(1900 മാര്‍ച്ച് 8-ന് അമേരിക്കയില്‍ ഓക്ലണ്ടില്‍വെച്ചു ചെയ്ത ഒരു പ്രഭാഷണത്തെപ്പറ്റി ‘ഓക്ലണ്ടു ട്രിബ്യൂണ്‍’ എന്ന പത്രത്തിന്റെ നിരൂപണമടങ്ങിയ റിപ്പോര്‍ട്ട്)
ഹൈന്ദവതത്ത്വശാസ്ത്രജ്ഞനായ സ്വാമി വിവേകാനന്ദന്‍ വെന്റിഹാളില്‍വെച്ചു കഴിഞ്ഞ സായാഹ്നത്തില്‍ മറ്റൊരു പ്രസംഗം ചെയ്തു. ‘വസ്തുവും നിഴലും’ എന്നായിരുന്നു പ്രസംഗവിഷയം. അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു.
‘നിശ്ചയാത്മകത്വമുള്ള ഒന്നിനെ, ഒരിക്കലും മാറ്റമില്ലാത്ത ഒരു വസ്തുവിനെ, കണ്ടെത്തുവാന്‍ മനുഷ്യാത്മാവ് സദാ യത്നിക്കുന്നു. അതിന് ഒരിക്കലും തൃപ്തി കൈവരുന്നില്ല. ധനം, ഉന്നതപദവി, അഭിലാഷപൂരണം ഇവയൊന്നും സ്ഥിരമല്ല. ഇവ ഒരിക്കല്‍ കൈവന്നാല്‍ പിന്നെയും മനുഷ്യനു തൃപ്തിയില്ലാതാവുന്നു. മാറ്റമില്ലാത്ത ഒന്നിനുവേണ്ടിയുള്ള ഈ ക്ഷുത്തിനെ എങ്ങനെ ശമിപ്പിക്കാമെന്ന് നമ്മെ പഠിപ്പിക്കുന്ന ശാസ്ത്രമത്രേ മതം. പ്രാദേശികമായ നിറപ്പകര്‍ച്ചകള്‍ക്കും രൂപഭേദങ്ങള്‍ക്കുമെല്ലാം പിന്നില്‍ ഈ മതങ്ങളെല്ലാം ഒരേ വസ്തുതതന്നെ പഠിപ്പിക്കുന്നു – മനുഷ്യാത്മാവില്‍മാത്രമാണ് യഥാര്‍ത്ഥ്യമുള്ളതെന്ന്.
“വേദാന്തതത്ത്വശാസ്ത്രം രണ്ടു ലോകങ്ങളുണ്ടെന്നു പഠിപ്പിക്കുന്നു-ഇന്ദ്രിയഗോചരമാകുന്ന ബാഹ്യലോകവും വിചാരമേഖലയാകുന്ന ആന്തരലോകവും.”
“വേദാന്തം അടിസ്ഥാനപരമായ മൂന്നു ഭാവനകളെ (ഉപാധികളെ) ഉന്നയിക്കുന്നു- കാലം,ദേശം, നിമിത്തം. ഇവ ചേര്‍ന്നുള്ളതാണ് ‘മായ’. അതു മനുഷ്യചിന്തയുടെ അധിഷ്ഠാനഭൂമികയാണ്. എന്നാല്‍ ചിന്താജന്യമല്ല. ഇതേ നിഗമനത്തില്‍ കാന്റ് എന്ന ജര്‍മ്മന്‍ തത്ത്വശാസ്ത്രജ്ഞനും പിന്നൊരു കാലത്ത് എത്തിച്ചേരുകയുണ്ടായി.”
‘എന്നിലും പ്രകൃതിയിലും ഈശ്വരനിലും സത്യമായുള്ള വസ്തു ഒന്നുതന്നെ. അഭിവ്യക്തിയുടെ മാതിരിയുള്ള വ്യത്യാസമുള്ള മായയാണ് ഈ വ്യത്യാസമുണ്ടാക്കുന്നത്-തീരരേഖയുടെ വളവുതിരിവുകള്‍ സമുദ്രത്തിന് ഉള്‍ക്കടല്‍, കടലിടുക്ക്, പൊഴി മുതലായ ആകാരഭേദങ്ങള്‍ ഉണ്ടാക്കുംപോലെ. എന്നാല്‍ ആകാരഭേദമുളവാകുന്ന ശക്തി അല്ലെങ്കില്‍ മായ നീക്കം ചെയ്യപ്പെടുമ്പോള്‍ ഭിന്നാകാരങ്ങള്‍ അന്തര്‍ദ്ധാനംചെയ്യുന്നു. വ്യത്യാസങ്ങളില്ലാതാകുന്നു- വീണ്ടും എല്ലാം സമുദ്രംതന്നെ.’
അനന്തരം സ്വാമി പരിണാമവാദത്തിന്റെ മൂലഭാവനകള്‍ വേദാന്തതത്ത്വശാസ്ത്രത്തില്‍ കാണുന്നവയെക്കുറിച്ചു സംസാരിച്ചു.
അദ്ദേഹം ഇങ്ങനെ തുടര്‍ന്നു: ‘എല്ലാ ആധുനികമതങ്ങളും ആരംഭിക്കുന്നത്, മനുഷ്യന്‍ ഒരുകാലത്ത് പവിത്രനായിരുന്നുവെന്നും അവനു പതനമുണ്ടായി എന്നും വീണ്ടും അവന്‍ പവിത്രനാകുമെന്നുള്ള ആശയത്തിലാണ്. ഈ ആശയം അവയ്ക്കെവിടെനിന്നു ലഭിക്കുന്നുവെന്നറിഞ്ഞുകൂടാ. ആത്മാവത്രേ ജ്ഞാനത്തിന്റെ ഇരിപ്പിടം. ബാഹ്യപരിസ്ഥിതികള്‍ ആത്മാവിനു ഒരുത്തേജനം നല്‍കമാത്രം ചെയ്യുന്നു. ജ്ഞാനം ആത്മാവിന്റെ ശക്തിവിശേഷമാണ്. ആത്മാവ് അനേകശതാബ്ദങ്ങളായി തുടരെ ശരീരങ്ങളെ നിര്‍മ്മിക്കുകയാണ്. നാനാരൂപമായ ജീവോല്പത്തികള്‍ ആത്മാവിന്റെ ജീവിതകഥയിലെ തുടര്‍ച്ചയായ അദ്ധ്യായങ്ങള്‍മാത്രം. നാം നിരന്തരം ശരീരങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കയാണ്. ജഗത്തു മുഴുവന്‍ ഒരു നിരന്തര പ്രവാഹാവസ്ഥയിലാണ്-ഹ്രാസവികാസ(പ്രലയ-പ്രഭവ)രൂപത്തിലുള്ള പരിവര്‍ത്തനാവസ്ഥയില്‍, ആത്മാവിനു സാരാംശത്തില്‍ ഒരിക്കലും മാറ്റമുണ്ടാകുന്നില്ലെന്ന് വേദാന്തം സിദ്ധാന്തിക്കുന്നു. എന്നാല്‍ അതു മായാവിശിഷ്ടമാകുന്നു. മനസ്സിനാല്‍ പരിച്ഛേദ്യനായ ഈശ്വരനാണ് പ്രകൃതി. പ്രകൃതിയുടെ പരിണാമങ്ങള്‍ ആത്മാവിനു വേണ്ടിയാണ്. അത് ആത്മാവിന്റേതായി തോന്നിക്കുന്നു. എല്ലാ ജീവികളിലും ആത്മാവ് സാരാംശത്തില്‍ ഒന്നുതന്നെ. അതിന്റെ പ്രകാശനം ജീവികളുടെ ശരീരങ്ങള്‍ക്കനുസരിച്ചാണെന്നുമാത്രം. മനുഷ്യവര്‍ഗ്ഗത്തിനു പൊതുവായിട്ടുള്ള ഈ തത്ത്വമാണ്, ഈ ആത്മൈക്യമാണ് നീതിശാസ്ത്രത്തിന്റെയും സദാചാരത്തിന്റെയും അടിസ്ഥാനം. ആത്മീയമായ ഈ വീക്ഷണത്തിലൂടെ സകലരും ഒന്നാകുന്നു. അതിനാല്‍, സ്വസഹോദരനോട് പ്രവര്‍ത്തിക്കുന്ന ദ്രോഹം ആത്മദ്രോഹം തന്നെയാകും. ‘
ഈ അനന്തമായ ഏകാത്മകതയുടെ ഒരു പ്രകാശംമാത്രമാണ് പ്രേമമെന്നത്. ഏതു ദ്വൈതസമ്പ്രദായമനുസരിച്ചാണ് നിങ്ങള്‍ക്ക് പ്രേമത്തിനൊരു നിദാനം കണ്ടെത്താന്‍ കഴിയുക? ഒരു തത്ത്വശാസ്ത്രജ്ഞന്‍ പറയുന്നു ചുംബനം ‘നരഭോജന’ത്തിന്റെ അവശിഷ്ടമാണെന്ന്- ‘നീ എത്ര രുചികരം’ എന്നുള്ളതിന്റെ ഒരുതരം പ്രകടനമാണെന്ന്. എന്നാല്‍ ഞാനതു വിശ്വസിക്കുന്നില്ല.
‘നാമെല്ലാം ആരായുന്നതെന്താണ്? സ്വാതന്ത്ര്യം! ജീവിതത്തിലെ സകലപ്രയത്നവും പോരാട്ടവും സ്വാതന്ത്യ്രാര്‍ത്ഥമാണ്. അങ്ങോട്ടാണ് മനുഷ്യവര്‍ഗ്ഗങ്ങളും ലോകങ്ങളും ലോകവ്യൂഹങ്ങളും ഒരുമിച്ചു മാര്‍ച്ചു ചെയ്യുന്നത്.’
‘നാം ബന്ധനസ്ഥരാണെങ്കില്‍, നമ്മെ ആരു ബന്ധിച്ചു? അനന്തത്തെ ബന്ധിക്കുവാന്‍ അതിന്നൊഴികെ മറ്റൊരു ശക്തിക്കും കഴിവില്ല.’
പ്രസംഗാനന്തരം പ്രാസംഗികനോടു ചോദ്യങ്ങള്‍ ചോദിക്കാനൊരവസരം നല്‍കപ്പെട്ടു. അവയ്ക്കുത്തരം പറയുവാന്‍ അദ്ദേഹം അരമണിക്കൂര്‍ സമയം വിനിയോഗിക്കയുണ്ടായി.