സ്വാമി വിവേകാനന്ദന്‍

മനുഷ്യന്‍ ഈശ്വരന്ന് നല്‍കിയിട്ടുള്ളതിലേക്കും മഹത്തായ പേരത്രേ ‘സത്യം’. സത്യം സാക്ഷാത്കാരഫലമാണ്; അതിനാല്‍ അതിനെ ആത്മാവില്‍ ആരായേണ്ടതാണ്. എല്ലാ ഗ്രന്ഥങ്ങളേയും ചടങ്ങുകളേയും ദൂരെ തള്ളി, സ്വന്തം ആത്മാവിനെ ദര്‍ശിക്കാന്‍ ശ്രമിക്കുക. ‘‘ഗ്രന്ഥങ്ങള്‍ നമ്മെ ഭ്രാന്തു പിടിപ്പിക്കയും ചെയ്യുന്നു’’ എന്ന് ശ്രീകൃഷ്ണഭഗവാന്‍ പ്രസ്താവിക്കുന്നു. പ്രകൃതിയുടെ ദ്വന്ദ്വങ്ങള്‍ക്കപ്പുറം പോവുക.

വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളുമാണ് ‘ജീവിതസര്‍വ്വസ്വ’വും ‘ലക്ഷ്യസര്‍വ്വസ്വ’വുമെന്നു വിചാരിക്കുന്ന മാത്രയില്‍ നിങ്ങള്‍ ബദ്ധരാവുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ മാത്രം അവയില്‍ പങ്കുകൊള്ളുക. എന്നാല്‍ അവ ഒരു ബന്ധനമാകാതിരിക്കാന്‍ കരുതുക. മതം ഒന്നേയുള്ളു. എന്നാല്‍ അതിന്റെ പ്രയോഗത്തില്‍ വൈവിധ്യം അനിവാര്യമത്രേ. അതിനാല്‍ ഓരോരുത്തനും അവനവന്റെ സന്ദേശം നല്‍കട്ടെ; പക്ഷേ, മറ്റു മതങ്ങളുടെ കുറവുകള്‍ കാണാനുദ്യമിക്കരുത്.

വെളിച്ചം കണ്ടെത്തണമെന്നുണ്ടെങ്കില്‍, നിങ്ങള്‍ ചടങ്ങുകള്‍ക്കെല്ലാം പുറത്തു കടക്കണം. ഈശ്വരജ്ഞാനമാകുന്ന പീയൂഷം ആകണ്ഠം പാനം ചെയ്യുക. ‘സോഽഹം’ എന്ന് അനുഭവപ്പെട്ടവന്‍ കീറത്തുണികളുടുത്താലും ആനന്ദമഗ്നനാണ്. നിത്യത്തിലേക്കു നിമഗ്നനാകുക. എന്നിട്ട് നിത്യശക്തിയൊത്തു മടങ്ങിവരിക. അടിമ സത്യത്തെ അന്വേഷിച്ചു പുറപ്പെടുന്നു; സ്വതന്ത്രനായി മടങ്ങിവരുന്നു.