(ആദ്യത്തെ അമേരിക്കന്‍സന്ദര്‍ശനകാലത്തു സ്വാമിജി ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യത്തിനുത്തരമായെഴുതിയത്)
സന്തുലിതനില നഷ്ടപ്പെട്ട ഒരവസ്ഥയുടെ നിദര്‍ശനമാണ് ഈ പ്രപഞ്ചം. ഭഞ്ജിക്കപ്പെട്ട സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള യത്നമത്രേ പ്രപഞ്ചത്തിലെ സര്‍വ്വചലനങ്ങളും; ആ സാമ്യാവസ്ഥയാകട്ടെ, ചലനാത്മകമാകാന്‍ വയ്യ. അത് ആന്തരലോകത്തെസ്സംബന്ധിച്ച് വിചാരത്തിനും അപ്പുറമായ ഒരവസ്ഥയാവണം; എന്തെന്നാല്‍ വിചാരംതന്നെ ചലനമാണ്. സര്‍വ്വവസ്തുക്കളും വികസനംവഴി സമ്പൂര്‍ണ്ണസന്തുലിതാവസ്ഥയെ ലക്ഷ്യമാക്കി നീങ്ങുന്നതിന്റെ തികഞ്ഞ സൂചനകളുള്ളതിനാലും, ജഗത്തു മുഴുവന്‍ ആ വഴിക്ക് ഇരമ്പിപ്പായുന്നതിനാലും ആ അവസ്ഥ അപ്രാപ്യമാണെന്നു പറയാന്‍ വയ്യ. ആ സന്തുലിതാവസ്ഥയിലാകട്ടെ, വല്ലതരത്തിലും വൈവിധ്യമുണ്ടായിരിക്കുക അസാദ്ധ്യമാണ്. അതു ഏകാത്മകമാകാനേ തരമുള്ളൂ: എന്തെന്നാല്‍ രണ്ടു അണുക്കളെങ്കിലും ഉള്ളിടത്തോളം കാലം അവ തമ്മില്‍ ആകര്‍ഷണമോ വികര്‍ഷണമോ ഉണ്ടാവുകയും തന്മൂലം സന്തുലിതനില ഭഞ്ജിപ്പിക്കപ്പെടുകയും ചെയ്യും. അതിനാല്‍ സന്തുലിതാവസ്ഥ ഏകത്വപരവും ഏകാത്മകവും നിശ്ചലവുമായ ഒരവസ്ഥയാണ്. ആന്തരലോകത്തിന്റെ വിഷയത്തില്‍, അതു വിചാരമോ ശരീരമോ നാം ‘വിശേഷണ’മെന്നു വ്യവഹരിക്കുന്ന വല്ലതുമോ ആകാവതല്ല. അതിനുണ്ടെന്നു നമുക്കു പറയാവുന്നത് അതിന്റെ തന്നെ സാക്ഷാത്ഭാവം- സത്തും ചിത്തും ആനന്ദവും മാത്രമാണ്.
അതുപോലെതന്നെ ആ അവസ്ഥയ്ക്കു ദ്വന്ദ്വഭാവം സാദ്ധ്യമല്ല, അതൊരു ഏകത്വമാകാനേ നിവൃത്തിയുള്ളു; ‘ഞാന്‍,, നീ എന്നിങ്ങനെയുള്ള സകലമിത്ഥ്യാഭാവങ്ങളും സകലഭേദഭാവങ്ങളും അന്തര്‍ദ്ധാനം ചെയ്തേ മതിയാവൂ; എന്തെന്നാല്‍ അവയൊക്കെ പരിവര്‍ത്തനാവസ്ഥയുടെ അഥവാ മായയുടെ മണ്ഡലത്തില്‍ പെട്ടതാണ്. ഇവിടെ ഒരു പൂര്‍വ്വപക്ഷമുന്നയിക്കപ്പെടാം: മുമ്പ് ആത്മാവിനു വിശ്രാന്തിരൂപമായ ഒരു മുക്താവസ്ഥയുണ്ടായിരുന്നതായി ജ്ഞാപനം ചെയ്തുകൊണ്ട് ഇപ്പോഴത്തെ ചലനാത്മകസ്ഥിതി അതില്‍ വന്നു ചേര്‍ന്നിരിക്കുന്നു; ഇപ്പോഴിനി അതിന്റെ ഈ സങ്കീര്‍ണ്ണഭാവം മാത്രമാണ് യഥാര്‍ത്ഥഭാവം, ഏകാത്മകഭാവം; ഇപ്പോഴത്തെ ചലനാത്മകഭാവത്തിന്റെ നിര്‍മ്മാണത്തിന് നിദാനമായിനിന്ന ഒരു അസംസ്കൃതപൂര്‍വ്വരൂപമാണ്; അതിനാല്‍ പൂര്‍വ്വകാലത്തെ ആ അവ്യക്താവസ്ഥയിലേക്കു മടങ്ങുന്നത് ഒരു അധഃപതനമാവും എന്ന്. ഈ രണ്ടവസ്ഥകള്‍, അതായത് ഏകാത്മകഭാവവും സങ്കീര്‍ണ്ണഭാവവും, മാത്രമേ ഉള്ളുവെന്നും, സകലകാലത്തിലുംകൂടി അവ ഒരിക്കലേ സംഭവിക്കൂ എന്നും തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍, ഈ പൂര്‍വ്വപക്ഷത്തില്‍ അല്പം കഴമ്പുണ്ടായേനേ. എന്നാല്‍ ഒരിക്കല്‍ സംഭവിക്കുന്നതു വീണ്ടും വീണ്ടും സംഭവിക്കാതെ വയ്യ. നിശ്ചലാവസ്ഥയെ തുടര്‍ന്നു ചലനമുണ്ടാകുന്നു. എന്നാല്‍ ആ നിശ്ചലാവസ്ഥയ്ക്കും മുമ്പ് മറ്റു ചലനാവസ്ഥകളുണ്ടായിരുന്നിരിക്കണം; ഇപ്പോഴത്തെ ചലനാവസ്ഥയ്ക്കുശേഷം വേറെ നിശ്ചലാവസ്ഥകളുണ്ടാവുകയും ചെയ്യും. ഒരു വിശ്രാന്തിഘട്ടമുണ്ടായിരുന്നു, അതിനെ തുടര്‍ന്നു ഈ മാറ്റം വന്നുകൂടി, ഈ അവസ്ഥ എക്കാലവും ഇങ്ങനെ തുടരുകയും ചെയ്യും-ഈ അഭിപ്രായഗതി അപഹാസ്യമത്രേ. പ്രകൃതിയിലെ ഓരോ തരിയും അതു വീണ്ടും വീണ്ടും ഇടവിട്ടുള്ള വിശ്രാന്തി-വിപര്യയങ്ങളില്‍ക്കൂടി കടന്നുപോകുന്നുവെന്നു ജ്ഞാപനം ചെയ്യുന്നുണ്ട്.
ഒരു വിശ്രാന്തിവേളയ്ക്കും മറ്റൊന്നിനും ഇടയ്ക്കുള്ള കാലത്തെ ഒരു കല്പമെന്നു പറയുന്നു. എന്നാല്‍ ഈ കല്പാന്തവിശ്രമം തികച്ചും ഏകാത്മകമാവാന്‍ വയ്യ; കാരണം, അങ്ങനെയായാല്‍ മേലില്‍ അഭിവ്യക്തി (പ്രപഞ്ചാവിഷ്കരണം) നിലച്ചുപോകും. ഇപ്പോഴത്തെ പരിവര്‍ത്തനാവസ്ഥ ഇതിനു മുമ്പത്തെ നിശ്ചലാവസ്ഥയെക്കാള്‍ വളരെ പുരോഗമിച്ചതാണെന്നു പറയുന്നതു വെറും അസംബന്ധം. അങ്ങനെയെങ്കില്‍ ഇനിയുണ്ടാകുന്ന നിശ്ചലാവസ്ഥ, കാലഗതിയില്‍ കൂറേക്കൂടി മുമ്പോട്ടു നീങ്ങിവരുന്നതാകയാല്‍ ഇപ്പോഴത്തെ അവസ്ഥയേക്കാള്‍ ഉത്കൃഷ്ടമാകണമല്ലോ! പ്രകൃതിയില്‍ പുരോഗതിയോ പശ്ചാദ്ഗതിയോ ഇല്ല. അതു വീണ്ടും വീണ്ടും ഒരേ രൂപങ്ങളെത്തന്നെ പ്രദര്‍ശിപ്പിക്കുന്നു. വാസ്തവത്തില്‍ ‘നിയമം’ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ അതാണ്. എന്നാല്‍ ജീവാത്മാക്കളെസ്സംബന്ധിച്ചിടത്തോളം പുരോഗതിയുണ്ട്; അതായത് ജീവാത്മാക്കള്‍ സ്വപ്രകൃതിയോടു കൂടുതലടുക്കുന്നുണ്ട്.; ഓരോ കല്പത്തിലും അനേകം ജീവാത്മാക്കള്‍ ഈ സംസാരചക്രത്തിലൂടെയുള്ള ചുറ്റിക്കറങ്ങലില്‍നിന്നു മോചനം നേടുന്നു. വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്ന പ്രപഞ്ചത്തിന്റെയും പ്രകൃതിയുടേയും ഭാഗമാകയാല്‍ ജീവാത്മാക്കള്‍ക്കു സ്വതന്ത്രരാവാന്‍ നിവൃത്തിയില്ലെന്നും, അവര്‍ സ്വതന്ത്രരായാല്‍ പ്രപഞ്ചമേ ഇല്ലാതാകേണ്ടിവരുമെന്നും വാദം വരാം. ഇതിനു സമാധാനം, ജീവാത്മാവ് മായയില്‍ക്കൂടിയുള്ള ഒരു ഭാവന മാത്രമാണെന്നും പ്രകൃതിയെപ്പോലെതന്നെ അതിനു യഥാര്‍ത്ഥസത്തയില്ലെന്നുമത്രേ. യഥാര്‍ത്ഥത്തില്‍ ജീവാത്മാവ് അപരിച്ഛിന്നവും അപരിമേയവുമായ കേവലബ്രഹ്മംതന്നെ.
പ്രകൃതിയില്‍ യഥാര്‍ത്ഥസത്തയുള്ളതെല്ലാം ബ്രഹ്മംതന്നെ. അത് മായയുടെ അഭ്യാസംകാരണം നാനാത്വമാര്‍ന്ന പ്രകൃതിയായി നമുക്കു ഗോചരമാകുന്നുവെന്നുമാത്രം. മായ വ്യാമോഹമാകയാല്‍ യഥാര്‍ത്ഥമെന്നു പറഞ്ഞുകൂടാ. എങ്കിലും, അത് (പ്രകൃതിയിലെ) ഈ പ്രതിഭാസങ്ങളെ സൃഷ്ടിക്കുന്നു. മായതന്നെ വ്യാമോഹമായിരിക്കെ, എങ്ങനെ ഇതെല്ലാം സൃഷ്ടിക്കാനൊക്കുമെന്നു ചോദിച്ചാല്‍, സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങളും അജ്ഞാനാത്മകമാകയാല്‍ അവയുടെ സൃഷ്ടികര്‍ത്താവും അങ്ങനെയായിരിക്കാനേ തരമുള്ളു എന്നാണുത്തരം. ജ്ഞാനത്തിന് (വിദ്യയ്ക്ക്) എങ്ങനെ അജ്ഞാനത്തെ (അവിദ്യയെ) ജനിപ്പിക്കാനൊക്കും? അതിനാല്‍, ഈ മായ, അവിദ്യ (അജ്ഞാനം), അപരവിദ്യ സയന്‍സ് അല്ലെങ്കില്‍ (വ്യാവഹാരികവിജ്ഞാനം) എന്നീ രണ്ടു പ്രകാരത്തില്‍ പ്രവര്‍ത്തിക്കുന്നു. അപരവിദ്യ അവിദ്യയെ നശിപ്പിച്ചശേഷം സ്വയം നശിക്കുന്നു. അങ്ങനെ മായ മായയാല്‍ത്തന്നെ നശിപ്പിക്കപ്പെട്ടതിനുമേല്‍ അവശേഷിക്കുന്നത് സച്ചിദാനന്ദാത്മകമായ കേവലബ്രഹ്മം മാത്രം. പ്രകൃതിയില്‍ എന്തെങ്കിലും നിത്യത (യാഥാര്‍ത്ഥ്യം) ഉള്ളതുണ്ടെങ്കില്‍ അത് ഈ ബ്രഹ്മമത്രേ. പ്രകൃതി മൂന്നു രൂപത്തിലാണ് നമ്മുടെ അറിവിനു വിഷയമാകുന്നത്-ഈശ്വരന്‍, ചേതനായുക്തരായ ജീവാത്മാക്കള്‍, അചേതനവസ്തുക്കള്‍, ഇവയുടെയെല്ലാം പിന്നിലെ യാഥാര്‍ത്ഥ്യം ബ്രഹ്മമാണ്; മായ നിമിത്തം ആ ബ്രഹ്മത്തിനു നാനാത്വം തോന്നിക്കുന്നു. പരമാര്‍ത്ഥവസ്തുവിന്റെ ദര്‍ശനത്തോട് ഏറ്റവും അടുത്തു ചെല്ലുന്നതും ഏറ്റവും ഉന്നതമായതും ഈശ്വരദര്‍ശനമാണ്. വ്യക്തിയായ, സഗുണനായ, ഈശ്വരനെക്കുറിച്ചുള്ള സങ്കല്‍പ്പമാണ് മനുഷ്യനു സാധ്യമായതിലേക്കും ഉച്ചതമമായ സങ്കല്‍പ്പം. ഈശ്വരനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള എല്ലാ ധര്‍മ്മങ്ങളും (ഗുണപൌഷ്കല്യങ്ങളും) പ്രകൃതിയുടെ ഗുണങ്ങള്‍ ഏതര്‍ത്ഥത്തില്‍ സത്യമോ ആ അര്‍ത്ഥത്തില്‍ സത്യമാണ്. എന്നിരുന്നാലും, സഗുണനായ ഈശ്വരന്‍ മായയില്‍ക്കൂടി കാണപ്പെടുന്ന കേവലബ്രഹ്മംതന്നെയാണെന്ന് നാം ഒരിക്കലും വിസ്മരിക്കരുത്.