സ്വാമി വിവേകാനന്ദന്‍

പ്രകൃതിയിലൂടനീളം രണ്ടു ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു; ഒന്നു നിരന്തരം വ്യത്യാസങ്ങളുളവാക്കിക്കൊണ്ടും, മറ്റേത് അതുപോലെതന്നെ ഏകീകരണം നടത്തികൊണ്ടുമിരിക്കുന്നു. ഒന്നു വിഭിന്നവ്യക്തികളായി പിരിക്കുന്നവഴിക്കു കൂടുതല്‍ കൂടുതല്‍ നീങ്ങുന്നു; മറ്റേതു വ്യക്തികളെ സമാനയിച്ച് ഒരു പിണ്ഡമെന്നപോലാക്കുന്ന വഴിക്കു പ്രവര്‍ത്തിക്കുന്നു. ഈ നാനാത്വത്തിന്റെയെല്ലാമിടയിലൂടെ സമാനഭാവത്തെ പ്രകാശിപ്പിക്കുന്നു. ഈ രണ്ടു ശക്തികളുടേയും വ്യാപാരം പ്രകൃതിയുടെ എല്ലാ മണ്ഡലങ്ങളിലും, മനുഷ്യജീവിതിതത്തിന്റെ എല്ലാ തുറകളിലും, വ്യാപിക്കുന്നതായി തോന്നുന്നു. ഭൌതികലോകത്ത് ഈ ശക്തികളുടെ അതിപ്രകടമായ പ്രവര്‍ത്തനം നമുക്കു സര്‍വ്വദാ ഗോചരമാകുന്നുണ്ട്. അവ വ്യക്തികളെ വേര്‍തിരിച്ചു ഇതരവ്യക്തികളില്‍നിന്ന് ഉപര്യുപരി വ്യതിരിക്തമാക്കിത്തീര്‍ക്കയും വീണ്ടും അവയെ വര്‍ഗ്ഗങ്ങളായും ഗണങ്ങളായും കൂട്ടിച്ചേര്‍ത്തും ഭാവത്തിലും രൂപത്തിലുമുള്ള സാദൃശ്യത്തെ പ്രകാശിപ്പിക്കയും ചെയ്യുന്നു. മനുഷ്യരുടെ സാമൂഹ്യജീവിതത്തെസ്സംബന്ധിച്ചും ഇതു പരമാര്‍ത്ഥമാണ്. സാമൂഹ്യജീവിതം നടപ്പില്‍വന്ന കാലംമുതല്‍ ഈ രണ്ടു ശക്തികളും അവയുടെ പൃഥക്കരണൈകീകരണവ്യാപാരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അവയുടെ പ്രവര്‍ത്തനം പല രൂപങ്ങള്‍ അവലംബിക്കയും, പല ദേശങ്ങളിലും പല കാലങ്ങളിലും പല പേരുകളില്‍ അറിയപ്പെടുകയും ചെയ്യുന്നു. എന്നാല്‍ സാരാംശം എല്ലാറ്റിലും കാണ്മാനുണ്ട്-അതായത്, ഒന്നു നാനാത്വത്തിന്റെ വഴിക്കും മറ്റേതു ഏകത്വത്തിന്റെ വഴിക്കും പ്രവര്‍ത്തിക്കുന്നു; ഒന്നു ജാതിയെ ഉണ്ടാക്കുന്നതിലും മറ്റേതു അതിനെ ഉടയ്ക്കുന്നതിലും, ഒന്നു വര്‍ഗ്ഗങ്ങളും സവിശേഷാവകാശങ്ങളും സൃഷ്ടിക്കുന്നതിലും മറ്റേതു അവയെ നശിപ്പിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്നു. പ്രപഞ്ചം മുഴുവനും ഈ രണ്ടു ശക്തികളുടെ പോര്‍ക്കളമാണെന്നു തോന്നുന്നു.

ഈ ഏകീകരണപ്രക്രിയ നിലവിലുണ്ടെങ്കിലും, നമ്മുടെ സകലശക്തിയും പ്രയോഗിച്ച് അതിനെ തടയേണ്ടതാണെന്ന് ഒരു ഭാഗത്തുനിന്നു വാദിക്കുന്നു. എന്തെന്നാല്‍, അതു മരണാവസ്ഥയിലേയ്ക്കാണ് നയിക്കുക; പൂര്‍ണ്ണമായ ഏകത്വം പൂര്‍ണ്ണവിനാശമാണ്; പ്രപഞ്ചത്തില്‍ നടന്നുവരുന്ന വ്യതിരേകവൃത്തി നിലയ്ക്കുമ്പോള്‍ പ്രപഞ്ചവും അവസാനിക്കും. ഈ വ്യതിരേകവൃത്തിയാണ് നാം കാണുന്ന ഈ പ്രതിഭാസങ്ങളെയെല്ലാം ഉണ്ടാക്കുന്നത്; ഏകീകരണവൃത്തി അതിനെയെല്ലാം ഒരേകാത്മകനിര്‍ജ്ജീവവസ്തുവായി മാറ്റും. ഈദൃശമായ ഒരവസ്ഥ ഒഴിവാക്കാനാവും മനുഷ്യസമുദായം നിശ്ചയമായും ആഗ്രഹിക്കുക. അതേ യുക്തി നമ്മുടെ ചുറ്റും കാണുന്ന എല്ലാ വസ്തുക്കളേയും വസ്തുതകളേയും സംബന്ധിച്ചും ഉപയോഗിക്കുന്നു. നമ്മുടെ ഈ സ്ഥൂലശരീരത്തിന്റേയും സമുദായവിഭജനത്തിന്റേയും കാര്യത്തില്‍പ്പോലും പരിപൂര്‍ണ്ണമായ സമാനാവസ്ഥ ശരീരത്തിന്റേയും സമുദായത്തിന്റേയും നാശത്തിനിടയാക്കുമെന്നു വാദിക്കപ്പെടുന്നു. അതുപോലെ, വിചാരവികാരങ്ങളുടെ സമ്പൂര്‍ണ്ണസമാനഭാവം മാനസികമായ ജീര്‍ണ്ണതയും അപചയവുമുണ്ടാക്കും; അതിനാല്‍ സമാനാവസ്ഥ വര്‍ജ്ജിക്കപ്പെടേണ്ടതാണ്-ഈവിധമാണ് ഒരു ഭാഗത്തെ വാദഗതി. ഈ വാദഗതി ഭാഷമാത്രം മാറ്റി ഒരോ രാജ്യത്തും ഓരോ കാലത്ത് ഉന്നയിക്കപ്പെട്ടിട്ടുമുണ്ട്. പരമാര്‍ത്ഥത്തില്‍ ഈ യുക്തിവാദംതന്നെയാണ് ഭാരതത്തിലെ ബ്രാഹ്മണര്‍ ജാതിവര്‍ണ്ണവിഭാഗങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടി, സമുദായത്തിലെ ഏതാനുംകൂട്ടരുടെ സവിശേഷാവകാശങ്ങളെ മറ്റെല്ലാവര്‍ക്കുമെതിരായി നിലനിര്‍ത്താന്‍വേണ്ടി പുറപ്പെടുവിക്കുന്നതും. ജാതിധ്വംസനം സമുദായനാശത്തിലേയ്ക്കു നയിക്കുമെന്നാണ് അവര്‍ പറയുന്നത്; ഏറ്റവും നീണാള്‍ നിലനിന്നിട്ടുള്ള ജനപദം തങ്ങളുടേതാണെന്നുള്ള ചരിത്രവസ്തുത (വാദത്തിനുപോദ്ബലകമായി) അവര്‍ കൂസലെന്യേ ഹാജരാക്കുകയും ചെയ്യുന്നു. അതിനാല്‍, തങ്ങളുടെ നിലപാടു കഴമ്പുറ്റതാണെന്നൊരു തോന്നല്‍ പുലര്‍ത്തിക്കൊണ്ടുതന്നെ, അവര്‍ ഈ യുക്തിവാദത്തെ സമാശ്രയിക്കുന്നു; ആയതു പ്രമാണാന്വിതമാണെന്ന തോന്നലുളവാക്കിക്കൊണ്ടുതന്നെ അവര്‍ പറയുന്നു, മനുഷ്യര്‍ക്ക് പരമാവധി ജീവിക്കാന്‍ കഴിവുണ്ടാക്കുന്ന ഒരേര്‍പ്പാടു നിശ്ചയമായും ഹ്രസ്വജീവിതം പ്രദാനംചെയ്യുന്ന ഒന്നിനെക്കാള്‍ മെച്ചമായിരിക്കണമെന്ന്.

നേരേമറിച്ച്, ഏകത്വാശയത്തിന്റെ പിന്തുണക്കാരും എല്ലാക്കാലത്തുമുണ്ടായിരുന്നു. ഉപനിഷത്തുകളുടെ കാലംമുതല്‍, ബുദ്ധന്മാരുടെയും ക്രിസ്ത്യാനികളുടെയും മഹാന്മാരായ മറ്റു മതാചാര്യന്മാരുടെയും കാലംമുതല്‍ നമ്മുടെ ഇന്നത്തെ കാലംവരേയും അഭിനവരാഷ്ട്രീയാഭിവാഞ്ഛാപ്രകടനങ്ങളിലൂടെയും, മര്‍ദ്ദിതന്മാര്‍ക്കും പാദാഹതന്മാര്‍ക്കും പ്രത്യേകാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റെല്ലാക്കൂട്ടര്‍ക്കുംവേണ്ടി ഉയര്‍ന്നിട്ടുള്ള അവകാശവാദങ്ങളിലൂടേയും ഈ ഏകത്വത്തിന്റെയും സമത്വഭാവത്തിന്റെയും പ്രഖ്യാപനം മുഴങ്ങിയിട്ടുണ്ട്. പക്ഷേ മനുഷ്യപ്രകൃതിയാണ് സ്വയം പ്രകടമാകുന്നത്. ഒരു മേന്മ അനുഭവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അതു കൈവിടാതിരിക്കേണ്ടതുണ്ട്. അതിന് ഒരു ന്യായം കണ്ടുകിട്ടിയാല്‍, അതെത്രതന്നെ സങ്കുചിതമോ ഏകപക്ഷീയമോ ആയാലും ശരി, അവര്‍ക്കതിനെ മുറുകെപ്പിടിക്കാതെ തരമില്ല. ഇപ്പറഞ്ഞത് ഇരുഭാഗക്കാരെസ്സംബന്ധിച്ചും പരമാര്‍ത്ഥമാണ്.

തത്ത്വശാസ്ത്രവിഷയകമായി ഈ വാദം മറ്റൊരു രൂപവും കൈക്കൊള്ളുന്നു. ഈ വിവിധപ്രതിഭാസങ്ങള്‍ക്കെല്ലാം ഏകത്വം നല്‍കുന്ന വല്ലതിനെയും തേടിപ്പോയിട്ടാവശ്യമില്ല. പ്രതിഭാസാത്മകമായ ഈ ജഗത്തിനെക്കൊണ്ടു നാം തൃപ്തിപ്പെടണം എന്നു ബുദ്ധമതക്കാരന്‍ പറയുന്നു. ഈ നാനാത്വം എത്രതന്നെ ദുഃഖസങ്കലവും ദുര്‍ബ്ബലവുമായി തോന്നിയാലും, അതാണ് ജീവിതത്തിന്റെ കഴമ്പുറ്റ ഭാഗം; ഇതിലുപരിയായ ഒന്നു ലഭിക്കുക സാധ്യമല്ല. ഏകത്വം മാത്രമാണ് ഉള്ളത്, നാനാത്വം പ്രാതിഭാസികവും ക്ഷണികവും മായികവുമാണെന്ന് വേദാന്തി പ്രസ്താവിക്കുന്നു. “നാനാത്വത്തെ നോക്കേണ്ട; ഏകത്വത്തിലേക്കു മടങ്ങുക” എന്ന് വേദാന്തി പറയുന്നു. “ഏകത്വത്തെ വര്‍ജ്ജിക്കുക, അതു കേവലം ഭ്രമമാകുന്നു. നാനാത്വത്തിലേക്കു പോകുക” എന്ന് ബൌദ്ധനും പറയുന്നു. മതവും തത്ത്വശാസ്ത്രവും സംബന്ധിച്ചുള്ള ഈ അഭിപ്രായവ്യത്യാസങ്ങള്‍ നമ്മുടെ ഇന്നത്തെ കാലംവരെയും നീണ്ടുനില്‍ക്കുന്നുണ്ട്; എന്തെന്നാല്‍ ജ്ഞാനത്തിന്റെ മൂലതത്ത്വങ്ങളുടെ ആകെത്തുക വാസ്തവത്തില്‍ വളരെ കുറച്ചേയുള്ളു. തത്ത്വശാസ്ത്രവും തത്ത്വശാസ്ത്രപരമായ അറിവും, മതവും മതപരമായ അറിവും അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പരമകാഷ്ഠയെ പ്രാപിച്ചു. നാം അന്നേ ദൃഷ്ടങ്ങളായ സത്യങ്ങളെ പല ഭാഷകളില്‍ക്കൂടി ആവര്‍ത്തിച്ചുപറയുകമാത്രമാണ് ചെയ്യുന്നത്. വല്ലപ്പോഴും അവയെ നൂതനോദാഹരണങ്ങള്‍ കൂട്ടിച്ചേര്‍ത്തു പൊലിപ്പിക്കുന്നുമുണ്ടാവാം. അതിനാല്‍ വിവാദവിഷയം ഇന്നും ഇതുതന്നെയാണ്. ഈ പ്രതിഭാസങ്ങളെ, ഈ നാനാത്വത്തെ, കൈവിടരുതെന്ന് ഒരു കൂട്ടര്‍ നമ്മോടാവശ്യപ്പെടുന്നു; മാത്രമല്ല, നാനാത്വം നിലനില്‍ക്കേണ്ടതാണെന്നു വളരെ യുക്ത്യാഭാസത്തോടെ വാദിക്കയും ചെയ്യുന്നു; എന്തെന്നാല്‍ അതു നിലയ്ക്കുന്നതോടെ സകലതും അന്തര്‍ദ്ധാനംചെയ്യുമത്രേ. ജീവന്‍ എന്നു നാം പറയുന്നതുതന്നെ ഈ നാനാത്വംനിമിത്തം ഉണ്ടായിട്ടുള്ളതാണ്. അതേ സമയം മറ്റേക്കൂട്ടര്‍ ധീരതയോടെ ഏകത്വത്തിനുവേണ്ടിയും നിലക്കൊള്ളുന്നു.

നീതിശാസ്ത്രത്തിലേയ്ക്കു കടന്നാല്‍ വലുതായൊരു വ്യതിയാനം കാണുന്നു. ഈ വിവാദത്തില്‍നിന്ന് ധീരമായ ഒരു വ്യതിയാനം പ്രദര്‍ശിപ്പിക്കുന്നത് ഒരുപക്ഷേ ഈ ശാസ്ത്രം മാത്രമാണെന്നു തോന്നുന്നു. എന്തെന്നാല്‍ നീതിശാസ്ത്രം ഏകത്വവും അതിന്റെ അടിത്തറ പ്രേമവുമാണ്. അത് ഈ നാനാത്വത്തെ ആദരിക്കില്ല. അതിന്റെ ഏകലക്ഷ്യം ഈ ഏകത്വം അഥവാ അഭേദാവസ്ഥയാണ്. മാനവസമുദായം ഇന്നേവരെ ആവിഷ്കരിച്ചിട്ടുള്ള അത്യുല്‍കൃഷ്ടനീതിസംഹിതകളിലൊന്നിലും ഈ നാനാത്വം അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനെപ്പറ്റി നിന്നാലോചിപ്പാന്‍ അവയ്ക്കിടയേ ഇല്ല. അവയുടെ ഏകലക്ഷ്യം ആ അഭേദാവസ്ഥയിലേയ്ക്ക് അടുക്കുകയാണ്. ഭാരതീയചിന്ത, അതായത് വേദാന്തചിന്ത, കൂടുതല്‍ അപഗ്രഥനാത്മകമാകയാല്‍, അതിന്റെ അപഗ്രഥനങ്ങളുടെയെല്ലാം ഫലമായി ഈ ഐക്യം കണ്ടെത്തി; ഈ ഏകഭാവത്തിന്മേല്‍ സകലതും പ്രതിഷ്ഠിക്കണമെന്ന് ആ ചിന്തകന്മാര്‍ ആഗ്രഹിക്കയും ചെയ്തു. എന്നാല്‍ മുമ്പുപറഞ്ഞതുപോലെ അതേ രാജ്യത്ത് ഈ ഏകത്വം ഒരിടത്തും ദര്‍ശിക്കാന്‍ കഴിയാത്ത മറ്റാളുകളും (ബുദ്ധമതക്കാര്‍) ഉണ്ടായിരുന്നു. അവരുടെ വീക്ഷണത്തില്‍ സത്യം മുഴുവന്‍ ഈ നാനാത്വസമാഹാരത്തില്‍ത്തന്നെയാണ്; വസ്തുക്കള്‍ക്ക് തമ്മില്‍ ഒരു ബന്ധവുമില്ല.

പ്രൊഫസര്‍ മാക്സ്മുള്ളര്‍ തന്റെ ഗ്രന്ഥങ്ങളിലൊന്നില്‍ പറഞ്ഞിട്ടുള്ള ഒരു കഥ, ഒരു പുരാതനഗ്രീക്കുകഥ എന്റെ ഓര്‍മ്മയില്‍ വരുന്നു. ഭാരതത്തില്‍നിന്ന് ഒരു ബ്രാഹ്മണന്‍ ഏതന്‍സില്‍ ചെന്നു സോക്രട്ടീസിനെ സന്ദര്‍ശിച്ചു “ഏറ്റവും ഉത്കൃഷ്ടമായ ജ്ഞാനം എന്താണ്?” എന്ന് ബ്രാഹ്മണന്‍ ചോദിച്ചു. “മനുഷ്യനെ അറിയുക എന്നതാണ് എല്ലാ ജ്ഞാനത്തിന്റെയും ലക്ഷ്യവും ഉദ്ദേശ്യവും” എന്ന് സോക്രട്ടീസ് ഉത്തരം പറഞ്ഞു. “ഈശ്വരനെ അറിയാതെ എങ്ങനെ മനുഷ്യനെ അറിയാനൊക്കും?” എന്ന് ബ്രാഹ്മണന്‍ പ്രതിവചിച്ചു. ഒരു ഭാഗത്തുള്ളവര്‍, ആധുനികയൂറോപ്പിനാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഗ്രീക്കുപക്ഷക്കാര്‍. മനുഷ്യനെസ്സംബന്ധിച്ച അറിവു വേണമെന്നു നിഷ്കര്‍ഷിച്ചു. ലോകത്തിലെ പുരാതനമതങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഭാരതീയപക്ഷത്തുനിന്ന് ഈശ്വരനെ അറിയണമെന്നും നിര്‍ബന്ധിച്ചു. ഒന്നു പ്രകൃതിയില്‍ ഈശ്വരനെയും മറ്റേത് ഈശ്വരനില്‍ പ്രകൃതിയേയും ദര്‍ശിക്കുന്നു. ഈ രണ്ടുനിലപാടുകളില്‍നിന്നും മാറിനിന്നു, സമസ്തവും നിഷ്പക്ഷമായി വീക്ഷിക്കാനുള്ള അവകാശവിശേഷം സിദ്ധിച്ചിരിക്കുന്നത് ഒരുപക്ഷേ ഇപ്പോള്‍ നമുക്കാവാം. നാനാത്വമുണ്ടെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്; ജീവിതം നിലനില്‍ക്കണമെങ്കില്‍ അതങ്ങനെ വേണംതാനും. ഈ നാനാത്വങ്ങളിലൂടെ അന്തര്‍ഗാമിയായ ഏകത്വം ദര്‍ശിക്കണമെന്നുള്ളതും ഒരു പരമാര്‍ത്ഥമത്രേ. പ്രകൃതിയില്‍ ഈശ്വരനെ ദര്‍ശിക്കുന്നതു പരമാര്‍ത്ഥമെങ്കില്‍, ഈശ്വരനില്‍ പ്രകൃതിയെ ദര്‍ശിക്കുന്നതും പരമാര്‍ത്ഥമാണ്. മനുഷ്യനെസ്സംബന്ധിച്ച ജ്ഞാനമാണ് അത്യുത്കൃഷ്ടജ്ഞാനം. അതിനാല്‍മാത്രമേ മനുഷ്യനെ അറിയാന്‍ കഴിയൂ എന്നുള്ളതും തുല്യവസ്തുതയാണ്. ഈ തത്ത്വപ്രതിപാദനങ്ങള്‍ പരസ്പരവിരുദ്ധങ്ങളായി തോന്നിയേയ്ക്കാമെങ്കിലും, അവ മനുഷ്യപ്രകൃതിയുടെ ഒരു അവശ്യാവശ്യമാണ്. ഈ പ്രപഞ്ചം മുഴുവന്‍ നാനാത്വത്തില്‍ ഏകത്വത്തിന്റേയും ഏകത്വത്തില്‍ നാനാത്വത്തിന്റേയും ഒരു കളിയാണ്-പ്രപഞ്ചം മുഴുവന്‍ പൃഥക്കരണത്തിന്റേയും ഏകീകരണത്തിന്റേയും കളി, പ്രപഞ്ചം മുഴുവന്‍ അപരിമിതത്തില്‍ പരിമിതത്തിന്റെ ലീല. ഒന്നിനെ സ്വീകരിക്കയും മറ്റേതിനെ നിരാകരിക്കയും ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ അവ രണ്ടും ഒരേ ദര്‍ശനത്തിലെ, ഒരേ അനുഭൂതിയിലെ, സത്യങ്ങളാണെന്നു പറയാന്‍ നിവൃത്തിയില്ല; എങ്കിലും ഈ രീതിയില്‍ ഇതെന്നും നടന്നുപോരും.

അതിനാല്‍ നമ്മുടെ പ്രകൃതത്തിലേക്കു മടങ്ങുമ്പോള്‍-അതു നീതിശാസ്ത്രത്തേക്കാള്‍ കൂടുതലായി മതമാണല്ലോ-ജീവഗണങ്ങളുള്ളിടത്തോളംകാലം നാനാത്വമെല്ലാം നശിച്ച്, സര്‍വ്വത്ര ഏകരൂപവും മൃതപ്രായവുമായ ഒരു സമാനാവസ്ഥ സംഭവിക്കുക അസാധ്യമാണ്. അതാശാസ്യവുമല്ല, അതേസമയം, വസ്തുതയുടെ മറുവശം, അതായത് ഈ ഏകത്വം ഇപ്പോള്‍ത്തന്നെ ഉണ്ടെന്നുള്ളത്, ഓര്‍മ്മിക്കണം. അതാണ് ആ ഭാഗത്തെ വാദത്തിന്റെ സവിശേഷത-ഈ ഏകത്വം ഉണ്ടാക്കേണ്ടതില്ല, അതിപ്പോള്‍ത്തന്നെ ഉണ്ട്. അതില്ലാതെ നാനാത്വം ദര്‍ശിക്കാന്‍ സാധിക്കയുമില്ല എന്ന്. ഈശ്വരനെ ഉണ്ടാക്കേണ്ടതില്ല, അവിടുന്ന് ഇപ്പോള്‍ത്തന്നെ ഉണ്ട്. അങ്ങനെയാണ് എല്ലാ മതങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. എപ്പോഴൊക്കെ ഒരാള്‍ പരിമിതത്തെ കണ്ടിരിക്കുന്നുവോ അപ്പോഴൊക്കെ അപരിമിതത്തേയും കണ്ടിരിക്കുന്നു. ചിലര്‍ പരിമിതത്തിനു പ്രാധാന്യം കല്‍പ്പിച്ചു പുറമേ പരിമിതത്തെ ദര്‍ശിച്ചതായി പ്രസ്താവിച്ചു; മറ്റു ചിലര്‍ അപരിമിതത്തിനു പ്രാധാന്യം കല്‍പ്പിച്ച്, തങ്ങള്‍ അപരിമിതത്തെമാത്രമേ കാണുന്നുള്ളു എന്നു പ്രഖ്യാപിച്ചു. എന്നാല്‍ ഒന്നിനെ കാണാതെ മറ്റേതിനെ കാണാന്‍ കഴിയില്ലെന്നുള്ളത് യുക്തിനിബദ്ധമാണെന്നു നമുക്കറിയാം. അതുകൊണ്ട്, ഈ സമാനത, ഈ ഏകത്വം, ഈ പരിപൂര്‍ണ്ണത-എന്നുതന്നെ നമുക്കതിനെ പറയാം-ഉളവാക്കേണ്ടതില്ല, അതിതാ ഇപ്പോള്‍ത്തന്നെ, ഇവിടെത്തന്നെ ഉണ്ട് എന്നാണ് വാദം. നാം അതിനെ അറിയുകയേ വേണ്ടു. അതിനെ മനസ്സിലാക്കുകയേ വേണ്ടൂ. നാമതിനെ അറിഞ്ഞാലുമില്ലെങ്കിലും, നമുക്കതിനെപ്പറ്റി വ്യക്തമായ ഭാഷയില്‍ പ്രതിപാദിക്കാന്‍ കഴിഞ്ഞാലുമില്ലെങ്കിലും, അതിന്റെ ദര്‍ശനത്തിന് ഇന്ദ്രിയഗ്രഹണത്തിന്റെ ശക്തിയും വൈശദ്യവും ഉണ്ടായിരുന്നാലുമില്ലെങ്കിലും, അതു നിലനില്‍ക്കുന്നുണ്ട്. എന്തെന്നാല്‍, നമ്മുടെ യുക്തിബോധംകൊണ്ടുതന്നെ അതുണ്ടെന്നു സമ്മതിക്കാതെ നിവൃത്തിയില്ല; അല്ലാത്ത പക്ഷം, പരിമിതത്തെ ദര്‍ശിക്കാനും നമുക്കു സാധിക്കില്ല. ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ചുള്ള പഴയ സിദ്ധാന്തത്തെപ്പെറ്റിയല്ല, ഏകത്വത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. ഈ നാനാത്വസമൂഹങ്ങളുടെയെല്ലാം മധ്യത്തില്‍, നിങ്ങളും ഞാനും വേറാണെന്നുള്ള ബോധത്തെ ജനിപ്പിക്കുന്നു. ആ ഏകത്വത്തിന്റെ അഭാവത്തില്‍ ജ്ഞാനം അസാധ്യമാകും. സമത്വഭാവന കൂടാതെ ദര്‍ശനമോ ജ്ഞാനമോ ഉണ്ടാകയില്ല; അതിനാല്‍ രണ്ടും ഒരുമിച്ചുതന്നെ വര്‍ത്തിക്കുന്നു.

അതുകൊണ്ട് സമ്പൂര്‍ണ്ണസമാനാവസ്ഥ, നീതിശാസ്ത്രത്തിന്റെ ലക്ഷ്യം അതാണെങ്കില്‍, അസാധ്യമാകുമെന്നു തോന്നുന്നു. മനുഷ്യരെല്ലാം ഒന്നുപോലെയാവുകയെന്നത്, നാം എത്ര ശ്രമിച്ചാലും, ഒരിക്കലും സംഭാവ്യമല്ല. മനുഷ്യര്‍ വ്യത്യസ്തരായിത്തന്നെ ജനിക്കും; ചിലര്‍ മറ്റു ചിലരേക്കാള്‍ കൂടുതല്‍ പ്രഭാവശാലികളാകും; ചിലര്‍ക്ക് നൈസര്‍ഗ്ഗികമായി പല കഴിവുകളും ഉണ്ടാകും, ചിലര്‍ക്കുണ്ടാവില്ല; ചിലര്‍ക്ക് അന്യൂനമായ ശരീരസൌഷ്ഠവം കാണും, ചിലര്‍ക്കതു കാണില്ല. ഇതൊക്കെ തടയാന്‍ നമുക്കൊരിക്കലും കഴിയില്ല. അതേ സമയം അനേകം ആചാര്യന്മാര്‍ ഉദ്ഘോഷിച്ച മഹനീയങ്ങളായ നീതിസൂക്തങ്ങള്‍ നമ്മുടെ കര്‍ണ്ണപുടങ്ങളില്‍ മുഴങ്ങുന്നുമുണ്ട്; ‘അങ്ങനെ ഈശ്വരനെ എല്ലാറ്റിലും ഒന്നുപോലെ സ്ഥിതിചെയ്യുന്നവനായി കണ്ടിട്ട്, ജ്ഞാനി ആത്മാവിനെ ആത്മാവിനാല്‍ ഹനിക്കുന്നില്ല; തന്നിമിത്തം പരഗതിയെ പ്രാപിക്കയും ചെയ്യുന്നു.” ‘യാതൊരുവന്റെ മനസ്സ് ഈ സമത്വത്തില്‍ നിശ്ചലമായി നില്‍ക്കുന്നുവോ, അവന്‍ ഈ ജന്മത്തില്‍ത്തന്നെ സംസാരത്തെ ജയിച്ചിരിക്കുന്നു; എന്തെന്നാല്‍ ഈശ്വരന്‍ കളങ്കമറ്റവനും എല്ലാറ്റിലും സമനുമത്രേ. അതിനാല്‍, അങ്ങനെയുള്ളവര്‍ ഈശ്വരനില്‍ത്തന്നെ വര്‍ത്തിക്കുന്നു.” ഇതാണ് പരമാര്‍ത്ഥമെന്നുള്ളത്. നമുക്കത് നിഷേധിക്കാന്‍ വയ്യ. എന്നാല്‍ അതേ സമയം ബാഹ്യരൂപങ്ങളേയും നിലകളേയും സംബന്ധിച്ചിടത്തോളം ഈ സമത്വം കേവലം അപ്രാപ്യമാണെന്നുള്ള വൈഷമ്യം നിലനില്‍ക്കുകയും ചെയ്യുന്നു.

എന്നാല്‍പ്പിന്നെ പ്രാപ്യമായതെന്തെന്നാണെങ്കില്‍, അതു വിശേഷാവകാശങ്ങളെ ഉന്മൂലനം ചെയ്യുകമാത്രമാണ്. അതുതന്നെയാണ് ലോകത്തില്‍ ചെയ്യേണ്ടുന്ന കൃത്യവും. എല്ലായിടത്തുമുള്ള സാമൂഹ്യജീവിതത്തില്‍, എല്ലാ രാജ്യത്തും എല്ലാ മനുഷ്യവര്‍ഗ്ഗങ്ങളിലും. ഈയൊരു സമരംതന്നെയാണ് ഉണ്ടായിട്ടുള്ളത്. ഒരു കൂട്ടം ആളുകള്‍ സ്വാഭാവികമായി മറ്റൊരു കൂട്ടരെ അപേക്ഷിച്ച് കൂടുതല്‍ ബുദ്ധിശാലികളാണെന്നുള്ളതിലല്ല വൈഷമ്യം; പിന്നെയോ? ബുദ്ധിശക്തിയുടെ മേന്മയുള്ളവര്‍ അതില്ലാത്തവരുടെ ശാരീരിക സുഖാനുഭവങ്ങള്‍പോലും കവര്‍ന്നെടുക്കുന്നതു ശരിയാണോ എന്നുള്ളതിലാണ്. ആ വിശേഷാവകാശം നശിപ്പിക്കുവാനാണ് സമരം. ചിലര്‍ മറ്റു ചിലരെ അപേക്ഷിച്ച് കൂടുതല്‍ കായബലമുള്ളവരും അക്കാരണത്താല്‍ സ്വാഭാവികമായി ബലഹീനന്മാരെ കീഴടക്കാനോ തോല്‍പ്പിക്കാനോ കഴിവുള്ളവരുമാകുമെന്നുള്ളതു സ്വയം സിദ്ധമായ വസ്തുതയാണ്. എന്നാല്‍ അവര്‍ ബലമുള്ളതുകൊണ്ട് ഈ ജീവിതത്തില്‍ സാധ്യമായ സുഖങ്ങളെല്ലാം കരസ്ഥമാക്കുകയെന്നുള്ളതു ന്യായമല്ല; അതിനെതിരായിട്ടാണ് സമരമെല്ലാം. ചില ആളുകള്‍ക്കു നൈസര്‍ഗ്ഗികമായ കര്‍മ്മകുശലതയാല്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ ധനമാര്‍ജ്ജിക്കാന്‍ കഴിവുണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍, അവര്‍ ഈ ധനാര്‍ജ്ജനശേഷിയുള്ളതുകൊണ്ട്, അത്രതന്നെയില്ലാത്തവരെ കുതിരകയറുന്നതും പീഡാമര്‍ദ്ദനാദികള്‍ക്കു വിധേയരാക്കുന്നതും ന്യായ്യമല്ല; ഇതിനെതിരായിട്ടാണ് സമരമെല്ലാം. മറ്റൊരാളെ കവിഞ്ഞുള്ള ആനുകൂല്യാനുഭവമാണ് വിശേഷാവകാശം; യുഗയുഗാന്തരങ്ങളിലൂടെ നീതിമാര്‍ഗ്ഗങ്ങളുടെ ഉന്നം അതിനെ നശിപ്പിക്കുകയെന്നതാണ്. (വിശേഷാവകാശധ്വംസനമെന്ന) ഈ കര്‍മ്മമത്രേ, നാനാത്വത്തെ നശിപ്പിക്കാതെതന്നെ, സമത്വത്തിലേക്കും ഏകത്വത്തിലേക്കും നയിക്കുന്നതും.

ഈ ഭിന്നഭാവങ്ങളെല്ലാം എന്നെന്നേയ്ക്കും നിലനിന്നുക്കൊള്ളട്ടെ; ജീവിതത്തിന്റെ കാതല്‍തന്നെ അതാണ്. ഈ വിധത്തില്‍ ശാശ്വതമായി നമുക്കെല്ലാവര്‍ക്കും കളിച്ചുകൊണ്ടിരിക്കാം. നിങ്ങള്‍ ധനികനാവാം. ഞാന്‍ ദരിദ്രനാവാം; നിങ്ങള്‍ ബലവാനാവാം. ഞാന്‍ ബലഹീനനാവാം; നിങ്ങള്‍ പണ്ഡിതനാവാം, ഞാന്‍ പാമരനാവാം; നിങ്ങള്‍ക്ക് ആദ്ധ്യാത്മികതയുണ്ടാവാം, എനിക്കതു കുറവാകാം. അതുകൊണ്ടെന്ത്? നമുക്കിതുപോലെതന്നെ തുടരാം; പക്ഷേ, നിങ്ങള്‍ക്കു കായികമായോ മേധാപരമായോ ശക്തിക്കൂടുതലുണ്ടെന്നു വെച്ച്, എന്നെക്കാള്‍ കൂടുതല്‍ അവകാശങ്ങളുണ്ടാവാന്‍ പാടില്ല. നിങ്ങള്‍ക്കു കൂടുതല്‍ സമ്പത്തുണ്ടെന്ന കാരണത്താല്‍, നിങ്ങള്‍ എന്നെക്കാള്‍ വലിയവനായി ഗണിക്കപ്പെടാന്‍ പാടില്ല. എന്തെന്നാല്‍, സ്ഥിതിഭേദങ്ങളുണ്ടെങ്കിലും ഏകത്വവും നിലവിലുണ്ട്.

നീതിമാര്‍ഗ്ഗത്തിന്റെ കൃത്യം ഈ നാനാത്വത്തെ നശിപ്പിച്ച് ബാഹ്യലോകത്ത് ഏകരൂപത സ്ഥാപിക്കാനായിരുന്നില്ല. മേലില്‍ ആയിരിക്കയുമില്ല. അതൊരിക്കലും സാദ്ധ്യവുമല്ല; എന്തെന്നാല്‍ അതിന്റെ ഫലം മരണവും സര്‍വനാശവുമാകും. പിന്നെയെന്താണാ കൃത്യം? ഈ ഭിന്നഭാവങ്ങളെല്ലാമുണ്ടെങ്കിലും ഏകത്വത്തെ സ്വീകരിക്കുക; നമ്മെ ഭയപ്പെടുത്തുന്ന കാര്യങ്ങളൊക്കെയുണ്ടെങ്കിലും അന്തര്യാമിയായ ഈശ്വരനെ അറിയുക, നാം അത്യന്തം ബലഹീനരാണെന്ന തോന്നലുണ്ടെങ്കിലും, ആ അനന്തശക്തി നമ്മുടെ ജന്മാവകാശസ്വത്താണെന്നറിയുക; ഉപരിതലത്തില്‍ കാണുന്നതെല്ലാം വിപരീതമായ പ്രതീതി ഉളവാക്കിയാലും. ആത്മാവിന്റെ അനന്തനിത്യശുദ്ധസ്വഭാവത്തെ അറിയുക-ഇതത്രേ ആ കൃത്യം. ഇതു നാം അംഗീകരിക്കണം. ഒരുപക്ഷത്തുമാത്രം ചേരുന്നത്, ഈ അവസ്ഥാനത്തിന്റെ അര്‍ദ്ധഭാഗംമാത്രം സ്വീകരിക്കുന്നത്, ആപല്‍കരവും കലഹഹേതുവുമാണ്. നാം വസ്തുതയെ ആകമാനം യഥാതഥം കൈക്കൊള്ളുകയും ആ അടിത്തറയിന്മേല്‍ നിലയുറപ്പിച്ച് നമ്മുടെ ജീവിതത്തിന്റെ ഓരോ അംശത്തിലും, വ്യക്തികളെന്ന നിലയിലും സമുദായത്തിലും അംഗങ്ങളെന്ന നിലയിലും, അതിനെ പ്രായോഗികമാക്കാന്‍ യത്നിക്കുകയും വേണം.