മതമെന്നത് ആത്മാവിനെ ആത്മാവായറിയുകയാണ്. ജഡമായിട്ടല്ല. മതം ഒരു വളര്‍ച്ചയാണ്. ഓരോരുത്തനും അതു സ്വയം അനുഭവപ്പെടുത്തേണ്ടിയിരിക്കുന്നു. യേശുക്രിസ്തു മനുഷ്യനെ രക്ഷിക്കാനായി ജീവന്‍ ത്യജിച്ചു എന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. ക്രിസ്ത്യാനികളായ നിങ്ങള്‍ക്കു മതം ഒരു സിദ്ധാന്തത്തിലുള്ള വിശ്വാസമാണ്; ഈ വിശ്വാസത്തില്‍ നിങ്ങളുടെ രക്ഷ (മുക്തി) അന്തര്‍ഭവിച്ചിരിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളായ ഞങ്ങളെസ്സംബന്ധിച്ചാകട്ടെ, സിദ്ധാന്തത്തിനു മുക്തിയുമായി ഒരു ബന്ധവുമില്ല. ഓരോരുത്തനും അവനവനിഷ്ടമുള്ള എന്തു സിദ്ധാന്തത്തിലും വിശ്വസിക്കാം. അല്ലെങ്കില്‍ ഒന്നിലും വിശ്വസിക്കാതിരിക്കാം. പണ്ടൊരു കാലത്ത് യേശുക്രിസ്തു ജീവിച്ചിരുന്നോ ഇല്ലയോ എന്നുള്ളത് നിങ്ങളെസ്സംബന്ധിച്ച് എന്തു വ്യത്യാസമാണുളവാക്കുന്നത്? മോസസ്സ് എരിയുന്ന കുറ്റിക്കാട്ടില്‍ ഈശ്വരനെ കണ്ടു എന്നതില്‍ നിങ്ങള്‍ക്കെന്തു കാര്യലാഭമാണുള്ളത്? എരിയുന്ന കുറ്റിക്കാട്ടില്‍വെച്ചുള്ള മോസസ്സിന്റെ ഈശ്വരദര്‍ശനം നിങ്ങളുടെ ഈശ്വരദര്‍ശനമാകുന്നില്ലല്ലോ; ഉവ്വെങ്കില്‍, മോസസ്സ് ആഹാരം കഴിച്ചിരുന്നത് മതി നിങ്ങള്‍ക്കും. നിങ്ങള്‍ക്കു ഭക്ഷണം ഉപേക്ഷിക്കാം. ഒന്നിലെ യുക്തി മറ്റേതിലും തുല്യമായി ചേരുന്നു. മുന്‍കാലത്തു ജീവിച്ചിരുന്ന ആദ്ധ്യാത്മികമഹാപുരുഷന്മാരുടെ ലിഖിതകഥകള്‍, അവരെപ്പോലെ പ്രവര്‍ത്തിക്കുവാന്‍, മതം സ്വയം അനുഭവപ്പെടുത്തുവാന്‍, നമ്മെ പ്രേരിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞ്, ഒരു നന്മയും നമുക്കു ചെയ്യുന്നില്ല. ക്രിസ്തുവോ മോസസ്സോ മറ്റാരെങ്കിലുമോ എന്തു ചെയ്തിട്ടുണ്ടെങ്കിലും, അതു മുന്നോട്ടു പോകാന്‍ ഒരുത്തേജനം നല്‍കുന്നതൊഴിച്ച് നമുക്കു ലേശവും സഹായമരുളുന്നില്ല.
ഓരോരുത്തനും സ്വന്തമായുള്ള ഓരോ പ്രകൃതമുണ്ട്. ഓരോരുത്തനും അതിനെ അനുസരിക്കുകയും അതില്‍ക്കൂടി സ്വാതന്ത്ര്യത്തിലേയ്ക്കുള്ള സ്വന്തം വഴി കണ്ടെത്തുകയും വേണം. നിങ്ങളുടെ പ്രകൃതിക്കനുസരിച്ചുള്ള നിങ്ങളുടെ വഴി ഏതെന്നു നിര്‍ദ്ദേശിക്കാനും അതില്‍ക്കൂടി നിങ്ങളെ മുമ്പോട്ടു നയിക്കാനും നിങ്ങളുടെ ഗുരുവിനു കഴിയണം. നിങ്ങളുടെ മുഖലക്ഷണംകൊണ്ടുതന്നെ നിങ്ങളുടെ വഴി ഏതെന്നു തിരിച്ചറിയാനും നിങ്ങള്‍ക്കതു പറഞ്ഞുതരാനും അദ്ദേഹത്തിനു കഴിയണം. മറ്റൊരുവന്നുള്ള വഴിയേ പോകാന്‍ നിങ്ങള്‍ ഒരിക്കലും ഉദ്യമിക്കരുത്; എന്തെന്നാല്‍ അതയാളുടെ വഴിയാണ്, നിങ്ങളുടേതല്ല. ആ സ്വന്തം വഴി കണ്ടെത്തിയാല്‍പ്പിന്നെ നിങ്ങള്‍ കയ്യും കെട്ടി നിന്നാല്‍ മതി, മറ്റൊന്നും ചെയ്യേണ്ടതില്ല; ഒഴുക്കു നിങ്ങളെ സ്വാതന്ത്ര്യ (ലക്ഷ്യ)ലെത്തിച്ചുകൊള്ളും. അതിനാല്‍ ആ വഴി കണ്ടെത്തിയാല്‍, ഒരിക്കലും അതില്‍നിന്നു വ്യതിചലിക്കരുത്. നിങ്ങളുടെ വഴിയാണ് നിങ്ങള്‍ക്കുത്തമം; എന്നാല്‍ അതുകൊണ്ട്, അതു മറ്റുള്ളവര്‍ക്കും ഉത്തമമായിരിക്കണമെന്നില്ല.
യഥാര്‍ത്ഥമായ ആദ്ധ്യാത്മികതയുള്ളവര്‍ ആത്മാവിനെ ആത്മാവായിട്ടുതന്നെ കാണുന്നു, ജഡമായിട്ടല്ല. പ്രകൃതിയെ ചലിപ്പിക്കുന്നത് ആത്മാവാണ്; പ്രകൃതിയിലെ സത്യവസ്തു അതത്രേ. കര്‍മ്മം പ്രകൃതിയിലാണ്, ആത്മാവിലല്ല. ആത്മാവ് ഏകാത്മകന്‍. നിര്‍വികാരന്‍, നിത്യന്‍. യഥാര്‍ത്ഥത്തില്‍ ആത്മാവും ജഡവും ഒന്നാണ്. എങ്കിലും ആത്മാവ് ഒരിക്കലും ജഡമാകുന്നില്ല; ജഡം ഒരിക്കലും ആത്മാവാകുന്നുമില്ല.
ആത്മാവ് ഒരിക്കലും കര്‍മ്മം ചെയ്യുന്നില്ല. എന്തിനു ചെയ്യണം? അതിന് അസ്തിത്വം മാത്രമേയുള്ളൂ; അതു മതിതാനും. അതു കേവലസത്തയാണ്, അതിനു കര്‍മ്മത്തിന്റെ ആവശ്യമില്ല.
നിങ്ങള്‍ (ആത്മാവ്) നിയമത്താല്‍ ബദ്ധമല്ല. നിയമബദ്ധത പ്രകൃതിക്കാണ്. മനസ്സ് പ്രകൃതിയിലുള്‍പ്പെട്ടതും നിയമബദ്ധവുമാണ്. പ്രകൃതി, നിയമത്താല്‍, അതിന്റെതന്നെ പ്രവര്‍ത്തനനിയമത്താല്‍ ബദ്ധമാണ്. ഈ നിയമം ഒരിക്കലും ലംഘിക്കപ്പെടാവതല്ല. പ്രകൃതിയുടെ ഒരു നിയമമെങ്കിലും ലംഘിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍, ആ നിമിഷം പ്രകൃതി അപ്പാടേ (നിങ്ങളെസ്സംബന്ധിച്ചിടത്തോളം) അവസാനിക്കും. പിന്നെ പ്രകൃതിയെന്നൊന്നില്ല. സ്വാതന്ത്ര്യം പ്രാപിക്കുന്നവന്‍ പ്രകൃതിനിയമത്തെ ഉല്ലംഘിക്കുന്നു; അയാളെസ്സംബന്ധിച്ചിടത്തോളം പ്രകൃതി മറയത്തു പോകുന്നു. അയാളുടെ മേല്‍ പിന്നീട് അതിന് ആധിപത്യമില്ല. ഓരോരുത്തനും ഒരിക്കല്‍ എന്നന്നേയ്ക്കുമായി നിയമത്തെ ഉല്ലംഘിക്കും; അതോടെ പ്രകൃതിനിമിത്തമായ അയാളുടെ ക്ളേശങ്ങള്‍ അവസാനിക്കുകയും ചെയ്യും.
ഗവണ്‍മ്മെന്റുകള്‍, സാമൂഹ്യസംഘടനകള്‍ മുതലായവ ആപേക്ഷികമായ തിന്മകളാണ്. എല്ലാ സാമൂഹ്യസംഘടനകളും തെറ്റായ സാമാന്യധര്‍മ്മക്രോഡീകരണത്തില്‍ അധിഷ്ഠിതമാണ്. നിങ്ങള്‍ ഒരു സംഘടന രൂപവല്‍ക്കരിച്ച് അതിലുള്‍പ്പെട്ടാല്‍, ആ നിമിഷം മുതല്‍ സംഘടനയ്ക്കു വെളിയിലുള്ളവരെ വിദ്വേഷിച്ചുതുടങ്ങുന്നു. സംഘടനയില്‍ ചേരുമ്പോള്‍, നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ അതിരിടുകയാണ്, സ്വന്തം സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. ഏറ്റവും വലിയ നന്മ ഏറ്റവും കൂടിയ സ്വാതന്ത്ര്യമാണ്. വ്യക്തിക്ക് ഈ സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങാനുള്ള തടസ്സങ്ങളില്ലാതാക്കുകയാകണം നമ്മുടെ ഉന്നം. നന്മ കൂടുകയെന്നാല്‍ കൃത്രിമനിയമങ്ങള്‍ കുറയുകയെന്നാണ്. അത്തരം നിയമങ്ങളെ നിയമങ്ങളെന്നു പറഞ്ഞുകൂടാ. അവ നിയമമായിരുന്നെങ്കില്‍ അവയെ ലംഘിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഇത്തരം നിയമങ്ങള്‍ ലംഘിക്കപ്പെട്ടുപോരുന്നു എന്ന വസ്തുതതന്നെ, അവ നിയമങ്ങളല്ലെന്നുള്ളതിനു വ്യക്തമായ തെളിവാണ്. അലംഘനീയമായ ഒന്നത്രേ നിയമം.
നിങ്ങള്‍ ഒരു വിചാരത്തെ പുറകോട്ടമര്‍ത്തുമ്പോഴൊക്കെയും അതു തല്‍ക്കാലത്തേയ്ക്കു ഗോചരമാകാത്തവിധം ഒരു സ്പ്രിങ്ങിന്റെ ചുരുള്‍കണക്കേ, അമര്‍ത്തിവെയ്ക്കപ്പെടുന്നുവെന്നേയുള്ളു. ഇങ്ങനെ അമര്‍ത്തിവെയ്ക്കപ്പെട്ടതുമൂലം നിരുദ്ധമായ ശക്തിസാകല്യത്തോടുകൂടി ഏതവസരത്തിലും പുറത്തേയ്ക്കു ചാടാനും കൂടുതല്‍ നീണ്ട കാലത്തിനിടയില്‍ ചെയ്യുമായിരുന്ന വിനകള്‍ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ കാട്ടിക്കൂട്ടാനും അതു സന്നദ്ധമായിരിക്കും.
ഓരോ ഔണ്‍സ് ഭോഗാസ്വാദനവും അതിന്റെ വക ഓരോ പൌണ്ട് ദുഃഖാനുഭവം കൊണ്ടുവരുന്നുണ്ട്. ഒരേ ഊര്‍ജ്ജം (ശക്തി) തന്നെയാണ് ഒരു സമയത്തു സുഖമായും മറ്റൊരു സമയത്തു ദുഃഖമായും പ്രകടമാകുന്നത്. ഒരുകൂട്ടം അനുഭവവീചികള്‍ നിലക്കുമ്പോള്‍ മറ്റൊന്ന് ആരംഭിക്കുന്നു. എന്നാല്‍ ചില ദൃഷ്ടാന്തങ്ങളില്‍ കൂടുതല്‍ പുരോഗമിച്ചിട്ടുള്ള വ്യക്തികളുടെ കാര്യത്തില്‍, ഒരേ സമയം ഒന്നിലധികം, ഒരു നൂറുതന്നെ വിഭിന്നവിചാരങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനും മതി.
മനസ്സു സ്വപ്രകൃതി ഹേതുവായിത്തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. മാനസികപ്രവര്‍ത്തനത്തിന്റെ അര്‍ത്ഥം സൃഷ്ടിയെന്നാണ് വിചാരത്തില്‍നിന്നു വാക്കും വാക്കില്‍നിന്നു രൂപവും ഭവിക്കുന്നു. മനസ്സിന് ആത്മാവിനെ പ്രതിബിംബിപ്പിക്കാന്‍ കഴിയണമെങ്കില്‍ മാനസികവും ഭൌതികവുമായ ഈ സൃഷ്ടിയാകെ അവസാനിക്കേണ്ടിയിരിക്കുന്നു.