പ്രകൃതിയിലെ അടുക്കൊത്ത വിന്യാസക്രമം മുഴുവന്‍, തന്റെ ഉദ്ദേശ്യനിര്‍വഹണത്തിനുതകുമാറ് ഉപായങ്ങളെ സംവിധാനം ചെയ്യാനുള്ള ജഗല്‍സ്രഷ്ടാവിന്റെ പ്രഭാവത്തെ ദ്യോതിപ്പിക്കുന്നു. ഈ ആശയം, ഈശ്വരന്റെ സൌന്ദര്യം, ശക്തി, മഹിമ മുതലായവയെക്കുറിച്ച് ഉദ്ബോധിപ്പിക്കാനുള്ള കിന്റര്‍ഗാര്‍ട്ടന്‍പാഠമെന്ന നിലയിലും മതവിഷയത്തില്‍ ശിശുക്കളുടെ പടിയില്‍ വര്‍ത്തിക്കുന്നവരെ ഈശ്വരനെപ്പറ്റിയ ഉല്‍കൃഷ്ടദാര്‍ശനികഭാവനകളിലേയ്ക്കു നയിക്കുവാനുള്ള പ്രാരംഭപാഠമെന്ന നിലയിലും, നല്ലതുതന്നെ. അതിനപ്പുറം ഈ ആശയംകൊണ്ടു ഗുണമൊന്നുമില്ല; അതു തികച്ചും വിരുദ്ധവുമാണ്. ഈശ്വരനെ സര്‍വ്വശക്തനായി അംഗീകരിക്കുന്നെങ്കില്‍ ഒരു ദാര്‍ശനികഭാവനയെന്ന നിലയില്‍ അതിനു യാതൊരധിഷ്ഠാനവുമില്ല.
പ്രപഞ്ചസൃഷ്ടിയിലൂടെ പ്രകൃതി ഈശ്വരപ്രഭാവത്തെ ജ്ഞാപനം ചെയ്യുന്നുവെങ്കില്‍, അത്തരം സൃഷ്ടിയില്‍ ഒരു പദ്ധതിയുണ്ടായിരിക്കുകയെന്നുള്ളത് ഈശ്വരന്റെ ദൌര്‍ബ്ബല്യത്തെയും കാണിക്കുന്നു. ഈശ്വരന്‍ സര്‍വ്വശക്തനെങ്കില്‍ അവിടേയ്ക്ക് എന്തു ചെയ്യുവാനും പദ്ധതിയോ സംവിധാനമോ ആവശ്യമില്ല. അദ്ദേഹം ഒന്ന് ഇച്ഛിക്കയേ വേണ്ടു; ആ നിമിഷത്തിലതു നടന്നിരിക്കും. അതിനാല്‍ ഈശ്വരന് പ്രകൃതിയുടെ കാര്യത്തില്‍ എന്തെങ്കിലും പദ്ധതി ഉണ്ടായിരിക്കുകയെന്ന വിഷയമേ ഇല്ല.
മനുഷ്യന്റെ പരിമിതമായ ബോധതലത്തിന്റെ ഫലമാണ് പഞ്ചഭൂതാത്മകമായ ഈ പ്രപഞ്ചം. മനുഷ്യന്‍ തന്റെ ഈശ്വരത്വത്തെക്കുറിച്ചു പ്രജ്ഞാവാനാകുമ്പോള്‍, ഇപ്പോള്‍ നാം അറിയുന്ന തരത്തിലുള്ള പ്രകൃതിയും ഭൌതികവസ്തുക്കളും നിലവിലില്ലാതാവും.
ഏതെങ്കിലും സാധ്യത്തിനുള്ള സാധനമെന്ന നിലയില്‍ ഭൌതികപ്രപഞ്ചത്തിനു സര്‍വ്വവ്യാപിയുടെ പ്രജ്ഞാതലത്തില്‍ സ്ഥാനമില്ല. ഉണ്ടായിരുന്നെങ്കില്‍, ഈശ്വരന്‍ ജഗത്തിനാല്‍ പരിമിതനാക്കപ്പെട്ടേനേ. പ്രകൃതി ഈശ്വരന്റെ അനുമതിയോടെ നിലനില്‍ക്കുന്നു എന്നു പറയാം; അതിന്റെ അര്‍ത്ഥം, മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കാനുള്ള ഈശ്വരന്റെ ഒരു ആവശ്യസാധനമായിട്ടോ മറ്റെന്തെങ്കിലും കാരണവശാലോ ആണ് അതു നിലനില്‍ക്കുന്നത് എന്നല്ല.
അതു മനുഷ്യന്നുവേണ്ടിയുള്ള ഒരു സൃഷ്ടിയാണ്. ഈശ്വരന്നുവേണ്ടിയുള്ളതല്ല. വിശ്വവിധാനത്തില്‍ ഈശ്വരന്റേതായ ഒരു പദ്ധതിയുമില്ല. അവിടുന്നു സര്‍വ്വശക്തനാണെങ്കില്‍ അതെങ്ങനെയുണ്ടാകും? ഈശ്വരന്നു വല്ലതും ചെയ്യുവാന്‍ പദ്ധതിയോ എന്തെങ്കിലും കാരണമോ വേണോ? വേണമെന്നു പറയുന്നത് അവിടുത്തെ പരിമിതിപ്പെടുത്തുകയും അവിടുത്തെ സര്‍വ്വശക്തഭാവത്തെ അപഹരിക്കുകയും ചെയ്യുകയാണ്.
ഉദാഹരണത്തിന്, നിങ്ങള്‍ വിസ്തൃതമായ ഒരു നദിയുടെ വക്കത്തു ചെല്ലുന്നു. ഒരു പാലമില്ലാതെ കടന്നുപോകാന്‍ നിവൃത്തിയില്ലാത്തവണ്ണം അത്ര വീതിയുള്ളതാണ് നദി. നദിയില്‍ പാലം തീര്‍ക്കാനുള്ള കഴിവു നിങ്ങളുടെ ശക്തിക്കു തെളിവാണെങ്കിലും, നദി കടക്കണമെങ്കില്‍ പാലം തീര്‍ത്തേ ഒക്കൂ എന്ന വസ്തുത നിങ്ങളുടെ പരിമിതിയേയും ശക്തിഹീനതയെയും കാണിക്കുന്നു. നിങ്ങള്‍ക്കു പരിമിതികളില്ലെങ്കില്‍, പറന്നോ ചാടിയോ അക്കര പറ്റാമായിരുന്നെങ്കില്‍. പാലത്തിന്റെ ആവശ്യമേ നേരിടുമായിരുന്നില്ലല്ലോ. ഇനി, നിങ്ങളുടെ കഴിവു കാട്ടാന്‍ വേണ്ടിമാത്രം പാലം പണിയുകയാണെങ്കില്‍ അതും നിങ്ങളുടെ ദൌര്‍ബ്ബല്യത്തെ കാണിക്കും; എന്തെന്നാല്‍ മറ്റെന്തിനെക്കാളും അതു നിങ്ങളുടെ ‘വങ്കത്ത’ത്തെത്തെയാണ് സൂചിപ്പിക്കുന്നത്.
സാരാംശത്തില്‍ ദ്വൈതവും അദ്വൈതവും ഒന്നുതന്നെ. ആശയപ്രകാശത്തിലാണ് വ്യത്യാസം. ദ്വൈതികള്‍ പിതാവും പുത്രനും രണ്ടാണെന്നു കരുതുന്നു. അദ്വൈതികള്‍ അവരെ യഥാര്‍ത്ഥത്തില്‍ ഒന്നായി ഗണിക്കുന്നു. ദ്വൈതത്തിന്റെ നില പ്രകൃതിയിലാണ്. പ്രകൃതിരൂപേണയുള്ള അഭിവ്യക്തിയിലാണ്. അദ്വൈതം ശുദ്ധമായ ആത്മഭാവത്തെ പ്രകാശിപ്പിക്കുന്നു. ഈശ്വരപ്രാപ്തിക്കുള്ള ഉപായമെന്ന നിലയില്‍ സ്വാര്‍ത്ഥത്യാഗവും വൈരാഗ്യവും എല്ലാ മതങ്ങളിലും കാണുന്നുണ്ട്.