നമ്മുടെ ഈ പ്രപഞ്ചം, പഞ്ചേന്ദ്രിയങ്ങളുടെ ലോകം, യുക്തിചിന്തയുടെയും ബുദ്ധിയുടെയും ലോകം, ഇരുവശത്തും അപരിമേയവും അജ്ഞേയവും എക്കാലത്തും അജ്ഞാതവുമായ ഒന്നിനാല്‍ വലയിതമാണ്; ഇതിനുള്ളിലാണ് നമ്മുടെ തിരച്ചിലുകളും അന്വേഷണങ്ങളും (അവയ്ക്കാസ്പദമായ) വസ്തുക്കളുമെല്ലാം. ഇതില്‍നിന്നാണ് ലോകത്തു മതമെന്ന രൂപത്തില്‍ അറിയപ്പെടുന്ന വെളിച്ചം ലഭിക്കുന്നത്. എന്നാലും, മതം പ്രധാനമായും ഇന്ദ്രിയമേഖലയെസ്സംബന്ധിച്ച വിഷയമല്ല; ഇന്ദ്രിയാതീതത്തെസംബന്ധിച്ചതാണ്. അതു ബുദ്ധിയുടെ വ്യാപാരമേഖലയില്‍ പെടുന്നില്ല; യുക്തിചിന്തയ്ക്കെല്ലാം അതീതമത്രേ. അജ്ഞാതവും അജ്ഞേയവുമായ അതിന്റെ ഒരു ദര്‍ശനം, ഒരുള്‍ക്കൊള്ളല്‍, അതിലേക്കു ഒരെടുത്തുചാട്ടം, ആണ് മതം; അങ്ങനെ അത് അജ്ഞേയത്തെ ‘അറിയുക’ എന്നതിലും കവിഞ്ഞ് അനുഭവപ്പെടുത്തുന്നു; എന്തെന്നാല്‍ ‘അജ്ഞേയ’ത്തെ ‘അറിയുക’ ഒരിക്കലും സാദ്ധ്യമല്ല. മനുഷ്യന്റെ ഉല്‍പ്പത്തികാലം മുതല്‍ക്കേ മനുഷ്യമനസ്സ് ഈ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകചരിത്രത്തിന്റെ ഒരു കാലഘട്ടത്തിലും, മനുഷ്യന്റെ ബുദ്ധിയും ചിന്താശക്തിയും ഈ പോരാട്ടം, അജ്ഞാതലോകത്തെക്കുറിച്ചുള്ള ഈ അന്വേഷണം നടത്താതിരിക്കാനിടയില്ല. നമ്മുടെ ചെറിയ പ്രപഞ്ചത്തില്‍ ഈ മനുഷ്യമനസ്സില്‍, ഒരു വിചാരം പൊന്തിവരുന്നത് നാം കാണുന്നു. അതെവിടെനിന്നു വരുന്നു എന്നു നമുക്കറിഞ്ഞുകൂടാ; അതു മറയുമ്പോള്‍ എങ്ങോട്ടു പോകുന്നു എന്നും നമുക്കറിവില്ല. പിണ്ഡാണ്ഡവും ബ്രഹ്മാണ്ഡവും ഒരേതരം ചാലില്‍ക്കൂടി-എന്നു പറയട്ടെ-നീങ്ങുന്നു, ഒരേ ദശാസന്ധികളില്‍ക്കൂടി കടന്നുപോകുന്നു, ഒരേ രീതിയില്‍ സ്പന്ദിക്കുന്നു.
മതങ്ങള്‍ ബാഹ്യജന്യങ്ങളല്ല, അന്തരംഗജന്യങ്ങളാണ് എന്നുള്ള ഹൈന്ദവസിദ്ധാന്തത്തെ ഞാന്‍ വിശദമാക്കാന്‍ ശ്രമിക്കാം. മനുഷ്യമനസ്സിന്റെ സ്വഭാവത്തില്‍ത്തന്നെയുള്ള ഒന്നാണ് മതപരമായ ചിന്തയെന്നും അതിനാല്‍ അവന്നു ശരീരവും മനസ്സും വിട്ടുപിരിയാന്‍ കഴിയുംവരെയും ചിന്തയും ജീവിതവും ഉപേക്ഷിക്കാന്‍ കഴിയുംവരേയും മതം ഉപേക്ഷിക്കുക സാദ്ധ്യമല്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യനില്‍ ചിന്താശക്തിയുള്ളിടത്തോളം കാലം ഈ പോരാട്ടം തുടര്‍ന്നുവരാതെ തരമില്ല; അതുവരെ മനുഷ്യന് എതെങ്കിലും രൂപത്തിലുള്ള ഒരു മതം കൂടിയേ തീരൂ. അങ്ങനെ അനേകരൂപത്തിലുള്ള മതങ്ങള്‍ ലോകത്തു നാം കാണുന്നു. ബുദ്ധിയെ കുഴയ്ക്കുന്ന ഒരു പഠനവിഷയമാണത്; എങ്കിലും നമ്മളില്‍ പലരും വിചാരിക്കുംപോലെ, കേവലം നിഷ്പ്രയോജനമായ ഒരു മനോവ്യായാമമല്ല, ഈ കുഴച്ചില്‍പടലത്തിനിടക്ക് ഒരു സമന്വയഘടകമുണ്ട്; ഈ ശബ്ദവൈരുദ്ധ്യങ്ങള്‍ക്കു പിന്നില്‍ ഒരനുരഞ്ജകസ്വരമുണ്ട്; ഉറ്റുശ്രദ്ധിക്കാനൊരുക്കമുള്ളവന് അതു കേള്‍ക്കുകയും ചെയ്യാം.
ഇക്കാലത്ത് സകലപ്രശ്നങ്ങളിലുംവെച്ച് വലിയ പ്രശ്നമായിരിക്കുന്നതിതാണ്: ജ്ഞാതവും ജ്ഞേയവുമായ ലോകത്തിന്റെ ഇരുപുറത്തും അജ്ഞാതവും അജ്ഞേയവുമായ അനന്തഭാവം നിലകൊള്ളുന്നു എന്നു സിദ്ധമായിരിക്കേ, എന്തിന് ആ അനന്തമായ അജ്ഞാതത്തിനുവേണ്ടി ക്ളേശിക്കുന്നു? നമുക്കു ജ്ഞാതത്തെക്കൊണ്ടു തൃപ്തിപ്പെട്ടുകൂടാത്തതെന്ത്?-തിന്നുക, കുടിക്കുക, സമുദായത്തിന്് അല്പം നന്മ ചെയ്യുക ഇത്രയും കൊണ്ടു നമുക്കു തൃപ്തരായിക്കഴിയാന്‍ വയ്യാത്തതെന്ത്? ഈ ആശയം അന്തരീക്ഷത്തിലുണ്ട്. പണ്ഡിതന്മാരായ പ്രൊഫസര്‍മാര്‍ മുതല്‍ കൊഞ്ചുന്ന ശിശുവരെ, ലോകത്തിനു നന്മ ചെയ്യാന്‍ നമ്മെ ഉപദേശിക്കുന്നു; അതാണ് മതസര്‍വ്വസ്വമെന്നും അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു ക്ളേശിക്കുന്നത് നിഷ്പ്രയോജനമാണെന്നും പറയുന്നു. ഈ പറച്ചില്‍ വളരെ കൂടിയതു കാരണം, അതൊരു സ്വയം സിദ്ധവസ്തുതപോലായിട്ടുണ്ട്. എന്നാല്‍ ഭാഗ്യവശാല്‍ നാം ആ അപ്രമേയലോകത്തെക്കുറിച്ച് അന്വേഷിച്ചേ തീരൂ. ഈ അദ്യതനം, ഈ പ്രകടപ്രപഞ്ചം, അപ്രകടമായതിന്റെ ഒരംശംമാത്രമാണ്. ഈ ഇന്ദ്രിയപ്രപഞ്ചം, അനന്തമായ ആദ്ധ്യാത്മികപ്രപഞ്ചത്തിന്റെ ഒരംശം, ഒരു ചെറിയ തുണ്ട്, ഇന്ദ്രിയപ്രജ്ഞാഭൂമികയിലേക്ക് പ്രസര്‍ജ്ജനം ചെയ്യപ്പെട്ടതുപോലത്രേ. അങ്ങേപ്പുറത്തുള്ളതിനെ അറിയാതെ, ഈ ചെറിയ അംശത്തിനു സമാധാനം കണ്ടെത്താനും അതിനെ ഗ്രഹിക്കാനും എങ്ങനെ സാധിക്കും? സോക്രട്ടീസ് ആതന്‍സ് പട്ടണത്തില്‍ പ്രസംഗിച്ചുവന്ന കാലത്തൊരു ദിവസം, അദ്ദേഹം ഇന്ത്യയില്‍നിന്ന് അവിടെ ചെന്ന ഒരു ബ്രാഹ്മണനെ കണ്ടുപോല്‍. മനുഷ്യന്റെ ഏറ്റവും വലിയ പഠനവിഷയം മനുഷ്യന്‍തന്നെയാണെന്ന് സോക്രട്ടീസ് ബ്രാഹ്മണനോടു പറഞ്ഞു. ‘‘ഈശ്വരനെ അറിയാതെ നിങ്ങള്‍ക്കെങ്ങനെ മനുഷ്യനെ അറിയാന്‍ കഴിയും?’’ എന്ന് ബ്രാഹ്മണന്‍ ഉടനെ തിരിച്ചു ചോദിക്കുകയുണ്ടായി. അതേ, ഈ ഈശ്വരന്‍, ഒരു കാലത്തും അറിവിനു വിഷയമാകാത്തവന്‍, അഥവാ ബ്രഹ്മം, അല്ലെങ്കില്‍ അനന്തം, അല്ലെങ്കില്‍ നാമരഹിതം-നിങ്ങളുടെ ഇഷ്ടംപോലെ എന്തുപേരും പറഞ്ഞുകൊള്ളുക-മാത്രമാണ്,അറിയപ്പെടുന്നതും അറിയപ്പെടാവുന്നതുമായ ഈ ലോകത്തിന്റെ, ഈ അദ്യ തനജീവിതത്തിന്റെ, ഏകസമാധാനം; യുക്തിയുക്തമായ അടിസ്ഥാനവും സാധൂകരണവും, നിങ്ങളുടെ മുമ്പിലുള്ള ഏതു വസ്തുവും ഏറ്റവും ഭൌതികമായ വല്ലതുംതന്നെ, എടുത്തുനോക്കുക. ഏറ്റവും ഭൌതികമായ ശാസ്ത്രങ്ങളിലൊന്ന് രസതന്ത്രമോ ഊര്‍ജ്ജതന്ത്രമോ വാനശാസ്ത്രമോ ജന്തുശാസ്ത്രമോ-എടുത്തു പഠനം നടത്തുകയും ആ പഠനം അനുക്രമം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക. ആ ശാസ്ത്രത്തിന്റെ സ്ഥൂലരൂപങ്ങള്‍ ക്രമേണ ഉരുകി, മേല്‍ക്കുമേല്‍ സൂക്ഷ്മങ്ങളായി, ഒടുവില്‍ അഭൌതികവസ്തുക്കളുടെ മേഖലയിലേക്കു (ചേതനാമേഖലയിലേക്ക്) ഒരു നെടുംചാട്ടം അനിവാര്യമാകുന്ന ഒരു ഘട്ടത്തിലെത്തുന്നു. ഏതു ജ്ഞാനമണ്ഡലത്തിലും സ്ഥൂലം ഉരുകി സൂക്ഷ്മമാകുന്നു; ഭൌതികശാസ്ത്രം ആത്മവിദ്യയായി മാറുന്നു.
അങ്ങനെ മനുഷ്യന്‍ ഇന്ദ്രിയാതീതത്തിന്റെ പഠനത്തിലേക്കു ബലമായി നയിക്കപ്പെടുന്നു. ഇന്ദ്രിയമേഖലയ്ക്കപ്പുറമുള്ളതിനെ അറിയാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍, ജീവിതം ഒരു മണല്‍ക്കാടായിരിക്കും. മനുഷ്യജീവിതം കേവലം വ്യര്‍ത്ഥമായിരിക്കും. ഇപ്പോഴുള്ള വസ്തുക്കളെക്കൊണ്ട് തൃപ്തിപ്പെടുക എന്നും മറ്റും ഉപദേശിക്കാം. പശുക്കളും പട്ടികളും അങ്ങനെ തൃപ്തിപ്പെടുന്നു; അതുപോലെതന്നെ എല്ലാ മൃഗങ്ങളും അവ മൃഗങ്ങളായിരിക്കുന്നതും അതുകൊണ്ടത്രെ. മനുഷ്യനും ഇപ്പോഴത്തെ അവസ്ഥയില്‍ സംതൃപ്തനായി ഇതിനപ്പുറത്തുള്ള കാര്യങ്ങളെപ്പറ്റിയ അന്വേഷണം പാടെ വെടിയുന്നപക്ഷം മനുഷ്യവര്‍ഗ്ഗം വീണ്ടും മൃഗങ്ങളുടെ അവസ്ഥയിലേക്കു മടങ്ങേണ്ടിവരും. മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം അവന്റെ മതമത്രേ- അജ്ഞാതത്തെക്കുറിച്ചുള്ള അവന്റെ അന്വേഷണം. മനുഷ്യന്‍ മാത്രമാണ് പ്രകൃത്യാ മേലോട്ടു നോക്കുന്നവന്‍ എന്നു പറഞ്ഞിട്ടുള്ളതു സമുചിതംതന്നെ. മറ്റു ജന്തുക്കളെല്ലാം പ്രകൃത്യാ കീഴോട്ടു നോക്കുന്നു. മനുഷ്യന്റെ ഈ മേലോട്ടുള്ള നോട്ടവും മേലോട്ടുള്ള പോക്കും പൂര്‍ണ്ണതയെ തേടലുമത്രേ മുക്തിയെന്നു പറയുന്നത്. ഈ ഊര്‍ദ്ധ്വാഭിമുഖപ്രയാണം മനുഷ്യന്‍ എത്രവേഗം ആരംഭിക്കുന്നുവോ, അത്രവേഗം അയാള്‍ സത്യപ്രാപ്തി മുക്തിയാണെന്ന ഈ ആശയത്തിലേക്കുയരും. അത്, നിങ്ങളുടെ പോക്കറ്റിലുള്ള പണത്തിന്റെ തുകയേയോ നിങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങളേയോ നിങ്ങള്‍ പാര്‍ക്കുന്ന വീടിനെയോ അല്ല ആശ്രയിച്ചിരിക്കുന്നത്, നിങ്ങളുടെ മസ്തിഷ്കത്തിലുള്ള ആദ്ധ്യാത്മികചിന്താസമ്പത്തിനെയാണ്. അതത്രേ മനുഷ്യപുരോഗതി കൈവരുത്തുന്നത്-സകലഭൌതികസാംസ്കാരിക പുരോഗതിയുടേയും നിദാനം, പ്രവര്‍ത്തനങ്ങളുടെ പിമ്പിലുള്ള പ്രേരകം, മനുഷ്യവര്‍ഗ്ഗത്തെ മുമ്പോട്ടു തള്ളിവിടുന്ന ഉത്സാഹശക്തി.
മതം ഭക്ഷണത്തെ ആശ്രയിച്ചല്ല പുലരുന്നത്. അതൊരു വീട്ടില്‍ പാര്‍ക്കുന്നില്ല. വീണ്ടും വീണ്ടും ഈ ആക്ഷേപം ഉന്നയിക്കപ്പെട്ടു കേള്‍ക്കുന്നു; ‘‘മതംകൊണ്ടെന്താണ് ഗുണം? അതിന് പാവങ്ങളുടെ പട്ടിണി ഇല്ലാതാക്കന്‍ കഴിയുമോ?’’ എന്ന്. കഴിയില്ലെങ്കില്‍ത്തന്നെ, അത് മതത്തിന്റെ അസാധുത്വത്തിനു തെളിവാകുമോ? നിങ്ങള്‍ വാനശാസ്ത്രസംബന്ധമായ ഒരു സിദ്ധാന്തപരീക്ഷണത്തിനൊരുമ്പെടുമ്പോള്‍ ഒരു ശിശുവന്ന്, ‘‘ഇതില്‍നിന്ന് ഇഞ്ചിമിഠായി കിട്ടുമോ?’’ എന്നു ചോദിക്കുന്നു. ‘ഇല്ല’ എന്നു നിങ്ങള്‍ ഉത്തരം പറയുന്നു. ‘‘എങ്കില്‍ അതുകൊണ്ട് ഒരുപയോഗവുമില്ല’’ എന്ന് ശിശു പ്രസ്താവിക്കുന്നു. ശിശുക്കള്‍, ഇഞ്ചിമിഠായി കിട്ടുക എന്ന സ്വന്തം വീക്ഷണസ്ഥാനത്തുനിന്ന് പ്രപഞ്ചസാകല്യത്തെപ്പറ്റി വിധികല്‍പ്പിക്കുന്നു. ലോകത്തിലെ ശിശുക്കളും അപ്രകാരംതന്നെ ചെയ്യുന്നു. താഴ്ന്നൊരു കാഴ്ചപ്പാടില്‍നിന്നുകൊണ്ട് ഉന്നതമായ കാര്യങ്ങളെക്കുറിച്ചു വിധിച്ചു തള്ളാന്‍ പാടില്ല. ഏതൊരു വസ്തുവേയും അതാതിനുള്ള മാനദണ്ഡംകൊണ്ടുവേണം മതിക്കുക. അനന്തതയെ മതിക്കുവന്‍ അനന്തതയുടെ മാനദണ്ഡംതന്നെ ഉപയോഗിക്കണം, മതം മനുഷ്യജീവിതത്തില്‍ സാകല്യേന വ്യാപിച്ചു കിടക്കുന്നു- ഇപ്പോഴേത്തതില്‍ മാത്രമല്ല, ഭൂതഭാവിജീവിതമാസകലവും. അതിനാല്‍ മതമെന്നത്, നിത്യനായ ആത്മാവിനു നിത്യനായ ഈശ്വരനുമായുള്ള നിത്യബന്ധമത്രേ. മനുഷ്യന്റെ അഞ്ചു മിനിട്ടു നേരത്തെ ജീവിതത്തിന്മേലുള്ള പ്രവര്‍ത്തനത്തെ ആസ്പദമാക്കി അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നതു യുക്തിയുക്തമാണോ? തീര്‍ച്ചയായും അല്ല. ഇതെല്ലാം നിഷേധാത്മകമായ വാദമുഖങ്ങളാണ്.
ഇനി മതത്തെക്കൊണ്ടു വല്ല കാര്യവും സാധിപ്പാനുണ്ടോ എന്ന പ്രശ്നമെടുക്കാം. ഉണ്ട്. അത് മനുഷ്യന്നു നിത്യജീവിതം പ്രദാനം ചെയ്യുന്നു. അതാണ് മനുഷ്യനെ അവന്റെ ഇന്നത്തെ നിലയിലെത്തിച്ചത്; ഇനി അതു മൃഗസമാനനായ മനുഷ്യനെ ദേവസമാനനാക്കുകയും ചെയ്യും. അതാണ് മതത്തിന്റെ സാധ്യം. മതത്തെ മനുഷ്യസമുദായത്തില്‍നിന്നു മാറ്റിവെയ്ക്കുക; പിന്നെ ശേഷിക്കുന്നതെന്ത്? ഒരു കൂട്ടം കാട്ടുമൃഗങ്ങള്‍മാത്രം. ഇന്ദ്രിയസുഖമല്ല മനുഷ്യജീവിതത്തിന്റെ ലക്ഷ്യം; എല്ലാ ജീവന്റേയും ലക്ഷ്യം (ആത്മ)ജ്ഞാനമത്രേ. മൃഗം അതിന്റെ ഇന്ദ്രിയങ്ങളുടെ വ്യാപാരത്തില്‍ സുഖിക്കുന്നതിനേക്കാള്‍ കൂടുതലായി മനുഷ്യന്‍ തന്റെ ബുദ്ധിവ്യാപാരത്തില്‍ സുഖിക്കുന്നതായി കാണുന്നു. ഇനി തന്റെ വിചാരപ്രകൃതിയേക്കാള്‍ കൂടുതലായി, ആദ്ധ്യാത്മികപ്രകൃതി മനുഷ്യന് ആസ്വാദ്യമായിരിക്കുന്നതായും കാണുന്നു. അതിനാല്‍, ഏറ്റവും ഉന്നതമായ ജ്ഞാനം ഈ ആദ്ധ്യാത്മികജ്ഞാനമായിരിക്കണം. ഈ ജ്ഞാനത്തോടുകൂടി ആനന്ദവും കൈവരുന്നു. ഈ ലൌകികവിഷയങ്ങളെല്ലാം ആ യഥാര്‍ത്ഥജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും നിഴലുകള്‍ മാത്രം-മൂന്നാം കിടയോ നാലാംകിടയോ അഭിസ്ഫുരണങ്ങള്‍മാത്രം.
ഒരു പ്രശ്നംകൂടി; എന്താണ് ലക്ഷ്യം? മനുഷ്യന്‍ അറുതിയില്ലാതെ പുരോഗമിച്ചുവരികയാണെന്നും അവനു ചെന്നെത്തേണ്ടതായി ഒരു പൂര്‍ണ്ണതാലക്ഷ്യമില്ലെന്നും ഇക്കാലത്ത് പ്രഖ്യാപിക്കപ്പെട്ടു കാണുന്നു എന്നെന്നും പുരോഗമിക്കുകയും ഒരിക്കലും ചെന്നെത്താതിരിക്കുകയും; ഇതിന്റെ അര്‍ത്ഥമെന്തായാലും ഇതെത്ര വിചിത്രമായിതോന്നിയാലും, പ്രത്യക്ഷത്തില്‍ത്തന്നെ അസംബന്ധമാണ്. ഋജുരേഖയില്‍ക്കൂടി പുരോഗതിയെന്നൊന്നുണ്ടോ? ഒരു ഋജുരേഖയെ അന്തമില്ലാതെ നീട്ടിയാല്‍ അതൊരു വൃത്തമായിത്തീരും; അത് തുടങ്ങിയേടത്തുതന്നെ വന്നെത്തും. നിങ്ങള്‍ ആരംഭിക്കുന്നിടത്തുതന്നെ അവസാനിപ്പിച്ചേ മതിയാവൂ. നിങ്ങള്‍ ഈശ്വരനില്‍ ആരംഭിച്ചു; അതിനാല്‍ ഈശ്വരനില്‍ത്തന്നെ മടങ്ങിച്ചെല്ലണം.അപ്പോള്‍പ്പിന്നെ ശേഷിക്കുന്നതെന്ത്? വേലയുടെ വിസ്തരാംശങ്ങള്‍. അനന്തകാലമത്രയും നിങ്ങള്‍ ഈ വേല നടത്തിക്കൊണ്ടിരിക്കുകയും വേണം.
ഇനി മറ്റൊരു ചോദ്യംകൂടി: നാം മുന്നോട്ടു പോകുന്നതിനൊപ്പം പുതിയ മതതത്ത്വങ്ങള്‍ കണ്ടുപിടിക്കേണ്ടതുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയേണ്ടിയിരിക്കുന്നു. ഒന്നാമത്, മതവിഷയകമായി കൂടുതലറിവൊന്നും നമുക്കു സാധ്യമല്ല; എന്തെന്നാല്‍ എല്ലാം മുമ്പേ അറിയപ്പെട്ടു കഴിഞ്ഞു. നമ്മളില്‍ ഒരേകത്വം സ്ഥിതിചെയ്യുന്നതായി ലോകത്തിലെ എല്ലാ മതങ്ങളിലും അവകാശപ്പെട്ടിരിക്കുന്നതു കാണാം. ഈശ്വരനുമായി ഏകത്വം പ്രാപിച്ചുകഴിഞ്ഞാല്‍പ്പിന്നെ ആ അര്‍ത്ഥത്തില്‍ പുരോഗതി സാദ്ധ്യമല്ല. ജ്ഞാനമെന്നാല്‍ ഈ ഏകത്വത്തെ കണ്ടെത്തലാണ്. നിങ്ങളെ ഞാനിവിടെ പുരുഷന്മാരായും സ്ത്രീകളായും കാണുന്നു; ഇതു നാനാത്വം. എല്ലാവരേയും ഒരു വര്‍ഗ്ഗത്തില്‍ പെടുത്തി ‘മനുഷ്യര്‍’ എന്നു പറയുമ്പോഴാകട്ടെ, അതു ശാസ്ത്രീയവിജ്ഞാനമായി. ഉദാഹരണത്തിന് രസതന്ത്രത്തിന്റെ കാര്യമെടുക്കുക. ഇന്നറിയപ്പെടുന്ന പദാര്‍ത്ഥങ്ങളെയെല്ലാം അവയുടെ മൂലദ്രവ്യങ്ങളായി അപഗ്രഥിക്കാനും ഇവയുടെയെല്ലാം ഉല്പത്തിസ്ഥാനമായി ഒരൊറ്റ മൂലദ്രവ്യത്തെ, കഴിയുമെങ്കില്‍, കണ്ടുപിടിക്കുവാനുമാണ് രസതന്ത്രജ്ഞന്മാര്‍ യത്നിക്കുന്നത്. അവര്‍ മറ്റെല്ലാ ദ്രവ്യങ്ങളുടെയും ഉല്പത്തിക്കു മൂലമായ ഒരു ദ്രവ്യത്തെ കണ്ടു പിടിക്കുന്ന കാലം വന്നേയ്ക്കാം. അങ്ങനെയൊന്നു കണ്ടെത്തിയാല്‍ പിന്നീടവര്‍ക്ക് മുന്നോട്ടുപോവുക സാദ്ധ്യമല്ല. അതോടെ രസതന്ത്രം പൂര്‍ണ്ണതയിലെത്തിക്കഴിയും. മതമാകുന്ന ശാസ്ത്രത്തെസ്സംബന്ധിച്ചും ഇങ്ങനെതന്നെ. മുഴുത്ത ഏകത്വം കണ്ടുപിടിക്കാന്‍ നമുക്കു കഴിഞ്ഞാല്‍പ്പിന്നെ പുരോഗതിക്കു സാധ്യതയില്ല.
അടുത്ത പ്രശ്നം അത്തരമൊരു ഏകത്വം കണ്ടെത്താന്‍ കഴിയുമോ എന്നതാണ്. ഭാരതത്തില്‍ അതിപുരാതനകാലം മുതല്‍ക്കേ മതത്തിന്റേയും തത്ത്വശാസ്ത്രത്തിന്റേയും കൂടിയുള്ള ഒരു ശാസ്ത്രം ആവിഷ്കരിക്കാനുള്ള യത്നം നടന്നിട്ടുണ്ട്; എന്തെന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ പതിവായിരിക്കുംപോലെ, ഹിന്ദുക്കള്‍ ഇവ രണ്ടും (മതവും തത്ത്വശാസ്ത്രവും) വേര്‍തിരിക്കാറില്ല. ഞങ്ങള്‍ മതത്തേയും തത്ത്വശാസ്ത്രത്തേയും ഒരേ വസ്തുവിന്റെ രണ്ടു വശങ്ങളായി കരുതിപ്പോരുന്നു; രണ്ടും ഒരുപോലെ യുക്തിയിലും ശാസ്ത്രീയവസ്തുക്കളിലും അധിഷ്ഠിതമായിരിക്കണം.
സാംഖ്യദര്‍ശനം ഭാരതത്തിലെയെന്നല്ല, ലോകത്തിലെതന്നെ, ഏറ്റവും പുരാതനമായ തത്ത്വശാസ്ത്രങ്ങളിലൊന്നത്രേ. അതിന്റെ ഉപജ്ഞാതാവായ കപിലന്‍ ഹൈന്ദവമനശ്ശാസ്ത്രസാകല്യത്തിന്റെ പിതാവത്രേ. അദ്ദേഹം ഉപദേശിച്ച ആ പുരാതനതത്ത്വസംഹിത ഇന്നും ഭാരതത്തില്‍ അംഗീകാരം ലഭിച്ചിട്ടുള്ള എല്ലാത്തരം തത്ത്വസംഹിതകളുടേയും-അവയെ ‘ദര്‍ശനങ്ങള്‍’ എന്നാണ് പറയുന്നത് – അസ്ഥിവാരമാണ്. മറ്റു കാര്യങ്ങളില്‍ അവര്‍ അദ്ദേഹവുമായി എത്രമാത്രം വിയോജിച്ചാലും, എല്ലാവരും അദ്ദേഹത്തിന്റെ ‘മനശ്ശാസ്ത്ര’ത്തെ സ്വീകരിച്ചിട്ടുണ്ട്.
സാംഖ്യദര്‍ശനത്തിന്റെ യുക്തിസിദ്ധപരിണാമമായ വേദാന്തം, സാംഖ്യനിഗമനങ്ങളെ കുറേക്കൂടി മുന്നോട്ടു കൊണ്ടുപോയി. വേദാന്തത്തിന്റെ ‘പ്രപഞ്ചവിജ്ഞാനീയം’ കപിലന്റേതുമായി യോജിക്കുന്നുണ്ടെങ്കിലും വേദാന്തം ദ്വൈതത്തില്‍ അവസാനിക്കുന്നില്ല. സയന്‍സിന്റേയും മതത്തിന്റേയും സമാനലക്ഷ്യമായ ഏകത്വദര്‍ശനംവരേയും അത് അന്വേഷണം തുടരുന്നു.