സ്വാമി വിവേകാനന്ദന്‍

ജ്ഞാനത്തിന്റെ ഏകനിദാനം അനുഭവമത്രേ. നിശ്ചയാത്മകത്വമില്ലാത്ത ഏകശാസ്ത്രം ലോകത്തു മതം മാത്രമാണ്; കാരണം, അത് ഒരനുഭവശാസ്ത്രമായി ഉപദേശിക്കപ്പെടുന്നില്ല. ഇതു പാടില്ലാത്തതാണ്. എങ്കിലും, അനുഭവത്തില്‍നിന്നു മതം പഠിപ്പിക്കുന്ന ഒരു ചെറിയ സംഘം ആളുകള്‍ ഏതു കാലത്തുമുണ്ട്. ഇവരെ ‘മിസ്റ്റിക്കു’കള്‍ എന്നു പറയുന്നു. എല്ലാ മതത്തിലുമുള്ള ഈ മിസ്റ്റിക്കുകള്‍ ഒരേ ഭാഷയില്‍ സംസാരിക്കുകയും ഒരേ സത്യങ്ങള്‍ പഠിപ്പിക്കുകയും ചെയ്യുന്നു. മതത്തിന്റെ ശരിയായ ശാസ്ത്രമിതാണ്. ലോകത്തിന്റെ ഏതു ഭാഗത്തായാലും ഗണിതശാസ്ത്രത്തിനു വ്യത്യാസമില്ലാത്തതുപോലെ മിസ്റ്റിക്കുകള്‍ക്കു തമ്മിലും മതാന്തരമില്ല; അവരെല്ലാം ഒരേമാതിരി മാനസികഭാവവും ഒരേമാതിരി നിലപാടുമുള്ളവരാണ്. അവരുടെ അനുഭൂതി ഒന്നുപോലെയാണ്; അതു നിയമമാവുകയും ചെയ്യുന്നു.

പള്ളിമതത്തില്‍, ആ മതസ്ഥര്‍, ആദ്യം ഒരു മതം പഠിക്കുന്നു, പിന്നെ അനുഷ്ഠിക്കുവാന്‍ തുടങ്ങുന്നു. അവര്‍ തങ്ങളുടെ വിശ്വാസത്തിന്നടിസ്ഥാനമായി അനുഭവത്തെയല്ല കൈക്കൊള്ളുന്നത്. മിസ്റ്റിക്കാകട്ടെ, സത്യത്തെ അന്വേഷിച്ചു പുറപ്പെടുന്നു; ആദ്യം അതിനെ അനുഭവത്തില്‍ വരുത്തുകയും പിന്നീട് തന്റെ വിശ്വാസപ്രമാണത്തെ ആവിഷ്കരിക്കുകയും ചെയ്യുന്നു. പള്ളിമതമാകട്ടെ മറ്റുള്ളവരുടെ അനുഭവങ്ങളെ വായ്പവാങ്ങുന്നു. മിസ്റ്റിക്കിനു സ്വന്തം അനുഭൂതികളുണ്ട്. പള്ളിമതം പുറത്തുനിന്ന് അകത്തേക്കു പോകുന്നു; മിസ്റ്റിക്ക് അകത്തുനിന്ന് പുറത്തേയ്ക്കും.

രസതന്ത്രവും മറ്റു ഭൌതികശാസ്ത്രങ്ങളും ഭൌതികലോകത്തെസ്സംബന്ധിച്ച സത്യങ്ങളെ എന്നപോലെ മതം ആത്മീയലോകത്തെസ്സംബന്ധിച്ച സത്യങ്ങളെ കൈകാര്യം ചെയ്യുന്നു. രസതന്ത്രം അഭ്യസിക്കേണ്ടുന്നവന്‍ വായിക്കേണ്ടത് പ്രകൃതിയാകുന്ന ഗ്രന്ഥമാണ്. മതം അഭ്യസിക്കാനുതകുന്ന ഗ്രന്ഥം നിങ്ങളുടെ സ്വന്തം മനസ്സും ഹൃദയവുമാണ്. ആത്മജ്ഞാനി പലപ്പോഴും പ്രകൃതിശാസ്ത്രങ്ങളെക്കുറിച്ചു അജ്ഞനായിരിക്കുന്നു; കാരണം അദ്ദേഹം തെറ്റായ ഗ്രന്ഥം-അന്തരംഗഗ്രന്ഥം-ആണ് വായിക്കുന്നത്; പ്രകൃതിശാസ്ത്രജ്ഞന്‍ മിക്കവാറും മതവിഷയത്തില്‍ അജ്ഞനായി കാണപ്പെടുന്നു. കാരണം, അദ്ദേഹവും തെറ്റായ ഗ്രന്ഥം-ബാഹ്യഗ്രന്ഥം-ആണ് പാരായണം ചെയ്യുന്നത്.

ഓരോ ശാസ്ത്രത്തിനുമുണ്ട് അതാതിന്റേതായ മാര്‍ഗ്ഗവിശേഷം. മതമാകുന്ന ശാസ്ത്രത്തിനും അങ്ങനെതന്നെ. അതിനു (മറ്റുള്ളവയേക്കാള്‍) കൂടുതല്‍ മാര്‍ഗ്ഗങ്ങളുണ്ട്. എന്തെന്നാല്‍ അതിനു പ്രവര്‍ത്തിക്കേണ്ട സാമഗ്രികള്‍ കൂടുതലാണ്. ബാഹ്യലോകസാമഗ്രികളെപ്പോലെ ഏകരൂപമല്ല മനുഷ്യമനസ്സ്. വിഭിന്നപ്രകൃതികള്‍ക്കനുസരിച്ചു വിഭിന്നമാര്‍ഗ്ഗങ്ങളുണ്ടാകണം. ഒരു മനുഷ്യനില്‍ ഏതെങ്കിലുമൊരു ജ്ഞാനേന്ദ്രിയം മുന്തിനില്‍ക്കുംപോലെ- ഒരാള്‍ക്കു കാഴ്ചയേറെ, മറ്റൊരാള്‍ക്കു കേള്‍വിയേറെ എന്നിങ്ങനെ-(ഓരോരുത്തനിലും) മുന്തിനില്‍ക്കുന്ന ഒരു മാനസികഭാവമുണ്ട്. ഈ വാതിലില്‍ക്കൂടിയാണ് ഓരോരുത്തനും അവരവരുടെ മനസ്സിന്റെ ഉള്ളറയെ പ്രാപിക്കേണ്ടത്. എങ്കിലും എല്ലാ മനസ്സുകള്‍ക്കും പൊതുവായ ഒരേകത്വമുണ്ട്. അതിനാല്‍, എല്ലാത്തിനും ഉപയുക്തമാക്കാവുന്ന ഒരു ശാസ്ത്രവുമുണ്ട്. മതമാകുന്ന ഈ ശാസ്ത്രം മനുഷ്യാത്മാവിന്റെ അപഗ്രഥനത്തിലധിഷ്ഠിതമാണ്. അതിന് ഇതരവിശ്വാസപ്രമാണമില്ല.

ഒരേ മതസമ്പ്രദായം എല്ലാവര്‍ക്കും പറ്റില്ല. ഓരോന്നും ഒരു ചരടില്‍ കോര്‍ത്തിട്ടുള്ള ഓരോ മുത്തുമണിയാണ്. എല്ലാറ്റിനും മേലെ ഓരോരുത്തനിലുമുള്ള വ്യക്തിത്വം കാണാന്‍ നാം ശ്രദ്ധിക്കണം. ഒരു മനുഷ്യനും മതത്തിലേക്കായി ജനിക്കുന്നില്ല. അവന് അവന്റെ ആത്മാവില്‍ത്തന്നെയുണ്ട് ഒരു മതം. വ്യക്തിത്വത്തെ നശിപ്പിക്കാന്‍ നോക്കുന്ന ഏതു സമ്പ്രദായവും അന്തിമദശയില്‍ ആപത്കരമാണ്. ഓരോ ജീവനിലും ഒരു ശക്തിപ്രവാഹം വ്യാപരിക്കുന്നുണ്ട്. ഈ പ്രവാഹം അതിനെ അചിരേണ ഈശ്വരനിലെത്തിക്കുന്നതാണ്. എല്ലാ മതങ്ങളുടേയും ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഈശ്വരസാക്ഷാല്‍ക്കാരമത്രേ. പരിശീലനങ്ങളില്‍വെച്ച് ഏറ്റവും ഉത്കൃഷ്ടമായ പരിശീലനം ഈശ്വരനെമാത്രം ആരാധിക്കുന്നതാണ്. ഓരോ മനുഷ്യനും അവനവന്റെ ഇഷ്ടാദര്‍ശത്തെ തിരഞ്ഞെടുത്ത് അതില്‍ ഉറച്ചുനിന്നിരുന്നെങ്കില്‍ മതപരമായ എല്ലാ വാദകോലാഹലങ്ങളും അവസാനിച്ചേനേ.