മതത്തെസ്സംബന്ധിച്ച വലിയൊരു ചോദ്യം, അതിത്രമാത്രം അശാസ്ത്രീയമായിരിക്കുന്നതെന്തുകൊണ്ട് എന്നതാണ്. മതം ഒരു ശാസ്ത്രമാണെങ്കില്‍, അതിനു മറ്റു ശാസ്ത്രങ്ങളെപ്പോലെ അത്ര നിശ്ചയാത്മകത്വമില്ലാത്തതെന്ത്? ഈശ്വരന്‍, സ്വര്‍ഗ്ഗം മുതലായവയിലുള്ള വിശ്വാസമെല്ലാം വെറും ഊഹങ്ങള്‍. കേവലം വിശ്വാസങ്ങള്‍ മാത്രം. അവയെപ്പറ്റി നിശ്ചയാത്മകമായ അറിവൊന്നുമില്ലാത്തതുപോലെയാണിരിക്കുന്നത്. മതത്തെപ്പറ്റിയ നമ്മുടെ ആശയങ്ങള്‍ സര്‍വ്വദാ മാറിക്കൊണ്ടിരിക്കുന്നു. മനസ്സ് ഒരു നിരന്തരപ്രവാഹാവസ്ഥയിലാണ്.
മനുഷ്യന്‍ മാറ്റമില്ലാത്ത ഒരാത്മാവോ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു സാധനമോ ആദിമബുദ്ധമതമൊഴികെ മറ്റെല്ലാ മതങ്ങളും മനുഷ്യന്‍ ഒരാത്മാവാണ്. നിത്യനും അവിനാശിയുമായ ഒരു ഏകകമാണ് എന്നു വിശ്വസിക്കുന്നു.
ആദിമബുദ്ധമതക്കാരാകട്ടെ, മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നൊരു വസ്തുവാണെന്നും, അവന്റെ ബോധതലമെന്നത് അതിവേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരനന്തപരിവര്‍ത്തനപരമ്പരയാണെന്നും വിശ്വസിക്കുന്നു. ഒരോ പരിവര്‍ത്തനവും അതിന്റെ പൂര്‍വ്വഗാമിയുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുനില്‍ക്കുന്നതുപോലെയാകയാല്‍, നിമിത്തനിയമസിദ്ധാന്തത്തെ ഒഴിച്ചുനിര്‍ത്തുകയും ചെയ്തിരിക്കുന്നു.
ഒരു ഏകകമുണ്ടെങ്കില്‍ ഒരു സാധനവുമുണ്ട്; ഏകകം സദാ ഒറ്റവസ്തുവാണ്; മറ്റു വസ്തുതകള്‍ ചേര്‍ന്നുണ്ടായ സംയുക്തവസ്തുവല്ല. അതു മറ്റൊന്നിനെ ആശ്രയിക്കുന്നില്ല. അതു തനിയെ നില്‍ക്കുന്നു. ഒരിക്കലും നാശമില്ലാത്തതുമത്രേ.
ആദിമബുദ്ധമതക്കാര്‍ സകലതും പരസ്പരബന്ധമില്ലാത്തവയാണെന്നും ഏകകമായി ഒന്നുമില്ലെന്നും മനുഷ്യന്‍ ഏകകമാണെന്നുള്ള വാദം തെളിയിക്കാന്‍ നിവൃത്തിയില്ലാത്ത ഒരു വിശ്വാസം മാത്രമാണെന്നും വാദിക്കുന്നു.
അപ്പോള്‍, വലിയ പ്രശ്നമിതാണ്-മനുഷ്യന്‍ ഒരു ഏകകമോ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു പിണ്ഡംമാത്രമോ?
ഇതു നിശ്ചയിക്കാന്‍, ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍, ഒരു മാര്‍ഗ്ഗമേയുള്ളൂ. മനസ്സിന്റെ ഭ്രമണങ്ങളെ (പ്രതിക്ഷണം വിഷയവിഷയാന്തരങ്ങളിലേക്കുള്ള ചംക്രമണത്തെ) നിര്‍ത്തുക; അപ്പോള്‍ മനുഷ്യന്‍ ഒരു ഏകകം, ഒരു കേവലവസ്തു ആണെന്നു തെളിയും. മാറ്റങ്ങളെല്ലാം ചിത്തത്തില്‍, മനസ്സില്‍ ആണ്. ആ മാറ്റങ്ങളല്ല ഞാന്‍; ആയിരുന്നെങ്കില്‍, എനിക്കവയെ നിര്‍ത്താന്‍ സാധിക്കുമായിരുന്നില്ല.
ഓരോരുത്തനും തന്നെത്തന്നെയും മറ്റേവരേയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ ലോകം അതിവിശിഷ്ടമാണെന്നും തനിക്കത്യന്തം സുഖമാണെന്നും. എന്നാല്‍ തന്റെ ജീവിതത്തിലെ കര്‍മ്മപ്രേരകങ്ങളെ പരീക്ഷണം ചെയ്തുതുടങ്ങുമ്പോള്‍ മനുഷ്യന് അറിയാറാകും. താന്‍ അതിനുമിതിനുംവേണ്ടി സാഹസപ്പെടുന്നത് തനിക്കതില്‍നിന്നൊഴിയാന്‍ നിര്‍വ്വാഹമില്ലാഞ്ഞിട്ടാണെന്ന്. അവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നേ ഒക്കൂ. അവനു വിരമിക്കുക സാധ്യമല്ല; അതിനാല്‍, തനിക്കു അതുമിതും വേണമെന്നു തന്നെത്താന്‍ വിശ്വസിപ്പിക്കാന്‍ അവന്‍ ശ്രമിക്കുന്നു. തനിക്കു ഉല്ലാസകാലമാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതില്‍ വിജയിക്കുന്നത് പൂര്‍ണ്ണശരീരാരോഗ്യമുള്ള മനുഷ്യനാണ്. ഈ മനുഷ്യന്‍ തന്റെ ആഗ്രഹങ്ങളുടെ ആഹ്വാനത്തെ സന്ദേഹമെന്യേ ഉടനടി അനുസരിച്ചു പ്രവര്‍ത്തിക്കുന്നു. താന്‍ ആവശ്യം തോന്നിയിട്ട്, സ്വേച്ഛയാ പ്രവര്‍ത്തിക്കുന്നതു പോലെ തോന്നുമെങ്കിലും, തന്നെ മുമ്പോട്ടുന്തിവിടുന്ന, തന്റെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്ന, ഒരു ശക്തിയുടെ പ്രേരണയനുസരിച്ചാണ് അവന്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, പ്രകൃതിയില്‍നിന്ന് ഒട്ടുവളരെ ഇട്ടുതട്ടുകളും ഒട്ടധികം മുറിവുകളും ചതവുകളും ഏറ്റു കഴിയുമ്പോള്‍, ഇതിന്റെയെല്ലാം പരമാര്‍ത്ഥം അവന്‍ ആരാഞ്ഞുതുടങ്ങുന്നു. കൂടുതല്‍ പീഡ അനുഭവപ്പെടുന്നതിനനുസരിച്ച് കൂടുതല്‍ ചിന്തിക്കുന്നതോടെ, തനിക്കതീതമായി ഒരു ശക്തിയാല്‍ പ്രേരിതനാണ് താനെന്നു കേവലം ഗത്യന്തരമില്ലായ്കയാലാണ് താന്‍ കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്നും അവനു മനസ്സിലാകുന്നു. അപ്പോഴവന്‍ എതിര്‍പ്പു തുടങ്ങുന്നു; ഇവിടംമുതല്‍ (പ്രകൃതിയുമായുള്ള) പോരാട്ടം ആരംഭിക്കുകയും ചെയ്യുന്നു.
ഈ വിഷമതകളില്‍നിന്നെല്ലാം ഒരു മോചനമാര്‍ഗ്ഗമുണ്ടെങ്കില്‍, അതു നമ്മില്‍ത്തന്നെയാണ്. നാം എപ്പോഴും യാഥാര്‍ത്ഥ്യത്തെ സാക്ഷാല്‍ക്കരിക്കാന്‍ യത്നിച്ചുവരികയാണ്. സഹജവാസനയാലാണ് നാം അപ്രകാരം യത്നിച്ചുവരുന്നത്. മനുഷ്യമനസ്സിലെ സൃഷ്ടി ഈശ്വരനെ ആവരണം ചെയ്യുന്നു. അതുകൊണ്ടാണ് ഈശ്വരപരമായ ആദര്‍ശങ്ങളില്‍ ഇത്ര വളരെ ഭിന്നത കാണുന്നത്. സൃഷ്ടി നിലയ്ക്കുമ്പോള്‍ മാത്രമേ നമുക്ക് പരമാത്മാവിനെ കണ്ടെത്താന്‍ കഴിയൂ. പരമാത്മാവ് ആത്മാവിലാണ്. സൃഷ്ടിയിലല്ല. അതിനാല്‍ സൃഷ്ടി അവസാനിച്ചാല്‍ നമുക്ക് പരമാത്മാവിനെ അറിയാന്‍ സംഗതിയാകും. നാം നമ്മെപ്പറ്റി ചിന്തിക്കുമ്പോള്‍ ശരീരത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്; അതിനാല്‍ ഈശ്വരനെപ്പറ്റി ചിന്തിക്കുമ്പോഴും ശരിയായി ചിന്തിക്കുന്നു. ആത്മാവു പ്രകാശിക്കുമാറ് മനസ്സിന്റെ ഭ്രമണങ്ങളെ നിര്‍ത്തുകയാണ് നാം ചെയ്യേണ്ടത്. ഇതിനുള്ള പരിശീലനം ശരീരത്തിലാണാരംഭിക്കുക. പ്രാണായാമം ശരീരത്തെ വഴക്കുന്നു. അതിനെ അനുകൂലാവസ്ഥയിലാക്കുന്നു. പ്രാണായാമക്രിയകളുടെ ഉദ്ദേശ്യം ധ്യാനത്തില്‍ ഏകാഗ്രത കൈവരുത്തുകയാണ്. ഒരു നിമിഷത്തേയ്ക്കെങ്കിലും പരിപൂര്‍ണ്ണനിശ്ചലാവസ്ഥ പ്രാപിക്കാന്‍ സാധിക്കുന്നപക്ഷം, നിങ്ങള്‍ ലക്ഷ്യത്തിലെത്തും. അതിനുശേഷം മനസ്സും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നേയ്ക്കാം. എന്നാല്‍ അത് പിന്നീടൊരിക്കലും മുമ്പത്തെ മനസ്സല്ല. അപ്പോള്‍ നിങ്ങള്‍ നിങ്ങളെ നിങ്ങളുടെ യഥാര്‍ത്ഥഭാവത്തിലറിയും. ഒരു നിമിഷനേരത്തേയ്ക്കെങ്കിലും മനസ്സിനെ നിശ്ചലമാക്കുക; അപ്പോള്‍ നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപം നിങ്ങളില്‍ പൊടുന്നനവേ സ്ഫുരിക്കും. സ്വാതന്ത്യ്രം കരഗതമാകും. അതിനുമേല്‍ പിന്നെ ബന്ധമില്ല. കാലത്തിന്റെ ഒരു നിമിഷത്തെ അറിയാമെങ്കില്‍ സമസ്തകാലത്തേയും അറിയാറാകും-എന്തെന്നാല്‍ സമസ്തം ഒന്നിന്റെതന്നെ ശീഘ്രമായ ആവര്‍ത്തനമാണെന്ന സിദ്ധാന്തത്തില്‍നിന്ന് ഈ വസ്തുത സിദ്ധമാകുന്നു. ഒന്നിനെ പാട്ടിലാക്കുക. ഒരു നിമിഷത്തെ കൂലങ്കഷമായി അറിയുക-എങ്കില്‍ സ്വാതന്ത്യ്രം കൈവന്നു.
ആദിമബുദ്ധമതമൊഴിച്ച് എല്ലാ മതങ്ങളും ഈശ്വരനിലും ആത്മാവിലും വിശ്വസിക്കുന്നു. ആധുനികബുദ്ധമതാനുയായികള്‍ ഈശ്വരനിലും ആത്മാവിലും വിശ്വസിക്കുന്നുണ്ട്. ആദിമബുദ്ധമതാനുയായികളുടെ കൂട്ടത്തിലാണ് ബര്‍മ്മക്കാര്‍, തായ്ലന്റുകാര്‍, ചൈനക്കാര്‍ മുതലായവര്‍.
‘പൌരസ്ത്യദീപം’* എന്ന ആര്‍നോള്‍ഡിന്റെ ഗ്രന്ഥം ബുദ്ധമതത്തേക്കാള്‍ കൂടുതലായി വേദാന്തത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.