ജീവിതമരണങ്ങളെസ്സംബന്ധിച്ച നിയമം (380)
ആന്തരപ്രകൃതിയും ബാഹ്യപ്രകൃതിയും-മനസ്സും ജഡവും-ദേശകാലനിമിത്തങ്ങള്‍ക്കുള്ളിലാണ്; കാര്യകാരണനിയമത്തിനധീനവുമാണ്.
മനസ്സിന്റെ സ്വാതന്ത്യ്രമെന്നത് ഒരു വ്യാമോഹമത്രേ. അതു നിയമത്താല്‍ ബദ്ധവും നിയന്ത്രിതവുമായിരിക്കെ എങ്ങനെ സ്വതന്ത്രമാകും?
കര്‍മ്മനിയമം കാര്യകാരണനിയമം തന്നെ.
നമുക്കു സ്വതന്ത്രരാകണം. നാം സ്വതന്ത്രര്‍തന്നെ; അതറിയുകയാണ് കര്‍ത്തവ്യം. അതിലേക്ക്, എല്ലാ അടിമത്തവും എല്ലാത്തരത്തിലുള്ള ബന്ധങ്ങളും തിരസ്കരിക്കണം. ഭൂമിയോടും ഭൂമിയിലുള്ള എല്ലാ വസ്തുക്കളോടും എല്ലാ ആളുകളോടുമുള്ളതുമാത്രമല്ല, സ്വര്‍ഗ്ഗസുഖാദികളിലുള്ള ആസക്തിയും സന്ത്യജിക്കണം.
തൃഷ്ണയാല്‍ നാം ഭൂമിയോടു ബദ്ധരായിരിക്കുന്നു. ഈശ്വരന്‍, സ്വര്‍ഗ്ഗം, മാലാഖമാര്‍ (ദേവതകള്‍) ആദിയായവയോടും അപ്രകാരംതന്നെ. അടിമത്തം മനുഷ്യനോടോ ഈശ്വരനോടോ മാലാഖമാരോടോ ആരോടായാലും അടിമത്തംതന്നെ.
സ്വര്‍ഗ്ഗമെന്ന സങ്കല്‍പ്പം മറയത്തു പോകേണ്ടതാണ്. (അവിടെ സദ്വൃത്തരായ ആളുകള്‍ എക്കാലവും സുഖമായി ജീവിക്കുന്നു എന്നാണ് സങ്കല്‍പ്പം) മരണാനന്തരസ്വര്‍ഗ്ഗലോകത്തെപ്പറ്റിയ ആശയം തരിമ്പെങ്കിലും അര്‍ത്ഥമോ യുക്തിയോ ഇല്ലാത്ത ഒരു മിഥ്യാസ്വപ്നമാണ്. സുഖമെവിടെയുണ്ടോ അവിടെ ദുഃഖമുണ്ട്. ഹര്‍ഷം എവിടെയുണ്ടോ അവിടെ ശോകവും അനിവാര്യം. ഇതു സംശയമറ്റ വസ്തുതയാണ്. ഓരോ പ്രവര്‍ത്തനത്തിനും അതാതിന്റെ പ്രതിപ്രവര്‍ത്തനം ഉണ്ടായേ തീരൂ.
മോക്ഷമെന്നതിന്റെ ശരിയായ ആശയം സ്വാതന്ത്യ്രാശയം മാത്രമാണ്-അതായത്, ഹര്‍ഷം, ശോകം; നന്മ, തിന്മ ഇത്യാദിദ്വന്ദ്വങ്ങളില്‍നിന്നുള്ള സ്വാതന്ത്യ്രം.
അതുകൊണ്ടും പോരാ; നമുക്ക് മരണത്തില്‍നിന്നും വേണം മോചനം. മരണത്തില്‍നിന്നു മോചനം വേണമെങ്കില്‍ ജീവിതത്തില്‍നിന്നു മോചനം ലഭിക്കണം. ജീവിതം മരണത്തിന്റെ ഒരു സ്വപ്നം മാത്രമാണ്. ജീവിതമെവിടെയുണ്ടോ അവിടെ മരണവും ഉണ്ടായിരിക്കും. അതിനാല്‍ മരണത്തില്‍ നിന്നൊഴിയണമെങ്കില്‍ ജീവിതത്തില്‍നിന്നു പിന്മാറുക.
നമുക്കു വിശ്വാസദാര്‍ഢ്യമുണ്ടെങ്കില്‍, നമ്മുടെ വിശ്വാസം വേണ്ടത്ര പ്രബലമാണെങ്കില്‍, നാം നിത്യമുക്തന്മാര്‍തന്നെ. നിങ്ങള്‍ നിത്യനും ശാശ്വതനും നിത്യമുക്തനും നിത്യകൃതാര്‍ത്ഥനും നിത്യധന്യനുമായ ആത്മാവത്രേ. (ആ പരമാര്‍ത്ഥത്തില്‍) നിങ്ങളുടെ വിശ്വാസത്തെ വേണ്ടത്ര പ്രബലമാക്കുക, എന്നാല്‍ ആ നിമിഷത്തില്‍ നിങ്ങള്‍ മുക്തന്‍ തന്നെ.
ദേശകാലനിമിത്തങ്ങളില്‍ പെട്ട സമസ്തവും അസ്വതന്ത്രമാണ്. കാലസമസ്തത്തിനും ദേശസമസ്തത്തിനും നിമിത്തസമസ്തത്തിനും അതീതമാണ് ആത്മാവ്. ബദ്ധമായിരിക്കുന്നത് പ്രകൃതിയാണ്, ആത്മാവല്ല.
അതിനാല്‍ നിങ്ങളുടെ സ്വാതന്ത്യ്രം പ്രഖ്യാപനം ചെയ്തിട്ട്, നിത്യമുക്തവും നിത്യധന്യവുമായ നിങ്ങളുടെ യഥാര്‍ത്ഥസ്വരൂപത്തില്‍ പ്രതിഷ്ഠിതനാവുക.
ദേശകാലനിമിത്തങ്ങള്‍ക്കു നാം മായ എന്നു പറയുന്നു.