സ്വാമി വിവേകാനന്ദന്‍

പൂര്‍വ്വജീവന്മാതൃകകളിലേയ്ക്കു മടങ്ങാനുള്ള പ്രവണത ശക്തിപ്പെട്ടാല്‍ നാം കീഴോട്ടു പോകുന്നു. പരിണാമം (ഉന്നതമാതൃകകളിലേക്കുള്ള പ്രയാണം) ശക്തിപ്പെട്ടാല്‍ പുരോഗമിക്കുന്നു. അതിനാല്‍ നാം പശ്ചാത്പ്രയാണത്തിനു വിധേയരാകരുത്. ഇവിടെ എന്റെ ഈ ശരീരത്തില്‍ത്തന്നെയാണ് ഒന്നാമത്തെ പഠനസംരംഭം. അയല്‍പക്കക്കാരുടെ രീതികള്‍ നന്നാക്കാനുള്ള ഉദ്യമത്തില്‍ നമുക്കു ശ്രദ്ധകൂടിപ്പോയിരിക്കുന്നതിലാണ് ബുദ്ധിമുട്ട്. നാം നമ്മുടെതന്നെ ശരീരത്തില്‍നിന്നാണ് തുടങ്ങേണ്ടത്. ഹൃദയം, കരള്‍ മുതലായ അവയവങ്ങളുടെ പ്രവര്‍ത്തനരീതി പിന്നോക്കം പോയിട്ടുണ്ട്. (അവയുടെ പ്രവര്‍ത്തനത്തെപ്പറ്റി നാം ബോധവാന്മാരല്ല.; അവ ബോധതലത്തിന്റെ നിയന്ത്രണംകൂടാതെ പ്രവര്‍ത്തിച്ചുകൊണ്ടുമിരിക്കുന്നു). നിങ്ങളുടെ ഇഷ്ടാനുസരണം ആജ്ഞാവിധേയമായി പ്രവര്‍ത്തിക്കുമാറ് അവയെ ബോധതലത്തില്‍ കൊണ്ടുവന്നു നിയന്ത്രിക്കുക. ഒരു കാലത്ത് കരളിന്റെ പ്രവര്‍ത്തനം നമ്മുടെ നിയന്ത്രണത്തിലിരുന്നു. പശുവിനു സാധിക്കുംപോലെ നമ്മുടെ ത്വക്കു മുഴുവന്‍ വിറപ്പിക്കാന്‍ നമുക്കു കഴിഞ്ഞിരുന്നു. കഠിനമായ പരിശീലനംകൊണ്ട് ഈ നിയന്ത്രണപാടവം വീണ്ടെടുത്തിട്ടുള്ള അനേകരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ഒരു മുദ്ര പതിഞ്ഞാല്‍ അതു വിട്ടുപോകാതെ നില്‍ക്കും. ആണ്ടുപോയ പ്രവര്‍ത്തനങ്ങളെയെല്ലാം -വിസ്തൃതമായ കര്‍മ്മപാരാവാരത്തെ-തിരിച്ചുകൊണ്ടുവരിക. ഇതാണ് പഠനത്തിന്റെ ഒന്നാം ഭാഗം; നമ്മുടെ സാമൂഹികക്ഷേമത്തിന്, ഇതത്യന്താപേക്ഷിതവുമാണ്. മറിച്ച്, ബോധതലം എല്ലായ്പ്പോഴും പഠനവിഷയമാക്കേണ്ടതില്ലെന്നുമാത്രം.

ഇനി പഠനത്തിന്റെ മറ്റേ ഭാഗമുണ്ട്- സാമൂഹ്യജീവിതത്തില്‍ അത്ര ആവശ്യമല്ലാത്തതും നമ്മെ മുക്തിയിലേയ്ക്കു നയിക്കുന്നതുമായ ഭാഗം. അതിന്റെ നേരിട്ടുള്ള പ്രവൃത്തി ആത്മാവിനെ വിമോചിപ്പിക്കുകയത്രേ-അന്ധകാരത്തിലേക്കു ദീപശിഖ കാണിച്ചും, പശ്ചാത്തലത്തിലുള്ള മാലിന്യങ്ങളെ നീക്കംചെയ്തും, അവയോടെതിര്‍ത്തു പോരാടിയും ഇരുള്‍നിര പിളര്‍ന്നു മുന്നോട്ടു പോകാന്‍ നമ്മെ സഹായിക്കുകയെന്നതത്രേ. അതാണ് നമ്മുടെ ലക്ഷ്യം-ബോധാതീതവസ്ഥ. ആ അവസ്ഥയിലെത്തുന്നതോടെ ഇതേ മനുഷ്യന് ഈശ്വരത്വം കൈവരുന്നു. അവന്‍ സ്വതന്ത്രനാകുന്നു. ഈവിധം എല്ലാത്തിനേയും അതിക്രമിക്കാന്‍ പരിശീലിപ്പിക്കപ്പെട്ട മനസ്സിന് ഈ പ്രപഞ്ചം അതിന്റെ രഹസ്യങ്ങള്‍ ക്രമേണ വിട്ടുകൊടുത്തു തുടങ്ങും. പ്രകൃതിയാകുന്ന പുസ്തകം ഒരോ അദ്ധ്യായമായി വായിച്ചു തീര്‍ത്ത് ഒടുവില്‍ നാം ലക്ഷ്യത്തിലെത്തിച്ചേരും. ജീവിതമരണങ്ങളുടെ ഉപത്യകയില്‍നിന്ന് ജനിമരണങ്ങള്‍ക്കതീതമായ ആ ഏകതത്ത്വത്തിലെത്തിച്ചേരും. പരമാര്‍ത്ഥസത്തയെ അറിഞ്ഞ് അതുമായി ഐക്യം പ്രാപിക്കും.

ഒന്നാമതായി വേണ്ടതു സമാധാനാന്വിതമായ ഒരു ശാന്തജീവിതമാണ്. ദിവസം മുഴുവന്‍ ഉപജീവനമാര്‍ഗ്ഗമന്വേഷിച്ച് അങ്ങുമിങ്ങു നടക്കാന്‍ ഞാന്‍ നിര്‍ബ്ബദ്ധനായാല്‍, ഈ ജീവിതത്തില്‍ ഉന്നതമായ വല്ല ലക്ഷ്യവും നേടുക ദുസ്സാധ്യമാണ്. ഒരുപക്ഷേ മറ്റൊരു ജന്മത്തില്‍ കുറേക്കൂടി അനുകൂലമായ പരിസ്ഥിതിയില്‍ ഞാന്‍ ജനിച്ചേയ്ക്കാം. എന്നാല്‍, എനിക്കു വേണ്ടത്ര ഉദ്ദേശനിഷ്ഠയുണ്ടെങ്കില്‍ ഈ ജന്മത്തുതന്നെ ഇപ്പോഴത്തെ പരിസ്ഥിതികള്‍ മാറിക്കിട്ടും. നേരായിട്ടും നിങ്ങള്‍ക്കാവശ്യമുണ്ടായിരുന്ന വല്ലതും നിങ്ങള്‍ക്കു കിട്ടാതിരുന്നിട്ടുണ്ടോ? അങ്ങനെ വരാന്‍ വയ്യ. എന്തെന്നാല്‍ ആവശ്യമാണ് ശരീരത്തെ സൃഷ്ടിക്കുന്നത്. പ്രകാശമാണ് നിങ്ങളുടെ ശിരസ്സില്‍ കണ്ണുകളെന്നു പറയപ്പെടുന്ന ആ രണ്ടു സുഷിരങ്ങള്‍ തുറന്നിട്ടുള്ളത്. വെളിച്ചമെന്നൊന്നില്ലായിരുന്നുവെങ്കില്‍, നിങ്ങള്‍ക്കു കണ്ണുകളും ഉണ്ടാകാതിരുന്നേനേ. ശബ്ദമാണ് കാതുകളെ സൃഷ്ടിച്ചത്. നിങ്ങളുടെ ഇന്ദ്രിയങ്ങള്‍ സൃഷ്ടിക്കപ്പെടുംമുമ്പെതന്നെ. അവയുടെ വിഷയങ്ങളുണ്ടായിരുന്നു. ഏതാനും നൂറായിരത്താണ്ടുകള്‍ക്കകമോ അതിലും നേരത്തേയോ വിദ്യുച്ഛക്തി മുതലായ വസ്തുക്കളെ കാണുവാന്‍ നമുക്കു മറ്റിന്ദ്രിയങ്ങള്‍ സിദ്ധിച്ചെന്നുവരാം. പ്രശാന്തമായ മനസ്സിന് ആഗ്രഹങ്ങളൊന്നുമില്ല. ആഗ്രഹം നിറവേറ്റാനുള്ളതു വല്ലതും വെളിയില്ലില്ലെങ്കില്‍ ആഗ്രഹമുണ്ടാവില്ല. വെളിയിലുള്ള ആ വല്ലതും ശരീരത്തില്‍ ഒരു തുള തുളച്ചു-എന്നു പറയട്ടെ-അതിലൂടെ മനസ്സില്‍ ചെന്നുകൂടാന്‍ ശ്രമിക്കുന്നു. അതിനാല്‍, മനസ്സിന്റെ വികസനത്തിനു സര്‍വ്വഥാ അനുകൂലമായ ശാന്തവും സമാധാനാന്വിതവുമായ, ഒരു ജീവിതത്തിന് അഭിലാഷമുണ്ടാകുമ്പോള്‍ അതുവന്നു ചേരുകതന്നെ ചെയ്യും-ഇതെന്റെ അനുഭവമായി നിങ്ങള്‍ക്കു സ്വീകരിക്കാം. ചിലപ്പോള്‍ ആയിരമായിരം ജീവിതകാലങ്ങള്‍ കൊണ്ടാവാം അതു സംഭവിക്കുക; എന്നാല്‍ അതു സംഭവിച്ചേതീരൂ. അതിനാല്‍ അതിനെ, ആഗ്രഹത്തെ, വിടാതെ പിടിച്ചുകൊള്ളുക. തീവ്രമായ ഒരാഗ്രഹം, അതിന്റെ വിഷയം ബഹിര്‍ഭാഗത്തു നേരത്തേയില്ലെങ്കില്‍ നിങ്ങളിലങ്കുരിക്കാന്‍ നിവൃത്തിയില്ല. എന്നാല്‍, ആഗ്രഹവും ആഗ്രഹവും തമ്മില്‍ വ്യത്യാസമുണ്ടെന്നു നിങ്ങള്‍ മനസ്സിലാക്കണം. ഗുരു ശിഷ്യനോടു പറഞ്ഞു: ‘കുഞ്ഞേ, നിനക്ക് ഈശ്വരനോട് അഭിവാഞ്ഛയുണ്ടെങ്കില്‍ ഈശ്വരന്‍ നിന്റെ അടുത്തു വരും’ എന്ന്. ഗുരു പറഞ്ഞതിന്റെ ആശയം ശിഷ്യന്‍ ശരിക്കു മനസ്സിലാക്കിയില്ല. ഒരു ദിവസം രണ്ടുപേരും കൂടി ഒരു നദിയില്‍ കുളിക്കാന്‍ പോയി. വെള്ളത്തില്‍ മുങ്ങാന്‍ ഗുരു ശിഷ്യനോട് പറഞ്ഞു. ശിഷ്യന്‍ അതു ചെയ്ത ഉടനെ ഗുരു കൂടെച്ചാടി ശിഷ്യനെ വെള്ളത്തിനടിയില്‍ അമര്‍ത്തിപ്പിടിച്ചു. പൊന്തിവരാന്‍ സമ്മതിച്ചില്ല. ശിഷ്യന്‍ ആവുന്നത്ര ശ്രമമെല്ലാം ചെയ്തു തളര്‍ന്നെന്നു കണ്ടപ്പോള്‍ ഗുരു പിടിവിട്ടു. ‘വെള്ളത്തിനടിയില്‍വെച്ച് എന്തുതോന്നി?’ഗുരു ചോദിച്ചു. ‘ഓ! ഒന്നു ശ്വസിക്കാന്‍ വായു കിട്ടിയിരുന്നെങ്കില്‍’ എന്നുത്തരം. ‘നിനക്ക് ഈശ്വരനോട് അത്തരം ആഗ്രഹം തോന്നുന്നുണ്ടോ?’ ‘ഇല്ല.’ ഈശ്വരനില്‍ അത്തരം തീവ്രമായ അഭിനിവേശം ഉണ്ടാവട്ടെ; അപ്പോള്‍ നീ ഈശ്വരനെ പ്രാപിക്കും.’

യാതൊന്നില്ലാതെ നമുക്കു ജീവിക്കുക സാദ്ധ്യമല്ലയോ, അതു നമുക്കു കിട്ടാതിരിക്കാന്‍ വയ്യ. കിട്ടാത്തപക്ഷം ജീവിതം മുമ്പോട്ടു നീങ്ങില്ല.

നിങ്ങള്‍ യോഗിയാകാനാഗ്രഹിക്കുന്നെങ്കില്‍, തികച്ചും ഉല്‍ക്കണ്ഠാവിമുക്തവും ഏകാന്തവാസത്തിനൊത്തതുമായ ചുറ്റുപാടുകളുണ്ടാക്കി അവിടെ ബദ്ധപ്പാടുകളില്‍നിന്നൊഴിഞ്ഞു ജീവിക്കണം. ക്ളേശരഹിതമായ സുഖജീവിതം നയിക്കാനാഗ്രഹിക്കുകയും അതോടൊപ്പം ആത്മസാക്ഷാല്‍ക്കാരം നേടണമെന്നു വിചാരിക്കയും ചെയ്യുന്നവന്‍, നദി കടക്കാന്‍ തടിക്കഷണമെന്നു കരുതി മുതലയെ പിടികൂടിയ മഠയനെപ്പോലെയാണ്. ‘ആദ്യം നിങ്ങള്‍ ഈശ്വരരാജ്യവും ഈശ്വരനീതിയും തേടുക; അപ്പോള്‍ ബാക്കിയുള്ളവയെല്ലാം നിങ്ങള്‍ക്കു (അനായാസേന) ലബ്ധമാകും.’ യാതൊന്നിലും കൌതുകമില്ലാത്തവന്റെയടുത്തു സകലതും വന്നുചേരുന്നു. ഭാഗ്യദേവത ഒരു തോന്ന്യാസക്കാരിയാണ്. അവളെ വേണമെന്നുള്ളവനെ അവള്‍ ശ്രദ്ധിക്കില്ല; അവളെപ്പറ്റി കൌതുകലേശമില്ലാത്തവനു പാദസേവയും ചെയ്യും. ധനത്തില്‍ കൌതുകമില്ലാത്തവന്റെ അടുത്തു പണം കുന്നുകൂടുന്നു. (അതുപോലെതന്നെ) പ്രശസ്തിയും-അതൊരു ശല്യവും ഭാരവുമായി തോന്നുവോളം ധാരാളമായി വന്നുചേരുന്നു. ഇവ എല്ലായ്പോഴും, ‘യജമാനനായിരിക്കുന്നവന്റെ അടുക്കലേയ്ക്കു വരുന്നു. അടിമയ്ക്ക് ഒരിക്കലും ഒന്നും കിട്ടില്ല. യാതൊരുവന് ഇവയൊന്നുമില്ലാതെയും ജീവിക്കാമോ, യാതൊരുവന്റെ ജീവിതം ലോകത്തിലെ നിസ്സാരങ്ങളും കഴമ്പില്ലാത്തതുമായ ഇത്തരം വസ്തുക്കളെ ആശ്രയിച്ചിരിക്കുന്നില്ലയോ അവനാണ് യജമാനന്‍. ഒരാദര്‍ശത്തിനുവേണ്ടി, ആ ഒന്നിനുവേണ്ടിമാത്രം ജീവിക്കുക. മനസ്സില്‍ മറ്റൊന്നിനും ഇടം ശേഷിക്കാത്തവണ്ണം ആ ആദര്‍ശം അതിമഹത്തും അതിപ്രബലവുമാകട്ടെ-മറ്റൊന്നിനും പിന്നെ സ്ഥാനമുണ്ടാകരുത്, മറ്റൊന്നിനും സമയവുമുണ്ടാകരുത്.

ചില ആളുകള്‍ ധനസമ്പാദനാര്‍ത്ഥം തങ്ങളുടെ മുഴുവന്‍ ശക്തിയും സമയവും ബുദ്ധിയും ശരീരവും സകലതും വിനിയോഗിക്കുന്നു! അവര്‍ക്ക് പ്രാതല്‍ കഴിക്കാന്‍ പോലും സമയമില്ല! അവര്‍ അതിരാവിലെ എഴുന്നേറ്റു ജോലിയിലേര്‍പ്പെടുന്നു! അവരില്‍ തൊണ്ണൂറു ശതമാനം പേരും ഈ സംരംഭത്തിനിടയ്ക്കുവെച്ചു മരിക്കുന്നു. ബാക്കിയാളുകള്‍ ധനമുണ്ടാക്കുമ്പോഴേയ്ക്ക് അതനുഭവിക്കാന്‍ കഴിയാത്തവരായിത്തീരുന്നു. വളരെ ആശ്ചര്യകരം! ധനത്തിനുവേണ്ടി യത്നം ചെയ്യുന്നതു ചീത്തയാണെന്നു ഞാന്‍ പറയുന്നില്ല. അതത്ഭുതകരവും പ്രശംസാവഹവുമത്രേ! എന്തുകൊണ്ട്? ഇതില്‍നിന്നെന്താണ് തെളിയുന്നത്? പണത്തിനുവേണ്ടി അര്‍പ്പിച്ചത്രയും ക്ളേശവും അദ്ധ്വാനവും മോക്ഷസ്വാതന്ത്യ്രത്തിനുവേണ്ടി അര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന്. നാം മരിക്കുമ്പോള്‍ പണവും മറ്റു സകലവസ്തുക്കളും ഉപേക്ഷിക്കേണ്ടിവരുമെന്നു നമുക്കറിയാം. എന്നിട്ടും അവയ്ക്കുവേണ്ടി എത്രമാത്രം പാടുപെടാന്‍ നമുക്കു സാധിക്കുന്നുണ്ടെന്നു നോക്കുക. ആ സ്ഥിതിക്ക്, ഒരിക്കലും മങ്ങാതെ സര്‍വ്വകാലവും നമ്മോടൊപ്പമുണ്ടായിരിക്കുന്ന ഒന്നു നേടാനായി, അതിനേക്കാള്‍ ഒരായിരം മടങ്ങു ശക്തിയും അദ്ധ്വാനവും അതേ മനുഷ്യജീവികളായ നാം വിനിയോഗിക്കേണ്ടതല്ലേ? എന്തെന്നാല്‍, പട്ടടയ്ക്കപ്പുറത്തേയ്ക്കു നമ്മെ അനുഗമിക്കുന്ന നമ്മുടെ ഏകസുഹൃത്ത് ഇതേയുള്ളു-നമ്മുടെ സല്‍കര്‍മ്മസഞ്ചയം. നമ്മുടെ ആദ്ധ്യാത്മികപ്രകര്‍ഷം. മറ്റു സര്‍വ്വസ്വവും ഇവിടെത്തന്നെ ശരീരത്തോടൊപ്പം ഉപേക്ഷിക്കപ്പെടുന്നു.

ഇതാണ് മഹത്തായ ആദ്യപടി-ലക്ഷ്യം പ്രാപിക്കാനുള്ള അവ്യാജമായ അഭിലാഷം. മറ്റെല്ലാം അതിന്റെ പിന്നാലെ അനായാസേന വന്നുചേരുന്നു. ഈ വസ്തുത ഭാരതീയമനസ്സു കണ്ടുപിടിച്ചു. അവിടെ, ഭാരതത്തില്‍, സത്യത്തെ കണ്ടെത്താന്‍ വേണ്ടി എന്തു ക്ളേശനഷ്ടങ്ങള്‍ സഹിക്കാനും ആളുകള്‍ സന്നദ്ധരാണ്. എന്നാല്‍ ഇവിടെ, പാശ്ചാത്യരാജ്യങ്ങളില്‍ എല്ലാ കാര്യങ്ങളും വളരെ ആയാസരഹിതമാക്കപ്പെട്ടിരിക്കുന്നുവെന്നുള്ളതാണ് ബുദ്ധിമുട്ട്. സത്യമല്ല, അഭിവൃദ്ധിയാണ്, വികാസമാണ്, പ്രധാനലക്ഷ്യം. (ക്ളേശങ്ങളോടും പ്രതിബന്ധങ്ങളോടുമുള്ള) സമരം വലിയൊരു പാഠമാണ്. ഈ സമരം ഈ ജീവിതത്തിലെ വലിയ നന്മയാണെന്നോര്‍ത്തുകൊള്ളുക. അതില്‍ക്കൂടിയാണ് നാം കടന്നുപോകേണ്ടത്. സ്വര്‍ഗ്ഗത്തേയ്ക്ക് ഒരു പാതയുണ്ടെങ്കില്‍ അതു നരകത്തിലൂടെയാണ്; നരകത്തിലൂടെ സ്വര്‍ഗ്ഗത്തിലേക്ക്-അങ്ങനെയാണെപ്പോഴും വഴി. ആത്മാവ് പരിസ്ഥിതികളുമായി മല്ലടിച്ച് മാര്‍ഗ്ഗമധ്യേ ഒരായിരം പ്രാവശ്യം മരണം നേരിടുമ്പോഴും ലേശവും അധൈര്യപ്പെടാതെ വീണ്ടും വീണ്ടും സമരം ചെയ്തു പുരോഗമിക്കുമ്പോള്‍, അസാമാന്യശക്തി സമ്പാദിക്കുന്നു, താന്‍ ഏതാദര്‍ശത്തിനുവേണ്ടി മല്ലടിച്ചുവോ, അതേക്കുറിച്ച് അവനു പുച്ഛം തോന്നുകയും ചെയ്യുന്നു. എന്തെന്നാല്‍ ഈ ആദര്‍ശത്തേക്കാള്‍ എത്രയോ വലുതാണ് താനെന്ന് അവന്‍ കാണുന്നു; ഞാന്‍ തന്നെയാണ് ലക്ഷ്യം-എന്റെ ആത്മാവ്, മറ്റൊന്നുമല്ല. എന്റെ ആത്മാവിനോട് താരതമ്യപ്പെടുത്താന്‍ വേറെയെന്തുണ്ട്? ഒരു സഞ്ചിസ്വര്‍ണ്ണനാണയം എന്റെ ജീവിതാദര്‍ശമാകാനൊക്കുമോ? തീര്‍ച്ചയായും ഇല്ല. എന്റെ ആത്മാവുതന്നെയാണ് എനിക്കു സാധ്യമായതില്‍വെച്ച് ഏറ്റവും ഉന്നതമായ ആദര്‍ശം. എന്റെ യഥാര്‍ത്ഥഭാവത്തെ സ്വാനുഭവപ്പെടുത്തുകയാണ് എന്റെ ജീവിതത്തിന്റെ ഏകലക്ഷ്യം.

കലര്‍പ്പില്ലാത്ത തിന്മയായിട്ടൊന്നുമില്ല. ഈശ്വരന്നുള്ളതുപോലെ ചെകുത്താനും ഇവിടെ ഒരു സ്ഥാനമുണ്ട്; ഇല്ലായിരുന്നെങ്കില്‍ അവനെ ഇവിടെ കാണാഞ്ഞേനേ. ഞാനിപ്പോള്‍ പറഞ്ഞതുപോലെ നരകത്തില്‍ക്കൂടിയാണ് നാം സ്വര്‍ഗ്ഗത്തിലേക്ക് കടക്കുന്നത്. നമ്മുടെ തെറ്റുകള്‍ക്കും ഇവിടെ സ്ഥാനമുണ്ട്. മുന്നോട്ടു പോകുവിന്‍! ശരിയല്ലാത്തതെന്തോ ചെയ്തുപോയെന്നു ശങ്കയുണ്ടായാലും തിരിഞ്ഞുനോക്കരുത്. നിങ്ങള്‍ ആദ്യം ആ തെറ്റുകള്‍ ചെയ്തില്ലായിരുന്നെങ്കില്‍, നിങ്ങള്‍ ഇപ്പോഴത്തെ അവസ്ഥയിലാകുമായിരുന്നുവെന്നു വിശ്വസിക്കുന്നുണ്ടോ? അതുകൊണ്ട്, നിങ്ങളുടെ തെറ്റുകളെ വാഴ്ത്തുവിന്‍. അവ നിങ്ങളറിയാതെതന്നെ അനുഗ്രഹങ്ങളായിരുന്നു. പീഡനങ്ങള്‍ വാഴ്ത്തപ്പെടട്ടെ. സുഖാനുഭവവും വാഴ്ത്തപ്പെടട്ടെ. നിങ്ങളുടെ ഭാഗധേയം എന്തുതന്നെയായാലും അതിനെപ്പറ്റി വിചാരപ്പെടരുത്. ആദര്‍ശത്തെ മുറുകെപ്പിടിച്ചുകൊണ്ട് മുമ്പോട്ടു പോവുക. സംഭവിച്ചിരിക്കാവുന്ന ചെറിയ തെറ്റുകളെയും മറ്റും പിന്തിരിഞ്ഞു നോക്കരുത്. നമ്മുടെ ഈ രണാങ്കണത്തില്‍ തെറ്റുകളാകുന്ന പൊടിപടലം ഇളക്കപ്പെടുക അനിവാര്യമാകുന്നു. ആ പൊടി സഹിക്കാനാവാത്തവണ്ണം അത്ര നേര്‍ത്ത തൊലിയുള്ളവര്‍ സമരനിരകളില്‍ നിന്നു മാറിപ്പോയ്ക്കൊള്ളട്ടെ.

ഇപ്രകാരം യത്നം ചെയ്വാനുള്ള ഒരു ദൃഢനിശ്ചയമാണ്, ഈ ജീവിതത്തിലേയ്ക്കുള്ളതെന്തെങ്കിലും സമ്പാദിക്കുവാനെടുക്കുന്നതിന്റെ ഒരു ശതഗുണം ശക്തിമത്തായ നിശ്ചയമാണ്, ഒന്നാമത്തെ വലിയ ഒരുക്കം. ഇനി അതോടൊപ്പം ധ്യാനവും വേണം. ധ്യാനമാണ് കാര്യമായ ഏകവസ്തു. ധ്യാനം ശീലിക്കുക. ഏറ്റവും പ്രാധാന്യമുള്ള ഘടകമത്രേ ധ്യാനം. ആദ്ധ്യാത്മികജീവിതമെന്നു പറയുന്നതിനോട് ഏറ്റവും അടുത്തുചെല്ലുന്നതിനെയാണ് മനസ്സിന്റെ ധ്യാനം എന്നു പറയുന്നത്. ദൈനന്ദിനജീവിതത്തില്‍ നാം ജഡമല്ലാത്തതാകുന്ന ഏകനിമിഷം ഇതാണ്-ആത്മാവ് ഭൌതികവസ്തുക്കളില്‍നിന്നൊഴിഞ്ഞ് ആത്മാവിനെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയം, അത്യാശ്ചര്യകരമായ ഈ ആത്മസമ്പര്‍ക്കവേള.

ശരീരം നമ്മുടെ ശത്രുവാണ്; അതോടൊപ്പം ബന്ധുവുമാണ്. നിങ്ങളില്‍ മനുഷ്യയാതന കാണുന്നതു സഹിക്കാവുന്നവരാരുണ്ട്? എന്നാല്‍ യാതനയുടെ ഒരു ചിത്രമാണെങ്കില്‍, അതു കാണാന്‍ വയ്യാത്തവരാരുണ്ട്? ചിത്രത്തിലെ യാതന അയഥാര്‍ത്ഥമാകയാല്‍, നാം അതുമായി താദാത്മ്യം പ്രാപിക്കുന്നില്ല. അതൊരു ചിത്രമെഴുത്തുമാത്രമാണെന്നു നമുക്കറിയാം; അതിനു നമ്മെ ആഗ്രഹിക്കാനും വയ്യ, നിഗ്രഹിക്കാനും വയ്യ. ഒരു ക്യാന്‍വാസ്തുണിയില്‍ ആലേഖനം ചെയ്തിട്ടുള്ള അതിദാരുണമായ യാതനാകഥതന്നെയും നമുക്കൊരു ആസ്വാദ്യവസ്തുവാകാം. ചിത്രീകരിക്കുന്ന ദൃശ്യം അത്യന്തം ഭീകരമായാലും, ചിത്രകാരന്റ കലാപാടവത്തെ നാം അഭിനന്ദിക്കുന്നു. അയാളുടെ അത്ഭുതാവഹമായ പ്രതിഭയെപ്പറ്റി ആശ്ചര്യപ്പെടുന്നു. ഇതാണ് രഹസ്യം-ഈ അനാസക്തി, കേവലം സാക്ഷിയായി നിലകൊള്ളുക. ‘‘ഞാന്‍ സാക്ഷിയാണ്’’ എന്ന ഭാവനയില്‍ എത്തിച്ചേരുന്നില്ലെങ്കില്‍, പ്രാണായാമമോ കായികമായ യോഗാഭ്യാസമുറകളോ കൊണ്ടൊന്നും പ്രയോജനമില്ല. ക്രൂരഹസ്തങ്ങള്‍ നിങ്ങളുടെ കണ്ഠത്തില്‍ പതിക്കുമ്പോള്‍,

‘‘ഞാന്‍ സാക്ഷിയാണ്, ഞാന്‍ സാക്ഷിയാണ്‘’’ എന്നിങ്ങനെ പറയുക. ‘‘ഞാന്‍ ആത്മാവാണ്, ബാഹ്യമായ യാതൊന്നിനും എന്നെ സ്പര്‍ശിക്കാന്‍ കഴിവില്ല’’ എന്നു പറയുക. ദുര്‍വ്വിചാരങ്ങള്‍ മനസ്സില്‍ കടക്കാന്‍ തുടങ്ങുമ്പോഴും ഇതുതന്നെ ഉരുവിടുക-‘‘ഞാന്‍ ആത്മാവാണ്, ഞാന്‍ നിത്യമുക്തനായ സാക്ഷിയാണ്, എനിക്കു കര്‍മ്മമുണ്ടാവാന്‍ ന്യായമില്ല, വ്യഥയുണ്ടാവാനും ന്യായമില്ല. സര്‍വ്വവസ്തുക്കളുമായുള്ള ഇടപാടും ഞാനവസാനിപ്പിച്ചിരിക്കുന്നു. ഞാന്‍ സാക്ഷിയാണ്. ഞാനെന്റെ ചിത്രശാലയിലാണ്-ഈ ജഗത്ത് എന്റെ ഒരു കാഴ്ചബംഗ്ളാവ്; ഞാനതിലെ ചിത്രപരമ്പരയെ നോക്കിക്കാണുന്നു. അവയെല്ലാം നന്മയായാലും തിന്മയായാലും മനോഹരങ്ങളാണ്. അവയിലെ അത്ഭുതാവഹമായ കലാകുശലതയാണ് ഞാന്‍ കാണുന്നത്. എന്നാല്‍ അവയെല്ലാം ഒരുപോലെയാണ്-മഹാനായ ചിത്രമെഴുത്തുകാരന്റെ അനന്തദീപ്തിശിഖകള്‍!’’ യഥാര്‍ത്ഥം ആലോചിക്കുമ്പോള്‍ ഒന്നുംതന്നെ ഉള്ളതല്ല- ഇച്ഛയുമില്ല, സ്പൃഹയുമില്ല. എല്ലാം അവിടുന്നുമാത്രം. അവിടുന്ന്, അഥവാ അവള്‍, ആ അമ്മ, കളിക്കയാണ്. ഈ കളിയില്‍ നാം പാവകളെപ്പോലെ അവളുടെ ഉപകരണങ്ങളാണ്. അവള്‍ ഇവിടെ ഒരുവനെ ഇന്ന് ഒരു യാചകവേഷമണിയിക്കുന്നു; മറ്റൊരു നിമിഷത്തില്‍ അയാളെ രാജാവിന്റെ വേഷവും പിന്നെയൊരിക്കല്‍ ചെകുത്താന്റെ വേഷവും കെട്ടിക്കുന്നു. അമ്മയെ അവളുടെ ലീലയില്‍ സഹായിക്കാന്‍ വേണ്ടി നാം പലതരം വേഷങ്ങളണിയുന്നു.

കുഞ്ഞു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അമ്മ വിളിച്ചാലും അവള്‍ വരില്ല. കളി മതിയാക്കിക്കഴിഞ്ഞാലോ, അവള്‍ അമ്മയുടെ അടുത്തു പാഞ്ഞെത്തും; വിലക്കിയാല്‍ കേള്‍ക്കയുമില്ല. അതുപോലെ, നമ്മുടെ കളി അവസാനിച്ചിരിക്കുന്നുവെന്നും ഇനി അമ്മയുടെയടുത്ത് ഓടിയെത്തണമെന്നും തോന്നുന്ന വേളകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍, നമ്മുടെ ഇവിടുത്തെ എല്ലാ അദ്ധ്വാനങ്ങളും നിര്‍മൂല്യങ്ങളാകും. പുരുഷന്മാരും സ്ത്രീകളും കുട്ടികളും-മരണവും പേരും പ്രശസ്തിയും ജീവിതത്തിലെ സന്തോഷങ്ങളും പ്രതാപങ്ങളും-ശിക്ഷകളും വിജയങ്ങളും-ഒന്നും പിന്നെ നമ്മുടെ ശ്രദ്ധയ്ക്കു വിഷയമല്ല. ജീവിതമാകെ ഒരു പ്രദര്‍ശനക്കാഴ്ചപ്പോലെ തോന്നും. പ്രപഞ്ചാന്ദോളനത്തിന്റെ അനന്തമായ താളമിടുപ്പുമാത്രമേ നാം കാണൂ-ഉദ്ദേശ്യരഹിതമായ വിരാമമില്ലാതെ, എങ്ങോട്ടെന്നു നമുക്കറിഞ്ഞുകൂടാ, ചരിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം. ഇത്രമാത്രമേ നമുക്കു പറയാനുമുള്ളു-അതായത്, ‘നമ്മുടെ കളി അവസാനിച്ചിരിക്കുന്നു.’