ദേശത്തിലുള്‍ക്കൊണ്ട ഏതിനും രൂപമുണ്ട്. ദേശത്തിനുതന്നെ രൂപമുണ്ട്. ഒന്നുകില്‍ നിങ്ങള്‍ ദേശത്തിലാണ്. അല്ലെങ്കില്‍ ദേശം നിങ്ങളിലാണ്. ആത്മാവ് ദേശത്തിനെല്ലാം അതീതമാണ്. ദേശം ആത്മാവിലാണ്. ആത്മാവു ദേശത്തിലല്ല.
രൂപം ദേശകാലങ്ങളില്‍ പരിമിതമാണ്. നിമിത്തനിയമത്താല്‍ ബദ്ധവുമാണ്. കാലം മുഴുവന്‍ നമ്മില്‍ (ആത്മാവില്‍) ആകുന്നു. നാം കാലത്തിലല്ല. ആത്മാവ് ദേശകാലങ്ങളിലല്ലായ്കയാല്‍ ദേശകാലങ്ങള്‍ ആത്മാവിലാണ്. അതിനാല്‍, ആത്മാവ് സര്‍വ്വവ്യാപിയാണ്. ഈശ്വരനെപ്പറ്റിയ നമ്മുടെ ആശയം നമ്മുടെതന്നെ ഒരു പ്രതിബിംബമത്രേ.
പഴയ പേര്‍ഷ്യന്‍ഭാഷയ്ക്കും സംസ്കൃതത്തിനും തമ്മില്‍ സാജാത്യമുണ്ട്. ഈശ്വരനെപ്പറ്റിയ ആദിമാശയം പ്രകൃതിയിലെ വിവിധ ദൃശ്യങ്ങളില്‍ അവിടുത്തെ സാത്മീകരിക്കലായിരുന്നു-അതായത് പ്രകൃതിയെ ആരാധിക്കല്‍. അടുത്ത പടിയായി ഓരോ ഗോത്രക്കാര്‍ക്ക് വെവ്വേറെ ഈശ്വരനുണ്ടായി. പിന്നീട്, രാജാക്കന്മാരെ ആരാധിച്ചുതുടങ്ങി.
സ്വര്‍ഗ്ഗസ്ഥനായ ഈശ്വരന്‍ എന്ന ആശയം ഇന്ത്യയിലൊഴികെ എല്ലാ ജനസമൂഹത്തിലും പ്രബലമായി കാണുന്നു. ഈ ആശയം വളരെ സ്ഥൂലമാണ്.
(ഇപ്രകാരമുള്ള നമ്മുടെ) ജീവിതം തുടരുമെന്നുള്ള ആശയം മൂഢമാണ്. ജീവിതത്തില്‍നിന്നു മോചിക്കുംവരെ, ഒരിക്കലും നമുക്കു മരണത്തില്‍നിന്നും മോചിക്കാവതല്ല.