(1900 മാര്‍ച്ച് 12-ാം തീയതി അമേരിക്കയില്‍ ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട് – ഓക്ലണ്ട് എന്‍ക്വയര്‍’ എന്ന പത്രത്തിന്റെ പത്രാധിപക്കുറിപ്പോടുകൂടി.)
ഒന്നാം യൂണിറ്റേറിയന്‍ ചര്‍ച്ചു വക വെന്റിഹാള്‍ കഴിഞ്ഞ സായാഹ്നത്തില്‍ ഹിന്ദുസന്ന്യാസിയായ സ്വാമി വിവേകാനന്ദന്റെ വീക്ഷണസ്ഥാനത്തുനിന്നുള്ള ‘രക്ഷാമാര്‍ഗ്ഗ’ത്തെക്കുറിച്ചു കേള്‍ക്കാന്‍ തിങ്ങിക്കൂടിയ ശ്രോതാക്കളെക്കൊണ്ടു നിബിഡമായിരുന്നു. സ്വാമികള്‍ ഇവിടെ നടത്തിയ മൂന്നു പ്രസംഗങ്ങളില്‍ ഒടുവിലേത്തതാണിത്.
പലതിന്റേതായ കൂട്ടത്തില്‍ അദ്ദേഹം പ്രസ്താവിച്ചു. ‘ഒരാള്‍ പറയുന്നു, ഈശ്വരന്‍ സ്വര്‍ഗ്ഗത്തിലാണെന്ന്. മറ്റൊരാള്‍ പറയുന്നു, ഈശ്വരന്‍ പ്രകൃതിയിലാണെന്നും സര്‍വ്വത്ര വ്യാപിച്ചിരിക്കുന്നുവെന്നും. എന്നാല്‍ വലിയൊരു സന്ധിഘട്ടം ആസന്നമാകുമ്പോള്‍ ലക്ഷ്യമെല്ലാം ഒന്നാണെന്നു നാം കാണുന്നു. പല പദ്ധതികളനുസരിച്ചു നാം പ്രവര്‍ത്തിക്കുന്നു. എന്നാല്‍ നമ്മുടെ ലക്ഷ്യത്തിന് അന്തരമില്ല.
എല്ലാ വലിയ മതങ്ങള്‍ക്കുമുള്ള രണ്ടു വലിയ മുദ്രാവാക്യങ്ങളാണ് ത്യാഗവും സേവനവും. നമുക്കെല്ലാം സത്യമാണ് വേണ്ടത്. നമുക്കു വേണമെങ്കിലും വേണ്ടെങ്കിലും അതു നമ്മോടണഞ്ഞേ മതിയാവൂ എന്നും നമുക്കറിയാം. ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ നാമെല്ലാം ആ ലക്ഷ്യം പ്രാപിക്കാന്‍ യത്നിച്ചുവരികയാണ്. നമ്മെ അവിടെയെത്തുന്നതില്‍നിന്നു തടയുന്നതെന്താണ്? നാം തന്നെ. നിങ്ങളുടെ പൂര്‍വ്വികന്മാര്‍ അതിനെ ‘ചെകുത്താന്‍’ എന്നു പറഞ്ഞു. എന്നാല്‍ അതു നമ്മുടെതന്നെ ‘അനൃതാഹ’മാകുന്നു.
നാം അടിമത്തത്തില്‍ കഴിയുന്നു. അതില്‍നിന്നു വിട്ടാല്‍ നാം മരിക്കും. തൊണ്ണൂറാണ്ടു കൂരിരുട്ടില്‍ ജീവിച്ചതിനുശേഷം സൂര്യപ്രകാശത്തിലേക്കു കൊണ്ടുവരപ്പെട്ടപ്പോള്‍ വീണ്ടും തന്നെ തന്റെ ഇരുട്ടറയിലാക്കണമെന്നു യാചിച്ച മനുഷ്യനെപ്പോലെയാണ് നാം. നവ്യവും കൂടുതല്‍ സ്വതന്ത്രവുമായ ഒരു ജീവിതസരണി മുമ്പില്‍ തുറന്നുകിടന്നാലും, നിങ്ങള്‍ ആ പഴയ ജീവിതം ഉപേക്ഷിക്കില്ല.
കാര്യങ്ങളുടെ കാതല്‍ കണ്ടെത്തുന്നതിലാണ് വലിയ ബുദ്ധിമുട്ട്. തനിക്കു അനന്തമായ ഒരാത്മാവുണ്ടെന്നു വിചാരിക്കുന്ന മിസ്റ്റര്‍ ജാക്കിന്റെ ക്ഷുദ്രങ്ങളും അധമങ്ങളുമായ, മനോവിഭ്രാന്തികള്‍! മതവൈവിധ്യങ്ങളോടുകൂടിയ മനുഷ്യന്‍ എത്ര ചെറുതായിരിക്കുന്നു! ഒരു രാജ്യത്ത് മതാനുശാസനപ്രകാരംതന്നെ ഒരു മനുഷ്യനു പല ഭാര്യമാരുണ്ട്: മറ്റൊരിടത്ത് ഒരു സ്ത്രീക്ക് പല ഭര്‍ത്താക്കന്മാരുണ്ട്. അതുപോലെ ചില മനുഷ്യര്‍ക്ക് ഒന്നിലധികം ഈശ്വരന്മാരുണ്ട്. ചിലര്‍ക്ക് ഒരീശ്വരനേ ഉള്ളൂ; മറ്റു ചിലര്‍ക്ക് ഈശ്വരനേ ഇല്ല.
എന്നാല്‍ ‘രക്ഷ’യിരിക്കുന്നതു കര്‍മ്മത്തിലും പ്രേമത്തിലും (ഭക്തിയിലും) ആണ്. നിങ്ങള്‍ ഒരു സംഗതി നന്നായി ഹൃദിസ്ഥമാക്കിയാലും, കാലക്രമത്തില്‍ അത് നിങ്ങളുടെ ഓര്‍മ്മയില്‍നിന്നു വഴുതിപ്പോയി എന്നു വരാം. എങ്കിലും അതു അന്തര്‍ബോധത്തില്‍ ചുഴിഞ്ഞിറങ്ങി നിങ്ങളുടെ ഒരംശമായിട്ടുണ്ട്. അതിനാല്‍, നിങ്ങള്‍ ഓരോരോ കര്‍മ്മങ്ങള്‍- നല്ലതായാലും ചീത്തയായാലും- ചെയ്യുന്നതോടൊപ്പം, നിങ്ങളുടെ ഭാവിജീവിതത്തെ സ്വയം രൂപപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങള്‍ സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നെങ്കില്‍ നിഃസ്വാര്‍ത്ഥമായനുഷ്ഠിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ അഭിലാഷാനുസാരമുള്ള സ്വര്‍ഗ്ഗത്തു നിങ്ങള്‍ പോകും. നിങ്ങള്‍ അത്തരം സ്വര്‍ഗ്ഗത്തെപ്പറ്റി സ്വപ്നം കാണും.
ലോകത്തിന്റെ ചരിത്രം അതിലെ മഹാന്മാരുടെ, അതിലെ അര്‍ത്ഥദേവന്മാരുടെ ചരിത്രമല്ല, കടലൊഴുക്കില്‍നിന്നുള്ള മണ്ണുവെച്ചു മുറ്റി, ക്രമേണ വലിയ ഭൂഖണ്ഡങ്ങളായി വളര്‍ന്നുവരുമാറുള്ള സമുദ്രത്തിലെ ചെറുദ്വീപുകള്‍പോലെയാണത്. ഓരോ ഗൃഹത്തിലും അനുഷ്ഠിക്കപ്പെടുന്ന ത്യാഗാത്മകമായ ലഘുപ്രവര്‍ത്തനങ്ങളുടെ ആകെത്തുകയാണ് ലോകചരിത്രം. മനുഷ്യന്‍ സ്വന്തം തീര്‍പ്പിന്മേല്‍ ഊന്നിനില്‍ക്കാന്‍ വിചാരിക്കുന്നില്ലാത്തതുകൊണ്ടാണ് മതം അംഗീകരിക്കുന്നത്. ഒരു ചീത്ത സ്ഥലത്തുനിന്നു മോചനമരുളുന്ന ഏറ്റവും കൊള്ളാവുന്ന വഴിയെന്ന നിലയില്‍ അവനതിനെ കരുതുന്നു.
മനുഷ്യന്റെ ‘രക്ഷ’അവനു തന്റെ ഈശ്വരനോടുള്ള പരമപ്രേമത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ ഭാര്യ നിങ്ങളോടു പറയും, ഓ ജോണ്‍! എനിക്കു നിങ്ങളെക്കൂടാതെ ജീവിതം അസാധ്യമാണെന്ന്; തങ്ങളുടെ കുറേ പണം നഷ്ടപ്പെട്ടാല്‍ ഭ്രാന്താശുപത്രിക്കയയ്ക്കേണ്ട സ്ഥിതിയിലാകുന്ന ചില ആളുകളുണ്ട്. ഇതുപോലുള്ള അഭിനിവേശം ഈശ്വരനോടു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? സ്വത്ത്, സ്നേഹിതന്മാര്‍, മാതാപിതാക്കന്മാര്‍, സഹോദരന്മാര്‍, ഇത്യാദി ലോകത്തിലുള്ളതു മുഴുവന്‍ പരിത്യജിച്ചിട്ട് ഈശ്വരന്റെ പ്രേമത്തെ അവിടുത്തോടഭ്യര്‍ത്ഥിക്കാന്‍ കഴിയുമ്പോഴാണ് നിങ്ങള്‍ ‘രക്ഷാ’മാര്‍ഗ്ഗം കണ്ടെത്തുക.