(സ്വാമിജിയുടെ ഒന്നാമത്തെ അമേരിക്കന്‍ സന്ദര്‍ശനകാലത്ത് ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി എഴുതിയത്)
‘ഭൌതികപ്രപഞ്ചരൂപത്തില്‍ അഭിവ്യക്തമാകുന്ന ജഗദ്വിഭാഗം മാത്രമാണ് പ്രകൃതി’ എന്നത്രേ ആധുനികരുടെ ആശയം. ‘മനസ്സ്’ എന്നു പൊതുവെ അറിയപ്പെടുന്നതിനെ അവര്‍ ‘പ്രകൃതി’യായി ഗണിക്കുന്നില്ല.
ഇച്ഛ സ്വാതന്ത്രമാണെന്നു തെളിയിക്കാനുദ്യുക്തരായ തത്ത്വചിന്തകന്മാര്‍, മനസ്സിനെ പ്രകൃതിയില്‍നിന്ന് ഒഴിച്ചുനിര്‍ത്തിയിരിക്കുന്നു. പ്രകൃതിനിയമത്തിന്റെ, മുറുകിയതും അയവറ്റതുമായ നിയമത്തിന്റെ ബന്ധനത്തിലും ഭരണത്തിലും വര്‍ത്തിക്കുന്നതാകയാല്‍, മനസ്സ് പ്രകൃതിയിലുള്‍പ്പെട്ടതായി ഗണിക്കപ്പെടുന്നപക്ഷം അതും നിയമബദ്ധമാണെന്നു വരും. അത് സ്വതന്ത്രേച്ഛ എന്ന വാദത്തിനു മാരകമായിരിക്കും; എന്തെന്നാല്‍ നിയമബദ്ധമായ ഒന്നു സ്വതന്ത്രമാവുക സാധ്യമല്ലല്ലോ.
ഭാരതത്തിലെ തത്ത്വചിന്തകരാകട്ടെ, മറിച്ചൊരു നിലപാടാണ് കൈക്കൊണ്ടത്. അവരുടെ മതമനുസരിച്ച്, അഭിവ്യക്തമോ അനഭിവ്യക്തമോ ആയ സകലഭൌതികവസ്തുവും നിയമബദ്ധമാണ്. ബാഹ്യപ്രകൃതിയെന്നപോലെ, മനസ്സും അതേ നിയമത്താല്‍ തത്തുല്യം ബദ്ധമാണെന്ന് അവര്‍ വാദിക്കുന്നു. മനസ്സു നിയമബദ്ധമല്ലെങ്കില്‍, നാം വിചാരിക്കുന്ന വിചാരങ്ങള്‍ അവയുടെ മുന്‍ഗാമികളായ വിചാരങ്ങളുടെ അവശ്യഫലമല്ലെങ്കില്‍, ഒരുമാനസികാവസ്ഥയ്ക്കു പിമ്പേ അതുല്‍പാദിപ്പിക്കുന്ന മറ്റൊരു മാനസികാവസ്ഥ സംഭവിക്കുന്നില്ലെങ്കില്‍, മനസ്സു യുക്തിരഹിതമാകുന്നു. അപ്പോള്‍, ഇച്ഛ സ്വതന്ത്രമാണെന്നവകാശപ്പെടുകയും അതേ സമയം യുക്തിയുടെ പ്രവര്‍ത്തനത്തെ നിഷേധിക്കുകയും ചെയ്യാന്‍ ആര്‍ക്കു സാധിക്കും? അഥവാ, മറിച്ച്, മനസ്സു കാര്യകാരണനിയമത്തിനു വിധേയമാണെന്നു സമ്മതിച്ചുകൊണ്ട് ഇച്ഛ സ്വതന്ത്രമാണെന്നവകാശപ്പെടാവുന്നതെങ്ങനെ?
നിയമംതന്നെ കാര്യകാരണങ്ങളുടെ പ്രവര്‍ത്തനമത്രേ. ചില സംഗതികള്‍ അവയ്ക്കുമുമ്പുണ്ടായ മറ്റു ചില സംഗതികളനുസരിച്ചു സംഭവിക്കുന്നു. ഏതൊരു പൂര്‍വ്വസംഭവത്തിനുമുണ്ട് ഒരപരസംഭവം. അങ്ങനെയാണ് പ്രകൃതിയില്‍ കാണുന്നത്. ഈ നിയമപ്രവര്‍ത്തനം മനസ്സിനെസ്സംബന്ധിച്ചു നടക്കുന്നുണ്ടെങ്കില്‍, മനസ്സു ബദ്ധമാണ്, സ്വതന്ത്രമല്ല. എങ്കിലും, നാം സ്വതന്ത്രരാണെന്നു നമുക്കേവര്‍ക്കും ബോധമുണ്ട്. നമുക്കങ്ങനെ തോന്നുന്നുണ്ട്. നാം സ്വതന്ത്രരല്ലെങ്കില്‍, ജീവിതം അര്‍ത്ഥശൂന്യമാണ്. അത് ജീവിതാര്‍ഹമാകയുമില്ല.
പൌരസ്ത്യതത്ത്വചിന്തകന്മാര്‍ ഈ തത്ത്വം അംഗീകരിച്ചു, അഥവാ ആവിഷ്കരിച്ചു-അതായത്, മനസ്സും ഇച്ഛയും പൊതുവേ ജഡം എന്നറിയപ്പെടുന്നതിനെപ്പോലെതന്നെ, ദേശകാലനിമിത്തോപാധികള്‍ക്കുള്ളിലാണെന്നും അതിനാല്‍ അവയും കാര്യകാരണനിയമത്തിനധീനമാണെന്നും. നമ്മുടെ ചിന്ത നടക്കുന്നത്. ‘കാല’ത്തിനുള്ളിലാണ്; നമ്മുടെ വിചാരങ്ങള്‍ കാലത്താല്‍ ബദ്ധമാണ്. ജഗത്തിലുള്ള സര്‍വ്വവും ദേശകാലോപാധികള്‍ക്കുള്ളിലാണ് വര്‍ത്തിക്കുന്നത്. സകലതും കാര്യകാരണനിയമത്താല്‍ ബദ്ധവുമാണ്.
ദ്രവ്യമെന്നും മനസ്സെന്നും പറയുന്നവ രണ്ടും ഒരേ സാധനം തന്നെ. സ്പന്ദനത്തിന്റെ മാത്ര സംബന്ധിച്ചുമാത്രമാണ് അവയ്ക്കു വ്യത്യാസം. മനസ്സ് വളരെ കുറഞ്ഞ വേഗത്തില്‍ സ്പന്ദിക്കുമ്പോള്‍, അതു ദ്രവ്യമെന്നറിയപ്പെടുന്നു; ദ്രവ്യം വളരെ കൂടിയ വേഗത്തില്‍ സ്പന്ദിക്കുമ്പോള്‍, അതിനെ മനസ്സെന്നു പറയുന്നു. രണ്ടും ഒരേ വസ്തു. അതിനാല്‍, ദ്രവ്യം ദേശകാലനിയമങ്ങളില്‍ ബദ്ധമായിരിക്കുംപോലെ, കൂടിയ വേഗത്തില്‍ സ്പന്ദിക്കുന്ന ദ്രവ്യംതന്നെയായ മനസ്സും അതേ നിയമത്താല്‍ ബദ്ധമത്രേ.
പ്രകൃതി ഏകരൂപമാണ്. അഭിവ്യക്തിയിലാണ് വ്യത്യാസം. ‘പ്രകൃതി’ എന്ന സംസ്കൃതവാക്കിന്റെ വാച്യമായ അര്‍ത്ഥം വൈചിത്യ്രം എന്നാണ്. സമസ്തവും ഏകവസ്തുതന്നെ; എന്നാല്‍ അത് അനേകവിധത്തില്‍ അഭിവ്യക്തമാകുന്നു. മനസ്സുപോയി ദ്രവ്യമാകുന്നു; ദ്രവ്യം തിരികെ മനസ്സുമാകുന്നു. സ്പന്ദത്തിന്റെ വേഗം സംബന്ധിച്ച ഒരു പ്രശ്നം മാത്രമാണിത്.
ഒരു ഉരുക്കുകമ്പിയില്‍, അതിനെ സ്പന്ദിക്കാന്‍ പര്യാപ്തമായത്ര ശക്തി നിവേശിപ്പിച്ചാല്‍ എന്തുണ്ടാകുന്നു എന്നു നോക്കുക. ഇരുട്ടുമുറിയില്‍വെച്ചാണ് ഇതു നടത്തുന്നതെങ്കില്‍, ആദ്യമായി നിങ്ങള്‍ക്കു വേദ്യമാകുന്നത് ഒരു ശബ്ദം, ഒരു മുരള്‍ച്ച ആയിരിക്കും. ശക്തി വര്‍ദ്ധിപ്പിച്ചാല്‍ ഉരുക്കുകമ്പി ദീപ്തിമത്താകും; പിന്നേയും വര്‍ദ്ധിപ്പിച്ചാല്‍ അതു അപ്രത്യക്ഷമാകും; അതായത് അതു മനസ്സാകും.
ഇനി വേറൊരുദാഹരണമെടുക്കാം. ഞാന്‍ പത്തു നാള്‍ ഒന്നും ഭക്ഷിക്കാതിരുന്നാല്‍, എനിക്കു ചിന്തിക്കാനുള്ള കഴിവില്ലാതാകും. അല ഞ്ഞുതിരിയുന്ന ചില വിചാരശകലങ്ങള്‍മാത്രമാണ് അപ്പോള്‍ എന്റെ മന സ്സിലുണ്ടാവുക. ഒരു പക്ഷേ, സ്വന്തം പേരുപോലും ഓര്‍മ്മിക്കാന്‍ കഴിയാ ത്തവണ്ണം ഞാന്‍ ദുര്‍ബ്ബലനാകും. അനന്തരം കുറച്ചാഹാരം കഴിച്ചാല്‍ അല്പസമയത്തിനുള്ളില്‍ ചിന്തിക്കാന്‍ കഴിവുണ്ടായിത്തുടങ്ങും. എന്റെ മനസ്സിന്റെ ശക്തി വീണ്ടുകിട്ടിയിരിക്കുന്നു. ഞാന്‍ കഴിച്ച ആഹാരം മന സ്സായി രൂപാന്തരപ്പെട്ടു. അതുപോലെ, മനസ്സ് അതിന്റെ സ്പന്ദത്തിന്റെ വേഗം കുറച്ച്, ശരീരരൂപത്തില്‍ അഭിവ്യക്തമാകുന്നു, ദ്രവ്യമായി മാറുന്നു.
ഇനി, ആദ്യമുണ്ടായതു ദ്രവ്യമോ, മനസ്സോ എന്ന പ്രശ്നം. ഒരുദാഹരണമെടുക്കാം. കോഴി മുട്ടയിടുന്നു; മുട്ടയില്‍നിന്നു മറ്റൊരു കോഴിയുണ്ടാകുന്നു. ആ കോഴിയെ പിന്നെ മുട്ടയിടുന്നു, ആ മുട്ട വേറൊരു കോഴിയെ ഉളവാക്കുന്നു-ഇങ്ങനെ ആ ശൃംഖല അവസാനമില്ലാതെ തുടരുന്നു. അപ്പോള്‍ ആദ്യമുണ്ടായതു മുട്ടയോ കോഴിയോ? കോഴിയിട്ടതല്ലാത്ത മുട്ടയെപ്പറ്റിയോ, മുട്ട വിരിഞ്ഞല്ലാതുണ്ടായ കോഴിയെപ്പറ്റിയോ നമുക്കു ചിന്തിക്കാന്‍ വയ്യ; എന്നാല്‍, ആദ്യമേതായാലും അതുകൊണ്ടു വ്യത്യാസമൊന്നും വരുന്നില്ല. മിക്കവാറും നമുക്കുള്ള എല്ലാ ആശയങ്ങളും ഈ കോഴി-മുട്ടക്കാര്യത്തിന്റെ രൂപം കൈക്കൊള്ളുന്നു.
ഏറ്റവും മഹത്തായ സത്യങ്ങള്‍ അവയുടെ അത്യന്തലാളിത്യംഹേതുവായി വിസ്മരിക്കപ്പെട്ടുപോയിട്ടുണ്ട്. മഹത്തായ സത്യങ്ങള്‍ ലളിതങ്ങളാണ്. കാരണം, അവയുടെ സാര്‍വ്വത്രികമായ പ്രായോഗികസാംഗത്യംതന്നെ. സത്യംതന്നെ എപ്പോഴും ലളിതമാണ്. മനുഷ്യന്റെ അജ്ഞതയാണ് സങ്കീര്‍ണ്ണതയ്ക്കു നിദാനം.
മനുഷ്യന്റെ സ്വതന്ത്രാവസ്ഥ മനസ്സിനെസ്സംബന്ധിച്ചതല്ല; എന്തെന്നാല്‍, മനസ്സ് നിയമബദ്ധമാണ്. അവിടെ സ്വാതന്ത്യ്രമില്ല. മനുഷ്യന്‍ മനസ്സല്ല. ‘ആത്മാ’വാണ്. ആത്മാവ് നിത്യമുക്തനും നിസ്സീമനും ശാശ്വതനുമത്രേ. ഇവിടെ, ഈ ആത്മാവിലത്രേ മനുഷ്യസ്വാതന്ത്യ്രം കുടികൊള്ളുന്നത്. ആത്മാവ് എക്കാലവും സ്വതന്ത്രന്‍തന്നെ. എന്നാല്‍ മനസ്സ്, അതിലെ ക്ഷണികങ്ങളായ തരംഗങ്ങളുമായി സ്വയം സാത്മ്യപ്പെട്ടുകൊണ്ട് ആത്മാവിനെ വിസ്മരിക്കുകയും ദേശകാലനിമിത്തോപാധികളുടെ മായയുടെ ചുഴിയിലകപ്പെട്ടു വഴിതെറ്റി ഉഴലുകയും ചെയ്യുന്നു; നമ്മുടെ ബന്ധനഹേതു ഇതാണ്: നാം സദാ നമ്മുടെ മനസ്സുമായി, ചിത്തത്തിന്റെ വൃത്തിരൂപത്തിലുള്ള മാറ്റങ്ങളുമായി സാത്മ്യപ്പെട്ടു കഴിയുന്നു.
മനുഷ്യന്റെ സ്വതന്ത്രാവസ്ഥ ആത്മാവില്‍ പ്രതിഷ്ഠിതമാണ്. മനസ്സ് ബന്ധനസ്ഥനാണെങ്കിലും ആത്മാവ് സ്വയം സ്വതന്ത്രനാണെന്നറിഞ്ഞ്, ‘ഞാന്‍ സ്വതന്ത്രന്‍, ഞാന്‍ സ്വതന്ത്രന്‍’ എന്നിങ്ങനെ ആ വസ്തുത സദാ പ്രഖ്യാപനം ചെയ്യുന്നുണ്ട്. ഇതാണ് നമ്മുടെ സ്വാതന്ത്യ്രം. നിത്യമുക്തനും നിസ്സീമനും ശാശ്വതനുമായ ആത്മാവ് അതിന്റെ ഉപകരണമായ മനസ്സില്‍ക്കൂടി യുഗയുഗങ്ങളായി കൂടുതല്‍ കൂടുതല്‍ സ്വയം അഭിവ്യക്തമായിവരികയാണ്.
എങ്കില്‍, മനുഷ്യനു പ്രകൃതിയോടുള്ള ബന്ധമെന്ത്? ഏറ്റവും താഴ്ന്ന ജീവിമുതല്‍ മനുഷ്യന്‍വരെയുള്ള എല്ലാവരുടെയും സംഗതിയില്‍, ആത്മാവ് പ്രകൃതിയില്‍ക്കൂടി സ്വയം അഭിവ്യക്തമായിവരികയാണ്. ആത്മാവിന്റെ പരമോച്ചമായ അഭിവ്യക്തി ഏറ്റവും താഴ്ന്ന ജീവിയിലും ഗുപ്തഭാവത്തില്‍ കുടികൊള്ളുന്നുണ്ട്; പരിണാമം എന്ന പ്രക്രിയയില്‍ക്കൂടി അതു സ്വയം ബാഹ്യോന്മുഖമായി പ്രവര്‍ത്തിച്ചുവരികയുമാണ്.
പരിണാമമെന്നു പറയുന്ന പ്രക്രിയ മുഴുവന്‍, സ്വയം അഭിവ്യക്തമാകാനുള്ള ആത്മാവിന്റെ യത്നമത്രേ. അതു പ്രകൃതിയോടുള്ള ഇടതടവില്ലാത്ത പോരാട്ടമാണ്. പ്രകൃതിയുമായി ഒത്തിണങ്ങിപ്പോകുന്നതല്ല, അതിനോടുള്ള സമരമാണ്. മനുഷ്യനെ മനുഷ്യനാക്കുന്നത്. പ്രകൃതിയുമായി അനുരഞ്ജിച്ചു ജീവിക്കുന്നതിനെപ്പറ്റിയും സ്വരച്ചേര്‍ച്ചയില്‍ കഴിയുന്നതിനെപ്പറ്റിയും നാം വളരെയൊക്കെ കേള്‍ക്കുന്നുണ്ട്. എന്നാല്‍, ഇതൊരു തെറ്റായ അഭിപ്രായമാണ്. ഈ മേശ, ഈ പാനപാത്രം, ലോഹങ്ങള്‍, വൃക്ഷങ്ങള്‍, ഇവയൊക്കെ പ്രകൃതിയുമായി രഞ്ജിപ്പിലാണ്; പരിപൂര്‍ണ്ണരഞ്ജിപ്പിലാണ്; ഒരു വികലതയുമില്ല. പ്രകൃതിയുമായി രഞ്ജിപ്പിലാവുകയെന്നുവെച്ചാല്‍, നിശ്ചലാവസ്ഥ. മരണം എന്നാണര്‍ത്ഥം. മനുഷ്യന്‍ ഈ കെട്ടിടം എങ്ങനെ പണിതു? പ്രകൃതിയുമായി രഞ്ജിച്ചിരുന്നിട്ടാണോ? അല്ല, അതുമായി യുദ്ധം ചെയ്തിട്ട്. പ്രകൃതിക്കെതിരായുള്ള നിരന്തരസമരമാണ്, അല്ലാതെ അതുമായി ഒത്തിണങ്ങിപ്പോകുന്നതല്ല മനുഷ്യ പുരോഗതിയുടെ നിദാനം.