മുക്തമനുഷ്യന്നു (പ്രകൃതിയുമായുണ്ടായ) സമരം അര്‍ത്ഥവത്താണെന്ന് ഒരിക്കലും തോന്നുന്നില്ല. എന്നാല്‍ നമുക്ക് അര്‍ത്ഥവത്താണ്. എന്തെന്നാല്‍, നാമരൂപങ്ങളാണ് ലോകത്തെ സൃഷ്ടിക്കുന്നത്.
വേദാന്തത്തില്‍ സമരത്തിനു സ്ഥാനമുണ്ട്. എന്നാല്‍ ഭയത്തിന്നില്ല. നിങ്ങള്‍ സ്വരൂപത്തില്‍ ഉറച്ചുനില്‍ക്കാന്‍ തുടങ്ങുമ്പോള്‍ എല്ലാ ഭയങ്ങളും മാഞ്ഞുപോകും. നിങ്ങള്‍ ബദ്ധനാണെന്നു സ്വയം വിചാരിക്കുന്നപക്ഷം, ബദ്ധനായിത്തന്നെ ഇരിക്കും; സ്വതന്ത്രനാണെന്നു വിചാരിക്കുന്നപക്ഷം സ്വതന്ത്രനാവുകയും ചെയ്യും.
ഈ വ്യാവഹാരികലോകത്തിരിക്കെത്തന്നെ നമുക്കനുഭവപ്പെടുന്നതരം സ്വാതന്ത്യ്രം യഥാര്‍ത്ഥസ്വാതന്ത്യ്രത്തിന്റെ മങ്ങിയ ഒരനുഭൂതിയാണ്; എന്നല്ലാതെ യഥാര്‍ത്ഥസ്വാതന്ത്യ്രമല്ല.
പ്രകൃതിനിയമങ്ങള്‍ക്കു വഴങ്ങുന്നതാണ് സ്വാതന്ത്യ്രം എന്ന അഭിപ്രായത്തോടു ഞാന്‍ വിയോജിക്കുന്നു. അതിന്റെ അര്‍ത്ഥമെന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. മനുഷ്യപുരോഗതിയുടെ ചരിത്രം നിരീക്ഷിച്ചാല്‍ പ്രകൃതിയെ ധിക്കരിച്ചതാണ് ആ പുരോഗതിയുടെ നിദാനമെന്നു കാണാം. താഴ്ന്ന നിയമങ്ങളെ അതിക്രമിച്ചത് ഉയര്‍ന്നവയില്‍ക്കൂടിയാണെന്നു പറഞ്ഞേയ്ക്കാം. എന്നാല്‍ അവിടെയും വിജിഗീഷുവായ മനസ്സു സ്വാതന്ത്യ്രാര്‍ത്ഥം യത്നിക്കയത്രേ ചെയ്തിട്ടുള്ളത്. പോരാട്ടവും നിയമത്തില്‍ക്കൂടിയാണെന്ന് കണ്ട നിമിഷത്തില്‍ അതിനെയും ജയിച്ചടക്കുവാന്‍ മനസ്സ് ആഗ്രഹിച്ചു. അതിനാല്‍, എങ്ങനെയായാലും സ്വാതന്ത്യ്രമാണാദര്‍ശം. വൃക്ഷങ്ങള്‍ ഒരിക്കലും നിയമം ലംഘിക്കുന്നില്ല. പശു മോഷ്ടിക്കുന്നതായി കണ്ടിട്ടില്ല. മുത്തുചിപ്പി ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല. എങ്കിലും, ഇതുകളൊന്നും മനുഷ്യനേക്കാള്‍ വലിയവയല്ല. ഈ ജീവിതമെന്നതു വിപലുമായ ഒരു സ്വാതന്ത്യ്രസമരമാണ്. അതിരുകടന്ന നിയമവിധേയത്വം, സമുദായത്തിലായാലും രാഷ്്ട്രീയത്തിലായാലും മതത്തിലായാലും, നമ്മെ കേവലം ജഡപദാര്‍ത്ഥമാക്കും. ആവശ്യത്തില്‍ കവിഞ്ഞ നിയമബാഹുല്യം മരണത്തിന്റെ ഒരു സുനിശ്ചിതലക്ഷണമാണ്. ഏതെങ്കിലും സമുദായത്തില്‍ ആവശ്യത്തിലധികം നിയമങ്ങള്‍ നിലവിലുണ്ടെങ്കില്‍, ആ സമുദായം വൈകാതെ നാശമടയുമെന്നുള്ളതിന്റെ പിഴയ്ക്കാത്ത ലക്ഷണമാണത്. നിങ്ങള്‍ ഭാരതത്തിലെ സ്ഥിതിവിശേഷങ്ങളെപ്പറ്റി പഠിച്ചാല്‍ കാണാം, ഹിന്ദുക്കളെപ്പോലെ ഇത്ര വളരെ നിയമങ്ങളുള്ള ഒരു ജനത മറ്റില്ലന്ന്. ഇതിന്റെ ഫലം ആ ജനതയുടെ വിനാശമാണ്. എന്നാല്‍ ഹിന്ദുക്കളുടെ ഇടയില്‍ ഒരു സവിശേഷാശയം നിലവിലിരുന്നു- അതായത് മതത്തിന്റെ കാര്യത്തില്‍ പ്രമാണങ്ങളും വിശ്വാസങ്ങളും ഉണ്ടാക്കിയില്ല. അതിനാല്‍, അവിടെ മതത്തിനു പരമാവധി വളര്‍ച്ചയുണ്ടായി. ശാശ്വതനിയമം സ്വാതന്ത്യ്രമാവാന്‍ തരമില്ല; എന്തെന്നാല്‍ നിത്യവസ്തുവിനെ നിയമത്തിനുള്ളിലാക്കുന്നത് അതിനെ പരിമിതമാക്കുകയാണ്.
ഈശ്വരന് ഒരു അവാപ്തവ്യം ഉണ്ടാവാന്‍ തരമില്ല; അവാപ്തവ്യം ഉണ്ടെന്നുവന്നാല്‍ അവിടുന്നു മനുഷ്യനെക്കാള്‍ മേലെയല്ലാതാവും. ഈശ്വരന് എന്തെങ്കിലും അവാപ്ത്യവും ഉണ്ടായിരിക്കേണ്ട ആവശ്യമെന്ത്? അത്തരം വല്ലതുമുണ്ടായാല്‍, അതവിടേയ്ക്കു ബന്ധനമായേനെ. അവിടുത്തേയ്ക്കു പുറമേ അവിടുത്തെക്കാള്‍ വലിയതായി മറ്റൊന്നുണ്ടായേനെ. ഉദാഹരണത്തിന്, പരവതാനിനെയ്ത്തുകാരന്‍ പരവതാനി നെയ്യുന്ന കഥയെടുക്കുക. ആ ആശയം അയാള്‍ക്കു ബാഹ്യമായ ഒന്നാണ്. അതയാളെക്കാള്‍ വലുതുമാണ്. ഈശ്വരനെസ്സംബന്ധിച്ചിടത്തോളം ബാഹ്യമായ എന്താശയത്തോടാണ് സ്വയം പൊരുത്തപ്പെടാനുള്ളത്? ഏറ്റവും ഗംഭീരന്മാരായ ചക്രവര്‍ത്തിമാര്‍ ചിലപ്പോള്‍ പാവകളുമായി വിനോദിക്കുംപോലെ, ഈശ്വരന്‍ ഈ പ്രകൃതിയുമായി വിനോദിക്കുന്നു. നാം നിയമമെന്നു പറയുന്നതതിനെയാണ്. നാം അതിനെ നിയമമെന്നു വിളിക്കാന്‍ കാരണം, അഭംഗുരമായി നടന്നുപോകുന്ന പ്രകൃതിയുടെ, ചെറുതുണ്ടങ്ങളെമാത്രമേ നമുക്കു കാണാന്‍ കഴിയുന്നുള്ളു എന്നതാണ്. നിയമത്തെസ്സംബന്ധിച്ച നമ്മുടെ ആശയമെല്ലാം ഈ ചെറുതുണ്ടത്തിനുള്ളിലാണ്. നിയമം അനന്തമാണെന്നു പറയുന്നത് – കല്ല് എക്കാലവും കീഴോട്ടു വീഴുമെന്നു പറയുന്നത്-അസംബന്ധമാണ്. എല്ലാ യുക്തിയുടേയും ആസ്പദം അനുഭവങ്ങളാണെങ്കില്‍, അമ്പതു ലക്ഷം വത്സരങ്ങള്‍ക്കുമുമ്പ് കല്ലു വീണിരുന്നോ എന്നു നോക്കാന്‍ ആരുണ്ടായിരുന്നു? അതിനാല്‍, നിയമം മനുഷ്യനിലെ അഭേദ്യഘടകമല്ല. നാം എവിടെ ആരംഭിക്കുന്നുവോ അവിടെ അവസാനിപ്പിക്കുകയും ചെയ്യുമെന്നുള്ളത് ഒരു ശാസ്ത്രീയസിദ്ധാന്തമാണ്. യഥാര്‍ത്ഥത്തില്‍ നാം ക്രമേണ നിയമത്തിനു പുറത്തു കടന്നുകൊണ്ടിരിക്കയാണ്. ഒടുവില്‍ ഒരു പൂര്‍ണ്ണജീവിതത്തിലെ അനുഭൂതികളോടുകൂടി, പാടേപുറത്തു കടക്കുകയും ചെയ്യും. ഈശ്വരനിലും സ്വാതന്ത്യ്രത്തിലുമാണ് നമ്മുടെ തുടക്കം. ഈശ്വരനിലും സ്വാതന്ത്യ്രത്തിലും നാം അവസാനിപ്പിക്കുകയും ചെയ്യും. നമുക്കു കടന്നുപോകാനുള്ള മദ്ധ്യഘട്ടത്തിലാണീ നിയമങ്ങള്‍. ഞങ്ങളുടെ വേദാന്തം നിരന്തരമായ സ്വാതന്ത്യ്രവിളംബരം തന്നെയാണ്. നിയമമെന്ന ആശയംപോലും വേദാന്തിയെ ഭയവിഹ്വലനാക്കുന്നു; ശാശ്വതനിയമമെന്നതു വേദാന്തിക്ക് ഒരു ഭയങ്കരവസ്തുവാണ്, എന്തെന്നാല്‍, പിന്നെ മോചനത്തിനു സാദ്ധ്യതയില്ലല്ലോ. എക്കാലത്തും മനുഷ്യനെ ബന്ധിക്കുന്ന ഒരു ശാശ്വതനിയമമുണ്ടെങ്കില്‍, അവന്ന് ഒരു പുല്‍ക്കൊടിയേക്കാള്‍ എന്താണ് ഭേദം? നിയമത്തെസ്സംബന്ധിച്ച അത്തരം അമൂര്‍ത്താശയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല.
സ്വാതന്ത്യ്രമാണ് നാം അന്വേഷിക്കേണ്ടതെന്നും ആ സ്വാതന്ത്യ്രമാണ് ഈശ്വരനെന്നുമത്രേ ഞങ്ങളുടെ മതം. മറ്റേതു കാര്യത്തിന്റേയും ലക്ഷ്യമായ ആ സുഖംതന്നെയാണ് ഇവിടെയും അവാപ്തവ്യം. എന്നാല്‍ മനുഷ്യന്‍ അതിനെ പരിമിതമായ വല്ലതിലും ആരായുമ്പോള്‍, അതിന്റെ ഒരു പൊരി മാത്രമേ അവന്നു കിട്ടുന്നുള്ളു. ഒരുവന്ന് ഈശ്വരനില്‍ ലബ്ധമാകുന്ന ആ സുഖം തന്നെയാണ് ഒരു മോഷ്ടാവിനു മോഷണം നടത്തുമ്പോഴുണ്ടാകുന്നതും; എന്നാല്‍ കള്ളന് അതിന്റെ ഒരു പൊരിമാത്രമേ കിട്ടുന്നുള്ളു-അതോടൊപ്പം ഒട്ടേറെ ദുരിതാനുഭവവും. യഥാര്‍ത്ഥസുഖം ഈശ്വരനത്രേ; സ്നേഹം ഈശ്വരനാണ്; സ്വാതന്ത്യ്രം ഈശ്വരനാണ്; എന്നാല്‍, ബന്ധനാത്മകമായതൊന്നും ഈശ്വരനല്ല.
മനുഷ്യന്‍ ഇപ്പോള്‍ത്തന്നെ സ്വതന്ത്രനാണ്; പക്ഷേ, അവനതു കണ്ടെത്തേണ്ടിയിരിക്കുന്നു. അവനു സ്വാതന്ത്യ്രമുണ്ടെങ്കിലും ഓരോ നിമിഷവും അവനതു വിസ്മരിക്കുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ നടന്നുവരുന്ന ഈ കണ്ടുപിടിത്തശ്രമമാണ് ഓരോരുത്തന്റേയും ജീവിതസാഫല്യം. ഋഷിയും അജ്ഞനായ മനുഷ്യനും തമ്മിലുള്ള വ്യത്യാസം, ഒരാള്‍ ബോധപൂര്‍വ്വം, മറ്റേയാള്‍ അബോധപൂര്‍വ്വവും ശ്രമം നടത്തുന്നു എന്നതാണ്. പരമാണുമുതല്‍ ജ്യോതിര്‍ഗോളം വരെ സകലതും സ്വാതന്ത്യ്രാര്‍ത്ഥം യത്നം ചെയ്യുന്നു. അജ്ഞനായ മനുഷ്യന്‍ ഒരു പരിധിക്കുള്ളില്‍ കിട്ടുന്ന സ്വാതന്ത്യ്രംകൊണ്ട്- ഉദാഹരണത്തിന് വിശപ്പിന്റെയോ ദാഹത്തിന്റെയോ ബന്ധനത്തില്‍നിന്നുള്ള മോചനംകൊണ്ട്-തൃപ്തിപ്പെടുന്നു. എന്നാല്‍ പൊട്ടിച്ചെറിയേണ്ട, ഇതിനെക്കാള്‍ ശക്തിമത്തായ, ഒരു ബന്ധനമുണ്ടെന്നു ഋഷി വിചാരിക്കുന്നു. അമേരിക്കന്‍ റെഡ് ഇന്ത്യന്റേതുപോലുള്ള സ്വാതന്ത്യ്രം, സ്വതന്ത്യ്രമായി അദ്ദേഹം കരുതുന്നില്ല.
ഞങ്ങളുടെ തത്ത്വചിന്തകന്മാരുടെ വീക്ഷണത്തില്‍ സ്വാതന്ത്യ്രമാണ് ജീവിതലക്ഷ്യം. ജ്ഞാനം ലക്ഷ്യമാക്കാന്‍ വയ്യ. എന്തെന്നാല്‍ ജ്ഞാനം ഒരു സംഘാതമാണ്. ജ്ഞാനമെന്നത് ശക്തിയും സ്വാതന്ത്യ്രവും ചേര്‍ന്ന ഒരു കൂട്ടുവസ്തുവാണ്. സ്വാതന്ത്യ്രം മാത്രമാണ് അഭിലഷണീയം. അതിനെ തേടിയാണ് മനുഷ്യര്‍ ക്ളേശിക്കുന്നത്. ശക്തിലാഭംകൊണ്ടു മാത്രം,ജ്ഞാനമാവില്ല. ഉദാഹരണത്തിന്, ഒരു പ്രകൃതിശാസ്ത്രജ്ഞന് ഏതാനും നാഴിക ദൂരംവരെ ഒരു വൈദ്യുതാഘാതം പ്രസരിപ്പിക്കാന്‍ കഴിയുമെങ്കില്‍, പ്രകൃതിക്ക് അത്തരമൊന്ന് അപരിമിതദൂരത്തെത്തിക്കാന്‍ കഴിയുന്നുണ്ട്; എങ്കില്‍, നാം പ്രകൃതിക്കുവേണ്ടി പ്രതിമകള്‍ നിര്‍മ്മിക്കാത്തതെന്തുകൊണ്ട്? നിയമമല്ല നമുക്കാവശ്യം നിയമത്തെ കവിഞ്ഞുപോകുവാനുള്ള കഴിവാണ്. നമുക്കു നിയമത്തില്‍നിന്നു പുറത്തു കടക്കണം. നിങ്ങള്‍ നിയമബദ്ധരാണെങ്കില്‍ ഒരു മണ്ണാംകട്ടയെപ്പോലാകുന്നു. നിങ്ങള്‍ നിയമാതീതരാണോ, അല്ലയോ എന്നുള്ളതല്ല പ്രശ്നം; നാം നിയമത്തിനതീതരാണെന്നുള്ള നമ്മുടെ വിചാരമാണ് സാരമായിട്ടുള്ളത്. മനുഷ്യചരിത്രമാകെ അതിന്മേല്‍ അധിഷ്ഠിതമത്രേ. ഒരു മനുഷ്യന്‍ വനത്തില്‍ ജീവിക്കുന്നു. അയാള്‍ക്ക് പഠിപ്പോ പാണ്ഡിത്യമോ ഒന്നുമില്ല. അയാള്‍ ഒരു സാധാരണ പ്രകൃതിസംഭവം- ഒരു കല്ലു ഭൂമിയിലേക്കു വീഴുന്നത്- കാണുന്നു. അത് സ്വാതന്ത്യ്രമാണെന്ന് അയാള്‍ വിചാരിക്കുന്നു. ആ കല്ലിന് ഒരാത്മാവുണ്ടെന്ന്-ആത്മാവെന്നതിലെ കാതലായ ആശയം സ്വാതന്ത്യ്രമെന്നാണ്- അയാള്‍ വിചാരിക്കുന്നു. എന്നാല്‍ വീഴാതെ ഗത്യന്തരമില്ലെന്ന അവസ്ഥയാണ് കല്ലിന്റേതെന്ന് അയാള്‍ മനസ്സിലാക്കിത്തുടങ്ങുന്ന നിമിഷത്തില്‍, അതിനെ പ്രകൃതിയെന്നു വിളിക്കുന്നു- അതായത് ജഡപദാര്‍ത്ഥത്തിന്റെ ചേതനാരഹിതമായ ചലനം. എനിക്കു തെരുവിലേക്കു പോവുകയോ പോവാതിരിക്കുകയോ ആവാം. ഒരു മനുഷ്യനെന്ന നിലയില്‍ എനിക്കുള്ള മഹിമ അതിലാണ്. ഞാനവിടെ പോയേ തീരൂ എന്നെനിക്കുറപ്പാണെങ്കില്‍, എന്റെ സ്വതന്ത്രാവസ്ഥ പൊയ്പ്പോയി. ഞാനൊരു യന്ത്രമായി. അനന്തശക്തിയുടെ കലവറയാണെങ്കിലും പ്രകൃതി ഒരു യന്ത്രംമാത്രമാണ്. സ്വാതന്ത്യ്രമത്രേ ചേതനായുക്തമായ ജീവലക്ഷണം.
ആ വനവാസിയായ മനുഷ്യന്റെ വിചാരമാണ് ശരിയെന്നു വേദാന്തം പറയുന്നു. അവന്റെ അവലോകനം ശരിയാണ്. എന്നാല്‍ വിശദീകരണം തെറ്റാണ്. അവന്‍ ഈ പ്രകൃതിയെ സ്വതന്ത്രയായിട്ടാണ്-നിയമബദ്ധയായിട്ടല്ല-കരുതുന്നത്. മനുഷ്യന്റെ അനുഭൂതിസമുച്ചയങ്ങള്‍ക്കെല്ലാം ശേഷമേ നാം അതേ അഭിപ്രായത്തില്‍, തത്ത്വശാസ്ത്രപരമായ വീക്ഷണത്തിലൂടെ ചെന്നുചേരൂ. ഉദാഹരണത്തിന്, എനിക്കു തെരുവിലേക്കു പോകണമെന്നു തോന്നി (ഞാന്‍ അപ്രകാരം പോകുന്നു). പിന്നീട് എന്റെ ഇച്ഛയുടെ പ്രചോദനം കിട്ടിയതനുസരിച്ചു ഞാന്‍ വിരമിക്കുന്നു. തെരുവിലേക്കു പോയതിനും ഇച്ഛയുടെ ഈ പ്രചോദനത്തിനും ഇടയ്ക്കുള്ള സമയം ഞാന്‍ ഏകരൂപമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രവര്‍ത്തനത്തിന്റെ ഏകരൂപതയ്ക്കാണല്ലോ നാം നിയമമെന്നു പറയുന്നത്. എന്റെ പ്രവൃത്തികളിലെ ഈ ഐകരൂപ്യം അവിച്ഛിന്നമല്ല; ഇടയ്ക്കിടെ അതിഹ്രസ്വങ്ങളായ കാലയളവുകളിലേക്കുമാത്രമേ അതു നിലനില്‍ക്കുന്നുള്ളു. ഇക്കാരണത്താല്‍ എന്റെ ചെയ്തികള്‍ നിയമബദ്ധമെന്നു ഞാന്‍ ഗണിക്കുന്നില്ല. ഞാന്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഞാന്‍ അഞ്ചുമിനിട്ടു സമയത്തേക്കു നടക്കാനിറങ്ങുന്നു. ഈ അഞ്ചുമിനിട്ടു സമയത്തെ നടത്തം ഏകരൂപ്യമാണ്. എന്നാല്‍ അതിനു മുമ്പ്, നടക്കാനുള്ള പ്രചോദനം നല്‍കിയ ഇച്ഛാവ്യാപാരമുണ്ടായിട്ടുണ്ട്. അങ്ങനെ, തന്റെ പ്രവര്‍ത്തനങ്ങളെല്ലാം ചെറിയ കാലയളവുകളിലായി വിച്ഛേദിക്കാവുന്നതിനാലും, ഈ ചെറിയ കാലയളവുകളില്‍ (പ്രവര്‍ത്തനത്തിന്) ഐകരൂപ്യമുണ്ടെങ്കിലും അതിനപ്പുറത്ത് അതില്ലാത്തതിനാലും മനുഷ്യന്‍ താന്‍ സ്വതന്ത്രനാണെന്നു വിചാരിക്കുന്നു. ഈ വിധം ഐക്യരൂപമില്ലായ്മ കാണുന്നതിലാണ് സ്വാതന്ത്യ്രാശയം നിലകൊള്ളുന്നത്. പ്രകൃതിയില്‍ സുദീര്‍ഘങ്ങളായ കാലയളവുകളിലേക്കു നിലനില്‍ക്കുന്ന ഐക്യരൂപമേ കാണുന്നുള്ളു. എന്നാല്‍ അവിടെയും ആരംഭത്തിലും അവസാനത്തിലും സ്വതന്ത്രപ്രചോദനങ്ങളുണ്ടായിരിക്കണം. സ്വതന്ത്രപ്രചോദനം ആരംഭത്തിലുണ്ടായി. അതു തുടര്‍ന്നുപൊയ്ക്കൊണ്ടിരിക്കയും ചെയ്തു. എന്നാല്‍ അതിന്റെ കാലയളവു നമ്മുടെ കാലയളവുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെവളരെ നീണ്ടതാണ്. തത്ത്വശാസ്ത്രഭൂമികളനുസരിച്ചുള്ള വിശകലനത്തില്‍ നാം സ്വതന്ത്രരല്ലെന്നു കാണുന്നു. എന്നാല്‍ ഈയൊരു വസ്തുത, അതായത് ‘ഞാന്‍ സ്വതന്ത്രന്‍’ എന്നുള്ള ബോധം, നമ്മില്‍ അവശേഷിക്കുന്നുണ്ട്. ഇതിനൊരു വിശദീകരണം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ രണ്ടു തോന്നലുകളും നമ്മിലുള്ളതായി നമുക്കറിയാം. യുക്തി നമ്മോടു പറയുന്നുണ്ട്. നമ്മുടെ കര്‍മ്മങ്ങളെല്ലാം നിമിത്തകൃതങ്ങളാണെന്ന്. എന്നാല്‍ ഓരോ പ്രചോദനത്തിലൂടെയും നാം നമ്മുടെ സ്വാതന്ത്യ്രം പ്രഖ്യാപനം ചെയ്യുന്നുമുണ്ട്. ഇതിനു വേദാന്തം നല്‍കുന്ന സമാധാനമിതാണ്. നമ്മുടെയുള്ളില്‍ സ്വാതന്ത്യ്രമുണ്ട്-ആത്മാവ് യഥാര്‍ത്ഥത്തില്‍ സ്വതന്ത്രമാണ്; എന്നാല്‍ ആ ആത്മാവിന്റെ ചെയ്തികള്‍ അസ്വതന്ത്രങ്ങളായ ശരീരമനസ്സുകളില്‍ക്കൂടിയാണ് പ്രകടമാകുന്നത്.
പ്രതിപ്രവര്‍ത്തനം നടത്തുന്ന നിമിഷത്തില്‍ നാം അടിമകളാവുകയാണ്. മറ്റൊരാള്‍ എന്നെ കുറ്റപ്പെടുത്തുന്നു; ഞാനെന്റെ കോപം പ്രകടിപ്പിച്ച് ഉടന്‍ പ്രതിപ്രവര്‍ത്തനം നടത്തുന്നു. അയാള്‍ ഇളക്കിവിട്ട ഒരു ചെറിയ വായുസ്പന്ദം എന്നെ അടിമയാക്കി. അതിനാല്‍ നാം നമ്മുടെ സ്വാതന്ത്യ്രം പ്രകടമാക്കേണ്ടിയിരിക്കുന്നു. ഏറ്റവും ഉന്നതനോ പണ്ഡിതനോ ആയ വ്യക്തിയിലും, ഏറ്റവും ദുഷ്ടനോ നീചനോ ആയ മനുഷ്യനിലും ഏറ്റവും താഴ്ന്ന ഒരു ജന്തുവിലും തുല്യമായി ഒരേ ഈശ്വരനെ ഏവര്‍ ദര്‍ശിക്കുന്നുവോ അവരാണ് ജ്ഞാനികള്‍1. (ഈശ്വരസത്തയല്ലാതെ മനുഷ്യനെയോ സിദ്ധപുരുഷനെയോ ജന്തുവിനെയോ അവര്‍ കാണുന്നില്ല). ഈ ജീവിതത്തില്‍വെച്ചുതന്നെ അങ്ങനെയുള്ളവര്‍ സംസാരത്തെ തരണം ചെയ്തിരിക്കുന്നു. സമത്വമാകുന്ന പാറമേല്‍ അവര്‍ അവരുടെ നിലയുറപ്പിച്ചിരിക്കുന്നു.2 ഈശ്വരന്‍ പവിത്രനും ഏകാത്മകനുമാണ്. അതിനാല്‍ അത്തരമൊരു ജ്ഞാനി കാണപ്പെട്ട ഈശ്വരനായിരിക്കും. ഈ ലക്ഷ്യത്തിലേക്കാണ് നാമേവരും പ്രയാണം ചെയ്യുന്നത്. ഓരോ ആരാധനാസമ്പ്രദായവും മനുഷ്യസമുദായത്തിന്റെ ഓരോ കര്‍മ്മവും അവിടെ എത്തിച്ചേരാനുള്ള ഉപായമാണ്. പണം ആഗ്രഹിക്കുന്ന മനുഷ്യന്‍ സ്വാതന്ത്യ്രത്തിനുവേണ്ടിയാണ് യത്നിക്കുന്നത്. ദാരിദ്യ്രത്തിന്റെ പിടിയില്‍നിന്നു മോചിക്കാന്‍ ഓരോ മനുഷ്യകര്‍മ്മവും ഉപാസനയത്രേ- എന്തെന്നാല്‍ സ്വാതന്ത്യ്രമാണതിന്റെ ഉദ്ദേശ്യം; എല്ലാ കര്‍മ്മങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ആ ലക്ഷ്യത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ലക്ഷ്യത്തിലേക്കുള്ള ഗതിയെ പ്രതിബന്ധിക്കുന്ന കര്‍മ്മങ്ങള്‍ നാം വര്‍ജ്ജിക്കേണ്ടതാണ്. ജഗത്തു മുഴുവന്‍ ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആരാധന നടത്തിവരികയാണ്. ആളുകള്‍ അതറിയുന്നില്ലെന്നേയുള്ളു-അവര്‍ ശാപവചനം വമിക്കുമ്പോഴും ശപിക്കപ്പെടുന്ന അതേ ഈശ്വരനെ മറ്റൊരു രൂപത്തിലാരാധിക്കയാണ് ചെയ്യുന്നത്; എന്തെന്നാല്‍ ശപിക്കുന്നവരും സ്വാതന്ത്യ്രാര്‍ത്ഥം യത്നിക്കുന്നവരാണ്. ഏതു കാര്യത്തോടും പ്രതിപ്രവര്‍ത്തനം നടത്തുന്നതുനിമിത്തം തങ്ങള്‍ സ്വയം അതിന്റെ അടിമകളാവുകയാണെന്നുള്ളത് അവര്‍ ഒരിക്കലും ആലോചിക്കാറില്ല. ഒരു യാതനാനുഭവത്തെ വൃഥാ ചെറുക്കുന്നതു ക്ളേശകരമാണ്.
നാം പരിമിതരാണെന്നുള്ള വിശ്വാസത്തില്‍നിന്നു മോചിക്കാമെങ്കില്‍ ഇപ്പോള്‍ത്തന്നെ ഏതു കാര്യവും നമുക്കു സുസാധ്യമാകും. ഏതായാലും അതു കാലത്തെസ്സംബന്ധിച്ച ഒരു പ്രശ്നംമാത്രം. അങ്ങനെയാണെങ്കില്‍ ശക്തി സംഭരിച്ച് കാലദൈര്‍ഘ്യം കുറയ്ക്കുക. അനേകനൂറ്റാണ്ടുകാലംകൊണ്ട് പ്രകൃതി നിര്‍മ്മിക്കുന്ന മാര്‍ബിള്‍ക്കല്ലുകള്‍ അവയുടെ നിര്‍മ്മാണരഹസ്യം മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍ പന്ത്രണ്ടുകൊല്ലത്തിനിടയില്‍ ഉണ്ടാക്കിയെടുത്ത കഥയനുസ്മരിക്കുക.