(1900 മാര്‍ച്ച് 7-ന് അമേരിക്കയില്‍ ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തെപ്പറ്റി, ഓക്ലണ്ട് ട്രിബ്യൂണ്‍ എന്ന പത്രത്തിന്റെ നിരൂപണമടങ്ങിയ റിപ്പോര്‍ട്ട്).
‘ജീവിതമരണങ്ങളെപ്പറ്റിയ നിയമങ്ങള്‍’ എന്ന വിഷയത്തെ അധികരിച്ച് കഴിഞ്ഞ സായാഹ്നത്തില്‍ സ്വാമി വിവേകാനന്ദന്‍ ഒരു പ്രസംഗം ചെയ്തു. സ്വാമിജി പറഞ്ഞു:
ജനനമരണങ്ങളില്‍നിന്നെങ്ങനെ ഒഴിയാം-സ്വര്‍ഗ്ഗത്തില്‍പ്പോകുന്നതെങ്ങനെയെന്നല്ല, സ്വര്‍ഗ്ഗത്തില്‍ പോകുന്നതില്‍നിന്ന് എങ്ങനെ വിരമിക്കാം – എന്നുള്ളതാണ് ഹിന്ദുവിന്റെ അന്വേഷണവിഷയം.
യാതൊന്നും ഒറ്റയ്ക്കു വേര്‍തിരിഞ്ഞു നില്‍ക്കുന്നില്ല. സകലതും ഒരിക്കലും വിരാമമില്ലാതെ നീങ്ങിക്കൊണ്ടിരിക്കുന്ന കാരണകാര്യശൃംഖലയുടെ ഒരോ കണ്ണിയാണ്. മനുഷ്യനെക്കാള്‍ ഉയര്‍ന്നജീവികളുണ്ടെങ്കില്‍ അവരും നിയമങ്ങള്‍ക്കധീനരാണ്. ജീവന്‍ ജീവനില്‍നിന്നേ ഉളവാകാന്‍ നിവൃത്തിയുള്ളു; അതുപോലെ, വിചാരം വിചാരത്തില്‍നിന്നും ജഡം ജഡത്തില്‍നിന്നും. ജഡത്തില്‍നിന്ന് (പുതുതായി) ഒരു ജഗത്തിനെ സൃഷ്ടിക്കാന്‍ കഴിയില്ല. ജഗത്ത് എക്കാലത്തും നിലവിലുണ്ട്. മനുഷ്യജീവികള്‍ പ്രകൃതിയില്‍നിന്ന് പെട്ടെന്ന് ആവിര്‍ഭവിക്കുന്നവരാണെങ്കില്‍ അവര്‍ സംസ്കാരങ്ങള്‍ (മാനസികപ്രവണതകള്‍, കൂടാതെ ജനിക്കണം, എന്നാല്‍ അങ്ങനെയല്ല നാം ഭൂമിയിലേക്കു വരുന്നത്. നാം പുത്തനായി സൃഷ്ടിക്കപ്പെടുകയല്ലെന്നുള്ളതിനു തെളിവാണിത്. മനുഷ്യാത്മാക്കളെ ശൂന്യത്തില്‍നിന്നു സൃഷ്ടിക്കാമെങ്കില്‍, അവര്‍ക്ക് ശൂന്യത്തിലേക്ക് മടങ്ങുവാന്‍ എന്തു പ്രതിബന്ധം? നാം അനന്തഭാവികാലവും ജീവിച്ചിരിക്കേണ്ടവരാണെങ്കില്‍, അനന്തഭൂതകാലത്തിലും നാം ജീവിച്ചിരുന്നിരിക്കണം.
ഹിന്ദുവിന്റെ വിശ്വാസം ആത്മാവു മനസ്സോ ശരീരമോ അല്ലെന്നാണ്. ‘ഞാന്‍ ഞാനാണ്’ എന്നു പറയാനുള്ള കഴിവോടെ, മാറ്റമില്ലാതെ സ്ഥായിയായി നിലകൊള്ളുന്നതെന്താണ്? ശരീരമല്ല; എന്തെന്നാല്‍ അതു സര്‍വ്വദാ മാറിക്കൊണ്ടിരിക്കുന്നു. മനസ്സല്ല; എന്തെന്നാല്‍ അതു ശരീരത്തെക്കാള്‍ വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്നു – ഏതാനും മിനിട്ടു സമയത്തേക്കുപോലും ഒരേ വിചാരം അവിടെ തങ്ങിനില്‍ക്കുന്നില്ല. ഒരു നദിക്ക് അതിന്റെ തിട്ടുകളെന്നപോലെ, മനുഷ്യനിലും മാറ്റമില്ലാത്ത വല്ലതുമൊന്നുണ്ടായിരിക്കണം. നദിയുടെ തിട്ടുകള്‍ ചലനമില്ലാതെ സ്ഥിരമായി നിലകൊള്ളുന്നു. അവയുടെ സ്ഥാവരതകൊണ്ടത്രേ നദീജലത്തിന്റെ നിരന്തരപ്രവാഹത്തെപ്പറ്റി നമുക്കു ബോധമുണ്ടാകുന്നത്. ശരീരത്തിന്റെ പിന്നില്‍, മനസ്സിന്റെയും പിന്നില്‍, മനുഷ്യനെ ഒരു ഏകകമാക്കുന്ന ഒന്ന്, ആത്മാവ്, ഉണ്ടായിരിക്കണം. മനസ്സെന്നത്, യജമാനനായ ആത്മാവിനു ശരീരത്തിന്മേല്‍ പ്രവര്‍ത്തിക്കാനുതകുന്ന സൂക്ഷ്മാകാരമായ ഉപകരണംമാത്രം. ഇന്ത്യയില്‍ (മരണത്തെ ഉദ്ദേശിച്ച്) ‘ദേഹത്യാഗം ചെയ്തു’ എന്നാണ് ഞങ്ങള്‍ പറയാറുള്ളത്; നിങ്ങളാകട്ടെ, ‘ആത്മാവിനെ ഉപേക്ഷിച്ചു’ എന്നു പറയുന്നു. മനുഷ്യന്‍ ആത്മാവാണെന്നും അവന്നൊരു ശരീരമുണ്ടെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍, മനുഷ്യന്‍ ശരീരമാണെന്നും അവന് ആത്മാവുണ്ടെന്നും പാശ്ചാത്യര്‍ വിശ്വസിക്കുന്നു.
സങ്കീര്‍ണ്ണമായ (സംയുക്തമായ) ഏതൊന്നിനെയും മരണം ഗ്രസിക്കുന്നു. ആത്മാവു മറ്റു വസ്തുക്കള്‍ ചേര്‍ന്നുണ്ടായ ഒരു (സംയുക്ത) വസ്തുവല്ല. അതൊരു ഒറ്റ വസ്തുവാണ്. അതിനാല്‍ അതിനു മരണം സാധ്യമല്ല. സ്വഭാവേനതന്നെ അത് അമൃതമാകണം. ശരീരവും മനസ്സും ആത്മാവും കൂടി (കര്‍മ്മ) നിയമമാകുന്ന ചക്രത്തില്‍ ഭ്രമണം ചെയ്യുന്നു. ആര്‍ക്കും അതില്‍നിന്നൊഴിയുക സാധ്യമല്ല. നക്ഷത്രങ്ങള്‍, സൂര്യന്‍ മുതലായവയെപ്പോലെതന്നെ, നമുക്കും നിയമത്തെ അതിക്രമിക്കാന്‍ കഴിവില്ല- സമസ്തവും ചേര്‍ന്ന ഒരു നിയമപ്രപഞ്ചമാകുന്നു. ഏതു കര്‍മ്മത്തിനും നേരത്തേയോ താമസിച്ചോ ഒരു അനന്തരഫലമുണ്ടായേ തീരൂ എന്നതാണ് കര്‍മ്മനിയമസിദ്ധാന്തം. ഈജിപ്തിലെ ഒരു മമ്മിയുടെ കയ്യില്‍നിന്നെടുത്ത 5000 കൊല്ലത്തെ പഴക്കമുള്ള ഒരു വിത്തു പാകിയപ്പോള്‍ മുളച്ചുവന്നതു മനുഷ്യകര്‍മ്മങ്ങളുടെ, ഒരിക്കലും നശിക്കാത്ത ഫലവ്യാപ്തിക്കു നിദര്‍ശനമാണ്. ഒരു കര്‍മ്മവും (മറ്റൊരു) കര്‍മ്മത്തെ ജനിപ്പിക്കാതെ നശിക്കാനൊക്കില്ല. നമ്മുടെ കര്‍മ്മങ്ങള്‍ അവയുടെ യഥാതഥമായ ഫലത്തെ ഉദ്വഹിക്കേണ്ടത്, ഈ ജീവിതതലത്തില്‍വെച്ചുതന്നെയാണെങ്കില്‍, കാരണ-കാര്യവൃത്തത്തെ മുഴുമിപ്പിക്കുവാന്‍ നാമെല്ലാം ഇവിടേയ്ക്കു മടങ്ങി വന്നേ മതിയാവൂ എന്നു സിദ്ധിക്കുന്നു. ഇതാണ് പുനര്‍ജ്ജന്മസിദ്ധാന്തം. നാം നിയമത്തിന്റെ അടിമകളാണ്, കര്‍മ്മത്തിന്റെ അടിമകളാണ്, തൃഷ്ണയുടെ അടിമകളാണ്, ആഗ്രഹങ്ങളുടെ അടിമകളാണ്. ഇങ്ങനെ ഒരായിരം കൂട്ടത്തിന്റെ അടിമകളാണ്. ജീവിതത്തില്‍ നിന്നുതന്നെ മോചനം ലഭിച്ചാലേ നമുക്ക് ഈ അടിമത്തത്തില്‍നിന്നും മോചനം നേടി സ്വാതന്ത്യ്രം സാധ്യമാകൂ. ഈശ്വരന്‍ മാത്രമാണ് ഏകസ്വതന്ത്രന്‍. ഈശ്വരനും സ്വാതന്ത്യ്രവും ഒരേ വസ്തുതയെ കുറിക്കുന്ന പര്യായപദങ്ങളത്രേ.