(അമേരിക്കയില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ റിപ്പോര്‍ട്ട്)
ഫ്രാന്‍സില്‍ വളരെ കാലത്തേയ്ക്കു ‘മനുഷ്യന്റെ അവകാശങ്ങള്‍’ ഒരു മുദ്രാവാക്യമായിരുന്നു, അമേരിക്കയില്‍ ഇപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍, പൊതുജനങ്ങളുടെ കര്‍ണ്ണപുടങ്ങളില്‍ കേട്ടു അര്‍ത്ഥിച്ചു കൊണ്ടിരിക്കുന്നു; ഭാരതത്തില്‍ സദാ ‘ദേവതകളുടെ അവകാശങ്ങ’ളെപ്പറ്റിയാണ് ഞങ്ങള്‍ ജാഗരൂകരായിരുന്നിട്ടുള്ളത്.
വേദാന്തം സര്‍വ്വമതസമ്പ്രദായങ്ങളേയും ഉള്‍ക്കൊള്ളുന്നു. ഭാരതത്തില്‍ ഒരാശയവിശേഷം നിലവിലുണ്ട്. എനിക്ക് ഒരു കുട്ടിയുണ്ടെന്നിരിക്കട്ടെ, ഞാനവനെ മനസ്സ് ഏകാഗ്രമാക്കാന്‍ പരിശീലിപ്പിക്കുകയല്ലാതെ, ഒരു മതവും പഠിപ്പിക്കാന്‍ പാടില്ല. ഒപ്പം ഒരു പ്രാര്‍ത്ഥനാവാക്യംകൂടി പഠിപ്പിക്കുന്നു- നിങ്ങളുടെ ധാരണപ്രകാരം ഒരു പ്രാര്‍ത്ഥനയെന്നും പറഞ്ഞുകൂടാ-അതായത് ഇത്രമാത്രം: “ജഗത് സ്രഷ്ടാവിനെ ഞാന്‍ ധ്യാനിക്കുന്നു; അദ്ദേഹം എന്റെ മനസ്സിനെ പ്രബുദ്ധമാക്കട്ടെ.”*
പിന്നീട്, പ്രായമാകുമ്പോള്‍ അവര്‍ പലതരം തത്ത്വശാസ്ത്രങ്ങളെയും മതോപദേശങ്ങളേയും പറ്റി പലേടത്തുനിന്നും കേട്ടു മനസ്സിലാക്കുന്നു. ഒടുവില്‍ അവന്‍ തനിക്കു ബോധിച്ച സത്യമാര്‍ഗ്ഗം കണ്ടെത്തുന്നു. അനന്തരം ആ സത്യമാര്‍ഗ്ഗം ഉപദേശിക്കുന്ന ഒരു ഗുരുവിന്റെ ശിഷ്യത്വവും സ്വീകരിക്കുന്നു.
അവനു ക്രിസ്തുവിനേയോ ബുദ്ധനേയോ മുഹമ്മദിനേയോ ഇഷ്ടംപോലെ ആരാധിക്കാം. ഇവരിലോരോരുത്തന്റെയും അവകാശങ്ങളേയും, എല്ലാ മനുഷ്യര്‍ക്കും അവരവരുടെ ഇഷ്ടദേവനെ അഥവാ ഇഷ്ടമാര്‍ഗ്ഗത്തെ സ്വീകരിക്കാനുള്ള അവകാശത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നു. അതിനാല്‍ ഏകകാലത്ത് എന്റെ മകന്‍ ബുദ്ധമതക്കാരനും ഭാര്യ ക്രിസ്ത്യാനിയും ഞാന്‍ മുഹമ്മദീയനും ആയിരിക്കുവാനും, ഞങ്ങള്‍ പരസ്പരം യാതൊരുരസലുമില്ലാതെ കഴിഞ്ഞുകൂടുവാനും തികച്ചും സാധ്യതയുണ്ട്.
എല്ലാ മര്‍ഗ്ഗങ്ങളും ഈശ്വരനിലേയ്ക്ക് നയിക്കുന്നുവെന്നും സകലരും നമ്മുടെ കണ്ണുകളില്‍ക്കൂടി ഈശ്വരനെ കാണുന്നതിനെ ആശ്രയിച്ചല്ല ലോകപരിഷ്കരണം ഇരിക്കുന്നതെന്നും ഓര്‍മ്മിക്കുവാന്‍ ഞങ്ങള്‍ക്ക് സന്തോഷമാണ്. ഞങ്ങളുടെ അടിസ്ഥാനപരമായ ഒരാശയം തന്നെ, നിങ്ങളുടെ മതവിശ്വാസം എന്റേതോ എന്റേതു നിങ്ങളുടേതോ ആകുവാന്‍ നിവൃത്തിയില്ലെന്നതത്രേ. എന്റെ മതവിഭാഗം ഞാന്‍തന്നെ. നിലവിലുള്ള യുക്തിയുക്തമായ ഏകമതതത്ത്വജ്ഞാനമെന്നു ഞങ്ങള്‍ വിശ്വസിക്കുന്ന ഒരു തത്ത്വജ്ഞാനം ഇന്ത്യയില്‍ ഞങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നുള്ളതു വാസ്തവം. എന്നാല്‍, അതിന്റെ യുക്തിയുക്തതയില്‍ ഞങ്ങള്‍ക്കുള്ള വിശ്വാസംതന്നെ, അതു സകലസത്യാന്വേഷികളേയും ഉള്‍ക്കൊള്ളുന്നു എന്ന വസ്തുതയിലും, എല്ലാ ആരാധനാരീതികളോടും അതിനുള്ള ദാക്ഷീണ്യത്തിലും, പ്രപഞ്ചത്തില്‍ ഈശ്വരാവിഷ്കരണത്തിനുതകുന്ന ആശയങ്ങളെ സ്വാഗതം ചെയ്വാന്‍ അതിന്നുള്ള നിത്യസന്നദ്ധതയിലും അധിഷ്ഠിതമത്രേ.
ഞങ്ങളുടെ സമ്പ്രദായത്തിന്റെ അപൂര്‍ണ്ണത ഞങ്ങള്‍ അംഗീകരിക്കുന്നു; എന്തെന്നാല്‍ സത്യവസ്തു സമ്പ്രദായങ്ങള്‍ക്കെല്ലാം അതീതമാകണം. ഈ അംഗീകരണത്തിലാണ് ഒരു നിത്യവളര്‍ച്ചയ്ക്കുള്ള സൂചനയും സാദ്ധ്യതയും അടങ്ങിയിരിക്കുന്നത്. സമ്പ്രദായങ്ങളും ചടങ്ങുകളും ഗ്രന്ഥങ്ങളും മറ്റും മനുഷ്യന്ന് സ്വസ്വരൂപം സാക്ഷാല്‍ക്കരിക്കുവാന്‍ സഹായങ്ങളായിരിക്കുന്നിടത്തോളം നന്ന്; സാക്ഷാല്‍കാരത്തിനുശേഷം അവന്‍ അവയെയെല്ലാം സന്ത്യജിക്കുന്നു.
“വേദങ്ങളെ ഞാന്‍ തിരസ്കരിക്കുന്നു” എന്നത് വേദാന്തതത്ത്വശാസ്ത്രത്തിന്റെ അന്ത്യവചനങ്ങളത്രേ. ക്രിയാനുഷ്ഠാനങ്ങളേയും സ്തോത്രങ്ങളേയും ശാസ്ത്രഗ്രന്ഥങ്ങളേയും മറ്റും അവലംബിച്ച് ഒരുവന്‍ മുക്തിപദത്തിലെത്തുന്നെങ്കിലും, പിന്നീടവ അയാള്‍ക്കു നിഷ്പ്രയോജനങ്ങളാകുന്നു. ‘സോഽഹം, സോഽഹം’ എന്ന് അവന്റെ ഓഷ്ഠങ്ങളില്‍നിന്ന് ഉദീരണം ചെയ്യുന്നു. അത്തരമൊരുവന്‍, ഈശ്വരനെപ്പറ്റി ‘അവിടുന്ന്’ ‘നീ’ എന്നു പറയുന്നതു അസംബന്ധമാവും. എന്തെന്നാല്‍ അവന്‍ പിതാവുമായി ഐക്യം പ്രാപിച്ചിരിക്കുന്നു.
എന്റെ സ്വന്തം നിലപാടാണെങ്കില്‍, വേദങ്ങളില്‍ യുക്തിയുമായി പൊരുത്തപ്പെടുന്നിടത്തോളം ഭാഗങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നു. വേദങ്ങളിലെ ചില ഭാഗങ്ങള്‍ പ്രഥമദൃഷ്ടിയില്‍ പരസ്പര വിരുദ്ധങ്ങളാണ്. പാശ്ചാത്യരുടെ ഇടയില്‍ സ്വീകൃതമായിട്ടുള്ള അര്‍ത്ഥത്തില്‍, അവ (വേദങ്ങള്‍) ‘ബാഹ്യപ്രചോദനങ്ങ’ളായി ഗണിക്കപ്പെട്ടിട്ടില്ല; അവ ഈശ്വരനെപ്പറ്റി നമുക്കു സിദ്ധിച്ചിട്ടുള്ള അറിവിന്റെ ആകെത്തുകയാണ്. എന്നാല്‍, വേദങ്ങള്‍ എന്ന് ഞങ്ങള്‍ പറയുന്ന ആ ഗ്രന്ഥങ്ങളില്‍മാത്രമാണ് ഈ അറിവ് അടങ്ങിയിരിക്കുന്നതെന്നു പറയുന്നതു പ്രമാദമാവും. എല്ലാ സമ്പ്രദായക്കാരുടെയും മതഗ്രന്ഥങ്ങള്‍ പല തോതിലും അളവിലും ആ അറിവിനു പങ്കാളികളാണെന്നു ഞങ്ങള്‍ക്കറിയാം. യുക്തിയുമായി പൊരുത്തപ്പെടുന്ന വേദഭാഗങ്ങള്‍മാത്രമാണ് വേദം എന്നു മനു പറയുന്നു. ഞങ്ങളുടെ പല തത്ത്വചിന്തകന്മാരും ഈ അഭിപ്രായക്കാരാണ്. ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളിലുംവെച്ച് വേദങ്ങള്‍മാത്രമാണ് വേദപഠനത്തിന് രണ്ടാം സ്ഥാനമേയുള്ളു എന്നു പ്രസ്താവിച്ചിട്ടുള്ളത്.*
ആ അവികാര്യമായ ഒന്നിനെ സാക്ഷാല്‍കരിക്കുന്നതിനുതകുന്നതേതോ, അതാണ് യഥാര്‍ത്ഥജ്ഞാനം. ആ സാക്ഷാല്‍ക്കാരം പാരായണംകൊണ്ടോ വിശ്വസിക്കുന്നതുകൊണ്ടോ യുക്തിവാദം കൊണ്ടോ സാധ്യവുമല്ല. സമാധിയിലെ ബോധാതീതദര്‍ശനംകൊണ്ടേ സാധ്യമാവൂ. ഒരുവന്‍ ആ പൂര്‍ണ്ണാവസ്ഥയിലെത്തിയാല്‍പ്പിന്നെ സഗുണനായ ഈശ്വരന്റെ ഭാവംതന്നെയാണ് അയാള്‍ക്കുള്ളത്. “ഞാനും എന്റെ പിതാവും ഒന്നാണ്.” താന്‍ കേവലബ്രഹ്മത്തില്‍ നിന്നു ഭിന്നനല്ലെന്നുള്ള ബോധം അയാള്‍ക്കുണ്ടാകുന്നു. സഗുണനായ ഈശ്വരനെേപ്പാലെ അയാള്‍ സ്വയം സ്രഷ്ടാവാകുന്നു. ബ്രഹ്മം മായയുടെ (അവിദ്യയുടെ) മറയില്‍ക്കൂടി കാണപ്പെടുന്നതാണ് സഗുണനായ ഈശ്വരന്‍.
പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് സമീപിക്കുന്നിടത്തോളം നമുക്കു ബ്രഹ്മത്തെ സഗുണനായ ഈശ്വരനായിട്ടേ കാണാന്‍ പറ്റൂ. ‘ദ്രഷ്ടാ’വിനെ ‘ദൃശ്യ’നാക്കുക സാധ്യമല്ലെന്നുള്ളതാണ് സംഗതി. ജ്ഞാതാവ് തന്നെത്തന്നെ എങ്ങനെ അറിയും? എന്നാല്‍ അവന് (തന്റെതന്നെ) ഒരു നിഴല്‍ വീഴ്ത്താം; ആ നിഴല്‍ വീഴ്ത്തലിന്റെ -സ്വയം ദൃശ്യനോ ജ്ഞേയനോ ആക്കിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ-ഏറ്റവും സമുന്നത ഭാവമാണ് സഗുണനായ ഈശ്വരന്‍. ആത്മാവ് നിത്യനായ ‘ജ്ഞാതാ’വാണ്. ആത്മാവിനെ ജ്ഞേയമാക്കാന്‍ നാം അവിരാമം യത്നിക്കുകയാണ്. ആ യത്നത്തിന്റെ ഫലമായിട്ടത്രേ ഈ ദൃശ്യപ്രപഞ്ചം, നാം ജഡമെന്നു പറയുന്നത്, ആവിര്‍ഭവിച്ചിട്ടുള്ളത്. എന്നാല്‍ ഇവയൊക്കെ ദുര്‍ബ്ബലയത്നങ്ങളാണ്; നമുക്കു സാധ്യമായതില്‍ ഏറ്റവും സമുന്നതമായ ജ്ഞേയം സഗുണനായ ഈശ്വരനാണ്.
“സത്യസന്ധനായ ഒരീശ്വരന്‍ മനുഷ്യന്റെ ഏറ്റവും ഉത്കൃഷ്ടമായ സൃഷ്ടിയാണ്” എന്ന് നിങ്ങളുടെ പാശ്ചാത്യചിന്തകന്മാരിലൊരാള്‍ പറയുകയുണ്ടായി. മനുഷ്യന്‍ ഏതുപോലെയോ അതുപോലെ ഈശ്വരനും. ഈ മാനുഷികങ്ങളായ അഭിവ്യക്തികളില്‍ക്കൂടിയല്ലാതെ ഒരു മനുഷ്യനും ഈശ്വരനെ കാണാന്‍ വയ്യ. എത്രയൊക്കെ പറഞ്ഞാലും, എങ്ങനെയൊക്കെ ശ്രമിച്ചാലും, ഒരു മനുഷ്യാകാരത്തിലല്ലാതെ നിങ്ങള്‍ക്ക് ഈശ്വരനെപ്പറ്റി ചിന്തിക്കാന്‍ കഴിയില്ല. അതിനാല്‍, നിങ്ങള്‍ എപ്രകാരമോ അപ്രകാരംതന്നെ നിങ്ങളുടെ ഈശ്വരനും. ഒരിക്കല്‍ വെറും പാമരനായ ഒരു മനുഷ്യന്‍ ഒരു ശിവവിഗ്രഹം നിര്‍മ്മിക്കുവാന്‍ നിയുക്തനായി. ഏറിയ നാളത്തെ മെനക്കേടിനുശേഷം ഒരു കുരങ്ങിന്റെ രൂപം ഉണ്ടാക്കുവാനാണ് അയാള്‍ക്ക് കഴിഞ്ഞത്. അതിനാല്‍, ഈശ്വരനെ അവിടുത്തെ കേവലസമ്പൂര്‍ണ്ണാവസ്ഥയില്‍ സങ്കല്‍പ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നാം ദയനീയമായി പരാജയപ്പെടുന്നു, എന്തെന്നാല്‍, നാം പരിമിതരാണ്. ഇപ്പോഴത്തെ നമ്മുടെ സ്വഭാവം ഹേതുവായി. ഈശ്വരനെ മനുഷ്യരൂപത്തില്‍ വിഭാവനം ചെയ്വാന്‍ നാം നിര്‍ബദ്ധരാണ്.
പോത്തുകള്‍ക്ക് ഈശ്വരനെ ആരാധിക്കാന്‍ ആഗ്രഹമുണ്ടായാല്‍ അവയുടെ സ്വന്തം പ്രകൃതിയ്ക്കൊത്ത് അവിടുത്തെ വലിയൊരു പോത്തായിട്ടാവും അവ കാണുക. മത്സ്യത്തിനു ഈശ്വരനെ ആരാധിക്കാന്‍ ആഗ്രഹമുണ്ടായാല്‍, ഈശ്വരനെപ്പറ്റി അതിന്റെ സങ്കല്‍പ്പം വലിയൊരു മത്സ്യമായിരിക്കും; മനുഷ്യന്‍ അവിടുത്തെ മനുഷ്യാകാരത്തിലും വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു.
മനുഷ്യന്‍, പോത്ത്, മത്സ്യം ഇവയത്രയും വിവിധപാത്രങ്ങളാണെന്നു വിചാരിക്കുക. ഈ പാത്രങ്ങള്‍ക്ക് അതാതിനുള്ള അളവും ആകാരവുമനുസരിച്ച്, ജലമുള്‍ക്കൊള്ളുവാന്‍ ഈശ്വരനാകുന്ന സമുദ്രത്തിലേയ്ക്കു പോകുന്നു. മനുഷ്യനില്‍ ജലം മനുഷ്യന്റെ ആകൃതി കൈക്കൊള്ളും. പോത്തില്‍ പോത്തിന്റെ ആകൃതിയും മത്സ്യത്തില്‍ മത്സ്യത്തിന്റെ ആകൃതിയുമാകും വെള്ളത്തിന്. എന്നാല്‍ ഈ ഓരോ പാത്രവും ഈശ്വരനാകുന്ന സമുദ്രത്തിലെ ഒരേ ജലമാണ് ഉള്‍ക്കൊള്ളുന്നത്.
രണ്ടുതരം മനുഷ്യരേ ഈശ്വരനെ മനുഷ്യരൂപത്തില്‍ ആരാധിക്കാതുള്ളു-മതമൊന്നുമില്ലാത്ത മനുഷ്യമൃഗവും, തന്റെ മനുഷ്യപ്രകൃതിയുടെ സീമകളെ ഉല്ലംഘിച്ച പരമഹംസനും. പരമഹംസന് പ്രകൃതി മുഴുവന്‍ താന്‍തന്നെയായിരിക്കുന്നു; അദ്ദേഹത്തിനുമാത്രമാണ് ഈശ്വരനെ അവിടുത്തെ സ്വതവേയുള്ള ഭാവത്തില്‍ ആരാധിക്കാന്‍ കഴിയുക. മനുഷ്യമൃഗം തന്റെ അജ്ഞതനിമിത്തം ആരാധിക്കുന്നില്ല. ജീവന്മുക്തന്മാര്‍ തങ്ങളില്‍ത്തന്നെ ഈശ്വരനെ സാക്ഷാല്‍ക്കരിച്ചിരിക്കനിമിത്തവും. ‘സോഽഹം, സോഽഹം’ എന്നാണവര്‍ പറയുക; അവരെങ്ങനെ തങ്ങളെത്തന്നെ ആരാധിക്കും?
ഒരു ചെറിയകഥ പറയാം. ഒരിക്കല്‍ ഒരു സിംഹക്കുഞ്ഞിനെ അതിന്റെ തള്ള ഒരാട്ടിന്‍പറ്റത്തിനിടയില്‍ പെറ്റിട്ടിട്ട് മരണമടഞ്ഞു. ആടുകള്‍ അതിനെ അഭയവും ഭക്ഷണവും നല്‍കി വളര്‍ത്തി. അത് ആട്ടിന്‍കൂട്ടത്തില്‍ വളര്‍ന്നുവന്നു. ആടുകള്‍ ‘ബാ ബാ’ എന്നു കരയുമ്പോള്‍ സിംഹവും ‘ബാ, ബാ’ എന്നു കരയും. ഒരു ദിവസം മറ്റൊരു സിംഹം അതുവഴി കടന്നുപോയപ്പോള്‍, ആടുകളെപ്പോലെ കരയുന്ന ഈ സിംഹത്തെ കണ്ടു. “നീ ഇവിടെ എന്തു ചെയ്യുന്നു?” എന്ന് രണ്ടാമത്തെ സിംഹം അത്ഭുതത്തോടെ ചോദിച്ചു. “ബാ ബാ. ഞാനൊരു ചെറിയ ആടാണ്; എനിക്കു ഭയമാണ്” എന്നു മറുപടി. ‘അസംബന്ധം, എന്നോടൊരുമിച്ചു വാ; ഞാന്‍ കാണിച്ചു തരാം” എന്നും പറഞ്ഞ് ആഗതസിംഹം അജസിംഹത്തെ ഒരു തെളിഞ്ഞ അരുവിയുടെ കരയ്ക്കു കൊണ്ടുപോയി. വെള്ളത്തില്‍ അതിന്റെ പ്രതിച്ഛായ കാട്ടിക്കൊടുത്തു. “നീ ആടല്ല, ഒരു സിംഹമാണ്. എന്നെ നോക്ക്, ആടുകളെ നോക്ക്. നിന്റെ പ്രതിച്ഛായയും നോക്ക്” അജസിംഹം വെള്ളത്തില്‍ നോക്കിയശേഷം “ഞാന്‍ ആടുകളെപ്പോലെ ഇരിക്കുന്നില്ല എന്നതു വാസ്തവം. ഞാനൊരു സിംഹം തന്നെ.” എന്നു പറഞ്ഞിട്ട്, കുന്നുകള്‍ അടിവരെ കുലങ്ങുമാറ് ഉച്ചത്തിലൊരു ഗര്‍ജ്ജനം ചെയ്തു.
ഇതാണ് സ്ഥിതി. നാം, ശീലമാകുന്ന ആട്ടിന്‍തോല്‍ പുതച്ച സിംഹങ്ങളാണ്. നമ്മുടെ ചുറ്റുപാടുകള്‍, മയക്കുവിദ്യകൊണ്ടെന്നപോലെ നാം ദുര്‍ബ്ബലരാണെന്ന തോന്നല്‍ നമ്മില്‍ രൂഢമൂലമാക്കിയിരിക്കുന്നു. വേദാന്തത്തിന്റെ കൃത്യം ഈ മയക്കത്തിനുള്ള മറുമരുന്നു പ്രയോഗിച്ച് ആത്മബോധം വീണ്ടെടുക്കുകയത്രേ. നമുക്കു പ്രാപിക്കേണ്ട ലക്ഷ്യം സ്വാതന്ത്യ്രമാണ്. സ്വാതന്ത്യ്രമെന്നത് പ്രകൃതിനിയമങ്ങള്‍ക്കു വഴങ്ങി കഴിയുകയാണെന്നുള്ള അഭിപ്രായത്തോടു ഞാന്‍ വിയോജിക്കുന്നു. അതിന്റെ അര്‍ത്ഥമെന്തെന്ന് എനിക്കു മനസ്സിലാകുന്നില്ല. മനുഷ്യപുരോഗതിയുടെ ചരിത്രം നിരീക്ഷിച്ചാല്‍, പ്രകൃത്യധികാരത്തിന്റെ നിഷേധമാണ് ആ പുരോഗതിക്കു നിദാനമെന്നു കാണാം. താഴ്ന്നതരം നിയമങ്ങളുടെ മേല്‍ വിജയം നേടിയത് ഉയര്‍ന്നവയില്‍ക്കൂടിയാണെന്നു പറഞ്ഞേയ്ക്കാം. എന്നാല്‍, അവിടേയും, വിജിഗീഷുവായ മനസ്സ് സ്വാതന്ത്യ്രമാണ് അന്വേഷിച്ചുകൊണ്ടിരുന്നത്, പോരാട്ടം നിയമത്തില്‍ക്കൂടിയാണെന്നു കണ്ട നിമിഷത്തില്‍, അതിനേയും ജയിച്ചടക്കാന്‍ മനസ്സാഗ്രഹിച്ചു. അതിനാല്‍ സ്വാതന്ത്യ്രമാണ് സന്തതാദര്‍ശം. വൃക്ഷങ്ങള്‍ ഒരിക്കലും നിയമം ലംഘിക്കുന്നില്ല; പശു മോഷ്ടിക്കുന്നതായി കണ്ടിട്ടില്ല. മുത്തുച്ചിപ്പി ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല. എങ്കിലും ഇതുകളൊന്നും മനുഷ്യനേക്കാള്‍ വലിയവയല്ല.
അന്ത്യവിശകലനത്തില്‍ നിയമവിധേയത്വം – സമുദായത്തിലോ രാഷ്ട്രീയത്തിലോ മതത്തിലോ എവിടെയായാലും – നമ്മെ വെറും ജഡവസ്തുവാക്കിത്തീര്‍ക്കും. ഈ ജീവിതമെന്നത് ഉഗ്രമായൊരു സ്വാതന്ത്യ്രം പിടിച്ചുപറ്റലാണ്. നിയമബാഹൂല്യം മരണലക്ഷണമാണ്. ഹിന്ദുക്കളുടെയത്ര നിയമങ്ങളുള്ള മറ്റൊരു ജനസമുദായമില്ല. ഫലമോ ജനതയുടെ മരണം. എന്നാല്‍, അവരുടെയിടയില്‍ ഒരാശയവിശേഷം നിലവിലിരുന്നു. അതായത് മതത്തിന്റെ സംഗതിയില്‍ വിശ്വാസങ്ങളും തത്ത്വങ്ങളും ഒന്നും അടിച്ചേല്പിച്ചില്ല. അതിനാല്‍, അവിടെ പരമാവധി വളര്‍ച്ചയുമുണ്ടായി. ആ കാര്യത്തില്‍, നിങ്ങള്‍ പ്രയോഗപടുക്കളല്ലാതെ കാണുന്ന മതത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ പ്രയോഗപടുക്കളാണ്.
അമേരിക്കയില്‍ അഞ്ചോ ആറോ പേര്‍ ഒത്തുകൂടി, “നമുക്കൊരു ജോയിന്റ് സ്റ്റോക്ക് കമ്പനി വേണം” എന്നു പറഞ്ഞാല്‍, അഞ്ചു മിനിട്ടിനുള്ളില്‍ അതു നടപ്പിലാവും. ഇന്ത്യയിലാകട്ടെ, ഇരുപതു പേര്‍ ചേര്‍ന്ന് അത്രയും ആഴ്ചകള്‍ സ്റ്റോക്ക് കമ്പനിയെപ്പറ്റി ചര്‍ച്ച ചെയ്താലും, അത് ഉടലെടുക്കാനിടയില്ല. എന്നാല്‍ നാല്പതു സംവത്സരം കയ്യുയര്‍ത്തിപ്പിടിച്ചുകൊണ്ടു നിന്നാല്‍ ജ്ഞാനസിദ്ധിയുണ്ടാകുമെന്ന് ഒരുവന്‍ വിശ്വസിക്കുന്നുവെങ്കില്‍, അതു അനുഷ്ഠിക്കപ്പെടും. അതിനാല്‍, ഞങ്ങള്‍ ഞങ്ങളുടെ രീതിയിലും നിങ്ങള്‍ നിങ്ങളുടെ രീതിയിലും പ്രയോഗവിചക്ഷണരാണ്.
എന്നാല്‍ സാക്ഷാല്‍ക്കാരത്തിലേയ്ക്കുള്ള വഴികളില്‍വെച്ച് വഴിയായത് സ്നേഹമത്രേ. ഈശ്വരനെ സ്നേഹിക്കുന്നവന്ന് ലോകം മുഴുവന്‍ പ്രിയപ്പെട്ടതാകുന്നു- എന്തെന്നാല്‍ സമസ്തവും ഈശ്വരന്റേതത്രേ. “സമസ്തവും ഈശ്വരന്റേതാണ്; അവിടുന്ന് എന്റെ കമിതാവുമാണ്; ഞാന്‍ അവിടുത്തെ സ്നേഹിക്കുന്നു” എന്നിങ്ങനെയാണ് ഭക്തന്‍ പറയുക. ഇപ്രകാരം സകലവസ്തുക്കളും ഭക്തന്നു വിശുദ്ധങ്ങളായി ഭവിക്കുന്നു. എന്തെന്നാല്‍ സര്‍വവും ഈശ്വരന്റേതത്രേ. അപ്പോള്‍ നമുക്ക് ആരെയെങ്കിലും ദ്രോഹിക്കാവതെങ്ങനെ? അന്യനെ സ്നേഹിക്കായ്വതെങ്ങനെ? ഈശ്വരപ്രേമത്തോടൊപ്പം, അതിന്റെ അനന്തരഫലമായി, കാലാന്തരത്തില്‍ സകലരോടും സ്നേഹം വന്നുചേരും. നാം ഈശ്വരനോടു എത്രകണ്ട് അടുക്കുന്നുവോ, അത്രകണ്ട് എല്ലാം അവനില്‍ പ്രതിഷ്ഠിതമാണെന്നുള്ള വസ്തുത നമുക്കു കൂടുതലായി ബോധപ്പെട്ടു തുടങ്ങും. നമ്മുടെ ഹൃദയം പ്രേമത്തിന്റെ ഒരിക്കലും വറ്റാത്ത ഒരുറവയാകും. ഇത്തരം പ്രേമപ്രകാശസാന്നിധ്യത്തില്‍ മനുഷ്യന്‍ പാടേ മാറിപ്പോകുന്നു. ഒടുവില്‍, പ്രേമവും പ്രേമകര്‍ത്താവും പ്രേമഭാജനവും യഥാര്‍ത്ഥത്തില്‍ ഒന്നാണെന്നുള്ള സുന്ദരവും പ്രചോദകവുമായ സത്യത്തെ അവന്‍ സാക്ഷാല്‍ക്കരിക്കുകയും ചെയ്യുന്നു.