ഈശ്വരനും പ്രകൃതിയും എക്കാലവും വെവ്വേറെയാണെന്നു ദ്വൈതമതം വിചാരിക്കുന്നു. പ്രകൃതിയും പ്രപഞ്ചവും ഈശ്വരനെ ആശ്രയിച്ചുവര്‍ത്തിക്കുന്നു.
അദ്വൈതികള്‍ അത്തരമൊരു ഭേദഭാവം അംഗീകരിക്കുന്നില്ല. അന്തിമവിശകലനത്തില്‍ എല്ലാം ഈശ്വരന്‍തന്നെ എന്നാണ് അവരുടെ വാദം. പ്രപഞ്ചം ഈശ്വരനില്‍ ലയിക്കുന്നു; പ്രപഞ്ചത്തിന്റെ നിത്യചേതന ഈശ്വരനത്രേ.
അദ്വൈതികളെസ്സംബന്ധിച്ച് അനന്തവും സാന്തവും വെറും പദങ്ങള്‍മാത്രം. പ്രപഞ്ചവും പ്രകൃതിയുമൊക്കെ ഭേദകല്പനമൂലം നിലനില്‍ക്കുന്നവയാണ്; പ്രകൃതിതന്നെ ഭേദകല്പനയാണ്.
ഈശ്വരന്‍ എന്തിനു പ്രപഞ്ചത്തെ സൃഷ്ടിച്ചു? സര്‍വ്വസമ്പൂര്‍ണ്ണന്‍ അപൂര്‍ണ്ണത്തെ എന്തിനു സൃഷ്ടിച്ചു? ഇത്യാദി ചോദ്യങ്ങള്‍ക്ക് ഒരിക്കലും ഉത്തരമുണ്ടാവാന്‍ വയ്യ; എന്തെന്നാല്‍ അവ തര്‍ക്കശാസ്ത്രദൃഷ്ട്യാ അസംബന്ധങ്ങളാണ്. യുക്തിക്കു നിലയുള്ളതു പ്രകൃതിയില്‍മാത്രമാണ്. പ്രകൃതിക്കപ്പുറത്തില്ല. ഈശ്വരന്‍ സര്‍വ്വശക്തനാണ്. ഈശ്വരന്‍ എന്തിന് അങ്ങനെയും ഇങ്ങനെയും ചെയ്തു എന്നു ചോദിക്കുന്നത് ഈശ്വരനെ പരിമിതനാക്കുകയാണ്. എങ്ങനെയെന്നാല്‍, പ്രപഞ്ചസൃഷ്ടിയില്‍ അവിടേയ്ക്കു ഒരുദ്ദേശ്യമുണ്ടെന്ന് അതില്‍നിന്നു വ്യഞ്ജിക്കുന്നു. ഈശ്വരന്നൊരുദ്ദേശ്യമുണ്ടെങ്കില്‍ അതൊരു ലക്ഷ്യത്തെ ഉന്നമാക്കിയുള്ള മാര്‍ഗ്ഗമായിരിക്കണം-അതിന്റെ അര്‍ത്ഥം മാര്‍ഗ്ഗത്തെ അവലംബിക്കാതെ ലക്ഷ്യം പ്രാപിക്കാന്‍ ഈശ്വരനു കഴിവില്ലെന്നുമാണ്. എന്തിനെന്നും എന്തുകൊണ്ടെന്നുമുള്ള ചോദ്യങ്ങള്‍ മറ്റൊന്നിനെ ആശ്രയിച്ചിരിക്കുന്ന ഒന്നിനെപ്പറ്റിമാത്രമേ സംഗതമാവൂ.