സ്വാമി വിവേകാനന്ദന്‍

(1900 ഫെബ്രുവരി 15-ാം തീയതി ഓക്ലണ്ടില്‍ ചെയ്ത പ്രസംഗത്തിന്റെ റിപ്പോര്‍ട്ട്-‘ഓക്ലണ്ട് എന്‍ക്വയര്‍’എന്ന പത്രത്തിന്റെ നിരൂപണക്കുറിപ്പോടുകൂടി)

സ്ഥലത്തെ ‘യൂണിറ്റേറിയന്‍ ചര്‍ച്ചി’ല്‍ നടക്കുന്ന മതസമ്മേളനത്തില്‍ ഇന്നലെ സായാഹ്നത്തില്‍ പ്രശസ്ത പൌരസ്ത്യപണ്ഡിതനായ സ്വാമി വിവേകാനന്ദന്‍ വേദാന്തതത്ത്വശാസ്ത്രത്തെ വിശദീകരിച്ചു പ്രസംഗിക്കാമെന്ന വിജ്ഞാപനം വമ്പിച്ചൊരു ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. പ്രധാന ആഡിറ്റോറിയവും അതിന്റെ ഉപശാലകളും നേരത്തെ തിങ്ങിനിറഞ്ഞു. അടുത്തുള്ള വെന്റിഹാള്‍ ആഡിറ്റോറിയം തുറന്നുകൊടുത്തതിലും ആള്‍ നിറഞ്ഞതിനുപുറമേ, കേള്‍ക്കത്തക്ക സൌകര്യസ്ഥാനങ്ങളിലെങ്ങും ഇരിക്കാനോ നില്‍ക്കാനോ ഇടം കിട്ടാതെ ഏകദേശം അഞ്ഞൂറില്‍പ്പരം ആളുകളെ മടക്കി അയയ്ക്കേണ്ടി വന്നതായി കണക്കാക്കപ്പെടുന്നു.

ശ്രോതാക്കളില്‍ ഒരു ഗാഢമുദ്ര പതിക്കുവാന്‍ സ്വാമിക്കു കഴിഞ്ഞു. കൂടെക്കൂടെ കരഘോഷമാര്‍ജ്ജിച്ചിരുന്ന പ്രസംഗം അവസാനിച്ചതിനുമേല്‍ ഉത്സാഹപ്രമത്തരായ ആരാധകരുമായി ഒരു വിശേഷാല്‍ സംഭാഷണമേളയുമുണ്ടായി. ‘ആധുനികലോകത്തു വേദാന്തം അവകാശപ്പെടുന്ന സ്ഥാനം’ എന്ന വിഷയത്തെ അധികരിച്ചു ചെയ്ത പ്രസംഗത്തിനിടയില്‍ അദ്ദേഹം ഭാഗികമായി ഇങ്ങനെ പ്രസ്താവിച്ചു:

‘വേദാന്തം ആധുനികലോകത്തിന്റെ പരിഗണന അവകാശപ്പെടുന്നു. മനുഷ്യസമുദായത്തിലെ ഏറ്റവും കൂടുതലാളുകള്‍ അതിന്റെ പ്രഭാവവലയത്തിലുണ്ട്. ഭാരതത്തിലുള്ള അതിന്റെ അനുഗാമികളുടെ മേല്‍ ദശലക്ഷക്കണക്കിനു വിദേശീയര്‍ ആക്രമണം നടത്തി ബലപ്രയോഗംകൊണ്ട് അവരെ ഞെരിച്ചുപൊടിച്ചിട്ടുണ്ട്. എന്നിട്ടും ആ മതം അതിജീവിക്കുന്നു.’

‘ലോകത്തിലെ ജനങ്ങളിലാകെക്കൂടിയും ഇത്തരമൊരു മതസമ്പ്രദായം കണ്ടെത്താന്‍ കഴിയുമോ? മറ്റു ചില സമ്പ്രദായങ്ങള്‍ ഉത്ഭവിച്ച് അതിന്റെ തണലില്‍ അസ്തമിക്കുന്നുണ്ട്. കുമിള്‍ കുരുക്കുംപോലെ ഉണ്ടായി വരുന്ന അവ ഇന്ന് അഭിവൃദ്ധിയിലാണെങ്കില്‍ നാളെ അന്തര്‍ദ്ധാനം ചെയ്യുകയാവും. ഏറ്റവും കൊള്ളാവുന്നത് അതിജീവിക്കും എന്ന തത്ത്വത്തിന്റെ ദൃഷ്ടാന്തമല്ലേ ഇത്?’

‘അത് ഇന്നും പൂര്‍ണ്ണവളര്‍ച്ചയിലെത്തിയിട്ടില്ലാത്ത ഒരു സമ്പ്രദായമാണ്. ആയിരമായിരം കൊല്ലങ്ങളിലൂടെ അതു വളര്‍ന്നുവന്നു. ഇന്നും വളര്‍ന്നുവരികയാണ്. അതിനാല്‍ ഒരു ചുരുങ്ങിയ മണിക്കൂറുകൊണ്ട് സാധ്യമാകുന്നിടത്തോളം ചില ആശയങ്ങള്‍ നിങ്ങളെ ധരിപ്പിക്കാമെന്നേ ഞാന്‍ വിചാരിക്കുന്നുള്ളു.’

‘ഒന്നാമത്, വേദാന്തമതത്തിന്റെ ഉത്ഭവചരിത്രം അല്പം പറയാം. അതിന്റെ ഉത്ഭവകാലത്തിനു മുമ്പുതന്നെ ഭാരതത്തില്‍ ഒരു മതം പൂര്‍ണ്ണഭാവം പ്രാപിച്ചിരുന്നു. അനേകവത്സരങ്ങളിലൂടെ ആ മതത്തിന്റെ രൂപഭാവങ്ങള്‍ നിജപ്പെട്ടുവന്നു. സുസംസ്കൃതമായ ക്രിയാനുഷ്ഠാനപദ്ധതികള്‍ ഇതിനകംതന്നെ രൂപംകൊണ്ടിരുന്നു. ജീവിതത്തിലെ വിവിധഘട്ടങ്ങളില്‍ (ആശ്രമങ്ങളില്‍) അനുഷ്ഠേയങ്ങളായ ധര്‍മ്മാനുശാസനങ്ങള്‍ സമ്പൂര്‍ണ്ണഭാവത്തില്‍ ക്രോഡീകൃതമായിരുന്നു. അങ്ങനെയിരിക്കെ, മതത്തില്‍ പറ്റിക്കൂടി നിരര്‍ത്ഥകാചാരങ്ങളുടെയും അനുഷ്ഠാനവൈകൃതങ്ങളുടെയും (ഇവ മിക്ക മതങ്ങളിലും കാലക്രമേണ കടന്നുകൂടാറുള്ളതാണ്) നേര്‍ക്ക് ഒരു സമരമുണ്ടായി. മഹാപുരുഷന്മാര്‍ ആവിര്‍ഭവിച്ച്, വേദങ്ങളില്‍ക്കൂടി യഥാര്‍ത്ഥമതം വിളംബരം ചെയ്തു. ഈ വേദങ്ങളിലെ തത്ത്വജ്ഞാനദര്‍ശനത്തിലൂടെ ഹിന്ദുക്കള്‍ക്ക് അവരുടെ മതം കൈവന്നു. വേദങ്ങള്‍ ആദിയും അന്തവുമില്ലാത്തവയാണെന്നു പ്രഖ്യാപിക്കപ്പെട്ടു. ഒരു ഗ്രന്ഥത്തിന് ആദിയും അന്തവുമില്ലെന്നു കേള്‍ക്കുന്നത് ഈ സദസ്സിനു വളരെ വിചിത്രമായി തോന്നാം. എന്നാല്‍ വേദങ്ങളെന്നു പറയുന്നത് ഒരു ഗ്രന്ഥത്തെയല്ല. അനേകകാലങ്ങളായി അനേകമാളുകള്‍ കണ്ടെത്തിയിട്ടുള്ള ആദ്ധ്യാത്മികതത്ത്വങ്ങളുടെ സമാഹാരത്തെയാണ് വേദങ്ങളെന്നു പറയുന്നത്.

ഈ മഹാത്മാക്കളുടെ ആവിര്‍ഭാവത്തിനുമുമ്പ്, ജഗത്തിനെ ഒരീശ്വരനാണ് ഭരിക്കുന്നതെന്നും മനുഷ്യാത്മാവ് മരണരഹിതനാണെന്നും മറ്റുമുള്ള പൊതുജനസാമാന്യമായ ആശയങ്ങള്‍ നിലവിലിരുന്നു. എന്നാല്‍ അന്വേഷണം അതിനപ്പുറത്തേക്കു പോയിരുന്നില്ല. അതില്‍ കൂടുതലൊന്നും അറിയാന്‍ നിവൃത്തിയില്ലെന്നു വിചാരിക്കപ്പെട്ടിരുന്നു. ഈ ഘട്ടത്തിലാണ് വേദാന്തവ്യാഖ്യാതാക്കളുടെ ധീരത പ്രത്യക്ഷപ്പെടുന്നത്. കുട്ടികള്‍ക്കുള്ള മതം ചിന്താശീലരായ മനുഷ്യര്‍ക്ക് പറ്റില്ലെന്നു അവര്‍ മനസ്സിലാക്കി. മനുഷ്യനും ഈശ്വരനും തമ്മില്‍ ഇതിലും കവിഞ്ഞ ഒരു ബന്ധമുണ്ടെന്ന് അവര്‍ കണ്ടു.

“സദാചാരനിഷ്ഠനായ അജ്ഞേയവാദിക്കു നിര്‍ജ്ജീവമായ ബാഹ്യപ്രകൃതിയെക്കുറിച്ചേ അറിയാവൂ. അതില്‍നിന്നാണ് ജഗത്തിനെസ്സംബന്ധിച്ച നിയമങ്ങള്‍ അയാള്‍ ക്രോഡീകരിക്കുക. എന്റെ മൂക്കു മുറിച്ചുകളഞ്ഞിട്ട് ആകെയുള്ള ശരീരത്തിന്റെ സ്വരൂപം നിര്‍ണ്ണയിക്കാമെന്നവകാശപ്പെടുന്നതിനു തുല്യമാണ് ആ വാദം.”

“അയാള്‍ സ്വന്തം ഉള്ളിലേക്കു നോക്കട്ടെ, വിയന്മണ്ഡലത്തിലൂടെ ചരിക്കുന്ന നക്ഷത്രവൃന്ദങ്ങള്‍, എന്തിനു സമസ്തവിശ്വവും, തൊട്ടിയിലെ ഒരു തുള്ളിയേ ആകൂ. ഏറ്റവും ബൃഹത്തായതിനെ നിങ്ങളുടെ അജ്ഞേയവാദി കാണുന്നില്ല. അയാള്‍ വിശ്വാസത്തിന്റെ വലുപ്പം കണ്ടു ഭയവിഹ്വലനാകുകയും ചെയ്യുന്നു.”

“ആത്മാവിന്റെ ലോകമാണ് എല്ലാറ്റിലും വലുത്- ജഗത്തിന്റെ നിയാമകനായ ഈശ്വരന്‍, നമ്മുടെ പിതാവും മാതാവും. നാം ലോകമെന്നു വിളിക്കുന്ന ഈ വികൃതസൃഷ്ടിയെന്താണ്? അതിന്റെ എല്ലാ ഭാഗത്തും ദുഃഖവും കഷ്ടപ്പാടുകളുമാണ്. കുഞ്ഞു ജനിക്കുന്നതുതന്നെ ചുണ്ടില്‍ കരച്ചിലുമായിട്ടാണ്; അതാദ്യം പുറപ്പെടുവിക്കുന്ന ശബ്ദം അതാണ്. ഈ കുഞ്ഞു മനുഷ്യനാകുന്നു; അയാള്‍ക്കു കഷ്ടതകളനുഭവിച്ചു തഴക്കം വരികയാല്‍, ഹൃദയത്തിലെ വിങ്ങല്‍ ചുണ്ടിലെ പുഞ്ചിരിക്കൊണ്ടു മറച്ചുവെയ്ക്കാന്‍ കഴിയുന്നു.”

ഈ ലോകത്തിന്റെ വിശദീകരണം എവിടെയാണ് കണ്ടെത്തുക? ബാഹ്യലോകത്തന്വേഷിക്കുന്നവര്‍ അതൊരിക്കലും കണ്ടെത്തില്ല. അവര്‍ ദൃഷ്ടികളെ ഉള്ളിലേക്കു തിരിച്ചുവേണം സത്യം കണ്ടെത്തുക. മതം നമ്മുടെ ഉള്ളിലാണിരിക്കുന്നത്.

നിങ്ങളുടെ ശിരസ്സു ഛേദിച്ചുകളഞ്ഞാല്‍ ‘രക്ഷ’ കിട്ടുമെന്ന് ഒരാള്‍ പ്രസംഗിക്കുന്നു. എന്നാല്‍ അയാള്‍ക്ക് അനുയായികളെ കിട്ടുമോ? നിങ്ങളുടെ സ്വന്തം യേശുതന്നെ പറയുന്നു. ‘സകലതും ദരിദ്രന്മാര്‍ക്കു ദാനം ചെയ്തിട്ടു എന്നെ അനുഗമിക്കുക’ എന്ന്. നിങ്ങളില്‍ എത്രപേര്‍ ഇതുപോലെ പ്രവര്‍ത്തിച്ചിട്ടുണ്ട്? നിങ്ങള്‍ ഈ ശാസനത്തെ അനുസരിച്ചിട്ടില്ല. യേശു നിങ്ങളുടെ മതത്തിന്റെ മഹാചാര്യനായിരുന്നിട്ടും. സ്വന്തം ജീവിതത്തില്‍, നിങ്ങള്‍ ഓരോരുത്തനും പ്രായോഗികമായതേ സ്വീകരിക്കൂ; ഈ ഉപദേശം അപ്രായോഗികമാണെന്നു നിങ്ങള്‍ കാണുന്നു.

എന്നാല്‍ വേദാന്തം അപ്രായോഗികമായതൊന്നും നിങ്ങളോടു പറയുന്നില്ല. ഓരോ ശാസ്ത്രത്തിനും പ്രവര്‍ത്തനത്തിന് അതാതിനുള്ള വിഷയം കിട്ടണം. ഓരോന്നിലും ചില വ്യവസ്ഥകള്‍ നിറവേറേണ്ടതുണ്ട്. ഒട്ടു വളരെ പഠന-പരിശീലനങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ മതത്തെസ്സംബന്ധിച്ച സര്‍വ്വകാര്യങ്ങളും ഉപദേശിക്കാന്‍ തെരുവീഥിയിലെ ഏതു ജാക്കിനും കഴിയും. മതം അനുഷ്ഠാനത്തില്‍ കൊണ്ടുവരാനും ആ കാര്യത്തില്‍ ഒരു വിദഗ്ദ്ധനെ പിന്തുടരാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷേ നിങ്ങള്‍ തെരുവീഥിയിലെ ജാക്കുമായി സംഭാഷണം നടത്തുവാനേ കൂട്ടാക്കുന്നുള്ളു. എന്തെന്നാല്‍ അയാള്‍ക്കതിനെക്കുറിച്ചു സംസാരിക്കാന്‍ കഴിയും.

സയന്‍സിന്റെ കാര്യത്തിലെപ്പോലെ വേണം നിങ്ങള്‍ മതത്തിന്റെ കാര്യത്തിലും പ്രവര്‍ത്തിക്കാന്‍. വസ്തുക്കളുമായി നേരിട്ടു സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ആ അടിസ്ഥാനത്തിന്മേല്‍ ഒരത്ഭുത സൌധം പണിതുയര്‍ത്തുകയും ചെയ്യുക.

ശരിയായ മതമുണ്ടാകണമെങ്കില്‍ അതിനുതകുന്ന ഉപകരണങ്ങള്‍ വേണം. വിശ്വാസം പോരാ. വിശ്വാസം കൊണ്ടൊന്നും സാധിക്കാവതല്ല. എന്തെന്നാല്‍ നിങ്ങള്‍ക്കെന്തുവേണമെങ്കിലും വിശ്വസിക്കാനൊക്കും.

സയന്‍സില്‍ ഗതിവേഗ (velocity) കൂടുംതോറും പിണ്ഡം (mass) കുറഞ്ഞുവരുമെന്നു നമുക്കറിയാം; മറിച്ച്, പിണ്ഡം കൂടുംതോറും ഗതിവേഗം കുറയുകയും ചെയ്യും. അങ്ങനെ ദ്രവ്യവും ശക്തിയും നാം കാണുന്നു. എങ്ങനെയെന്നു നമുക്കറിയാന്‍ പാടില്ലാ, ദ്രവ്യം ശക്തിയായും ശക്തി ദ്രവ്യമായും മാറുന്നു. അതിനാല്‍, ദ്രവ്യമോ ശക്തിയോ അല്ലാത്ത ഒരു വസ്തു ഉണ്ട്. ഇതിനെയാണ് നാം മനസ്സ്- സമഷ്ടി മനസ്സ് – എന്നു പറയുന്നത്.

എന്റെ ശരീരവും നിങ്ങളുടെ ശരീരവും വെവ്വേറെയാണെന്നു നിങ്ങള്‍ പറയുമായിരിക്കാം. മനുഷ്യരാശിയാകുന്ന വിശാലസമുദ്രത്തിലെ ഒരു ചെറിയ ചുഴിമാത്രമാണ് ഞാന്‍; ഒരു ചെറിയ ചുഴിമാത്രമാണെന്നുള്ളതു ശരിതന്നെയെങ്കിലും അതു മഹാസമുദ്രത്തിന്റെ ഒരംശംമാത്രം.

ഒഴുകുന്ന നദിയിലെ ഓരോ കണവും നിമിഷംപ്രതി നീങ്ങിക്കൊണ്ടിരിക്കുന്നു. എങ്കിലും നിങ്ങള്‍ അതിനെ നദിയെന്നു വിളിക്കുന്നു. വെള്ളം നീങ്ങിക്കൊണ്ടിരിക്കുന്നത് ശരിയാണെങ്കിലും, നദിയുടെ തിട്ടുകള്‍ മാറ്റമില്ലാതെ നിലകൊള്ളുന്നു. മനസ്സിനു (വലിയ) മാറ്റമില്ല; എന്നാല്‍ ശരീരം മാറിക്കൊണ്ടിരിക്കുന്നു. എത്ര വേഗമാണതിന്റെ വളര്‍ച്ച! ഞാന്‍ ഇന്നാളില്‍ ഒരു ശിശുവായിരുന്നു. പിന്നീട് കൌമാരപ്രായം കടന്നു ഒരു മനുഷ്യനായി; ഇനി വേഗം കൂനിപ്പിടിച്ച ഒരു വൃദ്ധനാകും. ശരീരം മാറിക്കൊണ്ടിരിക്കുന്നു. മനസ്സും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നില്ലേ? ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ചിന്തിച്ചതുപോലെയല്ല ഇപ്പോള്‍ ചിന്തിക്കുന്നത്; എന്റെ മനസ്സു ജീവിതത്തിലൂടെ ആര്‍ജ്ജിച്ച സംസ്കാരമുദ്രകളുടെ ബാഹുല്യം ഹേതുവായി ഞാന്‍ വളരെ വളര്‍ന്നിട്ടുണ്ട്.

പ്രകൃതിക്കു പിന്നില്‍ ഒരു സമഷ്ടിമനസ്സുണ്ട്. ആത്മാവ് ഏകാത്മകമായ ഒരു വസ്തുവാണ്. അതു ജഡമല്ല. മനുഷ്യന്‍ ആത്മാവത്രേ. ‘മരണാനന്തരം ആത്മാവെങ്ങോട്ടു പോകുന്നു? എന്ന ചോദ്യത്തിന്,’ ഭൂമി കീഴോട്ട് വീഴാത്തതെന്ത്? എന്ന ചോദ്യത്തിന് ഒരു സ്കൂള്‍ കുട്ടി പറഞ്ഞ ഉത്തരമാണ് പറയേണ്ടത്. ചോദ്യങ്ങള്‍ക്കു തമ്മില്‍ സാദൃശ്യമുണ്ട്; അതിനാല്‍ അവയുടെ ഉത്തരങ്ങളും ഒരുപോലെയിരിക്കും- അതായത്, (സര്‍വ്വവ്യാപിയായ) ആത്മാവ് എവിടേയ്ക്കാണ് പോകുക?’

‘നിങ്ങളുടെ കൂട്ടത്തില്‍ അമൃതത്വത്തെപ്പറ്റി സംസാരിക്കുന്നവരോടു ഞാന്‍ അപേക്ഷിക്കുന്നു. വീട്ടില്‍ ചെന്നതിനുശേഷം നിങ്ങള്‍ മരിച്ചതായി സങ്കല്‍പ്പിക്കാന്‍ ശ്രമിക്കണമെന്ന്. മാറിനിന്ന് നിങ്ങളുടെ മൃതശരീരത്തിന്മേല്‍ തൊടാന്‍ നോക്കുക. നിങ്ങള്‍ക്കതു സാധിക്കില്ല- എന്തെന്നാല്‍ നിങ്ങളില്‍നിന്നു പുറത്തു പോകാന്‍ നിങ്ങള്‍ക്കു സാധിക്കില്ല. അമൃതത്വമുണ്ടോ എന്നതല്ല പ്രശ്നം മരണാനന്തരം ജാക്ക് അവന്റെ പ്രിയപ്പെട്ട ജെന്നിയെ കണ്ടെത്തുമോ എന്നുള്ളതാണ്.’

‘മതത്തിന്റെ പരമമായ രഹസ്യം നിങ്ങള്‍ ആത്മാവാണെന്നു സ്വയം അറിയുകയാണ്. ‘ഞാനൊരു കീടമാണ്.’ ഞാന്‍ നിസ്സാരനാണ്’ എന്നു പറഞ്ഞുകൊണ്ടിരിക്കരുത്. ‘ഞാന്‍ സച്ചിദാനന്ദസ്വരൂപനാണ്.’ (ചിദാനന്ദരൂപഃ ശിവോളഹം ശിവോളഹം) എന്ന് ഋഷിയായ കവി പാടുന്നു: ‘ഞാന്‍ ലോകത്തിലെ തിന്മകളിലൊന്നാണ്’ എന്ന് തനിയേ വിളിച്ചുകൂവുന്നതുകൊണ്ട് ഒരു മനുഷ്യന്നും ലോകത്തിലൊരു ഗുണവും കൈവരുത്താനില്ല. നിങ്ങള്‍ സ്വയം പൂര്‍ണ്ണതയിലേക്കു നീങ്ങുംതോറും (ലോകത്തില്‍) അപൂര്‍ണ്ണതകള്‍ കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണും.