ന് ഈശ്വരനില്‍നിന്ന് മനുഷ്യനിലേക്കുള്ള പോക്ക്; ഉദാഹരണത്തിന്, സെമിറ്റിക്സംഘാതത്തില്‍പ്പെട്ട മതങ്ങളില്‍ ഈശ്വരനെന്ന ആശയം തുടക്കത്തിലേ ഉണ്ട്. എന്നാല്‍ ആത്മാവെന്ന ആശയമില്ലായിരുന്നു എന്നത് ആശ്ചര്യവുമാണ്. പുരാതനയഹൂദന്മാരുടെ കാര്യത്തില്‍, അവരുടെ ചരിത്രത്തില്‍ മനുഷ്യാത്മാവിനെപ്പറ്റിയ ആശയം ആവിഷ്കൃതമായിരുന്നില്ലെന്നത് ഒരു സവിശേഷതയാണ്. മനുഷ്യന്‍ ചില മാനസികാംശങ്ങളും ദ്രവ്യാംശങ്ങളും ചേര്‍ന്നുണ്ടായ ഒരു സങ്കരവസ്തു, അത്രതന്നെ; മരണത്തോടുകൂടി എല്ലാം അവസാനിക്കുകയും ചെയ്യുന്നു. മറിച്ച്, പ്രസ്തുതമനുഷ്യവര്‍ഗ്ഗം ഈശ്വരനെപ്പറ്റിയ ഏറ്റവും പ്രശസ്തമായ ആശയം ആവിഷ്കരിച്ചിരുന്നുതാനും. ഇതാണ് രണ്ട് ആവിഷ്കരണരീതികളിലൊന്ന്. മറ്റേത്, മനുഷ്യനില്‍ തുടങ്ങി ഈശ്വരനിലേക്കു പോവുകയാണ്. രണ്ടാമത്തേത് ആര്യന്റെയും ആദ്യത്തേതു സെമിറ്റിക്കിന്റെയും രീതികളാണ്. ആര്യന്റെ തുടക്കം ആത്മാവില്‍നിന്നത്രെ. ഈശ്വരനെപ്പറ്റിയുള്ള അവന്റെ ആശയം അസ്പഷ്ടവും അവ്യക്തവുമായിരുന്നു. എന്നാല്‍ മനുഷ്യാത്മാവിനെസ്സംബന്ധിച്ച ആശയം വ്യക്തത പ്രാപിച്ചുവന്നതോടൊപ്പം ഈശ്വരനെപ്പറ്റിയുള്ള ആശയവും വ്യക്തത പ്രാപിച്ചുവന്നു. അതിനാല്‍, വേദങ്ങളിലെ അന്വേഷണം എല്ലായ്പോഴും മനുഷ്യാത്മാവിനെ ചുഴന്നായിരുന്നു. ഈശ്വരനെപ്പറ്റി ആര്യന്മാര്‍ക്ക് കിട്ടിയ അറിവെല്ലാം മനുഷ്യാത്മാവില്‍ക്കൂടിയാണ്. തന്നിമിത്തം അവരുടെ തത്ത്വശാസ്ത്രമണ്ഡലം അന്തര്‍മുഖമായ ഈശ്വരാന്വേഷണം എന്ന പ്രത്യേകമുദ്ര പതിഞ്ഞിട്ടുള്ളതത്രെ. ആര്യന്‍ എപ്പോഴും ഈശ്വരനെ തന്റെ ഉള്ളിലാണ് ആരാഞ്ഞുകൊണ്ടിരുന്നത്. കാലക്രമത്തില്‍ അതവന്നു സ്വാഭാവികമായി, അവന്റെ പ്രകൃതിവിശേഷമായി, ആര്യന്മാരുടെ കലകളിലും നിത്യസാധാരണമായ പ്രവര്‍ത്തനങ്ങളിലും അതു നല്ലവണ്ണം കാണാം. ഇക്കാലത്തുതന്നെയും, മനുഷ്യനെ പ്രാര്‍ത്ഥനാഭാവത്തില്‍ കാണിക്കുന്ന യൂറോപ്യന്‍ചിത്രമെടുത്താല്‍ കാണാം, ചിത്രകാരന്‍ തന്റെ പാത്രത്തെ ഊര്‍ദ്ധ്വദൃഷ്ടിയായി, ഈശ്വരനെ പ്രകൃതിക്കു വെളിയില്‍, ഉയരെ ആകാശത്തില്‍, നോക്കുന്നവനായി ചിത്രീകരിക്കുന്നു. ഭാരതത്തിലാണെങ്കില്‍, നേരെമറിച്ച്, പ്രാര്‍ത്ഥനാഭാവം പ്രദര്‍ശിപ്പിക്കാന്‍ മനുഷ്യനെ നിമീലിതനേത്രനായി ആലേഖനം ചെയ്കയാണ് എപ്പോഴും പതിവ്. പ്രാര്‍ത്ഥിക്കുന്ന ആള്‍ തന്റെ ഉള്ളിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു എന്നു ഭാവം.

ഇങ്ങനെ രണ്ടു പഠനവിഷയങ്ങളാണ് മനുഷ്യന്നുള്ളത്-ബാഹ്യപ്രകൃതിയും ആഭ്യന്തരപ്രകൃതിയും. ആദ്യം ഇവ രണ്ടും അന്യോന്യവിരുദ്ധമെന്നു തോന്നുമെങ്കിലും, സാധാരണമനുഷ്യനെസ്സംബന്ധിച്ച്, ബാഹ്യപ്രകൃതി പൂര്‍ണ്ണമായും (അവന്റെ)ആഭ്യന്തരപ്രകൃതികൊണ്ട്, വിചാരലോകംകൊണ്ട്, സൃഷ്ടിക്കപ്പെട്ടതാകണം; എല്ലാ രാജ്യത്തിലെയും വിശേഷിച്ചും പാശ്ചാത്യരുടെ ഇടയിലെ, തത്ത്വചിന്തകന്മാരില്‍ ഭൂരിഭാഗവും ഇവ രണ്ടും അതായത് ജഡവും മനസ്സും. പരസ്പരവിരുദ്ധങ്ങളായ സത്തകളാണെന്ന് പ്രാരംഭത്തിലേ കല്പിച്ചുകൊണ്ടാണ് മുന്നോട്ടു പോയത്; എന്നാല്‍ കാലാന്തരത്തില്‍ അവ അന്യോന്യം അടുക്കുന്നതായും ഒടുവില്‍ തമ്മില്‍ യോജിച്ച് അനന്തസമസ്തമായിത്തീരുന്നതായും കാണാം. അതിനാല്‍, ഈ വിശകലനംകൊണ്ട് വിഷയത്തോടുള്ള ഒരു സമീപനം മറ്റെതിനെ അപേക്ഷിച്ച് ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ സൂചിപ്പിക്കുകയല്ല ചെയ്യുന്നത്. ബാഹ്യപ്രകൃതിയില്‍ക്കൂടി സത്യത്തെ അന്വേഷിക്കുന്നത് തെറ്റാണെന്നോ ആഭ്യന്തരപ്രകൃതിയിലൂടെ സത്യാന്വേഷണം ഇഷ്ടപ്പെടുന്നവര്‍ ഉത്കൃഷ്ടരാണെന്നോ എനിക്കു വിവക്ഷയില്ല. അന്വേഷണത്തിന്റെ രണ്ടു രീതികളാണിവ. രണ്ടിനും സ്ഥാനം ഉണ്ടായിരിക്കണം; രണ്ടും പഠനവിഷയമാക്കണം; ഒടുവില്‍ രണ്ടും ഒരുമിക്കുന്നതായി കാണാം. ഈ ശരീരം കേവലം നിസ്സാരമെന്നു വിചാരിക്കുന്ന അനേകംപേരെ കാണാമെങ്കിലും ശരീരം മനസ്സിന്റെയും മനസ്സു ശരീരത്തിന്റെയും പ്രതിയോഗിയല്ല. ഈ ശരീരം ഒരു വ്യാധി, ഒരു ദുരിതം. അല്ലെങ്കില്‍ അതുപോലെ ദുഷ്ടമായ വല്ലതും മാത്രം എന്നു വിചാരിക്കുന്ന ആളുകള്‍ പഴയ കാലത്ത് എല്ലാ രാജ്യത്തും ധാരാളമുണ്ടായിരുന്നു. എന്നാല്‍ പില്ക്കാലത്ത്, വേദങ്ങളില്‍ പഠിപ്പിച്ചിട്ടുള്ളതുപോലെ, ശരീരം മനസ്സിലേയ്ക്കും മനസ്സ് ശരീരത്തിലേക്കും ഉരുകിച്ചേരുന്നതായി നാം കാണുന്നു.

എല്ലാ വേദങ്ങളിലും ഉടനീളം ദൃശ്യമാകുന്ന ഈ പ്രമേയം നിങ്ങള്‍ ഓര്‍മ്മിക്കേണ്ടതാണ്. “ഒരു കട്ട മണ്ണിനെ അറിയുന്നതുകൊണ്ട് ജഗത്തിലുള്ള എല്ലാ മണ്ണിനെയും നാം അറിയുന്നത് എപ്രകാരമോ, അതുപോലെ യാതൊരു വസ്തുവിന്റെ അറിവുമൂലം മറ്റെല്ലാത്തിനേയും അറിയാന്‍ സാധിക്കുമോ ആ വസ്തുവേത്?” *ആവിഷ്കരണത്തില്‍ സ്പഷ്ടതയ്ക്ക് ഏറ്റക്കുറവുണ്ടാകുമെങ്കിലും, സകല മനുഷ്യവിജ്ഞാനത്തിന്റെയും പ്രമേയം ഇതുതന്നെ. ഒരു ഏകത്വദര്‍ശനത്തെ ലക്ഷ്യമാക്കിയാണ് നാമെല്ലാം പൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഓരോ കര്‍മ്മവും-അത്യന്തം ഭൌതികമോ സ്ഥൂലമോ അല്ലെങ്കില്‍ അത്യന്തം സൂക്ഷ്മമോ ഉല്‍കൃഷ്ടമോ ആദ്ധ്യാത്മികമോ ആകട്ടെ-എല്ലാം ഒന്നുപോലെ ഈ ഒരേ ആദര്‍ശത്തെ ലക്ഷീകരിച്ചുള്ളതാണ്. ഒറ്റയായി ജീവിക്കുന്ന ഒരു മനുഷ്യന്‍ വിവാഹിതനാകുന്നു. ഇതൊരു സ്വാര്‍ത്ഥകര്‍മ്മമാണെന്നു തോന്നാം. എന്നാല്‍ അതേ സമയം അതിന്റേതായ പ്രചോദകം, പ്രേരകശക്തി, ആ ഐക്യത്തെ കണ്ടെത്തുകയെന്നതാണ്. അയാള്‍ക്ക് കുട്ടികളുണ്ട്, അയാള്‍ക്ക് സ്നേഹിതന്മാരുണ്ട്, അയാള്‍ അവരെ സ്നേഹിക്കുന്നു. പിന്നെ, അയാള്‍ തന്റെ രാജ്യത്തെ സ്നേഹിക്കുന്നു; അനന്തരം ലോകത്തെ സ്നേഹിക്കുന്നു. ഒടുവില്‍ പ്രപഞ്ചം മുഴുവന്‍ അയാളുടെ സ്നേഹത്തിനു വിഷയമാകുന്നു. ഈ ചെറുവ്യക്തിത്വത്തെ നശിപ്പിച്ചും സ്വയം ഉപര്യുപരി വിശാലത്വം പ്രാപിച്ചും, ആ ഏകത്വദര്‍ശനമെന്ന പരിപൂര്‍ണ്ണതയിലേക്കു അപ്രതിരോധ്യമാംവണ്ണം തള്ളി നീക്കപ്പെടുകയാണ് നമ്മളേവരും. പ്രപഞ്ചം ഇരമ്പിപ്പായുന്നത് ഈ ലക്ഷ്യത്തിലേയ്ക്കത്രേ. ഓരോ അണുവും മുമ്പോട്ടുപോയി അടുത്ത അണുവിനോടു ചേരാന്‍ ശ്രമിക്കുകയാണ്. തുടരെത്തുടരെ അണുക്കള്‍ അണുക്കളുമായി ചേരുന്നു. അങ്ങനെ വലിയ ഗോളങ്ങള്‍ ഭൂമികള്‍,സൂര്യന്മാര്‍, ചന്ദ്രന്മാര്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍ എല്ലാം- ഉണ്ടാകുന്നു. അവയും പരസ്പരം ഇരമ്പിയടുക്കുവാന്‍ ഉദ്യമിക്കുന്നു. ഇപ്രകാരം വിശ്വം മുഴുവന്‍ മാനസികവും ഭൌതികവുമായ പ്രപഞ്ചമാസകലം, ഒടുവില്‍ ഒന്നായി ഉരുകിച്ചേരുമെന്നു നമുക്കറിയാം.

പിണ്ഡാണ്ഡത്തില്‍ ഒരു ചെറിയ തോതില്‍ നടക്കുന്ന അതേ പ്രവര്‍ത്തനംതന്നെ വലിയ തോതില്‍ ബ്രഹ്മാണ്ഡത്തിലും നടക്കുന്നു. ഈ പ്രപഞ്ചത്തിന്റെ അസ്തിത്വം വിച്ഛേദത്തിലും വ്യത്യസ്തയിലും സ്ഥിതിചെയ്യുന്നു. അതോടൊപ്പം അത് ഏകത്വത്തെ, അവിച്ഛേദത്തെ, ലാക്കാക്കി സദാ ഇരമ്പിപ്പായുകയും ചെയ്യുന്നു. അതുപോലെ, നമ്മുടെ ചെറിയ ജീവലോകത്തെസ്സംബന്ധിച്ചും. ഓരോ ജീവനും ഇതരജീവിജാലങ്ങളില്‍നിന്നു വിച്ഛേദിക്കപ്പെട്ടതോ എന്നു തോന്നുമാറ് പിറവിയെടുക്കുന്നു. ഒരു ജീവന്റെ അജ്ഞാനം,ആത്മബോധമില്ലായ്മ, എത്ര കൂടുതലോ അത്ര കൂടുതലായിരിക്കും താന്‍ ഇതരജീവികളില്‍നിന്നു വേറാണെന്നുള്ള ആ ജീവന്റെ വിചാരവും. ഒരുവന്‍ എത്രകണ്ട് അജ്ഞാനിയോ അത്രകണ്ടു തീക്ഷ്ണമായിരിക്കും അയാളില്‍ ‘ഞാന്‍ മരിക്കും,’ ‘ഞാന്‍ ജനിക്കും’ എന്നും മറ്റുമുള്ള വിചാരങ്ങള്‍. ഈ ആശയങ്ങള്‍ ഭേദബോധത്തിന്റെ പ്രകടനരൂപങ്ങളാണല്ലോ. എന്നാല്‍, ജ്ഞാനം ഉദിക്കുന്നതോടെ, മനുഷ്യന്‍ വളരുന്നു. സന്മാര്‍ഗ്ഗബോധം പുഷ്ടിപ്പെടുന്നു, അഭേദബുദ്ധി ഉളവായിത്തുടങ്ങുന്നു. മനുഷ്യര്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും, അവരുടെ പിന്നിലുള്ള ശക്തി സ്വാര്‍ത്ഥം വെടിയാന്‍ അവരെ സദാ പ്രേരിപ്പിക്കുന്നുണ്ട്. ഈ സ്വാര്‍ത്ഥത്യാഗമത്രേ സകലധര്‍മ്മനീതികളുടെയും അസ്തിവാരം. ലോകത്തിലെ ഏതു ഭാഷയിലും ഏതു മതത്തിലും ഏതു പ്രവാചകനാലും ഉപദിഷ്ടമായിട്ടുള്ള സകല നീതിശാസ്ത്രത്തിന്റെയും കാതലിതാണ്; “നിസ്സ്വാര്‍ത്ഥനായിരിക്കുക.” “ഒന്നും ഞാനല്ല. എല്ലാം നീ തന്നെ.” സകലസദാചാരസംഹിതയുടെയും പശ്ചാത്തലം ഇതത്രേ. അതിന്റെ പൊരുള്‍ വ്യക്തിത്വനിരസനത്തിന്റെ – നിങ്ങള്‍ എന്റേയും ഞാന്‍ നിങ്ങളുടേയും അംശമാണെന്നുള്ള വസ്തുതയുടെ – അംഗീകാരവും; നിങ്ങളെ ദ്രോഹിക്കുന്നതില്‍ ഞാന്‍ എന്നെത്തന്നെ ദ്രോഹിക്കുന്നു, നിങ്ങളെ സഹായിക്കുന്നതില്‍ ഞാന്‍ എന്നെത്തന്നെ സഹായിക്കുന്നു എന്ന വസ്തുതയുടെ അംഗീകാരം; നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ എനിക്കു മരണം സംഭവിക്കാന്‍ നിവൃത്തിയില്ല എന്നതിന്റെ അംഗീകാരം; ഈ ജഗത്തില്‍ ഒരു പുഴുവെങ്കിലും ജീവിച്ചിരിക്കുമ്പോള്‍ എനിക്കെങ്ങനെ മരിക്കാന്‍ സാധിക്കും? എന്തെന്നാല്‍ എന്റെ ജീവനാണ് ആ പുഴുവിലുള്ളത്. അതോടൊപ്പം, നമ്മുടെ സഹജീവികളില്‍ ഒരുവനേയും സഹായിക്കാതെ കൈവെടിയുക നമുക്കു സാദ്ധ്യമല്ലെന്നും, അവന്റെ നന്മയിലാണ് എന്റെയും നന്മ അടങ്ങിയിരിക്കുന്നതെന്നും അതു നമ്മെ പഠിപ്പിക്കുന്നു.

ഇതത്രേ വേദാന്തമതത്തില്‍ ഉടനീളമുള്ള പ്രമേയം. മറ്റെല്ലാ മതങ്ങളുടെ പ്രമേയവും വേറൊന്നല്ല. എന്തെന്നാല്‍, മതങ്ങള്‍ക്കു സാധാരണയായി മൂന്നു ഭാഗമുണ്ടെന്നു നിങ്ങളോര്‍മ്മിക്കണം. ഒന്നാമത്തേത്, ഓരോ മതത്തിന്റേയും തത്ത്വശാസ്ത്രം അതിന്റെ കാതല്‍, അഥവാ താത്ത്വികാംശങ്ങള്‍, ഉള്‍ക്കൊള്ളുന്ന വിഭാഗം ഈ തത്ത്വങ്ങളുടെ ബഹിഃപ്രകാശനത്തിനുള്ള ഉപാധിയാണ് പുരാണേതിഹാസനങ്ങള്‍-സിദ്ധന്മാര്‍, വീരപുരുഷന്മാര്‍, യക്ഷകിന്നരകിംപുരുഷന്മാര്‍, ദേവന്മാര്‍ മുതലായവരുടെ ചരിത്രങ്ങള്‍. പുരാണങ്ങളിലെ പ്രധാനാശയം ശക്തിപ്രകടനമാണ്. ആദിമഘട്ടങ്ങളിലെ താഴ്ന്നതരം പുരാണങ്ങളില്‍ ഇതു കായികശക്തിയുടെ പ്രകടനവുമാകുന്നു. അവരുടെ കഥാനായകന്മാര്‍ ബലവാന്മാരും ഭീമാകാരന്മാരുമാണ്. നായകന്‍ ലോകത്തെ മുഴുവന്‍ ജയിച്ചടക്കുന്നു. എന്നാല്‍ മനുഷ്യന്‍ പുരോഗമിക്കുന്നതിനനുസരിച്ച് മാംസപേശിയില്‍ക്കൂടിയുള്ളതിലും കവിഞ്ഞ ഒരു ശക്തിപ്രകാശനമാര്‍ഗ്ഗം കണ്ടെത്തിയേ തീരൂ. തന്നിമിത്തം അവന്റെ കഥാപുരുഷന്മാരും കുറേക്കൂടി ഉല്‍കൃഷ്ടഭാവത്തില്‍ അഭിവ്യക്തരാകുന്നു. ഉയര്‍ന്നതരം പുരാണങ്ങളിലെ കഥാനായകന്മാര്‍ ഉന്നതമായ സന്മാര്‍ഗ്ഗനിഷ്ഠയുള്ളവരാണ്. സന്മാര്‍ഗ്ഗനിഷ്ഠയും ചാരിത്യ്രശുദ്ധിയും ആര്‍ജ്ജിക്കുന്നതിലാണ് അവരുടെ ശക്തി പ്രകടമാകുന്നത്. അവര്‍ക്ക് സ്വയം അടിപതറാതെ നില്‍ക്കാനും തങ്ങളുടെ നേര്‍ക്കു ഇരമ്പിയടുക്കുന്ന സ്വാര്‍ത്ഥതയുടെയും ദുര്‍മ്മാര്‍ഗ്ഗത്തിന്റേയും ഉഗ്രപ്രവാഹത്തെ പിന്നോക്കം തുരത്താനും കഴിവുണ്ട്. ഇനി എല്ലാ മതങ്ങളുടെയും മൂന്നാമത്തെ വിഭാഗം, ക്രിയാനുഷ്ഠാനങ്ങളെന്നും ചടങ്ങുകളെന്നും പറയാറുള്ള പ്രതീകതന്ത്രമാണ്. വീരപുരുഷന്മാരുടെ കഥകളടങ്ങിയ പുരാണങ്ങളില്‍ക്കൂടിയുള്ള തത്ത്വപ്രകാശനവും എല്ലാവരെസ്സംബന്ധിച്ചും മതിയാവുന്നതല്ല. അതിനേക്കാളും കീഴ്നിലയിലിരിക്കുന്ന മനസ്സുകളുണ്ട്. ശിശുക്കളുടെ കാര്യത്തിലെന്നപോലെ, അത്തരക്കാര്‍ക്കു പറ്റിയ ‘കിന്റര്‍ഗാര്‍ട്ടന്‍മതം’ പ്രദാനം ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയാണ്, ഈ പ്രതീകസമുച്ചയം-കൈകൊണ്ടു തൊടാനും പിടിക്കാനും മനസ്സിനു ഗ്രഹിക്കാനും വിഷമമില്ലാത്ത, ഭൌതികസാമഗ്രികളെന്ന നിലയില്‍ കാണാനും സ്പര്‍ശിക്കാനും കഴിയുന്ന, സ്ഥൂലപ്രതീകങ്ങള്‍-ക്രമേണ ആവിഷ്കൃതങ്ങളാകുന്നത്.

ഇങ്ങനെ എല്ലാ മതങ്ങളിലും ജ്ഞാനകാണ്ഡം (തത്ത്വശാസ്ത്രം), പുരാണേതിഹാസങ്ങള്‍, കര്‍മ്മകാണ്ഡം (ക്രിയാനുഷ്ഠാനങ്ങള്‍) എന്ന മൂന്നു പടികളുണ്ടെന്നു കാണാം. ഇവിടെ, വേദാന്തത്തിനുള്ള ഒരു മെച്ചം പ്രസ്താവ്യമാണ്. അതായത്, ഭാഗ്യവശാല്‍ ഭാരതത്തില്‍ ഈ പടികള്‍ക്കു വ്യക്തമായ അതിരുകള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മറ്റു മതങ്ങളിലാകട്ടെ, തമ്മില്‍ വേര്‍തിരിച്ചറിയുക അത്യന്തദുഷ്കരമാംവിധം തത്ത്വങ്ങള്‍ പുരാണങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. തത്ത്വങ്ങളെ പാടേ ഗ്രസിച്ചുകൊണ്ട് പുരാണം അഗ്രിമസ്ഥാനത്തു നിലകൊള്ളുന്നു; നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ തത്ത്വങ്ങള്‍ ദൃഷ്ടിഗോചരമല്ലാതാവുകയും ചെയ്യുന്നു. തത്ത്വത്തിന്റെ വിശദീകരണങ്ങള്‍, ഉദാഹരണങ്ങള്‍, അതിനെ ഗ്രസിച്ചുകളയുന്നു; ജനങ്ങള്‍, ആ വിശദീകരണഭാഗത്തെ, അതായത് തത്ത്വത്തിന്റെ പ്രവാചകനെയോ ഉപദേഷ്ടാവിനെയോ മാത്രം കാണുകയും തത്ത്വം നഷ്ടപ്രായമാവുകയും ചെയ്യുന്നു. തല്‍ഫലമായി ഇക്കാലത്തുപോലും, ക്രിസ്തുവിനെ വിട്ട് ക്രിസ്തുമതതത്ത്വങ്ങള്‍ പ്രസംഗിക്കാന്‍ മുതിരുന്നവനെ ക്രിസ്ത്യാനികള്‍ എതിര്‍ക്കും.അയാള്‍ തെറ്റാണ് ചെയ്യുന്നതെന്നും ക്രിസ്തുമതത്തിന്മേല്‍ പ്രഹരമേല്‍പ്പിക്കുന്നുവെന്നും അവര്‍ വിചാരിക്കും. അതുപോലെ, മുഹമ്മദുമതതത്ത്വങ്ങളെ ഉപദേശിക്കാനൊരുമ്പെടുന്ന ഒരാളെക്കുറിച്ച് മുഹമ്മദീയരും അപ്രകാരംതന്നെ കരുതും. എന്തുകൊണ്ടെന്നാല്‍, മൂര്‍ത്തങ്ങളായ ആശയങ്ങള്‍, മഹാന്മാരുടെയും പ്രവാചകന്മാരുടെയും ജീവിതകഥകള്‍, തത്ത്വങ്ങളെ പാടേ മറച്ചുകളഞ്ഞിരിക്കുന്നു.

വേദാന്തത്തിന്റെ പ്രധാനമേന്മ അത് മറ്റൊരുത്തന്റെ സൃഷ്ടിയല്ലെന്നുള്ളതാണ്. അതിനാല്‍ ബുദ്ധമതം, ക്രിസ്തുമതം, മുഹമ്മദുമതം ഇവയില്‍നിന്നു സ്വാഭാവികമായും വ്യത്യസ്തമായി, പ്രവാചകനോ ആചാര്യനോ തത്ത്വങ്ങളെ പാടേ ഗ്രസിക്കുകയോ മറയ്ക്കുകയോ ചെയ്തിട്ടില്ല. തത്ത്വങ്ങള്‍ നിലനില്‍ക്കുന്നു; പ്രവാചകന്മാര്‍ വേദാന്തത്തില്‍ ഗൌനിക്കപ്പെടാതെ അപ്രധാനവര്‍ഗ്ഗമെന്നപോലെ വര്‍ത്തിക്കുന്നു. ഉപനിഷത്തുകള്‍ ഒരു പ്രവാചകവ്യക്തിയെപ്പറ്റി പറയുന്നില്ല; എന്നാല്‍ പലേ ഋഷിമാരെക്കുറിച്ചും അവ പ്രസ്താവിക്കുന്നുണ്ട്. ഏതാണ്ട് ഈ ദൃശ്യമായ ആശയം പുരാതനയഹൂദന്മാര്‍ക്കുണ്ടായിരുന്നു; എന്നിട്ടും യഹൂദസാഹിത്യത്തിന്റെ ഭൂരിഭാഗവും മോസസ്സ് കയ്യടക്കിയതായി നാം കാണുന്നു. ഈ പ്രവാചകന്മാര്‍ ഒരു ജനതയുടെമേല്‍ മതപരമായ ആധിപത്യം കയ്യടക്കുന്നതു ചീത്തയാണെന്ന് എനിക്കു തെല്ലും വിവക്ഷയില്ല. എന്നാല്‍ തത്ത്വകാണ്ഡം മുഴുവന്‍ മറഞ്ഞുപോകുന്നുവെങ്കില്‍ അതു തീര്‍ച്ചയായും വളരെ ദോഷകരമാണ്. തത്ത്വങ്ങളെസ്സംബന്ധിച്ചിടത്തോളം നമുക്ക് ഒട്ടുവളരെ അഭിപ്രായൈക്യം സാദ്ധ്യമാണ്; ആളുകളെസ്സംബന്ധിച്ചിടത്തോളമാകട്ടെ, അതു സാദ്ധ്യമല്ല. വ്യക്തികള്‍ നമ്മുടെ വികാരങ്ങളെ സ്വാധീനമാക്കുവാന്‍ നോക്കുന്നു; തത്ത്വങ്ങള്‍ കുറേക്കൂടി ഉയര്‍ന്ന ഒന്നിന്, നമ്മുടെ പ്രശാന്തമായ വിധിക്ക് (യുക്ത്യധിഷ്ഠിതമായ തീര്‍പ്പിന്) വിഷയമാകുന്നു. അന്ത്യദശയില്‍ തത്ത്വങ്ങള്‍ വിജയിച്ചേ മതിയാവൂ; എന്തെന്നാല്‍ അതിലത്രേ മനുഷ്യന്റെ മനുഷ്യത്വം. വികാരങ്ങള്‍ പലപ്പോഴും നമ്മെ മൃഗങ്ങളുടെ നിലവാരത്തിലേക്കു വലിച്ചുതാഴ്ത്തുന്നു. വികാരങ്ങള്‍ക്കു ബുദ്ധിയോടുള്ളതിനെക്കാളേറെ ബന്ധം ഇന്ദ്രിയങ്ങളോടാണ്. അതിനാല്‍ തത്ത്വങ്ങള്‍ പാടെ അപ്രത്യക്ഷമാവുകയും വികാരങ്ങള്‍ പ്രാബല്യം പ്രാപിക്കുകയും ചെയ്യുമ്പോള്‍, മതങ്ങള്‍ മതഭ്രാന്തായും ഇടുങ്ങിയ മതസമ്പ്രദായപ്രതിപത്തിയായും അധഃപതിക്കുന്നു. അവ, കക്ഷിരാഷ്ട്രീയത്തെയോ അതുപോലുള്ള കാര്യങ്ങളെയോ അപേക്ഷിച്ച് ഒട്ടും മെച്ചമല്ല. അത്യന്തഭയങ്കരങ്ങളായ മൂഢവിശ്വാസങ്ങളെ കൈക്കൊണ്ട്, അവയ്ക്കു വേണ്ടി ആയിരക്കണക്കിനാളുകള്‍ സ്വസഹോദരന്മാരുടെ കഴുത്തറുക്കാന്‍ സന്നദ്ധരാകും. ഈ കാരണത്താലാണ്, ഈ മഹാവ്യക്തികളും പ്രവാചകന്മാരും നന്മയുടെ മഹത്തായ പ്രേരകശക്തികളാണെങ്കിലും, അതോടൊപ്പം അവരുടെ ജീവിതകഥകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന തത്ത്വങ്ങളെ അവഗണിക്കുന്നതിലേക്കു നയിച്ചു പാടേ ആപല്‍ക്കരങ്ങളാക്കിത്തീര്‍ക്കുന്നത്. അതെല്ലായ്പ്പോഴും മതഭ്രാന്തിലേക്കു നയിക്കുകയും ലോകത്തെ രക്തപ്രളയത്തിലാഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഈ ദുര്‍ഘടത്തെ ഒഴിവാക്കാന്‍ വേദാന്തത്തിനു കഴിയും; എന്തെന്നാല്‍ അതിനു വിശിഷ്ടനായ ഒരു പ്രവാചകനും ഇല്ല. ഋഷിമാര്‍ എന്നു വിളിക്കപ്പെടുന്ന അനേകം ദ്രഷ്ടാക്കളുണ്ട്. ഈ സത്യങ്ങളെ, മന്ത്രങ്ങളെ, ദര്‍ശിക്കുന്നവന്‍ എന്നര്‍ത്ഥത്തില്‍ ‘ദ്രഷ്ടാവ്’ എന്നാണ് നേരായ പരിഭാഷയും.

മന്ത്രം എന്നാല്‍ മനനം ചെയ്യപ്പെട്ടത്, ധ്യാനത്താല്‍ ആവിഷ്കരിക്കപ്പെട്ടത്, എന്നര്‍ത്ഥം. ഋഷി ഈ ആശയങ്ങളുടെ ദ്രഷ്ടാവാണ്. അവ ഏതെങ്കിലും സവിശേഷവ്യക്തികളുടെ വകയല്ല. ഏതെങ്കിലും പുരുഷന്റെയോ സ്ത്രീയുടെയോ-അവര്‍ എത്രതന്നെ സമുന്നതരാവട്ടെ-സ്വകാര്യസ്വത്തല്ല; ലോകത്തിലാവിര്‍ഭവിച്ചിട്ടുള്ളതിലേക്കും മഹാന്മാരായ ആത്മാക്കളുടെപോലും-ബുദ്ധന്മാരുടെയോ ക്രിസ്ത്യാനികളുടെയോ പോലും-സ്വകാര്യസ്വത്തല്ല. അവ, ഒരു ബുദ്ധന്റെയത്രതന്നെ, അധമരില്‍വെച്ചധമന്നുപോലും അവകാശപ്പെട്ടതാണ്; ഒരു ക്രിസ്തുവിന്റെയത്രതന്നെ ഇഴഞ്ഞുനടക്കുന്ന ഒരു ചെറുകീടത്തിനും അവകാശപ്പെട്ടതാണ്. എന്തെന്നാല്‍ അവ സാര്‍വ്വലൌകികതത്ത്വങ്ങളത്രേ. അവ ഒരിക്കലും സൃഷ്ടിക്കപ്പെട്ടവയല്ല. ഈ തത്ത്വങ്ങള്‍ സര്‍വ്വകാലത്തും ഉണ്ടായിരുന്നു. മേലില്‍ ഉണ്ടായിരിക്കയും ചെയ്യും. അവ അസൃഷ്ടങ്ങളാണ്; ഇന്നു പ്രകൃതിവിജ്ഞാനീയം നമ്മെ പഠിപ്പിക്കുന്ന ഏതെങ്കിലും നിയമങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടവയല്ല. അവ (ഇടയ്ക്കിടെ)ആച്ഛാദിതങ്ങളായി വര്‍ത്തിക്കുകയും അനാച്ഛാദിതങ്ങളാവുകയും ചെയ്യുന്നു; എന്നാല്‍ എക്കാലത്തും പ്രകൃതിയില്‍ നിലവിലുണ്ട്. ന്യൂട്ടന്‍ ജനിച്ചിരുന്നില്ലെങ്കിലും ആകര്‍ഷണനിയമം അതേപടി അവിടെ ഉണ്ടായിരിക്കും, അതേപടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതിനെ കണ്ടെത്തി വാക്യനിഷ്പത്തി നല്‍കിയതും ആളുകളുടെ അറിവില്‍പ്പെടുത്തി മനുഷ്യവര്‍ഗ്ഗത്തിന്റെ പ്രജ്ഞക്കു വിഷയമാക്കിയതും ന്യൂട്ടന്റെ ധിഷണാവൈഭവം തന്നെ. ധാര്‍മ്മികനിയമങ്ങളുടെ, ആദ്ധ്യാത്മികമായ ഈ ഉന്നതസത്യങ്ങളുടെ, കാര്യവും അപ്രകാരമത്രേ. അവ എക്കാലത്തും വ്യാപരിച്ചുകൊണ്ടിരിക്കുന്നു. എല്ലാ വേദങ്ങളും ബൈബിളുകളും ഖൊറാനും ഇല്ലായിരുന്നെങ്കിലും, ഋഷിമാരും പ്രവാചകന്മാരും ജനിച്ചിരുന്നില്ലെങ്കിലും, ഈ സത്യങ്ങള്‍ ഉണ്ടായിരിക്കും. അവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കപ്പെടുമെന്നുമാത്രം. അവ പതുക്കെയെങ്കിലും തീര്‍ച്ചയായും മനുഷ്യവര്‍ഗ്ഗത്തെ ഉയര്‍ത്തുവാനായി, മനുഷ്യസ്വഭാവത്തെ ഉദ്ധരിക്കുവാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.എന്നാല്‍, അവയെ ദര്‍ശിക്കുന്നത് കണ്ടെത്തുന്നത് പ്രവാചകന്മാരാണ്. അത്തരം പ്രവാചകന്മാരാണ് ആദ്ധ്യാത്മികമണ്ഡലത്തിലെ കണ്ടുപിടുത്തക്കാര്‍. ന്യൂട്ടനും ഗലീലിയോയും പ്രകൃതിവിജ്ഞാനീയത്തിന്റെ പ്രവാചകന്മാരായിരിക്കുംപോലെ, അവര്‍ ആദ്ധ്യാത്മികതയുടെ പ്രവാചകന്മാരാണ്. ഇവയിലേതെങ്കിലും നിയമം തങ്ങളുടേതു മാത്രമാണെന്നു അവര്‍ക്കു അവകാശപ്പെടാവതല്ല. അവ പ്രകൃതിക്കു മുഴുവനും കൂടിയുള്ള പൊതുസ്വത്തത്രേ.

വേദങ്ങള്‍, ഹിന്ദുക്കള്‍ പറയുമ്പോലെ ആദ്യന്തരഹിതങ്ങളാണ്. ആദ്യന്തരഹിതമെന്നതിന് അവരുദ്ദേശിച്ചിട്ടുള്ള അര്‍ത്ഥം നമുക്കറിയാം-അതായത്, പ്രകൃതിക്ക് ആരംഭമോ അവസാനമോ ഇല്ലാത്തതുപോലെ, ഈ നിയമങ്ങള്‍ക്കുമില്ല. ആരംഭവും അവസാനവും . ഭൂമിക്കുപിമ്പേ ഭൂമിയും വ്യൂഹങ്ങള്‍ക്കുപിമ്പേ വ്യൂഹങ്ങളും ഉളവായി, കുറേ കാലത്തേയ്ക്കു നിലനിന്നു. വീണ്ടും പ്രകൃതിയില്‍ത്തന്നെ ലയിക്കുന്നു; എന്നാല്‍ പ്രപഞ്ചം അതേപടി നിലനില്‍ക്കുന്നു. ലക്ഷോപലക്ഷം വ്യൂഹങ്ങള്‍ ഉണ്ടാവുകയും ലക്ഷോപലക്ഷം നശിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രപഞ്ചം അതേപടി നിലകൊള്ളുന്നു. ഏതെങ്കിലും ഒരു ഗ്രഹത്തെസ്സംബന്ധിച്ച് കാലത്തിന്റെ ആരംഭമെന്നും അവസാനമെന്നും പറയാം. പ്രപഞ്ചത്തെസ്സംബന്ധിച്ചിടത്തോളമാകട്ടെ കാലം അര്‍ത്ഥശൂന്യമാണ്. പ്രകൃതിനിയമങ്ങളെ-ഭൌതികമോ മാനസികമോ ആദ്ധ്യാത്മികമോ ആയ നിയമങ്ങളെ- സംബന്ധിച്ചും അതപ്രകാരംതന്നെ; അവയ്ക്കുമില്ല ആരംഭാവസാനങ്ങള്‍. ആപേക്ഷികമായി പറഞ്ഞാല്‍ ഏതാനും വത്സരങ്ങള്‍, കൂടിയപക്ഷം ഏതാനും സഹസ്രാബ്ദങ്ങള്‍, മാത്രമേ ആയിട്ടുള്ളു മനുഷ്യന്‍ അവയെ വെളിപ്പെടുത്താന്‍ ശ്രമിച്ചുതുടങ്ങിയിട്ട്; അനന്തരാശി നമ്മുടെ മുമ്പില്‍ ശേഷിക്കുന്നു. അതിനാല്‍, പ്രാരംഭത്തില്‍ത്തന്നെ നാം വേദങ്ങളില്‍നിന്നു പഠിക്കുന്ന മഹത്തായ പാഠം മതം ഇപ്പോള്‍ ആരംഭിച്ചിട്ടേ ഉള്ളു എന്നതാണ്. ആദ്ധ്യാത്മികസത്യമാകുന്ന അനന്താര്‍ണ്ണവം നമുക്കു പരീക്ഷണങ്ങള്‍ നടത്താനും കണ്ടുപിടിക്കാനും ജീവിതത്തില്‍ അനുഭവപ്പെടുത്താനുമായി നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നു. ലോകം ആയിരക്കണക്കിനു പ്രവാചകന്മാരെ കണ്ടിരിക്കുന്നു. ഇനി കോടിക്കണക്കിനു കാണാനിരിക്കുന്നു.

ഓരോ ജനസമുദായത്തിലും അനേകം പ്രവാചകന്മാര്‍ ജീവിച്ചിരുന്ന കാലങ്ങള്‍ പണ്ടുണ്ടായിരുന്നു; ലോകത്തിലെ ഓരോ നഗരത്തിലുമുള്ള ഓരോ തെരുവീഥിയിലും പ്രവാചകന്മാര്‍ സഞ്ചരിക്കുന്നകാലം മേലില്‍ വരാന്‍ പോകുന്നു. പണ്ടുകാലങ്ങളില്‍ ചില വ്യക്തിവിശേഷങ്ങള്‍, ചില അസാധാരണന്മാര്‍, സാമൂഹ്യനിയമങ്ങളുടെ പ്രവര്‍ത്തനംമൂലം പ്രവാചകപദത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നോ എന്നു തോന്നിയിരുന്നു. മതനിഷ്ഠനാകുക എന്നുവെച്ചാല്‍ പ്രവാചകനാകുക എന്നാണര്‍ത്ഥമെന്നും പ്രവാചകനാകുന്നതുവരെ ആരും മതനിഷ്ഠനാവുകയില്ലെന്നും നാം മനസ്സിലാക്കുന്ന കാലം വരാന്‍ പോകുന്നു. ഈ തത്ത്വങ്ങളൊക്കെ ചിന്തിക്കുകയോ പ്രസംഗിക്കുകയോ ചെയ്യാന്‍ കഴിവുണ്ടായിരിക്കുന്നതല്ല മതാനുഷ്ഠാനത്തിന്റെ മര്‍മ്മമെന്നും, മറിച്ച്, വേദങ്ങള്‍ നമ്മെ പഠിപ്പിക്കുംപോലെ തത്ത്വങ്ങളെ സാക്ഷാല്‍ക്കരിക്കുന്നതില്‍, മുമ്പു സാക്ഷാല്‍ക്കരിക്കപ്പെട്ടിട്ടുള്ളതിനെക്കാളൊക്കെ നവീനവും ഉത്കൃഷ്ടവുമായ തത്ത്വങ്ങളെ സാക്ഷാല്‍ക്കരിക്കുന്നതില്‍, അവയെ സ്വയം കണ്ടെത്തുകയും സമുദായമധ്യേ നടപ്പാക്കുകയും ചെയ്യുന്നതില്‍, ആണ് ആ മര്‍മ്മം അടങ്ങിയിരിക്കുന്നതെന്നു നാം മനസ്സിലാക്കും. മതപഠനം അത്തരം പ്രവാചകന്മാരെ സൃഷ്ടിക്കാനുള്ള പരിശീലനമായിരിക്കയും വേണം. സ്കൂളുകളും കോളേജുകളും പ്രവാചകന്മാരെ സൃഷ്ടിച്ചെടുക്കാനുള്ള പരിശീലനനിലയങ്ങളാകണം. ലോകം നിറയെ പ്രവാചകന്മാരാകണം. ഒരുവന്‍ ഒരു പ്രവാചകനാകുംവരെ, അയാളെസ്സംബന്ധിച്ചിടത്തോളം മതം കേവലം മതാഭാസവും ഒരു നിരര്‍ത്ഥകപദവും മാത്രമായിരിക്കും. മതം നാം കണ്ടെത്തണം. അതു നമുക്കനുഭവത്തില്‍ വരണം; നാം ഈ ചുമരു കാണുന്നതിന്റെ ഒരായിരം മടങ്ങു യാഥാര്‍ത്ഥ്യതീവ്രതയോടെ നമുക്കതു സാക്ഷാല്‍ക്കരിക്കാന്‍ കഴിയണം.

എന്നാല്‍ മതത്തിന്റെ ഈ വിവിധാഭിസ്ഫുരണങ്ങള്‍ക്കെല്ലാം അടിസ്ഥാനമായിരിക്കുന്ന ഒരു തത്ത്വമുണ്ട്. ആയതു മുമ്പേ നമുക്കുവേണ്ടി നിഷ്പന്നമായിട്ടുള്ളതുമാണ്. ഒരു ഏകത്വത്തെ ദര്‍ശിക്കുന്നതോടെ എല്ലാ ശാസ്ത്രവും അതിന്റെ അന്ത്യദശയിലെത്തുന്നു. എന്തെന്നാല്‍ പിന്നെ പുരോഗതിക്കു വകയില്ല. സമ്പൂര്‍ണ്ണമായ ഏകത്വത്തെ കണ്ടെത്തിയ ശാസ്ത്രവിഭാഗത്തിനു പിന്നീടു തത്ത്വപരമായി യാതൊന്നും നമ്മെ ധരിപ്പിക്കാനില്ല. മതങ്ങള്‍ക്ക് ഇനി ചെയ്യാനുള്ള ജോലി (ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളുടെ) വിശദാംശങ്ങള്‍ നിര്‍ണ്ണയിക്കുകമാത്രമാണ്. ഏതെങ്കിലുമൊരു ശാസ്ത്രത്തിന്റെ- ഉദാഹരണത്തിനു രസതന്ത്രശാസ്ത്രത്തിന്റെ-കഥയെടുക്കുക മറ്റു സകലവസ്തുക്കളേയും ഉല്‍പാദിപ്പിക്കാവുന്ന ഒരു മൂലദ്രവ്യത്തെ നാം കണ്ടെത്തിയെന്നു വിചാരിക്കുക; അതോടെ രസതന്ത്രം ഒരു ശാസ്ത്രമെന്ന നിലയ്ക്കു പൂര്‍ണ്ണതയിലെത്തും. പിന്നെ ചെയ്യേണ്ടതായി ശേഷിക്കുന്നത്, പ്രതിദിനം ആ വസ്തുവിനെ (നാനാതരത്തില്‍) കൂട്ടിച്ചേര്‍ത്തു നൂതനമിശ്രവസ്തുക്കള്‍ ഉണ്ടാക്കുന്നതെങ്ങനയെന്നും ആ മിശ്രങ്ങളെ എങ്ങനെ ജീവിതാവശ്യങ്ങള്‍ക്കൊക്കെ വിനിയോഗിക്കാമെന്നും കണ്ടുപിടിക്കുകയാണ്. മതത്തിന്റെ സംഗതിയിലും ഇതുപോലെതന്നെ. മതത്തിന്റെ മഹാതത്ത്വങ്ങള്‍, അതിന്റെ സാധ്യതാപരിധിയും പദ്ധതിയും യുഗങ്ങള്‍ക്കുമുമ്പേ കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു; അതായത് വേദങ്ങളുടെ അന്ത്യവചനം എന്നു പറയപ്പെടുന്ന ‘സോളഹം’ തത്ത്വത്തെ- യാതൊന്നില്‍ സമസ്തഭൌതികമാനസികപ്രപഞ്ചങ്ങളും ഏകത്വം പ്രാപിക്കുന്നുവോ ആ ഏകത്തെ-യാതൊന്നിനെ മനുഷ്യര്‍ ഈശ്വരന്‍, ബ്രഹ്മം, അള്ളാ, യഹോവാ ഇത്യാദി പേരുകള്‍കൊണ്ടു വിളിക്കുന്നുവോ, ആ ഒന്നിനെ-കണ്ടെത്തിയതോടെ അതു കണ്ടുപിടിക്കപ്പെട്ടുകഴിഞ്ഞു. അതിനപ്പുറം പോകുക സാധ്യമല്ല. സമുന്നതതത്ത്വത്തിന്റെ രൂപരേഖ നമുക്കായി നിഷ്പന്നമായിട്ടുണ്ട്; നമ്മുടെ കര്‍ത്തവ്യം, അതിന്റെ ഇടകള്‍ നികത്തുക, അതിനെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക, ജീവിതത്തിലെ ഓരോ അവസ്ഥയിലും പ്രായോഗികമാക്കുക, മാത്രമാകുന്നു. ഓരോരുത്തനും ഓരോ പ്രവാചകനായി മാറത്തക്കവണ്ണം നാം പ്രവര്‍ത്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. ആ ഒരു വലിയ വേലയാണ് നമ്മുടെ മുമ്പില്‍ അവശേഷിക്കുന്നത്.

പ്രവാചകന്‍ എങ്ങനെയുള്ളവനാണെന്നു മുന്‍കാലങ്ങളില്‍ അധികം പേര്‍ക്കും മനസ്സിലായിരുന്നില്ല. പ്രവാചകത്വം യാദൃച്ഛികമായി വന്നുകൂടുന്ന ഒന്നാണെന്നത്രേ ആളുകള്‍ വിചാരിച്ചിരുന്നത്; വെറും ഇച്ഛാശക്തിയെ വ്യാപരിപ്പിച്ചോ സാധാരണയില്‍ കവിഞ്ഞ ബുദ്ധിശക്തി പ്രയോഗിച്ചോ ആണ് ഉത്കൃഷ്ടജ്ഞാനം സമ്പാദിച്ചിരുന്നതെന്ന് അവര്‍ വിചാരിച്ചു; എന്നാല്‍, ആ ജ്ഞാനം ഓരോ ജീവിയുടെയും-അയാള്‍ ആരുമാകട്ടെ എവിടെയുമാകട്ടെ-ജന്മാവകാശമാണെന്നും ഈ പ്രപഞ്ചത്തില്‍ യാദൃച്ഛികം എന്നൊന്നില്ലെന്നും ഇക്കാലത്തു തെളിയിച്ചുകൊടുക്കാന്‍ നമ്മള്‍ സന്നദ്ധരാണ്. യാദൃച്ഛികമായി വല്ലതും കിട്ടുന്നു എന്നു നാം വിചാരിക്കുന്ന ഓരോ ദൃഷ്ടാന്തത്തിലും അയാള്‍ പതുക്കെയെങ്കിലും നിശ്ചയദാര്‍ഢ്യത്തോടെ അതിനുവേണ്ടി യുഗാന്തരങ്ങളിലൂടെ പ്രയത്നിച്ചിരുന്നു. അതിനാല്‍ ഈ പ്രശ്നം പൂര്‍ണ്ണമായും നമ്മെത്തന്നെ ആശ്രയിക്കുന്നു; നമുക്കു പ്രവാചകന്മാരാകണമെന്നുണ്ടോ? ഉണ്ടെങ്കില്‍ നാം ആവുകയും ചെയ്യും.

പ്രവാചകത്വപരിശീലനമെന്ന ഈ വലിയ വേലയാണ് നമ്മുടെ മുമ്പിലുള്ളത്. എല്ലാ മതങ്ങളും ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഈ ഒരു മഹത്തായ ലക്ഷ്യത്തെ ലാക്കാക്കിയാണ്. ചില മതങ്ങളെസ്സംബന്ധിച്ച് ഈയൊരു വ്യത്യാസം മാത്രമുണ്ട്. ആദ്ധ്യാത്മികതയുടെ ഈ അപരോക്ഷാനുഭൂതി ഈ ജീവിതത്തില്‍ ലഭിക്കുന്നതല്ലെന്നും, മനുഷ്യന്‍ മരിച്ചു മറ്റൊരു ലോകത്തില്‍വെച്ച് പിന്നൊരു കാലത്താണ് അവന് ആ അനുഭൂതികള്‍ ഉണ്ടാകുക എന്നും, എന്നാല്‍ അവയെ അവന്‍ ഇപ്പോള്‍ വിശ്വസിക്കണമെന്നും ആ മതങ്ങള്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്ന എല്ലാവരോടും വേദാന്തം ചോദിക്കും, ‘ആദ്ധ്യാത്മികത ഉണ്ടെന്നു പിന്നെ ഞങ്ങള്‍ക്കെങ്ങനെ അറിയാം?’ എന്ന്. അപ്പോള്‍, അജ്ഞാതവും അജ്ഞേയവുമായ വസ്തുക്കളുടെ ഒരു വീക്ഷണം ഈ ജീവിതത്തില്‍ത്തന്നെ നേടിയ ചില സവിശേഷവ്യക്തികള്‍ എക്കാലത്തും ഉണ്ടായിരുന്നിരിക്കണമെന്ന് അവര്‍ക്ക് സമ്മതിക്കേണ്ടിവരും.

ഇവിടെയും ഒരു പ്രയാസം നേരിടുന്നു. കേവലം യാദൃച്ഛികമായി ഈ ശക്തി ലഭിച്ച സവിശേഷവ്യക്തികളാണ് അവരെങ്കില്‍ നമുക്കവരെ വിശ്വസിക്കാന്‍ വയ്യ. യാദൃച്ഛികമായ ഏതൊന്നിലും വിശ്വസിക്കുന്നതു പാപമായിരിക്കും; എന്തെന്നാല്‍ നമുക്ക് അതിനെപ്പറ്റി അറിയുക സാധ്യമല്ല. അറിവെന്നുവെച്ചാലെന്താണ്? സവിശേഷതയുടെ വിനാശം. ഒരു കുട്ടി തെരുവീഥിയിലോ മൃഗശാലയിലോ സവിശേഷാകൃതിയുള്ള ജന്തുവിനെ കണ്ടുവെന്നു വിചാരിക്കുക. അതെന്തു ജന്തുവാണെന്ന് അവന്നറിയാന്‍മേലാ. പിന്നൊരിക്കല്‍, ഇത്തരം ജന്തുക്കള്‍ നൂറുനൂറായുള്ള ഒരു രാജ്യത്ത് അവന്‍ പോകുന്നു. അതോടെ അവന്‍ തൃപ്തനാകുന്നു-അതായത് ആ ജന്തുവിന്റെ വര്‍ഗ്ഗം അവനു മനസ്സിലാകുന്നു. നമ്മുടെ അറിവ് തത്ത്വത്തെ (സാമാന്യത്തെ) അറിയുകയാണ്; അറിവില്ലായ്മ സാമാന്യത്തോടു ബന്ധപ്പെടുത്താനാവാത്ത സവിശേഷത കാണുകയും സാമാന്യത്തോടു ബന്ധപ്പെടുത്താന്‍ കഴിയാതെ, ഒരുദാഹരണമോ ഉദാഹരണങ്ങളോ കണ്ടെത്തുമ്പോള്‍ നാം അന്ധകാരത്തില്‍പെടുന്നു, നമുക്ക് അറിഞ്ഞുകൂടാ എന്നു പറയുന്നു. അതിനാല്‍, ഇന്ദ്രിയാതീതമായ വസ്തുക്കളുടെ ദര്‍ശനം ലഭിക്കാനുള്ള അര്‍ഹത ഈ പ്രവാചകന്മാര്‍ക്കുമാത്രം, മറ്റാര്‍ക്കുമില്ല എന്നാണെങ്കില്‍, അവര്‍ അത്തരം സവിശേഷവ്യക്തികളായിരുന്നെങ്കില്‍, നാം അവരില്‍ വിശ്വാസമര്‍പ്പിക്കാന്‍ പാടില്ല; എന്തെന്നാല്‍ അവര്‍ സാമാന്യത്തോടു പൊരുത്തപ്പെടാത്ത സവിശേഷദൃഷ്ടാന്തങ്ങളാണ്. നാം തന്നെ പ്രവാചകന്മാരാകുമെങ്കിലേ നമുക്ക് അവരില്‍ വിശ്വസിക്കാന്‍ നിര്‍വ്വാഹമുള്ളൂ.

കടല്‍പാമ്പിനെപ്പറ്റി വൃത്താന്തപത്രങ്ങളില്‍ വരാറുള്ള പല തമാശകളും നിങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ. എന്തുകൊണ്ടാണതങ്ങനെ? ഏതോ ചിലര്‍ വല്ലപ്പോഴും വന്നു കടല്‍പ്പാമ്പിനെപ്പറ്റി തങ്ങളുടെ കഥകള്‍ പറയുകയും, മറ്റാരും ഒരിക്കലും അങ്ങനെയൊന്നിനെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട്. ഈ കഥകള്‍ ഒരു സാമാന്യതത്ത്വത്തോട് പൊരുത്തമുള്ളവയല്ല; അതിനാല്‍ അവയെ ലോകര്‍ വിശ്വസിക്കുന്നുമില്ല. ഒരാള്‍ എന്റെയടുത്തു വന്ന് ഇന്ന പ്രവാചകന്‍ വായുവില്‍ക്കൂടി പറന്ന് അപ്രത്യക്ഷനായി എന്നു പറഞ്ഞാല്‍ എനിക്കതൊന്നു കാണണം. ‘നിങ്ങളുടെ അച്ഛനോ അപ്പൂപ്പനോ അതു കണ്ടിട്ടുണ്ടോ?’ എന്നു ഞാന്‍ ചോദിക്കുന്നു. ‘ഹേയ്, ഇല്ല; അയ്യായിരം കൊല്ലം മുമ്പാണ് അതുണ്ടായത്’എന്നാണയാളുടെ മറുപടി. ഞാനതു വിശ്വസിക്കാത്തപക്ഷം എന്നെന്നേയ്ക്കും നരകാഗ്നിയില്‍ വറുക്കപ്പെടുകയും വേണം.

എന്തൊരു മൂഢവിശ്വാസം. ഇതിന്റെ ഫലം, മനുഷ്യനെ അവന്റെ ദൈവികപ്രകൃതിയില്‍നിന്ന് മൃഗീയത്വത്തിലേക്ക് താഴ്ത്തുകയാണ്. നാം വിശ്വസിക്കാന്‍ നിര്‍ബ്ബന്ധരാണെങ്കില്‍, നമുക്കെന്തിനു വിചാരശക്തി തന്നു? യുക്തിക്കു നിരക്കാത്തതു വിശ്വസിക്കുകയെന്നത് അതികഠിനമായ ഈശ്വരാവഹേളനമല്ലേ? ഈശ്വരന്‍ നമുക്കു തന്നിട്ടുള്ളതില്‍വെച്ചു മഹത്തായ കഴിവിനെ ഉപയോഗിക്കാതിരിക്കാന്‍ നമുക്കെന്തവകാശം? തന്റെ വിചാരശക്തി ഉപയോഗിച്ചതിനുശേഷം വിശ്വസിക്കാന്‍ വയ്യാതാവുന്ന ഒരുവനോട് ഈശ്വരന്‍ ക്ഷമിക്കുമെന്നും തനിക്കു നല്‍കപ്പെട്ട കഴിവുകളെ ഉപയോഗപ്പെടുത്താതെ അന്ധമായി വിശ്വസിക്കുന്നവനോട് അത്ര ക്ഷമിക്കില്ലെന്നും എനിക്കു നിശ്ചയമുണ്ട്. ഒടുവില്‍ പറഞ്ഞവന്‍ സ്വപ്രകൃതിയെ അധഃപതിപ്പിക്കുന്നു. സ്വയം മൃഗത്തിന്റെ നിലവാരത്തിലേക്കു താഴുന്നു, സ്വന്തം ഇന്ദ്രിയങ്ങളെ അധഃപതിപ്പിക്കുന്നു. ഒടുവില്‍ മരിക്കുകയും ചെയ്യുന്നു. നാം യുക്തിചിന്ത ചെയ്യണം; എല്ലാ രാജ്യത്തുമുള്ള പ്രാചീനഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഈ പ്രവാചകന്മാരെയും മഹാത്മാക്കളെയും സംബന്ധിച്ച സത്യങ്ങള്‍ യുക്തി നമുക്കു തെളിയിച്ചു കാട്ടുമ്പോള്‍ നാമവരില്‍ വിശ്വസിക്കും. നമ്മുടെ കൂട്ടത്തില്‍ത്തന്നെ അത്തരം പ്രവാചകന്മാരുണ്ടാകുമ്പോള്‍ നാം അവരില്‍ വിശ്വസിക്കും. അപ്പോള്‍ നമുക്കറിയാറാകും. അവര്‍ സവിശേഷവ്യക്തികളല്ലെന്നും ചില സാമാന്യതത്ത്വങ്ങളുടെ ഉദാഹരണങ്ങള്‍ മാത്രമാണെന്നും. അവര്‍ പ്രയത്നിച്ചു; തത്ഫലമായി ആ തത്ത്വം അവരില്‍ പ്രകടമായി. നമ്മില്‍ അതു പ്രകടമാകുവാന്‍ യത്നം ചെയ്യേണ്ടതുണ്ട്. അവര്‍ പ്രവാചകന്മാരാണെന്നു നമുക്ക് വിശ്വസിക്കാവുന്നത് നാമും പ്രവാചകന്മാരാകുമ്പോഴാണ്. ഐശ്വരസത്യങ്ങളുടെ ദ്രഷ്ടാക്കളാണവര്‍. ഇന്ദ്രിയങ്ങളുടെ മേഖലയെ അതിക്രമിച്ചുപോകാനും ഇന്ദ്രിയാതീതവസ്തുക്കളുടെ ക്ഷണികദര്‍ശനം നേടാനും അവര്‍ക്കു കഴിഞ്ഞിരുന്നു. നാമും അപ്രകാരം ചെയ്യാന്‍ കഴിവുള്ളവരാകുമ്പോള്‍ അതെല്ലാം വിശ്വസിക്കും. അതിനു മുമ്പില്ല.

ഇതാണ് വേദാന്തത്തിന്റെ ഏകതത്ത്വം, മതം (അനുഭവപ്പെടുത്തേണ്ടത്) ഇവിടെവെച്ചും ഇപ്പോള്‍ത്തന്നെയുമാണ്. എന്തെന്നാല്‍ ഈ ജന്മമെന്നും മറുജന്മമെന്നും ജീവിതമെന്നും മരണമെന്നും ഇഹലോകമെന്നും പരലോകമെന്നും മറ്റുമുള്ള പ്രമേയഭേദങ്ങള്‍ പൂര്‍വ്വധാരണകളെ ആസ്പദീകരിച്ചുള്ള വെറും അന്ധവിശ്വാസങ്ങളാണ്. നാം (സങ്കല്‍പ്പത്താല്‍) ഉണ്ടാക്കുന്നതൊഴിച്ച് കാലത്തിനു വിച്ഛേദമില്ല. പത്തുമണിയും പന്ത്രണ്ടുമണിയും തമ്മില്‍, പ്രകൃതിയിലെ ചില മാറ്റങ്ങള്‍ നിമിത്തം നാം കല്പിക്കുന്നതല്ലാതെ, എന്തു വ്യത്യാസമുള്ളു? കാലം അവിച്ഛിന്നമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ഈ ജീവിതമെന്നും മറുജീവിതമെന്നും പറഞ്ഞാലെന്താണര്‍ത്ഥം? അത് കാലം സംബന്ധിച്ച ഒരു പ്രമേയം മാത്രമാണ്; കാലനഷ്ടം യത്നം ത്വരിപ്പിക്കുന്നതുകൊണ്ട് പരിഹരിക്കാവുന്നതുമാണ്. അതിനാല്‍ വേദാന്തം പറയുന്നു: മതം ഇപ്പോള്‍ത്തന്നെ സാക്ഷാല്‍ക്കരിക്കേണ്ടതാണെന്ന്. നിങ്ങള്‍ മതനിഷ്ഠരാവുക എന്നുവെച്ചാല്‍, മതമൊന്നുമില്ലാതെ തുടങ്ങി സ്വപ്രയത്നത്തിലൂടെ മുന്നോട്ടുപോയി വസ്തുതകളെ സാക്ഷാല്‍ക്കരിക്കുക, അവയെ നേരെ കണ്ടെത്തുക, എന്നത്രേ. അങ്ങനെ ചെയ്യുമ്പോള്‍ മാത്രമാണ് നിങ്ങള്‍ക്കു മതമുണ്ടെന്നു പറയാവുന്നത്. അതിനുമുമ്പ് നിങ്ങള്‍ നിരീശ്വരവാദികളേക്കാള്‍ ഭേദമല്ല; അഥവാ അവരേക്കാള്‍ കഷ്ടമാണ്. എന്തെന്നാല്‍ നിരീശ്വരവാദിക്ക് ഒരു നേരുണ്ട്. അവന്‍ നേരെ നിന്നു പറയും, ‘ഈവക കാര്യങ്ങളെക്കുറിച്ച് എനിക്കറിഞ്ഞുകൂടാ’ എന്ന്. അതേവിധം അറിഞ്ഞുകൂടാത്ത മറ്റു ചിലരാകട്ടെ, തങ്ങള്‍ വളരെ മതനിഷ്ഠയുള്ളവരാണെന്നു ഘോഷിച്ചുകൊണ്ട് എല്ലായിടത്തും നടക്കും. അവര്‍ക്ക് എന്തു മതമാണുള്ളതെന്ന് ആര്‍ക്കും നിശ്ചയമില്ല. അവര്‍ ഏതോ മുത്തശ്ശിക്കഥകള്‍ കേട്ടുവെച്ചിട്ടുണ്ട്; അതെല്ലാം വിശ്വസിച്ചുകൊള്ളണമെന്ന് പുരോഹിതന്മാര്‍ അവരെ അനുശാസിച്ചിട്ടുമുണ്ട്; അങ്ങനെ ചെയ്യാത്ത പക്ഷം അവര്‍ കരുതിയിരുന്നുകൊള്ളട്ടെ എന്നും. ഈ വിധമാണ് സംഗതികള്‍ പോകുന്നത്.

മതം അനുഭവപ്പെടുത്തുകമാത്രമാണ് ഏകമാര്‍ഗ്ഗം. നാമോരോരുത്തരും തത്ത്വം കണ്ടെത്തണം. മറ്റെന്താണ്, ഈ ഗ്രന്ഥങ്ങളുടെ, ലോകത്തിലെ വേദപുസ്തകങ്ങളുടെ, പ്രയോജനം? ഒരു രാജ്യത്തിന്റെ ഭൂപടം നമുക്കു പ്രയോജകരമായിരിക്കുംപോലെ അവയ്ക്കുമുണ്ട് വലിയൊരു പ്രയോജനം. ഞാന്‍ ഇവിടെ വരുന്നതിനുമുമ്പ് ആയുഷ്ക്കാലം മുഴുവന്‍ ഇംഗ്ളണ്ടിന്റെ ഭൂപടം കണ്ടിരുന്നു; ഇംഗ്ളണ്ടിനെപ്പറ്റി ഒരു സാമാന്യചിത്രം മനസ്സില്‍ രൂപീകരിക്കുവാന്‍ അതു വളരെ സഹായിച്ചിട്ടുണ്ട്. എങ്കിലും ഞാനിവിടെ വന്നെത്തിയശേഷം, സ്വതേയുള്ള ഇംഗ്ളണ്ടുരാജ്യവും അതിന്റെ പടവും തമ്മില്‍ എന്തൊരന്തരം! ഇതുപോലെയാണ് മതഗ്രന്ഥങ്ങളും മതതത്ത്വങ്ങളുടെ സാക്ഷാല്‍ക്കാരവും തമ്മിലുള്ള അന്തരം. മതഗ്രന്ഥങ്ങള്‍ ഭൂപടങ്ങളെപ്പോലെയാണ്; അവ മുമ്പുണ്ടായ ആളുകളുടെ അനുഭൂതികളെ ഉള്‍ക്കൊള്ളുന്നു; അതേ അനുഭൂതികളെ ആര്‍ജ്ജിക്കാനും അതുപോലെയോ അതിനെക്കാള്‍ മെച്ചമായ രീതിയിലോ കാര്യങ്ങള്‍ സ്വയം കണ്ടെത്താനും ധീരതയോടെ യത്നം ചെയ്യാനും അവ നമുക്കു പ്രേരകശക്തികളായി വര്‍ത്തിക്കുന്നു.

ഇതാണ് വേദാന്തത്തിന്റെ പ്രഥമതത്ത്വം – മതമെന്നത് അനുഭൂതിയാണെന്നും സാക്ഷാല്‍ക്കാരമുള്ളവനാണ് മതനിഷ്ഠനെന്നും. സാക്ഷാല്‍ക്കാരമില്ലാത്തവന്‍ ‘എനിക്കറിഞ്ഞുകൂടാ’ എന്നു പറയുന്നവനേക്കാള്‍ മെച്ചമല്ല, അഥവാ വഷളനാവാനും മതി, എന്തെന്നാല്‍ ‘എനിക്കറിഞ്ഞുകൂടാ’ എന്നു പറയുന്ന മറ്റവന്നു നേരുണ്ട്. ഇനി, ഈ സാക്ഷാല്‍ക്കരണകാര്യത്തില്‍ ഈ ഗ്രന്ഥങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്തും ഉപദേശങ്ങളും അഭ്യസനമുറകളും അരുളിയും നമ്മെ തുലോം സഹായിക്കുന്നു. എന്തെന്നാല്‍ ഓരോ ശാസ്ത്രത്തിനുമുണ്ട് അതാതിന്റേതായ ഗവേഷണരീതികള്‍, ‘എനിക്ക് മതനിഷ്ഠനാകണമെന്നുണ്ടായിരുന്നു ഇവയൊക്കെ സാക്ഷാല്‍ക്കരിക്കുവാന്‍ ഞാനാഗ്രഹിച്ചു. പക്ഷേ എനിക്കു സാധിച്ചിട്ടില്ല. അതുകൊണ്ട് ഞാനിതൊന്നും വിശ്വസിക്കുന്നില്ല’ എന്നു പറയുന്ന പലരേയും ലോകത്തില്‍ കാണാം. വിദ്യാഭ്യാസം സിദ്ധിച്ചവരുടെ കൂട്ടത്തിലും ഇത്തരക്കാരെ കാണാം. ‘ഞാന്‍ ആയുഷ്ക്കാലമത്രയും മതനിഷ്ഠനാകാന്‍ ശ്രമിച്ചു; എന്നാല്‍ അതിലൊരു ചുക്കുമില്ല എന്നു പറയുന്ന അസംഖ്യം പേരുണ്ട്. ഒരാള്‍ ഒരു വലിയ പ്രകൃതിശാസ്ത്രജ്ഞന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, ആണെന്നും അയാള്‍ നിങ്ങളോടു രസതന്ത്രതത്ത്വങ്ങളെക്കുറിച്ചു പറയുന്നുവെന്നും വിചാരിക്കുക, “ഞാന്‍ രസതന്ത്രത്തെപ്പറ്റി യാതൊന്നും വിശ്വസിക്കുന്നില്ല, എന്തുകൊണ്ടെന്നാല്‍ ഞാന്‍ ആയുഷ്ക്കാലം മുഴുവന്‍ രസതന്ത്രജ്ഞനാവാന്‍ ശ്രമം നടത്തി; എന്നിട്ടും ഞാനതിലൊരു വസ്തുവും കണ്ടില്ല” എന്നു നിങ്ങള്‍ അയാളോടു പറഞ്ഞാല്‍, അയാള്‍ ചോദിക്കും, “നിങ്ങള്‍ എപ്പോള്‍, എങ്ങനെ ശ്രമിച്ചു?” എന്ന്. “ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോഴൊക്കെ, ‘ഹേ, രസതന്ത്രമേ, എന്റെയടുത്തു വന്നാലും’ എന്നു ജപിച്ചിരുന്നു. എന്നിട്ട് അതൊരിക്കലും വന്നില്ല.” ഇതുതന്നെയാണ് മറ്റേടത്തേയും നില. രസതന്ത്രശാസ്ത്രജ്ഞന്‍ നിങ്ങളെ നോക്കി ചിരിച്ചിട്ടു പറയും: “ഏയ്, രസതന്ത്രത്തിന്റെ രീതി അതല്ല, നിങ്ങളെന്തുകൊണ്ട് ഗവേഷണശാലയില്‍ ചെന്ന് അമ്ളങ്ങളും ക്ഷാരങ്ങളും മറ്റുംകൊണ്ട് തുടരെ പരീക്ഷണങ്ങള്‍ നടത്തിയില്ല? ആ വിധത്തിലേ നിങ്ങള്‍ക്കു രസതന്ത്രം പഠിക്കാന്‍ സാധിക്കൂ.” മതത്തിന്റെ കാര്യത്തിലും നിങ്ങള്‍ ഇതുപോലെ ബദ്ധപ്പാടുകള്‍ സഹിക്കുന്നുണ്ടോ? ഓരോ ശാസ്ത്രത്തിനുമുണ്ട് അതാതിന്റെ പഠനമാര്‍ഗ്ഗം; മതവും അതുപോലെ അഭ്യസിക്കേണ്ടതാണ്.അതിന് അതിന്റെ സ്വന്തം മാര്‍ഗ്ഗങ്ങളുണ്ട്. സകലപ്രാചീനപ്രവാചകരില്‍നിന്നും – മതപരമായി എന്തെങ്കിലും കണ്ടുപിടിച്ചിട്ടുള്ള, അനുഭവപ്പെടുത്തിയിട്ടുള്ള, ഏതൊരാളില്‍നിന്നും – നമുക്കു വല്ലതും പഠിക്കാനുണ്ടാവും, നാം പഠിക്കുകയും വേണം. ഏതൊരു മാര്‍ഗ്ഗവിശേഷണത്തിലൂടെമാത്രമാണോ, മതസത്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുവാന്‍ കഴിയുന്നത്, ആ മാര്‍ഗ്ഗങ്ങള്‍ അവരില്‍നിന്നു നമുക്കു കിട്ടും. അവര്‍ ആയുഷ്കാലമാകെ ക്ളേശിച്ച് മനസ്സിനെ സംസ്കരിക്കാന്‍ ചില വഴികള്‍ കണ്ടുപിടിച്ചിട്ടുണ്ട്; മനസ്സിനെ ഒരവസ്ഥാവിശേഷത്തിലെത്തിച്ച് അത്യന്തം സൂക്ഷ്മാവലോകനക്ഷമമാക്കി, അതില്‍ക്കൂടി അവര്‍ ആദ്ധ്യാത്മികസത്യങ്ങളെ ദര്‍ശിച്ചു. നാം ആദ്ധ്യാത്മികത കൈവരുവാന്‍, മതം കണ്ടെത്തുവാന്‍, അതനുഭൂതമാക്കുവാന്‍, ഒരു പ്രവാചകനാകുവാന്‍, ഈ മാര്‍ഗ്ഗങ്ങളെ സ്വീകരിച്ചനുഷ്ഠിക്കണം. അപ്രകാരം ചെയ്തിട്ടും ഒന്നും കാണുന്നില്ലെങ്കില്‍, അപ്പോള്‍ ‘മതത്തിലൊരു വസ്തുവുമില്ല; അതു ഞാന്‍ പരീക്ഷിച്ചറിഞ്ഞു’ എന്നു പറയുവാന്‍ നമുക്കവകാശമാവും.

എല്ലാ മതങ്ങള്‍ക്കുമുള്ള അനുഷ്ഠാനവശമാണിത്. ലോകത്തിലെ എല്ലാ മതഗ്രന്ഥത്തിലും അതു കാണാം. തത്ത്വങ്ങളും പ്രമാണങ്ങളും മാത്രമല്ല അവ ഉപദേശിക്കുന്നുള്ളൂ; സിദ്ധാത്മാക്കളുടെ ജീവിതചരിത്രത്തില്‍ അനുഷ്ഠാനമുറകളും കാണും. ആചരണാര്‍ത്ഥമുള്ള നിയമരൂപത്തില്‍ സ്പഷ്ടമായി പ്രതിപാദിച്ചിട്ടില്ലെങ്കിലും, പ്രവാചകന്മാരുടെ ജീവിതകഥകളില്‍ കാണാം. അവര്‍പോലും തങ്ങളുടെ ഭക്ഷ്യപേയങ്ങളില്‍ ചിലപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന്, അവരുടെ മുഴുവന്‍ ജീവിതവും -അവരുടെ ആചരണങ്ങളും രീതികളുമെല്ലാം-ചുറ്റുപാടുമുള്ള സാമാന്യജീവിതത്തിന്റേതില്‍നിന്നു വ്യത്യസ്തമായിരുന്നു. ഇതാണ്, അവര്‍ക്ക് ഉയര്‍ന്നതരം വെളിച്ചം, ഈശ്വരദര്‍ശനം, ലഭിച്ചതിന്റെ നിദാനവും. നമുക്ക് ഈ ദര്‍ശനം വേണമെങ്കില്‍, നമ്മളും ഈ രീതികളവലംബിക്കാന്‍ സന്നദ്ധരാവണം. സാധനാനുഷ്ഠാനം, പ്രയത്നം, അതത്രേ നമ്മെ ആ അവസ്ഥിയിലെത്തിക്കുക. അതിനാല്‍ വേദാന്തത്തിന്റെ പദ്ധതി ഇതാണ്; ആദ്യം തത്ത്വനിര്‍ണ്ണയം ചെയ്യുക, ലക്ഷ്യമെന്തെന്നു കാട്ടിത്തരിക; അനന്തരം, ആ ലക്ഷ്യം പ്രാപിക്കാനുള്ള മതമെന്തെന്ന് മനസ്സിലാക്കുകയും അത് സാക്ഷാല്‍ക്കരിക്കുകയും ചെയ്യാനുള്ള വഴി പഠിപ്പിക്കുക.

ഇനി, ഈ മാര്‍ഗ്ഗങ്ങള്‍ വിവിധങ്ങളായിരിക്കാനേ നിവൃത്തിയുള്ളു. നാം അത്രമാത്രം ഭിന്നസ്വഭാവമുള്ളവരാകനിമിത്തം ഒരേ മാര്‍ഗ്ഗം ഒരേ രീതിയില്‍ രണ്ടുപേര്‍ക്കു പ്രയോഗിക്കാവുന്നതു വിരളമാകും. നമ്മളില്‍ ഓരോരുത്തനുമുണ്ട് അവരവരുടേതായ മാനസികവിശേഷതകള്‍. അതിനാല്‍ മാര്‍ഗ്ഗങ്ങളും വ്യത്യാസപ്പെടുത്തേണ്ടതുണ്ട്. ചിലരുടെ സ്വഭാവം വികാരപ്രധാനമാണ്; മറ്റുചിലര്‍ തത്ത്വചിന്താപ്രിയന്മാര്‍, അഥവാ മനനശീലന്മാര്‍, ആയിരിക്കും. വേറെ ചിലര്‍ എല്ലാത്തരം ക്രിയാനുഷ്ഠാനങ്ങളോടും മമതയുള്ളവരായിരിക്കും; അവര്‍ക്ക് സ്ഥൂലവസ്തുക്കള്‍ വേണം ഒരാള്‍ക്കു ക്രിയാനുഷ്ഠാനങ്ങളിലും ചടങ്ങുകളിലും മറ്റും തെല്ലും താല്‍പ്പര്യമില്ല; അയാള്‍ക്കവ മരണതുല്യമാണ്. എന്നാല്‍ മറ്റൊരാള്‍ ശരീരത്തിലെമ്പാടും ഒരു ചുമടു യന്ത്രങ്ങള്‍ ധരിച്ചുകൊണ്ട് നടക്കുന്നു; ഈ പ്രതീകങ്ങള്‍ അയാള്‍ക്ക് അത്രയ്ക്കു പ്രിയമാണ്. വികാരപ്രധാനനായ വേറൊരുവന്‍ എല്ലാവര്‍ക്കും ദാനധര്‍മ്മങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു; അയാള്‍ കരയുകയും സ്നേഹം കാണിക്കുകയും മറ്റും ചെയ്യുന്നു. നിശ്ചയമായും ഇവര്‍ക്കെല്ലാം ഒരേ മാര്‍ഗ്ഗം സ്വീകാര്യമാകുവാന്‍ വയ്യ. സത്യത്തിലെത്താന്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളുവെങ്കില്‍ ഒരേമാതിരി മാനസികസ്വഭാവമില്ലാത്തവര്‍ക്കെല്ലാം അതു മരണതുല്യമായേനെ, അതിനാല്‍ മാര്‍ഗ്ഗങ്ങള്‍ വിഭിന്നങ്ങളാകണം. വേദാന്തം ഈ വസ്തുത ഗ്രഹിച്ചിട്ടുള്ളതിനാല്‍, നമുക്ക് എടുത്തുനടത്താവുന്ന വിവിധമാര്‍ഗ്ഗങ്ങളെ ലോകസമക്ഷം സമര്‍പ്പിക്കാന്‍ അതാഗ്രഹിക്കുന്നു. നിങ്ങള്‍ക്കിഷ്ടമുള്ളതേതോ അതെടുക്കുക; ഒന്നു യോജിക്കാതെ വന്നാല്‍ യോജിക്കുന്ന മറ്റൊന്നു കണ്ടേയ്ക്കാം. ഈ കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍, ലോകത്തില്‍ ഇത്രയേറെ മതങ്ങളുള്ളത് എന്തു മഹിമയാണെന്നും പലരും ആഗ്രഹിക്കുന്നതുപോലെ ഒറ്റ ആചാര്യനോ ഒറ്റ പ്രവാചകനോ മാത്രമാകുന്നതിനുപകരം ഇത്ര വളരെ ആചാര്യന്മാരും പ്രവാചകന്മാരുമുള്ളത് എത്ര ശ്രേയസ്കരമാണെന്നും കാണാം. ലോകം മുഴുവന്‍ മുഹമ്മദീയരാകണമെന്ന് മുഹമ്മദീയര്‍ ആഗ്രഹിക്കുന്നു; അതുപോലെ ക്രിസ്ത്യാനികളാകണമെന്ന് ക്രിസ്ത്യാനികളും ബൌദ്ധന്മാരാകണമെന്ന് ബുദ്ധമതക്കാരും ആഗ്രഹിക്കുന്നു. എന്നാല്‍ വേദാന്തം പറയുന്നു, ‘ലോകത്തിലെ ഓരോ മനുഷ്യനും വേണമെങ്കില്‍ വെവ്വേറെ നില്‍ക്കട്ടെ. എല്ലാത്തിന്റെയും പിമ്പില്‍ ഏകത്വമുണ്ടായിരിക്കും. പ്രവാചകന്മാര്‍ എത്ര കൂടുന്നുവോ, മതഗ്രന്ഥങ്ങളും ഋഷിമാരും മാര്‍ഗ്ഗങ്ങളും എത്ര വര്‍ദ്ധിക്കുന്നുവോ ലോകത്തിന് അത്രയ്ക്കും നല്ലത്’എന്ന്. സാമൂഹ്യജീവിതത്തില്‍ ഓരോ ജനസമുദായത്തിലും തൊഴിലുകളുടെ എണ്ണം എത്രകണ്ടു വര്‍ദ്ധിക്കുന്നുവോ അത്രകണ്ട് അത് ആ സമുദായത്തിന് ഗുണകരമാകുമല്ലോ; കാരണം സമുദായത്തിലെ ഓരോ വ്യക്തിക്കും ഉപജീവനം നേടുവാനുള്ള സൌകര്യം അത്രകണ്ടു വര്‍ദ്ധിക്കുമല്ലോ. അതുതന്നെയാണ് ചിന്താലോകത്തിലേയും ആദ്ധ്യാത്മികലോകത്തിലേയും സ്ഥിതി. പ്രകൃതിവിജ്ഞാനത്തിന് ഇത്രയധികം ഉപവിഭാഗങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന ഇന്നത്തെ സ്ഥിതി എത്രയോ മെച്ചമായിരിക്കുന്നു; കാരണം, വിജ്ഞാനത്തിന്റെ ഈ വൈവിധ്യംനിമിത്തം ഓരോരുത്തന്നും ഉയര്‍ന്നതരം മാനസികസംസ്കാരം ആര്‍ജ്ജിക്കുവാനുള്ള സാദ്ധ്യതയും തുലോം വര്‍ദ്ധിച്ചിട്ടുണ്ട്! ഇനി ഭൌതികമേഖലയിലായാലും നമുക്കു ഹിതതമമായ വസ്തുക്കളെ ഇഷ്ടംപോലെ തിരഞ്ഞെടുക്കുവാന്‍ കഴിയുമാറ്, അത്ര വളരെ വിവിധവസ്തുക്കള്‍ നമ്മുടെ മുമ്പില്‍ നിരത്തിവെയ്ക്കുന്നതു കൂടുതല്‍ അഭികാമ്യമല്ലേ? ആദ്ധ്യാത്മികമേഖലയെസ്സംബന്ധിച്ചും അതങ്ങനെതന്നെ, ലോകത്തില്‍ ഇത്ര വളരെ മതങ്ങളുള്ളതു ജഗദീശ്വരന്റെ അത്യുദാരമായ അനുഗ്രഹവിശേഷമാണ്. ഓരോ മനുഷ്യനും ഓരോ മതം കൈവരുംവരെ അവയുടെ എണ്ണം ദിനംപ്രതി അങ്ങനെ കൂടിവരുവാനും അവിടുന്ന് ഇടയാക്കിയിരുന്നെങ്കില്‍!

വേദാന്തത്തിന് ഇതറിയാം; അതിനാല്‍ അത് ഏകതത്ത്വത്തെ ഉപദേശിക്കുകയും മാര്‍ഗ്ഗഭേദങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. അതിന്ന് ആര്‍ക്കുമെതിരായി ഒന്നും പറയാനില്ല – നിങ്ങള്‍ ക്രിസ്ത്യാനിയോ ബൌദ്ധനോ യഹൂദനോ ഹിന്ദുവോ, ആരുതന്നെയായാലും ഏതു പുരാണത്തില്‍ വിശ്വസിച്ചാലും, നസറേത്തിലേയോ മെക്കയിലേയോ ഭാരതത്തിലേയോ മറ്റെവിടുത്തെയെങ്കിലുമോ പ്രവാചകനില്‍ വിശ്വസിച്ചാലും. അല്ലെങ്കില്‍ നിങ്ങള്‍തന്നെ ഒരു പ്രവാചകനായാലും അതിന് ഒന്നും പറയാനില്ല. സകലമതങ്ങളുടേയും പശ്ചാത്തലമായിരിക്കുന്ന തത്ത്വങ്ങളെ ഉപദേശിക്കുകയേ അതു ചെയ്യുന്നുള്ളു. സകലപ്രവാചകന്മാരും സിദ്ധപുരുഷന്മാരും ഋഷിമാരും ഈ തത്ത്വത്തിന്റെ ഉദാഹരണങ്ങളും അഭിസ്ഫുരണങ്ങളും മാത്രം. നിങ്ങളുടെ പ്രവാചകന്മാരെ വേണമെങ്കില്‍ വര്‍ദ്ധിപ്പിച്ചുകൊള്ളുക; വേദാന്തത്തിന് അതില്‍ എതിരില്ല. അതു തത്ത്വമുപേദശിക്കുന്നതേയുള്ളു. മാര്‍ഗ്ഗം നിങ്ങള്‍ക്കായി വിട്ടു തരുന്നു. നിങ്ങള്‍ക്കിഷ്ടമുള്ള മാര്‍ഗ്ഗം തിരഞ്ഞെടുത്തുകൊള്ളുക. നിങ്ങള്‍ക്കിഷ്ടമുള്ള പ്രവാചകനെ അനുഗമിച്ചുകൊള്ളുക. എന്നാല്‍ പുരോഗതി അഭംഗുരമാകുവാന്‍ നിങ്ങളുടെ പ്രകൃതിക്കൊത്ത മാര്‍ഗ്ഗം സ്വീകരിച്ചുകൊള്ളണമെന്നുമാത്രം.